Prabodhanm Weekly

Pages

Search

2021 ജൂണ്‍ 11

3205

1442 ശവ്വാല്‍ 30

ഖിലാഫത്തുര്‍റാശിദയുടെ സ്ഥലകാലാതീത സാധ്യതകള്‍

അഹ്മദ് റൈസൂനി 

ഖിലാഫത്ത്, രാജാധിപത്യം എന്നിവ സംബന്ധിച്ച് ഹുദൈഫ(റ)യില്‍ നിന്ന് നിവേദനം ചെയ്യപ്പെട്ട ഹദീസിന്റെ പുനര്‍വായനയാണ് ഈ ലേഖനം. പ്രസ്തുത ഹദീസിനെ സംബന്ധിച്ച് പ്രചാരത്തിലുള്ള വ്യാഖ്യാനത്തെ പുനര്‍വായിക്കുന്ന ഈ ലേഖനം പുതിയൊരു വീക്ഷണം മുന്നോട്ടു വെക്കുകയും ചെയ്യുന്നു. മുസ്ലിം സമൂഹത്തിന്റെ ഭരണാധികാരികള്‍ കടന്നുപോകുന്ന രാഷ്ട്രീയ ചരിത്ര ഘട്ടങ്ങളാണ് ഇമാം അഹ്മദ് തന്റെ മുസ്‌നദില്‍ ഉദ്ധരിച്ച ഹദീസിന്റെ പ്രതിപാദ്യം. വേറെയും ഹദീസ് പണ്ഡിതര്‍ ഈ ഹദീസ് ഉദ്ധരിച്ചിട്ടുണ്ട്. ഇമാം അഹ്മദ് ഉദ്ധരിച്ചതു പ്രകാരം ആ ഹദീസ് ഇങ്ങനെയാണ്. നബി (സ) പറഞ്ഞു: 'അല്ലാഹു ഉദ്ദേശിക്കുന്ന കാലം നിങ്ങളില്‍ നുബുവ്വത്ത് നിലനില്‍ക്കും. അവനുദ്ദേശിക്കുമ്പോള്‍ അതിനെ ഉയര്‍ത്തുകയും ചെയ്യും. ശേഷം നുബുവ്വത്തിന്റെ സരണിയിലുള്ള ഖിലാഫത്ത് നിലവില്‍ വരും. അല്ലാഹു ഉദ്ദേശിക്കുന്ന കാലം അതും നിലനില്‍ക്കും. അവനുദ്ദേശിക്കുമ്പോള്‍ അതിനെയും ഉയര്‍ത്തും. ശേഷം അതിക്രമിയായ രാജാവ് വരികയും അല്ലാഹു ഉദ്ദേശിക്കുന്ന കാലം നിലനില്‍ക്കുകയും ചെയ്യും. താനുദ്ദേശിക്കുമ്പോള്‍ അല്ലാഹു അതിനെയും ഉയര്‍ത്തും. തുടര്‍ന്ന് ഏകാധിപതിയായ രാജാവ്  വരും. അല്ലാഹു ഉദ്ദേശിക്കുന്ന കാലം വരെ ആ ഭരണവും നിലനില്‍ക്കും. അല്ലാഹു ഉദ്ദേശിക്കുമ്പോള്‍ അതിനെയും ഉയര്‍ത്തും. പിന്നീട് നുബുവ്വത്തിന്റെ സരണിയിലുള്ള ഖിലാഫത്ത് നിലവില്‍ വരും (പിന്നെ പ്രവാചകന്‍ മൗനം പാലിച്ചു).'
ഈ ഹദീസുമായി ബന്ധപ്പെട്ട ഒരു സംഭവവും ഇമാം അഹ്മദ് ഉദ്ധരിക്കുന്നുണ്ട്. ഹുബൈബ് പറയുകയാണ്: 'ഉമറുബ്‌നു അബ്ദില്‍ അസീസ് ഖിലാഫത്ത് ഏറ്റെടുത്ത സന്ദര്‍ഭത്തില്‍ അദ്ദേഹത്തിന്റെ അനുചരരില്‍ പെട്ട യസീദുബ്‌നു നുഅ്മാനു ബ്‌നു ബശീറിന് ഈ ഹദീസ് ഓര്‍മപ്പെടുത്തിക്കൊണ്ട് ഞാനൊരു കത്തയച്ചു. അതിക്രമികളും ഏകാധിപതികളുമായ രാജാക്കന്മാര്‍ക്ക് ശേഷം വരുന്ന ആളായിരിക്കും പുതിയ അമീറുല്‍ മുഅ്മിനീന്‍ എന്ന എന്റെ പ്രത്യാശയായിരുന്നു ആ കത്തിലൂടെ ഞാന്‍ പ്രകടിപ്പിച്ചത്. നുഅ്മാന്‍ കത്ത് ഉമറുബ്‌നു അബ്ദില്‍ അസീസിന് കൈമാറി. കത്ത് അദ്ദേഹത്തിന് ഇഷ്ടപ്പെടുകയും അതില്‍ സന്തോഷിക്കുകയും ചെയ്തു.'
ഹദീസിന്റെ വ്യാഖ്യാനമാണ് ഇനി ചര്‍ച്ച ചെയ്യുന്നത്. പൊതുവെ അംഗീകരിക്കപ്പെടുന്ന  ഹദീസിന്റെ നിലവിലെ വ്യാഖ്യാനം ആദ്യം പുന:പരിശോധിക്കപ്പെടണം. പ്രചാരത്തിലുള്ള ആ വ്യാഖ്യാനപ്രകാരം ലോകാവസാനത്തില്‍ മാത്രമേ ഇനിയൊരു 'നുബുവ്വത്തിന്റെ സരണിയിലുള്ള ഖിലാഫത്ത്' സംഭവിക്കുകയുള്ളൂ. അഥവാ ലോകാവസാനം നുബുവ്വത്തിന്റെ സരണിയിലുള്ള ഖിലാഫത്ത് നിലവില്‍ വരുന്നതു വരെയുള്ള കാലം അതിക്രമികളും ഏകാധിപതികളും തന്നെയായിരിക്കും ഭരണം കൈയാളുക എന്ന് ചുരുക്കം. മുല്ല അല്‍ ഖാരി, അബ്ദുല്‍ ഹഖ് അദ്ദഹ്ലവി തുടങ്ങിയവര്‍ 'നുബുവ്വത്തിന്റെ സരണിയിലെ ഖിലാഫത്ത്' എന്നതിന് ഈസാ നബിയുടെയും മഹ്ദി ഇമാമിന്റെയും കാലം എന്നാണ് വിശദീകരണം നല്‍കിയിട്ടുള്ളത്. ലോകാവസാനത്തില്‍ 'നുബുവ്വത്തിന്റെ സരണിയിലെ ഖിലാഫത്ത്' സംഭവിക്കും എന്ന അര്‍ഥത്തിലാണ് സമകാലിക പണ്ഡിതനായ സഈദ് ഹവ്വയും ഈ ഹദീസിനെ മനസ്സിലാക്കുന്നത്. 
ഈ വിധം ഈ നബിവചനത്തെ മനസ്സിലാക്കിയാല്‍ രണ്ട് പ്രശ്‌നങ്ങളുണ്ട്:
ഒന്ന്, തെളിവുകളുടെ പിന്‍ബലമില്ലാത്തതും ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലുള്ളതുമാണ് ഈ വ്യാഖ്യാനം. ഹുദൈഫ (റ) നിവേദനം ചെയ്ത ഹദീസിന്റെ തന്നെ വ്യത്യസ്ത രിവായത്തുകളുമായും മറ്റ് ഹദീസുകളുമായും ചേര്‍ത്തുവെച്ച് വ്യാഖ്യാനത്തിന് ബലം നല്‍കാനുള്ള ചിലരുടെ ശ്രമങ്ങളും വിഫലമാണ്. അങ്ങനെ ചേര്‍ത്തുവെച്ച ഹദീസുകളില്‍ ചിലത് ദുര്‍ബലമാണ് എന്നതു തന്നെ കാരണം. മറ്റു ചിലത് ഹുദൈഫ നിവേദനം ചെയ്ത ഹദീസ് കൈകാര്യം ചെയ്യുന്ന 'വ്യത്യസ്ത ഭരണ കാലഘട്ടങ്ങളും ഭരണകര്‍ത്താക്കളും' എന്ന വിഷയവുമായി ബന്ധമില്ലാത്തവയും. ഹുദൈഫ നിവേദനം ചെയ്ത ഹദീസിന്റെ അവസാനത്തില്‍ 'നുബുവ്വത്തിന്റെ സരണിയിലെ ഖിലാഫത്ത് നിലവില്‍ വരും' എന്നു പറഞ്ഞ ശേഷം നബി (സ) മൗനം പാലിക്കുകയാണ് ചെയ്തത്. പിന്നീട് അന്ത്യനാള്‍ സംഭവിക്കുമെന്നോ ഈസാ നബി അവതരിക്കുമെന്നോ പ്രവാചകന്‍ പറഞ്ഞിട്ടില്ല. അന്ത്യനാളിന്റെ മറ്റ് അടയാളങ്ങളിലേക്കും റസൂല്‍ സൂചന നല്‍കിയിട്ടുമില്ല.
രണ്ട്, ഈ വ്യാഖ്യാനം നിരാശയുടെ പടുകുഴിയിലേക്കാണ് മുസ്ലിം സമൂഹത്തെ കൊണ്ടെത്തിച്ചത്. അന്ത്യനാളിലല്ലാതെ മറ്റൊരു ഖിലാഫത്തുര്‍റാശിദ സാധ്യമല്ലെന്ന തീര്‍പ്പിലേക്ക് അവര്‍ ചെന്നെത്തി. തല്‍ഫലമായി, ശരീഅത്ത് ആവശ്യപ്പെടുകയും നബി(സ)യും സച്ചരിതരായ ഖലീഫമാരും രൂപകല്‍പ്പന നടത്തുകയും  ചെയ്ത ഖിലാഫത്തുര്‍റാശിദയില്‍ നിന്ന് പണ്ഡിതന്മാരും നവജാഗരണ പ്രസ്ഥാനങ്ങളും അകലം പാലിച്ചു;  തങ്ങളുടെ രാഷ്ട്രീയ പരിഷ്‌കരണ ലക്ഷ്യങ്ങളും പ്രതീക്ഷകളും അവര്‍ വളരെ ചെറുതാക്കിക്കളയുകയും ചെയ്തു. സമൂഹത്തില്‍ പരക്കെ 'നിങ്ങളര്‍ഹിക്കുന്നത് നിങ്ങളെ ഭരിക്കും' എന്ന ചൊല്ല് പ്രചരിക്കപ്പെട്ടു. ഭരണകൂടത്തിന്റെ കൊള്ളരുതായ്മകളുടെ കാരണം പ്രജകള്‍ കൂടിയാണെന്ന ഇബ്‌നു തൈമിയ്യയുടെ വാക്കുകളും സമൂഹമധ്യത്തില്‍ ഒഴുകി നടന്നു. അന്ത്യനാളിലാണ് 'നുബുവ്വത്തിന്റെ സരണിയിലെ ഖിലാഫത്ത്' നിലവില്‍ വരുകയെന്നും അതിന്റെ സമയമായിട്ടില്ലെന്നുമുള്ള ധാരണയാണ് ഇതിനെല്ലാം ആധാരമായി വര്‍ത്തിച്ചത്.
അവലംബനീയവും കൂടുതല്‍ ശരിയുമായ മറ്റൊരു വ്യാഖ്യാനം കൂടി ഹദീസിനുണ്ട്. ഹുദൈഫ നിവേദനം ചെയ്ത ഹദീസില്‍ പ്രതിപാദിച്ച  'നുബുവ്വത്തിന്റെ സരണിയിലുള്ള ഖിലാഫത്ത്' സംഭവിക്കാന്‍ ലോകാവസാനം വരെ കാത്തിരിക്കേണ്ടതില്ലെന്നതാണ് ആ വ്യാഖ്യാനം. അത് വ്യത്യസ്ത ചരിത്ര ഘട്ടങ്ങളില്‍ സംഭവിക്കാനുള്ളതാണ്. ചില താബിഈ പണ്ഡിതര്‍ ഹദീസ് മനസ്സിലാക്കിയത് ഈ അര്‍ഥത്തിലായിരുന്നു. അതിക്രമിയായ രാജാവ്, എകാധിപതിയായ രാജാവ് എന്നീ ഘട്ടങ്ങള്‍ കഴിഞ്ഞ് നുബുവ്വത്തിന്റെ സരണിയിലുള്ള ഖിലാഫത്തിന്റെ തിരിച്ചുവരവിന് ഉമവീ കാലഘട്ടം തന്നെ സാക്ഷിയായിട്ടുണ്ടെന്ന് അവര്‍ വിലയിരുത്തി. ഹുബൈബിന്റെ കത്തിന്റെ അടിസ്ഥാനം ഈ വ്യാഖ്യാനമായിരുന്നു. ഉമറുബ്‌നു അബ്ദില്‍ അസീസ് ഇത് നിഷേധിച്ചിട്ടില്ല. എന്നല്ല, അദ്ദേഹത്തിന് വ്യാഖ്യാനം ഇഷ്ടപ്പെട്ടു എന്നും അതില്‍ സന്തോഷിച്ചുവെന്നുമാണ് ഇമാം അഹ്മദ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഉമറുബ്‌നു അബ്ദില്‍ അസീസ് ഖിലാഫത്തുര്‍റാശിദയിലുള്‍പ്പെട്ട ആളാണെന്നാണ് ഭൂരിപക്ഷം പണ്ഡിതരുടെയും അഭിപ്രായം. അദ്ദേഹത്തെ അഞ്ചാം ഖലീഫയായി നിരവധി പണ്ഡിതര്‍ എണ്ണിയിട്ടുണ്ടെന്ന് ഇബ്‌നു റജബ് പറയുന്നു. ഉമറുബ്‌നു അബ്ദില്‍ അസീസിനെ അത്തരമൊരു ഖലീഫയായി അംഗീകരിക്കുക വഴി ഹദീസിന്റെ മേല്‍പ്പറഞ്ഞ വ്യാഖ്യാനത്തിനു കൂടിയാണ് പണ്ഡിതന്മാര്‍ പിന്‍ബലം നല്‍കുന്നത്. അഥവാ ഹദീസില്‍ പറഞ്ഞ ഭരണ ഘട്ടങ്ങളുടെ ഒരാവൃത്തി ഉമറുബ്‌നു അബ്ദില്‍ അസീസ് ഭരണമേറ്റെടുത്തതോടെ പൂര്‍ത്തിയായിരിക്കുന്നു. പൊതുവെ അംഗീകരിക്കപ്പെട്ട വ്യാഖ്യാനത്തിനു വിരുദ്ധമായി, ഇതു പ്രകാരം 'നുബുവ്വത്തിന്റെ സരണിയിലുള്ള ഖിലാഫത്ത്' നിലവില്‍ വരാന്‍ ലോകാവസാനത്തെയോ 'പ്രതീക്ഷിക്കപ്പെടുന്ന മഹ്ദി'യെയോ കാത്തിരിക്കേണ്ടി വന്നില്ല, ഹിജ്‌റ രണ്ടാം നൂറ്റാണ്ടിലേക്കു  കൂടി കടക്കേണ്ടി വന്നില്ല! 

ഖുലഫാഉര്‍റാശിദീന്റെ പൊരുള്‍
ഇര്‍ബാളു ബ്‌നു സാരിയയില്‍ നിന്ന് നിവേദനം ചെയ്ത ഒരു ഹദീസില്‍ നിന്നാണ് 'ഖുലഫാഉര്‍റാശിദൂന്‍' എന്ന സാങ്കേതിക സംജ്ഞ ഉരുത്തിരിഞ്ഞു വന്നത്. 'നിങ്ങള്‍ എന്റെയും സച്ചരിതരും (റാശിദൂന്‍) നേര്‍മാര്‍ഗികളുമായ (മഹ്ദിയ്യൂന്‍) ഖലീഫമാരുടെയും ചര്യ മുറുകെ പിടിക്കുക' എന്നതാണ് ആ നബിവചനം. ഒരു ഖലീഫ സച്ചരിതനാവുക അയാളുടെ ഗുണങ്ങളിലൂടെയും പ്രവൃത്തികളിലൂടെയുമാണ്. ഒരു പ്രത്യേക കാലത്ത് ജീവിച്ചതു കൊണ്ടു മാത്രം ഒരു ഖലീഫയും സച്ചരിതനാവുകയില്ല. 
സച്ചരിതരായ (റാശിദൂന്‍) ഖലീഫമാരുടെ ശ്രേഷ്ഠതയില്‍ ഏറ്റക്കുറച്ചിലുകളുണ്ട്. ഒരോരുത്തരുടെയും സച്ചരിതത്തിന്റെ (റശാദ്) അളവനുസരിച്ചാണ് ഈ ഏറ്റക്കുറച്ചില്‍. ഇസ്ലാമിലെ ആദ്യ നാല് ഖലീഫമാരെ ഒരുമിച്ച് ഉത്തമ മാതൃകയായി കണക്കാക്കുന്നുണ്ടെങ്കിലും അവര്‍ക്കിടയിലും ശ്രേഷ്ഠതയില്‍ ഏറ്റക്കുറച്ചിലുകളുണ്ട്. സ്വഹാബികള്‍ക്കിടയിലും നബിമാര്‍ക്കിടയില്‍ പോലും ശ്രേഷ്ഠതയുടെ കാര്യത്തില്‍ വ്യത്യാസമുണ്ടല്ലോ. പ്രവാചകനെ ഒരു നോക്ക് കണ്ടവരും, ഒരു ദിവസം അല്ലെങ്കില്‍ പല ദിവസങ്ങളില്‍ കൂടെ കഴിഞ്ഞവരും, വര്‍ഷങ്ങളോളം പ്രവാചകനൊപ്പം സഹവസിച്ചവരും സ്വഹാബികളുടെ കൂട്ടത്തിലുണ്ട്. പ്രവാചകനൊപ്പം സഹവസിച്ചതിന്റെ കാലദൈര്‍ഘ്യത്തിനനുസൃതമായ മെച്ചം സ്വഹാബികളിലുണ്ടാവുമെന്ന് ഇമാം മാലിക്കും അഹ്മദും അഭിപ്രായപ്പെട്ടിരിക്കുന്നു. ചില പ്രവാചകന്മാര്‍ മറ്റു ചിലരേക്കാള്‍ ശ്രേഷ്ഠതയുള്ളവരാണെന്നു പറഞ്ഞത് സാക്ഷാല്‍ ഖുര്‍ആന്‍ തന്നെയുമാണ്. ശ്രേഷ്ഠതയിലുള്ള വ്യത്യാസത്തെ ദ്യോതിപ്പിക്കാനാണ് സ്വഹാബികളുടെയും പ്രവാചകന്മാരുടെയും കാര്യം വിശദീകരിച്ചത്. തീര്‍ച്ചയായും ഖലീഫ ഉമറുബ്‌നു അബ്ദില്‍ അസീസിന് സച്ചരിതരായ ആദ്യ നാല് ഖലീഫമാരോളം ശ്രേഷ്ഠത ഉണ്ടാവുകയില്ല. അപ്പോഴും അദ്ദേഹം സച്ചരിതനായ (റാശിദ്) ഖലീഫ തന്നെയാണ്. 
