Prabodhanm Weekly

Pages

Search

2021 മെയ് 28

3203

1442 ശവ്വാല്‍ 16

ഗസ്സ ഇനിയുമെത്ര കരയണം?

ഡോ. താജ് ആലുവ 

കിഴക്കന്‍ ജറൂസലമിലെ ശൈഖ് ജര്‍റാഹില്‍ യാസിര്‍ കുടുംബത്തെ പുറത്താക്കാന്‍ ഇസ്രയേലീ പോലീസ് വന്‍ സന്നാഹങ്ങളുമായാണ് വന്നത്. ഉടന്‍ വീടു വിട്ടൊഴിയാന്‍ ആവശ്യപ്പെട്ട പോലീസിനോട് ഇത് തലമുറകളായി തങ്ങള്‍ താമസിക്കുന്ന വീടാണെന്നും ഒഴിയാന്‍ മനസ്സില്ലെന്നും പറഞ്ഞ യാസിറിനെയും സഹോദരന്‍ മര്‍വാനെയും പോലീസ് വലിയ ഇരുമ്പു ദണ്ഡ് കൊണ്ട് നിഷ്‌കരുണം അടിക്കാന്‍ തുടങ്ങി. ചില പോലീസുകാര്‍ ആ വീട്ടിലെ ഫര്‍ണിച്ചറുകളും മറ്റും നശിപ്പിക്കുന്നതിലാണ് ഹരം കണ്ടത്. പേടിച്ചരണ്ട പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളും കിടപ്പുമുറിയില്‍ കയറി വാതിലടച്ചു. പിന്നീടവിടെ നടന്നത് ഹൃദയത്തില്‍ കരുണയുടെ കണികയില്ലാത്ത പോലീസ് നായാട്ടായിരുന്നു.  നിരപരാധികളും നിരായുധരുമായ  ആ കുടുംബത്തെ മുഴുവന്‍ നിമിഷനേരം കൊണ്ടവര്‍ തല്ലിച്ചതച്ചു. കൈയും കാലും ഒടിഞ്ഞ ഗൃഹനാഥനും പേടിച്ചരണ്ട സ്ത്രീകളും കുട്ടികളും എങ്ങോട്ട് പോകണമെന്നറിയാതെ തെരുവില്‍ അഭയം തേടി. ഇനിയവര്‍ക്ക് പോകാനുള്ളത് ഗസ്സയിലെയോ വെസ്റ്റ് ബാങ്കിലെയോ, യാതൊരു അടിസ്ഥാന സൗകര്യവുമില്ലാത്ത, മനുഷ്യര്‍ പുഴുക്കളെ പോലെ തിങ്ങിനിറഞ്ഞ ഏതെങ്കിലും അഭയാര്‍ഥി ക്യാമ്പുകളിലേക്ക് മാത്രം!
കഴിഞ്ഞ 73 വര്‍ഷങ്ങളായി ഫലസ്ത്വീനില്‍ അരങ്ങേറുന്ന രംഗങ്ങളുടെ തനിയാവര്‍ത്തനമായിരുന്നു ഇക്കഴിഞ്ഞ ഏപ്രില്‍ അവസാനത്തിലും മെയ് ആദ്യത്തിലുമായി ശൈഖ് ജര്‍റാഹിലും നടന്നത്. തീവ്ര വലതുപക്ഷ സയണിസ്റ്റുകളുടെ ആവശ്യങ്ങള്‍ക്ക് കുടപിടിക്കുന്ന ഇസ്രയേലീ കോടതികളുടെ തിട്ടൂരത്തിന്റെ ബലത്തില്‍  ഫലസ്ത്വീനികളുടെ വീടുകളും കൃഷിയിടങ്ങളും അതിക്രമിച്ച് കൈയേറി അവയെല്ലാം ജൂതകുടിയേറ്റത്തിന് പാകപ്പെടുത്തിയെടുക്കുന്ന കലാപരിപാടിയാണിത്. കിഴക്കന്‍ ജറൂസലമിന്റെ ജനസംഖ്യാനുപാതത്തില്‍ മാറ്റം വരുത്താന്‍ 1967 (ജോര്‍ദാനില്‍നിന്ന് ജറൂസലം കൈവശപ്പെടുത്തിയത്) മുതല്‍ ശ്രമിക്കുന്ന ഇസ്രയേലിന്റെ കുടിലശ്രമങ്ങളുടെ ഭാഗമാണിത്. നേരത്തേ തന്നെ വെസ്റ്റ് ബാങ്കില്‍ മൂന്ന് ലക്ഷത്തില്‍ പരം കുടിയേറ്റക്കാരെയും കിഴക്കന്‍ ജറൂസലമില്‍ രണ്ട് ലക്ഷത്തിലധികം കുടിയേറ്റക്കാരെയും നിലനിര്‍ത്തിപ്പോരുന്ന ജൂതരാഷ്ട്രത്തിന് അവസാന ഇഞ്ച് ഫലസ്ത്വീന്‍ ഭൂമിയും കൈവശപ്പെടുത്തുന്നതു വരെ അധിനിവേശം അവസാനിപ്പിക്കാന്‍ തയാറില്ലെന്നുള്ള നയമാണ് പിന്തുടരാന്‍ താല്‍പര്യം. അതിന്റെ തുടര്‍ച്ചയാണ് ശൈഖ് ജര്‍റാഹില്‍ കണ്ടത്.
