Prabodhanm Weekly

Pages

Search

2021 ജൂണ്‍ 04

3204

1442 ശവ്വാല്‍ 23

സയണിസ്റ്റ് അതിക്രമങ്ങള്‍ക്കെതിരെ ഇത്തവണ ലോകം ഒറ്റക്കെട്ടായി

ഡോ. സൈഫുദ്ദീന്‍ കുഞ്ഞ്

പതിനൊന്നു ദിവസം നീണ്ട ഇസ്രയേല്‍ അതിക്രമത്തിനെതിരെ യൂറോപ്പ്, അമേരിക്ക, ആഫ്രിക്ക, ഏഷ്യ തുടങ്ങി ലോകത്തെല്ലായിടങ്ങളിലും ഇസ്രയേലിന്റെ ഭരണകൂട ഭീകരതക്കെതിരെ പ്രതിഷേധങ്ങളുയരുകയുണ്ടായി.
പല ലോകനേതാക്കളും മനുഷ്യാവകാശ സംഘടനകളും ഇസ്രയേല്‍ മസ്ജിദുല്‍ അഖ്‌സ്വാ പരിസരത്ത് നടത്തിയ അതിക്രമങ്ങളെ അപലപിച്ചിരുന്നു. റമദാനില്‍ മസ്ജിദുല്‍ അഖ്‌സ്വാ ആക്രമിച്ച ഇസ്രയേല്‍ അന്താരാഷ്ട്ര നിയമലംഘനം നടത്തിയെന്നും ഈ അതിക്രമം നിര്‍ത്തണമെന്നുമാണ് സ്‌കോട്ട്‌ലാന്റ് ഭരണാധികാരി നികോള സ്റ്റര്‍ജന്‍ അഭിപ്രായപ്പെട്ടത്.
സെറ്റ്‌ലര്‍ കൊളോണിയലിസം അവസാനിപ്പിക്കണമെന്നും എക്കാലവും ഫലസ്ത്വീന്‍ വിമോചനത്തിനായി ശബ്ദമുയര്‍ത്തുമെന്നും പ്രഖ്യാപിച്ച ബ്ലാക്ക് ലൈവ് മാറ്റേഴ്‌സ് പ്രസ്ഥാനവും ഫലസ്ത്വീനികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു. ശൈഖ് ജര്‍റാഹില്‍ ഇസ്രയേല്‍ നടത്താനിരുന്ന കുടിയൊഴിപ്പിക്കലും അധിനിവേശവും ഫലസ്ത്വീനികളുടെ പ്രതിഷേധവും നീതി തേടുന്ന  ലോക ജനതയുടെ സോഷ്യല്‍ മീഡിയാ കാമ്പയിനുകളും കാരണം സമ്മര്‍ദത്തിലായ സയണിസ്റ്റ് ഭരണകൂടത്തിനു മാറ്റിവെക്കേണ്ടിവന്നത് ഫലസ്ത്വീന്‍ ജനതയോടുള്ള ഐക്യദാര്‍ഢ്യത്തിന്റെ ശക്തി തെളിയിക്കുന്നു.
