Prabodhanm Weekly

Pages

Search

2012 ഏപ്രില്‍ 21

ഹസ്രത്ത് ഇബ്‌റാഹീം ഒരു മാതൃകാ മുസ്‌ലിം

ഖുര്‍റം മുറാദ്

ഒരു കാര്യത്തെ നമുക്ക് വാക്കുകളില്‍ നിര്‍വചിക്കാം. അതിന്റെ ഏതെങ്കിലും മോഡല്‍ (മാതൃക) നോക്കുക എന്നതും ആ കാര്യത്തെക്കുറിച്ചറിയാനുള്ള മറ്റൊരു മാര്‍ഗമാണ്. 'മോഡല്‍' ഒരു ആധുനിക സംജ്ഞയാണ്. എന്നിരുന്നാലും ചിന്തകള്‍ക്കും സങ്കല്‍പങ്ങള്‍ക്കും മനസ്സില്‍ വ്യക്തത വരുത്തുന്നതിന് ഇത് പൊതുവില്‍ പ്രയോജനപ്രദമാണ്.
ഖുര്‍ആന്റെ ഭൂമികയില്‍ നിന്നുകൊണ്ട്, ഇസ്‌ലാമിനെ ഈ പറഞ്ഞ ഒരു മോഡലിലൂടെ ഗ്രഹിക്കാന്‍ നാം ഉദ്ദേശിക്കുന്നുവെങ്കില്‍ അതിന്റെ ഏറ്റവും മികച്ച മോഡല്‍ ഹസ്രത്ത് ഇബ്‌റാഹീമിന്റെ വ്യക്തിത്വമാണ്. സവിശേഷ ഗുണങ്ങളാര്‍ജിച്ച ഒന്നാമത്തെ മുസ്‌ലിമായിരുന്നു അദ്ദേഹം. ഒന്നാമത്തെ എന്നതുകൊണ്ട് അതിന്റെ കാലക്രമമല്ല, മറിച്ച് ഒരു മുസ്‌ലിമെന്ന നിലക്ക് അദ്ദേഹത്തിന്റെ വ്യക്തിത്വം ഉത്തമമായ ഗുണവിശേഷങ്ങളോട് കൂടിയുള്ളതായിരുന്നു എന്നാണ് നാമര്‍ഥമാക്കുന്നത്.
അദ്ദേഹത്തിന്റെ ജീവിതത്തിന്റെ സകല മുഖങ്ങളും സമസ്ത ഭാവങ്ങളും പൂര്‍ണമായും ദൈവോന്മുഖമായിരുന്നു എന്നതാണ് ഒന്നാമത്തെ സവിശേഷത. ''തീര്‍ച്ചയായും ഞാന്‍ ഏകാഗ്രചിത്തനായിക്കൊണ്ട് എന്റെ മുഖം ആകാശഭൂമികളെ സൃഷ്ടിച്ചവനിലേക്ക് തിരിച്ചിരിക്കുന്നു. ഞാനൊരിക്കലും ബഹുദൈവവിശ്വാസികളില്‍ പെട്ടവനല്ല; തീര്‍ച്ച'' (അല്‍അന്‍ആം 79).
എന്നു പറഞ്ഞാല്‍, പ്രകൃതത്തിലും സ്വഭാവരീതികളിലും പ്രവര്‍ത്തനങ്ങളിലുമെല്ലാം വരേണ്ട മാറ്റങ്ങള്‍ ക്രമേണ വന്നുകൊണ്ടിരിക്കും; പക്ഷേ പ്രഥമമായ വിഷയം വ്യക്തിത്വത്തിന്റെ ഉന്മുഖതയാണ്. അത് അത്യുന്നതനും പരിശുദ്ധനുമായ ദൈവം തമ്പുരാന്റെ നേര്‍ക്ക് തിരിഞ്ഞിരിക്കുന്നു.
പഴയ ബന്ധങ്ങള്‍ വിഛേദിച്ച് അവയെ അല്ലാഹുവുമായി ഘടിപ്പിച്ചു എന്നതാണ് ഇബ്‌റാഹീമീ മോഡലിന്റെ രണ്ടാമത്തെ സവിശേഷത. മനുഷ്യന്റെ സാമൂഹിക ജീവിതമെന്നു പറയുന്നത്, ബന്ധങ്ങളുടെ സാകല്യത്തിനു പറയുന്ന പേരാണെന്ന് ഒന്നാലോചിച്ചാല്‍ നമുക്ക് മനസ്സിലാകും. കുടുംബവുമായി, സമൂഹവുമായി, സഹജീവികളുമായി, ഭൗതിക വസ്തുക്കളുമായി, ധനവുമായി, താല്‍പര്യങ്ങളുമായി മനുഷ്യന്‍ സ്ഥാപിക്കുന്ന ബന്ധങ്ങള്‍- ഇതിന്റെയെല്ലാം കൂടി പേരാണ് ജീവിതം; വിശേഷിച്ചും സാമൂഹിക ജീവിതമെന്നത്.
മൂന്നാമത്തെ ഗുണം, ആത്മസമര്‍പ്പണത്തിന്റെ അത്യസാധാരണമായ ഒരവസ്ഥയാണ്. അതായത്, നാഥന്റെ അഭീഷ്ടം ഇതാണെന്നറിയുന്ന മുറക്ക് അന്തിച്ചുനില്‍ക്കാതെയും കലവറയില്ലാതെയും അതിന്റെ പ്രയോഗവത്കരണത്തിന് അദ്ദേഹം സര്‍വഥാ സന്നദ്ധനായിരുന്നു. ''അദ്ദേഹത്തിന്റെ നാഥന്‍ അദ്ദേഹത്തോട് 'വഴിപ്പെടുക' എന്ന് കല്‍പിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: സര്‍വലോക നാഥന് ഞാനിതാ വഴിപ്പെട്ടിരിക്കുന്നു'' (അല്‍ബഖറ 131). എന്നു വെച്ചാല്‍, എപ്പോഴൊക്കെ തന്റെ നാഥന്‍ തന്നോട് സമര്‍പ്പിക്കണം എന്ന് ആവശ്യപ്പെട്ടുവോ അപ്പോഴൊക്കെ അദ്ദേഹത്തിന്റെ പ്രതികരണം 'ഞാനിതാ തയാര്‍' എന്നായിരുന്നു.
സ്വന്തം കാര്യത്തെക്കുറിച്ച് മാത്രമായിരുന്നില്ല അദ്ദേഹത്തിന്റെ ചിന്തയും ആശങ്കകളും എന്നതാണ് ഹസ്രത്ത് ഇബ്‌റാഹീമീന്റെ നാലാമത്തെ ഗുണം. വരാനിരിക്കുന്ന തലമുറകള്‍ക്കു കൂടി ഇതേ മാര്‍ഗത്തില്‍ അടിയുറച്ചു മുന്നോട്ടുപോകുന്നതിനാവശ്യമായ സ്ഥാപനങ്ങളെയും അതിനനുരൂപമായ ഒരു സമൂഹത്തെയും കുറിച്ചു കൂടിയുള്ളതായിരുന്നു അദ്ദേഹത്തിന്റെ ആലോചനകള്‍. അതനുസരിച്ച് അദ്ദേഹം കഅ്ബാ മന്ദിരം നിര്‍മിച്ചു. ആ പ്രവൃത്തി സ്വീകരിക്കണമേയെന്നും അല്ലാഹുവിനെ അനുസരിക്കുന്ന ഒരു സമൂഹത്തെ ഉയര്‍ത്തെഴുന്നേല്‍പിക്കണമേയെന്നും അല്ലാഹുവോട് പ്രാര്‍ഥിച്ചു. സ്ഥാപനങ്ങള്‍ കെട്ടിപ്പടുക്കാനും വരാന്‍ പോകുന്ന തലമുറകളെ കൂടി ഈ മാര്‍ഗത്തില്‍ ഉറപ്പിച്ചു നിര്‍ത്താനുമുള്ള ശ്രമങ്ങള്‍ നാം നടത്തേണ്ടതുണ്ടെന്നാണ് ഇതില്‍ നിന്ന് മനസ്സിലാവുന്നത്.
ഈ പ്രവാചകന്റെ മോഡല്‍ മാത്രം മുന്നില്‍ വെച്ചാല്‍ തന്നെ 'ഇസ്‌ലാമികം' എന്നതിന്റെ നിര്‍വചനം തെളിഞ്ഞു കിട്ടും. വളരെ സംക്ഷിപ്തവും മനോഹരവുമായ ഒരു നിര്‍വചനമാണിത്. അനേകം പ്രസംഗങ്ങളില്‍ നിന്നും പുസ്തകങ്ങളില്‍നിന്നും ഒരു പക്ഷേ മനസ്സിലാകാത്ത കാര്യങ്ങള്‍ ഈയൊരു മോഡലിലൂടെ മനസ്സിലാക്കാന്‍ സാധിക്കുന്നു. ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ആദ്യ നേതാവ് ഹസ്രത്ത് ഇബ്‌റാഹീ(അ)മിന്റെ പ്രവര്‍ത്തന രീതിയുടെ മോഡല്‍ പ്രസ്ഥാനത്തോട് ചേര്‍ത്തുവെക്കുമ്പോള്‍ പ്രസ്ഥാനം എന്ന ആശയത്തെ അത് പൂര്‍ണമായി പ്രകാശിപ്പിക്കുന്നതായി കാണാം.
അല്ലാഹുവിന്റെ പ്രീതി സമ്പാദിക്കുന്നതിന് അവന്റെ അടിമത്തം വരിക്കുക, അവന്റെ മാര്‍ഗത്തിലേക്ക് ആളുകളെ ക്ഷണിക്കുക, അവന്റെ ആധിപത്യത്തിനു വേണ്ടി ത്യാഗപരിശ്രമങ്ങള്‍ നടത്തുക- ഈ ജോലിയാണ് അല്ലാഹു എല്ലാ പ്രവാചകന്മാരെയും ചുമതലപ്പെടുത്തിയിരുന്നത് എന്ന് ഈ മോഡല്‍ മുന്നില്‍ വെച്ച് നമുക്ക് തീര്‍ത്തുപറയാം. പ്രവാചകന്മാര്‍ മുഖ്യമായും രണ്ട് കാര്യങ്ങളിലേക്കാണ് ആളുകളെ ക്ഷണിച്ചത്. ഒന്ന്, അല്ലാഹുവിന്റെ അടിമത്തം വരിക്കുക. രണ്ടാമത്തേത്, പ്രവാചകന്മാരെ അനുസരിക്കുക.
''എന്റെ ജനമേ, നിങ്ങള്‍ അല്ലാഹുവിന് വഴിപ്പെടുക. അവനല്ലാതെ നിങ്ങള്‍ക്ക് ദൈവം (ഇലാഹ്) ഇല്ല'' (അല്‍അഅ്‌റാഫ് 59). ''സംശയം വേണ്ട. ഞാന്‍ നിങ്ങളിലേക്കുള്ള വിശ്വസ്തനായ ദൈവദൂതനാണ്. അതിനാല്‍ അല്ലാഹുവോട് ഭക്തിയുള്ളവരാവുക, എന്നെ അനുസരിക്കുക'' (അശ്ശുഅറാഅ് 107,108).
നേതൃത്വം പ്രവാചകന്മാര്‍ക്ക് അര്‍ഹതപ്പെട്ടതാണ്, അല്ലെങ്കില്‍ അവരെ പിന്‍പറ്റുന്നവര്‍ക്ക് അര്‍ഹതപ്പെട്ടതാണ് എന്ന രണ്ടാമത്തെ സൂക്തത്തില്‍ പറഞ്ഞ കാര്യം ശ്രദ്ധിക്കുന്നില്ലെങ്കില്‍, ആദ്യം പറഞ്ഞ കാര്യം കേവലമൊരു തത്ത്വചിന്ത മാത്രമായി അവശേഷിക്കും.
ആദ്യ സൂക്തത്തില്‍ 'ഇലാഹ്' എന്ന വാക്കാണ് പ്രയോഗിച്ചത്. ആ പദത്തിന്റെ താല്‍പര്യങ്ങള്‍ പൊതുവെ മുസ്‌ലിംകള്‍ ശരിയായി മനസ്സിലാക്കിയിട്ടില്ല. മനുഷ്യന്‍ കൂറ് പുലര്‍ത്തുകയും വിധേയപ്പെട്ട് നില്‍ക്കുകയും ചെയ്യുന്ന ഏതൊരു കേന്ദ്രത്തിനും, ഏതൊന്നിന്റെ പിറകെ പോകാന്‍ മനുഷ്യന്‍ സ്വന്തത്തെ വിട്ടുകൊടുക്കുകയും അതിനു പിറകെ ഓടിക്കൊണ്ടിരിക്കുകയും ചെയ്യുന്നുവോ അതിനും 'ഇലാഹ്' എന്നാണ് ഖുര്‍ആന്‍ പ്രയോഗിക്കുന്നത്. ഇത് സ്വന്തം ആഗ്രഹങ്ങളാവാം, ഒരു മനുഷ്യനെ സംബന്ധിച്ചേടത്തോളം സ്വയം തന്നെ ഇലാഹാകുന്ന അവസ്ഥയുമുണ്ടാവാം.
''തന്റെ ദേഹേഛയെ ദൈവമാക്കിയവനെ നീ കണ്ടുവോ?'' (അല്‍ഫുര്‍ഖാന്‍ 43). ''അവര്‍ തങ്ങളുടെ പണ്ഡിതന്മാരെയും പുരോഹിതന്മാരെയും അല്ലാഹുവിന് പുറമെ രക്ഷാകര്‍ത്താക്കളായി സ്വീകരിച്ചു'' (അത്തൗബ 31).
ഹസ്രത്ത് അദിയ്യുബ്‌നു ഹാകിം ക്രിസ്ത്യാനിയായിരുന്നു. ഇസ്‌ലാം സ്വീകരിച്ചിട്ട് അധിക കാലമായിരുന്നില്ല. ഈ സൂക്തം പാരായണം ചെയ്തപ്പോള്‍, എങ്ങനെയാണ് പണ്ഡിതന്മാരും പുരോഹിതന്മാരും 'റബ്ബുകളാ'വുക എന്ന് അദ്ദേഹത്തിന് വ്യക്തമായില്ല. അദ്ദേഹം പ്രവാചക സന്നിധിയില്‍ വന്ന് ആ സംശയം ഉന്നയിച്ചു. ''ഞങ്ങള്‍ ഞങ്ങളുടെ പണ്ഡിതന്മാര്‍ക്ക് മുന്നില്‍ സാഷ്ടാംഗം നമിക്കുന്നില്ലല്ലോ, അവര്‍ക്ക് ആരാധനകള്‍ അര്‍പ്പിക്കുന്നില്ലല്ലോ, പിന്നെന്താണ് ഞങ്ങളവരെ റബ്ബുകളാക്കുന്നു എന്ന് ഖുര്‍ആന്‍ പറയാന്‍ കാരണം?'' പ്രവാചകന്‍ പ്രതിവചിച്ചു: ''നിങ്ങള്‍ അവര്‍ നിഷിദ്ധമാക്കിയത് നിഷിദ്ധമായി മനസ്സിലാക്കുന്നു. അവര്‍ അനുവദനീയമാക്കിയത് അനുവദനീയമായി മനസ്സിലാക്കുന്നു. നിയമനിര്‍മാണത്തിന്റെ സമസ്താവകാശങ്ങളും നിങ്ങള്‍ അവര്‍ക്ക് വകവെച്ചുകൊടുത്തിരിക്കുന്നു (അതുതന്നെയാണ് അവരെ റബ്ബാക്കല്‍).'' എന്നു പറഞ്ഞാല്‍ ഇവിടെ മനുഷ്യന്‍ തന്നെ 'ഇലാഹ്' ആയി മാറുകയാണ് ചെയ്യുന്നത്.
ഖുര്‍ആന്റെ പ്രബോധനം അല്ലാഹുവിന് മാത്രം അടിമവൃത്തി നടത്തണമെന്നതില്‍ ഒതുങ്ങിനില്‍ക്കുന്നതല്ല; അല്ലാഹുവിനെ കൂടാതെ ഏതെല്ലാം ഇലാഹുകളുണ്ടോ അവയെല്ലാം മിഥ്യയാണെന്നും അവയുടെ നാശം അനിവാര്യമാണെന്നും കൂടി പറയുന്നുണ്ട്. പ്രവാചകന്മാരുടെ പ്രബോധനവും 'നിങ്ങള്‍ എന്നെ അനുസരിക്കണ'മെന്നതില്‍ പരിമിതപ്പെട്ടു നില്‍ക്കുന്നതല്ല. ഇത്രയും കൂടിയുണ്ട്: ''അതിക്രമികളുടെ ആജ്ഞകള്‍ അനുസരിക്കരുത്. ഭൂമിയില്‍ കുഴപ്പമുണ്ടാക്കുന്നവരാണവര്‍. ഒരുവിധ സംസ്‌കരണവും വരുത്താത്തവരും'' (അശ്ശുഅറാഅ് 151,152). അല്ലാഹുവിന്റെ അടിമത്ത പരിധി ലംഘിച്ച് പുറത്തുപോയ ആളുകളെ അനുസരിക്കരുത് എന്ന് സാരം.
പ്രബോധനത്തിന് ഒരു നിര്‍മാണാത്മക വശമുള്ളതോടൊപ്പം ഒരു നിഷേധാത്മക വശം കൂടിയുണ്ട് എന്നര്‍ഥം. അതായത്, അല്ലാഹുവല്ലാത്തവരെ നിഷേധിക്കലും പ്രവാചകന്മാരല്ലാത്തവരുടെ നേതൃത്വത്തെ ധിക്കരിക്കലും. നമ്മുടെ പ്രസ്ഥാനം ഒരു വിപ്ലവ പ്രസ്ഥാനമാണ് എന്ന് നമ്മള്‍ പറയുന്നതിന്റെ അടിസ്ഥാനമായി വര്‍ത്തിക്കുന്ന ആ വിപ്ലവാത്മകതയുണ്ടല്ലോ, അതിന് ജന്മം നല്‍കുന്നത് നമ്മുടെ പ്രബോധനത്തിന്റെ ഈയൊരു ഭാവമാണ്.
വിവ: അനീസ് അഹ്മദ് കോട്ടക്കല്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം