Prabodhanm Weekly

Pages

Search

2021 ജൂണ്‍ 04

3204

1442 ശവ്വാല്‍ 23

പി.കെ അബ്ദുര്‍റഹ്മാന്‍ ഹാജി

എം.ബി അബ്ദുര്‍റഹ്മാന്‍

ഇക്കഴിഞ്ഞ മെയ്19 -ന് മരണപ്പെട്ട മണപ്പാട്ട് പി.കെ അബ്ദുര്‍റഹ്മാന്‍ ഹാജി ജമാഅത്തെ ഇസ്ലാമിയുടെ ആദ്യകാല പ്രവര്‍ത്തകരില്‍ ഒരാളായിരുന്നു. മാടവന മഹല്ല് നിവാസികളുടെ വിദ്യാഭ്യാസപരവും സാമൂഹികവുമായ കാര്യങ്ങളില്‍ തല്‍പരനായിരുന്ന അദ്ദേഹം എറിയാട് വിമന്‍സ് അറബിക്കോളേജിന്റെ ആരംഭരൂപമായ മദ്‌റസത്തുല്‍ ബനാത്തിന്റെ രൂപീകരണത്തില്‍ നേതൃപരമായ പങ്കു വഹിച്ചിട്ടുണ്ട്. പ്രസ്തുത സ്ഥാപനം ഉണ്ടാക്കുന്നതിനു വേണ്ടി രൂപീകരിച്ച ക്രാങ്കനൂര്‍ ഇസ്ലാമിക് എജുക്കേഷണല്‍ ട്രസ്റ്റിന്റെ സ്ഥാപക മെമ്പര്‍മാരിലൊരാള്‍ കൂടിയായിരുന്നു. മുസ്ലിം പെണ്‍കുട്ടികള്‍ക്കു വേണ്ടി മാത്രം ഇങ്ങനെ ഒരു സ്ഥാപനം ഉയര്‍ന്നു വരുന്നതില്‍ സമുദായത്തിനകത്തുനിന്ന് കടുത്ത എതിര്‍പ്പ് ഉയര്‍ന്ന
ആ സമയത്ത് ട്രസ്റ്റ് അംഗങ്ങള്‍ ആദ്യം തന്നെ തങ്ങളുടെ പെണ്‍മക്കളെ അവര്‍ പഠിച്ചിരുന്ന സ്‌കൂളില്‍നിന്ന് പിന്‍വലിച്ച്
ഭൗതികവും ഇസ്ലാമികവുമായ വിദ്യാഭ്യാസം ഒരുമിച്ച് നല്‍കുന്ന ഈ സ്ഥാപനത്തില്‍ ചേര്‍ത്തു. അബ്ദുര്‍റഹ്മാന്‍ ഹാജിയും തന്റെ മകളെ മദ്‌റസത്തുല്‍ ബനാത്തില്‍ ചേര്‍ത്തു പഠിപ്പിച്ചു.
സ്‌കൂള്‍ അധ്യാപകനായിരുന്ന അദ്ദേഹം തനിക്ക് കിട്ടിയിരുന്ന ശമ്പളത്തില്‍നിന്ന് ഒരു വിഹിതം ഈ ബനാത്തിന് നല്‍കിക്കൊണ്ടിരുന്നു. അന്നൊക്കെ മാടവന മഹല്ല് തൃശൂര്‍ ജില്ലയിലെതന്നെ മാതൃകാ മഹല്ലായാണ് കണക്കാക്കപ്പെട്ടിരുന്നത്. അമ്പത് വര്‍ഷത്തിലധികമായി സകാത്തും ഫിത്വ്ര്‍ സകാത്തും ഉദ്ഹിയ്യത്തും സംഘടിതമായി ഈ മഹല്ലില്‍ നടന്നു വരുന്നു. ദീര്‍ഘകാലം അബ്ദുര്‍റഹ്മാന്‍ ഹാജിയായിരുന്നു മഹല്ല് പ്രസിഡന്റ്. ബനാത്തും പ്രസ്ഥാനവുമായി അടുത്ത് ബന്ധപ്പെട്ടിരുന്ന അക്കാലത്താണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടതും ജമാഅത്ത് നിരോധിക്കപ്പെട്ടതും.
ഉറച്ച കോണ്‍ഗ്രസ് അനുഭാവിയായിരുന്ന അദ്ദേഹം അന്നുമുതല്‍ സ്ഥാപനത്തോടും പ്രസ്ഥാനത്തോടും അകലം പാലിച്ചു തുടങ്ങുകയും മുജാഹിദ് പ്രസ്ഥാനവുമായി സഹകരിച്ചു തുടങ്ങുകയും ചെയ്തു. എങ്കിലും ജമാഅത്തെ ഇസ്ലാമിയോടും പ്രസ്ഥാന നേതാക്കളോടും മരണം വരെ ഗുണകാംക്ഷയുള്ള ആളായിരുന്നു അദ്ദേഹം.
 

 

കല്ലിങ്ങല്‍ മുഹമ്മദ് കുട്ടി

എടപ്പാള്‍ ഏരിയ അയിലക്കാട് ഹല്‍ഖയിലെ പ്രവര്‍ത്തകന്‍ കല്ലിങ്ങല്‍ മുഹമ്മദ് കുട്ടി സാഹിബ് തന്റെ 60-ാം വയസ്സിലാണ് പ്രസ്ഥാനവുമായി ബന്ധപ്പെടുന്നത്. നേരത്തേ സി.പി.ഐയിലും തുടര്‍ന്ന് സി.പി.എമ്മിലും അദ്ദേഹം സജീവമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. വിമര്‍ശിക്കാന്‍ വേണ്ടി പ്രബോധനം വായന ആരംഭിച്ച അദ്ദേഹം അതുവഴി ഇസ്ലാമിലും പ്രസ്ഥാനത്തിലും ആകൃഷ്ടനാവുകയായിരുന്നു.
ഐ.പി.എച്ച് സാഹിത്യങ്ങള്‍ മുഴുവന്‍ സെറ്റും ഏരിയയിലെ ഒരു പ്രവര്‍ത്തകന്‍ മുഖേന കരസ്ഥമാക്കി അതിന്റെ വായനയും പ്രചാരണവും ഒരുമിച്ചു നടത്തി. അടിസ്ഥാന സാഹിത്യത്തിലെ പല ഭാഗങ്ങളും മനഃപാഠമായിരുന്നു.
     തഫ്ഹീമുല്‍ ഖുര്‍ആന്റെ ഇരുപതിലധികം സെറ്റ് നാട്ടില്‍ തന്റെ സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി സമ്മാനിച്ചു. പ്രബോധനം വാരിക വായിക്കാന്‍ നാട്ടില്‍നിന്ന് 40-ഓളം കുടുംബങ്ങളെ കണ്ടെത്തി ഒറ്റയാള്‍ പ്രവര്‍ത്തനം തുടര്‍ന്നു.
പൗരപ്രമുഖനായിരുന്ന അദ്ദേഹം സാധാരണക്കാര്‍ക്കെന്ന പോലെ പ്രമുഖര്‍ക്കും പ്രസ്ഥാനത്തെ പരിചയപ്പെടുത്താന്‍ പലരുടെയും സഹായം തേടിയിരുന്നു. പരന്ന വായനയും വിപുലമായ വിജ്ഞാന ശേഖരവും ഭൗതിക പ്രത്യയശാസ്ത്ര ജീര്‍ണതകളെക്കുറിച്ച തന്റെ അനുഭവങ്ങളും സ്‌ക്വാഡ് പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹത്തെ ശ്രദ്ധേയനാക്കി.
അയിലക്കാട് ഹല്‍ഖയുടെ സ്ഥാപകനും പ്രഥമ നാസിമുമായിരുന്ന അദ്ദേഹം വിദ്യാര്‍ഥി - യുവജനങ്ങളെയും വനിതകളെയും കുട്ടികളെയും അവരുടേതായ മേഖലകളില്‍ വളര്‍ത്തിക്കൊണ്ടു വന്നു. ഹല്‍ഖയുടെയും എസ്.ഐ.ഒവിന്റെയും ഓഫീസിന് തുടക്കം കുറിച്ചതും അവസാനം വരെ അതിന്റെ ചെലവുകള്‍ വഹിച്ചതും അദ്ദേഹം തന്നെ.
രോഗശയ്യയിലായിരുന്ന മുഹമ്മദ് കുട്ടി സാഹിബ് തന്റെ കുടുംബത്തെയും സഹപ്രവര്‍ത്തകരെയും നാട്ടുകാരെയും ഉപദേശിച്ചത് പ്രസ്ഥാനത്തിന്റെ ആദര്‍ശമായിരുന്നു. കുടുംബത്തെ പ്രസ്ഥാന വഴിയില്‍ അണിനിരത്താന്‍ പ്രഥമ പരിഗണന നല്‍കി. 87-ാം വയസ്സില്‍ വിടപറയുമ്പോള്‍  ആ നിലയില്‍ കൃതാര്‍ഥനായിരുന്നു.

വി. അബ്ദുല്‍ ഖാദര്‍

 

ഹുസ്‌ന ഹൈദരലി

ഞങ്ങളുടെ പ്രിയങ്കരിയായ ഹുസ്‌ന ഹൈദരലി ഈ കഴിഞ്ഞ മാര്‍ച്ച് 29-ന് അല്ലാഹുവിലേക്ക് യാത്രയായി.  പണ്ഡിതനും എഴുത്തുകാരനുമായ ഹൈദരലി ശാന്തപുരത്തിന്റെയും യു.ടി ഫാത്തിമയുടെയും മകളായിരുന്ന ഹുസ്‌നത്തയുടെ വിയോഗവാര്‍ത്ത കണ്ണീരോടെയാണ് അല്‍ഖോബാറിലെ സഹപ്രവര്‍ത്തകര്‍ കേട്ടത്. പ്രവര്‍ത്തന രംഗത്ത് സജീവമായി നില്‍ക്കുമ്പോള്‍ 2017-ല്‍ ചികിത്സക്കായി നാട്ടില്‍ പോയ അവരുടെ ആത്മാര്‍ഥവും സ്‌നേഹമസൃണവുമായ  പെരുമാറ്റത്തെക്കുറിച്ച് മാത്രമേ എല്ലാവര്‍ക്കും പറയാനുള്ളൂ. വിശിഷ്ട സ്വഭാവങ്ങള്‍ക്കുടമയായിരുന്നു അവര്‍. സൗമ്യമായ പെരുമാറ്റവും ലാളിത്യവും  അവരുടെ പ്രകൃതമായിരുന്നു.
ജന്മം കൊണ്ട് ശാന്തപുരം സ്വദേശിനിയാണെങ്കിലും കര്‍മങ്ങള്‍ കൊണ്ട്  അല്‍ഖോബാറിലും  ഷാര്‍ജയിലും അബൂദബിയിലുമൊക്കെയാണ്  അവര്‍ നിറഞ്ഞുനിന്നത്.
ഉത്തരവാദിത്തങ്ങള്‍ വളരെ ആത്മാര്‍ഥതയോടും കൃത്യനിഷ്ഠയോടും കൂടി ചെയ്യുന്നതില്‍ ശ്രദ്ധാലുവായിരുന്നു. കാര്യനിര്‍വഹണത്തിനുള്ള നേതൃപാടവവും അവര്‍ക്കുണ്ടായിരുന്നു. പ്രവര്‍ത്തകര്‍ക്കിടയിലോ സുഹൃത്തുക്കള്‍ക്കിടയിലോ വല്ല വീഴ്ചയും കണ്ടാല്‍ അത് തിരുത്താന്‍ സ്‌നേഹപൂര്‍വം ഉപദേശിക്കും.
വായനയും പഠനവും അവരുടെ ശീലമായിരുന്നു. 2017-ല്‍ അസുഖബാധിതയാകുന്നതു വരെ അത് കൃത്യതയോടെ തുടര്‍ന്നു. മാസങ്ങള്‍ നീണ്ട ചികിത്സക്കു ശേഷം 2018-ല്‍ അസുഖം ഏതാണ്ട് ഭേദമായി. 2019-ല്‍ വീണ്ടും അസുഖം പിടിപെടുന്നതു വരെ കഴിവിന്റെ പരമാവധി കര്‍മരംഗത്ത് സജീവമാകാന്‍ ശ്രമം നടത്തിയിരുന്നു.
ഖുര്‍ആന്‍ പഠിക്കുന്നതിലും പഠിപ്പിക്കുന്നതിലും വളരെയധികം തല്‍പരയായിരുന്നു. ഖുര്‍ആന്‍ വിജ്ഞാന പരീക്ഷകളില്‍ സ്ഥിരമായി പങ്കെടുക്കുകയും മറ്റുള്ളവരെ പങ്കെടുപ്പിക്കുകയും ചെയ്യാറുണ്ടായിരുന്നു. ഖുര്‍ആന്‍, ഫിഖ്ഹ്, ചരിത്രം എന്നിവയില്‍ അഗാധമായ  അറിവിന്നുടമയായിരുന്നു. ഇത്തരം വിഷയങ്ങളില്‍ പലരും സംശയനിവാരണത്തിന് ഹുസ്‌നത്തയെ ബന്ധപ്പെടാറുണ്ടായിരുന്നു.
ഒരു ഇസ്ലാമിക പ്രവര്‍ത്തക എന്ന നിലക്ക് പ്രസ്ഥാനത്തിനും ദീനിനും വേണ്ടി സമര്‍പ്പിതമായിരുന്നു അവരുടെ ജീവിതം. പ്രസ്ഥാനത്തിനകത്തും പുറത്തും ഒരുപാട് നല്ല ബന്ധങ്ങള്‍ അവര്‍ കാത്തുസൂക്ഷിച്ചു. ഇസ്ലാമിക സമൂഹത്തിലും സഹോദര സമുദായത്തിലുമുള്ളവരെ ഹുസ്‌നത്തയും അവരുടെ നല്ലപാതി ഹമീദ് സാഹിബും  ചേര്‍ത്തു പിടിച്ചു. ഹമീദ് സാഹിബിന്റെ പല കര്‍മ മേഖലകളിലും അവരും ഒപ്പം സഞ്ചരിച്ചു. ആ കുടുംബവുമായി അടുത്തിടപഴകിയിട്ടുള്ളവര്‍ക്കെല്ലാം,  ഞങ്ങളോടാണ് ആ കുടുംബം ഏറ്റവുമടുത്ത ബന്ധം സൂക്ഷിക്കുന്നത് എന്ന് തോന്നുമായിരുന്നു.
16 വര്‍ഷം യു.എ.ഇയിലുണ്ടായിരുന്ന അവര്‍ ഷാര്‍ജയിലായിരിക്കുമ്പോള്‍ ഇസ്ലാമിക് കള്‍ച്ചറല്‍ സെന്റര്‍ വനിതാ വിംഗിന്റെ എക്‌സിക്യൂട്ടീവ് അംഗം ആയിട്ടുണ്ട്. വീണ്ടും ട്യൂമര്‍  പിടികൂടി അല്‍ഖോബാറില്‍ നിന്ന് തിരിച്ചുപോകുന്നതു വരെ 9 വര്‍ഷക്കാലം സ്ഥിരതാമസമായും വിസിറ്റിംഗ് ആയും അവര്‍ ഖോബാറില്‍ ഉണ്ടായിരുന്നു. തന്‍വീര്‍ യൂണിറ്റ് പ്രസിഡന്റായും അല്‍ഖോബാര്‍ സോണ്‍ വനിതാ വിഭാഗം പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
അല്‍ഖോബാര്‍ സോണല്‍ പ്രസിഡന്റായിരുന്ന താനൂര്‍ സ്വദേശി അബ്ദുല്‍ ഹമീദ് ആണ് ഭര്‍ത്താവ്.  മക്കള്‍: ആദില്‍ ഹമീദ്, സൈനബ് അമല്‍, ഫാത്വിമ ഹനാന്‍. മരുമകന്‍: അജ്മല്‍ പുറയത്ത്.

മുസ്‌ലിഹ ഹിശാം, അല്‍ഖോബാര്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-38 / സ്വാദ്‌ (18-23)
ടി.കെ ഉബൈദ്‌