Prabodhanm Weekly

Pages

Search

2021 ജൂണ്‍ 11

3205

1442 ശവ്വാല്‍ 30

ശാന്ത ഭൂമിയില്‍ അശാന്തി പരത്തുന്നതാര്?

 കാട്ടുപുറം ബമ്പന്‍, ആന്ത്രോത്ത്

ലക്ഷദ്വീപെന്ന ശാന്ത ഭൂമിയില്‍ അശാന്തി പരത്തുന്നത് ആരാണ് എന്ന് നോക്കുന്നതിനു മുമ്പ് ദ്വീപുകാര്‍ കടന്നുവന്ന നാള്‍വഴികള്‍ നമുക്കൊന്നു പരിശോധിക്കാം. ദ്വീപുകളില്‍ ആള്‍ത്താമസം തുടങ്ങിയത് എപ്പോഴാണെന്നതിന് ചരിത്ര രേഖകളൊന്നുമില്ല. വളരെ പഴയകാലം തൊട്ടേ അറബികള്‍ ചൈനയുമായും ഇന്ത്യയുമായും കച്ചവടബന്ധം സ്ഥാപിച്ചിരുന്നു. കച്ചവടം പായക്കപ്പലുകളിലായിരുന്നു. ഇവ അറബിക്കടലിലൂടെ ഇന്ത്യന്‍ തീരങ്ങളിലോ ചൈനീസ് തീരങ്ങളിലോ എത്തണമെങ്കില്‍ ലക്ഷദ്വീപ് കണ്ടുകൊണ്ടാണ് പോയിരുന്നത്. അതിനാല്‍ ലക്ഷ്യസ്ഥാനം കാണിക്കുന്നതുകൊണ്ട് അവര്‍ അതിനെ 'ലക്കാ സിവി' എന്നു വിളിച്ചു. പിന്നീട് ഇംഗ്ലീഷുകാര്‍ ഇതിനെ 'ലക്ക ഡീവ്സ്' എന്നു വിളിച്ചു. വെള്ളം ശേഖരിക്കാനും ഭക്ഷണത്തിനുമായി ഈ കപ്പലുകള്‍ തീരത്തടുത്തിരുന്നു. കാലാവസ്ഥ മോശമായാലോ  കപ്പല്‍ കേടുവന്നാലോ ഇവര്‍ ദ്വീപുകളില്‍ തങ്ങും. അക്കാലത്ത് ദ്വീപുകാര്‍ കേരളവുമായി, പ്രത്യേകിച്ച് മലബാറുമായി കച്ചവടബന്ധം സ്ഥാപിച്ചിരുന്നു. അങ്ങനെ കേരളീയരും ഇവിടെ കുടിയേറി പാര്‍ക്കാന്‍ തുടങ്ങി. അറക്കല്‍ ബീവിയും ടിപ്പു സുല്‍ത്താനും ദ്വീപില്‍ ഭരണം നടത്തിയിരുന്നു. ടിപ്പുവിന്റെ പതനത്തോടെ ഭരണം ഇംഗ്ലീഷുകാര്‍ക്കായി. ഇതിനിടക്ക് പോര്‍ച്ചുഗീസുകാര്‍ ലക്ഷദ്വീപിനെ ഒരുപാട് തവണ ആക്രമിച്ച് കൊള്ളയടിച്ചു. പക്ഷേ, ദ്വീപുകാരുടെ ചെറുത്തുനില്‍പിനു മുന്നില്‍ പറങ്കികള്‍ പിന്മാറി. ആ ചെറുത്തുനില്‍പ്പിന്റെ ജീവിക്കുന്ന തെളിവുകളാണ് പറങ്കിയ അറുത്തകുന്നും പാമ്പിന്‍ പള്ളിയും.
ലോകത്തില്‍ ഏറ്റവും കൂടുതല്‍ സമാധാനമുള്ള സ്ഥലം എന്നറിയപ്പെട്ട സ്ഥലം ലക്ഷദ്വീപായിരുന്നു. എന്നാല്‍ 2021 തുടക്കത്തോടെ സ്ഥിതിഗതികള്‍ ആകെ മാറിമറിഞ്ഞു. 