Prabodhanm Weekly

Pages

Search

2021 ജൂണ്‍ 11

3205

1442 ശവ്വാല്‍ 30

ലക്ഷദ്വീപ് കേന്ദ്രസര്‍ക്കാര്‍ അജണ്ടകളുടെ രാഷ്ട്രീയം

സി. അഹമ്മദ് ഫായിസ് 

കടലും കരയും കനിഞ്ഞു നല്‍കുന്ന ജീവിതവിഭവങ്ങളെ ആശ്രയിച്ച് മനുഷ്യന്നും പ്രകൃതിക്കും ദോഷമൊന്നും വരുത്താതെ കഴിഞ്ഞുപോകുന്ന മുക്കാല്‍ ലക്ഷത്തില്‍ താഴെമാത്രം എണ്ണം വരുന്ന ലക്ഷദ്വീപ് ജനതയെ സാമൂഹികമായും സാമ്പത്തികമായും തകര്‍ത്ത് ഇല്ലാതാക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയാണ് നരേന്ദ്ര മോദി നേതൃത്വം നല്‍കുന്ന കേന്ദ്ര ഭരണകൂടം എന്നാണ് കഴിഞ്ഞ കുറച്ചു മാസങ്ങളായി ലക്ഷദ്വീപില്‍നിന്ന് കേട്ടുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. ദ്വീപിലെ അഡ്മിനിസ്‌ട്രേറ്റര്‍ പദവിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ വിശ്വസ്തനായ പ്രഫുല്‍ ഖോദ പട്ടേലിനെ നിയോഗിച്ച 2020 ഡിസംബര്‍ മുതലാണ് അന്നാട്ടിലെ ജീവിതം താളംതെറ്റിത്തുടങ്ങിയത്. ചുമതല ഏറ്റെടുത്തതിനു പിന്നാലെ വിവാദം നിറഞ്ഞ പല നിയമങ്ങളും നീക്കങ്ങളും പ്രഫുല്‍ പട്ടേല്‍ നടത്തി. അതോടെ ലക്ഷദ്വീപിനെ മറ്റൊരു കശ്മീരാക്കാന്‍ വിട്ടുകൊടുക്കരുതെന്ന മുറവിളികള്‍ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു. ദേശീയ, അന്തര്‍ദേശീയ തലങ്ങളിലേക്കു വരെ പ്രതിഷേധങ്ങള്‍ വ്യാപിച്ചിരിക്കുകയാണിപ്പോള്‍. രാജ്യത്തെ മതേതര സമൂഹം വിവിധ മാധ്യമങ്ങള്‍ ഉപയോഗപ്പെടുത്തി ശക്തമായ പ്രതിഷേധ പരിപാടികളും സംഘടിപ്പിച്ചുകൊണ്ടിരിക്കുന്നു. ദാമന്‍-ദിയുവിന്റെയും ദാദ്രാ നഗര്‍ ഹവേലിയുടെയും അഡ്മിനിസ്‌ട്രേറ്റര്‍ ചുമതല വഹിക്കവെ ആദിമനിവാസികളെയും മത്സ്യത്തൊഴിലാളി സമൂഹത്തെയും തൊഴില്‍-താമസ ഇടങ്ങളില്‍നിന്ന് ആട്ടിപ്പായിച്ചും അവകാശങ്ങള്‍ ഹനിച്ചും കാണിച്ച 'പ്രവര്‍ത്തന മികവ്' തന്നെയാവും വിദ്വേഷ അജണ്ട നടപ്പാക്കിയെടുക്കുന്നതിന് കാര്‍മികത്വം വഹിക്കാനായി പ്രഫുലിനെ ലക്ഷദ്വീപിലേക്ക് അയക്കാന്‍ കേന്ദ്രത്തെ പ്രേരിപ്പിച്ചിട്ടുണ്ടാവുക.
നിയമപരമായി പരിശോധിച്ചാല്‍ ലക്ഷദ്വീപ് നിവാസികള്‍ ഷെഡ്യൂള്‍ഡ് ട്രൈബ് (പട്ടികവര്‍ഗം) വിഭാഗത്തില്‍ പെടുന്നവരാണെന്നു കാണാം. ഭരണഘടനാ നിര്‍വചനപ്രകാരം പ്രാചീന ആചാരം പുലര്‍ത്തന്നവര്‍, ഭൂമിശാസ്ത്രപരമായി ഒറ്റപ്പെട്ടവര്‍, വ്യതിരിക്ത സംസ്‌കാരമുള്ളവര്‍, ജനങ്ങളുമായി ഇഴുകിച്ചേരാന്‍ മുന്നോട്ടുവരാത്തവര്‍ തുടങ്ങിയവരെയാണ് പട്ടികവര്‍ഗ ഗണത്തില്‍പെടുത്തുന്നത്. ഭൂമിശാസ്ത്രപരമായി