ഇപ്പോഴത്തെ സംഘര്‍ഷങ്ങളുടെ തുടക്കം അന്യായമായ ഈ കുടിയേറ്റത്തിനെതിരെ ഫലസ്ത്വീനികള്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചതാണ്. അതിനു മുമ്പു തന്നെ മറ്റൊരു പ്രകോപനവും ഇസ്രയേലിന്റെ ഭാഗത്തുനിന്നുണ്ടായിരുന്നു. റമദാനില്‍ ഫലസ്ത്വീനികള്‍ നോമ്പുതുറ സമയത്ത് ഒരുമിച്ചുകൂടുന്ന അല്‍ അഖ്‌സ്വാ പള്ളിക്കടുത്തുള്ള ദമസ്‌കസ് ഗേറ്റില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ചുകൊണ്ട് അവരെ തടയാന്‍ ശ്രമിച്ചതാണ് അത്. ഇതില്‍ രണ്ടിലും പ്രതിഷേധിക്കാന്‍ റമദാനിലെ അവസാനത്തെ വെള്ളിയാഴ്ച മസ്ജിദുല്‍ അഖ്‌സ്വാ പരിസരത്ത് ഒരുമിച്ചുകൂടിയ ഫലസ്ത്വീനികള്‍ക്കെതിരെ ഇസ്രയേലീ സൈന്യം റബ്ബര്‍-കോട്ടഡ് ബുള്ളറ്റുകളും സ്റ്റണ്‍ ഗ്രനേഡുകളും തൊടുത്തുവിട്ടതില്‍ 200-ലധികം പേര്‍ക്ക് പരിക്കേറ്റിരുന്നു. തുടര്‍ന്ന് റമദാന്‍ 28-ന് രാത്രി സൈന്യം മസ്ജിദുല്‍ അഖ്‌സ്വാക്കകത്ത് കയറി പള്ളിയില്‍ നിശാനമസ്‌കാരം നിര്‍വഹിക്കുകയായിരുന്ന വിശ്വാസികള്‍ക്കെതിരെയും നിറയൊഴിച്ചു, ഇതില്‍ 300-ല്‍ പരം പേര്‍ക്ക് പരിക്കേറ്റു. തുടര്‍ന്ന് ഹമാസ്  പിറ്റേദിവസം വൈകീട്ട് ആറു മണിക്കു മുമ്പ് പളളിയിലും ശൈഖ് ജര്‍റാഹിലും തമ്പടിച്ച ഇസ്രയേലീ സൈന്യം സ്ഥലം വിട്ടുപോകണമെന്ന് അന്ത്യശാസനം  നല്‍കി. സൈന്യം അതിന് കൂട്ടാക്കാതിരുന്നപ്പോള്‍ ഹമാസ് ഇസ്രയേലിലേക്ക് റോക്കറ്റുകള്‍ അയച്ചാണ് പ്രതികാരം വീട്ടിയത്. തുടര്‍ന്ന് ഗസ്സക്കു മേല്‍ ഇസ്രയേല്‍ അതിശക്തമായ വ്യോമ-നാവിക-കര ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഗസ്സയിലെ ഇസ്രയേല്‍ നരനായാട്ട് ഇതെഴുതുമ്പോഴും നിര്‍ബാധം തുടര്‍ന്നുകൊണ്ടേയിരിക്കുകയാണ്. ഇതുവരെ 55 കുട്ടികളും 33 സ്ത്രീകളും ഉള്‍പ്പെടെ 200-ല്‍ പരം പേര്‍ കൊല്ലപ്പെടുകയും 1230 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്നാണ് ഫലസ്ത്വീനി ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍. കൂടാതെ, ഗസ്സയില്‍ മാത്രം 500-ല്‍ പരം വീടുകള്‍ തകര്‍ക്കുകയും 40,000-ല്‍ പരം പേര്‍ ഭവനരഹിതരാവുകയും ചെയ്തിട്ടുണ്ട്. ഇസ്രയേലിലേക്ക് ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണങ്ങളില്‍ രണ്ട് കുട്ടികളടക്കം 10 പേരാണ് കൊല്ലപ്പെട്ടത്.
               
