Prabodhanm Weekly

Pages

Search

2021 ജൂണ്‍ 11

3205

1442 ശവ്വാല്‍ 30

ലക്ഷദ്വീപ്: മൃഗസംരക്ഷണ നിയമം എന്തുകൊണ്ട് എതിര്‍ക്കപ്പെടണം?

അഡ്വ. എം. ഇബ്‌റാഹീം കുട്ടി, ഹരിപ്പാട്

കേരള തീരത്തുനിന്ന് ഏകദേശം 200 മുതല്‍ 400 വരെ കിലോമീറ്റര്‍ അകലത്തില്‍ അറബിക്കടലിന്റെ തെക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ദ്വീപ് സമൂഹങ്ങളാണ് ലക്ഷദ്വീപ്. കേന്ദ്രഭരണപ്രദേശമാകുന്നതിനു മുമ്പ് മദ്രാസ് സംസ്ഥാനത്തിന്റെയും തുടര്‍ന്ന് ദക്ഷിണ കന്നട ജില്ലയുടെയും അതിനു ശേഷം കോഴിക്കോട് ജില്ലയുടെയും ഭാഗമായിരുന്ന മിനിക്കോയി- അമനി എന്നറിയപ്പെട്ടിരുന്ന ദ്വീപ്‌സമുഹങ്ങള്‍ക്ക് 1973-ലാണ് ലക്ഷദ്വീപ് എന്ന പേര് നല്‍കിയിട്ടുള്ളത്. ലക്ഷദ്വീപ് സമൂഹത്തിലെ 10 ദ്വീപുകളില്‍ മാത്രമാണ് ജനവാസമുള്ളത്.  ദ്വീപുവാസികളില്‍ 96 ശതമാനത്തിലേറെയും പാരമ്പര്യ ഇസ്ലാം മത വിശ്വാസികളും ശേഷിക്കുന്ന ആള്‍ക്കാര്‍ ജോലിയാവശ്യാര്‍ഥം മാത്രം ദ്വീപില്‍ വന്നിട്ടുള്ളവരുമാണ്. ലക്ഷദ്വീപുനിവാസികളില്‍ ബഹുഭൂരിഭാഗവും ഇസ്ലാം മത വിശ്വാസികളായതിനാലും  ലക്ഷദ്വീപിന് മുന്‍കാലങ്ങളില്‍ വന്‍കരയുമായി ബന്ധപ്പെടുന്നതിന് ഗതാഗത സൗകര്യങ്ങള്‍ തീരെ കുറവായിരുന്നതിനാലും ദ്വീപിന് സ്വന്തമായി കൃഷിയിടങ്ങളില്ലാത്തതിനാലും അവിടത്തെ നിവാസികള്‍ പൊതുവെ മാംസഭുക്കുകളാണ്. തന്മൂലം ലക്ഷദ്വീപുകാരുടെ ദൈനംദിന ഭക്ഷണത്തില്‍ മാംസാഹാരം ഒരു പ്രധാന വിഭവവുമാണ്. അതുകൊണ്ടുതന്നെ മൃഗങ്ങളെ അറുക്കുന്നതിന് നിരോധനം വന്നാല്‍ അവിടെയുള്ള നിവാസികള്‍ക്ക് അത് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കും. ലക്ഷദ്വീപിലെ ഭക്ഷ്യവിഭവങ്ങളെല്ലാം കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്.  ഈ സാഹചര്യത്തിലാണ്  അവിടത്തെ വളര്‍ത്തു മൃഗങ്ങളെപ്പോലും ഭക്ഷണാവശ്യത്തിനു വേണ്ടി കശാപ്പു ചെയ്യുന്നത് നിരോധിക്കുക എന്ന ഉദ്ദേശ്യത്തോടുകൂടി കേന്ദ്ര ഗവണ്‍മെന്റിന്റെ നിയമ നീതിന്യായ വകുപ്പ് കൊണ്ടുവന്നിട്ടുള്ള Lakshadeep Animal Preservation Regulation - നെ നാം പരിശോധിക്കേണ്ടത്.