ഒറ്റപ്പെട്ടവര്‍ എന്ന നിലയില്‍  1956-ലെ Scheduled  Castes and  Scheduled  Tribes  Lists (Modification)  Order     പ്രകാരം  ലക്ഷദ്വീപ് നിവാസികള്‍ പ്രേത്യേക പരിരക്ഷ ആവശ്യമുള്ള സമൂഹമായി നിയമപരമായി അടയാളപ്പെടുത്തപ്പെട്ടു. ഇതിന്‍ പ്രകാരം ഷെഡ്യൂള്‍ഡ് ട്രൈബ് വിഭാഗത്തില്‍ പെടുന്നവര്‍ക്കുള്ള സംവരണവും ലക്ഷദ്വീപ് നിവാസികള്‍ക്ക് നല്‍കപ്പെടുന്നുണ്ട്.
രാഷ്ട്രീയ ചരിത്രം നോക്കിയാല്‍ ദ്വീപുകാര്‍ ബ്രിട്ടീഷ് ഇന്ത്യയില്‍  മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായത് 1912-ല്‍ ദ്വീപ് റെഗുലേഷന്‍ ആക്ട് നിലവില്‍ വന്നതോടെയാണ്.  1947-ല്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോഴും മദ്രാസിനു കീഴില്‍ തുടര്‍ന്നു. 1950-ല്‍ ആന്ത്രോത്തുകാരനായ എസ്.വി സെയ്തുകോയ തങ്ങളെ മദ്രാസ് ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് നോമിനേറ്റ് ചെയ്തു. 1956-ലാണ് ദ്വീപ്സമൂഹം കേന്ദ്രഭരണ പ്രദേശമായി മാറിയത്. 1967-ല്‍ പി.എം സഈദ് ദ്വീപിലെ ആദ്യത്തെ തെരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്റ് അംഗമായി. ലക്ഷദ്വീപില്‍ 1967-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ പി.എം സഈദ് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു. 1971-ല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. 10 തവണ അദ്ദേഹം പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അദ്ദേഹം ലോക്സഭാ ഡപ്യൂട്ടി സ്പീക്കറായി, കാബിനറ്റ് മന്ത്രിയായി. ലക്ഷദ്വീപിന്റെ വസന്തകാലമായിരുന്നു അത്.
കോവിഡ് മഹാമാരി ഇപ്പോള്‍ ദ്വീപിലും അതിരൂക്ഷമായിരിക്കുന്നു. എന്നാല്‍, ദ്വീപ് ജനത ഇപ്പോള്‍ നേരിടുന്ന കടുത്ത ഭീഷണി കോവിഡ് മരണങ്ങളല്ല, അതിനേക്കാള്‍ ഭീകരമാംവിധം ജീവിതം ദുസ്സഹമാക്കാന്‍ ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ തിടുക്കപ്പെട്ട് നടപ്പാക്കിവരുന്ന മാരണനിയമങ്ങളാണ്. ദ്വീപിന്റെ  സാമൂഹിക-സാംസ്‌കാരിക ജീവിതരീതികളെ അട്ടിമറിക്കുന്ന ഈ നിയമങ്ങള്‍ക്കും നടപടിക്രമങ്ങള്‍ക്കും തികഞ്ഞ അധിനിവേശ സ്വഭാവമാണുള്ളത്. കുറ്റകൃത്യങ്ങളോ പെറ്റി കേസുകള്‍ പോലുമോ ഇല്ലാത്ത ദ്വീപില്‍ ഗുണ്ടാ നിയമം നടപ്പാക്കാന്‍ ശ്രമം തുടങ്ങി. തീരസംരക്ഷണ നിയമത്തിന്റെ  മറപറ്റി മത്സ്യത്തൊഴിലാളികളുടെ ഷെഡുകള്‍ ഇടിച്ചുനിരത്തി. ബേപ്പൂര്‍ തുറമുഖവുമായി ബന്ധങ്ങള്‍ ഒഴിവാക്കി ചരക്കുനീക്കം മംഗലാപുരം വഴിയാക്കണമെന്ന് നിബന്ധന മുന്നോട്ടുവെച്ചിരിക്കുന്നു. ഏറ്റവും ഒടുവില്‍ കവരത്തിയിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള വടക്കേ പള്ളി എന്ന് അറിയപ്പെട്ടിരുന്ന മസ്ജിദ് പൊളിക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിരിക്കുകയാണെന്ന വാര്‍ത്തയും പുറത്തു വന്നിട്ടുണ്ട്.
