Prabodhanm Weekly

Pages

Search

2021 ജൂണ്‍ 18

3206

1442 ദുല്‍ഖഅദ്‌ 07

പ്രതീക്ഷ നല്‍കുന്ന കോടതി വിധികള്‍

സുപ്രീം കോടതി ഈയിടെ നടത്തിയ ചില ഇടപെടലുകള്‍ പൊതുജനങ്ങള്‍ക്ക് പരമോന്നത നീതിപീഠത്തെക്കുറിച്ച മതിപ്പ് വര്‍ധിക്കാന്‍ ഇടയാക്കിയിട്ടുണ്ട്. വാക്സിനേഷന്‍ സംബന്ധിച്ച ഒരു വാദം കേള്‍ക്കുന്നതിനിടെ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച പുതിയ വാക്സിന്‍ നയത്തെക്കുറിച്ച് നിരവധി ചോദ്യങ്ങള്‍ കോടതി ഉന്നയിക്കുകയുണ്ടായി. ആ നയത്തെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. ഡി.വൈ ചന്ദ്രചൂഢ്, എല്‍. നാഗേശ്വര റാവു, എസ്. രവീന്ദ്ര ഭട്ട് എന്നിവരുള്‍പ്പെടുന്ന സുപ്രീം കോടതി ബെഞ്ചാണ് കേന്ദ്ര സര്‍ക്കാറിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയത്. 'സ്വതന്ത്ര വാക്സിന്‍ നയ'ത്തിന്റെ മറവില്‍ സംഭവിക്കുന്ന അന്യായത്തെ അവര്‍ തുറന്നുകാട്ടി. രണ്ടു കാര്യങ്ങള്‍ അവര്‍ പ്രത്യേകം എടുത്തു പറഞ്ഞു. വാക്സിന്‍ വിലയിലെ പൊരുത്തക്കേടാണ് അതിലൊന്ന്. വാക്സിന്‍ നിര്‍മാതാക്കളില്‍നിന്ന് അത് നേരിട്ട് വാങ്ങിക്കൊള്ളാനാണ് കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നത്;അതും നിര്‍മാതാക്കള്‍ നിശ്ചയിക്കുന്ന വിലയ്ക്ക്. അപ്പോള്‍ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ വില നല്‍കേണ്ടിവരുമെന്ന് ഉറപ്പ്. ഇത്തരമൊരു അടിയന്തര ഘട്ടത്തില്‍ ഒരേ വാക്സിന് പല തരം വിലകള്‍ നല്‍കേണ്ടിവരുന്നത് അംഗീകരിക്കാനാവില്ല. വില ഏകീകരിക്കണം. ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാനുള്ള ബാധ്യത കേന്ദ്ര സര്‍ക്കാറിനെന്ന പോലെ സംസ്ഥാന സര്‍ക്കാറുകള്‍ക്കുമുണ്ട്. പിന്നെ എന്തുകൊണ്ടാണ് വിലയിലെ ഈ വിവേചനം? 18 മുതല്‍ 44 വരെയുള്ള പ്രായക്കാരെ സൗജന്യ വാക്സിനേഷനില്‍നിന്ന് എന്തുകൊണ്ട് ഒഴിവാക്കി എന്നായിരുന്നു സുപ്രീം കോടതി ഉയര്‍ത്തിയ രണ്ടാമത്തെ പ്രധാന ചോദ്യം. ഇതിന് മുകളിലുള്ള പ്രായക്കാര്‍ക്കാണ് സൗജന്യ വാക്സിന്‍ അനുവദിച്ചിരുന്നത്. കോവിഡിന്റെ രണ്ടാം തരംഗത്തില്‍ 18-44 പ്രായ ഗ്രൂപ്പുകാര്‍ വലിയ തോതില്‍ വൈറസ് ബാധിതരായതും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. സുപ്രീം കോടതി നിരീക്ഷണങ്ങള്‍ക്കൊപ്പമാണ് ജനമനസ്സും എന്ന് വന്നതോടെ കേന്ദ്രം നിലപാട് തിരുത്തി. സംസ്ഥാനങ്ങള്‍ക്ക് വാക്സിന്‍ എത്തിച്ചു കൊടുക്കാമെന്ന് കേന്ദ്രം ഏറ്റു; 18-44 പ്രായ ഗ്രൂപ്പുകാര്‍ക്ക് സൗജന്യ വാക്സിന്‍ നല്‍കാമെന്നും. നേരത്തേ ഇതേ ന്യായങ്ങള്‍ തന്നെ സംസ്ഥാന സര്‍ക്കാറുകളും സാമൂഹിക പ്രവര്‍ത്തകരും നിരന്തരം പറഞ്ഞു കൊണ്ടിരുന്നിട്ടും കേന്ദ്രം അത് കേട്ടതായി പോലും നടിച്ചിരുന്നില്ല എന്നോര്‍ക്കണം. ഭരണകൂടം ജനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ കവര്‍ന്നെടുക്കുമ്പോഴെല്ലാം സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന ലോകരാജ്യങ്ങളിലെ എല്ലാ കോടതികളും ഭരണ നയങ്ങളെ തിരുത്താന്‍ മുന്നോട്ട് വരാറുണ്ടെന്നും നിശ്ശബ്ദ കാഴ്ചക്കാരായി നില്‍ക്കാന്‍ കോടതികള്‍ക്ക് സാധ്യമല്ലെന്നും ജഡ്ജിമാര്‍ ചൂണ്ടിക്കാട്ടി.