ഇസ്രയേലിനെ  റേസിസ്റ്റ് അപ്പാര്‍ത്തീഡ് ഭരണകൂടമെന്ന് വിശേഷിപ്പിച്ച ഐറിഷ് സോഷ്യലിസ്റ്റ് പാര്‍ട്ടി സിന്‍ ഫെയിന്‍ പ്രസിഡന്റ് മേരി ലൗ മാക്ഡൊണാള്‍ഡ് അധിനിവേശ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ ലോക ഭരണകൂടങ്ങള്‍ സമ്മര്‍ദം ചെലുത്തണമെന്നു ആവശ്യപ്പെട്ടു. ഡെന്മാര്‍ക്കിലെ ഫലസ്ത്വീന്‍ ഐക്യദാര്‍ഢ്യ സംഗമം ഗസ്സയില്‍ കൊല്ലപ്പെട്ട അറുപത്തേഴു കുട്ടികളുടെ മയ്യിത്ത് കട്ടിലുകളൊരുക്കി പ്രതീകാത്മകമായി പ്രതിഷേധിച്ചത് സമൂഹ മാധ്യമങ്ങളില്‍ കൂടുതല്‍ ഇടം പിടിച്ചിരുന്നു. നോര്‍വീജിയന്‍ പാര്‍ലമെന്റിന്റെ  മുമ്പില്‍ ബി.ഡി.എസ് മൂവ്‌മെന്റിന്റെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തില്‍ ആയിരങ്ങളാണ് പങ്കെടുത്തത്.  ഫലസ്ത്വീന്‍ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചു സംസാരിച്ച  മുന്‍ ഇസ്രയേല്‍ ഡിഫെന്‍സ് ഫോഴ്‌സ് പൈലറ്റും ഇപ്പോള്‍ മനുഷ്യാവകാശ പ്രവര്‍ത്തകനുമായ യോനാതന്‍ ശപിറ നോര്‍വീജിയന്‍ ഭരണകൂടം ഇസ്രയേല്‍ അധിനിവേശത്തെ  അപലപിക്കണമെന്നും ആവശ്യപ്പെട്ടു. ന്യൂയോര്‍ക്ക് നഗരത്തില്‍ നടന്ന പ്രതിഷേധ സംഗമത്തില്‍ നിരവധി ജൂതമതസ്ഥര്‍ പങ്കെടുക്കുകയും ഫലസ്ത്വീന്‍ വിമോചനത്തെക്കുറിച്ച് പ്രസംഗിക്കുകയും ചെയ്തിരുന്നു.
ഇസ്രയേലിന്റെ ആക്രമണത്തെ വേണ്ട രീതിയില്‍ അപലപിച്ചില്ലെങ്കിലും  ആക്രമണാനന്തരം ഈജിപ്ത്   അറുപത്തിയഞ്ച് ടണ്‍ ആരോഗ്യ സാമഗ്രികളും അമ്പത് ആംബുലന്‍സുകളും അയച്ചുകൊടുത്തത് ഗസ്സയെ സംബന്ധിച്ചേടത്തോളം ആശ്വാസകരമാണ്.
മര്‍ദക അപ്പാര്‍ത്തീഡ് ഭരണകൂടത്തിനു കീഴില്‍ തങ്ങള്‍ക്കു ജീവിക്കാനാവില്ലെന്ന ഫലസ്ത്വീനിന്റെ യു. എന്‍ അംബാസഡര്‍ റിയാദ് മന്‍സൂറിന്റെ പ്രസ്താവന ഫലസ്ത്വീന്‍ ജനത ഇന്നനുഭവിക്കുന്ന വേദനയുടെ നേര്‍ചിത്രമാണ്.
ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോകോ വിദോദോ ഇസ്രയേലിനെതിരെ യു.എന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.
ദ്വിരാഷ്ട്ര പരിഹാര ആശയത്തെ അനുകൂലിക്കുന്ന ചൈന പുതിയ സംഭവവികാസങ്ങളില്‍ ഇസ്രയേലിനോട് രൂക്ഷമായാണ് പ്രതികരിച്ചത്. ഗസ്സ ഉപരോധം അവസാനിപ്പിക്കാനും ഫലസ്ത്വീനികളുടെ അവകാശങ്ങളും സുരക്ഷയും ഉറപ്പു വരുത്താനും ചൈന ആവശ്യപ്പെട്ടു. കൂടാതെ ഇസ്രയേലിന്റെ ക്രൂരതകള്‍ക്ക് അമേരിക്ക കാരണക്കാരാണെന്നും കുറ്റപ്പെടുത്തി.
യു.എന്നിലെ ഇന്ത്യന്‍ പ്രതിനിധി ടി.എസ് ത്രിമൂര്‍ത്തിയുടെ പ്രസ്താവന ഇസ്രയേലിനെ മുറിവേല്‍പ്പിക്കാത്ത തരത്തിലുള്ളതായിരുന്നു. പതിറ്റാണ്ടുകളായി ഇന്ത്യ സ്വീകരിച്ചിരുന്ന ഫലസ്ത്വീന്‍ അനുകൂല നിലപാടില്‍ നിന്നുള്ള നയംമാറ്റങ്ങള്‍ കൂടുതല്‍ വ്യക്തമായി വരുകയാണ്.