മാത്രമല്ല, ജനാധിപത്യ രീതിയില്‍ നിലവിലുണ്ടായിരുന്ന ജില്ലാ പഞ്ചായത്തിന്റെ അധികാരങ്ങള്‍ എടുത്തുകളഞ്ഞ് ദ്വീപിനെ അഡ്മിനിസ്‌ട്രേറ്ററുടെ കാല്‍ചുവട്ടിലാക്കിയ ശേഷം ഭരണനിര്‍വഹണ സംവിധാനങ്ങളില്‍നിന്ന് തദ്ദേശീയരെ പൂര്‍ണമായും ഒഴിവാക്കിവരുകയാണിപ്പോള്‍. സര്‍ക്കാര്‍ സര്‍വീസില്‍ ജോലിചെയ്തിരുന്ന ദ്വീപുനിവാസികളെ പിരിച്ചുവിട്ടുകൊണ്ടിരിക്കുന്നു. വിനോദസഞ്ചാര വികസനം നിര്‍വഹിച്ചുവരുന്ന സൊസൈറ്റി ഫോര്‍ പ്രമോഷന്‍ ഓഫ് നേച്വര്‍ ടൂറിസം ആന്‍ഡ് സ്‌പോര്‍ട്‌സിനെ ഒഴിവാക്കി ലക്ഷദ്വീപിന് അനുഗുണമല്ലാത്ത, കുത്തക കമ്പനികളുടെ നിയന്ത്രണത്തിലെ വമ്പന്‍ ടൂറിസം പദ്ധതികള്‍ അണിയറയില്‍ ഒരുങ്ങുന്നു. ദ്വീപിലെ തദ്ദേശീയ പാലുല്‍പാദനം തടഞ്ഞ് ഡയറി ഫാമുകള്‍ അടച്ചുപൂട്ടി കന്നുകാലികളെ ലേലം ചെയ്യാനും ഉത്തരവിട്ടിരിക്കുന്നു. ബീഫ് നിരോധനം നടപ്പാക്കുകയും സ്‌കൂളുകളിലെ ഉച്ചഭക്ഷണ മെനുവില്‍നിന്ന് മാംസാഹാരം ഒഴിവാക്കുകയും ചെയ്തു. മദ്യമുക്തമേഖലയായിരുന്ന ദ്വീപില്‍ ടൂറിസം വികസനത്തിനെന്ന പേരില്‍ മദ്യശാലകള്‍ക്ക് അനുമതി നല്‍കിയിരിക്കുന്നു. രണ്ടു മക്കളില്‍ കൂടുതലുള്ളവര്‍ക്ക്  പഞ്ചായത്തിലേക്ക് മത്സരിക്കുന്നതിനു വിലക്കേര്‍പ്പെടുത്തി. ഇങ്ങനെ ഒട്ടേറെ വിവാദ നടപടികളാണ് പട്ടേലിനെതിരെയുള്ള പ്രധാന ആരോപണങ്ങള്‍. ജനസംഖ്യയുടെ ഭൂരിഭാഗവും മുസ്ലിംകള്‍ ആണെന്നതു കൂടിയാണ് പ്രതികാരബുദ്ധിയോടെ നടപ്പാക്കുന്ന ഓരോ നിയമത്തിന്റെയും കാതല്‍.
എന്നാല്‍ പ്രഫുല്‍ ഖോദ പട്ടേലിനെ തിരിച്ചുവിളിക്കണമെന്നാവശ്യപ്പെട്ട് കേരളത്തില്‍നിന്നുള്ള പാര്‍ലമെന്റംഗങ്ങള്‍ രാഷ്ട്രപതിയെ സമീപിക്കുകയും ദ്വീപ് ജനതയുടെ സ്‌നേഹവും സൗമ്യതയും നേരിട്ടനുഭവിച്ചിട്ടുള്ള കലാ-കായിക പ്രതിഭകളും ഐക്യദാര്‍ഢ്യമറിയിച്ച് മുന്നോട്ടുവരികയും ചെയ്തിട്ടുണ്ട്. ഏറ്റവുമൊടുവില്‍ കേരള നിയമസഭ ലക്ഷദ്വീപില്‍ നടപ്പാക്കി കൊണ്ടിരിക്കുന്ന നിയമങ്ങള്‍ക്കും കേന്ദ്ര നടപടികള്‍ക്കും എതിരെ പ്രമേയം പാസാക്കുകയും ചെയ്തിട്ടുണ്ട് .
