Prabodhanm Weekly

Pages

Search

2021 ജൂണ്‍ 18

3206

1442 ദുല്‍ഖഅദ്‌ 07

മുഹമ്മദ് അസദ് - ഇബ്‌റാഹീമീ പാതയിലെ സഞ്ചാരി

ഡോ. മുഹമ്മദ് മുഖ്താര്‍ ശന്‍ഖീത്വി

ജൂതമതത്തില്‍ പിറന്ന മുഹമ്മദ് അസദിന്റെ ദീര്‍ഘകാല ജീവിതത്തിന്റെയും അദ്ദേഹം നടത്തിയ ആത്മീയ സഞ്ചാരങ്ങളുടെയും സവിശേഷത, ഇബ്‌റാഹീമീ മില്ലത്തിനെ അതിന്റെ പൂര്‍വസ്ഥിതിയില്‍ ഇസ്ലാമില്‍ കണ്ടെത്തുന്നതുവരെ തന്റെ ഗവേഷണ പഠനങ്ങള്‍ തുടര്‍ന്നു എന്നതാണ്. പിന്നെ ആയുഷ്‌ക്കാലം മുഴുവന്‍ ഇസ്ലാമിന്റെ സന്ദേശവാഹകനായി അദ്ദേഹം നിലകൊള്ളുകയും ചെയ്തു. ഓസ്ട്രിയന്‍ സാമ്രാജ്യത്തിന്റെ കീഴിലായിരുന്ന ഉക്രൈനിലെ ലംബര്‍ഗ് എന്ന പട്ടണത്തില്‍ 1900-ലാണ് മുഹമ്മദ് അസദ് ജനിച്ചത്. ഇസ്ലാം സ്വീകരിക്കുന്നതുവരെ ലിയോ പോള്‍ഡ് വെയ്‌സ് എന്ന പേരിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. തൗറാത്തിലും തല്‍മൂദിലും അവഗാഹം നേടിയ ഒരു പൗരാണിക ജൂതകുടുംബമായിരുന്നു അസദിന്റേത്. അദ്ദേഹത്തിന്റെ പൂര്‍വികരില്‍ ചിലര്‍ ജൂതമതത്തിലെ അഗ്രഗണ്യരായ പുരോഹിതന്മാരായിരുന്നു. കുടുംബത്തിന്റെ മതകീയ പാരമ്പര്യം പിന്തുടര്‍ന്ന് ജൂതമതത്തില്‍ അവഗാഹം നേടിയ അസദ് ചെറുപ്പത്തില്‍ തന്നെ ഹീബ്രു, അരാമിക് ഭാഷകള്‍ സ്വായത്തമാക്കി. പിന്നീട് ഫിലോസഫിയും സാഹിത്യവും പഠിക്കാന്‍ വിയന്നയിലെത്തി. ഇരുപതാമത്തെ വയസ്സില്‍ ഒരു ജര്‍മന്‍ പത്രത്തില്‍ ജേര്‍ണലിസ്റ്റായി നിയമനം ലഭിച്ച് ബെര്‍ലിനിലേക്ക് പോയി.
1922-ല്‍ ഫലസ്ത്വീനിലുള്ള തന്റെ അമ്മാവനെ സന്ദര്‍ശിക്കാനായി അവിടേക്ക് യാത്രതിരിച്ചു. അതിനിടെ എൃമിസളൗൃലേൃ ദലശൗേിഴ എന്ന വന്‍പ്രചാരമുള്ള ദിനപത്രത്തിന്റെ മേഖലാ റിപ്പോര്‍ട്ടറായി ജോലി ആരംഭിച്ചിരുന്നു. ഇത് അറബ് കിഴക്കന്‍ പ്രദേശങ്ങളില്‍ യാത്രചെയ്യാനും പാശ്ചാത്യര്‍ക്ക് അറബ് പൗരസ്ത്യ ജീവിതങ്ങളെയും അവയുടെ സാംസ്‌കാരിക ശേഖരങ്ങളെയും കുറിച്ച് യാതൊന്നുമറിഞ്ഞുകൂടാ എന്ന് ബോധ്യപ്പെടാനും സഹായകമായി. ഇതു സംബന്ധമായ അസദിന്റെ ചില ലേഖനങ്ങള്‍ 1924-ല്‍ പുറത്തിറങ്ങിയ ഠവല ഡിൃീാമിശേര ഛൃശലി േ എന്ന പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഫലസ്ത്വീനിലെത്തിയ ശേഷമാണ് അസദ്, മില്ലത്തു ഇബ്‌റാഹീമിനെയും അതിന്റെ പിന്തുടര്‍ച്ചക്കാരെയും കുറിച്ച തന്റെ അന്വേഷണം ആരംഭിക്കുന്നത്. താന്‍ ഒരു യൂറോപ്യന്‍ ജൂതനാണെന്ന് അസദിന് ബോധ്യമുണ്ടായിരുന്നു (പരമ്പരാഗതമായി ഖുദ്‌സ് മേഖലയില്‍ താമസിക്കുന്നവരും യൂറോപ്പില്‍ നിന്ന് ഫലസ്ത്വീനിലേക്ക് കുടിയേറിയവരും തമ്മില്‍ വലിയ അന്തരമുണ്ട്). അസദ്  അത് എഴുതിയിട്ടുമുണ്ട്. ഖുദ്‌സിന്റെ പ്രാന്തപ്രദേശങ്ങളില്‍ താമസിക്കുന്ന  ആളുകളുടെ  ജീവിത രീതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചിരുന്ന അസദ് ഇബ്‌റാഹീമി(അ)ന്റെ വ്യക്തിപ്രഭാവം ഈ അറബികളുടെ മുഖലക്ഷണങ്ങളിലും ജീവിതചര്യകളിലും പതിഞ്ഞിട്ടുള്ളതായി മനസ്സിലാക്കി. അവര്‍ തന്നെയാണ് ഇബ്‌റാഹീമി(അ)ന്റെ യഥാര്‍ഥ പിന്മുറക്കാര്‍ എന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. താനുള്‍പ്പെടുന്ന ജൂതവിഭാഗം യൂറോപ്പില്‍നിന്ന് കുടിയേറി വന്നവരും ഇബ്‌റാഹീമീ പാരമ്പര്യത്തിന് അപരിചിതരുമാണ്. കഴിഞ്ഞുപോയ യുഗങ്ങള്‍ ഇബ്‌റാഹീം നബിയുമായുള്ള അവരുടെ  ബന്ധങ്ങളെ  മുറിച്ചുകളഞ്ഞിരുന്നു. ഫലസ്ത്വീനിലും ഈജിപ്തിലുമായി ചെലവഴിച്ച ഈ വര്‍ഷങ്ങള്‍ പൗരസ്ത്യരെ അടുത്തറിയാന്‍ പ്രയോജനപ്പെട്ടു. അറബികളോടുള്ള സ്‌നേഹവും മമതയും മനസ്സില്‍ രൂഢമൂലമാവുകയും ചെയ്തു.