ഗസ്സയിലെ പോരാളികളെ അനുമോദിച്ച് ഇറാന്‍ സുപ്രീം ലീഡര്‍ ഖാംനഈ നിരവധി ട്വീറ്റുകളാണ് ചെയ്തത്. മുസ്ലിം സമൂഹം സാമ്പത്തികമായും സൈനികമായും ഗസ്സയെ സഹായിക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ഫലസ്ത്വീന്‍ വിഷയത്തില്‍ എല്ലാ മുസ്ലിംകളും തങ്ങളുടെ  രാഷ്ട്രങ്ങളോട് കര്‍ത്തവ്യം നിര്‍വഹിക്കാന്‍ ആഹ്വാനം ചെയ്യണമെന്നും  അദ്ദേഹം പറഞ്ഞു. പാകിസ്താന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ ഫലസ്ത്വീന്‍ അതോറിറ്റി പ്രസിഡന്റ് മഹ് മൂദ് അബ്ബാസിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ഇസ്രയേലിന്റെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ അന്താരാഷ്ട്ര സമൂഹത്തെ ഉണര്‍ത്തേണ്ട അനിവാര്യത ഊന്നിപ്പറയുകയുമുണ്ടായി. പാകിസ്താന്‍ വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറൈശി ഗസ്സ സാഹചര്യത്തെ കശ്മീര്‍ പ്രശ്‌നവുമായി ചേര്‍ത്താണ് അപലപിച്ചത്.
കെനിയന്‍ തലസ്ഥാനമായ നെയ്റോബിയില്‍ നടന്ന പ്രതിഷേധപ്രകടനത്തെ പോലീസ് ശക്തിയുപയോഗിച്ചാണ് അടിച്ചമര്‍ത്താന്‍ ശ്രമിച്ചത്.
കോവിഡ് ഭീഷണി ശക്തമായതിനാല്‍ ഇന്ത്യയില്‍ പലയിടങ്ങളിലും ഓണ്‍ലൈന്‍ പ്രതിഷേധ പരിപാടികളാണ് നടന്നത്. കൂടാതെ ഫലസ്ത്വീന്‍ ചരിത്രവും ഇസ്രയേല്‍ രൂപീകരണവും സംബന്ധിച്ച പഠന ക്ലാസ്സുകള്‍ ആരംഭിക്കാന്‍  ഈ സംഭവം നിമിത്തമാവുകയും ചെയ്തു. ഇസ്രയേല്‍ ആക്രമണം നേരിട്ട ലബനാനിലും വന്‍ പ്രതിഷേധങ്ങള്‍ നടന്നു.
തുര്‍ക്കിയിലെ ഇസ്രയേല്‍ കോണ്‍സുലേറ്റിന്റെ മുമ്പില്‍ നൂറുകണക്കിന് ആളുകള്‍ തടിച്ചുകൂടി മുദ്രാവാക്യം മുഴക്കി. ധാക്കയിലും കൂറ്റന്‍ പ്രതിഷേധ പ്രകടനങ്ങളാണ് നടന്നത്.
പ്രശ്‌നങ്ങള്‍ കത്തിനില്‍ക്കുമ്പോള്‍ തന്നെ ഇസ്രയേലുമായി 735 മില്യന്‍ ഡോളറിന്റെ ആയുധ ഇടപാട് പ്രഖ്യാപിച്ച അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ നിലപാട് വിമര്‍ശനവിധേയമായി. അമേരിക്കയുടെ പിന്തുണയാണ്  ഫലസ്ത്വീനികള്‍ക്കു മേല്‍ അധീശത്വം സ്ഥാപിക്കാന്‍ ഇസ്രയേലിനെ സഹായിക്കുന്നതെന്ന് അമേരിക്കന്‍ കോണ്‍ഗ്രസ് അംഗം റാശിദ ത്വുലൈബ് അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്റെ മുഖത്തു നോക്കി പറഞ്ഞത് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. അമേരിക്കയുടെ നിശ്ശബ്ദതയെ ചോദ്യം ചെയ്ത അലക്‌സാണ്ട്രിയ കോര്‍ടെസ്, റാശിദ ത്വുലൈബ്, ഇല്‍ഹാന്‍ ഉമര്‍ തുടങ്ങിയവര്‍ ഇസ്രയേലിനുള്ള ഫണ്ടിംഗ് നിര്‍ത്തേണ്ടതുണ്ടെന്നും ഉണര്‍ത്തി.
ദ ബോര്‍ഡ് ഓഫ് ഡിറക്‌റ്റേഴ്‌സ് ഓഫ് ദി മിഡില്‍ ഈസ്റ്റ് സ്റ്റഡീസ് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (ങഋടഅ) ഇസ്രയേലിന്റെ അധിനിവേശത്തെയും അഹന്ത നിറഞ്ഞ നിലപാടിനെയും ശക്തമായി എതിര്‍ത്ത് രംഗത്തു വന്നു.  റേസിസ്റ്റ് അപ്പാര്‍ത്തീഡ് വ്യവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഫലസ്ത്വീനില്‍ സ്വതന്ത്ര അക്കാദമിക പശ്ചാത്തലവും വിദ്യാഭ്യാസം നേടാനുള്ള അവസരം സംജാതമാകില്ലെന്ന് ങഋടഅ ബോര്‍ഡ് പ്രസ്താവിച്ചു. നക്ബ എന്നത് ഒരു ഓര്‍മ അല്ലെന്നും ഇപ്പോഴും തുടരുന്ന ദുരന്തമാണെന്നും പ്രഫസര്‍ സരീ മഖ്ദീസി 'ദി നേഷന്‍' പത്രത്തിലെഴുതിയ  ലേഖനം ചിന്താര്‍ഹമാണ്. ഗസ്സയില്‍ നടത്തിയ ആക്രമണം ഇസ്രയേലിനു നഷ്ടവും പരാജയവുമല്ലാതെ ഒരു ഉപകാരവും ഉണ്ടായില്ലെന്നാണ് 'ഹാരെറ്റ്‌സ്' അടക്കമുള്ള പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ചിലിയന്‍ ഫുട്‌ബോള്‍ ക്ലബ് ഡീപോര്‍ട്ടീവോ പലസ്റ്റിനോ ഫലസ്ത്വീനിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മത്സരത്തിനു മുമ്പ് ഫലസ്ത്വീന്‍ കഫിയ ധരിച്ചു പ്രകടനം നടത്തിയിരുന്നു. യു.ഇ.എഫ്.എയുടെ മുന്നറിയിപ്പ് അവഗണിച്ച് ഫലസ്ത്വീന്‍ പതാക പ്രദര്‍ശിപ്പിച്ച സെല്‍റ്റിക് ഫുട്‌ബോള്‍ ആരാധകര്‍ ഫലസ്ത്വീന്‍ ചാരിറ്റി സംഘടനകള്‍ക്കായി 180000 യൂറോ ശേഖരിക്കുകയും ചെയ്തു. സദിയോ മാനെ, മുഹമ്മദ് സ്വലാഹ്, മെസ്യൂദ് ഓസില്‍, പോള്‍ പോഗ്ബ, ഡേവ് സിരീന്‍, റിയാദ് മഹ്‌രെസ്, ഖബീബ് നൂര്‍ മൊഗമദേബ്, മുഈന്‍ അലി തുടങ്ങി നിരവധി കായിക പ്രതിഭകളും ഫലസ്ത്വീനികള്‍ക്കാ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു.
കറുത്ത വംശജരെ വിമോചിപ്പിക്കാന്‍ ദക്ഷിണാഫ്രിക്കക്കു മേല്‍ ഉപരോധമേര്‍പ്പെടുത്തിയതുപോലെ ഇസ്രയേലിനെയും ഉപരോധത്തിലൂടെ നിയന്ത്രിക്കണമെന്ന് ശൈഖ് ജര്‍റാഹ് കുടിയൊഴിപ്പിക്കലിന്റെ പശ്ചാത്തലത്തില്‍ ഹോളിവുഡ് നടന്‍ മാര്‍ക്ക് റുഫല്ലോ അഭിപ്രായപ്പെട്ടു. മാര്‍ക് റുഫല്ലോക്കൊപ്പം ഇദ്രീസ് ആല്‍ബ അടക്കമുള്ള നിരവധി ഹോളിവുഡ് താരങ്ങളും സംവിധായകരും ഫലസ്ത്വീന്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകഴിഞ്ഞു. ഇറ്റലിയിലെ ലിവര്‍നോ നഗരത്തിലെ തൊഴിലാളി യൂണിയന്‍ ഇസ്രയേലിലേക്ക് ആയുധ സാമഗ്രികള്‍ കൊണ്ടുപോകുന്ന കാര്‍ഗോ ഷിപ്പുമായി സഹകരിക്കാന്‍ വിസമ്മതിച്ചത് വാര്‍ത്തയായിരുന്നു.
