Prabodhanm Weekly

Pages

Search

2012 ഏപ്രില്‍ 21

ആശയ വൈരുധ്യങ്ങളും അവാന്തര വിഭാഗങ്ങളും

സദ്റുദ്ദീന്‍ വാഴക്കാട്

വൈവിധ്യങ്ങളുടെയും അതിലേറെ വൈരുധ്യങ്ങളുടെയും സങ്കലനമാണ് ആധുനിക സലഫിസം. ആദര്‍ശ-കര്‍മ മേഖലകളില്‍ ഐകരൂപ്യമുള്ള ആഗോള സലഫിസം ഒരു സങ്കല്‍പം മാത്രമാണ്. എല്ലാ മുസ്ലിം വിഭാഗങ്ങളും കാലാന്തരത്തില്‍ ഛിദ്രീകരിക്കപ്പെട്ടപ്പോള്‍ സലഫികള്‍ മാത്രം കക്ഷിത്വങ്ങള്‍ക്ക് അതീതമായി നിലനിന്നുവെന്നും, ദേശരാഷ്ട്രങ്ങളുടെയും ഭൂഖണ്ഡങ്ങളുടെയും അതിര്‍വരമ്പുകള്‍ക്കപ്പുറം സലഫിധാര ഐകരൂപ്യമുള്ളതാണെന്നും വാദിക്കുന്നത്1 വസ്തുതാപരമല്ല.
ആശയ കാലുഷ്യവും ആഭ്യന്തര സംഘര്‍ഷങ്ങളും സലഫിസത്തിനകത്ത് ഇന്ന് രൂക്ഷമാണ്. ആശയപരവും ദേശാധിഷ്ഠിതവും ഭാഷാപരവും വ്യക്തികേന്ദ്രിതവുമായ ഭിന്നതകളുടെ പേരില്‍ പരസ്പരം പോരടിക്കുന്ന ഒട്ടേറെ സലഫി വിഭാഗങ്ങളുണ്ട്. ചരിത്രത്തില്‍ പലപ്പോഴും ഇത്തരം ഭിന്നതകള്‍ നിലനിന്നിരുന്നുവെങ്കിലും പുതിയ പ്രവണതകള്‍ സലഫിസത്തിന്റെ ജീര്‍ണതയെ അടയാളപ്പെടുത്തുന്നവയാണ്. ഓരോ സലഫി ഗ്രൂപ്പും മറുഗ്രൂപ്പുകള്‍ക്കെതിരെ 'ആശയവ്യതിയാനം' ആരോപിക്കുന്നു. അപരന്മാരെ സലഫിസത്തില്‍നിന്നു മാത്രമല്ല, ദീനുല്‍ ഇസ്ലാമില്‍നിന്നു തന്നെ പുറത്താക്കാന്‍ ധാര്‍ഷ്ട്യം കാണിക്കുന്നവരുമുണ്ട്. മറ്റു മുസ്ലിം വിഭാഗങ്ങള്‍ക്കെതിരെ പുറപ്പെടുവിക്കുന്ന ശിര്‍ക്-കുഫ്ര്‍ ഫത്വകളുടെ ആധിക്യം സലഫിസത്തിന്റെ ശാപമാണ്. മധ്യകാലത്ത് നിലനിന്നിരുന്ന ശാപപ്രാര്‍ഥനയുടെ(ലഅ്നത്തു ചൊല്ലല്‍) സ്വാധീനം ഇതില്‍ അന്തര്‍ലീനമാണ്.
സലഫിസത്തിലെ അന്തഃസംഘര്‍ഷങ്ങളെയും വിഭാഗീയതകളെയും കുറിച്ച് ആധുനിക സലഫി പണ്ഡിതരില്‍ പ്രമുഖനായ ശൈഖ് അബ്ദുര്‍റഹ്മാന്‍ അബ്ദുല്‍ ഖാലിഖ് പറയുന്നത് കാണുക: "സലഫികള്‍ക്കിടയില്‍ പുതിയ ചില ചിന്താധാരകള്‍ ഉടലെടുത്തിട്ടുണ്ട്. സലഫിസം വളരെ കുടുസായ ഒന്നാണെന്ന് ചിലര്‍ കരുതുന്നു. മറ്റു ചിലര്‍ എന്തിനെയും ഹറാമാക്കുന്നവരാണ്. ചിലര്‍ മുസ്ലിം സമുദായത്തിന് ജിഹാദ് നിര്‍ബന്ധമില്ലെന്ന് കരുതുന്നു. മുസ്ലിം ഭരണാധികാരികള്‍ ദീനിനെ ആകെ മാറ്റിമറിച്ചാലും കാഫിറാവുകയില്ലെന്നും അത്തരം ഭരണാധികാരികളെ അനുസരിക്കല്‍ നിര്‍ബന്ധമാണെന്നും വാദിക്കുന്നു ചില സലഫികള്‍. അവരുടെ ഏതെങ്കിലുമൊരു തിന്മക്കെതിരെ പ്രതികരിച്ചാല്‍ അത് ഇമാമിന്റെ- ഭരണാധികാരിയുടെ കല്‍പനയെ ധിക്കരിക്കലാണെന്ന് പറയുന്നവരുണ്ട്. ഭരണാധികാരിയെ എതിര്‍ക്കല്‍ അനുവദനീയമാണെന്ന് പറയുന്നവര്‍ സലഫികളല്ല എന്നാണ് ചിലര്‍ വാദിക്കുന്നത്. മുസ്ലിംകളെ തമ്മിലടിപ്പിക്കാനുള്ള ജൂതന്മാരുടെയും അമേരിക്കയുടെയും തന്ത്രങ്ങള്‍ വിജയിക്കുകയാണ് ഇതുമൂലം.''2
ആശയധാരകള്‍
ആശയപരമായ അഭിപ്രായ ഭിന്നതകളെ അടിസ്ഥാനമാക്കി സലഫിസത്തില്‍ നിരവധി ധാരകള്‍ കാലാകാലങ്ങളില്‍ രൂപപ്പെട്ടുവന്നിട്ടുണ്ട്. സലഫിസത്തിന്റെ അടിസ്ഥാന തത്ത്വങ്ങള്‍, പ്രബോധന രീതിശാസ്ത്രം, രാഷ്ട്രീയ നിലപാട്, മറ്റുമുസ്ലിം സംഘടനകളോടുള്ള സമീപനം, കര്‍മശാസ്ത്രതര്‍ക്കങ്ങളിലെ നിലപാട്, സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങളിലെ ഇടപെടല്‍, സമകാലിക പ്രശ്നങ്ങളോടുള്ള സമീപനം തുടങ്ങി ഒട്ടനവധി വിഷയങ്ങളില്‍ ഭിന്ന വിരുദ്ധ വീക്ഷണങ്ങളാണ് സലഫി അവാന്തരവിഭാഗങ്ങള്‍ പുലര്‍ത്തുന്നത്. ആദര്‍ശപരമായ മാനങ്ങളുള്ള സലഫി ധാരകളില്‍ ചിലതാണ് നുസ്വൂസ്വിയ്യ, അഖ്ലാനിയ്യ, ഇല്‍മിയ്യ, തഖ്ലീദിയ്യ, ഹറകിയ്യ, ജിഹാദിയ്യ തുടങ്ങിയവ.
