Prabodhanm Weekly

Pages

Search

2021 ജൂണ്‍ 04

3204

1442 ശവ്വാല്‍ 23

പറിച്ചുനടല്‍

ജി.കെ എടത്തനാട്ടുകര

(ജീവിതം - 20)

ജ്യേഷ്ഠന്‍ ഇസ്ലാം സ്വീകരിച്ച കാര്യം  നാട്ടുകാരും ബന്ധുക്കളും ക്രമേണ അറിഞ്ഞു തുടങ്ങി. അടക്കിപ്പിടിച്ച എതിര്‍പ്പുകള്‍ ഉണ്ടായിക്കൊണ്ടിരുന്നു. പലരുടെയും 'കുത്തു വാക്കുകള്‍' കേള്‍ക്കേണ്ടി വന്നു. കുട്ടികളെ അത് സാരമായി ബാധിക്കും എന്ന അവസ്ഥയിലേക്ക് നീങ്ങി.
ജ്യേഷ്ഠന്റെ ചെറിയ മകന്‍ ജിഷ്ണു അവന്റെ ചെറിയ മനസ്സിലുണ്ടായ 'പോറല്‍' ഓര്‍ത്തു പറഞ്ഞത് ഇങ്ങനെ: 'മുസ്‌ലിംകളല്ലാത്ത കൂട്ടുകാര്‍ പറയും അവന്‍ മുസ്ലിമാണ്, അവനെ ഒപ്പം കൂട്ടണ്ട. മുസ്‌ലിം കൂട്ടുകാര്‍ പറയും അവന്‍ ഹിന്ദുവാണ്, അവനെ ഒപ്പം കൂട്ടണ്ട.'
അവരെന്തിനാണിങ്ങനെ പറയുന്നത് എന്നൊന്നും അവനറിയുമായിരുന്നില്ല. എല്ലാവരും ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്നതായി അനുഭവപ്പെട്ടു. അവിടെ നിന്നു കൊണ്ട് ദൈവികമായ അധ്യാപനപ്രകാരം ജീവിക്കാനും മക്കളെ അതിനനുസരിച്ച് വളര്‍ത്താനും പ്രയാസമായിരിക്കും എന്ന് വ്യക്തമായിക്കൊണ്ടിരുന്നു.
പിന്നീടുണ്ടായ വ്യത്യസ്തമായ സംഭവങ്ങളാണ് താമസം മാറുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ കാരണമായത്. അതൊരു വല്ലാത്ത പരീക്ഷണ ഘട്ടമായിരുന്നു. കാരണം, മാറുന്നതോടുകൂടി തറവാട് ശൂന്യമാകും. കുടുംബങ്ങള്‍ ഒരുമിച്ചു കൂടുന്ന കേന്ദ്രമാണല്ലോ തറവാട്. കളിച്ചും ചിരിച്ചും, ഇണങ്ങിയും പിണങ്ങിയും, കൊണ്ടും കൊടുത്തും എന്തെല്ലാം സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച കേന്ദ്രമാണത്! സഹോദരിമാരുടെ കാര്യമോര്‍ത്ത് പലപ്പോഴും കണ്ണുകള്‍ നിറഞ്ഞിട്ടുണ്ട്. മാറുകയല്ലാതെ നിര്‍വാഹമില്ല.
തണലില്‍ നില്‍ക്കുന്ന ഒരു ചെടിയും വളരുകയില്ല എന്നത് പ്രകൃതി നല്‍കുന്ന പാഠമാണ്. അങ്ങനെ വരുമ്പോള്‍, പറ്റുന്നിടത്തേക്ക് പറിച്ചുനടലാണ് പരിഹാരം.
വേരുറച്ചിടത്തു നിന്ന് പറിച്ചെടുക്കുമ്പോള്‍ വേരുകള്‍ പൊട്ടും. വേരുകള്‍ പൊട്ടുമ്പോഴുണ്ടാവുന്ന വേദന സ്വാഭാവികമാണല്ലോ.
മാറിത്താമസിക്കാന്‍ തീരുമാനമെടുക്കുന്നതിനു മുമ്പ് പല ആശങ്കകളും ജ്യേഷ്ഠന്‍ പങ്കുവെച്ചിരുന്നു. നിലവിലുള്ള കച്ചവടം തുടരാന്‍ കഴിയുമോ? കഴിഞ്ഞില്ലെങ്കില്‍ പിന്നെ എന്തു ചെയ്യും? കുട്ടികളുടെ പഠനം, വീട് തുടങ്ങി പല കാര്യങ്ങളും. അത് സ്വാഭാവികമാണല്ലോ. ഇത്തരം ഒരു ഘട്ടത്തില്‍, 'ഒന്നുകൊണ്ടും പേടിക്കേണ്ട, എല്ലാം റെഡിയാണ് 'എന്ന് വാഗ്ദാനം ചെയ്യാന്‍ നിര്‍വാഹമില്ലല്ലോ.