പക്ഷേ ആര് എങ്ങനെയൊക്കെ പ്രതിഷേധിച്ചാലും എതിര്‍ത്താലും അഡ്മിനിസ്ട്രേറ്ററെ പിന്‍വലിക്കില്ലെന്നും ഇത്തരം നിയമങ്ങളുമായി മുന്നോട്ടുതന്നെ പോകുമെന്നുമുള്ള ധാര്‍ഷ്ട്യം  നിറഞ്ഞ പ്രസ്താവനയാണ് ഈ വരികളെഴുതുമ്പോള്‍ ഇന്ദ്രപ്രസ്ഥത്തില്‍ നിന്നു പുറത്തുവന്നിട്ടുള്ളത്.
ഭരണഘടനയുടെ 239-ാം ആര്‍ട്ടിക്ക്ള്‍ അനുസരിച്ച് ഇന്ത്യന്‍ പ്രസിഡന്റിന്റെ അംഗീകാരത്തോടെയാണ് കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിലേക്ക് അഡ്മിനിസ്‌ട്രേറ്റര്‍മാരെ നിയോഗിക്കുന്നത്. സമാധാനവും പുരോഗതിയും ക്ഷേമഭരണവും കൊണ്ടുവരുന്നതിന് റെഗുലേഷന്‍സ് നടപ്പിലാക്കാന്‍ ഭരണാധികാരികള്‍ക്ക് ഭരണഘടന അനുമതി നല്‍കുന്നുണ്ട്. ഇന്നാടിന്റെ സംസ്‌കാരവും ചരിത്രവും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും സംരക്ഷിക്കുന്ന തരത്തില്‍ നിലവിലുള്ള ലക്ഷദ്വീപ് ലാന്റ് ടെനന്‍സി റെഗുലേഷന്‍, ലക്ഷദ്വീപ് എന്‍ട്രി പ്രൊഹിബിഷന്‍ റെഗുലേഷന്‍ തുടങ്ങിയ സുപ്രധാന നിബന്ധനകളെല്ലാം പൊളിച്ചെഴുതും വിധത്തില്‍ പുതിയ നാലു റെഗുലേഷനുകള്‍ നടപ്പിലാക്കാനാണ് പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ മുഖേന കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്.
ഒരുവിധ നിബന്ധനകളും നടപടിക്രമങ്ങളും പാലിക്കാതെ ലക്ഷദ്വീപ് നിവാസികളുടെ കൈയില്‍നിന്ന് ഭൂമി ഏകപക്ഷീയമായി പിടിച്ചെടുക്കാന്‍ ഭരണാധികാരികള്‍ക്ക് അവകാശം നല്‍കുംവിധത്തിലുള്ള വകുപ്പുകള്‍ കൂട്ടിച്ചേര്‍ത്ത് തയാറാക്കിയ ലക്ഷദ്വീപ് ഡെവലപ്‌മെന്റ് അതോറിറ്റി റെഗുലേഷനാണ് (ഘഉഅഞ 2021)  അവയില്‍ പ്രധാനം. ദ്വീപ് നിവാസികളുടെ നിലനില്‍പ്പിന് ഗുരുതര പ്രത്യാഘാതങ്ങളുള്ള ഒരു നിയമം മാതൃഭാഷയില്‍ വായിക്കാന്‍ ലഭ്യമാക്കാന്‍ പോലും അഡ്മിനിസ്‌ട്രേഷന്‍ തയാറായിട്ടില്ല എന്നും ദ്വീപ് നിവാസികളില്‍ നിന്ന് വിമര്‍ശനം ഉയരുന്നുണ്ട്. 
ഘഉഅഞ ജനദ്രോഹപരവും ജനാധിപത്യവിരുദ്ധവും ഭരണഘടനാവിരുദ്ധവും മനുഷ്യവിരുദ്ധവുമാവുന്നതെങ്ങനെയാണെന്ന് നോക്കാം.
1. കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപില്‍ നിലവിലെ ഭൂമി ഉടമസ്ഥതക്കും അതിന്റെ ഉപയോഗത്തിനും ഗുരുതരമായ ആഘാതമേല്‍പ്പിക്കാന്‍ ഈ റെഗുലേഷന് സാധിക്കും.  ദ്വീപ് നിവാസികളുടെ ജീവിതത്തെയും ഉപജീവനത്തെയും തന്നെ തകര്‍ക്കാന്‍ അതിന് ശേഷിയുണ്ട്.