മക്കയിലേക്കുള്ള പാത

പൗരാണിക ജൂത കുടുംബ പാരമ്പര്യം പേറിയിരുന്നുവെങ്കിലും അസദിന് പക്ഷേ, തന്റെ ആത്മാവിനെ ജൂതായിസത്തിന്റെ പരിമിത ചട്ടക്കൂടില്‍ തളച്ചിടാന്‍ കഴിയുമായിരുന്നില്ല. ജൂതന്മാര്‍ തങ്ങളുടെ വംശീയ മേല്‍ക്കോയ്മ സ്ഥാപിക്കുന്നതിനുവേണ്ടി മതത്തെ ദേശീയവത്കരിച്ചതായി അസദ് മനസ്സിലാക്കിയിരുന്നു. എത്രത്തോളമെന്നാല്‍, ജൂതസംസ്‌കാരത്തിലെ സര്‍വോന്നതനായ പ്രപഞ്ചസ്രഷ്ടാവ് എന്ന ആശയം പോലും തങ്ങളുടെ വംശവിശുദ്ധിയെ സ്ഥാപിക്കാനുള്ള തെളിവായിരുന്നു. ഈ കാഴ്ചപ്പാടനുസരിച്ച് ഇലാഹ് എന്നത് മനുഷ്യകുലത്തില്‍ ജൂതവംശത്തിന്റെ മാത്രം ഭാഗധേയം പരിരക്ഷിക്കുന്ന സ്രഷ്ടാവായി മാറുന്നു. സകല സൃഷ്ടികളുടെയും ഭാഗധേയങ്ങളെ ഒരു പ്രത്യേകവംശത്തിന്റെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് രൂപപ്പെടുത്തുന്ന  ഗോത്ര നാഥനാണ് ജൂതസംസ്‌കാരത്തിലെ പ്രപഞ്ചസ്രഷ്ടാവ്. ഇത്തരം  വംശീയ സങ്കുചിതത്വങ്ങളാവാം, ഇസ്ലാമിലെ ജീവിത സങ്കല്‍പ്പങ്ങളെയും സാര്‍വത്രിക മാനുഷിക മൂല്യങ്ങളെയും അന്വേഷിക്കാന്‍ മുഹമ്മദ് അസദിന് പ്രേരണയായത്.
ബെര്‍ലിനിലായിരിക്കെ 1926-ലാണ് മുഹമ്മദ് അസദ് ഇസ്ലാം സ്വീകരിച്ചത്. താന്‍ വായിച്ച വിശുദ്ധ ഖുര്‍ആനിലെ 'അത്തകാസുര്‍' അധ്യായത്തിന്റെ പരിഭാഷയായിരുന്നു അതിന് നിമിത്തം. ഈ അധ്യായം തന്നിലുളവാക്കിയ അനുരണനങ്ങളെക്കുറിച്ച് അസദ് എഴുതി: 'ഈ ഗ്രന്ഥം പുരാതന നൂറ്റാണ്ടുകളില്‍ അറേബ്യന്‍ ഉപദ്വീപില്‍ ജീവിച്ചിരുന്ന ഏതോ ഒരു മനുഷ്യന്റെ ചിന്തയല്ല... മുഹമ്മദി(സ)ന്റെ ശബ്ദത്തേക്കാളൊക്കെ ഗംഭീരമായ ധ്വനിയാണ് ഖുര്‍ആനിന്റേത്....'