ചരിത്രത്തില്‍ ഒരുപാട് സച്ചരിതരായ ഖലീഫമാരെ കാണാന്‍ സാധിക്കും. ഒരുപക്ഷേ മറ്റെന്തെങ്കിലും പേരുകളിലായിരിക്കും അവര്‍ അറിയപ്പെട്ടിട്ടുണ്ടാവുക. എന്നാല്‍ പ്രവാചകന്റെയും ആദ്യ നാല് ഖലീഫമാരുടെയും ചര്യ പിന്‍പറ്റുകയും അതനുസരിച്ച് ഭരിക്കുകയും ചെയ്ത എല്ലാവരും സച്ചരിതരായ (റാശിദൂന്‍) ഖലീഫമാരാകുന്നു. നുബുവ്വത്തിന്റെ സരണി പിന്‍പറ്റുന്നതില്‍ ചിലപ്പോഴൊക്കെ അവരല്‍പ്പം കുറവ് വരുത്തിയിട്ടുണ്ടാവാം. ആദ്യ നാല് ഖലീഫമാരുടെ, അല്ലെങ്കില്‍ ഉമറുബ്‌നു അബ്ദില്‍ അസീസിന്റെ എല്ലാ ഗുണഗണങ്ങളും അവര്‍ക്കുണ്ടാവണമെന്നില്ല; അപ്പോഴുമവര്‍ സച്ചരിതരായ ഖലീഫമാര്‍ തന്നെയാകുന്നു. 'ഒരു കാര്യത്തിന്റെ വിധി തന്നെയാണ് അതിനോടടുത്ത് നില്‍ക്കുന്നതിന്റെയും വിധി' എന്നാണല്ലോ പൊതു തത്ത്വം. ഈ വീക്ഷണം സ്വീകരിച്ചുകൊണ്ട് നാം നമ്മുടെ ചരിത്രത്തിലേക്ക് നോക്കിയാല്‍ സച്ചരിതരായ ഖലീഫമാര്‍ കേവലം നാലു പേരല്ല, നാല്‍പ്പതിലധികമാണെന്ന് കാണാനാവും. മുസ്ലിം ചരിത്രത്തിലെ ഭരണാധികാരികളെല്ലാം അതിക്രമികളോ ഏകാധിപതികളോ ആയിരുന്നില്ലെന്നും, മറിച്ച് ഹദീസില്‍ പറഞ്ഞതു പോലെ സച്ചരിതരും അതിക്രമികളും ഏകാധിപതികളും മാറിമാറി വന്നിരുന്നുവെന്നും നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും.  

   (ആഗോള മുസ്‌ലിം പണ്ഡിതസഭയുടെ അധ്യക്ഷനാണ് ലേഖകന്‍. വിവ: ഇര്‍ശാദ് പേരാമ്പ്ര).
 

Comments

ഖുര്‍ആന്‍ ബോധനം

സൂറ-38 / സ്വാദ്‌ (24-26)
ടി.കെ ഉബൈദ്‌

ഹദീസ്‌

സ്വര്‍ഗപ്രവേശവും സാമൂഹിക ദൗത്യങ്ങളും
അബ്ദുര്‍റശീദ് നദ്‌വി