ഈ നിയമപ്രകാരം ലക്ഷദ്വീപില്‍ പശു, പശുക്കിടാവ്, കാളകള്‍ എന്നിവയെ അറുക്കുന്നതും കശാപ്പു ചെയ്യുന്നതും നിരോധിച്ചിട്ടുള്ളതും അപ്രകാരം ചെയ്യുന്നത് ജീവപര്യന്തം തടവും അഞ്ചു ലക്ഷം രൂപ വരെ പിഴയും ലഭിക്കുന്ന ജാമ്യമില്ലാ കുറ്റവുമാണ്. കൂടാതെ ഈ ആക്ടിലെ 10 (2) വകുപ്പു പ്രകാരം ഗോക്കളെയും കാളകളെയും അറുക്കുന്നവര്‍ക്കുള്ള കുറഞ്ഞ തടവു ശിക്ഷ 10 വര്‍ഷമായും കുറഞ്ഞ പിഴ തുക ഒരു ലക്ഷം രൂപയായും നിജപ്പെടുത്തിയിട്ടുള്ളതുമാണ്. എന്നാല്‍ ഇന്ത്യയില്‍ ഗോവധനിരോധനമുള്ള സംസ്ഥാനങ്ങളില്‍ പോലും ഗോക്കളെയും കാളകളെയും  ഒഴിച്ച് മറ്റു മൃഗങ്ങളെ അറുക്കുന്നത് നിരോധിച്ചിട്ടില്ല. പക്ഷേ, ഇപ്പോഴത്തെ വിവാദനിയമം ഭക്ഷണാവശ്യത്തിനുവേണ്ടി പശു, കാള എന്നിവയൊഴികെയുള്ള മൃഗങ്ങളെ അറുക്കുന്നത് പരോക്ഷമായി നിരോധിക്കുക കൂടി ചെയ്യുന്നുണ്ട്. ഈ കാര്യം വിവാദനിയമത്തിലെ 5 (3)ാം വകുപ്പില്‍ താഴെ പറയുംപ്രകാരം വ്യക്തമാക്കിയിട്ടുള്ളതാണ്: 
In respect of an animal to which sub- section (2) does not apply, no certificate shall be granted under sub- section (1) if in the opinion of the Competent Authority-
(a) the animal, whether male or female, is useful or likely to become useful for the purpose of draught or any kind of agricultural operation;
(b) the animal, if male, is useful or likely to become useful for the purpose of breeding;
(c) the animal, if female, is useful or likely to become useful for the purpose of giving milk or bearing offspring.

ഇതില്‍ നിന്ന് പശുവും കാളയും ഒഴിച്ചുള്ള മൃഗങ്ങളെ പോലും ഭക്ഷണാവശ്യത്തിനുവേണ്ടിപ്പോലും കശാപ്പുചെയ്യാന്‍ കഴിയുകയില്ലായെന്ന്  വ്യക്തമാകും.  മുകളില്‍ വിവരിച്ച മൃഗങ്ങളെ അറുക്കുന്നതിനിടയായാല്‍ നിയമത്തിലെ 10 (3) വകുപ്പ് പ്രകാരം ഒരു വര്‍ഷം തടവും 10,000 രൂപ പിഴയും ചുമത്താം. അതുപോലെതന്നെ മതപരമായ ആവശ്യത്തിന് പശുക്കളും കാളകളും ഒഴികെയുള്ള മൃഗങ്ങളെ അറുക്കുന്നതിന് അതു പ്രകാരം ചുമതലപ്പെടുത്തിയ Authortiyയുടെ മുന്‍കൂര്‍ അനുവാദം ആവശ്യമാണെന്നു മാത്രമല്ല അപ്രകാരം ചെയ്യാന്‍ മുന്‍കൂര്‍ നിശ്ചയിക്കപ്പെട്ട സ്ഥലങ്ങളില്‍ മാത്രമേ കഴിയുകയുള്ളൂ. മേല്‍പ്രകാരം അറുക്കപ്പെടുന്ന മൃഗങ്ങള്‍ക്ക് ഏറ്റവും കുറഞ്ഞത് 15 വയസ്സ് പ്രായമുണ്ടായിരിക്കേണ്ടതും, ടി മൃഗങ്ങള്‍ കാര്‍ഷികാവശ്യത്തിനോ പാലുല്‍പ്പാദനത്തിനോ സന്താനോല്‍പ്പാദനത്തിനോ ഉപയോഗിക്കപ്പെടാന്‍  കഴിയുന്നവയാകാന്‍ പാടില്ലാത്തതുമാണ്. ലക്ഷദ്വീപില്‍ നടപ്പില്‍ വരുന്ന മൃഗസംരക്ഷണ നിയമപ്രകാരം ആടുകളെയോ മുയലുകളെയോ മറ്റേതെങ്കിലും മൃഗങ്ങളെയോ മതപരമോ അല്ലാത്തതോ ആയ ആവശ്യങ്ങള്‍ക്കു വേണ്ടി അറുക്കാന്‍ മുകളില്‍ പറഞ്ഞ കാരണങ്ങളാല്‍ കഴിയില്ല. കൂടാതെ പശുവിറച്ചിയോ അതില്‍ നിന്നുണ്ടാക്കുന്ന ഉല്‍പ്പന്നങ്ങളോ നേരിട്ടോ അല്ലാതെയോ വില്‍ക്കുന്നതും അവ സൂക്ഷിക്കുന്നതും 10 വര്‍ഷം തടവും 5,00,000 രൂപ പിഴയും ലഭിക്കുന്ന കുറ്റകൃത്യങ്ങളുമാണ്.
നാലു വശങ്ങളും കടലിനാല്‍ ചുറ്റപ്പെട്ട, കുറച്ച് പച്ചക്കറി, നെല്ല്  എന്നിവയുടെ ഉല്‍പ്പാദനമല്ലാതെ മറ്റൊന്നും കാര്യമായില്ലാത്ത ഒരു പ്രദേശത്ത് മാംസാഹാരം നിഷേധിക്കപ്പെടുന്നതുമൂലം ആ സമൂഹത്തിനുണ്ടാകുന്ന ദോഷവശങ്ങള്‍ പരിഗണിക്കപ്പെടാതിരിക്കുന്നത് അവിടത്തെ ജനങ്ങളുടെ കഷ്ടപ്പാടുകള്‍ വര്‍ധിപ്പിക്കുകയും ഇഷ്ടമുള്ള ആഹാരം കഴിക്കാനുള്ള അവരുടെ അവകാശത്തെ ഇല്ലാതാക്കുകയും ചെയ്യും. കൂടാതെ കേന്ദ്രഭരണ പ്രദേശങ്ങളില്‍ ഉണ്ടാക്കുന്ന നിയമങ്ങള്‍ ആ സ്ഥലത്തിന്റെ സമാധാനത്തിനു വേണ്ടിയാകണമെന്ന, ഭരണഘടനയുടെ 239-ാം അനുഛേദത്തിനു വിരുദ്ധമായിട്ടുള്ളതുമാണ് ഈ പുതിയ നിയമം. ഈ നിയമം നടപ്പിലാക്കിയാല്‍ ലക്ഷദ്വീപ് നിവാസികള്‍ക്ക് അവര്‍ ഇഷ്ടപ്പെടുന്ന ഭക്ഷണം കഴിച്ച് അവിടെ താമസിക്കാന്‍ കഴിയാത്ത അതിഗുരുതരമായ ഒരു സാഹചര്യം ഉണ്ടാകും.

Comments

ഖുര്‍ആന്‍ ബോധനം

സൂറ-38 / സ്വാദ്‌ (24-26)
ടി.കെ ഉബൈദ്‌

ഹദീസ്‌

സ്വര്‍ഗപ്രവേശവും സാമൂഹിക ദൗത്യങ്ങളും
അബ്ദുര്‍റശീദ് നദ്‌വി