2 അനിയന്ത്രിതമായ അധികാരമാണ് ഇത് സര്‍ക്കാറിനു നല്‍കുന്നത്. അഡ്മിനിസ്‌ട്രേറ്റര്‍ക്ക് ഉചിതമായി തോന്നുന്നത് എന്തും ചെയ്യാം! ഭൂമി തരംമാറ്റാനും കെട്ടിടങ്ങള്‍ പൊളിക്കാനും ആളുകളെ ഒഴിപ്പിക്കാനും മാറ്റിപ്പാര്‍പ്പിക്കാനും അനുസരിക്കാത്തവര്‍ക്ക് ഭീമമായ തുക പിഴയിടാനും നിയമം അനുമതി നല്‍കുന്നു. സ്വന്തം ഭൂസ്വത്ത് കൈവശം വെക്കാനും ആസ്വദിക്കാനും നിലനിര്‍ത്താനുമുള്ള ദ്വീപുനിവാസിയുടെ അവകാശത്തിനു മീതെ ഈ റെഗുലേഷന്‍ കൈകടത്തുന്നു .
ഈ ചട്ടങ്ങള്‍ പ്രകാരം സര്‍ക്കാരിന് ഏതു പ്രദേശം വേണമെങ്കിലും യാതൊരു നിയന്ത്രണവുമില്ലാതെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി തെരഞ്ഞെടുക്കാം. അങ്ങനെ പ്രഖ്യാപിക്കപ്പെട്ട ഏതു ഭൂമിയും പിന്നീട് സര്‍ക്കാറിന്റെ താല്‍പ്പര്യങ്ങള്‍ക്ക് മാത്രം വിധേയപ്പെട്ടതാവുന്നു. ഭൂവുടമ നോക്കികുത്തിയാക്കപ്പെടുന്നു.
3. ലക്ഷദ്വീപിന്റെ 'ഗവണ്‍മെന്റ്' എന്നതിനര്‍ഥം 'അഡ്മിനിസ്ട്രേറ്റര്‍' എന്ന് നിര്‍വചിക്കുന്നതാണ് ഡ്രാഫ്റ്റ് നിയമത്തിലെ  വകുപ്പ് 2 (12)). ഈ വകുപ്പ് ദ്വീപിന്റെ ഭരണാധികാരം ഏകപക്ഷീയമായും സമ്പൂര്‍ണമായും അഡ്മിനിസ്‌ട്രേറ്റര്‍ക്ക് തീറെഴുതിക്കൊടുക്കുന്നു. ലക്ഷദ്വീപിലെ മുഖ്യ നഗര ആസൂത്രകനെയും, ആസൂത്രണ-വികസന ഉദ്യോഗസ്ഥരെയും അഡ്മിനിസ്‌ട്രേറ്റര്‍ക്ക് തീരുമാനിച്ചു നിയമിക്കാന്‍ സാധിക്കുന്നു. ഒപ്പം LDAR  2021 പ്രകാരം ഏതെങ്കിലും പ്രദേശത്തെ ആസൂത്രണ മേഖലയായി പ്രഖ്യാപിക്കാനും, രണ്ടോ അതിലധികമോ ആസൂത്രണ മേഖലകളെ ഒറ്റ ആസൂത്രണ മേഖലയായി സംയോജിപ്പിക്കാനും ഉതകുംവിധമുള്ള ചട്ടങ്ങളും നിയന്ത്രണങ്ങളും ഭരണാധികാരിക്ക് കിട്ടുന്നു.
'വികസനം' എന്നതിനെ നിര്‍വചിക്കുന്ന വകുപ്പ് 2 (9) നോക്കിയാല്‍, ഖനനം, പാറ പൊട്ടിക്കല്‍, ദേശീയപാതാ നിര്‍മാണം, റെയില്‍വേ, ട്രാം-വേകള്‍ തുടങ്ങിയ അനധികൃതവും അപ്രായോഗികവുമായ വമ്പന്‍ വികസന അജണ്ടകളാണ് അതില്‍ കാണാനാവുക. ഈ ചട്ടങ്ങള്‍ നൂറ്റാണ്ടുകളായി സ്വന്തമായി അനുഭവിക്കുന്ന ഭൂമിയില്‍നിന്നും തദ്ദേശീയ ജനതയെ പുറന്തള്ളി വന്‍കിട സ്വകാര്യ റിയല്‍ എസ്റ്റേറ്റ് വ്യവസായികള്‍ക്ക് സൗകര്യം ചെയ്യാനാണ് എന്നു കരുതാനേ ന്യായമുള്ളൂ.
അഞ്ചു ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണത്തില്‍ താഴെയുള്ള ചെറിയ ദ്വീപുകളില്‍ ഇത്തരം വികസനപ്രവര്‍ത്തനങ്ങള്‍ അപ്രായോഗികവും അനാവശ്യവുമാണ്. അതീവ ലോലമായ പരിസ്ഥിതിയാണ് പവിഴപ്പുറ്റുകളാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ദ്വീപുകളുടേത്. ജനങ്ങള്‍ക്കും അവരുടെ ഭൂമിക്കും ഉപജീവനത്തിനും പുറമെ സമുദ്ര ആവാസ വ്യവസ്ഥക്കും ഇത് വിനാശകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് പറയേണ്ടതില്ലല്ലോ.

ഡ്രാഫ്റ്റ് LDAR 2021 വിനാശം വിതക്കുന്നതെങ്ങനെ?

ഡ്രാഫ്ട് നിയമത്തിലെ 29-മത്തെ വകുപ്പ് പ്രകാരം ഏത് ഭൂമി വേണമെങ്കിലും വികസന പദ്ധതിക്ക് ആവശ്യമുള്ളതോ അനുയോജ്യമായതോ ആയ പൊതുവസ്തുവായി സര്‍ക്കാരിന് കണക്കാക്കാം - തരവും പ്രദേശവും കണക്കിലെടുക്കാതെത്തന്നെ.
കൂടാതെ 33-ഉം 35-ഉം വകുപ്പുകള്‍ അനുസരിച്ച്, മേല്‍പറഞ്ഞ പ്രകാരം അടയാളപ്പെടുത്തപ്പെട്ട സ്വന്തം ഭൂമിയില്‍ എന്തെങ്കിലും നിര്‍മാണപ്രവര്‍ത്തനമോ മാറ്റമോ പുതുക്കലുകളോ ചെയ്യണമെങ്കില്‍ ഉടമകള്‍ ആസൂത്രണ വികസന അതോറിറ്റിയുടെ അനുമതി തേടേണ്ടതുണ്ട്. അത്തരം അപേക്ഷകള്‍ അധികൃതര്‍ക്ക് അവരുടെ അഭീഷ്ടത്തിനനുസരിച്ച്  അനുവദിക്കുകയോ തള്ളിക്കളയുകയോ ചെയ്യാം.
സോണുകള്‍ മാറ്റുന്നതിനുള്ള വികസനചാര്‍ജുകളും നടത്തിപ്പു തുകയും ദ്വീപുവാസികളില്‍നിന്നു തന്നെ ഈടാക്കുന്നതിന് വകുപ്പ് 92-ഉം വകുപ്പ് 93-ഉം നിര്‍ദേശിക്കുന്നു. വികസനപദ്ധതിക്ക് അനുസൃതമായി മേഖലകള്‍ മാറ്റുന്നതിനുള്ള അനുമതി നേടുന്നതിന് ദ്വീപ് നിവാസികള്‍ പണമടയ്‌ക്കേണ്ടതായി വരുന്നു. കൂടാതെ, സ്വന്തം ഭൂമിയില്‍ വികസനത്തിനുള്ള അനുമതിക്കായി പോലും പണം നല്‍കേണ്ടിവരും.  94, 95 വകുപ്പുകള്‍ പ്രകാരം മേല്‍പ്പറഞ്ഞ ഫീസ് നിശ്ചയിക്കാനുള്ള മുഴുവന്‍ നിയന്ത്രണവും സര്‍ക്കാരില്‍ നിക്ഷിപ്തമാണ്.
വകുപ്പ് 106 പ്രദേശത്തെ ഏതിടത്തും പ്രവേശിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് അനുവാദം നല്‍കുന്നു. അതായത് ഏതു ദിവസം വേണമെങ്കിലും LDAR 2021-ന്റെ പേരില്‍ ഏതു ഉദ്യോഗസ്ഥനും ദ്വീപുനിവാസികളുടെ ഭൂസ്വത്തില്‍ പ്രവേശിച്ച് സ്വത്ത് കൈവശക്കാരന്റെ / ഉടമയുടെ സമ്മതമില്ലാതെ പരിശോധന നടത്താമെന്ന് വ്യക്തം.
LDAR 2021 സ്വകാര്യ സ്വത്തവകാശനിയന്ത്രണത്തിനുള്ള ഏകപക്ഷീയ നടപടികള്‍ക്ക് തുടക്കമിടുന്നതോടൊപ്പം നിയമനടപടികള്‍ തടയുന്നതിലൂടെ ജുഡീഷ്യല്‍ വിചാരണയും നിഷേധിക്കുന്നു. വകുപ്പ് 117 അനുസരിച്ച്, ഘഉഅഞ 2021-നു കീഴില്‍ 'സദുദ്ദേശ്യത്തോടെ' ചെയ്യുന്ന കാര്യങ്ങളുടെ പേരില്‍ സര്‍ക്കാര്‍, ആസൂത്രണ - വികസന മേഖലാ അധികൃതര്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെ യാതൊരു നിയമനടപടികളും നിലനില്‍ക്കുകയില്ലെന്ന് നിബന്ധന വെക്കുന്നുണ്ട്.
വികസന പദ്ധതി പ്രകാരം, ജോലി ചെയ്യുന്നവര്‍ക്കെതിരെ തടസ്സം സൃഷ്ടിച്ചാല്‍ സെക്ഷന്‍ 119 അനുസരിച്ച് ജയില്‍വാസം ഉള്‍പ്പെടെയുള്ള കടുത്ത ശിക്ഷകള്‍ ചുമത്തുന്നതാണ്. വകുപ്പ് 130 ഈ മേഖലയിലെ മറ്റെല്ലാ നിയമങ്ങള്‍ക്കും മുകളിലായി ഘഉഅഞ 2021 പ്രതിഷ്ഠിക്കുന്നു.
മേല്‍ വിശദീകരിച്ച വ്യവസ്ഥകള്‍ കേവലസൂചനകള്‍ മാത്രമാണ്. കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിലെ ചിതറിക്കിടന്നതും ഒറ്റപ്പെട്ടതുമായ പൗരസഞ്ചയത്തെ സ്വന്തം നാട്ടില്‍ ഭൂമിയില്ലാത്തവരും അവകാശങ്ങളില്ലാത്തവരുമാക്കി മാറ്റുന്ന, വികസനത്തിന്റെയും ലക്ഷ്വറി ടൂറിസത്തിന്റെയും പേരില്‍ ആട്ടിപ്പായിക്കാനും മാറ്റിപ്പാര്‍പ്പിക്കാനും നിയമസാധുത നല്‍കുന്ന അത്യന്തം ഗുരുതരമായ നിയമങ്ങളാണിതെന്നു LDAR 2021 ഡ്രാഫ്റ്റിലൂടെ കണ്ണോടിച്ചാല്‍ മനസ്സിലാകും.