വംശീയ ഉന്മൂലനം ലക്ഷ്യം 

ഗസ്സയിലെ ആക്രമണങ്ങളില്‍ മരിച്ചവരും പരിക്കേറ്റവരും നിരപരാധികളായ സാധാരണ പൗരന്മാരാണ്. നിഷ്‌കളങ്കരായ പിഞ്ചുകുഞ്ഞുങ്ങളുടെയും സ്ത്രീകളുടെയും മൃതദേഹങ്ങള്‍ തകര്‍ക്കപ്പെട്ട കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് പുറത്തെടുക്കുന്നതും മറമാടുന്നതും കരള്‍ പിളര്‍ക്കുന്ന രംഗങ്ങളാണ്. ഈദുല്‍ ഫിത്വ്ര്‍ ദിവസം ബോംബാക്രമണത്തില്‍ ഭാര്യയും നാലു മക്കളും നഷ്ടപ്പെട്ട മുഹമ്മദ് അല്‍ ഹദീദി ഇസ്രയേലീ അതിക്രമത്തിന്റെ ഏറ്റവും വേദനയേറിയ കാഴ്ചയായി. ''എന്റെ നാലു പൊന്നോമന മക്കളാണ് ഈ മരിച്ചു കിടക്കുന്നത്. അനീതി നിറഞ്ഞ ലോകമേ, നിങ്ങളീ അക്രമങ്ങള്‍ കണ്ണുതുറന്ന് കാണണം. എന്റെ മക്കള്‍ സുരക്ഷിതരായി വീട്ടില്‍ കഴിഞ്ഞവരാണ്. അവര്‍ ആയുധമെടുത്തവരല്ല. അവര്‍ക്ക് അക്രമങ്ങളെക്കുറിച്ചറിയില്ല. ഈദുല്‍ ഫിത്വ്‌റിന്റെ പുതിയ കുഞ്ഞുടുപ്പുകളണിഞ്ഞ നിലയിലാണ് അവരെ കൊന്നുകളഞ്ഞത്'' - അല്‍ ഹദീദി വിതുമ്പി.
തങ്ങള്‍ ലക്ഷ്യം വെക്കുന്നത് ഹമാസിന്റെ പോരാളികളെയാണെന്നാണ് ഇസ്രയേല്‍ പറയുന്നതെങ്കിലും അത് പൊള്ളയായ വാദമാണെന്ന് ഏവര്‍ക്കുമറിയാം. കുഞ്ഞുങ്ങളെയടക്കം വകവരുത്തിക്കൊണ്ട് ഗസ്സയിലെ ഫലസ്ത്വീനികളെ പാഠം പഠിപ്പിക്കലാണ് ജൂതരാഷ്ട്രത്തിന്റെ ലക്ഷ്യം. ലോകത്തിലെ തന്നെ ഏറ്റവും ജനസാന്ദ്രതയേറിയ പ്രദേശമായ ഗസ്സയെ 2005 മുതല്‍ ശക്തമായ കര-നാവിക-വ്യോമ ഉപരോധത്താല്‍ വരിഞ്ഞുമുറുക്കിയിരിക്കുകയാണ് ഇസ്രയേല്‍. അവര്‍ക്ക് വേണ്ട ഭക്ഷണവും തൊഴിലും ജീവനോപാധികളുമൊക്കെ ജൂതരാഷ്ട്രത്തിന്റെ ഔദാര്യത്തിലാണ്. ദിനേന മൂന്ന്-നാലു മണിക്കൂറുകളാണ് ആശുപത്രികളില്‍ പോലും വൈദ്യുതി ലഭിക്കുന്നത്. ആത്മാഭിമാനമുള്ള ജനതക്ക് ഒരു നിലക്കും സഹിക്കാനാകാത്ത ഉപരോധത്തിന്റെ പിടിത്തത്തില്‍ വലയുന്ന ജനതയെയാണ് ഉറങ്ങിക്കിടക്കുമ്പോള്‍ ബോംബ് വര്‍ഷിച്ച് വംശീയ ഉന്മൂലനം എന്ന അജണ്ടയുമായി ഇസ്രയേല്‍ മുന്നോട്ടു പോകുന്നത്. എല്ലാ ആക്രമണങ്ങളിലും പിഞ്ചുകുട്ടികളെ തെരഞ്ഞുപിടിച്ച് കൊല്ലുന്നതും വീടുകളും കൃഷിയിടങ്ങളും തകര്‍ക്കുന്നതും പതിവായത് ഇതിന്റെ ഭാഗമാണ്.