2020 ഡിസംബര്‍ അവസാനത്തോടെ പുതിയ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡാ പട്ടേല്‍ ചാര്‍ജെടുത്തു. മോദിയുടെ വിശ്വസ്തനായ പഴയ ഗുജറാത്ത് ആഭ്യന്തരമന്ത്രി അഡ്നിസ്ട്രേറ്ററായി എത്തിയ ദിവസം തന്നെ ഇവിടത്തെ കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തിക്കൊണ്ട് ക്വാറന്റൈന്‍ സംവിധാനം എടുത്തു കളഞ്ഞു. അതോടെ കോവിഡ് വ്യാപനം ആരംഭിച്ചു. ഇന്ന് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് പോസിറ്റിവിറ്റിയുള്ള സ്ഥലമാണ് ലക്ഷദ്വീപ്.
അടുത്ത പരിപാടി ഗുണ്ടാ നിയമം കൊണ്ടുവരലാണ്. നേരത്തേ എന്‍.ആര്‍.സിക്കെതിരെ എഴുതിയ ബോര്‍ഡ് സ്ഥാപിച്ചവരെ തെരഞ്ഞു പിടിച്ച് ജയിലിലടച്ച് രാജ്യദ്രോഹക്കുറ്റം ചുമത്തി. പിന്നീടങ്ങോട്ട് പുതിയ പുതിയ ആക്ടുകള്‍ കൊണ്ടുവരികയായിരുന്നു. അതില്‍ ഏറ്റവും ഭീതിജനകം, ഇവിടത്തെ ജനങ്ങളെ ആശങ്കയിലാക്കിയ   LDAR  (ലക്ഷദ്വീപ് ഡവലപ്മെന്റ് അതോറിറ്റി റെഗുലേഷന്‍) ആക്ട് ആണ്. ഇതിലെ ഓരോ സെക് ഷനും ഇഴകീറി പരിശോധിക്കാന്‍ നിന്നാല്‍ സ്ഥലം മതിയാകാതെ വരും എന്നതിനാല്‍ ചുരുക്കിപ്പറയാം. അതിലെ സെക്ഷന്‍ 29 പ്രകാരം ഈ അതോറിറ്റിക്ക് ലക്ഷദ്വീപിലെ ഏത് ഭൂമിയും വികസനത്തിനു വേണ്ടി എന്നു പറഞ്ഞ് നീക്കി വെക്കാം. ഇതിന് ഭൂ ഉടമയുടെ സമ്മതം ആവശ്യമില്ല. സെക്ഷന്‍ 32,33 പ്രകാരം,  ഇങ്ങനെ മാര്‍ക്ക് ചെയ്ത ഭൂമിയില്‍ ഉടമസ്ഥന് പിന്നീട് ഒരു മാറ്റവും വരുത്താന്‍ പാടുള്ളതല്ല. മാറ്റം വരുത്താന്‍ ഈ അതോറിറ്റിയുടെ അനുവാദം വേണം. എന്റെ ഭൂമിയില്‍ ഒരു വീട് നിര്‍മിക്കാനോ വീടിന് എക്സ്റ്റന്‍ഷന്‍ നടത്താനോ പോലും അവരുടെ അനുവാദം വേണം. പെര്‍മിഷന്‍ വെറുതെയല്ല, രണ്ട് ലക്ഷം രൂപ ലെവി ഫീസായി നല്‍കണം (സെക് ഷന്‍ 32,33,35). പെര്‍മിഷന്‍ വെറും മൂന്ന് വര്‍ഷത്തേക്ക് മാത്രം. മൂന്ന് വര്‍ഷം കഴിഞ്ഞാല്‍ ആ വീട്ടില്‍ തുടരണമെങ്കില്‍ വീണ്ടും രണ്ട് ലക്ഷം കൊടുത്ത് അനുവാദം വാങ്ങണം. വാങ്ങിയില്ലെങ്കില്‍ പിഴ അടക്കണം. ഒരു ദിവസം ഇരുപതിനായിരം രൂപ പിഴ! അതും നല്‍കിയില്ലെങ്കില്‍ വീട്ടില്‍നിന്നും പുറത്താക്കും. എന്റെ ഭൂമിയില്‍ എന്റെ പണം കൊണ്ട് ഞാനുണ്ടാക്കിയ വീട്ടില്‍ ഞാന്‍ ഒരു വാടകക്കാരന്‍ മാത്രം. ഫീസിന് കൃത്യതയൊന്നുമില്ല. ഇനി ഫീസ് കൂട്ടണമെന്ന് തോന്നിയാല്‍ കൂട്ടാനുള്ള അധികാരം അതോറിറ്റിക്ക് ഉണ്ട്.