മേല്‍പറഞ്ഞ വിധത്തില്‍ ഘഉഅഞ 2021 നിയമത്തിനെതിരായ വിമര്‍ശനങ്ങളെ കൂടുതല്‍ ബലപ്പെടുത്തുന്ന ഒരു നടപടി പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ കൈക്കൊള്ളുകയുണ്ടായി. മുമ്പ്  ലക്ഷദ്വീപ് നിവാസിയുടെ ഭൂമി സര്‍ക്കാര്‍ പാട്ടത്തിന് ഏറ്റെടുക്കുമ്പോള്‍ സ്‌ക്വയര്‍ മീറ്ററിന് 34 രൂപ ഉണ്ടായിരുന്ന നിശ്ചിത വാടക പുതിയ അഡ്മിനിസ്ട്രേറ്റര്‍ ചുമതല ഏറ്റെടുത്തതോടെ ഏകപക്ഷീയമായി 16 രൂപയായി ചുരുക്കി.
പ്രമുഖ പരിസ്ഥിതികാര്യ വിദഗ്ധയും എഴുത്തുകാരിയുമായ ആതിര പെരിഞ്ചേരിയുടെ ഒരു റിപ്പോര്‍ട്ട് 2020  മാര്‍ച്ച് 14-ന്  ഹിന്ദു ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇമി Can Lakshadweep's fragile lagoons survive a multi-crore tourism villa project?  എന്ന തലക്കെട്ടിലുള്ള പ്രസ്തുത റിപ്പോര്‍ട്ട് ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്ന വിവാദങ്ങളുടെ സാഹചര്യത്തില്‍ ഏറെ പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ്. കേന്ദ്ര സര്‍ക്കാര്‍ നീതി ആയോഗിന്റെ നേതൃത്വത്തില്‍ 2018 മുതല്‍ ലക്ഷദ്വീപില്‍ വന്‍കിട ലക്ഷ്വറി ടൂറിസം പദ്ധതി ആസൂത്രണം ചെയ്യുന്നുണ്ടെന്നും എങ്ങനെയാണ് അത്തരമൊരു പദ്ധതി പാരിസ്ഥിതികമായി അങ്ങേയറ്റം ദുര്‍ബലമായ ലക്ഷദ്വീപിനെ ബാധിക്കുകയെന്നുമായിരുന്നു ലേഖനത്തിന്റെ ഉള്ളടക്കം. ഒപ്പം കേന്ദ്ര സര്‍ക്കാര്‍ അത്തരമൊരു പദ്ധതിയില്‍നിന്ന് പിന്മാറണമെന്ന ആവശ്യമുന്നയിച്ചു കൊണ്ടുള്ള  30-ഓളം യൂനിവേഴ്‌സിറ്റികളിലെ  114-ഓളം  പരിസ്ഥിതി ശാസ്ത്രജ്ഞരുടെ പ്രസ്താവനയെ കുറിച്ചും പ്രസ്തുത ലേഖനത്തില്‍ പറയുന്നുണ്ട്.
ആ ലേഖനത്തിലെ വസ്തുതകളെ ശരിവെക്കും വിധത്തില്‍ പദ്ധതിക്കു വേണ്ടിയുള്ള നിയമപരമായ മുന്നൊരുക്കങ്ങളാണ് ലക്ഷദ്വീപില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത് എന്ന് പ്രഫുല്‍ ഖോഡ പട്ടേലിന്റെ ഓരോ നീക്കങ്ങളും സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ ബോധ്യമാകും. എന്നാല്‍ പട്ടേല്‍  ഘഉഅഞ 2021  നടപ്പാക്കുന്നത് മേല്‍സൂചിപ്പിച്ച സംയോജിത ദ്വീപ് മാനേജ്‌മെന്റ് പദ്ധതി (ഐ.ഐ.എം.പി) റിപ്പോര്‍ട്ട് അട്ടിമറിച്ചാണ് എന്ന വസ്തുത  കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ക്ക് മുന്നില്‍ വിലങ്ങുതടിയായി നില്‍ക്കുന്നുണ്ട്.
ലക്ഷദ്വീപിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഏതുവിധത്തിലായിരിക്കണമെന്ന് ശാസ്ത്രീയപഠനങ്ങളുടെ പിന്‍ബലത്തോടെ വ്യക്തമാക്കിയ ഐ.ഐ.എം.പി റിപ്പോര്‍ട്ട് 2012-ല്‍ സുപ്രീംകോടതി അംഗീകരിച്ചിരുന്നു. തീരദേശ നിയന്ത്രണമേഖലയിലെ നിര്‍മാണവുമായി ബന്ധപ്പെട്ട് പഠിക്കാന്‍ ലക്ഷദ്വീപില്‍ നിയമിക്കപ്പെട്ട മുന്‍ ജഡ്ജി ആര്‍.വി. രവീന്ദ്രനായിരുന്നു ഐ.ഐ.എം.പി തയാറാക്കി സമര്‍പ്പിച്ചത്. പവിഴപ്പുറ്റ് സാന്നിധ്യമുള്ള ദ്വീപിലെ  മണ്ണിന്റെ ഘടന നിര്‍മാണങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ആവശ്യപ്പെടുന്നതാണെന്ന് അദ്ദേഹം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
