Prabodhanm Weekly

Pages

Search

2021 ജൂണ്‍ 18

3206

1442 ദുല്‍ഖഅദ്‌ 07

മനുഷ്യവിഭവശേഷിയും സുസ്ഥിര വികസന സങ്കല്‍പ്പങ്ങളും

എച്ച്. അബ്ദുര്‍റഖീബ് 

ഇരുപത്തിയഞ്ച് വര്‍ഷം മുമ്പ് അമേരിക്ക സന്ദര്‍ശിച്ചപ്പോള്‍, അവിടെ ന്യൂജേഴ്‌സിയില്‍ മുപ്പത്തിയഞ്ച് വര്‍ഷമായി സ്ഥിരതാമസക്കാരനായ ശമീം അഹ്മദ് സിദ്ദീഖിയുമായി  സംസാരിക്കാനിടയായി. സംഭാഷണമധ്യേ, അമേരിക്കന്‍ പുരോഗതിയുടെയും വികസനത്തിനെയും രഹസ്യമെന്ത് എന്ന് തിരക്കിയപ്പോള്‍ അദ്ദേഹം പറഞ്ഞ മറുപടി ഇങ്ങനെ: വിവിധ മേഖലകളില്‍ ഏറ്റവുമേറെ യോഗ്യതയും അനുഭവ സമ്പത്തുമുളള, പാല്‍പ്പാട (Cream) എന്ന് പറയാവുന്ന ഒരു സംഘത്തെ ലോകത്തിന്റെ എല്ലാ ഭാഗങ്ങളില്‍നിന്നുമായി അമേരിക്ക ഇവിടെ എത്തിച്ചിട്ടുണ്ട്. അമേരിക്കന്‍ പൗരത്വമുള്‍െപ്പടെ മുഴുവന്‍ സൗകര്യങ്ങളുമൊരുക്കിക്കൊടുത്താണ് അവരെ കൊണ്ടുവന്നിരിക്കുന്നത്. തങ്ങളുടെ മുഴുവന്‍ കഴിവുകളും പുറത്തെടുത്ത് അമേരിക്കന്‍ വികസനത്തിന്റെ പുത്തന്‍ മാതൃകകള്‍ സൃഷ്ടിച്ചത് ഈ വിഭാഗമാണ്. വൈദ്യശാസ്ത്ര മേഖലയിലുള്ളവര്‍ ഈജിപ്ഷ്യന്‍ വേരുകളുള്ള ഡോക്ടര്‍മാരാണെങ്കില്‍ കായിക മേഖല നിയന്ത്രിക്കുന്നത് ആഫ്രിക്കയില്‍നിന്നും വെസ്റ്റിന്റീസില്‍നിന്നുമെത്തിയ പ്രതിഭകളാണ്. എഞ്ചിനീയറിംഗ് മേഖലയില്‍ റഷ്യയില്‍നിന്നുള്ളവരാണെങ്കില്‍, ജപ്പാനില്‍നിന്നുള്ളവരാണ് കാര്‍ നിര്‍മാണ മേഖല നിയന്ത്രിക്കുന്നത്. സാമ്പത്തിക, വ്യാപാര മേഖല ജൂതന്മാരുടെ കൈവശമാണ്. ഇന്ത്യക്കാരും മറ്റുമാണ് കമ്പ്യൂട്ടര്‍ രംഗത്തെ അതികായര്‍.
മഖാസ്വിദുശ്ശരീഅ:യില്‍ ഗവേഷകനായ ഡോ. സ്വലാഹുദ്ദീന്‍ സുല്‍ത്വാന്‍, ഇസ്‌ലാമിക് ഫിഖ്ഹ് അക്കാദമി കണ്‍വെന്‍ഷനില്‍ പ്രഭാഷണം നടത്തിയപ്പോള്‍ ഇതേകാര്യം  സത്യപ്പെടുത്തി സംസാരിക്കുകയുണ്ടായി. 'വിദ്യാഭ്യാസ മേഖലയില്‍ അസാധാരണ മികവ് പ്രകടിപ്പിക്കുന്ന വിദ്യാര്‍ഥികളെ ജൂത വിഭാഗം പ്രത്യേകം നോട്ടമിടാറുണ്ട്. എന്റെ അമേരിക്കന്‍ വാസത്തിന് ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ മകള്‍ അവിടെ വിദ്യാഭ്യാസ മേഖലയില്‍ അസാധാരണ നേട്ടം കൈവരിക്കുകയുണ്ടായി. അതോടെ 'who is who' വില്‍ നിന്ന് അവള്‍ക്ക് ഒരു കത്ത്  ലഭിച്ചു. അടുത്ത 20 വര്‍ഷത്തിനു ശേഷം അമേരിക്ക ഭരിക്കുന്ന അഞ്ച് പേരില്‍ ഒരാളാവാന്‍ താങ്കള്‍ക്ക് ആഗ്രഹമുണ്ടെങ്കില്‍ ഞങ്ങള്‍ നിങ്ങള്‍ക്കു വേണ്ടി പ്രത്യേക പദ്ധതി ആവിഷ്‌കരിക്കുന്നു. അതില്‍ അമേരിക്കന്‍ പ്രസിഡന്റ്, ഫോര്‍ഡ് കമ്പനി അമരക്കാരന്‍, മൈക്രോസോഫ്റ്റ് അധിപതി എന്നിവര്‍ക്കു പുറമെ ലോകത്തെ പ്രമുഖ പ്രസിഡന്റുമാരുമായുള്ള കൂടിക്കാഴ്ചക്കും അവസരമുണ്ടാകും. അങ്ങനെ നിങ്ങളെ കരുത്തുറ്റ നേതാവായി വളര്‍ത്തിക്കൊണ്ടുവരും. ഇതാണ് കത്തിന്റെ ഉള്ളടക്കം. നിരവധി നിഷിദ്ധ കാര്യങ്ങള്‍ വന്നുപെടുമെന്നതിനാല്‍ ഞങ്ങളത്  വേണ്ടെന്നുവെക്കുകയായിരുന്നു. അതേ പരിശീലനം മറ്റൊരു രീതിയില്‍ പൂര്‍ത്തീകരിക്കാനാണ്  ഞങ്ങള്‍ ശ്രമിച്ചത് (മഖാസ്വിദുശ്ശരീഅ വര്‍ക് ഷോപ്പ്, ന്യൂദല്‍ഹി, 2003 ഡിസംമ്പര്‍).
ഹുമൈറ മൗദൂദി തന്റെ പിതാവ് സയ്യിദ് മൗദൂദിയെക്കുറിച്ച്  തയാറാക്കിയ 'ശജര്‍ ഹായെ സായദാര്‍' എന്ന പുസ്തകത്തില്‍ ഒരു സംഭവം ഉദ്ധരിക്കുന്നുണ്ട്: ''സുഊദി അറേബ്യയിലെ ഫൈസല്‍ രാജാവുമായി പിതാവ് പ്രധാനപ്പെട്ടൊരു കൂടിക്കാഴ്ച നടത്തിയിരുന്നു. അതില്‍ പറയുംപ്രകാരം ഫൈസല്‍ രാജാവ് പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ മുസ്‌ലിം ലോകത്തിന്റെ ചിത്രം മറ്റൊന്നായേനെ. അഭിമുഖ സംഭാഷണത്തില്‍ പിതാവ്, രാജാവിനോട് പറഞ്ഞു: 'ഡോളറിന്റെ ബലത്തില്‍ അമേരിക്ക ലോകത്തെ ഏറ്റവും കിടയറ്റ ബുദ്ധിജീവികളെ വിലക്കെടുത്തതുപോലെ, റിയാല്‍ സമ്പന്നതയും ഭൂവിസ്തൃതിയും കൈവശമുള്ള താങ്കള്‍  മുസ്‌ലിം ലോകത്തെ ബൗദ്ധിക സംഘത്തെ സ്വന്തം നാട്ടിലേക്ക് കൊണ്ടുവന്ന് താമസിപ്പിക്കണം. അതിന് പ്രാപ്തിയുള്ളയാളാണ് താങ്കള്‍. ഡോക്ടര്‍മാര്‍, ശാസ്ത്രജ്ഞര്‍, സാമൂഹിക ശാസ്ത്ര പടുക്കള്‍, ഉന്നത ഗവേഷകര്‍ അടങ്ങുന്ന  ആ സംഘത്തിന്ന് സുഊദി പൗരത്വം നല്‍കണം. മറ്റു അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിക്കൊടുക്കണം. എങ്കില്‍ സാമൂഹിക, വൈജ്ഞാനിക, വ്യാവസായിക, സാമ്പത്തിക, ശാസ്ത്ര-സാങ്കേതിക, പ്രതിരോധ മേഖലകളിലുണ്ടാകുന്ന വികാസം സുഊദി അറേബ്യക്കു മാത്രമല്ല മുഴുവന്‍ മുസ്‌ലിം ലോകത്തിന്നും അഭിമാനാര്‍ഹമായിരിക്കും.'
'റിയാലിന്റെ ബലത്തില്‍ അത്തരക്കാരെ സുഊദിയില്‍ എത്തിക്കാനും പൗരത്വമുള്‍പ്പെടെ അവര്‍ക്കു നല്‍കാനും സാധിക്കും. പക്ഷേ അത് മുഖേന ആടുകളെയും ഒട്ടകങ്ങളെയുമായി നടക്കുന്ന ഇവിടത്തെ തദ്ദേശീയ മനുഷ്യര്‍ ടെന്റുകളിലേക്ക് മടങ്ങിപ്പോകേണ്ടിവരികയാണുണ്ടാവുക. ഒരടയാളവും അവശേഷിക്കാത്ത വിധം മരുഭൂമിയില്‍നിന്ന് അവര്‍ തിരോധാനം ചെയ്യപ്പെടുകയാവും അതിന്റെ അനന്തരഫലം' - ഇതാണ് അതിന് ഫൈസല്‍ രാജാവ് നല്‍കിയ മറുപടി. അദ്ദേഹത്തിനു ശേഷവും അറേബ്യന്‍ ഭരണകര്‍ത്താക്കള്‍ ഒട്ടും മുന്നോട്ടു നീങ്ങിയില്ലെന്നത് ദുഃഖകരമാണ്. എണ്ണയുടെയും റിയാലിന്റെയും പളപളപ്പില്‍ വിലകൂടിയ കാറുകളും കണ്ണഞ്ചിക്കുന്ന ഷോപ്പിംഗ് മാളുകളുമാണുണ്ടായത്. കുറേ പണം പടിഞ്ഞാറന്‍ ലോകത്തെ ബാങ്കുകളിലും പൂത്തുകിടന്നു. അവരുടെ തലച്ചോറിന്റെ ഉടമകള്‍ അമേരിക്കക്കാരായി. ജീവിതമേഖലകളെ പടിഞ്ഞാറന്‍ ലോബികളും നിയന്ത്രിച്ചു'' (പേജ്: 74,75).
2005-ല്‍ ജിദ്ദ ഇസ്‌ലാമിക് ഡവലപ്‌മെന്റ് ബാങ്ക് (IDB) തങ്ങളുടെ മുപ്പത് വര്‍ഷത്തെ അനുഭവത്തിന്റെ വെളിച്ചത്തില്‍    മുസ്‌ലിം രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ഒ.ഐ.സിക്കു വേണ്ടി ഒരു ഭാവിപദ്ധതി രൂപകല്‍പന ചെയ്തിരുന്നു. മലേഷ്യന്‍ മുന്‍ പ്രധാനമന്ത്രി ഡോ. മഹാതീര്‍ മുഹമ്മദായിരുന്നു അതിന് മേല്‍നോട്ടം വഹിച്ചത്. ഒരു വര്‍ഷത്തിനു ശേഷം അദ്ദേഹം വിഷന്‍ ഹി. 1440 ഡോക്യുമെന്റ് എന്ന പേരില്‍ ഒരു റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സ്ട്രാറ്റജിക് ഡവലപ്‌മെന്റ് / തന്ത്രപരമായ വികസനത്തെ കുറിച്ചായിരുന്നു അതില്‍ കാര്യമായും പറഞ്ഞിരുന്നത്. പ്രകൃതി,  മാനവിക വിഭവങ്ങള്‍ മുസ്‌ലിം ലോകത്ത് വേണ്ടത്ര ഉണ്ടായിട്ടും അവിടെ ദാരിദ്ര്യവും പിന്നാക്കാവസ്ഥയും രാഷ്ട്രീയ അനിശ്ചിതത്വവുമൊക്കെയാണ് കണ്ടു വരുന്നത്. ഈ പ്രശ്‌നങ്ങള്‍ക്ക്  ഇസ്‌ലാമിക പരിപ്രേക്ഷ്യത്തിലുള്ള പരിഹാര നിര്‍ദേശങ്ങളാണ് അതില്‍ സമര്‍പ്പിച്ചിരുന്നത്. വികസനത്തിനു മനുഷ്യവിഭവങ്ങള്‍  ഉപയോഗപ്പെടുത്തേണ്ടതിന്റെ ആവശ്യകത പ്രത്യേകം ഊന്നിപ്പറഞ്ഞു. ഭൂമികുലുക്കത്തെയും പര്‍വതനിരകളിലെ തീപ്പിടിത്തത്തെയും അതിജീവിച്ചു കൊണ്ട്, പ്രകൃതിവിഭവങ്ങള്‍ ഇല്ലാത്ത കൊച്ചു രാഷ്ട്രമായ ജപ്പാന്‍ നേടിയ പുരോഗതി പ്രസ്തുത റിപ്പോര്‍ട്ട് ഉദാഹരിച്ചിട്ടുണ്ട്. അവിടത്തെ പ്രതിശീര്‍ഷ വരുമാനം (GDP) മുസ്‌ലിം ലോകത്തിനേക്കാള്‍ മൂന്നിരട്ടിയാകുന്നു.