അസദും അദ്ദേഹത്തിന്റെ ആദ്യഭാര്യ എല്‍സെയും ഇസ്ലാം ആശ്ലേഷിച്ചയുടന്‍ ഇരുവരും ഹജ്ജിനായി പുറപ്പെട്ടു. ഹജ്ജ് നിര്‍വഹിച്ച് ഏതാനും ദിവസങ്ങള്‍ക്കകം ഭാര്യ മരണപ്പെടുകയായിരുന്നു. കിഴക്കിന്റെ കാല്‍പനികതയോട് തോന്നിയ വിസ്മയമോ കൗതുകമോ ഒന്നുമായിരുന്നില്ല മുഹമ്മദ് അസദിന്റെ ഇസ്ലാം സ്വീകരണത്തിന് നിദാനം. അസദ് ഒരു കാല്‍പനികനുമായിരുന്നില്ല. പൗരസ്ത്യരെ കുറിച്ച അദ്ദേഹത്തിന്റെ ആദ്യ ഗ്രന്ഥത്തിന്റെ പേരു തന്നെ 'അകാല്‍പനികതയുടെ കിഴക്ക്' എന്നായിരുന്നല്ലോ. അസദ് മനുഷ്യജീവിതത്തിന്റെ പൊരുളും പ്രകൃത്യാ തന്നെയുള്ള അതിന്റെ ശ്രേഷ്ഠതയും തേടിയിറങ്ങിയ ആളായിരുന്നു. അതൊക്കെയും ഇസ്ലാമിക സമൂഹത്തിലാണ് അദ്ദേഹത്തിന് കണ്ടെത്താനായത്. അറബികളുടെ സ്വഭാവ ഗുണങ്ങളും അദ്ദേഹത്തെ ആകര്‍ഷിച്ചു. ജീവിതത്തിന്റെ പൊരുളിലും മഹത്വത്തിലും ആഴ്ന്നുനിന്ന ഉറച്ച ബോധ്യമായിരുന്നു അദ്ദേഹത്തിന്റെ ഇസ്ലാം. ഈ ബോധ്യത്തെ കുറിച്ച് അസദ് എഴുതി: 'ഏറെക്കാലം മുസ്ലിംകള്‍ക്കിടയില്‍ ജീവിച്ചതിനെത്തുടര്‍ന്ന് മുസ്ലിമായ ഒരാളല്ല ഞാന്‍. ഇസ്ലാം ആശ്ലേഷത്തെത്തുടര്‍ന്ന് മുസ്ലിംകള്‍ക്കിടയില്‍ ജീവിക്കാന്‍ ഞാന്‍ തീരുമാനിക്കുകയാണുണ്ടായത്.'
അറേബ്യന്‍ ഉപദ്വീപില്‍ അസദ് ചെലവഴിച്ച ആറു വര്‍ഷങ്ങള്‍ അദ്ദേഹത്തിന്റെ അറബി ഭാഷയിലെ നൈപുണ്യത്തെയും ഇസ്ലാമിക സംസ്‌കാരത്തെക്കുറിച്ച സദ്ഭാവനകളെയും ദൃഢപ്പെടുത്തി. നഫ്ദ് മരുഭൂമികളിലൂടെ അദ്ദേഹം നടത്തിയ  സാഹസിക യാത്രകളും മറ്റും അത്യാകര്‍ഷകമായി 'മക്കയിലേക്കുള്ള പാത' യില്‍ അദ്ദേഹം കുറിച്ചിട്ടുണ്ട്. അന്നത്തെ രാജാവ് സുഊദുബ്‌നു അബ്ദില്‍ അസീസിനെയും അദ്ദേഹത്തിന്റെ മകന്‍ അമീര്‍ ഫൈസലി(അടുത്ത കിരീടാവകാശി)നെയും അസദിന് അടുത്തറിയാന്‍ കഴിഞ്ഞു. പിന്നീട് മുനീറ എന്ന സുഊദി സ്ത്രീയെ അസദ് വിവാഹം കഴിച്ചു. പ്രശസ്ത നരവംശശാസ്ത്രജ്ഞനും ന്യൂയോര്‍ക്ക് സര്‍വകലാശാലയിലെ അധ്യാപകനുമായ തലാല്‍ അസദ് ഇവരുടെ മകനാണ്.