പാളിപ്പോയ അല്‍ഗോരിതങ്ങള്‍

ഇസ്രയേലിന്റെ മാധ്യമവിരോധവും ഇതുവരെ തങ്ങള്‍ കുത്തകയാക്കി വെച്ചിരുന്ന മീഡിയ മാനിപ്പുലേഷന്‍ കൈവിട്ടുപോകുന്നതിലെ അസ്‌കിതയും ഇപ്പോഴത്തെ സംഘര്‍ഷത്തില്‍ പ്രകടമായിരുന്നു. ഗസ്സയിലെ വിവരങ്ങള്‍ വസ്തുനിഷ്ഠമായും സ്വതന്ത്രമായും ലോകത്തിനു മുന്നില്‍ എത്തിച്ചിരുന്ന അല്‍ ജസീറയുടെ ഗസ്സയിലെ ആസ്ഥാനം നിലനിന്നിരുന്ന അല്‍ജലാ ടവര്‍ തകര്‍ക്കുന്നതിന് ഇസ്രയേലിനെ പ്രേരിപ്പിച്ചത് അതാണ്. യുദ്ധങ്ങളില്‍ ആദ്യം പരിക്കേല്‍ക്കുന്നത് സത്യത്തിനാണെന്ന വാദം ഇത്തവണ അല്‍പം വ്യതിരിക്തമായതിന് കാരണവും അല്‍ ജസീറ പോലുള്ള മാധ്യമങ്ങളായിരുന്നു. വെറും ഒരു മണിക്കൂര്‍ മാത്രം സമയം നല്‍കി അല്‍ ജസീറ, അസോസിയേറ്റഡ് പ്രസ്, മിഡില്‍ ഈസ്റ്റ് ഐ തുടങ്ങിയ മാധ്യമസ്ഥാപനങ്ങളുടെ സ്ഥാവര-ജംഗമ വസ്തുക്കളുള്‍പ്പെടെ നിലംപരിശാക്കിയത് സത്യം പുറത്തു വരുന്നതിനെ ഇസ്രയേല്‍ എത്രമാത്രം ഭയപ്പെട്ടിരുന്നുവെന്നതിന്റെ തെളിവാണ്.  
പ്രമുഖ  സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളായ ഇന്‍സ്റ്റഗ്രാമും ട്വിറ്ററും ഫലസ്ത്വീനീ പോസ്റ്റുകളും അക്കൗണ്ടുകളും ഡിലീറ്റ് ചെയ്തതും ഇതിനിടയില്‍ വാര്‍ത്തയായി. ഫലസ്ത്വീനികളുടെ ഡിജിറ്റല്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന 7മാഹലവ എന്ന സംഘടന ഒരു പ്രസ്താവനയില്‍ പറഞ്ഞത് ഏതാണ്ട് 200-ഓളം പരാതികള്‍ ഇതുസംബന്ധമായി തങ്ങള്‍ക്ക് ലഭിച്ചുവെന്നാണ്. തങ്ങളുടെ 'അല്‍ഗോരിതത്തിലുണ്ടായ മനഃപൂര്‍വമല്ലാത്ത പാളിച്ച'യായി ഈ നെറ്റ് വര്‍ക്കുകള്‍ അതിനെ വിശദീകരിച്ചെങ്കിലും അത്തരം പാളിച്ചകള്‍ ഇസ്രയേലീ പക്ഷത്തുനിന്നുള്ള വാര്‍ത്തകള്‍ക്കും പോസ്റ്റുകള്‍ക്കും വരാത്തത് ഫലസ്ത്വീനീ സോഷ്യല്‍ മീഡിയ ആക്റ്റിവിസ്റ്റുകളെ തൃപ്തിപ്പെടുത്തിയില്ല. അവസാനം ആക്റ്റിവിസ്റ്റുകളുടെ സമ്മര്‍ദത്തെത്തുടര്‍ന്ന് ഇന്‍സ്റ്റഗ്രാം കിഴക്കന്‍ ജറൂസലമിലെ ഫലസ്ത്വീനികളോട് ക്ഷമാപണം നടത്തുകയുണ്ടായി.   പാര്‍ശ്വവല്‍കൃത സമൂഹങ്ങള്‍ക്ക് പ്രാധാന്യപൂര്‍വം സ്‌പേസ് നല്‍കണമെന്നും സ്വാതന്ത്ര്യത്തിനും നീതിക്കും മൗലികാവകാശങ്ങള്‍ക്കും വേണ്ടിയുള്ള അവരുടെ മുറവിളികള്‍ കേള്‍പ്പിക്കാനുതകുന്ന തരത്തില്‍ നയങ്ങള്‍ രൂപപ്പെടുത്തണമെന്നും ഇലക്ട്രോണിക് ഫ്രണ്ടിയര്‍ ഫൗണ്ടേഷന്‍, ജ്യൂവിഷ് വോയ്‌സ് ഫോര്‍ പീസ് തുടങ്ങിയ സംഘടനകള്‍ ഈ നെറ്റ് വര്‍ക്കുകളോട് ആവശ്യപ്പെടുകയുണ്ടായി.