വന്‍കിട കെട്ടിടങ്ങള്‍ക്കും മറ്റും ദ്വീപിലെ മണ്ണ് ഒരുപരിധിവരെ അനുയോജ്യമാകില്ലെന്നായിരുന്നു റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. എന്നാല്‍, പട്ടേല്‍ LDAR -ലൂടെ  പ്രധാനമായി ലക്ഷ്യമിടുന്നത് വികസനത്തിന്റെ പേരില്‍ ജനങ്ങളെ കുടിയൊഴിപ്പിച്ച് വലിയ കെട്ടിടങ്ങളും ഹൈവേയും പണിയാനാണ് എന്നാണ്  മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അദ്ദേഹം അഡ്മിനിസ്‌ട്രേറ്റര്‍ ആയ ദാദ്ര-നാഗര്‍ ഹവേലിയില്‍ നടപ്പാക്കിയതുപോലെ ഭൂമിയുടെ ലഭ്യത പോലും മനസ്സിലാക്കാതെയുള്ള നഗരവികസന പദ്ധതിയാണ് അദ്ദേഹം ആലോചിക്കുന്നത്. വന്യജീവി സംരക്ഷണ നിയമ പ്രകാരം സംരക്ഷിക്കപ്പെട്ടിട്ടുള്ള പവിഴപ്പുറ്റുകളുടെ വലിയ ശേഖരമുള്ള പ്രദേശമാണ് ലക്ഷദ്വീപ്. ഇന്ത്യയില്‍തന്നെ ലക്ഷദ്വീപിനെ പോലെ കോറല്‍ ഐലന്റ് വേറെയില്ല എന്നാണ് പറയപ്പെടുന്നത്. മാത്രമല്ല, നിരവധി സീ ലഗൂണ്‍ (ആഴക്കടലില്‍നിന്ന് ദ്വീപുകളെ തരംതിരിക്കുന്ന മനോഹരമായ കടല്‍പരപ്പ്) പ്രദേശമുള്ള ദ്വീപുകളാണ് ലക്ഷദ്വീപ് സമൂഹത്തിലുള്ളത്. എന്നാല്‍  ഗുരുതരമായ പാരിസ്ഥിതികാഘാതത്തെ കുറിച്ചൊന്നും ആലോചിക്കാതെ ലക്ഷ്വറി ടൂറിസത്തിന്റെ പേര് പറഞ്ഞ് സ്വകാര്യ നിക്ഷേപകര്‍ക്ക് ലക്ഷദ്വീപിനെ  നിര്‍ബാധം തുറന്നുകൊടുക്കാനുള്ള ശ്രമങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്.    ഈ കോര്‍പറേറ്റ് പദ്ധതി കഴിഞ്ഞ അഞ്ചു മാസം കൊണ്ട് പ്രഫുല്‍ ഖോഡാ പട്ടേല്‍ മെനഞ്ഞ വ്യക്തിപരമായ അജണ്ടയായിട്ടല്ല മനസ്സിലാക്കേണ്ടത്. മറിച്ച് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ കുറേ കാലങ്ങളായി ആസൂത്രണം ചെയ്തുകൊണ്ടിരിക്കുന്ന  മാലിദ്വീപ് മാതൃകയില്‍  വാട്ടര്‍ വില്ലകളും ബീച്ച് ടൂറിസവും  മറ്റുമുള്ള വന്‍കിട കോര്‍പറേറ്റ് പദ്ധതിയുടെ  ഭാഗമായിട്ടാണ് ഈ കരാള നിയമങ്ങളെല്ലാം പാസ്സാക്കപ്പെട്ടിട്ടൂള്ളത് എന്ന് കൂടി നാം മനസ്സിലാക്കേണ്ടതുണ്ട്.
ലക്ഷദ്വീപിലെ ജനത പട്ടികവര്‍ഗ വിഭാഗത്തിന്റെ പരിധിയില്‍ വരുന്നതിനാല്‍ LDAR  2021 പട്ടികജാതി-വര്‍ഗ നിയമത്തിന്റെ ലംഘനമാണെന്ന് പലരും ചൂണ്ടിക്കാണിക്കുകയുണ്ടായിട്ടുണ്ട്. അസമിലെ ബോഡോലാന്റിലും മറ്റു പല പ്രദേശങ്ങളിലും ഭരണഘടനാപരമായി തന്നെ പട്ടിക വര്‍ഗക്കാര്‍ക്ക് സ്വയംഭരണവും മറ്റും നല്‍കിയിട്ടുണ്ട്. അതു വഴി  തങ്ങളുടെ തനത് അസ്തിത്വവും സംസ്‌കാരവും സംരക്ഷിക്കപ്പെടാനുള്ള സാഹചര്യം നിയമപരമായി തന്നെ നിലവിലുണ്ട് . അത്തരമൊരു അവകാശം നൂറു ശതമാനം ഷെഡ്യൂള്‍ഡ് ട്രൈബ് വിഭാഗമായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള ലക്ഷദ്വീപ് നിവാസികള്‍ക്കും ഉണ്ടാകേണ്ടത് അനിവാര്യമാണ്. കേന്ദ്ര സര്‍ക്കാറിന് നേതൃത്വം നല്‍കുന്ന സംഘ് പരിവാറിന്റെ മുസ്ലിം വിരുദ്ധ അജണ്ടകളും മോദി സര്‍ക്കാരിന്റെ കോര്‍പറേറ്റ് അനുകൂലമായ ലക്ഷ്വറി ടൂറിസം പദ്ധതികളും ലക്ഷദ്വീപ് പ്രശ്‌നത്തില്‍ സമാസമം ചേരുന്നുണ്ട് എന്ന വസ്തുത മനസ്സിലാക്കുന്നതിലൂടെ മാത്രമേ പ്രശ്‌നത്തെ കൂടുതല്‍ ആഴത്തില്‍ സമീപിക്കാന്‍ കഴിയൂ. 

Comments

ഖുര്‍ആന്‍ ബോധനം

സൂറ-38 / സ്വാദ്‌ (24-26)
ടി.കെ ഉബൈദ്‌

ഹദീസ്‌

സ്വര്‍ഗപ്രവേശവും സാമൂഹിക ദൗത്യങ്ങളും
അബ്ദുര്‍റശീദ് നദ്‌വി