അസദ് മരുഭൂമിയിലെ സിംഹത്തോടൊപ്പം

ലിബിയന്‍ പോരാളി ഉമര്‍ മുഖ്താറുമായി കൂടിക്കാഴ്ച നടത്താന്‍ ഹിജാസില്‍ നിന്ന് അസദ് ലിബിയയിലേക്ക് പോകുന്നുണ്ട്. ഹിജാസില്‍ പ്രവാസജീവിതം നയിച്ചിരുന്ന സനൂസീ നേതാവ് അഹ്മദ് ശരീഫുമായി നേരത്തേ തന്നെ അസദിന് അടുത്ത ബന്ധമുണ്ടായിരുന്നു. അഹ്മദ് ശരീഫിനെക്കുറിച്ച് അസദ് പറയുന്നു: 'വിസ്തൃതമായ അറേബ്യയില്‍ എവിടെയും സയ്യിദ് അഹ്മദിനെപ്പോലെ ഞാന്‍ സ്‌നേഹിക്കുന്ന മറ്റൊരാളില്ല. ആദര്‍ശത്തിനു വേണ്ടി അദ്ദേഹത്തെപ്പോലെ പരിപൂര്‍ണമായി ആത്മാര്‍പ്പണം ചെയ്ത ആരും ഉണ്ടാവുകയില്ല... മുപ്പതു കൊല്ലത്തെ പോരാട്ടത്തിനു ശേഷം അദ്ദേഹം സ്വന്തം നാടായ ബറഖയില്‍(ലിബിയ)നിന്ന് നാടുകടത്തപ്പെട്ടിരിക്കുകയാണ്... ഇദ്ദേഹത്തിന്റേതു പോലെ മറ്റൊരു നാമധേയവും വടക്കനാഫ്രിക്കയിലെ കൊളോണിയല്‍ ഭരണാധികാരികളുടെ ഉറക്കം ഇത്രയേറെ കെടുത്തിയിട്ടുണ്ടാവില്ല.'
അഹ്മദ് ശരീഫ് അസ്സനൂസിയാണ് മുഹമ്മദ് അസദിനോട് ഉമര്‍ മുഖ്താറുമായുള്ള കൂടിക്കാഴ്ചക്കു വേണ്ടി ലിബിയയിലേക്ക് തിരിക്കാന്‍ ആവശ്യപ്പെട്ടത്. ഉമര്‍ മുഖ്താറിന്റെയും അദ്ദേഹം നയിക്കുന്ന ജിഹാദി പ്രസ്ഥാനത്തിന്റെയും സ്ഥിതിഗതികള്‍ അറിഞ്ഞുവരാനും പോരാട്ടം ശക്തിപ്പെടുത്താനുള്ള മാര്‍ഗങ്ങളും ആസൂത്രണങ്ങളും മുന്നോട്ടുവെക്കാനുമായിരുന്നു ഈ യാത്ര. പണ്ട് സ്വഹാബികള്‍ ചെയ്തിരുന്ന പോലെ ശൈഖ് ഉമറുല്‍ മുഖ്താറിന്റെ നിര്‍ഭയരായ ഒളിപ്പോരാളികള്‍ ഇസ്ലാമിക ജീവിതവും സ്വാതന്ത്ര്യവും ലക്ഷ്യമാക്കിയാണ് പോരാട്ടം നയിച്ചിരുന്നത് എന്ന് അസദ് പിന്നീട് എഴുതുന്നുണ്ട്: 'ഫലം എത്രമാത്രം അനിശ്ചിതമാണെങ്കിലും, കഠിനവും കയ്‌പേറിയതുമായ പോരാട്ടത്തില്‍ അവര്‍ക്ക് സഹായകമായിത്തീരുക എന്നത് വ്യക്തിപരമായി, നമസ്‌കാരത്തെ പോലെ നിര്‍ബന്ധമാണെന്ന് എനിക്കു തോന്നി...'