മറ്റൊരു ഹരജിയില്‍ തീര്‍പ്പുകല്‍പ്പിക്കെ ആന്ധ്രപ്രദേശ് ഗവണ്‍മെന്റിനോട് രണ്ട് ടി.വി ചാനലുകള്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കരുതെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. കനുമുരി രഘുരാമകൃഷ്ണയുടെ പ്രസംഗം  റിപ്പോര്‍ട്ട് ചെയ്ത ടി.വി 5, എ.ബി.എന്‍ ആന്ധ്ര ജ്യോതി എന്നീ രണ്ട് തെലുങ്ക് ചാനലുകള്‍ക്കെതിരെ പോലീസ് രാജ്യദ്രോഹ കുറ്റത്തിന് എഫ്.ഐ.ആര്‍ തയാറാക്കിയത് കോടതി റദ്ദാക്കുകയും ചെയ്തു. എഫ്.ഐ.ആറിനെതിരെ ഈ രണ്ട് ചാനലുകളും കോടതിയെ സമീപിക്കുകയായിരുന്നു. പത്രസ്വാതന്ത്ര്യത്തിനു വേണ്ടി നിലകൊണ്ട കോടതി, ഗവണ്‍മെന്റിനെ വിമര്‍ശിക്കുന്നത് എങ്ങനെ രാജ്യദ്രോഹമാകുമെന്നും ചോദിച്ചു. ഹിമാചല്‍ പ്രദേശ് ഗവണ്‍മെന്റ് പ്രമുഖ പത്രപ്രവര്‍ത്തകന്‍ വിനോദ് ദുവെക്കെതിരെ കേസെടുക്കാന്‍ തുനിഞ്ഞപ്പോഴും അത് തള്ളി പത്രപ്രവര്‍ത്തന സ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിക്കുകയായിരുന്നു പരമോന്നത കോടതി. ഭരണകൂടത്തെ നിശിതമായി വിമര്‍ശിച്ചു എന്നതിന്റെ പേരില്‍ മാത്രം ഒരു പത്രപ്രവര്‍ത്തകനെതിരെയും രാജ്യദ്രോഹത്തിന് കേസെടുക്കരുതെന്നും കോടതി ഓര്‍മിപ്പിച്ചു. അക്രമത്തിന് പ്രേരണ നല്‍കുകയോ വിവിധ ജനവിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷവും വെറുപ്പും ഇളക്കിവിടുകയോ ഒക്കെ ചെയ്താലേ ഒരാള്‍ക്കെതിരെ അത്തരം കേസുകളെടുക്കാന്‍ പാടുള്ളൂ.
സുപ്രീം കോടതിയുടെ ഈ ഇടപെടലുകളെല്ലാം തന്നെ ജനങ്ങള്‍ക്ക് വളരെയധികം പ്രതീക്ഷ നല്‍കുന്നുണ്ട്. അതേ സമയം രാജ്യത്തെ ന്യൂനപക്ഷങ്ങള്‍, പിന്നാക്ക വിഭാഗങ്ങള്‍, ഗോത്രവര്‍ഗക്കാര്‍, ദലിതുകള്‍, വിവിധ പ്രതിഷേധ പരിപാടികളില്‍ പങ്കെടുത്തവര്‍ തുടങ്ങിയവര്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയപ്പോള്‍ ഇതു പോലുള്ള ഇടപെടല്‍ കോടതിയുടെ ഭാഗത്തു നിന്നുണ്ടായോ എന്ന ചോദ്യം ബാക്കിയാവുന്നുണ്ട്. അത്തരം കുറ്റങ്ങള്‍ ചുമത്തപ്പെട്ട്, സാമാന്യ നീതി പോലും നിഷേധിക്കപ്പെട്ട് ഇപ്പോഴും തടവറകളില്‍ കഴിയുന്ന ആയിരങ്ങളുടെ കാര്യത്തിലും ഒരു ജുഡീഷ്യല്‍ ഇടപെടല്‍ അനിവാര്യമല്ലേ? കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കേന്ദ്ര സര്‍ക്കാറിന്റെ സാമ്പത്തിക നയങ്ങള്‍ സാമാന്യ ജനത്തിന്റെ ജീവിതം ദുരിതപൂര്‍ണമാക്കി കൊണ്ടിരിക്കുകയാണ്. ഇതിനെതിരെ പ്രതിഷേധിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമെതിരെ നിരന്തരം രാജ്യദ്രോഹ കുറ്റങ്ങള്‍ ചുമത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. നേരത്തേ പറഞ്ഞ കേസുകളില്‍ ശക്തമായി ഇടപെട്ടതു പോലെ ഇത്തരം കേസുകളിലും കോടതികള്‍ ഇടപെട്ടിരുന്നെങ്കില്‍ ഭരണകൂടങ്ങള്‍ക്ക് തങ്ങളുടെ ഒളിയജണ്ടകളുമായി ഇത്ര എളുപ്പത്തില്‍ മുന്നോട്ടു പോകാന്‍ കഴിയുമായിരുന്നില്ല. ഓരോ പൗരന്റെയും ഭരണഘടനാദത്തമായ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമായ നമ്മുടെ നീതിന്യായ സംവിധാനം അവസരത്തിനൊത്ത് ഉയരുമെങ്കില്‍ അതായിരിക്കും ഈ കൂരിരുട്ടില്‍ പൗരന്റെ ഏക പ്രതീക്ഷാകിരണം.

Comments