Prabodhanm Weekly

Pages

Search

2021 ജൂണ്‍ 04

3204

1442 ശവ്വാല്‍ 23

മരുന്നു വില ഇരട്ടിപ്പിച്ച് പകല്‍ക്കൊള്ള തുടരുന്നു, ആരാണ് ഉത്തരവാദികള്‍? 

അഫ്‌റോസ് ആലം സാഹില്‍

കഴിഞ്ഞ വര്‍ഷം രാജ്യനിവാസികളെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു: 'പ്രതിസന്ധികളെ അവസരങ്ങളാക്കി മാറ്റാന്‍ കഴിയണം. അതിന് ഒരൊറ്റ വഴിയേ ഉള്ളൂ, ഭാരതത്തെ സ്വയം പര്യാപ്തമാക്കുക (ആത്മനിര്‍ഭര്‍ ഭാരത്).' പ്രധാനമന്ത്രിയുടെ ഈ പ്രസ്താവനയുടെ 'സ്പിരിറ്റ്' ഉള്‍ക്കൊണ്ട് വിജയക്കുതിപ്പ് നടത്തുന്ന എതെങ്കിലും മേഖലയുണ്ടെങ്കില്‍ അത് നമ്മുടെ ആരോഗ്യ വ്യവസായം (ഹെല്‍ത്ത് ഇന്‍ഡസ്ട്രി) ആണെന്ന് പറയേണ്ടി വരും. നമ്മുടെ നാട്ടിലെ ആരോഗ്യ വ്യവസായം കൊറോണാ പ്രതിസന്ധിയെ മികച്ച അവസരമാക്കി മാറ്റുക മാത്രമല്ല, 'സ്വയംപര്യാപ്തത'യുടെ കാര്യത്തില്‍ അത് ബഹുദൂരം സഞ്ചരിക്കുകയും ചെയ്തിരിക്കുന്നു; എല്ലാം പട്ടിണിപ്പാവങ്ങളുടെ ചെലവില്‍! ഈ മത്സരത്തില്‍ ആശുപത്രികളാണോ മരുന്നു കമ്പനികളാണോ ഏറ്റവും മുന്നില്‍ എന്ന കാര്യത്തിലേ സംശയം ബാക്കിയുള്ളൂ.
അലീഗഢിലെ സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് സ്റ്റഡീസ് ഇന്‍ ഹിസ്റ്ററിയിലെ പ്രഫസര്‍ മുഹമ്മദ് സജ്ജാദ് തന്റെ ഒരു ട്വീറ്റില്‍ ഇങ്ങനെ കുറിച്ചു: 'ജീവന്‍ രക്ഷാമരുന്നുകളുടെ വില നിരന്തരം കൂടിക്കൊണ്ടിരിക്കുകയാണ്. ഈ ദുരന്ത ഘട്ടത്തില്‍ പോലും ഇതൊന്നും നോക്കാന്‍ ഒരാളുമില്ല.' ഇതിനെക്കുറിച്ച് ദഅ്‌വത്ത് വാരികയുടെ പ്രതിനിധി പ്രതികരണം ആരാഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു: 'ഫൈസര്‍ കമ്പനിയുടെ മെഡ്രോള്‍ (16 മി.ഗ്രാം)  ഞാന്‍ മൂന്ന് തവണ മാര്‍ക്കറ്റില്‍ അന്വേഷിച്ചപ്പോള്‍ മൂന്ന് വിലയാണ് പറഞ്ഞത്.' അദ്ദേഹം ഈ മരുന്ന് ആദ്യമായി ഓര്‍ഡര്‍ ചെയ്തപ്പോള്‍ പത്ത് ഗുളികകള്‍ക്ക് ഏകദേശം നൂറ് രൂപയായിരുന്നു. പിന്നെ ഒരിടത്തു നിന്ന് അന്വേഷിച്ചപ്പോള്‍ വില 124, മറ്റൊരിടത്ത് 134. ഇത് വെറും അടിച്ചുമാറ്റലല്ല, സാക്ഷാല്‍ കൊള്ളയാണ്. വളരെക്കുറഞ്ഞ സമയത്തിനകം എങ്ങനെ ഇത്രയധികം വിലവര്‍ധനവുണ്ടായി? മഹാമാരി പടരുന്ന ഈ സന്ദര്‍ഭത്തില്‍ ജനങ്ങള്‍ക്ക് ആശ്വാസം നല്‍കാന്‍ മരുന്നു വില കുറക്കുകയാണ് വേണ്ടിയിരുന്നത്. പക്ഷേ മരുന്നു കമ്പനികള്‍ വില അമിതമായി കൂട്ടിക്കൊണ്ടിരിക്കുകയാണ്. ഭരണകൂടം ഒരു ചുക്കും ചെയ്യുന്നില്ല. ചുരുങ്ങിയത് വില നിയന്ത്രിക്കുകയെങ്കിലും ചെയ്യേണ്ടതല്ലേ?
കൊല്‍ക്കത്ത ആലിയ യൂനിവേഴ്‌സിറ്റിയിലെ മാസ് കമ്യൂണിക്കേഷന്‍ തലവന്‍ മുഹമ്മദ് റിയാദിനും വിലക്കൂടുതലിനെക്കുറിച്ചു തന്നെയാണ് പറയാനുള്ളത്. 'ഈ മഹാമാരിക്കാലത്ത് ഏറ്റവും അവശ്യവസ്തു മാസ്‌ക് ആണല്ലോ. കഴിഞ്ഞ വര്‍ഷം നൂറ്റി പത്ത് മാസ്‌കുകള്‍ ഞാന്‍ വാങ്ങിയത് 300 രൂപക്കാണ്. ഇന്നതിന് വില 600 രൂപ. ഇവിടെ ബംഗാളില്‍ കോവിഡ് ടെസ്റ്റിന്റെ പേരിലും തീവെട്ടിക്കൊള്ളയാണ്. ഇവിടെ ഗവണ്‍മെന്റ് ടെസ്റ്റിന് നിശ്ചയിച്ച തുക 950 രൂപയാണ്. ആശുപത്രികള്‍ വാങ്ങുന്നതാകട്ടെ 1200 മുതല്‍ 1500 വരെയും. വീട്ടില്‍ വന്ന് ടെസ്റ്റ് നടത്തിയാല്‍ രണ്ടായിരം രൂപ വരെ വാങ്ങും. ബില്ലെഴുതി കൊടുക്കുന്നതോ 950 രൂപയും. കരിഞ്ചന്തയുടെ പൊടിപൂരമാണ് നമ്മുടെ ഹെല്‍ത്ത് സെക്ടറില്‍. എല്ലാവരും ചേര്‍ന്നുള്ള കളിയാണ്.'
മുഹമ്മദ് റിയാദ് തന്നെ പറയുന്ന മറ്റൊരു സംഭവമുണ്ട്. അദ്ദേഹത്തിന്റെ ഒരു സുഹൃത്ത് ആശുപത്രിയില്‍ അഡ്മിറ്റായി. ഡോക്ടര്‍ അദ്ദേഹത്തിന് റെംഡിസിവര്‍ ഇഞ്ചക്ഷന് ചീട്ടെഴുതി. ഒരു പ്രത്യേക ബ്രാന്‍ഡ് റെംഡിസിവര്‍ തന്നെ വേണം. രണ്ടു ദിനം പലേടത്തും പരക്കം പാഞ്ഞ് ഇരുപത്തയ്യായിരം രൂപ കൊടുത്ത് മൂന്ന് ഇഞ്ചക്ഷന്നുള്ളത് വാങ്ങി. അതേസമയം റെംഡിസിവറിന്റെ തന്നെ ഒരു ബ്രാന്‍ഡ് 800 രൂപക്ക് കിട്ടാനുണ്ട്. പക്ഷേ ഡോക്ടര്‍ അത് സമ്മതിക്കില്ലല്ലോ. ഈ മൂന്ന് ഇഞ്ചക്ഷന് രണ്ടായിരം വിലയായിരിക്കെ ചിലയിടത്ത് അതിന് ഈടാക്കുന്നത് പതിനെട്ടായിരം രൂപ. ചില നഗരങ്ങളില്‍ ഇതിന് എഴുപതിനായിരം വരെ ഈടാക്കുന്നുണ്ടത്രെ. അതായത് എത്ര ഇല്ല എന്ന് പറഞ്ഞാലും ബ്ലാക് മാര്‍ക്കറ്റില്‍ എല്ലാം കിട്ടാനുണ്ട്. ഡീലറും കടക്കാരനും ചേര്‍ന്നുള്ള ഒരു ഒത്തുകളിയാണിത്. സാധാരണക്കാരന്റെയും മധ്യവര്‍ഗക്കാരന്റെയും സ്ഥിതി ഒന്ന് ആലോചിച്ചുനോക്കൂ. ഒരുപക്ഷേ അവര്‍ കൊറോണയില്‍ നിന്ന് രക്ഷപ്പെട്ടേക്കാം. അത് മൂലമുണ്ടായിത്തീര്‍ന്ന കടക്കെണിയില്‍ നിന്ന് എങ്ങനെ രക്ഷപ്പെടും?
ഒരു വശത്ത് റെംഡിസിവര്‍ കരിഞ്ചന്തയില്‍ വില്‍ക്കപ്പെടുമ്പോള്‍ അതേ പേരില്‍ വ്യാജനും വിറ്റഴിക്കപ്പെടുന്നു. മീഡിയ റിപ്പോര്‍ട്ടനുസരിച്ച്, മുപ്പതിനായിരം മാത്രം വിലയുള്ള ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററിന് ഒരു ലക്ഷത്തി അറുപത്തി അയ്യായിരം വരെ വില വാങ്ങിയിട്ടുണ്ട്. നാല്‍പതിനായിരം വിലയുള്ള ഓക്‌സിജന്‍ സിലിണ്ടര്‍ വില്‍പ്പനയാകുന്നത് ഒരു ലക്ഷത്തി നാല്‍പതിനായിരത്തിന്!
ലഖ്‌നൗവിലെ അനില്‍ കുമാറിനും പറയാനുള്ളത് ഇതു പോലൊരു കഥയാണ്. അദ്ദേഹത്തിന്റെ സഹോദരന്‍ കോവിഡ് പോസിറ്റീവായി. ഡോക്ടര്‍ ഫാബിഫ്‌ലൂ എന്ന മരുന്നിനെഴുതി. അതിന്റെ വില 1190 രൂപയാണ്. അദ്ദേഹം സകല മെഡിക്കല്‍ സ്റ്റോറുകളിലും തെരഞ്ഞു. എവിടെയും കിട്ടാനില്ല. എല്ലാവരും പറയുന്നത് ഒറ്റ കാര്യമാണ്, നമുക്ക് ആ മരുന്നു കമ്പനിയില്‍ നിന്ന് വരുത്തിക്കാം. പക്ഷേ മുവ്വായിരത്തിലധികം രൂപയാകും. അദ്ദേഹം തിരിച്ച് വീട്ടിലേക്ക് വരുമ്പോള്‍ ഒരു കടക്കാരന്‍ ബ്ലാക്കില്‍ 2800 - ന് തരാമെന്ന് ഓഫര്‍ ചെയ്തു. അതുമായാണ് വീട്ടിലേക്ക് മടങ്ങിയത്.
ഇന്‍ഫഌവന്‍സ ചികിത്സക്കായി ഉപയോഗിച്ചിരുന്ന അതേ ഫാബിഫഌ തന്നെയാണ് കൊറോണാ ചികിത്സക്കും നിര്‍ദേശിക്കുന്നത്. ഇത് കൊറോണക്കുള്ള മരുന്നല്ലെന്ന് കമ്പനികള്‍ക്ക് നന്നായറിയാം. പക്ഷേ ഡോക്ടര്‍മാര്‍ കുറിപ്പടി എഴുതിക്കൊടുത്താല്‍ രോഗികളുടെ കുടുംബങ്ങള്‍ക്ക് അത് വാങ്ങുകയല്ലേ നിവൃത്തിയുള്ളു. ഇത് യഥാര്‍ഥത്തില്‍ റെംഡിസിവറിന് സമാനമായ ഒരു മള്‍ട്ടി സ്‌പെക്ട്രം ആന്റി വൈറലാണ്. ഇത് വളരെ അനിവാര്യമായ ഘട്ടത്തില്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളു. പക്ഷേ, ഇതൊക്കെ ആര് നോക്കുന്നു!
സ്വസ്ഥ ഭാരത് അഭിയാന്‍ എന്ന സംഘടനയുടെ സ്ഥാപകനും അതിന്റെ ദേശീയ കോര്‍ഡിനേറ്ററുമായ അശുതോഷ് കുമാര്‍ ദവാ പറഞ്ഞത് വളരെ പ്രസക്തമാണ്. നേരത്തേ തന്നെ മരുന്നു കമ്പനികളുടെ ലാഭം തോന്നിയ പടിയാണ്. 250 % മുതല്‍ 1737% വരെയാണ് ഈ സെക്ടറില്‍ ലാഭം. തോന്നിയപോലെ വിലയിടലും വില വര്‍ധിപ്പിക്കലും ഈ കൊറോണാ ദുരന്തകാലത്തും തുടരുന്നു. ഇത് ക്രിമിനല്‍ കൃത്യത്തില്‍ കുറഞ്ഞ ഒന്നുമല്ല. രാജ്യം അത്യന്തം ഗുരുതരമായ ഒരു ആരോഗ്യ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ തോന്നും പോലെ മരുന്നുകള്‍ക്ക് വിലയിടുകയും വര്‍ധിപ്പിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ വംശഹത്യാ കുറ്റത്തിന് കേസെടുക്കണമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.
2018-ല്‍ ലോകാരോഗ്യ സംഘടന തയാറാക്കിയ ഹെല്‍ത്ത് ഫിനാന്‍ഷ്യല്‍ പ്രൊഫൈലില്‍ പറയുന്നത്, ഇന്ത്യയിലെ ആരോഗ്യ സേവനങ്ങളുടെ 67.78 ശതമാനവും വഹിക്കുന്നത് ജനങ്ങള്‍ തന്നെയാണ് എന്നാണ്. ആഗോള ശരാശരി എടുത്താല്‍ ഇത് 18.2 ശതമാനം മാത്രമാണ്. ഇന്ത്യയില്‍ ഈ ചെലവിന്റെ 43 ശതമാനവും മരുന്നുകള്‍ വാങ്ങുന്നതിനു വേണ്ടിയാണ്. ഇപ്പോള്‍ രാജ്യത്ത് മഹാമാരി പടര്‍ന്നുകൊണ്ടിരിക്കുകയാണല്ലോ. ആരോഗ്യത്തിനു വേണ്ടി പൊതുജനം ചെലവഴിക്കുന്ന പണം സ്വാഭാവികമായും കൂടും. മറ്റു ചെലവുകളൊക്കെ കുറക്കാമെന്നു വെക്കാം. രോഗം അങ്ങനെയല്ലല്ലോ. അമാന്തം കാണിച്ചാല്‍ മരണം വരെ സംഭവിക്കാം. കിടപ്പാടം വിറ്റിട്ടെങ്കിലും ആളുകള്‍ ചികിത്സിക്കും. അപ്പോഴാണ് മരുന്നു കമ്പനികള്‍ തങ്ങളുടെ മുരുന്നുകളുടെ വില (എം.ആര്‍.പി) ഉയര്‍ത്തിക്കൊണ്ടേയിരിക്കുന്നത്. എന്തടിസ്ഥാനത്തിലാണ് വില കൂട്ടുന്നത്? മരുന്ന് ഉണ്ടാക്കാന്‍ കമ്പനികള്‍ക്ക് എന്ത് ചെലവ് വരുമെന്ന് ഗവണ്‍മെന്റിന് അറിയില്ലേ? അറിയില്ലെങ്കില്‍ ലജ്ജാകരം എന്നേ അതിനെപ്പറ്റി പറയാനുള്ളൂ. ഇനി അറിഞ്ഞിട്ടും അറിയില്ലെന്നു നടിക്കുകയാണെങ്കില്‍ അത് അതിനേക്കാള്‍ ലജ്ജാകരം.
2019-ലെ യു.എന്‍ റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യയിലെ ദരിദ്രരുടെ എണ്ണം 364 ദശലക്ഷമാണ്. അതായത് മൊത്തം ജനസംഖ്യയുടെ 28 ശതമാനവും കൊടും ദാരിദ്ര്യത്തില്‍ കഴിയുന്നവര്‍. യഥാര്‍ഥ കണക്ക് ഇതിനേക്കാളൊക്കെ കൂടുതലാണെന്ന് എല്ലാവര്‍ക്കുമറിയാം. അപ്പോഴാണ് ഇരുട്ടടി പോലെ മഹാമാരി. ഇത്തരമൊരു സാഹചര്യത്തില്‍ മരുന്നുകളുടെ കരിഞ്ചന്ത വില്‍പ്പന വ്യാപകമാകുന്നത് നിര്‍ഭാഗ്യകരമാണ്. മരുന്നു കമ്പനികള്‍ ലാഭമുണ്ടാക്കാന്‍ മത്സരിക്കുകയാണ്. ആരോഗ്യ കാര്യത്തില്‍ സര്‍ക്കാറിന്റെ പിടിപ്പുകേടും അലംഭാവവും മുതലെടുത്ത് കൊള്ളലാഭം ഉണ്ടാക്കുകയാണ്. മരുന്നുകളുടെ വില നിര്‍ണയിക്കാന്‍ സര്‍ക്കാര്‍ നാഷ്‌നല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് അതോറിറ്റി (എന്‍.പി.പി.എ) രൂപവത്കരിച്ചിട്ടുണ്ടെങ്കിലും അത് തികഞ്ഞ പരാജയമാണെന്ന് മരുന്നുകളുടെ തുടര്‍ച്ചയായ ഈ വിലവര്‍ധനവ് സൂചിപ്പിക്കുന്നു. ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍, ഫാര്‍മസികള്‍, ഡോക്ടര്‍മാര്‍ ഇവര്‍ക്കൊക്കെയും കോളടിച്ചിരിക്കുകയാണ്. കഴിഞ്ഞ ഫെബ്രുവരിയില്‍ മന്ത്രി ഡി.വി സദാനന്ദ ഗൗഡ പാര്‍ലമെന്റില്‍ നല്‍കിയ മറുപടിയില്‍ മരുന്നു കമ്പനികളുടെ വിറ്റുവരവും വളര്‍ച്ചാ നിരക്കും അടയാളപ്പെടുത്തുന്ന കണക്കുകള്‍ നല്‍കിയിട്ടുണ്ട്. അവ എത്രയധികം ലാഭമുണ്ടാക്കുന്നു എന്ന് ആ കണക്കുകള്‍ നമുക്ക് പറഞ്ഞുതരും.
ഈ തോതില്‍ ലാഭമുണ്ടാക്കാന്‍ മരുന്നു കമ്പനികളെ അനുവദിക്കരുതെന്ന് മുംബൈ ഹൈക്കോടതി ഗവണ്‍മെന്റിനോട് കഴിഞ്ഞ മെയ് 7-ന് ആവശ്യപ്പെട്ടിരുന്നു. വില നിയന്ത്രണം ഗവണ്‍മെന്റിന്റെ ഉത്തരവാദിത്തമാണ്. എന്‍.പി.പി.എ ഷെഡ്യൂള്‍ ചെയ്തതും അല്ലാത്തതുമായ മുഴുവന്‍ മരുന്നുകളുടെയും വില നിരീക്ഷിച്ചുകൊണ്ടിരിക്കണം. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് ഈ ലേഖകനുണ്ടായ അമ്പരപ്പിക്കുന്ന ഒരു അനുഭവം പറയാം. വിവരാവകാശ നിയമപ്രകാരം ഞാന്‍ എന്‍.പി.പി. എയോട് എഴുതിച്ചോദിച്ചു, രാജ്യത്ത് എത്ര മരുന്നു നിര്‍മാണ കമ്പനികളുണ്ട്? അറിയില്ല എന്നായിരുന്നു മറുപടി! ഇത്തരം കമ്പനികള്‍ക്കെതിരെ നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും ഒരെണ്ണത്തെയും കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇതേ വിലനിയന്ത്രണ അതോറിറ്റി തന്നെ 2019 ഡിസംബറില്‍ മാത്രം 21 അവശ്യ മരുന്നുകളുടെ വില വര്‍ധിപ്പിക്കാന്‍ കമ്പനികള്‍ക്ക് അനുവാദവും നല്‍കിയിരുന്നു.
മരുന്നു കമ്പനികള്‍ക്ക് എങ്ങനെയാണ് ഇത്രയധികം ലാഭം കൊയ്യാന്‍ ഇളവുകളും സൗകര്യങ്ങളും ലഭിക്കുന്നത്? ദഅ്‌വത്ത് വാരിക അതേക്കുറിച്ച് അന്വേഷിച്ചു. പിന്നിലെ കഥകള്‍ അപ്പോള്‍ ചുരുളഴിയാന്‍ തുടങ്ങി. ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട നിരവധി സ്ഥാപനങ്ങള്‍ തങ്ങളുടെ വരുമാനത്തിന്റെ ഒരു ഭാഗം രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കിക്കൊണ്ടിരിക്കുന്നു. ദാതാക്കളുടെ പട്ടിക പരിശോധിച്ചാല്‍ അതില്‍ മരുന്നു നിര്‍മാണ കമ്പനികള്‍ മാത്രമല്ല, നിരവധി ആശുപത്രികളും ഡോക്ടര്‍മാരും ഫാര്‍മസികളുമൊക്കെയുണ്ട്. ലിസ്റ്റില്‍ ഉണ്ടാവുക പരസ്യമായി നല്‍കിയ തുക മാത്രം. തങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ മരുന്നു കമ്പനികള്‍ എന്തൊക്കെ ചെയ്യുന്നുണ്ടാവുമെന്ന് നിങ്ങള്‍ക്കിപ്പോള്‍ ഊഹിക്കാന്‍ പറ്റും. 2019-ലെ പൊതു തെരഞ്ഞെടുപ്പിനു തൊട്ടു മുമ്പ് ഇത്തരം കമ്പനികളില്‍ നിന്ന് ധാരാളം സംഭാവനകള്‍ ബി.ജെ.പിക്ക് ലഭിച്ചിട്ടുണ്ട്. എന്നല്ല, 2014-ലെ തെരഞ്ഞെടുപ്പിലും ബി.ജെ.പിക്ക് വലിയ തുക സംഭാവന ചെയ്തവരില്‍ മുന്‍നിരയിലാണ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍. ഈ കനത്ത സംഭാവനകളുടെ ബലത്തിലാണ് ഈ കമ്പനികള്‍ ജനങ്ങളുടെ ജീവനും കൊണ്ട് അമ്മാനമാടുന്നത്. എല്ലാറ്റിനും സര്‍ക്കാറിന്റെ മൗനാനുവാദം.
2017 മുതല്‍ 2019 വരെയുള്ള കണക്കുകള്‍ ദഅ്‌വത്ത് വാരിക പരിശോധിച്ചപ്പോള്‍ വളരെക്കുറഞ്ഞ മരുന്നു കമ്പനികളേ കോണ്‍ഗ്രസിന് സംഭാവന നല്‍കിയിട്ടുള്ളൂ എന്ന് കണ്ടെത്തി. അഞ്ചോ മറ്റോ കമ്പനികള്‍ മാത്രം. ബി.ജെ.പിക്കാകട്ടെ മരുന്നു കമ്പനികള്‍ ധാരാളമായി സംഭാവന നല്‍കുന്നുമുണ്ട്. കോവിഡ് വാക്‌സിനുകള്‍ നിര്‍മിക്കുന്ന സെറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യക്ക് ബി.ജെ.പി അവരുടെ പ്രിയങ്കര പാര്‍ട്ടിയാണ്. അവര്‍ നല്‍കിയ രേഖയിലുള്ള സംഭാവന 6.05 കോടിയാണ്. അദാര്‍ പൂനാവാല ഫിന്‍വെസ്റ്റ് പ്രൈവറ്റ് ലിമിറ്റഡ് 2016-'17 കാലത്ത് നല്‍കിയത് ഒന്നര ദശലക്ഷം രൂപ. ലിസ്റ്റ് പരിശോധിച്ചാല്‍ മരുന്നു കമ്പനികള്‍ക്ക് ഏറ്റവും പ്രിയം ബി.ജെ.പി തന്നെയാണ്. അവര്‍ അഴിഞ്ഞാടുന്നതിനും വേറെ കാരണം തിരക്കേണ്ടതില്ല. 
(ദഅ്‌വത്ത് വാരിക 2021 മെയ് 16-21)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-38 / സ്വാദ്‌ (18-23)
ടി.കെ ഉബൈദ്‌