1. സലഫിയ നുസ്വൂസ്വിയ്യ (പ്രമാണ സലഫിസം)
പ്രമാണങ്ങളെ അക്ഷരങ്ങളില്‍ വായിക്കുകയും ബാഹ്യാര്‍ഥത്തില്‍ ഉള്‍ക്കൊള്ളുകയും ചെയ്യുന്നതാണ് സലഫിയ്യ നുസ്വൂസ്വിയ്യ. 'പ്രമാണങ്ങളിലേക്ക് മടങ്ങുക' എന്ന് ആവര്‍ത്തിച്ച് ആഹ്വാനം ചെയ്യുന്ന 'നുസ്വൂസ്വിയ്യ,' സലഫിസത്തിലെ ഏറ്റവും പഴക്കമുള്ള ആശയധാരയാണ്. ഖുര്‍ആനും സുന്നത്തുമാണ് ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണങ്ങള്‍. ഇവയെ സമീപിക്കുന്നതില്‍ ബുദ്ധിക്ക് (അഖ്ല്‍) സ്ഥാനം നിഷേധിക്കുന്ന നുസ്വൂസ്വിയ്യ ഏതു കാര്യവും പ്രമാണങ്ങളില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ടോ എന്ന് നോക്കിയാണ് നിര്‍വഹിക്കുക. ഉദാഹരണമായി 'ഈദ് മുബാറക്' എന്ന് പറയാന്‍ പാടില്ല. കാരണം, ആ പ്രയോഗം ഖുര്‍ആനിലോ ഹദീസിലോ വന്നിട്ടില്ല! അശ്അരിയ്യത്തിനോട് ഏറ്റുമുട്ടിയ ഹമ്പലി സരണിയുടെ പിന്തുടര്‍ച്ചയാണ് സലഫിയ നുസ്വൂസ്വിയ്യ. സമകാലിക ലോകവുമായി ബന്ധമില്ലാത്ത, ഭൂതകാലത്തിന്റെ തടവറയില്‍ കഴിയുന്ന സലഫി വിഭാഗങ്ങള്‍ ഈ ആശയ ധാര ഉള്‍ക്കൊള്ളുന്നവരാണ്. സുഊദി സലഫിസത്തെയാണ് ഇത് ഏറ്റവുമധികം സ്വാധീനിച്ചിട്ടുള്ളത്. 'നുസ്വൂസിയ്യ'ക്ക് ഒട്ടേറെ പ്രത്യേകതകളുണ്ട്.3
2. സലഫിയ്യ തഖ്ലീദിയ്യ (അനുകരണ സലഫിസം)
ഭൂതകാലത്തോടും പൂര്‍വികരുടെ മാതൃകകളോടുമുള്ള അന്ധമായ പ്രതിപത്തിയാണ് സലഫിയ്യ തഖ്ലീദിയ്യയുടെ പ്രത്യേകത. പൌരാണിക കൃതികളില്‍ രേഖപ്പെടുത്തപ്പെട്ട സലഫി ആശയങ്ങള്‍ യാതൊരുവിധ നിരൂപണവും, വിചിന്തനവും സ്ഥലകാല യാഥാര്‍ഥ്യങ്ങളെക്കുറിച്ച പരിഗണനയുമില്ലാതെ പകര്‍ത്തുകയാണ് 'തഖ്ലീദിയ്യ സരണി'യുടെ പ്രത്യേകത. പ്രമാണങ്ങളെയും സമകാലിക ലോകത്തെയും സമന്വയിപ്പിക്കാന്‍ കഴിയാത്ത വിഭാഗമാണിത്. അനുഷ്ഠാനപരമായ (തഅബ്ബുദി) ദീനി ആചാരങ്ങളും അടയാളങ്ങളും കര്‍ക്കശമായി പാലിക്കുകയും അവയെ എല്ലാ ബിദ്അത്തുകളില്‍നിന്നും സുരക്ഷിതമാക്കുകയും ചെയ്യുകയാണ് 'തഖ്ലീദിയ്യ'യുടെ ലക്ഷ്യം. ആശയപരമായ വായനകള്‍ക്ക് (മഅ്ഖൂലുല്‍ മഅ്ന) ഇവര്‍ ഒട്ടും ഇടം നല്‍കുന്നില്ല. മുഹമ്മദ് നബിയും സ്വഹാബികളും അക്കാലത്ത് എങ്ങനെയാണോ ഇസ്ലാമിനെ പ്രാവര്‍ത്തികമാക്കിയത്, അക്ഷരാര്‍ഥത്തില്‍ അതുപോലെ ദീനീ ജീവിതം നയിക്കുകയാണ് സലഫിയ്യ തഖ്ലീദിയ്യയുടെ ശൈലി. വസ്ത്രധാരണ രീതി, തലമുടി, താടി, സ്ത്രീകളുടെ ഹിജാബ് തുടങ്ങിയവയിലെല്ലാം നബിയുടെയും സ്വഹാബിമാരുടെയും കാലത്തെ രീതി സ്വീകരിക്കലാണ് 'സുന്നത്തിനെ പിന്തുടരല്‍' എന്ന് ഇവര്‍ വിശ്വസിക്കുന്നു.4 സലഫികളില്‍ ചിലര്‍ തഖ്ലീദിയ്യ സരണിയിലേക്ക് വഴിമാറുന്നത് ഇപ്പോള്‍ വ്യാപകമായി കണ്ടു വരുന്നുണ്ട്; കേരളത്തിലും ഇതിന്റെ ലക്ഷണങ്ങള്‍ പ്രകടമാണ്.
3. സലഫിയ്യ അഖ്ലാനിയ്യ (ബൌദ്ധിക സലഫിസം)
പ്രമാണങ്ങള്‍ വായിക്കുമ്പോള്‍ ധിഷണക്കും സ്ഥാനം നല്‍കണം എന്ന് വാദിക്കുന്ന സലഫി വിഭാഗം. ശൈഖുല്‍ ഇസ്ലാം ഇബ്നു തൈമിയ്യയാണ് ഈ ആശയധാര സലഫിസത്തില്‍ രൂപപ്പെടുത്തിയത്. ഒരു പക്ഷേ, സലഫിസത്തില്‍ ആദ്യമായി പ്രത്യക്ഷപ്പെട്ട ആശയ ധാരയായിരിക്കുമിത്. അഖ്ലാനിയ്യ സരണിയെ കുറേകൂടി വികസിപ്പിക്കുകയാണ് റശീദ് രിദ ചെയ്തത്. ഈ ധാര പിന്തുടരുന്ന സലഫി വിഭാഗങ്ങള്‍ പൊതുവെ കുറവാണ്.
4. സലഫിയ്യ ഇല്‍മിയ്യ (വൈജ്ഞാനിക സലഫിസം)
1970കളില്‍ ഈജിപ്ഷ്യന്‍ യൂനിവേഴ്സിറ്റികളിലെ വിദ്യാര്‍ഥികള്‍ക്കിടയില്‍ രൂപപ്പെട്ടതാണ് 'സലഫിയ്യ ഇല്‍മിയ്യ.' അലക്സാണ്ടറിയ യൂനിവേഴ്സിറ്റിയായിരുന്നു ഇതിന്റെ പ്രഭവകേന്ദ്രമെന്നതിനാല്‍ 'സലഫിയ്യ ഇസ്കന്ദരിയ്യ' എന്നും ഈ ധാര അറിയപ്പെടുന്നു. ഇഖ്വാനുല്‍ മുസ്ലിമൂനോട് ശക്തമായി വിയോജിച്ചുകൊണ്ട് രംഗത്തുവന്ന 'ഇല്‍മിയ്യ' വിഭാഗം, ഇസ്ലാമിക ശരീഅത്ത് നടപ്പിലാക്കാത്ത ഭരണസംവിധാനത്തിലേക്കുള്ള തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നത് ഹറാമായി കാണുന്നു. ഇഖ്വാന്‍ തെരഞ്ഞെടുപ്പുകളില്‍ പങ്കെടുക്കുന്നുവെന്നതായിരുന്നു ഇവരുടെ വിയോജിപ്പിന്റെ കാരണങ്ങളിലൊന്ന്. രാഷ്ട്രീയം, ഭരണം, സൂഫിസം, ഹാകിമിയ്യത്, കുഫ്ര്‍ തുടങ്ങിയവയില്‍ തീവ്ര നിലപാടാണ് 'സലഫിയ്യ ഇല്‍മിയ്യ' പുലര്‍ത്തുന്നത്.
5. സലഫിയ്യ ഹറകിയ്യ
1970 കളില്‍ തന്നെ ഈജിപ്ത് കേന്ദ്രീകരിച്ച് രൂപപ്പെട്ടുവന്ന ഒരു സലഫി ധാരയാണിത്. ഇല്‍മിയ്യ വിഭാഗവുമായി ഇവര്‍ വിയോജിക്കുന്നത് അടിസ്ഥാനപരമായി ഒരു വിഷയത്തില്‍ മാത്രമാണ്. അല്ലാഹുവിന്റെ നിയമങ്ങള്‍ക്കനുസരിച്ച് വിധി നടപ്പിലാക്കാത്തവന്‍ കാഫിറാണെന്ന് പരസ്യമായി പ്രഖ്യാപിക്കണമെന്നാണ് 'ഹറകിയ്യ'യുടെ വാദം. 2000 കാലത്ത് ഫലസ്ത്വീനിലേക്ക് സായുധരായ പോരാളികളെ ഇവര്‍ ജിഹാദിനയക്കുകയുണ്ടായി.5 ഇല്‍മിയ്യ, ഹറകിയ്യ ധാരകള്‍ അവരുടെ തീവ്രനിലപാടുകള്‍ കൊണ്ടാണ് സലഫി അവാന്തരവിഭാഗങ്ങള്‍ക്കിടയില്‍ വേറിട്ടു നില്‍ക്കുന്നത്.
6. സലഫിയ്യ ജിഹാദിയ (ജിഹാദി സലഫിസം)
ഇസ്ലാമിലെ സായുധ ജിഹാദിന്(ഖിതാല്‍) ഊന്നല്‍ നല്‍കുന്ന വിഭാഗമാണ് 'ജിഹാദിയ്യ' എന്നറിയപ്പെടുന്നത്. 1990കളില്‍ അമേരിക്കന്‍ വിരുദ്ധ നിലപാടുമായി രംഗത്തുവന്ന 'സലഫിയ്യ ജിഹാദിയ്യ'യുടെ കാഴ്ചപ്പാടുകള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഒട്ടേറെ സലഫി സംഘടനകള്‍ ലോകത്തുണ്ട്. ഇസ്ലാമിന്റെ ശത്രുക്കള്‍ക്കെതിരെ സായുധ സമരം മുഖ്യ അജണ്ടയായി സ്വീകരിച്ച 'സലഫിയ്യ ജിഹാദിയ'യില്‍ നിന്നാണ് ചില തീവ്രവാദ സംഘടനകള്‍ ജന്മമെടുത്തിട്ടുള്ളത്. അല്‍ഖാഇദയുടെയും മറ്റും വേരുകള്‍ സലഫിയ്യ ജിഹാദിയയിലാണെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.6 9/11 നു അമേരിക്കയിലുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ലോകത്ത് ഏറെ ചര്‍ച്ചചെയ്യപ്പെട്ട സലഫി/വഹാബി ഭീകരവാദത്തിന്റെ ആശയ പരിസരം 'സലഫിയ്യ ജിഹാദിയ' ആണ്. ഇസ്ലാമിക ഭീകരതയുടെ പ്രഭവകേന്ദ്രം സലഫി ഭീകരവാദമാണെന്ന സാമ്രാജ്യത്വ പ്രചാരണം ഇസ്ലാം വിരോധത്തിന്റെ ഭാഗമാണെങ്കിലും, ചില മുസ്ലിം തീവ്രവാദ വിഭാഗങ്ങള്‍ സലഫിസത്തില്‍നിന്ന് രൂപം കൊണ്ടിട്ടുള്ളതാണെന്ന കാര്യം നിഷേധിക്കാനാവില്ല. എന്നാല്‍, സലഫി ഭീകരതയെക്കുറിച്ച സാമ്രാജ്യത്വ പ്രചാരണങ്ങള്‍ അപ്പടി പകര്‍ത്തിയെടുത്ത് ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ക്കെതിരെ പ്രയോഗിക്കുന്നത് ചില 'സലഫി' വിഭാഗങ്ങള്‍ തന്നെയാണെന്നതാണ് വിരോധാഭാസം.
ഇത്തരം ആശയധാരകള്‍ക്കു പുറമെ ലോക സലഫിസത്തില്‍ പൊതുവെ അറിയപ്പെടുന്ന മറ്റു ചില ധാരകളുണ്ട്. അതില്‍ പ്രമുഖമാണ് സുഊദി സലഫിസവും ഈജിപ്ഷ്യന്‍ സലഫിസവും. അതിനെക്കാള്‍ പ്രധാനമാണ്, അറബി സലഫിസം (സലഫിയ്യ അറബിയ്യ) അനറബി സലഫിസം(സലഫിയ്യ അജമിയ്യ) എന്ന വിഭജനം. അറബ് ലോകത്ത് നിലവിലുള്ള സലഫിസത്തെ മറ്റു ദേശങ്ങളിലുള്ളവര്‍ പ്രാദേശികമായ അവസ്ഥാന്തരങ്ങള്‍ കൂടി പരിഗണിച്ച് ഉള്‍ക്കൊള്ളുന്നതാണ് 'അനറബി സലഫിസം' എന്ന് അറിയപ്പെടുന്നത്. മുമ്പ് പല രാഷ്ട്രങ്ങളിലും സലഫികള്‍ ഇത്തരമൊരു രീതി സ്വീകരിച്ചിരുന്നുവെങ്കില്‍ ഇപ്പോള്‍, അറബ് സലഫിസത്തെ അക്ഷരാര്‍ഥത്തില്‍ പറിച്ചു നടന്ന രീതി കണ്ടുവരുന്നുണ്ട്. പ്രാദേശികമായ സ്വാധീനങ്ങളെ, സാഹചര്യങ്ങളെ തീര്‍ത്തും നിരാകരിക്കുന്നതാണ് അറബ് സലഫിസത്തിന്റെ രീതി. 'വഹാബി സലഫിസം' എന്ന് പൊതുവെ അറിയപ്പെടുന്നതും ഇതു തന്നെയാണ്.
ഇന്ന് ലോകത്ത് നിലവിലുള്ള സലഫി സംഘടനകള്‍ ഈ ആറ് ധാരകളിലേതെങ്കിലുമൊന്ന് പിന്തുടരുന്നവയാണ്. ഒന്നിലേറെ ധാരകള്‍ പിന്തുടരുന്നവരുമുണ്ട്. ചില സലഫി സംഘടനകള്‍ നെടുകെയും കുറുകെയും പിളരുന്നത് ഈ ആശയധാരകളെയും ലോക സലഫിസത്തില്‍ സംഭവിക്കുന്ന പരിവര്‍ത്തനങ്ങളെയും ഉള്‍ക്കൊള്ളുന്നതിലുള്ള ഏറ്റക്കുറവ് കാരണമാണ്.
വ്യക്തിഗത ഗ്രൂപ്പുകള്‍
സമീപകാല സലഫിസത്തില്‍ രൂപപ്പെട്ട തീര്‍ത്തും അനാരോഗ്യകരമായ പ്രവണതയാണ് വ്യക്തി കേന്ദ്രിത ഗ്രൂപ്പുകളുടെ രംഗപ്രവേശം. ആദര്‍ശം, ലക്ഷ്യം, പ്രവര്‍ത്തനമാര്‍ഗം, നയസമീപനങ്ങള്‍ എന്നിവക്ക് 'മുന്‍ഗാമികളുടെ മാതൃക' എന്ന പൊതു പ്രയോഗത്തിനപ്പുറം കൃത്യമായ നിര്‍വചനങ്ങളോ, നിയന്ത്രണ രേഖകളോ ഇല്ലാതിരുന്നതുകൊണ്ട് പ്രമാണങ്ങളെ ഏതു സലഫി പണ്ഡിതനും എങ്ങനെയും വ്യാഖ്യാനിക്കാമെന്ന അവസ്ഥ വന്നു. പണ്ഡിത വ്യക്തിത്വങ്ങളുടെ അഭിപ്രായങ്ങള്‍ക്ക് അപ്രമാദിത്വം കല്‍പിക്കുകയും അവയെ കേന്ദ്രീകരിച്ച് പുതിയ പുതിയ സലഫി ഗ്രൂപ്പുകള്‍ രൂപപ്പെട്ടു വരികയും ചെയ്തു. സലഫിസം ശക്തമായി എതിര്‍ത്ത 'തഖ്ലീദ്' (അന്ധമായ അനുകരണം) അതിനകത്തുതന്നെ വേരുപടര്‍ത്തിയതിന്റെ അടയാളമാണ് വ്യക്തിയധിഷ്ഠിത സലഫി ഗ്രൂപ്പുകള്‍. സലഫിസം രൂക്ഷമായി വിമര്‍ശിച്ച സൂഫിസത്തിലെ ശൈഖുമാരുടെ പദവിയിലേക്ക് സലഫി ശൈഖുമാര്‍ ഉയര്‍ത്തപ്പെട്ടു. അവരെ കേന്ദ്രീകരിച്ച് രൂപപ്പെട്ടുവന്ന ഗ്രൂപ്പുകള്‍ സൂഫി ത്വരീഖത്തുകളുടെ സലഫി പതിപ്പുകളായി മാറുന്നു. മറ്റൊരര്‍ഥത്തില്‍, വ്യക്തികളുടെ പേരിലറിയപ്പെടുന്ന കര്‍മശാസ്ത്ര മദ്ഹബുകളെപ്പോലെയാണ് ഇത്തരം സലഫി ഗ്രൂപ്പുകള്‍ എന്ന് പറയാം. സലഫിസത്തിന്റെ ജീര്‍ണതകളുടെ സൂചകങ്ങളായി ഇത്തരം ഗ്രൂപ്പുകള്‍ മാറുകയും ചെയ്യുന്നു. "അടിസ്ഥാന പ്രമാണങ്ങളിലേക്ക്, ഖുര്‍ആനിലേക്കും സുന്നത്തിലേക്കുമുള്ള തിരിച്ചുപോക്കാണ് യഥാര്‍ഥത്തില്‍ സലഫിസം. പക്ഷേ, കാലക്രമത്തില്‍ സലഫിസം 'മദ്ഹബായി' രൂപപ്പെട്ടു. ശൈഖുമാരുടെയും പണ്ഡിത നേതാക്കളുടെയും വാക്കുകള്‍ക്ക് പരിശുദ്ധി കല്‍പിക്കുന്ന അവസ്ഥയുണ്ടായി. മറ്റു മദ്ഹബുകളുടെ നേതാക്കന്മാര്‍ക്ക് കല്‍പിക്കപ്പെട്ട 'സ്ഥാനങ്ങള്‍' പോലെത്തന്നെയാണ് ഇതും. ഇങ്ങനെ രൂപപ്പെട്ടുവന്ന ഗ്രൂപ്പുകള്‍ക്ക് അടിസ്ഥാനങ്ങള്‍ മനസിലാക്കുന്നതില്‍ വീഴ്ച സംഭവിച്ചു. ചിന്താപരമായ ഉണര്‍വിന്റെയും സാംസ്കാരിക കിടമത്സരത്തിന്റെയും ലോകത്ത്, വിശേഷിച്ചും വൈജ്ഞാനിക വിസ്ഫോടനം നടന്ന ആഗോളവല്‍ക്കരണ കാലത്ത് സലഫി വിഭാഗങ്ങള്‍ ദുര്‍ബലപ്പെടാന്‍ ഇത് കാരണമാവുകയും ചെയ്തു.''7
സലഫിസത്തെ മനസിലാക്കുന്നതിലും അവതരിപ്പിക്കുന്നതിലും പ്രബോധനത്തിന്റെ രീതിശാസ്ത്രത്തിലും മുന്‍ഗണനാ ക്രമത്തിലും സലഫി പണ്ഡിതന്മാരുടെ കാഴ്ചപ്പാടുകളിലെ അന്തരമാണ് വ്യക്തിയധിഷ്ഠിത സലഫി ഗ്രൂപ്പുകള്‍ രൂപപ്പെട്ടുവരാനുള്ള കാരണങ്ങളിലൊന്ന്. പുതിയ പ്രശ്നങ്ങളില്‍ എടുക്കേണ്ട നിലപാടുകളെ സംബന്ധിച്ച് പണ്ഡിതര്‍ക്ക് വ്യത്യസ്ത അഭിപ്രായങ്ങളുണ്ടാകും. ഈ അഭിപ്രായങ്ങളെ സമന്വയിപ്പിച്ച് ഏകീകൃത നിലപാട് രൂപവത്കരിക്കാനുള്ള സംവിധാനമോ ഘടനയോ സലഫിസത്തിനില്ല, സ്വാഭാവികമായും വ്യത്യസ്ത നിലപാടുകളുള്ള പണ്ഡിതന്മാരെ കേന്ദ്രീകരിച്ച് അനുയായികളുടെ വൃത്തം രൂപപ്പെടും. ഇത് ക്രമേണ ഗ്രൂപ്പിസത്തിന്റെ രൂപം കൈവരിക്കുന്നു. മറുവിഭാഗങ്ങളെ ചെറുത്ത് നില്‍ക്കാനുള്ള തന്ത്രങ്ങള്‍ ആവിഷ്കരിക്കുന്നു. ലോകത്തിന്റെ പലഭാഗങ്ങളിലും സലഫിസത്തിനകത്ത് ഇത്തരം ഗ്രൂപ്പുകള്‍ ഇന്ന് സജീവമാണ്. തീവ്രവാദികള്‍, മിതവാദികള്‍, പാരമ്പര്യ(തഖ്ലീദ്) വാദികള്‍, നവീകരണ(തജ്ദീദ്) വാദികള്‍ എന്നിങ്ങനെയെല്ലാം അവ വിശേഷിപ്പിക്കപ്പെടുന്നു. ഓരോ ഗ്രൂപ്പും മറുഗ്രൂപ്പുകളെ പണ്ഡിത നേതാവിന്റെ പേരിലേക്ക് ചേര്‍ത്ത് ആക്ഷേപസ്വരത്തിലാണ് വിളിക്കുക. പിന്നീട് അങ്ങനെത്തന്നെ അവ അറിയപ്പെടുന്നു. ഓരോ ഗ്രൂപ്പും തങ്ങളാണ് ഒറിജിനല്‍ സലഫികളെന്നും മറുഗ്രൂപ്പുകള്‍ ആദര്‍ശ വ്യതിയാനം സംഭവിച്ച് സലഫിസത്തില്‍നിന്ന് പുറത്ത് പോയവരാണെന്നും അവകാശപ്പെടുന്നു. ഇത്തരം ഗ്രൂപ്പുകള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ സലഫിലോകത്ത് കടുത്ത സംഘര്‍ഷമാണ് സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്. സലഫി പാരമ്പര്യത്തിലുള്ളതോ പുതുതായി 'ഇജ്തിഹാദ്' നടത്തി കണ്ടെത്തിയതോ ആയ എന്ത് വാദവും ഉയര്‍ത്തിപ്പിടിച്ച് രംഗത്ത് വരുന്ന ഏതൊരു സലഫി പണ്ഡിതനും സലഫികളില്‍നിന്ന് ഒരുപറ്റം അനുയായികളെ ലഭിക്കുന്നുവെന്നതാണ് ഇന്ന് കണ്ടു വരുന്ന പ്രവണത. സലഫിസം ഏറ്റവും ശക്തമായി എതിരിട്ട തഖ്ലീദ്, ജീര്‍ണമായ രൂപത്തില്‍ സലഫിസത്തെത്തന്നെ ബാധിച്ചിരിക്കുകയാണിന്ന്. സര്‍വതന്ത്ര സ്വതന്ത്രമായ ഇജ്തിഹാദിനും അന്ധമായ തഖ്ലീദിനും മധ്യേ ഒരു മധ്യമനിലപാട് കൈക്കൊള്ളാത്തതിന്റെ അനിവാര്യ ദുരന്തമാണിത്.
1990-91 ലെ ഒന്നാം ഗള്‍ഫ് യുദ്ധത്തോടെയാണ് സലഫിസത്തിലെ ആഭ്യന്തര ഭിന്നത രൂക്ഷമായത്. സദ്ദാം ഹുസൈനെതിരെ അമേരിക്കയുമായി ഉണ്ടാക്കിയ സഖ്യത്തിനെതിരെ ഉയര്‍ന്ന വ്യാപക പ്രതിഷേധം തണുപ്പിക്കാന്‍ ഭരണകൂടം 'മത'ത്തെയാണ് ഉപയോഗപ്പെടുത്തിയത്. അമേരിക്കയുമായുള്ള സഹകരണത്തിന്റെ ശറഈ ന്യായം വിശദീകരിച്ചുകൊണ്ട് ഔദ്യോഗിക മുഫ്തി ശൈഖ് ഇബ്നുബാസ് ഫത്വയിറക്കി. ഈ അമേരിക്കന്‍ അനുകൂല ഫത്വയോട് പ്രമുഖരായ പല സലഫി പണ്ഡിതരും വിയോജിച്ചു. അമേരിക്കന്‍ ബാന്ധവത്തെ രാഷ്ട്രീയ പ്രശ്നമായല്ല മതപരമായ കര്‍മശാസ്ത്ര പ്രശ്നമായാണ് അനുകൂലിച്ച് ഫത്വയിറക്കിയവരും എതിര്‍പ്പ് പ്രകടിപ്പിച്ചവരും കൈകാര്യം ചെയ്തത്. കാഫിറുകളുമായി സൌഹൃദം പുലര്‍ത്താമോ സഹകരണം തേടാമോ എന്ന് ഫിഖ്ഹീ ചര്‍ച്ച ഇതേതുടര്‍ന്ന് സലഫികള്‍ക്കിടയില്‍ ശക്തിപ്പെട്ടു. അമുസ്ലിം സഹകരണത്തെക്കുറിച്ച സലഫി അതിവാദങ്ങള്‍ രൂപപ്പെട്ടതും ഈ പശ്ചാത്തലത്തിലാണ്. ഇബ്നു ബാസും അദ്ദേഹത്തെ അനുകൂലിക്കുന്ന ഔദ്യോഗിക സലഫി പണ്ഡിതരും ഒരുഭാഗത്തും ശൈഖ് ആഇദില്‍ ഖര്‍നി, ഡോ. സല്‍മാനുല്‍ ഔദ, ശൈഖ് സ്വിഫ്റുല്‍ ഹവാലി മുതലായ പണ്ഡിതര്‍ എതിര്‍ പക്ഷത്തും നിന്നു. ഈ ഭിന്നത ക്രമേണ വളര്‍ന്നു. നേരത്തെ, സലഫി പണ്ഡിതര്‍ക്കിടയില്‍ നിലനിന്നിരുന്ന വിശ്വാസ അനുഷ്ഠാന വിഷയങ്ങളിലെ അഭിപ്രായാന്തരങ്ങള്‍ കൂടി ഇതോടെ മറനീക്കി പുറത്തുവരാന്‍ തുടങ്ങി.
ജാമിയ, സുറൂറിയ്യ, അല്‍ബാനിയ്യ, ബാസിയ, മദ്ഖലിയ്യ, ഹദ്ദാദിയ്യ തുടങ്ങിയവയാണ് സലഫിസത്തിലെ വ്യക്തമായ പ്രധാന അവാന്തര വിഭാഗങ്ങള്‍. ഇവരിലൊരു വിഭാഗവും സ്വന്തം നേതാക്കളിലേക്ക് ചേര്‍ത്തുകൊണ്ടുള്ള പേരുകള്‍ സ്വയം അംഗീകരിക്കില്ല. എന്നാല്‍, മറ്റു വിഭാഗങ്ങളെ അവയുടെ നേതാക്കളുടെ പേരിലേക്ക് ചേര്‍ത്ത് വിളിക്കുകയും ചെയ്യുന്നു!
1. ജാമിയ - സുഊദി അറേബ്യയിലെ മദീന ഇസ്ലാമിക് യൂനിവേഴ്സിറ്റി കേന്ദ്രീകരിച്ച് രംഗത്തുവന്ന സലഫി വിഭാഗമാണ് ജാമിയ. അവിടെ അധ്യാപകനായിരുന്ന ശൈഖ് മുഹമ്മദ് അമാന്‍ അല്‍ ജാമി (മരണം ഹി. 1416) ആണ് ഇതിന്റെ ശൈഖ്. ഒന്നാം ഗള്‍ഫ് യുദ്ധകാലത്ത് (1990-91) സുഊദിയിലെ ഔദ്യോഗിക മുഫ്തിയായ ശൈഖ് ഇബ്നു ബാസ് പുറപ്പെടുവിച്ച ഫത്വയോട് വിയോജിച്ചു കൊണ്ടാണ് ജാമിയയുടെ രംഗപ്രവേശം. സുഊദി സലഫിസത്തിലെ പ്രമുഖ അവാന്തര വിഭാഗമായ ജാമിയ സങ്കുചിത സലഫിസത്തിന്റെ ശക്തരായ വക്താക്കളാണ്. വിശ്വാസ- അനുഷ്ഠാനങ്ങളിലും നയസമീപനങ്ങളിലും പ്രത്യേക കാഴ്ചപ്പാടുകള്‍ പുലര്‍ത്തുന്ന ഇവര്‍ അള്‍ജീരിയ, അഫ്ഗാന്‍, ഈജിപ്ത് തുടങ്ങിയ പ്രദേശങ്ങളിലെ സലഫികള്‍ക്കിടയില്‍ സ്വാധീനം നേടിയിട്ടുണ്ട്. 'സലഫിയത്തുല്‍ മദീന' എന്നും ജാമിയ അറിയപ്പെടുന്നു.8 അമാന്‍ ജാമിയുടെ പ്രമുഖ ശിഷ്യനാണ് റബീഅ് ബ്നുല്‍ ഹാദി മദ്ഖലി. 'മദ്ഖലിയ' സലഫിസത്തിന്റെ ഉത്ഭവവും ജാമിയയില്‍ നിന്നാണ്.
2. സുറൂറിയ്യ - ശൈഖ് മുഹമ്മദ് സുറൂര്‍ സൈനുല്‍ ആബിദീന്റെ കാഴ്ചപ്പാടുകളില്‍നിന്ന് രൂപം കൊണ്ടതാണ് 'സുറൂറിയ്യ.' മിതവാദ നിലപാട് പുലര്‍ത്തുന്ന സലഫി വിഭാഗമായാണ് സുറൂറിയ്യ അറിയപ്പെടുന്നത്. ദീര്‍ഘകാലം ബ്രിട്ടനിലും സുഊദിയിലും ജീവിച്ച ശൈഖ് മുഹമ്മദ് സുറൂര്‍ അമേരിക്കയോട് ശക്തമായി എതിര്‍പ്പുള്ളയാളാണ്. ഒരു വിഭാഗം സലഫി പണ്ഡിതര്‍ അമേരിക്കന്‍ വിഷയത്തില്‍ സ്വീകരിച്ച നിലപാടിനെ കടുത്ത ഭാഷയില്‍ അദ്ദേഹം വിമര്‍ശിക്കുകയുണ്ടായി. ചില വിഷയങ്ങളില്‍ ഇഖ്വാനുല്‍ മുസ്ലിമൂന്റെ നിലപാടുകളോട് ആഭിമുഖ്യം പുലര്‍ത്തുന്നതിന്റെ പേരില്‍ മറ്റു സലഫി ഗ്രൂപ്പുകള്‍ 'ഹിസ്ബിയ്യ, ഖുത്ബിയ്യ' എന്നൊക്കെ ഇവരെ വിശേഷിപ്പിക്കാറുണ്ട്. ബ്രിട്ടനിലെ സലഫി സംഘടനയായ ജിമാസ് (ജംഇയ്യത്തു ഇഹ്യാഇസുന്ന) 1990കളില്‍ പിളര്‍ന്നപ്പോള്‍ തീവ്ര നിലപാട് കൈക്കൊണ്ടവര്‍ മിതവാദികളെ സുറൂറികള്‍ എന്നാണ് വിശേഷിപ്പിച്ചിരുന്നത്. ശൈഖ് സല്‍മാനുല്‍ ഔദ, ശൈഖ് സഫറുല്‍ ഹവാലി, ശൈഖ് നാസ്വിറുല്‍ ഉമര്‍ തുടങ്ങിയവര്‍ ഈ വിഭാഗത്തിലെ പ്രമുഖരാണ്. മുഹമ്മദ് സുറൂര്‍ ഇപ്പോള്‍ ജോര്‍ദാന്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്.
3. അല്‍ബാനിയ്യ - പ്രമുഖ സലഫി പണ്ഡിതന്‍ നാസ്വിറുദ്ദീന്‍ അല്‍ബാനിയുടെ കാഴ്ചപ്പാടുകള്‍ പിന്തുടരുന്നവരാണ് 'അല്‍ബാനിയ്യ' എന്നറിയപ്പെടുന്നത്. ആധുനിക കാലഘട്ടത്തിലെ പ്രഗത്ഭ ഹദീസ് പണ്ഡിതനായ ശൈഖ് അല്‍ബാനി സലഫിസത്തില്‍ തന്റേതായ വഴി തുറന്ന വ്യക്തിത്വമാണ്. സലഫിസത്തിന്റെ എല്ലാ അടിസ്ഥാന തത്ത്വങ്ങളും അംഗീകരിക്കുമ്പോള്‍ തന്നെ, ചില വിഷയങ്ങളില്‍ ഇബ്നുബാസ് ഉള്‍പ്പെടെയുള്ള പ്രമുഖ സലഫി പണ്ഡിതരോട് അല്‍ബാനി വിയോജിക്കുന്നുണ്ട്.9 സുഊദി-ഈജിപ്ഷ്യന്‍ സലഫികളില്‍ അല്‍ബാനി സരണി പിന്തുടരുന്നവര്‍ ഏറെയുണ്ട്.
4. ബാസിയ്യ - സുഊദിയിലെ പ്രധാന സലഫി വിഭാഗമാണ് ബാസിയ്യ. പ്രമുഖ പണ്ഡിതനും സുഊദിയിലെ ഔദ്യോഗിക മുഫ്തിയുമായിരുന്ന ശൈഖ് അബ്ദുല്‍ അസീസ് അബ്ദുല്ലാഹിബ്നു ബാസിന്റെ വീക്ഷണങ്ങള്‍ പിന്തുടരുന്നവരാണ് 'ബാസിയ്യ' എന്ന് അറിയപ്പെടുന്നത്. ആധുനിക കാലഘട്ടത്തില്‍ സലഫി വൈജ്ഞാനിക മണ്ഡലത്തെ സജീവമാക്കിയ ശൈഖ് ഇബ്നു ബാസ് തന്റെ ഫത്വകളില്‍ പാരമ്പര്യ സലഫിസത്തിനാണ് ഊന്നല്‍ നല്‍കിയത്. ലോകത്ത് സലഫി വിഭാഗങ്ങള്‍ക്കിടയില്‍ ഏറ്റവുമധികം സ്വീകാര്യതയുള്ളത് ശൈഖ് ഇബ്നു ബാസിന്റെ വീക്ഷണങ്ങള്‍ക്കാണ്.