ഇതിനെതിരെ നമുക്ക് കോടതിയെ സമീപിക്കാനും സാധ്യമല്ല. കാരണം, സെക്ഷന്‍ 117-ല്‍  ഇതിനെതിരെ കോടതിയില്‍ പോകാന്‍ പാടുള്ളതല്ല എന്ന് പറയുന്നുണ്ട്. അതിലും ഭീകരമായ ഒന്നുണ്ട്, സെക്ഷന്‍ 119-130-ല്‍. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം നിന്നാല്‍ ഒരു വിചാരണയും കൂടാതെ ആരെയും  ജയിലിലടക്കാന്‍ അത് സര്‍ക്കാരിനു അധികാരം നല്‍കുന്നു. ഇതിനെതിരെ മിണ്ടിയാല്‍ രാജ്യദ്രോഹി, അല്ലെങ്കില്‍ വികസന വിരോധി.
  ഇതിനു പുറമെ ഞങ്ങളുടെ ഭക്ഷണത്തിലും കൈകടത്താനുള്ള അധികാരം. ദ്വീപു ജനത എന്തു കഴിക്കണമെന്ന് അഡ്മിനിസ്ട്രേറ്റര്‍ നിശ്ചയിക്കുന്ന ആള്‍ തീരുമാനിക്കും. ഇതിനുവേണ്ടി കൊണ്ടുന്ന നിയമമാണ് Animal Preservation Act. കേള്‍ക്കാന്‍ എന്ത് സുഖമുള്ള പേര്! മൃഗ സംരക്ഷണമാണത്രെ ലക്ഷ്യം.  അതിന്റെ സെക് ഷനുകള്‍ പരിശോധിക്കുമ്പോഴാണ് കള്ളത്തരം വ്യക്തമാവുക. ആളുകള്‍ മനസ്സിലാക്കിയിരിക്കുന്നതുപോലെയും ചാനലുകളില്‍ ചര്‍ച്ചയാകുന്നതു പോലെയും ഇത് ഒരിക്കലും ഗോവധ നിരോധമല്ല; മറിച്ച് മാംസാഹാര നിരോധമാണ്.
ഇതില്‍ പറഞ്ഞിരിക്കുന്നത് പശു, മൂരി, കാള മുതലായവക്ക് പുറമെ ഏതു മൃഗത്തെ വേണമെങ്കിലും ഇതില്‍ ഉള്‍പ്പെടുത്താനുള്ള അധികാരം അഡ്മിനിസ്ട്രേറ്റര്‍ നിയമിക്കുന്ന അധികാരികള്‍ക്കുണ്ട് (സെക് ഷന്‍ 2-ല്‍ 2) എന്നാണ്.
സെക്ഷന്‍ 3-ല്‍ ഏതു തരം മൃഗങ്ങളെയാണ് അറുക്കാന്‍ പാടില്ലാത്തത് എന്ന് വ്യക്തമാക്കുന്നു. 15 വയസ്സ് പ്രായമില്ലാത്ത ഒന്നിനെയും അറുക്കാന്‍ പാടില്ല. ആട് 15 കൊല്ലത്തില്‍ കൂടുതല്‍ ജീവിക്കില്ല. അപ്പോള്‍ ആടിനെ അറുക്കാന്‍ പാടില്ലെന്ന് പറയാതെ പറയുന്നു. വണ്ടി വലിക്കാന്‍ കഴിയുന്നതിനെ അറുക്കാന്‍ പാടില്ല. അപ്പോള്‍ കാളയുടെ കൂടെ പോത്തും പെടും. അങ്ങനെ പോത്തിനെ അറുക്കാനും പാടില്ല. പ്രസവിക്കുന്നതും പാല്‍ തരുന്നതും ആയ ഒന്നിനെയും അറുക്കാന്‍ പാടില്ല. അപ്പോള്‍ പശു, എരുമ, ആടും ഒന്നും പാടില്ല എന്നര്‍ഥം. കൃഷി ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നവയെ അറുക്കാന്‍ പാടില്ല. എന്നു പറഞ്ഞാല്‍ പോത്തും കാളയും ഒന്നും പാടില്ല എന്നര്‍ഥം.  ചുരുക്കത്തില്‍, ഒരു മൃഗത്തെയും അറുക്കാന്‍ പാടില്ല. നമ്മുടെ മാംസാഹാരം തികച്ചും ഇല്ലാതാക്കി.
നൂറുശതമാനം മുസ്‌ലിംകളുള്ള സ്ഥലത്താണ് ഇത് ചെയ്യുന്നതെന്നോര്‍ക്കണം. സെക്ഷന്‍ 5-ല്‍ 7 പറയുന്നു, ഈ നിയമം കോടതിയില്‍ ചോദ്യം ചെയ്യാന്‍ പാടുള്ളതല്ല. 
സെക്ഷന്‍ 7 പ്രകാരം, മൃഗങ്ങളെ ഒരു സ്ഥലത്തു നിന്ന് മറ്റൊരു സ്ഥലത്തേക്ക് ട്രാന്‍സ്പോര്‍ട്ട് ചെയ്യാനും പാടുള്ളതല്ല. അങ്ങനെ ചെയ്താല്‍ അത് അറവിനായി കൊണ്ടു പോകുന്നതായി കണക്കാക്കും.  അയാള്‍ക്കെതിരെ നടപടി എടുക്കാം. ഒരു സ്ഥലത്തുനിന്ന് ഞാന്‍ മറ്റൊരിടത്തേക്ക്  വീട് മാറി പോകുമ്പോള്‍ പുതിയ വീട്ടിലേക്ക് ഇവയെ മാറ്റാന്‍ പറ്റില്ല. നടത്തിക്കൊണ്ടു പോയാലും ശരി, വാഹനത്തില്‍ കൊണ്ടുപോയാലും ശരി ഒരു വിചാരണയും കൂടാതെ ജയിലിലടക്കാം.
ഏതെങ്കിലും ഒരു വീട്ടില്‍ ബീഫോ അറുക്കാന്‍ പാടില്ലാത്ത മറ്റേതെങ്കിലും മൃഗത്തിന്റെ മാംസമോ പാചകം ചെയ്യുന്നുവെന്നോ ഫ്രിഡ്ജില്‍ സൂക്ഷിച്ചിട്ടുണ്ട് എന്നോ സംശയം തോന്നിയാല്‍ വീടിന്റെ ഏത് ഭാഗത്തും കയറി പരിശോധിക്കാം. ഭാര്യയും ഭര്‍ത്താവും ബെഡ്റൂമില്‍ കിടക്കുമ്പോഴും അവിടെ അധികാരികള്‍ക്ക് കടന്നു ചെല്ലാം. അതിന് വീട്ടുകാരുടെ അനുമതി ആവശ്യമില്ല. അങ്ങനെ പരിശോധിക്കാന്‍ വിട്ടില്ലെങ്കില്‍ അയാളെ വിചാരണ കൂടാതെ ജയിലിലടക്കാം.
വലിയ ഒരപടകം കൂടി ഈ നിയമത്തിലുണ്ട്. അത് മുസ് ലിംകളെ തമ്മില്‍ തല്ലിക്കാനുള്ളതാണ്. ഇതില്‍ അറുക്കാന്‍ അനുമതി നല്‍കുന്ന ഒരു ഭാഗമുണ്ട്. ഏതാവശ്യങ്ങള്‍ക്കൊക്കെ അറുക്കാം എന്ന് പറയുന്നുണ്ട്. പശു, മൂരി, കാള അല്ലാത്തതിനെയൊക്കെ മതപരമായ ആവശ്യങ്ങള്‍ക്ക് അറുക്കാം. അതിന് ഈ അതോറിറ്റിയില്‍ നിന്ന് അനുവാദം വാങ്ങിയാല്‍ മതി. എന്നാല്‍ മതപരമായ ആവശ്യമാണ് ഇത് എന്ന് അധികാരിക്ക് ബോധ്യപ്പെടണം. അത് മുസ്ലിംകള്‍ക്കിടയില്‍ കലഹത്തിന് വഴിവെച്ചേക്കും. ഉദാഹരണത്തിന് ശൈഖിന്റെ ആണ്ടുനേര്‍ച്ച മതപരമായ ആവശ്യമാണെന്ന് കാട്ടി സുന്നി വിഭാഗത്തില്‍ പെട്ടയാള്‍ അനുവാദത്തിന് പോയാല്‍ മുജാഹിദ് വിഭാഗം  ഇടപെടും. ഇത് മതപരമായ ആവശ്യമല്ല എന്ന് വാദിക്കും, അത് തമ്മില്‍ തല്ലാവും. എങ്ങനെയുണ്ട് സംഘി ബുദ്ധി!
ചുരുക്കി പറഞ്ഞാല്‍ ഈ ആക്ട് വെറും ഗോവധ നിരോധനമോ മൃഗസംരക്ഷണമോ അല്ല, മറിച്ച് മാംസാഹാര നിരോധമാണ്. കൂടാതെ സ്‌കൂള്‍ കുട്ടികളുടെ ഉച്ച ഭക്ഷണത്തില്‍നിന്ന് മാംസാഹാരം പൂര്‍ണമായും ഒഴിവാക്കി. പത്രക്കാര്‍ അഡ്മിനിസ്ട്രേറ്ററോട് അതെന്തിനെന്ന് ചോദിച്ചപ്പോള്‍ ഉത്തരം പറഞ്ഞത് ഇങ്ങനെയാണ്: 'ദ്വീപിലെ കുട്ടികള്‍ പോഷകാഹാര കുറവുള്ള കുട്ടികളാണ്. അതുകൊണ്ട് വെജിറ്റേറിയന്‍ ഭക്ഷണമാണ് നല്‍കേണ്ടത്.' ദ്വീപുകളില്‍ പോഷകാഹാരക്കുറവ് മൂലം ഒരു കുട്ടിയും ഹോസ്പിറ്റലില്‍ ചികിത്സ തേടിയിട്ടില്ല.
നടപ്പിലാക്കാന്‍ ശ്രമിക്കുന്നത് മറ്റൊന്ന് ഗുണ്ടാ ആക്ടാണ്. യഥാര്‍ഥത്തില്‍ ഇത് കൊണ്ടുവന്നത് മേല്‍പ്പറഞ്ഞ നിയമങ്ങള്‍ക്കെതിരെ ആരെങ്കിലും പ്രതികരിച്ചാല്‍ വിചാരണ കൂടാതെ അവരെ പിടിച്ച് ജയിലിലടക്കാന്‍ വേണ്ടി മാത്രമാണ്. എല്ലാ ദ്വീപുകളിലെയും ജയിലുകള്‍ ആളില്ലാതെ മാറാല പിടിച്ച് കിടക്കുകയാണ്. കാരണം കുറ്റവാളികളില്ല. കുറ്റകൃത്യങ്ങള്‍ നടക്കാത്ത ലക്ഷദ്വീപില്‍ ഗുണ്ടാനിയമം എന്തിനാണ്? കാരണം വ്യക്തമല്ലേ, ഈ നിയമപ്രകാരം ആരെ വേണമെങ്കിലും എത്ര കൊല്ലം വേണമെങ്കിലും രാജ്യദ്രോഹ കുറ്റം ചുമത്തി ജയിലിലടക്കാം.
   ഈ ശാന്തമായ പ്രദേശത്ത് അശാന്തി പരത്തുന്നതിനുള്ള ഉദ്ദേശ്യം പകല്‍ വെളിച്ചം പോലെ എല്ലാവര്‍ക്കും ബോധ്യമാവും. ഇതാണ് സംഘികളുടെ അജണ്ട. 


(റിട്ടയേര്‍ഡ് അധ്യാപകനും സാഹിത്യകാരനുമാണ് കാട്ടുപുറം സയ്യിദ് ഇസ്മാഈല്‍ മാസ്റ്റര്‍ എന്ന കാട്ടുപുറം ബമ്പന്‍. 'ബമ്പന്റെ കഥകള്‍' ഉള്‍പ്പെടെയുള്ള പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്)

Comments

ഖുര്‍ആന്‍ ബോധനം

സൂറ-38 / സ്വാദ്‌ (24-26)
ടി.കെ ഉബൈദ്‌

ഹദീസ്‌

സ്വര്‍ഗപ്രവേശവും സാമൂഹിക ദൗത്യങ്ങളും
അബ്ദുര്‍റശീദ് നദ്‌വി