ഈ മൂന്ന് ഉദാഹരണങ്ങളിലൂടെ മനുഷ്യവിഭവ ശേഷിയുടെ പ്രാധാന്യം ഊന്നിപ്പറയാനാണ്  ശ്രമിച്ചത്. രാഷ്ട്രം, സമൂഹം, സംഘടന, സ്ഥാപനം, കുടുംബം - ഇവയുടെയൊക്കെ അമൂല്യ സമ്പത്താണ് മാനവ വിഭവശേഷി. മറ്റെല്ലാ വിഭവകമ്മിയും നികത്താന്‍ പോന്ന ശക്തിയാണത്.  യോഗ്യരും സമര്‍ഥരും കാര്യപ്രാപ്തരുമായ വ്യക്തികളുണ്ടെങ്കില്‍ സമ്പത്തിന്റെയും മൂലധനത്തിന്റെയും കമ്മി പ്രശ്‌നമാകില്ല. അവരുടെ മുന്നേറ്റത്തെ ഒന്നിനും തടഞ്ഞു നിര്‍ത്താനാവില്ല. മറുവശത്ത്, വലിയ മൂലധനവുമായി രംഗത്തിറങ്ങുന്ന അയോഗ്യരായ സംഘം മുന്നോട്ടുള്ള പ്രയാണത്തിനിടയില്‍ മുങ്ങിപ്പോവും; പദ്ധതി പരാജയപ്പെടുകയും ചെയ്യും. അടുത്ത കാലം വരെ ഭരണകൂടങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പാണുണ്ടായിരുന്നതെങ്കില്‍, ഇപ്പോഴതിനെ Human Resource Development (HRD) എന്ന് പുനര്‍നാമകരണം ചെയ്തത് ശ്രദ്ധിക്കുക. വ്യക്തിപരമായ കഴിവുകളുടെയും മനുഷ്യവിഭവശേഷിയുടെയും വര്‍ധനവാണ് വിദ്യാഭ്യാസ പുരോഗതിയില്‍ ലക്ഷ്യമാക്കുന്നതെന്നര്‍ഥം.
ദൈവിക ഗ്രന്ഥമായ വിശുദ്ധ ഖുര്‍ആന്‍, പ്രവാചക ചരിത്രം, പ്രവാചകാനുചരന്മാരുടെയും പൂര്‍വസൂരികളുടെയും ജീവചരിത്രം, ചരിത്രം കുറിച്ച വ്യക്തിത്വങ്ങളുടെ ജീവരേഖ ഇതൊക്കെ പഠിക്കുമ്പോള്‍, യോഗ്യതയും കാര്യപ്രാപ്തിയുമുള്ള  വ്യക്തികള്‍ ഇഹപര ജീവിതത്തില്‍ ജയിച്ചു മുന്നേറുന്നതിന്റെ നിരവധി ശോഭന ചിത്രങ്ങള്‍ കണ്ടെത്താം. സമ്പത്തിന് മനുഷ്യജീവിതത്തില്‍ അനിഷേധ്യ സ്ഥാനമുണ്ട്. മനുഷ്യവിഭവശേഷി പരിപോഷിപ്പിക്കാന്‍ സമ്പത്തുമായി ബന്ധപ്പെട്ട കൃത്യമായൊരു കാഴ്ചപ്പാട് അത്യന്താപേക്ഷിതമാണ്. 'നിങ്ങളുടെ ജീവിത നിലനില്‍പിന്റെ ആധാരമായ സമ്പത്ത് അവിവേകികളുടെ പക്കല്‍ ഏല്‍പ്പിക്കരുത്' (അന്നിസാഅ്: 5) എന്ന് അല്ലാഹു പറയുന്നുണ്ട്. സമ്പത്തിന്റെ സൃഷ്ടിപ്പും (Creation of Wealth) മികച്ച സാമ്പത്തിക കൈകാര്യവും (Wealth Management) ഉണ്ടെങ്കിലേ മനുഷ്യവിഭവശേഷിയെ നല്ല രീതിയില്‍ പ്രയോജനപ്പെടുത്താനാവൂ എന്ന് മനസ്സിലാക്കാം.
വൈജ്ഞാനികവും ശാരീരികവുമായ മിടുക്കുണ്ടായിരുന്നു ത്വാലൂതിന്. സമര്‍ഥരായ വ്യക്തികളെ ഉപയോഗപ്പെടുത്തി യഅ്ജൂജ്, മഅ്ജൂജ് പ്രഭൃതികളെ വിജയിച്ചടക്കിയ ദുല്‍ഖര്‍നൈനിയുടെ വ്യക്തിത്വവും ശ്രദ്ധേയമാണ്. സംസാര  വ്യക്തതയില്ലാത്തതു കാരണം തന്നെ പ്രവാചകത്വദൗത്യത്തില്‍ സഹായിക്കാനായി സഹോദരന്‍ ഹാറൂനിനെ കൂടെ അയക്കാന്‍ ആവശ്യപ്പെടുന്ന മൂസാ(അ)യിലും മാതൃകയേറെയുണ്ട്. കാര്യം സമര്‍ഥമായി അവതരിപ്പിക്കാന്‍ സമര്‍ഥരായ വ്യക്തികളുടെ ആവശ്യതയിലേക്ക് വിരല്‍ചൂണ്ടുകയാണ് ഈ സംഭവം. വിശുദ്ധ ഭൂമിയില്‍ പ്രവേശിക്കാന്‍ തന്റെ ജനതയോട് മൂസാ നബി ആവശ്യപ്പെട്ട സന്ദര്‍ഭത്തില്‍ അനേകം ഒഴികഴിവുകള്‍ നിരത്തി അവര്‍ പിന്മാറിയപ്പോഴും മനക്കരുത്തുള്ള രണ്ട് യുവാക്കളാണ് ധീരതയോടെ മൂസായോടൊപ്പം ഉറച്ചുനിന്നത്. മക്കയില്‍ പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ട പ്രവാചകന്‍, രണ്ടാല്‍ ഒരു ഉമറിനാല്‍ (അംറു ബ്‌നു ഹിശാം, ഉമറുബ്‌നുല്‍ ഖത്ത്വാബ്) ഇസ്‌ലാമിന് കരുത്തേകാന്‍ അല്ലാഹുവോട് പ്രാര്‍ഥിക്കുകയുണ്ടായി. ഉമറിന്റെ ഇസ്‌ലാം സ്വീകരണത്തോടെ മക്കയിലെ അന്തരീക്ഷം തന്നെ മാറിമറഞ്ഞു.  ഉമര്‍ ഭരണാധികാരിയായപ്പോഴാകട്ടെ ഒരു പുതുചരിത്രവും രചിക്കപ്പെട്ടു. പ്രവാചകന്റെ പ്രാര്‍ഥന എത്ര വലിയ വ്യക്തിത്വത്തെ ലഭിക്കാനുള്ള തേട്ടമായിരുന്നുവെന്ന് ഇതില്‍നിന്ന് മനസ്സിലാക്കാം. ഒരിക്കല്‍ നബി (സ) പറഞ്ഞു: 'ജനങ്ങള്‍ അമൂല്യശേഖരമാണ്. അവരില്‍ ഇസ്‌ലാം പൂര്‍വകാലത്ത് ഉന്നതരായിരുന്നവര്‍ വിജ്ഞാനം കരസ്ഥമാക്കിയാല്‍ ഇസ്‌ലാമിലും ഉന്നതരാകുന്നു' (ബുഖാരി).
വ്യക്തിത്വ രൂപീകരണത്തിനും മാനവിക വികാസത്തിനും വേണ്ട അധ്യാപനങ്ങള്‍ നല്‍കി സമൂഹത്തെ വളര്‍ത്തേണ്ടതിന് ഉത്തമ ഉദാഹരണമാണ് നബിയുടെ കാലത്ത് മദീനാ പള്ളിയിലെ ചായ്പ്പില്‍ വളര്‍ന്ന സംഘം (അസ്വ്ഹാബുസ്സുഫ്ഫ).  വിജ്ഞാന മാര്‍ജിക്കുകയെന്ന ഏക ലക്ഷ്യത്തോടെ മദീനയിലെത്തുന്നവര്‍ക്ക് പള്ളിയില്‍ താമസിക്കാന്‍ പ്രത്യേകം ഒരു ഹാള്‍ സജ്ജീകരിച്ചിരുന്നു. മദീനയില്‍ വീടില്ലാതിരുന്ന സ്വദേശികളും ആ സൗകര്യം ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ആളുകളുടെ പ്രകൃതവും തരവും നോക്കി, അവരെ ആവശ്യമായിവരുന്ന സന്ദര്‍ഭം മുമ്പില്‍ കണ്ട് അവര്‍ക്കാവശ്യമായ വിദ്യാഭ്യാസം നല്‍കാന്‍ നബി സ്ഥാപിച്ച ആദ്യ 'റസിഡന്‍ഷ്യല്‍ യൂനിവേഴ്‌സിറ്റി'യായിരുന്നു അത്. വിദ്യാഭ്യാസത്തോടൊപ്പം സൈനിക സേവനവും നല്‍കേണ്ടതുണ്ടായിരുന്നു അവര്‍ക്ക്; കാരണം ചിലപ്പോള്‍ അവരെ ഉള്‍പ്പെടുത്തി സൈനിക നീക്കവും വേണ്ടിവന്നേക്കും.
മദീനയില്‍ പൊടുന്നനെ വീടുകള്‍ ആക്രമിക്കപ്പെട്ടാല്‍ അക്രമികളെ ഉടനടി പിന്തുടരാന്‍ ഇവരെ നിയോഗിച്ച സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്. ഒരു പ്രത്യേകാവശ്യത്തിന് ഇത്ര പേരടങ്ങുന്ന സംഘം ആവശ്യമാണെന്ന പ്രവാചക കല്‍പ്പന വന്നാലുടന്‍ അസ്ഹാബുസ്വുഫ്ഫയില്‍നിന്നുള്ള ഒരു ബറ്റാലിയന്‍ തയാറെടുപ്പാരംഭിക്കുകയായി. രാപ്പകല്‍ഭേദമന്യേ ഏത് നിമിഷവും അത്തരം കല്‍പനകള്‍ പ്രതീക്ഷിക്കണമായിരുന്നു.
വലിയ വലിയ വ്യക്തിത്വങ്ങള്‍ പിറവി കൊണ്ട സ്ഥലമാണ് ഈ പരിശീലനക്കളരി. പ്രമുഖ ഫഖീഹ് അബ്ദുല്ലാഹിബ്‌നു മസ്ഊദ്, പ്രമുഖ ഖുര്‍ആന്‍ പാരായണ വിദഗ്ധന്‍ സാലിം മൗലാ അബൂഹുദൈഫ, പ്രസിദ്ധ ഹദീസ് പണ്ഡിതന്‍ അബ്ദുല്ലാഹിബ്‌നു ഉമര്‍, അബൂഹുറൈറ, പ്രസിദ്ധ ഭൗതിക പരിത്യാഗി അബൂദര്‍റുല്‍ ഗഫാരി, സ്വുഹൈബുര്‍റൂമി, സല്‍മാനുല്‍ ഫാരിസി, അബുദ്ദര്‍ദാഅ്, ഇബ്‌നു മക്തൂം, പ്രവാചകന്റെ ബാങ്കുകാരന്‍ ബിലാല്‍, മലക്കുകള്‍ കുളിപ്പിച്ച സ്വഹാബി ഹന്‍ളല, ഇറാഖ് വിജയി സഅ്ദുബ്‌നു അബീവഖ്ഖാസ്, അര്‍മീനിയന്‍ ജേതാവ് ഹുദൈഫതുബ്‌നുല്‍ യമാന്‍ തുടങ്ങി അനേകം പേര്‍  ഈ പരിശീലന കേന്ദ്രത്തിലൂടെ വളര്‍ന്നവരാണ്. സ്വഹാബികളെ പരിശീലിപ്പിക്കാന്‍ വേറെയും നിരവധി മാര്‍ഗങ്ങള്‍ പ്രവാചകന്‍ സ്വീകരിച്ചിട്ടുണ്ട്. അമ്പെയ്ത്ത്, ഓട്ടമത്സരം, ഒട്ടകയോട്ടം തുടങ്ങി പലതരം രീതികള്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കാനായി നബി (സ) സ്വീകരിച്ചിട്ടുണ്ട്. കുതിരയോട്ട മത്സര സംഘാടനത്തില്‍ റഫറിയായി നില്‍ക്കുന്ന പ്രവാചകന്‍ ആദ്യ അഞ്ചു സ്ഥാനങ്ങളിലെത്തുന്നവര്‍ക്ക്  കാരക്കയും മറ്റും സമ്മാനം നല്‍കിയിരുന്നുവെന്നാണ് ചരിത്രം.
പുതിയ ഭാഷകളും കൈയെഴുത്ത് കലകളും അഭ്യസിക്കുക, യുദ്ധോപകരണങ്ങള്‍ പ്രയോഗിക്കുന്നത് പഠിക്കുക, വിവിധ വിജ്ഞാന ശാഖകളില്‍ വ്യുല്‍പത്തി നേടുക തുടങ്ങി വേറെയും അനവധി പരിശീലനങ്ങള്‍ പ്രവാചകന്‍ അനുചരന്മാര്‍ക്ക് നല്‍കി അവരെ കര്‍മരംഗത്ത് ഇറക്കിയതായും ചരിത്രമുണ്ട്. സംഘടിത സകാത്തിന്റെ ശേഖരണ-വിതരണത്തിനു വേണ്ട ഉദ്യോഗസ്ഥരെയും ദാനധര്‍മങ്ങള്‍ രേഖപ്പെടുത്തുന്ന കണക്കെഴുത്തുകാരെയും പരിശീലിപ്പിക്കുന്നതിലൂടെ അനേകമാളുകളെ വിവിധ രംഗങ്ങളില്‍ വളര്‍ത്തിക്കൊണ്ടുവരികയായിരുന്നു നബി(സ). മനുഷ്യവിഭവത്തെ പ്രയോജനപ്പെടുത്തുന്നതില്‍  സ്ത്രീകളുടെ പങ്കും പ്രത്യേകം രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഖദീജ(റ)യും ഉമ്മുസലമ(റ)യും ഉദാഹരണം. മക്കയിലെ പ്രമുഖ വര്‍ത്തകയായിരുന്നല്ലോ ഖദീജ. ദൂരസ്ഥലത്തേക്ക് കച്ചവടാവശ്യാര്‍ഥം പോകുന്ന മക്കയിലെ മൊത്തം വ്യൂഹത്തിന്റെ പകുതിയിലധികം അവരുടേതായിരിക്കുമെന്നാണ് ചരിത്രകാരന്മാര്‍ എഴുതിയിട്ടുള്ളത്. പ്രവാചകത്വത്തിന്റെ തുടക്കകാലത്ത് അവര്‍ നല്‍കിയ  പിന്തുണയും ചേര്‍ത്തുപിടിക്കലും ചരിത്രത്തിലെ ശോഭയാര്‍ന്ന താളുകളാണ്. നജ്ജാശിയുടെ കൊട്ടാരത്തില്‍ ജഅ്ഫറുബ്‌നു അബീത്വാലിബിന്റെ സംഭാഷണം നേരില്‍ കേട്ട ഉമ്മുല്‍ മുഅ്മിനീന്‍ ഉമ്മുസലമയും നിര്‍ണായക സന്ദര്‍ഭങ്ങളില്‍ പല പ്രധാന തീരുമാനങ്ങളുമെടുക്കാന്‍ പ്രവാചകനെ സഹായിച്ചിട്ടുണ്ട്. ഹുദൈബിയാ സന്ധിക്ക് ശേഷം ഹജ്ജ് നിര്‍വഹിക്കാനാകാതെ മദീനയിലേക്ക് മടങ്ങേണ്ടിവന്ന സ്വഹാബിമാരോട് അവിടെ വെച്ച് ബലി നടത്താന്‍ നബി (സ) ആവശ്യപ്പെട്ടെങ്കിലും അതുള്‍ക്കൊള്ളാന്‍ അനുചരന്മാര്‍ ആദ്യം തയാറായില്ല. പ്രവാചകരേ, താങ്കള്‍ ആദ്യമത് നിര്‍വഹിച്ച് തലമുണ്ഡനം കൂടി ചെയ്തു കാണിച്ചാല്‍ സ്വഹാബികളും അങ്ങനെ ചെയ്തുകൊള്ളുമെന്ന നിര്‍ദേശം മുന്നോട്ടു വെച്ചത് ഉമ്മുസലമയായിരുന്നു. അങ്ങനെയാണ് ആ പ്രതിസന്ധി   എളുപ്പത്തില്‍ പരിഹരിക്കപ്പെട്ടത്. ഹി. 859-ല്‍ ഫാസ് നഗരത്തില്‍ ഖുറവിയ്യീന്‍ യൂനിവേഴ്‌സിറ്റി സ്ഥാപിച്ച സമ്പന്നയായ ഫാത്വിമതുല്‍ ഫഹ്‌രി എന്ന വനിതയെയും പില്‍ക്കാല ചരിത്രത്തില്‍ കാണാം. പ്രസ്തുത വിദ്യാ കേന്ദ്രത്തില്‍നിന്നത്രെ അബുല്‍ ഫാസി, ഇബ്‌നുല്‍ അറബി, ഇബ്‌നു ഖല്‍ദൂന്‍ തുടങ്ങിയ പ്രഗത്ഭര്‍ പുറത്തുവന്നത്. നിലവിലെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ ഭരണനിര്‍വഹണ വിഭാഗത്തില്‍ ഏഴ് സ്ത്രീകള്‍ ഉള്‍പ്പടെ 12 മുസ്‌ലിം ഉദ്യോഗാര്‍ഥികള്‍ സേവനം ചെയ്യുന്നുണ്ട് എന്ന് ആനുഷംഗികമായി സൂചിപ്പിക്കുന്നു.
പ്രവാചകന്റെ കാലത്ത് പദ്ധതി നടത്തിപ്പിന് സ്വന്തം അനുയായികളെ മാത്രമല്ല, അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ കഴിവുറ്റ ഇതര മതസ്ഥരുടെയും സഹായം സ്വീകരിച്ചിട്ടുണ്ട്. നമ്മുടെ കാലത്ത് Lateral Entry എന്നാണതിന് പറയുക. അപകടം നിറഞ്ഞ മദീന പലായന സന്ദര്‍ഭത്തില്‍ അതുവരെ ഇസ്‌ലാം സ്വീകരിക്കാതിരുന്ന അബ്ദുല്ലാഹിബ്‌നു ഉറൈഖാത്വ് എന്ന വഴികാട്ടിയുടെ സഹായം സ്വീകരിക്കുകയുണ്ടായി പ്രവാചകന്‍. മതവൃത്തത്തിനകത്തില്ലാതിരുന്ന അംറുബ്‌നു ഉമയ്യയെയാണ് എത്യോപ്യന്‍ രാജാവിന്റെ അടുത്തേക്ക് തന്റെ ദൂതനായി അയച്ചത്. അവശ്യ ഘട്ടങ്ങളില്‍ തന്റെ പക്കല്‍ മനുഷ്യവിഭവമില്ലാതെ വരുമ്പോള്‍ പുറത്തുനിന്നത് സ്വീകരിച്ചുകൊണ്ടും ലക്ഷ്യം പൂര്‍ത്തീകരിച്ചിട്ടുണ്ട് പ്രവാചകന്‍. മക്കയിലേക്ക് തനിക്ക് പ്രവേശനം നിഷേധിക്കപ്പെട്ടപ്പോള്‍ മുത്വ്ഇമുബ്‌നു അദിയ്യിന്റെ സഹായം സ്വീകരിച്ചത് ഉദാഹരണം. ഉമറിന്റെ കാലത്തും മനുഷ്യവിഭവശേഷി ഉപയോഗപ്പെടുത്തിയതിന്റെ ഉയര്‍ന്ന മാതൃകകള്‍ കാണാം. അല്ലാമാ ശിബ്‌ലി നുഅ്മാനി തന്റെ അല്‍ഫാറൂഖ് എന്ന ഗ്രന്ഥത്തിന്റെ രണ്ടാം ഭാഗത്ത് അതു സംബന്ധമായി ചില സംഭവങ്ങള്‍ ഉദ്ധരിച്ചിട്ടുണ്ട്.
ഒരിക്കല്‍ ഉമര്‍ ഒരു സംഘത്തോടൊപ്പം ഇരിക്കുകയാണ്. നിങ്ങളുടെ ആഗ്രഹാഭിലാഷങ്ങള്‍ പറയൂ എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഈ ഭവനം സ്വര്‍ണത്താല്‍ നിറക്കപ്പെടുകയും ശേഷം ഞാനതെല്ലാം ദൈവമാര്‍ഗത്തില്‍ ചെലവഴിക്കുകയും ചെയ്യുന്നതാണ് തന്റെ ആഗ്രഹമെന്ന് ഒരാള്‍ പറഞ്ഞു. രണ്ടാമനോട് ആഗ്രഹം വെളിപ്പെടുത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ കക്ഷി പറഞ്ഞത് ഇങ്ങനെ: ഈ ഭവനം വെള്ളി കൊണ്ട് നിറയ്ക്കപ്പെടുകയും അത് മുഴുവന്‍ ദൈവമാര്‍ഗത്തില്‍ ദാനം ചെയ്യുകയുമാണ് എന്റെ ആഗ്രഹം. മൂന്നാമതും ഉമര്‍ ചോദ്യമാവര്‍ത്തിച്ചപ്പോള്‍, എന്ത് ആഗ്രഹമാണ് പറയേണ്ടതെന്ന് തങ്ങള്‍ക്കറിയില്ലെന്നായിരുന്നു അവരുടെ മറുപടി. അപ്പോള്‍ ഉമര്‍ പറഞ്ഞു: അബൂഉബൈദതുല്‍ ജര്‍റാഹ്, മുആദുബ്‌നു ജബല്‍, സാലിം മൗലാബ്‌നു ഹുദൈഫ തുടങ്ങിയവരെപ്പോലുള്ള പ്രഗത്ഭര്‍ ഉണ്ടാവുകയും അവരുടെ സഹായത്തോടെ ദൈവിക വചനത്ത ഉയര്‍ത്തിനിര്‍ത്തുകയും ചെയ്യുക എന്നതാണ് എന്റെ ആഗ്രഹം.
യുവപ്രായക്കാരെ പ്രോത്സാഹിപ്പിക്കുന്നതിലും ഏറെ മുന്‍പന്തിയിലായിരുന്നു അദ്ദേഹം. ബദ്ര്‍ നിവാസികള്‍ സംശയനിവാരണത്തിന് വന്നപ്പോള്‍ അബ്ദുല്ലാഹിബ്‌നു അബ്ബാസിനെ വിളിച്ചു വരുത്തി മറുപടി നല്‍കാന്‍ ഏര്‍പ്പാടാക്കിയിരുന്നു ഉമര്‍. കാരണം പെട്ടെന്ന് മറുപടി നല്‍കാനുള്ള ബുദ്ധിസാമര്‍ഥ്യവും വൈജ്ഞാനിക മികവും അദ്ദേഹത്തിന് കൈമുതലായുണ്ടെന്ന് ഖലീഫക്ക് അറിയാമായിരുന്നു. മുസ്‌ലിമേതര വ്യക്തിത്വങ്ങളുടെ കഴിവുകളെയും അദ്ദേഹം പ്രയോജനപ്പെടുത്തി. ഒരിക്കല്‍ ശാമിലെ ഗവര്‍ണര്‍ക്ക് ഇങ്ങനെ എഴുതി: 'കണക്കെഴുത്തില്‍ നിപുണനായ ഒരു ഗ്രീക്കുകാരന്‍ അവിടെയുണ്ട്. അയാളെ ഗവണ്‍മെന്റിന്റെ സാമ്പത്തിക വകുപ്പില്‍ സേവനം നല്‍കാന്‍ മദീനയിലേക്ക് അയക്കുക' (ബലാദുരി, കിതാബുല്‍ അന്‍സാബ്, ഭാഗം ഒന്ന്, പേ. 585). സ്ത്രീകളുടെ കഴിവുകളെയും ഉമര്‍ ഉപയോഗപ്പെടുത്തിയിരുന്നു. ശിഫ ബിന്‍തു അബ്ദുല്ലയെയാണ് മദീനാ മാര്‍ക്കറ്റിന്റെ ചുമതലയേല്‍പിച്ചത്. നിസ്വാര്‍ഥനും ദൈവഭക്തനും, ധീരമായ തീരുമാനമെടുക്കാന്‍ കരുത്തുറ്റവനുമാണെങ്കില്‍ ചുരുങ്ങിയ കാലം കൊണ്ട് സമൂഹത്തെ ഒന്നാകെ മാറ്റിപ്പണിയാനാകുമെന്നതിന് ഉമറുബ്‌നു അബ്ദില്‍ അസീസിന്റെ ജീവിതം സാക്ഷിയാണ്. തന്റെ ഭരണകാലത്ത് കരുതലും പങ്കുവെപ്പുമുള്ള ഒരു മാതൃകാ സമൂഹത്തെ(Caring & Sharing Society)യാണ് അദ്ദേഹം വളര്‍ത്തിക്കൊണ്ട് വന്നത്. ഇന്നത്തെ സമൂഹത്തിനും മാതൃകയാക്കാവുന്ന സംവിധാനം. യോഗ്യതയും അര്‍ഹതയുമുള്ള മുസ്‌ലിം യുവതയാണ് സമുദായപ്രതാപത്തിന്റെ, മഹത്വത്തിന്റെ നക്ഷത്രങ്ങള്‍. അവരുള്‍വഹിക്കുന്ന തുടിപ്പും അവബോധവുമാണ് സമുദായ പരിഷ്‌കരണത്തിന്റെ ചാലകശക്തി. ചിലപ്പോള്‍ അവരിലൊരാള്‍ മതി ആയിരം പേര്‍ക്ക് പകരമായി. ഒറ്റയാള്‍ മൊത്തം സമുദായത്തെ പ്രതിനിധീകരിക്കാന്‍ കരുത്തു കാട്ടാറുമുണ്ട്. ആര്‍ജവവും ഇഛാശക്തിയുമുള്ള ഒറ്റയാള്‍ക്ക് ഉറങ്ങിക്കിടക്കുന്ന സമൂഹത്തിനകത്ത് ഉണര്‍വിന്റെ ആത്മാവ് പകരാനും സാധിക്കും.
നമ്മുടെ കാലത്ത് ജീവിച്ച അത്തരം രണ്ട് പ്രതിഭകളെ പറ്റി പറയാം. ഒന്നാമത്തെയാള്‍ ബോസ്‌നിയ ഹെര്‍സഗോവിനയുടെ പ്രസിഡന്റായിരുന്ന പ്രമുഖ മുസ്‌ലിം ദാര്‍ശനികന്‍ അലി ഇസ്സത്ത് ബെഗോവിച്ച്. അരനൂറ്റാണ്ട് കാലം നീണ്ടുനിന്നു അദ്ദേഹത്തിന്റെ പോരാട്ടങ്ങള്‍. യൂഗോസ്ലാവിയയിലെ കമ്യൂണിസ്റ്റ് ഭരണകൂടം ഇസ്‌ലാമിന്റെ അടയാളങ്ങളെയെല്ലാം മായ്ച്ചുകളയാന്‍ തുനിഞ്ഞിറങ്ങിയപ്പോള്‍  മുസ്‌ലിം യുവാക്കളെ സംഘടിപ്പിച്ചും പുതിയ സംഘടന രൂപീകരിച്ചും ബെഗോവിച്ച് അതിനെതിരെ വലിയ പ്രതിരോധമാണ് സൃഷ്ടിച്ചത്. യുവാക്കളില്‍ അദ്ദേഹം സ്വാതന്ത്ര്യമോഹം അങ്കുരിപ്പിച്ചു. അക്രമത്തിന്ന് പ്രേരണ നല്‍കിയെന്നാരോപിച്ച് രണ്ടു തവണ ദീര്‍ഘകാലം അദ്ദേഹത്തെ തടവറയിലിട്ടു. എന്നിട്ടും ഇസ്‌ലാമിക ചിന്തയെ പൂര്‍വാധികം ശക്തിയോടെ അദ്ദേഹം ജ്വലിപ്പിച്ചുനിര്‍ത്തി. അദ്ദേഹത്തിന്റെ ഇസ്‌ലാം രാജമാര്‍ഗം, ഇസ്‌ലാമിക ചിന്തകള്‍ എന്നീ രണ്ട് ഗ്രന്ഥങ്ങള്‍ ഇതിന്റെ സാക്ഷ്യമാണ്. യൂഗോസ്ലാവിയയില്‍ കമ്യൂണിസം പൊളിഞ്ഞു വീണപ്പോള്‍ പുതിയ ബോസ്‌നിയയുടെ പ്രസിഡന്റായി  അദ്ദേഹം. അപ്പോഴാണ് മൂന്ന് അയല്‍പക്ക രാജ്യങ്ങള്‍ ചേര്‍ന്ന് അദ്ദേഹം നേതൃത്വം നല്‍കിയ രാജ്യത്തെ കടന്നാക്രമിക്കുന്നത്. ആ കടന്നാക്രമണത്തില്‍ ലക്ഷക്കണക്കിനു പേര്‍ രക്തസാക്ഷികളും ഭവനരഹിതരും വിധവകളും അനാഥരുമായെങ്കിലും, യൂറോപ്പില്‍ തന്റെ രാജ്യത്തിന്റെ ഇസ്‌ലാമിക സ്വത്വം നിലനിര്‍ത്താന്‍  ഇഛാശക്തിയോടെ അദ്ദേഹം സധീരം പോരാടിക്കൊണ്ടിരുന്നു. ആ ലക്ഷ്യം നേടിയെടുത്തേ അദ്ദേഹം അടങ്ങിയുള്ളു.
ഇസ്തംബൂള്‍ എഞ്ചിനീയറിംഗ് യൂനിവേഴ്‌സിറ്റിയില്‍നിന്ന് മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ഡിഗ്രി കരസ്ഥമാക്കിയ ശേഷം ജര്‍മനിയിലെ ആചന്‍ യൂനിവേഴ്‌സിറ്റിയില്‍നിന്ന് എഞ്ചിനീയറിംഗില്‍ ഡോക്ടറേറ്റ് സമ്പാദിച്ച തുര്‍ക്കിയിലെ നജ്മുദ്ദീന്‍ അര്‍ബകാന്‍ ആണ് മറ്റൊരു വ്യക്തിത്വം. ജര്‍മനിയിലായിരിക്കെ നിരവധി പുതിയ ഉപകരണങ്ങള്‍ അദ്ദേഹം കണ്ടുപിടിച്ചിട്ടുണ്ട്. അതില്‍ ഘലീുമൃറ 1അ ഠമിസ ഏറെ പ്രസിദ്ധിയാര്‍ജിച്ചതാണ്. എന്നിട്ടും തന്റെ ഉയര്‍ന്ന ഉദ്യോഗവും പദവിയും രാജിവെച്ച് അദ്ദേഹം തുര്‍ക്കിയിലേക്ക് മടങ്ങുകയാണുണ്ടായത്. അറബിയില്‍ ബാങ്ക് വിളിക്കുന്നത് നിരോധിച്ച, സ്ത്രീകളുടെ ഹിജാബുള്‍പ്പെടെയുള്ള ഇസ്‌ലാമിക ചിഹ്നങ്ങള്‍ക്കു പകരം രാഷ്ട്രത്തെ മതവിരുദ്ധതയില്‍ കൊണ്ടുനിര്‍ത്തിയ കമാല്‍ അത്താതുര്‍ക്കിന്റെ വാഴ്ചയിലായിരുന്നു അക്കാലത്തെ തുര്‍ക്കി. എന്നാല്‍ ഇസ്‌ലാമിക നവോത്ഥാന നായകനായി നിലകൊണ്ട അര്‍ബകാന്‍ തന്റെ ലക്ഷ്യസാക്ഷാല്‍ക്കാരത്തിനായി ആദ്യം സലാമത് പാര്‍ട്ടിയും പിന്നീട് റഫാഹ് പാര്‍ട്ടിയും രൂപീകരിച്ചു. അതിനു മുമ്പ് ഇസ്തംബൂള്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് അധ്യക്ഷനായിരുന്നിട്ടുണ്ട്. മതേതര പാര്‍ട്ടികളും സൈന്യവും അദ്ദേഹത്തിനെതിരെ തന്ത്രങ്ങള്‍ മെനഞ്ഞുകൊണ്ടിരുന്നു. നിരവധി തവണ രാഷ്ട്രീയ ഭൂമികയില്‍നിന്ന് അദ്ദേഹത്തെ അകറ്റിനിര്‍ത്തി.  പിന്നീട് തുര്‍ക്കിയുടെ പ്രധാനമന്ത്രി പദത്തില്‍ വരെ എത്തിയ അദ്ദേഹം നിരവധി പരിഷ്‌കരണങ്ങള്‍ക്ക് തിരികൊളുത്തി. അദ്ദേഹത്തിന്റെ അടവുകളും ധീരതയും സമര്‍പ്പണവുമാണ് ഇന്ന് തുര്‍ക്കിയെ മുസ്‌ലിം ലോകത്തിന്റെ മുന്‍നിരയിലെത്തിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചത്.
മനുഷ്യവിഭവശേഷി വികസനം(Human Resource Development) ആധുനിക യുഗത്തിലെ ഒരു പ്രധാന സാങ്കേതിക പ്രയോഗമാണ്. 1960-ല്‍ പ്രഫ. തിയോഡര്‍ ഷൂള്‍സ്, അമേരിക്കന്‍ ഇക്കണോമിക് അസോസിയേഷന്റെ 73-ാം വാര്‍ഷികത്തില്‍ നടത്തിയ അധ്യക്ഷ ഭാഷണത്തിലാണ് ആദ്യമായി ഈ പ്രയോഗം നടത്തിയത്.
മാനവവിഭവശേഷി വികസനം എല്ലാ പ്രവാചകന്മാരും ലക്ഷ്യം വെച്ചിരുന്നു. അതു പക്ഷേ ഭൗതിക, സാമ്പത്തിക മേഖലയില്‍ പരിമിതമായിരുന്നില്ല എന്ന് മാത്രം.  മനുഷ്യന്‍ ഭുമിയില്‍ അല്ലാഹുവിന്റെ പ്രതിനിധി(ഖലീഫ)യാണെന്ന അടിത്തറയില്‍ ഊന്നുന്ന വിഭവശേഷി വികസനമാണവര്‍ മുന്നോട്ടുവെച്ചത്. ഇസ്‌ലാം അതിന്റെ ആരംഭദശയില്‍തന്നെ യഥാര്‍ഥ വികസനം എന്താണെന്ന് കാണിച്ചുകൊടുത്തുകൊണ്ട് ലോകഗതിയെ മാറ്റിമറിച്ചിട്ടുണ്ട്. ആത്മീയമായും ഭൗതികമായും  തകര്‍ന്ന ഒരു ജനതയെ ഏകദൈവ വിശ്വാസത്തില്‍ ഏകോപിപ്പിച്ച നബി (സ) അവരെ ഉയര്‍ന്ന കഴിവുകളുടെ ഉടമകളും നാഗരിക സമൂഹത്തിന്റെ ചുക്കാന്‍ പിടിക്കുന്നവരുമൊക്കെ ആക്കി മാറ്റിയെങ്കിലും പില്‍ക്കാലത്ത് ആ സവിശേഷതകള്‍ കളഞ്ഞുകുളിച്ച അവര്‍ ആള്‍പ്പെരുപ്പമുള്ളതോടൊപ്പം പതിതരാവുന്നതാണ് കാണാനായത്. ഭൂതകാലത്ത് ഒട്ടേറെ സംഭാവനകളര്‍പ്പിച്ചിട്ടുണ്ട് ആ സമൂഹം. ആയിരം വര്‍ഷം മുമ്പ് തുര്‍കിസ്താനിലെ ഖുവാരിസ്മില്‍ ജനിച്ച പ്രമുഖ ഗണിത ശാസത്രജ്ഞനും ഗോളശാസ്ത്ര വിദഗ്ധനുമായ അബൂ അബ്ദുല്ലാഹിബ്‌നു മൂസല്‍ ഖുവാരിസ്മിയുടെ സംഭാവനയാണല്ലൊ അല്‍ജിബ്ര. അകന്നവയെ പരസ്പരം യോജിപ്പിച്ച് അദ്ദേഹം നടത്തിയ കണ്ടുപിടിത്തം ലോകത്തിന് വഴികാട്ടുകയായിരുന്നു. അദ്ദേഹത്തിന്റെ ഖുവാരിസ്മിയെന്ന പേര് ലാറ്റിന്‍ ഭാഷയില്‍ അല്‍ഗോരിതം(Algorithm) എന്നറിയപ്പെട്ടു. ചില കാര്യങ്ങള്‍ പ്രത്യേക രീതിയില്‍ ക്രമീകരിച്ച്  പുതിയ കാര്യങ്ങളും ഡിസൈനുകളും ഉണ്ടാക്കുക എന്നതാണതിന്റെ പൊരുള്‍. ലോകം മുഴുക്കെ ട്രാഫിക്, ഗ്രാഫിക്, ഇന്‍ഫര്‍മേഷന്‍, ന്യൂസുകള്‍, സാമൂഹിക മാധ്യമങ്ങള്‍, കാലാവസ്ഥാ പ്രവചനം, ബിസിനസ് തുടങ്ങിയവയെല്ലാം ഇന്ന് അല്‍ഗോരിത തത്ത്വപ്രകാരമാണ് ചലിക്കുന്നത്. മാനുഷ്യകത്തിന് പ്രയോജനപ്പെടുന്ന  നൂതനവിദ്യകള്‍ ഏതു നാട്ടുകാരന്‍ കണ്ടെത്തിയാലും ലോകമതിനെ അംഗീകരിക്കുമെന്നാണ് അത് നല്‍കുന്ന പാഠം. നൂറ്റാണ്ടുകളോളം ആ കണ്ടെത്തലുകള്‍  ആദരവോടെ അനുസ്മരിക്കപ്പെടുകയും ചെയ്യും.
ഇരുപത്തൊന്നാം നൂറ്റാണ്ട് എങ്ങനെയായിരിക്കും, എന്തെല്ലാം അത്യപൂര്‍വവും അത്ഭുതകരവുമായ മാറ്റങ്ങള്‍ക്കാണ് മാനവരാശി സാക്ഷ്യം വഹിക്കുക തുടങ്ങിയ കാര്യങ്ങളെപ്പറ്റി പ്രമുഖ അമേരിക്കന്‍ പത്രപ്രവര്‍ത്തകന്‍ തോമസ് ഫ്രായ്ഡ്മാന്‍ തന്റെ The World is Flat (2005)  എന്ന ഗ്രന്ഥത്തില്‍ പറയുന്നുണ്ട്. യുവാല്‍ നോഹ ഹരാരിയുടെ  21 Lessons for the 21th Century (2018) എന്ന ഗ്രന്ഥത്തിന്റെ ഉള്ളടക്കവും സമാനമാണ്. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ബയോ ടെക്‌നോളജി, നാനോ ടെക്‌നോളജി എന്നീ മേഖലകളില്‍ വമ്പന്‍ പരിവര്‍ത്തനങ്ങളാണ് സംഭവിക്കാനിരിക്കുന്നത്. നിര്‍മിത ബുദ്ധി (Artificial Intelligence) യുടെ ആഗമനത്തോടെ മനുഷ്യന്റെ സ്ഥാനവും വിലയും കുറയില്ലെങ്കിലും, അവന്‍ അപ്രസക്തനായി മാറുമോ എന്ന ഭീതി നിലനില്‍ക്കുന്നു. ആമസോണ്‍, ഗൂഗ്ള്‍, ആപ്പിള്‍, മൈക്രോസോഫ്റ്റ്, ഫേസ് ബുക്ക് തുടങ്ങിയ ലോകോത്തര കമ്പനികള്‍ മനുഷ്യ ഭരണകൂടങ്ങളെക്കാള്‍  കരുത്താര്‍ജിച്ചിരിക്കും. സര്‍ഗശേഷി (Creativity), സന്തോഷം (Happiness), സ്വാതന്ത്ര്യം (Liberty), സത്യം(Truth)  എന്നിവയുടെയൊക്കെ അര്‍ഥവും ആശയവും ഇനി ഗൂഗ്ള്‍ തീരുമാനിക്കുന്നതായിരിക്കും.  വരുംകാല മാനവവിഭവശേഷി Collaboration, Critical Thinking, Communication, Creativity  എന്നീ 4-സികളുടെ അടിസ്ഥാനത്തില്‍ ഒരു പ്രത്യേക രീതിയിലാവും രൂപപ്പെടുക. അതുമായി എന്‍ഗേജ് ചെയ്യാനുള്ള മാര്‍ഗങ്ങളേത് എന്ന ചോദ്യം നാം അഭിമുഖീകരിക്കുകയാണിപ്പോള്‍.
സാമ്പത്തിക അസമത്വം (Economical Disparity), പരിസ്ഥിതി മലിനീകരണം (Environmental Degradation)  എന്നിവ ഇന്ന് മനുഷ്യരാശി അഭിമുഖീകരിക്കുന്ന രണ്ട് പ്രധാന പ്രശ്‌നങ്ങളാണ്. ദരിദ്രന്‍ പരമ ദരിദ്രനാവുകയും സമ്പന്നന്‍ അതിസമ്പന്നനാവുകയും ചെയ്യുന്ന സ്ഥിതി. ഒരാള്‍ പറഞ്ഞതിങ്ങനെ: 'ഇന്ന് ലോകത്ത് ദാരിദ്ര്യത്തിന്റെ മഹാസമുദ്രങ്ങളും സമ്പന്നതയുടെ കൊച്ചുദ്വീപുകളുമാണുള്ളത്.' ഈ അസമത്വം തുടച്ചുനീക്കാന്‍ ഇസ്‌ലാമിക പരിപ്രേക്ഷ്യത്തിലുള്ള സംരംഭകത്വം, സകാത്തിന്റെ സംഘടിത വ്യവസ്ഥ, ഔഖാഫ് മൂലധനം തുടങ്ങിയവ ഏൃലലി ടൗസൗസ പോലുള്ള നൂതന വഴികളിലൂടെ എങ്ങനെ പരിചയപ്പെടുത്താം എന്ന് ആലോചിക്കണം; നടപ്പില്‍ വരുത്താന്‍ കഠിനാധ്വാനം നടത്തുകയും വേണം. സാമ്പത്തിക സാക്ഷരത, സമ്പാദ്യ സമാഹരണം, സാമ്പത്തിക മാനേജ്‌മെന്റ് തുടങ്ങിയ വിഷയങ്ങളെ പറ്റി സമുദായത്തെ ബോധവത്കരിക്കണം. ഉപഭോഗ സംസ്‌കാരത്തിനെതിരെ സംഘശക്തി രൂപപ്പെടണം. ഐക്യരാഷ്ട്രസഭയുടെ പതിനഞ്ചു വര്‍ഷ പദ്ധതിയായ സുസ്ഥിര വികസനലക്ഷ്യങ്ങള്‍(Sustainable Development Goals - SDG) അനുസ്മരിക്കപ്പെടണം. 2015- 2030 കാലയളവില്‍ ദാരിദ്ര്യം തുടച്ചുനീക്കുമെന്നും ഭൂമിക്ക് സംരക്ഷണമൊരുക്കുമെന്നും ലോകസമാധാനവും ക്ഷേമവും ഉറപ്പു വരുത്തുമെന്നും മറ്റുമുള്ള അതില്‍ എണ്ണിപ്പറഞ്ഞിരിക്കുന്ന ലക്ഷ്യങ്ങള്‍ മഖാസ്വിദുശ്ശരീഅ എന്ന ഇസ്‌ലാമിക പഠനശാഖയോട് ഏറെ ചേര്‍ന്നുനില്‍ക്കുന്നവയാണ്. ഈ മാറ്റങ്ങളെയെല്ലാം മനസ്സിലാക്കിയും ഉള്‍ക്കൊണ്ടും, ഇസ്‌ലാമിക അടിത്തറയില്‍ നിന്നുകൊണ്ട്  ലോകത്തിന്റെ യഥാര്‍ഥ പുരോഗതി എങ്ങനെയാണ് സാധ്യമാവുക എന്ന് കാണിച്ചുകൊടുക്കാന്‍ കരുത്തും കാര്യശേഷിയും പ്രാപ്തിയുമുള്ള സ്ത്രീ-പുരുഷ യുവജനങ്ങളെ  നമുക്ക് ആവശ്യമുണ്ടെന്നാണ് പറഞ്ഞുവന്നതിന്റെ സംഗ്രഹം. 

വിവ: റഫീഖുര്‍റഹ്മാന്‍ മൂഴിക്കല്‍
 

Comments