5. മദ്ഖലിയ്യ/മുദാഖില - സലഫിസത്തില്‍ പുതിയ വാദമുഖങ്ങളുമായി രംഗത്തുവന്ന സുഊദി പണ്ഡിതന്‍ റബീഉബ്നു ഹാദി മദ്ഖലിയുടെ സരണിയാണ് മദ്ഖലിയ/മുദാഖില സലഫിസം. പ്രവാചകന്മാരുടെ പ്രബോധനം ആരാധനകളില്‍ പരിമിതമായിരുന്നു, തൌഹീദില്‍ രാഷ്ട്രീയവും ഭരണവും അപ്രധാനമാണ്, സലഫി പ്രസ്ഥാനമല്ലാത്ത എല്ലാ മുസ്ലിം വിഭാഗങ്ങളും നശിപ്പിക്കപ്പെടണം തുടങ്ങിയ അതിവാദങ്ങള്‍ മദ്ഖലിയുടെ പ്രത്യേകതയാണ്, 'മന്‍ഹജുല്‍ അമ്പിയാഇ ഫിദ്ദഅ്വ' (പ്രവാചകന്മാരുടെ പ്രബോധന രീതി) ജമാഅത്തുന്‍ വാഹിദ ലാ ജമാആത്തുന്‍ വ സ്വിറാത്തുന്‍ വാഹിദ് ലാ അശറാത്വ് തുടങ്ങിയ കൃതികളിലൂടെയാണ് ഈ വാദങ്ങള്‍ മദ്ഖലി അവതരിപ്പിച്ചത്. ആരാധനാമാത്ര തൌഹീദ് ഉയര്‍ത്തിപ്പിടിക്കുകയും ഇസ്ലാമിക രാഷ്ട്രീയത്തെ നിരാകരിക്കുകയും ചെയ്യുന്നവര്‍ക്ക് ഏറെ സ്വീകാര്യനായ മദ്ഖലിയുടെ ചിന്തകളാണ് മറ്റു മുസ്ലിം വിഭാഗങ്ങളെ ശത്രുതയോടെ കാണുന്ന സലഫി തീവ്രവാദത്തിന്റെ അടിസ്ഥാനം. മദ്ഖലിയുടെ ചില രചനകള്‍ മലയാളത്തില്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. കേരളത്തില്‍ ചിലര്‍ മദ്ഖലി സരണി പിന്തുടരാന്‍ തുടങ്ങിയതിന്റെ ലക്ഷണമാണ് സമീപകാലത്ത് ഇവിടെ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയ സലഫി അതിവാദങ്ങള്‍.
ഇവയ്ക്കു പുറമെ ഇരുപതോളം സലഫി വിഭാഗങ്ങള്‍ വേറെയുമുണ്ടെന്ന് ചിലര്‍ നിരീക്ഷിച്ചിട്ടുണ്ട്.10 അഹ്മദ് അന്നജ്മി(നജ്മിയ്യ), ഫാലിഹുല്‍ ഹര്‍ബി(ഹര്‍ബിയ്യ), റമദാനുല്‍ ജസാഇരി (റമദാനിയ്യ), മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ അല്‍മഗ്റാവി(മഗ്റാവിയ്യ), യഹ്യല്‍ ഹജൂരി (ഹജൂരിയാ, ഉസാമത്തുല്‍ ഖൌസി (ഖൌസിയ), മുഹമ്മദ് ഉമര്‍ ബാസമൂല്‍(സമൂലിയ) തുടങ്ങിയവ അവയില്‍ ചിലതാണ്. കേരളത്തില്‍ സലഫി/മുജാഹിദ് വൃത്തങ്ങളില്‍ സമീപകാലത്ത് ഉണ്ടായിട്ടുള്ള വ്യക്തി കേന്ദ്രിത ഗ്രൂപ്പുകളെ ഈ പശ്ചാത്തലത്തില്‍ വേണം മനസിലാക്കാന്‍. മാത്രമല്ല, സലഫിസത്തെ ബാധിച്ച കെടുതികളും ദൌര്‍ബല്യങ്ങളും കേരളത്തിലെ മുജാഹിദ് പ്രസ്ഥാനത്തെയും രോഗഗ്രസ്ഥമാക്കുകയുണ്ടായി. കേരളീയ മുസ്ലിം സമൂഹത്തില്‍, ചരിത്രപരമായ പരിഷ്കരണ ദൌത്യം നിര്‍വഹിച്ച മഹത്തായ പാരമ്പര്യമുള്ള മുജാഹിദ് പ്രസ്ഥാനം, ജീര്‍ണതയുടെ ആഴങ്ങളിലേക്ക് കൂപ്പുകുത്തിയ സമകാലിക പരിസരം ഇത് കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്.

കുറിപ്പുകള്‍
1. വഹ്ദത്തു മവാഖിഹിസ്സലഫി മിനല്‍ ഫിറഖില്‍ മുഖാലിഫ അബ്റത്താരീഖ്/ ശൈഖ് മുഹമ്മദ് അല്‍ മഗ്റാവി
2. അബ്ദുര്‍റഹ്മാന്‍ അബ്ദുല്‍ഖാലിഖ്/സലഫിസത്തിന്റെ സമീപനങ്ങള്‍ / പേജ് 29
3. അസലഫിയ / സഈദ് റമദാന്‍ ബൂത്വി
4. അശബകത്തുല്‍ അറബിയ ലി മഅ്ലൂമാത്തി ഹുഖൂഖില്‍ ഇന്‍സാന്‍ / ംംം.മിവമൃശ.ില/ൃലുീൃ
5. അല്‍ഹാലത്തുസലഫിയ ഫീ മിസ്വര്‍ പേ. 38
6. അത്തയാറാത്തുദീനിയ ഫി സഈദിയ പേ. 46
7. അതേ പുസ്തകം പേ. 31
8. അല്‍ ഇസ്ലാമിയ്യൂന്‍ ഫീ ആം ഹി. 1431, ക്രി. 2010, പേ. 224 / മര്‍കസുസ്വിഹാഅത്തില്‍ ഫിക്ര്‍.
9. അല്‍ ഈജാസു ഫി ബഅ്ദി മഖ്തലഫ ഫീഹി അല്‍ബാനി വ ഇബ്നുബാസ് വഇബ്നു ഉസൈമിന്‍ / ഡോ. സഅ്ദുബ്നു അബ്ദില്ല അല്‍ ബരിക്
10.sufia.org

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം