Prabodhanm Weekly

Pages

Search

2021 മെയ് 28

3203

1442 ശവ്വാല്‍ 16

ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്റ്റും ആശുപത്രി വ്യവസായ ലോബികളും

അഡ്വ. എം. താഹ, ഹരിപ്പാട്

കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട് അധിക ചാര്‍ജ് ഈടാക്കുന്ന ഹോസ്പിറ്റലുകള്‍ക്കെതിരെ ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്റ്റ് പ്രകാരം നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുകയുണ്ടായി. ഒരുപക്ഷേ നമ്മില്‍ പലരും ആദ്യമായിട്ടായിരിക്കും ഇങ്ങനെ ഒരു ആക്റ്റിനെ കുറിച്ച് കേട്ടിട്ടുണ്ടാവുക. എന്താണ് ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്റ്റ്?
മെഡിക്കല്‍ രംഗത്തെ ചൂഷണങ്ങള്‍ നിയന്ത്രിക്കുന്നതിനും സാധാരണക്കാരായ പൗരന്മാര്‍ക്ക് കൃത്യമായ അറിവോടെയും മാര്‍ഗദര്‍ശനത്തോടെയും ചികിത്സാ കേന്ദ്രങ്ങളെ സമീപിക്കാനും ചൂഷണമുക്തമായ രീതിയില്‍ ചികിത്സ ലഭ്യമാക്കാനും ഉദ്ദേശിച്ചുകൊണ്ട് 2010 - ല്‍ പാര്‍ലമെന്റ് പാസാക്കിയ  നിയമമാണ് ഇന്ത്യന്‍ ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്റ്റ് - 2010.
18.08.2010-ല്‍ ഈ ആക്റ്റ് നിലവില്‍ വന്നു. ഇന്ത്യയുടെ നാലു സംസ്ഥാനങ്ങളിലും അരുണാചല്‍ പ്രദേശ്, ഹിമാചല്‍ പ്രദേശ്, സിക്കിം, മിസോറാം  പ്രദേശങ്ങളിലും യൂണിയന്‍  ടെറിട്ടറികളിലും അന്നു മുതല്‍ നിയമം പ്രാബല്യത്തില്‍ വരുമെന്ന് ആ നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നു. സംസ്ഥാനങ്ങള്‍ക്ക് സംസ്ഥാന ഗവണ്‍മെന്റ് തീരുമാനിക്കുന്ന ദിവസം മുതല്‍ ഈ നിയമം നടപ്പില്‍ വരുത്താനും നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്.
ഈ നിയമത്തിന്റെ 2C വകുപ്പില്‍ ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് എന്താണ് എന്ന് കൃത്യമായി നിര്‍വചിക്കുന്നുണ്ട്.  ഏതെങ്കിലും വ്യക്തികളോ സ്ഥാപനങ്ങളോ ട്രസ്റ്റുകളോ  സൊസൈറ്റികളോ അംഗീകരിക്കപ്പെട്ട വൈദ്യശാസ്ത്ര സംവിധാനത്തിനു കീഴില്‍ നടത്തുന്ന  ആശുപത്രികള്‍, പ്രസവശുശ്രൂഷാ കേന്ദ്രങ്ങള്‍, ഡിസ്‌പെന്‍സറികള്‍, ക്ലിനിക്കുകള്‍, സാനിറ്റോറിയം, അതുപോലെ ചികിത്സയോ മറ്റോ ഓഫര്‍ ചെയ്യുന്ന സ്ഥാപനങ്ങള്‍  തുടങ്ങിയവയാണ്  ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് എന്നു പറയുന്നത്. രോഗനിര്‍ണയത്തിന് സമീപിക്കുന്ന ലബോറട്ടറി പോലെയുള്ള സംവിധാനങ്ങളെയും ഈ നിര്‍വചനത്തിനു കീഴില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ആംഡ് ഫോഴ്‌സിനു കീഴില്‍ വരുന്ന ഇത്തരം സംവിധാനങ്ങളെ ഈ നിര്‍വചനത്തില്‍നിന്നും ഒഴിവാക്കിയിട്ടുണ്ട്.
ഈ നിയമം അനുസരിച്ച്  ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റിനു കീഴില്‍ വരുന്ന സ്ഥാപനങ്ങള്‍ ബന്ധപ്പെട്ട കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം. ഇത്തരം സ്ഥാപനങ്ങളില്‍ ഓരോ ചികിത്സക്കും വേണ്ട അടിസ്ഥാനപരമായ ചെലവുകള്‍ കൃത്യമായി ബോര്‍ഡ് എഴുതി പ്രദര്‍ശിപ്പിക്കണം. ഒരു രോഗി ഇത്തരം സ്ഥാപനങ്ങളെ സമീപിച്ചാല്‍ രോഗനിര്‍ണയം നടത്തി രോഗം എന്താണ് എന്ന് രോഗിയെ അറിയിക്കുകയും അതിന് ആവശ്യമായ ചികിത്സയെക്കുറിച്ച് ബോധ്യപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്. അങ്ങനെയാവുമ്പോള്‍ രോഗിക്ക് ചികിത്സകള്‍ക്ക് എന്ത് ചെലവാണ് വരുന്നത് എന്ന് കണക്കുകൂട്ടി കാര്യങ്ങള്‍ തീരുമാനിക്കാന്‍ അവസരം ലഭിക്കും. ഒരുപരിധിവരെ ആശുപത്രി സംവിധാനങ്ങളുടെ ചൂഷണത്തില്‍നിന്നും പൗരന് സുരക്ഷിതത്വവും കരുതലും ലഭിക്കുന്ന  നിയമമാണിത്.
രണ്ടായിരത്തി പത്തില്‍ പാര്‍ലമെന്റ് ഇങ്ങനെ ഒരു നിയമം പാസാക്കിയെങ്കിലും ഇന്ത്യയിലെ ഏറ്റവും ഉദ്ബുദ്ധര്‍ എന്ന് പറയുന്ന ജനങ്ങള്‍ അധിവസിക്കുന്ന കേരള സംസ്ഥാനത്ത് ഈ നിയമം നടപ്പിലാക്കിയിട്ടില്ല എന്നറിയുമ്പോഴാണ്  മാറിമാറി വരുന്ന നമ്മുടെ ഗവണ്‍മെന്റുകള്‍ക്ക് പൗരന്മാരുടെ അവകാശ സംരക്ഷണത്തില്‍ എന്തുമാത്രം ഉത്കണ്ഠയുണ്ട് എന്ന് മനസ്സിലാവുക. കേരള ഹൈക്കോടതിയില്‍ ഈ നിയമം നടപ്പിലാക്കാന്‍ സര്‍ക്കാരിനോട് നിര്‍ദേശിക്കണം എന്നുപറഞ്ഞ് ഒരു കേസ് വരികയുണ്ടായി.  ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്തായിരുന്നു ആ കേസ് വന്നത്. ഉടന്‍ വേണ്ടത് ചെയ്യുമെന്ന് ഒരു സത്യവാങ്മൂലം ഗവണ്‍മെന്റ് അന്ന് കോടതിയില്‍ നല്‍കി. ജസ്റ്റിസ് അശോക് ഭൂഷണ്‍ മുഖ്യ ന്യായാധിപന്‍ ആയ ബെഞ്ചിനു കീഴിലാണ് റിട്ട് പരിഗണനക്ക് വന്നത്. എത്രയും വേഗം നിയമം നടപ്പിലാക്കാനുള്ള സംവിധാനങ്ങള്‍ ചെയ്യണം എന്ന് നിര്‍ദേശിച്ച് അത് തീര്‍പ്പാക്കുകയുണ്ടായി
ശിവകുമാര്‍ ആയിരുന്നു അന്ന് ആരോഗ്യമന്ത്രി. റിട്ടിനു പിന്നില്‍ പണിയെടുത്ത  എം.കെ സലീം പല പ്രാവശ്യം മന്ത്രിമന്ദിരത്തില്‍ കയറിയിറങ്ങി. എല്ലാം ശരിയാക്കാം എന്നു പറഞ്ഞതല്ലാതെ അദ്ദേഹം അതില്‍ യാതൊന്നും തന്നെ ചെയ്തില്ല. എം.കെ സലീം പത്രസമ്മേളനം നടത്തി പ്രശ്‌നങ്ങള്‍ പൊതുജനങ്ങളുടെ ശ്രദ്ധയില്‍ കൊണ്ടുവന്നു. ദ ഹിന്ദു ദിനപത്രം മാത്രമാണ് അതേക്കുറിച്ച് ഒരു വാര്‍ത്ത കൊടുത്തത് എന്ന് തോന്നുന്നു. ഗവണ്‍മെന്റും ആരോഗ്യ മേഖലയിലെ കച്ചവടക്കാരും തമ്മിലുള്ള അവിശുദ്ധ ബന്ധം കാരണമാണ് ഈ നിയമം കേരളത്തില്‍ നടപ്പിലാക്കാത്തത് എന്നുവരെ ദ ഹിന്ദു അഭിപ്രായപ്പെടുകയുണ്ടായി.
തുടര്‍ന്നുവന്ന പിണറായി  മന്ത്രിസഭയില്‍ ആരോഗ്യമന്ത്രിയായ  ശൈലജ ടീച്ചറുടെ മുമ്പിലും ബന്ധപ്പെട്ടവര്‍ ഈ വിഷയം എത്തിച്ചു. അതിശക്തമായ ആശുപത്രി വ്യവസായ ലോബിയുടെ ഇടപെടല്‍ ടീച്ചര്‍ക്കും  മറികടക്കാനായില്ല. നിയമം നടപ്പിലാക്കുമെന്ന ഘട്ടം വന്നപ്പോള്‍ ആശുപത്രി വ്യവസായ ലോബി ഹൈക്കോടതിയില്‍ കേസുമായിപ്പോയി. നിയമം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തങ്ങളെ നിര്‍ബന്ധിക്കുന്നു എന്നും സംരക്ഷണം നല്‍കണം എന്നും പറഞ്ഞായിരുന്നു പോക്ക്. കോടതി സര്‍ക്കാരിന്റെ നിലപാട് അറിയാന്‍ കേസ്സ് മാറ്റി. കേസ് കോടതിയില്‍ കിടക്കുന്നു എന്നു  പറഞ്ഞ് പിണറായി മന്ത്രിസഭയിലെ തല്‍പരകക്ഷികള്‍ നിയമം നടപ്പിലാക്കുന്നതില്‍ നിന്ന് പിന്നോട്ടു പോവുകയാണുണ്ടായത്.
ജനാധിപത്യം നിലനില്‍ക്കുന്ന ഒരു രാജ്യത്ത് നിയമം ജനങ്ങള്‍ക്ക് ഗുണപരമായി എങ്ങനെ ഉപയോഗിക്കാമെന്ന്  കാണിച്ചുകൊടുത്ത നിയമമായിരുന്നു 1986-ലെ ഉപഭോക്തൃ സംരക്ഷണ നിയമം. പക്ഷേ ബന്ധപ്പെട്ട ലോബികള്‍ സമര്‍ഥമായി കളിച്ച് ആ നിയമത്തിന്റെ പരിധിയില്‍നിന്ന് പലരെയും രക്ഷപ്പെടുത്തി. ഡോക്ടര്‍മാരും വക്കീലന്മാരും ഒക്കെ അങ്ങനെ ആ നിയമത്തിന്റെ പരിധിയില്‍നിന്നും രക്ഷപ്പെട്ട മിടുക്കന്മാരാണ്.
ഏതാണ്ട് ആ അവസ്ഥ തന്നെയാണ് ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്റ്റിലും സംഭവിച്ചുകൊണ്ടിരിക്കുന്നത്. നമ്മുടെ ജനാധിപത്യ ക്രമത്തിലെ ഒരു പോരായ്മയാണിത്.  ജനപ്രതിനിധികള്‍ക്ക് ജനങ്ങളേക്കാള്‍ അടുപ്പം സംഘടിത ലോബികളോടാണ്. അതുകൊണ്ടുതന്നെ ജനങ്ങളുടെ പേരില്‍ ഉണ്ടാക്കിയെടുക്കുന്ന നിയമങ്ങളുടെ ഗുണവശങ്ങള്‍ ഒന്നുംതന്നെ സാധാരണ ജനങ്ങള്‍ക്ക് കിട്ടാതെ പോകുന്നു. ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്റ്റ് പൂര്‍ണാര്‍ഥത്തില്‍ നടപ്പിലാക്കിയാല്‍ നമ്മുടെ ആശുപത്രികളില്‍നിന്നും ലബോറട്ടറികള്‍ പോലെയുള്ള സംവിധാനങ്ങളില്‍നിന്നും സാധാരണ ജനം നേരിടുന്ന ചൂഷണം ഒരുപരിധിവരെ  ഫലപ്രദമായി തടഞ്ഞുനിര്‍ത്താന്‍ കഴിയും. ഈ നിയമത്തിന്റെ എട്ടാം അധ്യായത്തില്‍ 47-ാം വകുപ്പ്, ബന്ധപ്പെട്ട അതോറിറ്റി എടുക്കുന്ന തീരുമാനങ്ങള്‍ക്ക് കോടതിയുടെ ഇടപെടലില്‍നിന്നു പോലും സംരക്ഷണം നല്‍കുന്നുണ്ട്.
ചില വ്യക്തികളുടെയും ഗ്രൂപ്പുകളുടെയും നിരന്തരമായ ഇടപെടല്‍ മൂലം 2018-ല്‍ കേരള ഗവണ്‍മെന്റ് ഇങ്ങനെ ഒരു നിയമം പാസാക്കിയെങ്കിലും അത്  നടപ്പിലാക്കാനുള്ള ചട്ടങ്ങള്‍ ഇപ്പോഴും പൂര്‍ണമായി തയാറായിട്ടില്ല. ഒരുപക്ഷേ അത് പൂര്‍ത്തിയാക്കി നിയമം നടപ്പിലാക്കുമെന്നായിരിക്കാം  മുഖ്യമന്ത്രി ഉദ്ദേശിച്ചിട്ടുണ്ടാവുക. ഈ നിയമത്തിന്റെ ഗുണവശങ്ങള്‍ ജനങ്ങള്‍ക്ക് ലഭിക്കണമെങ്കില്‍  നിയമം നടപ്പിലാക്കാനുള്ള ഇഛാശക്തി  ഗവണ്‍മെന്റ് കാണിക്കണം.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-38 / സ്വാദ്‌ (12-17)
ടി.കെ ഉബൈദ്‌