ഇസ്രയേല്‍ എന്ന വംശീയ സ്റ്റേറ്റ് 

ഇസ്രയേലിനകത്ത് വളരെ കടുത്ത രീതിയില്‍, വ്യവസ്ഥാപിതമായി വംശീയ വിവേചനം നേരിടുന്ന അറബ് സമൂഹവും ഇത്തവണ അതിശക്തമായി ഗസ്സയിലെയും ശൈഖ് ജര്‍റാഹിലെയും ഫലസ്ത്വീനികളോടൊപ്പം നിലകൊണ്ടുവെന്നത് ശ്രദ്ധേയമാണ്. 1948-ല്‍ ഇസ്രയേല്‍ രൂപീകരിക്കപ്പെട്ടപ്പോള്‍ ജൂതഭൂരിപക്ഷ പ്രദേശങ്ങളില്‍ നിന്ന് പലായനം ചെയ്ത് കിഴക്കന്‍ ജറൂസലമിലെ പ്രദേശങ്ങളില്‍ താമസമാക്കിയ ഇവര്‍ സാങ്കേതികമായി ഇസ്രയേലീ പൗരന്മാരാണെങ്കിലും ഇവരോടുള്ള നഗ്‌നമായ വിവേചനം വെളിവാക്കുന്ന ഒട്ടനവധി നിയമങ്ങളാണ് ഇസ്രയേല്‍ ചുട്ടെടുത്തുകൊണ്ടിരിക്കുന്നത്. മൂന്നാം കിട പൗരന്മാരായി മാത്രം കണക്കാക്കപ്പെടുന്ന ഇവര്‍ പുതിയ പ്രശ്‌നങ്ങളില്‍ തങ്ങളുടെ സഹോദരങ്ങളോട് ഐക്യപ്പെട്ടുകൊണ്ട് വമ്പന്‍ യൂനിറ്റി മാര്‍ച്ചുകള്‍ സംഘടിപ്പിച്ചുകൊണ്ടിരിക്കുന്നു.  ഇസ്രയേലീ സൈന്യം ഇവര്‍ക്കെതിരെ ബലപ്രയോഗം നടത്തുകയും 17 പേരെ കൊലപ്പെടുത്തുകയും ചെയ്തിരുന്നു.  4200-ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഇസ്രയേലീ അധിനിവേശ നയങ്ങള്‍ക്കെതിരിലുള്ള അതിശക്തമായ മുന്നേറ്റമാണിതെന്നും ചരിത്രത്തിലിതുവരെ ഇല്ലാത്തതാണ് ഈ സംഭവമെന്നും ഹൈഫയില്‍ താമസിക്കുന്ന ഫലസ്ത്വീന്‍ ആക്റ്റിവിസ്റ്റ് ലൈല ഹല്ലാഖ് പറയുന്നു.
ഇസ്രയേലീ അറബികളെന്ന് മുദ്രകുത്തപ്പെട്ട് ദശകങ്ങളായി അവഗണിക്കപ്പെട്ടു കഴിയുന്ന ഇവര്‍ തങ്ങളുടെ ഫലസ്ത്വീനീ സ്വത്വം ഉച്ചത്തില്‍ പ്രഖ്യാപിക്കുന്നതാണ് ഈ ഐക്യപ്പെടലിലൂടെ കാണുന്നതെന്ന് ലൈല പറയുന്നു. വെസ്റ്റ് ബാങ്കിലും കിഴക്കന്‍ ജറൂസലമിലും ഗസ്സയിലും അതുപോലെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും പരന്നു കിടക്കുന്ന ഫലസ്ത്വീനികള്‍ തങ്ങളുടെ മാതൃരാജ്യമെന്ന ഏക ലക്ഷ്യത്തിനു വേണ്ടി പോരാടുന്ന ഈ കാഴ്ച ദുരിതങ്ങള്‍ക്കിടയിലും പ്രതീക്ഷക്ക് വകനല്‍കുന്നതാണ്. ഇസ്രയേലീ അറബികളും തീവ്ര വലതുപക്ഷ ജൂതരും തമ്മില്‍ അപ്രതീക്ഷിതവും ആകസ്മികവുമായ സംഘട്ടനങ്ങള്‍ കിഴക്കന്‍ ജറൂസലമില്‍ അരങ്ങേറുകയുണ്ടായി. വ്യാപകമായ തോതില്‍ നടന്ന ഈ സംഘട്ടനങ്ങളില്‍ ഫലസ്ത്വീനികള്‍ക്കാണ് നാശമേറെ സംഭവിച്ചതെങ്കിലും ഇസ്രയേല്‍ ഒരിക്കലും ഇത് പ്രതീക്ഷിച്ചിട്ടുണ്ടായിരുന്നില്ല. ഒരര്‍ഥത്തില്‍ ഇസ്രയേല്‍ മുഴുവന്‍ കത്തിയെരിയുന്ന പ്രതീതിയാണ് അത് ഉണ്ടാക്കിയത്.
 
അന്താരാഷ്ട്ര സമൂഹത്തിന്റെ ഇരട്ടത്താപ്പ് 

അന്താരാഷ്ട്ര സമൂഹത്തിന്റെ ഇരട്ടത്താപ്പും ഇതിനിടയില്‍ വെളിവായി.  ആക്രമണങ്ങളില്‍ നിന്ന് ഇസ്രയേലിനെ പിന്തിരിപ്പിക്കണമെന്ന് വിവിധ രാഷ്ട്രങ്ങള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പലതവണ യു.എന്‍ സുരക്ഷാ കൗണ്‍സില്‍ യോഗം ചേര്‍ന്നിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനോ സംയുക്ത പ്രസ്താവന പുറപ്പെടുവിക്കാന്‍ പോലുമോ കൗണ്‍സിലിന് കഴിഞ്ഞില്ല. അത്തരം ശ്രമങ്ങളെല്ലാം അമേരിക്ക വീറ്റോ ചെയ്യുകയായിരുന്നു. ഇസ്രയേലിന് അനുകൂലമായി നിലപാടെടുക്കുന്ന അമേരിക്കയാണ് യു.എന്‍ സുരക്ഷാ കൗണ്‍സിലിലെ ഐക്യം തകര്‍ക്കുന്നതെന്ന് ചൈന കുറ്റപ്പെടുത്തി. ഇസ്രയേലിന്റെ സുരക്ഷ പ്രധാനമാണെന്നും സ്വയം പ്രതിരോധിക്കാനുള്ള അവകാശം ആ രാഷ്ട്രത്തിനുണ്ടെന്നും ആവര്‍ത്തിച്ച് പ്രഖ്യാപിക്കുന്ന അമേരിക്ക പക്ഷേ  200-ലധികം ഐക്യരാഷ്ട്ര സഭാ പ്രമേയങ്ങള്‍ പുല്ലുപോലെ വലിച്ചെറിയുന്ന സയണിസ്റ്റ് രാഷ്ട്രത്തിന്റെ അതിക്രമങ്ങളെക്കുറിച്ച് അര്‍ഥഗര്‍ഭമായ മൗനം പാലിക്കുന്നു. ഈ പ്രമേയങ്ങളുടെ ആകത്തുക 1967-ലെ അതിര്‍ത്തികളിലേക്ക് ഇസ്രയേല്‍ പിന്‍വാങ്ങണമെന്നതായിരിക്കെ നിരന്തരമായി കുടിയേറ്റം വ്യാപിപ്പിക്കുകയും ഫലസ്ത്വീനീ ഭൂപ്രദേശങ്ങള്‍ കൈവശപ്പെടുത്തുകയും ചെയ്യുന്ന ഇസ്രയേലീ നയത്തെ ഈ സംഘര്‍ഷങ്ങളുടെ മൂലകാരണമായി കണക്കാക്കാന്‍ അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സും അടക്കമുള്ള വന്‍ശക്തി രാഷ്ട്രങ്ങള്‍ക്ക് സാധിക്കാതെ പോകുന്നതാണ് ഫലസ്ത്വീന്‍ പ്രശ്‌നത്തെ ഇത്രയധികം വഷളാക്കുന്നത്.  'സ്വയം പ്രതിരോധ'ത്തിനുള്ള അവകാശം ജൂതര്‍ക്ക് മാത്രം വകവെച്ചുകൊടുക്കുകയും പിഞ്ചുകുഞ്ഞുങ്ങളെയടക്കം തോക്കിനും ബോംബിനുമിരയാക്കുകയും ഏത് സമയത്തും ഫലസ്ത്വീനീ ഭൂപ്രേദേശങ്ങളില്‍ കടന്നുചെന്ന് തോന്നുന്നവരെ കൊല്ലുകയും തോന്നുന്നവരെയൊക്കെ അറസ്റ്റ് ചെയ്ത് തടങ്കലില്‍ പാര്‍പ്പിക്കുകയും ചെയ്യുന്ന ജൂതരാഷ്ട്രത്തിന്റെ കൈപിടിക്കാതെ, ഹമാസിന്റെ റോക്കറ്റുകളെ മാത്രം പ്രശ്‌നവല്‍ക്കരിക്കുന്ന, ഒരു ഭാഗം ചെരിഞ്ഞ നീതിബോധമാണ് അന്താരാഷ്ട്ര സമൂഹത്തിന്റെ ഭാഗത്തുനിന്നുമുണ്ടാകുന്നത്.

