Prabodhanm Weekly

Pages

Search

2021 ജൂണ്‍ 04

3204

1442 ശവ്വാല്‍ 23

ഫലസ്ത്വീനികളുടേത് അര്‍ഹിച്ച വിജയം

മുനീര്‍ ശഫീഖ്    

ഗസ്സയിലെ ഫലസ്ത്വീന്‍ ജനതക്ക്, ഫലസ്ത്വീന്റെ ചരിത്രപരമായ അതിര്‍ത്തികള്‍ക്കകത്ത് കഴിയുന്നവര്‍ക്ക്, ലോകമൊട്ടുക്കുമുള്ള ഫലസ്ത്വീനിയന്‍ പ്രവാസ സമൂഹങ്ങള്‍ക്ക്, അഭയാര്‍ഥികളായി വിവിധ രാജ്യങ്ങളില്‍ കഴിയുന്നവര്‍ക്ക് തീര്‍ച്ചയായും വിജയചിഹ്നം ഉയര്‍ത്താന്‍ അവകാശമുണ്ട്. യാതൊരു ഉപാധികളുമില്ലാതെ ഇസ്രയേല്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചെങ്കില്‍ അത് ഫലസ്ത്വീനികളുടെ വിജയമാണ്. ഉറപ്പായും ജയിച്ചെന്ന് പറയുമ്പോള്‍ അതിനെ കേവല ഭാവനാ വിലാസമോ അതിശയോക്തിയോ ആയി കാണരുത്. മനോവീര്യമുയര്‍ത്താനുള്ള ജല്‍പ്പനങ്ങളുമല്ല ഇത്. കഴിഞ്ഞ റമദാന്‍ മാസം മുതല്‍ ഇന്നു വരെയുള്ള ദിവസങ്ങളില്‍ പോരാട്ട ഭൂമിയില്‍ നടന്ന സംഭവങ്ങളെ വസ്തുനിഷ്ഠമായി വിശകലനം ചെയ്തുകൊണ്ടു തന്നെയാണ് ഇത് പറയുന്നത്.
ഖുദ്‌സിലെ ദമസ്‌കസ് ഗെയ്റ്റ് പരിസരത്ത് ഇരുമ്പ് ബാരിക്കേഡുകള്‍ നിരത്തി നിയന്ത്രണം ഏറ്റെടുക്കാന്‍ അധിനിവേശകര്‍ ശ്രമിച്ചപ്പോഴാണ് ചെറുത്തുനില്‍പ്പ് ആരംഭിച്ചത്. ഫലസ്ത്വീനികള്‍ കടന്നുവരാറുള്ള ഇടുങ്ങിയ നടപ്പാതയും അധിനിവേശകര്‍ അടച്ചു. ഖുദ്‌സിലെ യുവതയുടെ തിരിച്ചടി എത്രത്തോളം ശക്തമായിരുന്നു എന്നു ചോദിച്ചാല്‍, പുതുതായി നിലയുറപ്പിച്ച സ്ഥാനങ്ങളില്‍ നിന്നൊക്കെ അധിനിവേശപ്പടക്ക് പിന്‍വാങ്ങേണ്ടി വന്നു. അവിടേക്കൊന്നും തിരിച്ചുകയറാന്‍ ഇപ്പോഴും അവര്‍ക്ക് കഴിഞ്ഞിട്ടില്ല.
ഖുദ്‌സിലെ ശൈഖ് ജര്‍റാഹ് തെരുവില്‍ നിന്ന് ഫലസ്ത്വീനീ കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനായിരുന്നു അടുത്ത സയണിസ്റ്റ് നീക്കം. ഖുദ്‌സിന്റെ സയണിസ്റ്റ് വല്‍ക്കരണത്തിനും അതിന്റെ നിയന്ത്രണം പൂര്‍ണമായി പിടിച്ചെടുക്കുന്നതിനും വേണ്ടിയാണ് ഫലസ്ത്വീനീ കുടുംബങ്ങളെ പിഴുതുമാറ്റുന്നത്. ശൈഖ് ജര്‍റാഹ് തെരുവ് നിവാസികള്‍ എന്തൊക്കെ സംഭവിച്ചാലും വീടു വിട്ടിറങ്ങില്ല എന്ന് ദൃഢപ്രതിജ്ഞ ചെയ്തു. അവരോട് ഐക്യദാര്‍ഢ്യപ്പെടാനും അവരെ സഹായിക്കാനും ഖുദ്‌സ് യുവതയും രംഗത്തെത്തി. ഈ ശക്തമായ ചെറുത്തുനില്‍പ്പിനു മുന്നില്‍ അധിനിവേശകര്‍ക്ക് തീരുമാനം നടപ്പാക്കുന്നത് നീട്ടിവെക്കണ്ടി വന്നു. ഇപ്പോഴും ആ നില തുടരുകയാണ്. പിന്മാറിയ അധിനിവേശകര്‍ തിരിച്ചെത്തിയിട്ടില്ല. കുറച്ചു കാലത്തേക്കു മാത്രമാകാമെങ്കിലും ഭാഗിക വിജയമായി അധിനിവേശകരുടെ ഈ പിന്മാറ്റത്തെ കാണാവുന്നതാണ്.
റമദാന്‍ ഇരുപത്തിയെട്ടിനു മുമ്പുള്ള ദിവസങ്ങളിലാണ് പിന്നെ സംഘര്‍ഷം രൂക്ഷമാകുന്നത്. 1967-ല്‍ കിഴക്കന്‍ ഖുദ്‌സ് ഇസ്രയേല്‍ കീഴടക്കിയതിനോടനുബന്ധിച്ച് ഒരു ഓര്‍മ ദിവസം കൊണ്ടാടാന്‍ അധിനിവേശകര്‍ തീരുമാനിക്കുന്നു. നെതന്യാഹു ഭരണകൂടമൊരുക്കുന്ന സംരക്ഷണ കവചത്തില്‍ ആ ദിവസം ഒരു ലക്ഷം വരുന്ന ജൂതകുടിയേറ്റക്കാര്‍ മസ്ജിദുല്‍ അഖ്‌സ്വായിലേക്ക് തള്ളിക്കയറുമെന്ന് പ്രഖ്യാപിക്കുന്നു. പളളിയില്‍ പ്രാര്‍ഥനക്കെത്തിയ സ്ത്രീകളും പുരുഷന്മാരും അധിനിവേശകരോട് ധീരമായി ഏറ്റുമുട്ടുന്നു. ഇസ്രയേല്‍ അതിര്‍ത്തികള്‍ക്കകത്തുള്ള ആയിരക്കണക്കിന് ഫലസ്ത്വീനികള്‍ ഇവര്‍ക്കൊപ്പം ചേരുന്നു. മറുവശത്ത് അധിനിവേശ സൈന്യത്തോടൊപ്പമുള്ളത് അനധികൃത കുടിയേറ്റക്കാര്‍. ഈ കുടിയേറ്റക്കാര്‍ ഒന്നിനു പിറകെ ഒന്നായി പിന്തിരിഞ്ഞോടുന്നതാണ് പിന്നെ കാണാന്‍ കഴിഞ്ഞത്. പക്ഷേ ആ ഒരു വിജയത്തിന് വലിയ ബലിയര്‍പ്പണങ്ങള്‍ വേണ്ടിവന്നു. അധിനിവേശകര്‍ ഉതിര്‍ത്ത ലോഹ - റബ്ബര്‍ ബുള്ളറ്റുകള്‍ പ്രക്ഷോഭകരുടെ കണ്ണിലും നെഞ്ചിലുമാണ് തറച്ചത്. ആ ചെറുത്തുനില്‍പ്പില്‍ പങ്കാളികളായ നിരവധി ഫലസ്ത്വിനീ യുവാക്കള്‍ക്ക് കാഴ്ചശക്തി നഷ്ടപ്പെട്ടു.
ഖുദ്‌സിലെ അതിക്രമങ്ങള്‍ പരിധിവിട്ടപ്പോള്‍ ഗസ്സയിലെ ചെറുത്തുനില്‍പ്പു പ്രസ്ഥാനത്തിന്റെ സായുധ വിംഗ് ഇസ്സുദ്ദീന്‍ ഖസ്സാം ബ്രിഗേഡിനെ നയിക്കുന്ന മുഹമ്മദ് അദ്ദൈഫിന്റെ അന്ത്യശാസനം വന്നു. ഹറകതുല്‍ ജിഹാദിന്റെ സറായല്‍ ഖുദ്‌സിന്റെ വക മുന്നറിയിപ്പും ഈ നിലപാടിനെ ശക്തിപ്പെടുത്തി. മസ്ജിദുല്‍ അഖ്‌സ്വായില്‍ നമസ്‌കാരം നിര്‍വഹിച്ചുകൊണ്ടിരിക്കുന്നവര്‍ക്കു മേല്‍ പാഞ്ഞു കേറുന്നത് അവസാനിപ്പിച്ചില്ലെങ്കില്‍ പ്രതിരോധ പ്രസ്ഥാനങ്ങള്‍ക്ക് അവയുടേതായ വഴിയുണ്ടെന്നായിരുന്നു മുന്നറിയിപ്പ്.
തുടര്‍ന്നാണ് പ്രതിരോധ പ്രസ്ഥാനങ്ങളുടെ റോക്കറ്റാക്രമണങ്ങള്‍. അധിനിവേശകരില്‍ ഇത് ആശയക്കുഴപ്പവും ഭീതിയുമുണ്ടാക്കി. അവര്‍ ഉടനടി ഖുദ്‌സിലെ കൈയേറ്റങ്ങള്‍ നിര്‍ത്തിവെച്ചു. ഇസ്രയേലിന്റെ അമേരിക്കന്‍ നിര്‍മിത എ 35 വിമാനങ്ങള്‍ ഗസ്സക്കു മേല്‍ ബോംബ് വര്‍ഷിച്ചു. പതിനൊന്ന് ദിവസം നീണ്ട നാലാം യുദ്ധത്തിലേക്ക് കടക്കുന്നത് അങ്ങനെയാണ്. ഫലസ്ത്വീന്‍ പ്രതിരോധ പ്രസ്ഥാനത്തിന്റെ ആയിരക്കണക്കിന് റോക്കറ്റുകളാണ് ഇസ്രയേലിലേക്ക് തൊടുക്കപ്പെട്ടത്. ഇത്തരമൊരു പ്രത്യാക്രമണം ശത്രു ഒരിക്കലും പ്രതീക്ഷിച്ചിട്ടുണ്ടായിരുന്നില്ല. അതവരെ ആകെ ആശയക്കുഴപ്പത്തിലാക്കി. മറുവശത്ത് ഫലസ്ത്വീനികള്‍ക്ക് തങ്ങളിലും തങ്ങളുടെ കഴിവുകളിലുമുള്ള വിശ്വാസം അത് ഊട്ടിയുറപ്പിച്ചു. അങ്ങനെയാണ് ഇന്‍തിഫാദകള്‍ ലോദിലേക്കും യാഫയിലേക്കും അക്കായിലേക്കും നാസ്വിറയിലേക്കും വ്യാപിക്കുന്നത്. പിന്നെ ആ തീ പടിഞ്ഞാറേ കരയിലേക്കും പടര്‍ന്ന് നാണക്കേടിന്റെ 'സുരക്ഷാ ക്രമീകരണങ്ങളെ'യും വിഴുങ്ങി.
ഫലസ്ത്വീനിനകത്തും പുറത്തും വിമോചനപ്പോരാളികള്‍ നേടിയ മഹത്തായ വിജയമാണിത്. 1948-ലെ മഹാ ദുരന്ത(നക്ബ)ത്തിനു ശേഷം ഇസ്രയേല്‍ നടത്തിക്കൊണ്ടിരുന്ന പിഴുതുമാറ്റലിനെയും വെട്ടിമുറിക്കലിനെയും അതിജയിക്കാന്‍ ഫലസ്ത്വീന്‍ ജനതയെ പ്രാപ്തമാക്കുന്ന വിജയം. കടന്നുകയറ്റക്കാരെ ശരിക്കുമത് പിറകോട്ടു തള്ളി. മുന്‍കൂട്ടി വിവരം പോലും അറിയിക്കാതെ  ജൂത കുടിയേറ്റക്കാര്‍ കടന്നുവരാതിരിക്കാനായി ഖുദ്‌സിലെ മഗാരിബ ഗെയ്റ്റ് കൊട്ടിയടക്കുക പോലുമുണ്ടായി. ഈ ചെറുത്തുനില്‍പ്പില്‍ നിന്ന് ലഭിച്ച ഊര്‍ജം വെടിനിര്‍ത്തലിനു ശേഷമുള്ള ഘട്ടത്തിലേക്കുള്ള കരുതിവെപ്പാണ്.
നോക്കൂ, ഈ വെടിനിര്‍ത്തല്‍ യാതൊരു ഉപാധികളുമില്ലാതെയാണ്. ഇസ്രയേലും അമേരിക്കയും യഥാര്‍ഥത്തില്‍ മധ്യസ്ഥരെ കളത്തിലിറക്കുകയാണ് ചെയ്തത്. നേടിയ വിജയങ്ങളുടെ മാറ്റ് അത് എടുത്തു കാണിക്കുന്നുണ്ട്. അതേസമയം ഈ വെടിനിര്‍ത്തല്‍ പ്രശ്‌നത്തിന്റെ പരിഹാരമോ അതിന്റെ അന്ത്യമോ അല്ലെന്ന് നമുക്ക് നല്ല ബോധ്യമുണ്ട്. വരാനിരിക്കുന്ന യുദ്ധങ്ങളുടെയും ഇന്‍തിഫാദകളുടെയും മുന്നൊരുക്കമായി അതിനെ കാണണം.
ഈ റമദാന്‍ ഇന്‍തിഫാദ ഫലസ്ത്വീന്‍ ഭൂമിയുടെ ഏകതയും ഫലസ്ത്വീന്‍ ജനതയുടെ ഐക്യവും ഊട്ടിയുറപ്പിച്ചിരിക്കുന്നു. 'മുഴുവന്‍ ഫലസ്ത്വീനും ഞങ്ങളുടേത്' (കുല്ലു ഫലസ്ത്വീന്‍ ലനാ) എന്ന ഫലസ്ത്വീന്‍ പോരാട്ടത്തിന്റെ ആദ്യകാല ആഖ്യാനത്തിലേക്ക് നാം തിരിച്ചെത്തിയിരിക്കുന്നു. മോചിപ്പിക്കേണ്ടത് (ജോര്‍ദാന്‍) നദി മുതല്‍ (മെഡിറ്ററേനിയന്‍) കടല്‍ വരെയുള്ള (മിനന്നഹ്‌രി ഇലല്‍ ബഹ്ര്‍) പ്രദേശങ്ങളാണ്. ആ വിമോചനം സംഭവിക്കുക തന്നെ ചെയ്യും.
ഇന്‍തിഫാദയും മുഖാവമയും നടത്തി ജയം സ്വന്തമാക്കിയ, നല്ലൊരു തുടക്കം നല്‍കിയ ഫലസ്ത്വീന്‍ ജനതക്ക് അഭിവാദ്യങ്ങള്‍. അവര്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കിയ അറബ് - ഇസ്ലാമിക സമൂഹത്തിന് അഭിവാദ്യങ്ങള്‍.
ലോകത്തിന്റെ വിവിധ നഗരങ്ങളില്‍ ആയിരക്കണക്കിന് ഐക്യദാര്‍ഢ്യ റാലികള്‍ സംഘടിപ്പിച്ച് ലോകാഭിപ്രായം രൂപപ്പെടുത്തുന്നതില്‍ വലിയ പങ്ക് വഹിച്ച എല്ലാ മനുഷ്യസ്‌നേഹികള്‍ക്കും അഭിവാദ്യങ്ങള്‍.
രക്തസാക്ഷികള്‍ക്കും പരിക്കേറ്റവര്‍ക്കും തടവുകാരാക്കപ്പെട്ടവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും അഭിവാദ്യങ്ങള്‍. ഈ വിജയം സമര്‍പ്പണത്തിന് തയാറായ ആ മഹത്തുക്കള്‍ക്കുള്ളതാണ്.  
(മുതിര്‍ന്ന ഫലസ്ത്വീനീ പത്രപ്രവര്‍ത്തകനും ഗ്രന്ഥകാരനും ആഗോള മുസ്ലിം പണ്ഡിത സഭയില്‍ അംഗവുമാണ് മുനീര്‍ ശഫീഖ്. ഫലസ്ത്വീന്‍ പോരാട്ടത്തില്‍ രക്തസാക്ഷിയായ ജോര്‍ജ് ശഫീഖിന്റെ സഹോദരന്‍. പശ്ചിമേഷ്യയിലെ കൊളോണിയല്‍ വിരുദ്ധ പോരാട്ടത്തില്‍ ഇസ്ലാമിന്റെ പങ്ക് തിരിച്ചറിഞ്ഞ മുനീര്‍ ശഫീഖ് പിന്നീട് ഇസ്ലാം സ്വീകരിക്കുകയായിരുന്നു).

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-38 / സ്വാദ്‌ (18-23)
ടി.കെ ഉബൈദ്‌