എന്തു ചെയ്യണമെന്നറിയാതെ ചാഞ്ചാടിക്കൊണ്ടിരുന്ന ആ  സന്ദര്‍ഭത്തില്‍ ഒരേ ഒരു വാഗ്ദാനമാണ് നല്‍കിയത്. വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിച്ചു തന്നതാണത്.
'ഈ അണ്ഡകടാഹങ്ങളെ കൊണ്ടു നടക്കുന്ന പടച്ചവന്‍ വിചാരിച്ചാല്‍, എടത്തനാട്ടുകരയിലുള്ള നിന്റെ ഒരു പ്രശ്‌നം പരിഹരിക്കല്‍ ഒരു വിഷയമാണോ?'
ഇറങ്ങിപ്പുറപ്പെടാന്‍ ആത്മവിശ്വാസം കിട്ടിയത് ഈ വാക്കുകളില്‍ നിന്നാണെന്ന് പിന്നീട് ജ്യേഷ്ഠന്‍ പറഞ്ഞിരുന്നു. ഏതൊരു പ്രതിസന്ധി വരുമ്പോഴും മനസ്സിലുണ്ടാവാറുള്ള ഒരു ചിന്തയാണത്. വിശുദ്ധ ഖുര്‍ആനിലെ മൂന്നാം അധ്യായം നൂറ്റി അറുപതാം സൂക്തം ആ കാര്യം കൂടിയാണല്ലോ വ്യക്തമാക്കുന്നത്. അതില്‍ പറയുന്നു: 'ദൈവം നിങ്ങളെ സഹായിക്കുന്നുവെങ്കില്‍ പിന്നെ നിങ്ങളെ തോല്‍പിക്കാനാര്‍ക്കും കഴിയില്ല. അവന്‍ നിങ്ങളെ കൈവെടിയുന്നുവെങ്കില്‍ പിന്നെ നിങ്ങളെ സഹായിക്കാന്‍ അവനെക്കൂടാതെ ആരാണുള്ളത്? അതിനാല്‍ സത്യവിശ്വാസികള്‍ ദൈവത്തില്‍ ഭരമേല്‍പിക്കട്ടെ.'
ജീവിതത്തില്‍ ഏറ്റവും അധികം ധൈര്യം നല്‍കുന്ന ഖുര്‍ആന്‍ വചനങ്ങളിലൊന്നാണിത്.
അങ്ങനെ, ആരില്‍ നിന്നും ഒന്നും പ്രതീക്ഷിക്കാതെ, ദൈവത്തെ മാത്രം ലക്ഷ്യം വെച്ച് ഇറങ്ങാന്‍ തീരുമാനിച്ചു. അതിനുള്ള മുന്നൊരുക്കങ്ങള്‍ തുടങ്ങി.
ഒരു വ്യക്തി മാറി താമസിക്കുന്നതു പോലെയല്ലല്ലോ ഒരു കുടുംബം മാറിത്താമസിക്കുന്നത്. ഒരു തറവാടിനെയും കുടുംബത്തെയും കേന്ദ്രീകരിച്ച് എന്തെല്ലാം കെട്ടുപാടുകളും ബന്ധങ്ങളുമുണ്ടാവും. കുട്ടികള്‍ വരെ വലിയ മാനസിക പ്രയാസങ്ങളാണ് അനുഭവിച്ചത്.
ബന്ധുക്കളെയും അയല്‍ക്കാരെയും സുഹൃത്തുക്കളെയുമൊക്കെ വിട്ടു പോകുന്നതോര്‍ത്ത് സങ്കടപ്പെട്ട് കരഞ്ഞ കാര്യം രേശ്മ സൂചിപ്പിച്ചിരുന്നു.
സഹോദരിമാരും ബന്ധുക്കളുമെല്ലാം വലിയ വിഷമത്തിലായി. അയല്‍ക്കാരും സങ്കടത്തിലായിരുന്നു. ഒരു ഗ്രാമീണ അന്തരീക്ഷത്തില്‍ വളര്‍ന്ന കളങ്കമില്ലാത്ത ബന്ധങ്ങളായിരുന്നു അതിനു കാരണം.
സന്മാര്‍ഗ പാതയിലെ ഏറ്റവും വലിയ പ്രയാസം എതിര്‍പ്പുകളോ ഭീഷണികളോ ആയിരുന്നില്ല;  സ്‌നേഹബന്ധങ്ങളും കണ്ണീരുമായിരുന്നു. വെറുപ്പോടെ ആട്ടിയോടിച്ചാല്‍ ഓടിപ്പോരാന്‍ എളുപ്പമാണ്. കണ്ണീരോടെ ചേര്‍ത്തു പിടിച്ചാലോ, കുതറിപ്പോരല്‍ എളുപ്പമല്ല.
'ബലി' എന്ന ആത്മീയ പ്രയോഗത്തിന്റെ പൊരുള്‍ അനുഭവിച്ചറിഞ്ഞ സന്ദര്‍ഭമായിരുന്നു അത്. ഏറ്റവും പ്രിയപ്പെട്ടതിനെയും വേണ്ടി വന്നാല്‍ സത്യത്തിന്റെ മാര്‍ഗത്തില്‍ ത്യജിക്കലാണല്ലോ ബലിയുടെ ഉള്ളടക്കം.
ഒരു ഭാഗത്ത് സത്യവിശ്വാസവും പരലോകവും. മറുഭാഗത്ത് സ്‌നേഹ ബന്ധങ്ങളും ഇഹലോകവും. ഏത് തെരഞ്ഞെടുക്കും എന്ന  ചോദ്യത്തെ അഭിമുഖീകരിച്ച നിര്‍ണായക സന്ദര്‍ഭമായിരുന്നു അത്.
രക്തം ചിന്താതെ ഒരു കുഞ്ഞും ജനിക്കുകയില്ല, തോട് പൊട്ടാതെ ഒരു വിത്തും മുളക്കുകയില്ല. ഇതെല്ലാം പ്രകൃതി നല്‍കുന്ന പാഠങ്ങളാണ്. ഇഷ്ടപ്പെട്ട മാര്‍ഗത്തില്‍ കഷ്ടപ്പെട്ടാലേ ലക്ഷ്യത്തിലെത്തൂ. സത്യം, നന്മ, ധര്‍മം പോലെയുള്ള മൂല്യങ്ങളുടെ മാര്‍ഗം അങ്ങനെയാണ്. അതിന് പകരമാണ് സ്വര്‍ഗം. സ്വര്‍ഗം വിലപ്പെട്ടതാണ്. അതിന് അതിന്റേതായ വില കൊടുക്കണം. സ്വര്‍ഗത്തിന് പകരമായി നിശ്ചയിച്ച വിലയാണ് 'ത്യാഗം.' ഖുര്‍ആനില്‍ പല ഭാഗങ്ങളിലായി ഇത് പഠിപ്പിക്കുന്നുണ്ട്.
ഈ സന്ദര്‍ഭങ്ങളിലെല്ലാം അമ്മയില്‍ കണ്ട ഒരു പ്രത്യേകതയുണ്ട്. നാടും വീടും വിട്ടു പോകുമ്പോഴുണ്ടാവുന്ന വിരഹ ദുഃഖം സ്വാഭാവികമാണല്ലോ. എന്നാല്‍, അമ്മയില്‍ അങ്ങനെ ഒന്ന് പ്രകടമായിരുന്നില്ല. വിശ്വസിച്ചതിനനുസരിച്ച് ജീവിക്കാന്‍ പറ്റുന്ന എങ്ങോട്ട് പോകാനും തയാറായ ഒരു മനസ്സായിരുന്നു അമ്മക്ക്. അതിനുള്ള ഒരു വെമ്പല്‍ പ്രകടമായിരുന്നു. അതേ സമയം, മറ്റുള്ളവരുടെ പരലോകത്തെക്കുറിച്ച് പറഞ്ഞ് കരയുകയും ചെയ്യും. ഇസ്ലാം പഠിപ്പിക്കുന്ന വിശ്വാസത്തിന്റെ കാതലായൊരു വശമാണല്ലോ അത്. അതാണ് ശരിയായ നിലപാട് എന്ന് പിന്നീട് തോന്നിയിട്ടുണ്ട്. കാരണം, മാറിത്താമസിക്കുമ്പോഴുണ്ടാകുന്ന വിരഹ ദുഃഖമൊക്കെ താല്‍ക്കാലികം മാത്രമാണല്ലോ. പരലോക നഷ്ടമോ? അതാണല്ലോ ശാശ്വതം. മറ്റുള്ളവരുടെ പരലോകത്തെക്കുറിച്ച് അധികം ആരും ചിന്തിക്കാറില്ല എന്നതാണ് വാസ്തവം. അമ്മ പക്ഷേ,നേരെ തിരിച്ചായിരുന്നു.
കുറേ വായിച്ചറിഞ്ഞിട്ടുണ്ടെങ്കിലും, അമ്മയില്‍ നിന്നാണ് ഇസ്‌ലാമിന്റെ ഇത്തരത്തിലുള്ള ആന്തരികമായ ചില തലങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞത്.
ജനം വഴി തെറ്റി ജീവിക്കുന്നതു കണ്ട്, പ്രവാചകന്‍ അസ്വസ്ഥനാവുക മാത്രമല്ല ചെയ്തത്, സ്വയം ജീവന്‍ കളയുമോ എന്നിടത്തോളം ആയിപ്പോയി എന്നാണ് ഖുര്‍ആന്‍ പറഞ്ഞത്. പ്രവാചകന്റെ ആ മനസ്സിനെ അമ്മയിലൂടെയാണ് തൊട്ടറിയാന്‍ കഴിഞ്ഞത്.
എന്തായാലും ഒന്നും വകവക്കാതെ, വിശ്വാസ സംരക്ഷണം മാത്രം ലക്ഷ്യം വെച്ച് മാറിത്താമസിക്കാന്‍ തീരുമാനിച്ചു. മാനസികമായി എല്ലാവരും അതിനൊരുങ്ങി. 

(തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-38 / സ്വാദ്‌ (18-23)
ടി.കെ ഉബൈദ്‌