ആടിയുലയുന്ന പത്തേമാരിയില്‍ പ്രക്ഷുബ്ധമായ ചെങ്കടലും ഒട്ടകപ്പുറത്തേറി ഈജിപ്തിലെയും ലിബിയയിലെയും ചുട്ടുപൊള്ളുന്ന മരുഭൂമികളും താണ്ടിയ സാഹസിക യാത്രകള്‍ക്കു ശേഷം അസദ് അദ്ദേഹത്തെ കണ്ടുമുട്ടി. ആ ചരിത്രപ്രധാനമായ കൂടിക്കാഴ്ചയെക്കുറിച്ച് മുഹമ്മദ് അസദ് പറയുന്നു: 'കുളമ്പുകളില്‍ ശീലചുറ്റിയ ഒരു ചെറുകുതിരയുടെ പുറത്ത് അദ്ദേഹം വന്നു. ഇരുവശങ്ങളിലും രണ്ട് പേര്‍ വീതം നടക്കുന്നുണ്ട്. പിന്നാലെ ധാരാളം പേര്‍. ഞങ്ങള്‍ കാത്തുനില്‍ക്കുന്ന പാറയുടെ അടുത്തെത്തിയപ്പോള്‍ അനുചരന്മാരില്‍ ഒരാള്‍ അദ്ദേഹത്തെ കുതിരപ്പുറത്തുനിന്നിറങ്ങാന്‍ സഹായിച്ചു. അദ്ദേഹം ക്ലേശത്തോടു കൂടിയാണ് നടക്കുന്നതെന്ന് ഞാന്‍ കണ്ടു (പത്തു ദിവസം മുമ്പ് ഒരു ചെറു പോരാട്ടത്തില്‍ അദ്ദേഹത്തിനു മുറിവു പറ്റിയിരുന്നു എന്ന് ഞാന്‍ പിന്നീട് മനസ്സിലാക്കി). ഉദിച്ചുയരുന്ന നിലാവില്‍ എനിക്കിപ്പോള്‍ അദ്ദേഹത്തെ വ്യക്തമായി കാണാം: ഒത്ത ശരീരം. എല്ലുറപ്പുള്ള ദേഹം. ഇരുണ്ട മുഖത്തിന് അതിരിടുന്ന ഹിമധവളിമയാര്‍ന്ന കൊച്ചുതാടി. കുഴിയിലാണ്ട കണ്ണുകള്‍. അവക്കു ചുറ്റുമുള്ള ചുളിവുകള്‍ കണ്ടാല്‍ വ്യത്യസ്തമായൊരു പരിതഃസ്ഥിതിയില്‍ ആ കണ്ണുകള്‍ ചിരിച്ചേനെ എന്നു തോന്നും. പക്ഷേ, ഇപ്പോള്‍ ആ കണ്ണുകളില്‍ അന്ധകാരവും യാതനയും ധൈര്യവും അല്ലാതെ മറ്റൊന്നുമില്ല...'
പോരാട്ടങ്ങള്‍ കുഫ്‌റയെ കേന്ദ്രീകരിച്ചു നടത്തുന്നത് ഈജിപ്തില്‍നിന്ന് ആയുധങ്ങളും ധനസഹായവും ലഭിക്കാനും അതുവഴി ലിബിയന്‍ ജിഹാദി പ്രസ്ഥാനത്തെ സജീവമാക്കാനും സാധിക്കുമെന്ന കണക്കുകൂട്ടലിലായിരുന്നു ശൈഖ് സനൂസിയും അസദും. എന്നാല്‍, അസദ് ലിബിയയിലെത്തിയപ്പോഴേക്കും കുഫ്‌റ അവര്‍ക്ക് നഷ്ടപ്പെട്ടുകഴിഞ്ഞിരുന്നു. മാത്രമല്ല, ഇറ്റാലിയന്‍ ഫാഷിസ്റ്റുകള്‍ ലിബിയ-ഈജിപ്ത് അതിര്‍ത്തിയിലുടനീളം കമ്പിവേലികള്‍ സ്ഥാപിക്കുകയും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മുറിച്ചുകളയുകയും ചെയ്തിരുന്നു.
രണ്ടു ദിവസം അവിടെ തങ്ങുകയും പ്രസ്ഥാനത്തെ രക്ഷിച്ചെടുക്കാനുള്ള മാര്‍ഗങ്ങളെക്കുറിച്ച് ശൈഖ് ഉമറുല്‍ മുഖ്താറുമായി ചര്‍ച്ച നടത്തുകയും ചെയ്തുവെങ്കിലും നിരാശയായിരുന്നു ഫലം. അസ്തമിച്ചുകൊണ്ടിരിക്കുന്ന തന്റെ ജിഹാദി പ്രസ്ഥാനത്തിന്റെ പരിണതിയെക്കുറിച്ച് ശൈഖ് ഉമറുല്‍ മുഖ്താറിന് ബോധ്യമുണ്ടായിരുന്നുവെന്നത് സ്പഷ്ടമാണ്, അത് അദ്ദേഹത്തിന്റെ നിശ്ചയദാര്‍ഢ്യത്തെയോ ആര്‍ജവത്തെയോ സ്വല്‍പം പോലും ബാധിച്ചിരുന്നില്ലെങ്കിലും. തന്റെ അതിഥിയായ അസദിനോട് അദ്ദേഹമത് പറയുകയും ചെയ്തു: 'മകനേ, ഞങ്ങള്‍ തീര്‍ച്ചയായും ഞങ്ങള്‍ക്കനുവദിക്കപ്പെട്ട സമയത്തിന്റെ അന്ത്യത്തോടെത്തിയിരിക്കുന്നു....
അക്രമികളെ സ്വന്തം നാട്ടില്‍നിന്ന് തുരത്തുകയോ സ്വയം മരിച്ചുവീഴുകയോ ചെയ്യുന്നതുവരെ വിശ്വാസത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി പോരാടേണ്ടതുണ്ട് എന്നതുകൊണ്ടാണ് ഞങ്ങള്‍ പോരാടുന്നത്. ഞങ്ങള്‍ക്ക് വേറെ യാതൊരു നിവൃത്തിയുമില്ല. ഞങ്ങള്‍ ദൈവത്തിനുള്ളവരാണ്. ഞങ്ങളുടെ മടക്കവും അവങ്കലേക്കുതന്നെ.'
ലിബിയയിലെ സൈനിക പോരാട്ടം  പരാജയത്തിലേക്ക് നീങ്ങുകയാണെന്ന് മനസ്സിലാക്കിയ അസദ് അവസാന ശ്രമമെന്നോണം ഉമറുല്‍ മുഖ്താറിനോട് തന്റെ കൂടെ ഈജിപ്തിലേക്ക് പിന്‍വാങ്ങണമെന്ന് ആവശ്യപ്പെടുന്നുണ്ട്. അവിടെ വെച്ച് ലിബിയന്‍ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തെ പുനഃസംഘടിപ്പിക്കാമെന്നും ഈജിപ്തിലെ ബ്രിട്ടീഷുകാരോടുള്ള ബന്ധം നന്നാക്കി ഇറ്റലിയും ബ്രിട്ടനും തമ്മിലുള്ള ശത്രുതയെ അനുഗുണമായി പ്രയോജനപ്പെടുത്തണമെന്നും നിര്‍ദേശിക്കുന്നുണ്ട്. പക്ഷേ, ഉമര്‍ മുഖ്താര്‍ തന്റെ ലക്ഷ്യം നേടിയാലും ഇല്ലെങ്കിലും അനുയായികള്‍ക്കൊപ്പം ലിബിയയില്‍ തന്നെ തുടരാന്‍ ഉറപ്പിച്ചുകഴിഞ്ഞിരുന്നു. അസദ് താന്‍ വന്നിടത്തേക്കു തന്നെ മടങ്ങാന്‍ നിര്‍ബന്ധിതനായി. മടക്കയാത്ര ഒട്ടും സുഖകരമായിരുന്നില്ല. അതിര്‍ത്തികളിലെ കമ്പിവേലികള്‍ക്കിടയിലൂടെയും ഇറ്റാലിയന്‍ നിരീക്ഷണ വലയങ്ങളിലൂടെയും അസദിന് കടന്നുപോകേണ്ടതായി വന്നു. ഉമറുല്‍ മുഖ്താറിന്റെ പോരാളികളോടൊപ്പം അസദിനെ കണ്ടെത്തിയ ഇറ്റാലിയന്‍ പട്രോള്‍ സംഘം അദ്ദേഹത്തെയും സംഘത്തെയും ആക്രമിച്ചു. ആക്രമണത്തില്‍  അഞ്ചു പോരാളികള്‍ രക്തസാക്ഷികളായി.  അസദ് ഒരു വിധം രക്ഷപ്പെടുകയായിരുന്നു. അസദിന്റെ  ലിബിയന്‍ സന്ദര്‍ശനത്തിന് എട്ട് മാസങ്ങള്‍ക്കു ശേഷം ഉമറുല്‍ മുഖ്താര്‍ തടവിലാവുകയും ഇറ്റാലിയന്‍ ഫാഷിസ്റ്റുകളുടെ കൈയാല്‍ രക്തസാക്ഷിയാവുകയും ചെയ്തു.

പാശ്ചാത്യ ഇസ്ലാമിലേക്കുള്ള മടക്കം

അറേബ്യയിലും ഉത്തരാഫ്രിക്കയിലും ഇസ്ലാമിനു  വേണ്ടി വളരെയധികം സേവനങ്ങളര്‍പ്പിച്ചതിനു ശേഷം അസദ് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലേക്ക് നീങ്ങി. ഒപ്പം ഇറാനും അഫ്ഗാനിസ്താനും സന്ദര്‍ശിച്ചു. ഇന്ത്യയില്‍ വെച്ചാണ് അസദ്  ദാര്‍ശനിക കവി മുഹമ്മദ് ഇഖ്ബാലിനെ കണ്ടുമുട്ടിയത്. അദ്ദേഹമാണ് അസദിനോട് ഇസ്ലാമിക രാഷ്ട്രത്തിനുള്ള ധൈഷണിക അടിത്തറ രൂപപ്പെടുത്താന്‍ തന്നെ സഹായിക്കാനായി ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ സ്ഥിരതാമസമാക്കാന്‍ നിര്‍ദേശിച്ചത്.
ഇന്ത്യാ വിഭജനത്തിനു ശേഷം മുഹമ്മദ് അസദിന് പാക് പൗരത്വം ലഭിച്ചു. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇസ്ലാമിക് റീകണ്‍സ്ട്രക്ഷന്‍ വകുപ്പ് തന്റെ പ്രവര്‍ത്തന മണ്ഡലമായി തെരഞ്ഞെടുക്കുകയും  ഇസ്ലാമിക ഭരണഘടനാ തത്ത്വങ്ങളുടെ രൂപരേഖ സമര്‍പ്പിക്കുകയും ചെയ്തു. ഈ ചിന്തകളാണ് തന്റെ ’ഠവല ജൃശിരശുഹല െീള ടമേലേ മിറ ഏീ്‌ലൃിാലി േശി കഹെമാ’ എന്ന കൃതിയില്‍ അദ്ദേഹം സമാഹരിച്ചത്. ശേഷം പാകിസ്താന്റെ അറബ് ലോകത്തെ നയതന്ത്ര കാര്യദര്‍ശിയായും ഐക്യരാഷ്ട്രസഭയിലെ പാക് പ്രതിനിധിയായും പ്രവര്‍ത്തിച്ചു. 1950 കാലയളവില്‍ ഐക്യരാഷ്ട്രസഭയില്‍ പാക് അംബാസിഡറായിരിക്കെ, ഇസ്രയേലികള്‍ തന്റെ പിന്തുണ നേടാന്‍ ശ്രമം നടത്തിയിരുന്നതായി  അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. അദ്ദേഹത്തിന്റെ ജൂത പശ്ചാത്തലം ചൂഷണം ചെയ്യാമെന്നായിരുന്നു  അവര്‍ കരുതിയത്. തങ്ങള്‍ക്ക് അദ്ദേഹത്തെ മുതലെടുക്കാനാവുകയില്ലെന്നു വൈകാതെ അവര്‍ മനസ്സിലാക്കി.
1952-ല്‍ അസദ് തന്റെ 'മക്കയിലേക്കുള്ള പാത' പൂര്‍ത്തീകരിക്കാനായി  ഐക്യരാഷ്ട്രസഭ അംബാസിഡര്‍ പദവിയില്‍നിന്ന് വിരമിച്ചു. എത്ര ധന്യമായ വിരാമം!
തന്റെ ശിഷ്ട ജീവിതം ചെലവഴിക്കുന്നതിനായി അമേരിക്കന്‍ മുസ്ലിമായ ഭാര്യ പോള/ ഹമീദയോടൊപ്പം 1955-ല്‍ അദ്ദേഹം സ്‌പെയിനിലേക്ക് തിരിച്ചു; തന്റെ ജീവിതത്തിലെ സുപ്രധാനമായ മറ്റൊരു ദൗത്യം നിര്‍വഹിക്കാന്‍ വേണ്ടി. ഠവല ങലമൈഴല ീള ഠവല ഝൗൃ’മി എന്ന വിശുദ്ധ ഖുര്‍ആന്റെ ഇംഗ്ലീഷ് പരിഭാഷയും വ്യാഖ്യാനവും  ഇക്കാലയളവിലാണ് പൂര്‍ത്തിയാക്കിയത്. ഗ്രന്ഥകാരന്റെ പരന്ന വിജ്ഞാനവും വിശുദ്ധ ഖുര്‍ആന്റെ പൊരുളിലും അറബി ഭാഷയുടെ രഹസ്യങ്ങളിലുമുള്ള അദ്ദേഹത്തിന്റെ നൈപുണിയും അടയാളപ്പെടുത്തുന്നതാണ് പ്രസ്തുത ഗ്രന്ഥം. വാഷിങ്ടണിലെ ഇീൗിരശഹ ീി അാലൃശരമികഹെമാശര ഞലഹമശേീി െഎന്ന കൂട്ടായ്മ ഒരു മില്യന്‍ ഖുര്‍ആന്‍ പരിഭാഷകള്‍ വിതരണം ചെയ്യുന്ന തങ്ങളുടെ കാമ്പയിനിന്റെ ഭാഗമായി മുഹമ്മദ് അസദിന്റെ വിശുദ്ധ ഖുര്‍ആന്‍ പരിഭാഷയാണ് ഇന്നും വിതരണം ചെയ്തുകൊണ്ടിരിക്കുന്നത്.
90 വര്‍ഷങ്ങളിലധികം നീണ്ട ദീര്‍ഘായുസ്സിന് വിരാമം കുറിച്ച് 1992-ല്‍ മുഹമ്മദ് അസദ് ഈ ലോകത്തോട് വിടപറഞ്ഞു. ഭൗതികശരീരം അന്ദലൂസിലെ ഇസ്ലാമിക നാഗരികതയുടെ ശേഷിപ്പുകളുള്ള ഗ്രാനഡയില്‍ അടക്കം ചെയ്തു.
2008-ല്‍ വിയന്ന മുനിസിപ്പാലിറ്റി ഐക്യരാഷ്ട്രസഭാ കെട്ടിടത്തിനു മുമ്പിലൂടെയുള്ള തങ്ങളുടെ പ്രധാന റോഡുകളിലൊന്നിനെ 'മുഹമ്മദ് അസദ് റോഡ്' എന്ന് നാമകരണം ചെയ്തു. കിഴക്കിനും പടിഞ്ഞാറിനുമിടയില്‍ പാലങ്ങള്‍ പണിത, തങ്ങളുടെ 'ആഗോള പൗരനാ'യി അവരദ്ദേഹത്തെ അംഗീകരിച്ചു.

ഇസ്ലാമിക ലോകത്തിന്റെ പുനരുത്ഥാനം

ഇസ്ലാമിക ലോകത്തിന്റെ ചിന്താപരവും ആത്മീയവുമായ നവീകരണമെന്ന ആശയമായിരുന്നു എക്കാലത്തും മുഹമ്മദ് അസദ് ഉയര്‍ത്തിപ്പിടിച്ചിരുന്നത്. തന്റെ കഹെമാ മ േഇൃീൃൈീമറ,െ ഠവല ജൃശിരശുഹല െീള ടമേലേ മിറ ഏീ്‌ലൃിാലി േശി കഹെമാ എന്നീ ഗ്രന്ഥങ്ങളില്‍ ഇക്കാര്യം അസദ് അടിക്കടി ഉണര്‍ത്തുന്നുണ്ട്.  അദ്ദേഹം പറയുമായിരുന്നു: 'കാലാകാലങ്ങളായി നമ്മുടെ ശരീഅത്തിനു മീതെ അടിഞ്ഞുകൂടിയിട്ടുള്ള പൗരാണിക പരികല്‍പനകളുടെ ഇടതൂര്‍ന്ന പാളി നാം ഇളക്കിമാറ്റേണ്ടതായിട്ടുണ്ട്.'
നവീകരണ-നവോത്ഥാന യജ്ഞങ്ങളില്‍നിന്ന് പിറകോട്ട് വലിക്കുന്ന ധൈഷണിക അലസതയെ അസദ് വിമര്‍ശിച്ചു: 'ചിന്താപരമായ അലസത ശരീരത്തിന്റെ അലസതയേക്കാള്‍ ഒട്ടും മെച്ചമല്ല.'
പാശ്ചാത്യ വിദ്യാഭ്യാസം നേടിയ ചില മുസ്ലിംകള്‍  പാശ്ചാത്യ സംസ്‌കാരത്തെ മാതൃകയാക്കുന്നതിനെയും അസദ് വിമര്‍ശിച്ചു: 'ജ്ഞാനമെന്നത് തന്നെ കിഴക്കോ പടിഞ്ഞാറോ അല്ല... എന്നാല്‍, വസ്തുതകളെ നോക്കിക്കാണുന്ന വീക്ഷണകോണുകളും അവയുടെ അവതരണങ്ങളും ജനതകളുടെ വൈവിധ്യമാര്‍ന്ന സാംസ്‌കാരിക വ്യവഹാരങ്ങളുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്.'
ഇസ്ലാമിക സന്ദേശത്തിന്റെ ശ്രേഷ്ഠതയും ശാശ്വതികത്വവും തിരിച്ചറിയാതെ അതുമായി അകന്നുകഴിയുന്ന ആളുകളെയാണ് കൂടുതലായും അദ്ദേഹം നേരിട്ടത്. അസദ് എഴുതി: 'വിശുദ്ധ ഖുര്‍ആനിലെ പല കല്‍പനകളും വഹ്‌യ് ഇറങ്ങിയിരുന്ന കാലത്ത് ജീവിച്ചിരുന്ന വിവരമില്ലാത്ത അറബികളെ ഉദ്ദേശിച്ചുള്ളതാണെന്നും ഇരുപതാം നൂറ്റാണ്ടില്‍ ജീവിക്കുന്ന യോഗ്യരായ മാന്യന്മാര്‍ക്കത് ബാധകമല്ലെന്നുമുള്ള ചിന്താഗതികള്‍ വെച്ചുപുലര്‍ത്തുന്നവര്‍ യഥാര്‍ഥത്തില്‍ നബി(സ)യുടെ  പ്രവാചകപ്രകാശത്തെ അവമതിക്കുക മാത്രമാണ്.'
കിഴക്കിന്റെയും പടിഞ്ഞാറിന്റെയും മാനവികത നാഗരികതകളുടെ പല വഴികളിലൂടെ എത്രമാത്രം പുരോഗമിച്ചാലും, അത് ഇസ്ലാമിന്റെ സന്ദേശത്തിലാണ് സമഗ്രമായ പരിഹാരവും രോഗശാന്തിയും കണ്ടെത്തുകയുള്ളൂവെന്ന് അസദ് ഉറച്ചു വിശ്വസിച്ചു.
'ആധുനികകാലത്തെ മാനവികതക്ക് ഇസ്ലാമിനെ കവച്ചുവെക്കാന്‍ കഴിഞ്ഞുവെന്ന് സൂചിപ്പിക്കുന്ന പ്രകടമായ ഒരു അടയാളവുമില്ല. എന്നല്ല, ഇസ്ലാം കൊണ്ടുവന്നതിനേക്കാള്‍ മികച്ച ഒരു ധാര്‍മിക വ്യവസ്ഥ ഉണ്ടാക്കിയെടുക്കാന്‍ ഇന്നുവരെ അതിന് കഴിഞ്ഞിട്ടുമില്ല.'
മുഹമ്മദ് അസദ്, ഇബ്‌റാഹീമീ പാതയിലെ സഞ്ചാരി. അല്ലാഹു അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ.
 

വിവ: നിഹാല്‍ വാഴൂര്‍
അല്‍ ജാമിഅ അല്‍ ഇസ്‌ലാമിയ്യ, ശാന്തപുരം

Comments