ഇസ്രയേല്‍ ജയിക്കാത്ത യുദ്ധം 

ഏകപക്ഷീയമായ ആക്രമണമാണ് ഇസ്രയേല്‍ ഗസ്സയില്‍ നടത്തുന്നതെങ്കിലും ഫലസ്ത്വീനികളുടെ മനോധൈര്യത്തെയും എന്തു വില കൊടുത്തും അധിനിവേശത്തെ ചെറുത്തുനില്‍ക്കാനുള്ള അവരുടെ ഇഛാശക്തിയെയും തോല്‍പിക്കാന്‍ ജൂതരാഷ്ട്രത്തിന് സാധിക്കുന്നില്ലായെന്നതാണ് വാസ്തവം. അതുകൊണ്ടാണ് ഹമാസില്‍ നിന്ന് ഇപ്പോള്‍ നേരിടുന്നത് ഗസ്സയില്‍ നിന്നുള്ള എക്കാലത്തെയും ഉയര്‍ന്ന തോതിലുള്ള റോക്കറ്റ് ആക്രമണമാണെന്ന് ഇസ്രയേല്‍ സൈന്യത്തിന് സമ്മതിക്കേണ്ടി വന്നത്. മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥനായ മേജര്‍ ജനറല്‍ ഒറി ഗോര്‍ഡിന്‍ ആണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം പറഞ്ഞത്. കൂടാതെ, 'ഹാരെറ്റ്‌സ്' പത്രത്തിലെഴുതിയ കോളത്തില്‍ പത്രത്തിന്റെ ബോര്‍ഡ് മെമ്പര്‍ കൂടിയായ ഗെഡിയോന്‍ ലെവി ഈ യുദ്ധം ഇസ്രയേലിനാണ് കൂടുതല്‍ നഷ്ടം വരുത്തിവെച്ചതെന്ന് പറയുന്നുണ്ട്. വെറും 300 ഡോളര്‍ മാത്രം ചെലവുവരുന്ന ഹമാസിന്റെ റോക്കറ്റിനെ പ്രതിരോധിക്കാന്‍ 50,000 ഡോളര്‍ ചെലവാക്കുന്ന വിരോധാഭാസം മാത്രമല്ല, ഫലസ്ത്വീനികളുടെ അവകാശങ്ങളെക്കുറിച്ച് മേഖലയിലെ ജനങ്ങള്‍ കൂടുതല്‍ അവബോധമുള്ളവരാകുന്നുവെന്നത് ഇസ്രയേലിനെ കൂടുതല്‍ അരക്ഷിതമാക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. ജനങ്ങളാല്‍ വെറുക്കപ്പെട്ടുകഴിഞ്ഞ അറബ് ഭരണാധികാരികള്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഇളക്കം തട്ടാമെന്നും അമേരിക്ക പോലും ഏതു സമയത്തും കാലുമാറിയേക്കാമെന്നും അത് ഇസ്രയേലികളുടെ അവസ്ഥ പരിതാപകരമാക്കുമെന്നും ലെവി അഭിപ്രായപ്പെടുന്നു. 
അമേരിക്കന്‍ ഭരണകൂടം എപ്പോഴും ഇസ്രയേലിനൊപ്പമാണെങ്കിലും പ്രസിഡന്റ് ജോ ബൈഡന്റെ ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ 28 സെനറ്റര്‍മാരും   സ്വതന്ത്ര സെനറ്റര്‍ ബെര്‍ണി സാന്‍ഡേഴ്‌സിനെ പോലുള്ളവരും ഭരണകൂടത്തിന്റെ നിലപാടുകളോട് ശക്തമായി വിയോജിക്കുന്നവരാണ്. 'ന്യൂയോര്‍ക്ക് ടൈംസി'ല്‍ എഴുതിയ ലേഖനത്തില്‍ ഇസ്രയേലിന് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്ന പതിവു പല്ലവി അമേരിക്ക ഇനി ആവര്‍ത്തിച്ചുപോകരുതെന്ന് സാന്‍ഡേഴ്‌സ് താക്കീതു നല്‍കുന്നു. ''അപ്പോള്‍ ഫലസ്ത്വീനികളുടെ അവകാശങ്ങളെക്കുറിച്ച് നാമെന്തു പറയും? അന്താരാഷ്ട്ര തലത്തില്‍ നമ്മുടേതൊരു വിശ്വസനീയമായ ശബ്ദമായി മാറണമെങ്കില്‍ മനുഷ്യാവകാശങ്ങളുടെ വിഷയത്തില്‍ ഇരട്ടത്താപ്പില്ലാത്ത അന്താരാഷ്ട്ര നയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ നാം തയാറാകണം. ഫലസ്ത്വീന്റെ അവകാശങ്ങള്‍ പ്രധാനമാണ്, ഫലസ്ത്വീനീ ജീവിതങ്ങള്‍ പ്രധാനമാണ്. ഇത് നാം ഉറക്കെ പറയണം. നാലു ബില്യന്‍ ഡോളറിന്റെ സൈനിക സഹായം നാം ഇസ്രയേലിന് നല്‍കുന്നുവെങ്കില്‍, തികഞ്ഞ വംശീയവാദിയായ നെതന്യാഹുവിന്റെ ജനാധിപത്യ-മനുഷ്യാവകാശ വിരുദ്ധമായ നയങ്ങളെ നാം തള്ളിപ്പറയേണ്ടതായിട്ടുണ്ട്'' - സാന്‍ഡേഴ്‌സ് എഴുതി. 
വിവിധ ലോക നഗരങ്ങളില്‍ സയണിസ്റ്റ് രാഷ്ട്രത്തിന്റെ ഭീകരാക്രമണങ്ങള്‍ക്കെതിരെ പടുകൂറ്റന്‍ പ്രതിഷേധ പ്രകടനങ്ങളാണ് നടക്കുന്നത്. ന്യൂയോര്‍ക്ക്, ലണ്ടന്‍, കേപ് ടൗണ്‍, ഓക്‌ലന്‍ഡ്, പാരീസ്, വിയന്ന, സിഡ്‌നി, ടോക്യോ, ടൊറന്റോ, റോം തുടങ്ങിയ നഗരങ്ങളിലൊക്കെ പതിനായിരങ്ങള്‍ ഇസ്രയേലിനെതിരെ തെരുവിലിറങ്ങി. ദോഹയില്‍ നടന്ന ഫലസ്ത്വീന്‍ ഐക്യദാര്‍ഢ്യ സംഗമത്തില്‍ ഹമാസ് രാഷ്ട്രീയ കാര്യ തലവന്‍ ഇസ്മാഈല്‍ ഹനിയ്യ പങ്കെടുത്തു.
തികച്ചും അനീതിപരവും ആക്രമണോത്സുകവുമായ അധിനിവേശ-കുടിയേറ്റ നടപടികളിലൂടെ ഇസ്രയേലിന് ഇനിയും മുന്നോട്ടു പോകാനാവില്ലെന്നു തന്നെയാണ്  സംഭവങ്ങളെ നിഷ്പക്ഷമായി നിരീക്ഷിക്കുന്ന എല്ലാവരും വിലയിരുത്തുന്നത്. ഇസ്രയേലിന്റെ പിടിവാശിയിലൂടെ സമാധാന സംഭാഷണങ്ങള്‍ നിലച്ചിരിക്കുകയാണെങ്കിലും അന്തിമമായി ജൂതരാഷ്ട്രത്തിന് അതിന് വഴങ്ങേണ്ടിവരുമെന്നു തന്നെയാണ് വിലയിരുത്തല്‍. അതുവരെ ഫലസ്ത്വീനികള്‍ക്കു മുന്നില്‍ ഒരേയൊരു പോംവഴിയേയുള്ളൂ, അതിശക്തമായ ചെറുത്തുനില്‍പ്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-38 / സ്വാദ്‌ (12-17)
ടി.കെ ഉബൈദ്‌