നക്ബ ദിവസമാചരിക്കാന്‍ ഫലസ്ത്വീനികളുടെ ആഹ്വാനം ചെവിക്കൊണ്ട ആയിരക്കണക്കിന് അമേരിക്കന്‍ ജൂതമതസ്ഥര്‍ പ്രതിഷേധ പ്രകടനങ്ങളില്‍ പങ്കെടുത്തതും എടുത്തു പറയേണ്ടതാണ്. യു.എസ് സെനറ്റര്‍ ബെര്‍നി സാന്‍ഡേഴ്‌സിന്റെ പ്രസ്താവനക്ക് കൂടുതല്‍ ശ്രദ്ധ ലഭിച്ചു.
2016-ല്‍ അമേരിക്കന്‍ സംസ്ഥാനമായ ജോര്‍ജിയ, ഇസ്രയേല്‍ ബഹിഷ്‌കരണം നിയമവിരുദ്ധമായി പ്രഖ്യാപിച്ചത് ഭരണഘടനാവിരുദ്ധമാണെന്ന കോടതിവിധി, കൗണ്‍സില്‍  ഓണ്‍ അമേരിക്കന്‍ - ഇസ്ലാമിക് റിലേഷന്‍സിന്റെ (ഇഅകഞ)  ജോര്‍ജിയന്‍ ഘടകം നടത്തിയ നിയമ പോരാട്ടത്തിന്റെ ഫലമാണ്. ആഉട പ്രസ്ഥാന പ്രവര്‍ത്തനങ്ങള്‍ തടയാനുള്ള ഭരണകൂടത്തിന്റെ ശ്രമങ്ങള്‍ വിജയിച്ചില്ല എന്നത് ഫലസ്ത്വീന്‍ അവകാശപ്പോരാട്ടങ്ങള്‍ക്കൊപ്പം നിലകൊള്ളുന്ന  അമേരിക്കക്കാര്‍ക്ക് സന്തോഷദായകമായ വാര്‍ത്തയാണ്.
ശൈഖ് ജര്‍റാഹിലെയും മസ്ജിദുല്‍ അഖ്‌സ്വായിലെയും ഇസ്രയേല്‍ അതിക്രമങ്ങളെ ഒ.ഐ.സിയും  വിമര്‍ശിച്ചിരുന്നു. ഇസ്രയേലീ നിയമലംഘനങ്ങളെയും യഹൂദ തീവ്രവാദികള്‍ക്ക് ഒത്താശ ചെയ്യുന്ന ഭരണകൂട നിലപാടിനെയും  അറബ് ലീഗും വിമര്‍ശിച്ചു. എന്നാല്‍ ഒ.ഐ.സി, അറബ് ലീഗ് വിമര്‍ശനങ്ങള്‍ സമകാലിക സാഹചര്യത്തില്‍ കാര്യമായ  സ്വാധീനമൊന്നും ഉളവാക്കാത്തതാണ്. തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ മാര്‍പ്പാപ്പ ഫ്രാന്‍സിസുമായി  ഇസ്രയേലിന്റെ അധിനിവേശ ശ്രമങ്ങളെ കുറിച്ച് സംസാരിച്ചിരുന്നു. യു.എസ് - ഇസ്രയേല്‍ ആയുധ ഇടപാടിനെ വിമര്‍ശിച്ച ഉര്‍ദുഗാന്‍ ജോ ബൈഡന്റെ കരങ്ങള്‍ രക്തപങ്കിലമായെന്നു പറഞ്ഞു. ജറൂസലം പ്രശ്‌നപരിഹാരത്തിനായി  മൂന്ന് മതവിഭാഗങ്ങളിലുമുള്ള പ്രതിനിധികളുടെ ഒരു സംയുക്ത സമിതി രൂപീകരിക്കേണ്ടതുണ്ടെന്ന ആവശ്യവും അദ്ദേഹം മുന്നോട്ടു വെച്ചു. ഇസ്രയേലിന്റെ അതിക്രമത്തിനെതിരെ ശബ്ദമുയര്‍ത്താത്തവരാരും പശ്ചിമേഷ്യന്‍ സമാധാന ശ്രമങ്ങളെക്കുറിച്ച് സംസാരിക്കരുതെന്നാണ് തുര്‍ക്കി വിദേശകാര്യമന്ത്രി  പ്രസ്താവിച്ചത്.
ഗസ്സക്കു വേണ്ടി കുവൈത്തില്‍ നടന്ന കാമ്പയിനില്‍ ആറു മണിക്കൂറിനുള്ളില്‍ 36 മില്യന്‍ ഡോളറാണ് ശേഖരിക്കപ്പെട്ടത്. കൂടാതെ ഇസ്രയേലിനെ അനുകൂലിക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റമായി നിയമം പാസ്സാക്കുകയും ചെയ്തത് മറ്റു ജി.സി.സി രാജ്യങ്ങളില്‍ നിന്നും കുവൈത്തിനെ വ്യത്യസ്തമാക്കുന്നു.
സുഡാനിലും സ്ത്രീകളുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുകയും ആഭരണങ്ങള്‍ അടക്കം ഗസ്സക്കായി അവര്‍ സംഭാവന നല്‍കുകയും ചെയ്തു. ഡര്‍ബന്‍ ഇന്റര്‍നാഷ്‌നല്‍ ഫിലിം ഫെസ്റ്റിവലില്‍ നിന്നും ഇസ്രയേലീ സംവിധായകന്‍ യകി അയലോനിനെ ഒഴിവാക്കിയതും ഈ സാഹചര്യത്തില്‍ ശ്രദ്ധേയമായ മാറ്റമാണ്.
വെടിനിര്‍ത്തലിനു ശേഷം നടന്ന വിജയാഹ്ലാദത്തില്‍ ഹമാസ്, ഇസ്ലാമിക് ജിഹാദ്, ഫത്ഹ്, പോപ്പുലര്‍ ഫ്രണ്ട് ഫോര്‍ ദി ലിബറേഷന്‍ ഓഫ് പാലസ്റ്റീന്‍ തുടങ്ങിയ സംഘടനകളുടെ പതാകകള്‍ കണ്ടത് ഫലസ്ത്വീനികളുടെ പൊതു വികാരം പ്രകടമാക്കുന്നതായിരുന്നു. മസ്ജിദുല്‍ അഖ്‌സ്വായിലെ അതിക്രമത്തില്‍ പ്രതിഷേധിച്ച് ഫലസ്ത്വീന്‍ ക്രിസ്ത്യാനികളുടെ പിന്തുണ അറിയിച്ച കത്തോലിക്കാ പുരോഹിതന്‍ മാനുവല്‍ മുസല്ലം യുദ്ധ സാഹചര്യത്തില്‍ സ്വന്തം ജനതയോട് ഒരുമിച്ചു നില്‍ക്കാത്തവര്‍ സമാധാന പശ്ചാത്തലത്തില്‍ കൂടെ നില്‍ക്കാന്‍ അര്‍ഹതയില്ലാത്തവരാണെന്നു പ്രസ്താവിച്ചു. ഫലസ്ത്വീന്‍ അവകാശ പോരാട്ടത്തിനുള്ള ഇടതുപക്ഷ രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയും പ്രസ്താവ്യമാണ്.
250-ലധികം നിയമ വിദഗ്ധരും അഭിഭാഷകരും അന്താരാഷ്ട്ര ക്രിമിനല്‍ കോടതിക്ക് അയച്ച കത്തില്‍ ഫലസ്ത്വീനിലും, വിശിഷ്യാ ശൈഖ് ജര്‍റാഹിലും ഇസ്രയേല്‍ തുടരുന്ന അതിക്രമങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. ഫലസ്ത്വീനിയന്‍ യുവ കവി മുഹമ്മദ് അല്‍ കുര്‍ദ് സി.എന്‍.എന്‍, എം.എസ്.എന്‍. ബി.സി, ഡെമോക്രസി നൗ തുടങ്ങിയ ചാനലുകളില്‍ ശൈഖ് ജര്‍റാഹിലെ ഇസ്രയേല്‍ അധിനിവേശത്തെക്കുറിച്ച് സംസാരിച്ചതിനാല്‍ ഇസ്രയേല്‍ സൈന്യം ബലം പ്രയോഗിച്ച് അദ്ദേഹത്തെ വീട്ടില്‍ നിന്ന് പിടിച്ചിറക്കി ശൈഖ് ജര്‍റാഹില്‍ നിന്ന് പുറത്താക്കിയത് ഏറെ വിവാദമായിരുന്നു. കശ്മീരില്‍ ഫലസ്ത്വീന്‍ ഐക്യദാര്‍ഢ്യ സൂചകമായി  മുദസ്സിര്‍ ഗുല്‍ എന്ന കലാകാരന്‍ വരച്ച ചിത്രങ്ങള്‍ പോലീസ് അദ്ദേഹത്തെ കൊണ്ടു തന്നെ മായ്പ്പിച്ചതും പിന്നീട്  അറസ്റ്റ് ചെയ്തതും വാര്‍ത്തയായി.
ഇസ്രയേലിന്റെ മനുഷ്യാവകാശ ധ്വംസനങ്ങളെ അനുകൂലിക്കുന്ന സ്ഥാപനങ്ങളുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്ന് 250 ഗൂഗ്ള്‍ ജീവനക്കാര്‍ കമ്പനിയോട് ആവശ്യപ്പെട്ടതും ശ്രദ്ധേയമായി. ഗസ്സയില്‍ അല്‍ - ജസീറ, അസോസിയേറ്റഡ് പ്രസ് തുടങ്ങിയ മാധ്യമങ്ങളുടെ ഓഫീസ് കെട്ടിടം ഇസ്രയേല്‍ തകര്‍ത്തിട്ടും അത് മാധ്യമരംഗത്ത് വലിയ കോളിളക്കം സൃഷ്ടിച്ചില്ല എന്നത്  മാധ്യമങ്ങളുടെ ഇസ്രയേലീ വിധേയത്വത്തെയാണ് സൂചിപ്പിക്കുന്നത്. ഗസ്സയിലെ ഖത്തര്‍ റെഡ് ക്രെസന്റ് ഓഫീസ് കെട്ടിടം തകര്‍ത്തതില്‍ രൂക്ഷമായ ഭാഷയിലാണ് ഖത്തര്‍ പ്രതികരിച്ചത്.
മെയ് 23-ന് ന്യൂയോര്‍ക്ക് ടൈംസ് ഫലസ്ത്വീന്‍ ദുരിതപര്‍വം ചിത്രീകരിക്കുന്ന ലേഖനം ആദ്യ പേജില്‍ തന്നെ പ്രസിദ്ധീകരിച്ചത് ആദ്യത്തെ സംഭവമാണ്. എന്നാല്‍ ഇസ്രയേലിന്റെ അതിക്രമത്തെ അപലപിച്ച ഫലസ്ത്വീന്‍ വംശജ ബെല്ല ഹദിദ്, അല്‍ബേനിയന്‍ വംശജ ദുആ ലിപ പോലുള്ള സെലിബ്രിറ്റികളുടെ പ്രസ്താവനയെ വിമര്‍ശിച്ച ന്യൂയോര്‍ക്ക് ടൈംസ്, 'രണ്ടാം ഹോളോകാസ്റ്റിനു തയാറെടുക്കുന്ന' ഹമാസിനെ എന്തുകൊണ്ട് വിമര്‍ശിക്കുന്നില്ല എന്ന ആശയത്തില്‍ ലേഖനം പ്രസിദ്ധീകരിച്ചത് ബാലന്‍സ് ചെയ്യാനുള്ള ശ്രമമായിരുന്നു. ഈ പ്രക്ഷുബ്ധമായ സാഹചര്യത്തില്‍ ഫലസ്ത്വീന്‍ അനുകൂല വാര്‍ത്തകളും പ്രസ്താവനകളും ഫേസ്ബുക്ക് നീക്കം ചെയ്യുന്നതായി പരാതികള്‍ ഉയരുന്നതും ഗൗരവത്തില്‍ കാണേണ്ടതാണ്.
മെഹ്ദി ഹസന്റെ ഹമാസിനെക്കുറിച്ച പുതിയ ഡോക്യുമെന്ററി വസ്തുതാവിരുദ്ധമായ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്. ഇസ്രയേലാണ് ഹമാസിന്റെ രൂപീകരണത്തിനു പിന്നില്‍ എന്ന ആരോപണം ഉന്നയിച്ച 'ബ്ലോബാക്ക്' പരിപാടി കൂടുതല്‍ വിവാദമായി. പൊതുവെ ഫലസ്ത്വീന്‍ അനുകൂല നിലപാട് സ്വീകരിക്കുന്ന മെഹ്ദി ഹസന്‍ പക്ഷേ ഹമാസിന്റെ ചെറുത്തുനില്‍പ്പിനെ അവഗണിക്കുകയാണ് ചെയ്യുന്നത്. സമാധാനകാംക്ഷിയായ സെക്യുലരിസ്റ്റായി യാസിര്‍ അറഫാത്തിനെ ഉയര്‍ത്തിക്കാട്ടുന്ന മെഹ്ദി ഹസന്റെ, മാനസിക- ശാരീരിക രോഗങ്ങള്‍ക്കടിപ്പെട്ട 'റാഡിക്കല്‍ ഇസ്ലാമിസ്റ്റ്' ആണ് ശൈഖ് അഹ്മദ് യാസീന്‍ എന്ന വിശകലനം മാധ്യമങ്ങളിലെ ഓറിയന്റലിസ്റ്റ് സ്വാധീനത്തിന്റെ പിന്തുടര്‍ച്ച മാത്രമാണെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.
പതിവു പോലെയുള്ള, ഹമാസ്  ഗസ്സന്‍ സമൂഹത്തെ പരിചയായി ഉപയോഗിക്കുന്നു എന്ന ആരോപണത്തെ സാമൂഹിക മാധ്യമങ്ങള്‍ ഇത്തവണ ശക്തമായാണ് നേരിട്ടത്. ഗസ്സയിലെ ജനങ്ങള്‍ക്ക് സഞ്ചാര സ്വാതന്ത്ര്യവും ജീവിക്കാനുള്ള അവകാശവും പോലും നല്‍കാത്ത ഇസ്രയേല്‍ ഭരണകൂടത്തെ ചെറുക്കുന്ന ഹമാസിന്റെ പ്രതിരോധത്തെ മര്‍ദകനു വേണ്ടി തള്ളിക്കളയുന്ന സമീപനമാണിതെന്നതാണ് യാഥാര്‍ഥ്യം.
ജെ.എന്‍.യു പ്രഫസറും ഇസ്രയേല്‍കാര്യ വിദഗ്ധനുമായ കുമാരസ്വാമി 'ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സി'ലും 'ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ്സി'ലുമെഴുതിയ  രണ്ടു ലേഖനങ്ങളും ഹമാസിനെ ഭീകരവത്കരിക്കുകയാണ് ചെയ്തിരിക്കുന്നത്. 'ഹമാസിനെ ഇന്ത്യ അംഗീകരിക്കേണ്ടതുണ്ടോ?' എന്ന ലേഖനത്തില്‍ ബന്ധം വഷളാകാതിരിക്കാന്‍  ഔദ്യോഗിക നയതന്ത്ര അംഗീകാരം നല്‍കാതെ സെക്യൂരിറ്റി ഏജന്‍സികള്‍ മുഖേന ബന്ധം സ്ഥാപിക്കേണ്ട സാഹചര്യം ഉടലെടുത്തിട്ടുണ്ട് എന്നദ്ദേഹം കുറിക്കുന്നു. ഹമാസിന്റെ സാന്നിധ്യം ഒരു വിധത്തിലുമുള്ള സമാധാനം ലഭ്യമാക്കാന്‍ സാധിക്കുകയില്ല എന്ന ആശയം ചര്‍ച്ച ചെയ്യുന്ന ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ്സിലെഴുതിയ ലേഖനത്തിലും രൂപീകരിക്കപ്പെട്ടതിനു ശേഷം ഇതുവരെയും മനുഷ്യാവകാശ ധ്വംസനവും അന്താരാഷ്ട്ര നിയമലംഘനവും നടത്തുന്ന ഇസ്രയേലിനെ വിമര്‍ശിക്കുന്നില്ല എന്നത് കുമാരസ്വാമിയുടെ ഫലസ്ത്വീന്‍ നിലപാട് വ്യക്തമാക്കുന്നുണ്ട്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-38 / സ്വാദ്‌ (18-23)
ടി.കെ ഉബൈദ്‌