Prabodhanm Weekly

Pages

Search

2021 മെയ് 28

3203

1442 ശവ്വാല്‍ 16

ഇനിയുള്ളത് വിമോചനവും തിരിച്ചുവരവും

അലി ഉഖ്‌ല അര്‍സാന്‍

റമദാനിലെ അവസാന പത്തു ദിനങ്ങള്‍, ഖദ്‌റിനെ പ്രതീക്ഷിക്കുന്ന രാത്രികള്‍, പെരുന്നാള്‍ ദിനങ്ങള്‍ ഇതെല്ലാം അല്‍ ആമൂദ് കവാടം (Damascus Gate) മുതല്‍ ശൈഖ് ജര്‍റാഹ് തെരുവ് വരെയുള്ള, മസ്ജിദുല്‍ അഖ്‌സ്വായും ഖുദ്‌സും മുതല്‍ ഗസ്സയും പടിഞ്ഞാറേ കരയും വരെയുള്ള മുഴുവന്‍ ഫലസ്ത്വീന്നും ദുരിതത്തിന്റെ നാളുകളായിരുന്നു; ചെറുത്തുനില്‍പ്പിന്റെയും. സയണിസ്റ്റ് ഭീകരതക്കു മുമ്പില്‍ കാരിരുമ്പിന്റെ നിശ്ചയദാര്‍ഢ്യവുമായി ഫലസ്ത്വീനീ യുവത തങ്ങളുടെ രക്തവും മജ്ജയും മാംസവും ബലി നല്‍കിക്കൊണ്ടിരിക്കുന്നു, ധാര്‍മികതയുടെ തരിമ്പും ശേഷിക്കാത്ത സയണിസ്റ്റ് വംശവെറിയന്‍ സൈന്യത്തിനു മുന്നില്‍ ഫലസ്ത്വീന്റെ മാനവും അഭിമാനവും ഉയര്‍ത്തിപ്പിടിച്ചു കൊണ്ടിരിക്കുന്നു.... ഫലസ്ത്വീനീ ജനത ഇങ്ങനെയാണ് ഇക്കൊല്ലം നോമ്പെടുത്തത്; ഇങ്ങനെയാണ് പെരുന്നാള്‍ ആഘോഷിച്ചത്. ഖുദ്‌സില്‍നിന്ന് തുടങ്ങി, ഗസ്സയിലൂടെ പടര്‍ന്ന്, ഒടുവില്‍ ഒറ്റ മനസ്സായി ഫലസ്ത്വീന്‍ ജനത നടത്തുന്ന പ്രതിരോധം.
ഖുദ്‌സ് നഗരത്തിന്റെ വടക്ക് ബസാതീന്‍ മേഖലയിലാണ് ശൈഖ് ഹുസാമുദ്ദീന്‍ ബ്‌നു ഈസാ അല്‍ജര്‍റാഹി ജീവിച്ചിരുന്നത്. അദ്ദേഹം സ്വലാഹുദ്ദീന്‍ അയ്യൂബിയുടെ അമീറുമാരില്‍ ഒരാളായിരുന്നു. അദ്ദേഹത്തിന്റെ ഭിഷഗ്വരനായിരുന്നു അവിടെ തന്നെ താമസിച്ചിരുന്ന ശൈഖ് അല്‍ ജര്‍റാഹ്. അവിടെയുള്ള ഒരു സാവിയ(സ്വൂഫി ആധ്യാത്മിക കേന്ദ്രം)യിലാണ് അദ്ദേഹം മറമാടപ്പെട്ടത്. അവിടെ ഒരു പള്ളിയും നിര്‍മിക്കപ്പെട്ടു. ഈ സമുച്ചയം ശൈഖ് അല്‍ജര്‍റാഹിന്റെ പേരിലാണ് അറിയപ്പെട്ടത്. അന്നു മുതല്‍ ആ തെരുവും ശൈഖ് ജര്‍റാഹ് എന്നറിയപ്പെടാന്‍ തുടങ്ങി.
1880-ല്‍ യോസഫ് ബ്ന്‍ റഹാമീം നാത്തന്‍ മയൂഹാസ് എന്ന ജൂതന്‍ സഹായമാവശ്യപ്പെട്ട് ഖുദ്‌സ് നഗരത്തിലെത്തി. മഖാഅ് എന്ന പേരില്‍ വിളിക്കപ്പെടുന്ന നിലത്തിന്റെ ഉടമസ്ഥനായ അബ്ദുര്‍റബ്ബു ബ്‌നു ഖലീല്‍ ബ്‌നു ഇബ്‌റാഹീം എന്ന വ്യക്തി സഹായം നല്‍കാമെന്നേറ്റു. തന്റെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍നിന്ന് 8 'ദൂനം' (ദൂനം: ഏകദേശം ഒരു ഏക്കറിന് തുല്യം) തൊണ്ണൂറ് വര്‍ഷത്തേക്ക് അവിടെയുള്ള നിയമമനുസരിച്ച് പാട്ടത്തിന് നല്‍കാമെന്ന് അദ്ദേഹം സമ്മതിച്ചു. പാട്ടക്കരാര്‍ അന്നത്തെ ഉസ്മാനീ ഭരണത്തിനു കീഴിലുള്ള ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യുകയുമുണ്ടായി. പാട്ട സംഖ്യ സ്ഥിരമായി വഖ്ഫ് ഫണ്ടിലേക്ക് പോകണമെന്നും വ്യവസ്ഥ ചെയ്തു. അതായത് മേല്‍പ്പറഞ്ഞ മയൂഹാസിനോ അയാളുടെ ബന്ധുക്കള്‍ക്കോ അനന്തരാവകാശികള്‍ക്കോ 1873-ല്‍ ഒരു തുണ്ടു ഭൂമി പോലും ശൈഖ് ജര്‍റാഹ് തെരുവിലോ ഖുദ്‌സില്‍ തന്നെയോ സ്വന്തമായിട്ടില്ല. അഹറോന്‍ ഹോറോവിറ്റ്‌സ് (അവമൃീി ഒീൃീ്ശ്വേ) ഖുദ്‌സിന്റെ ചരിത്രമെഴുതിയപ്പോള്‍ മയൂഹാസിനും കുടുംബത്തിനും ഖുദ്‌സില്‍ ഭൂമിയുണ്ടായിരുന്നുവെന്ന് കള്ളമെഴുതി വെക്കുകയാണുണ്ടായത്. ഫലസ്ത്വീനികളായ അബ്ദുര്‍റബ്ബിന്റെയും കുടുംബത്തിന്റെയും പിന്നീട് സഅ്ദി കുടുംബത്തിന്റെയും ഉടമസ്ഥതയിലായിരുന്നു മഖാഅ് ഭൂമി. 1970- ല്‍ അതിന്മേലുള്ള പാട്ടക്കരാര്‍ അവസാനിക്കുകയും ചെയ്തു. 1967-ലെ സയണിസ്റ്റ് അധിനിവേശത്തോടെ ശൈഖ് ജര്‍റാഹ് എന്ന ഈ തെരുവ് കിഴക്കന്‍ ഖുദ്‌സിന്റെ ഭാഗമായി.
1972-ലാണ് സയണിസ്റ്റുകള്‍ മയൂഹാസിന് ഈ തെരുവില്‍ സ്വന്തമായി ഭൂമിയുണ്ടായിരുന്നു എന്ന കഥ മെനയുന്നത്. ഖുദ്‌സിനെ ജൂതവത്കരിക്കാനും ഫലസ്ത്വീനികളെ ആട്ടിയോടിക്കാനുമുള്ള കുതന്ത്രമായിരുന്നു അതിനു പിന്നില്‍. മയൂഹാസിന് ഇവിടെ ഭൂമിയുടെ ഉടമസ്ഥത ഉണ്ടായിരുന്നില്ല. പാട്ടക്കരാറിന്റെ കാലാവധി കഴിഞ്ഞതിനാല്‍ ഭൂമിയുടെ ഉടമസ്ഥത ഇപ്പോഴും ആ തെരുവില്‍ താമസിക്കുന്ന അബ്ദുര്‍റബ്ബിന്റെ അനന്തരാവകാശികളിലേക്ക് വന്നു ചേരുകയും ചെയ്തു. 1967-ലെ സയണിസ്റ്റ് അധിനിവേശത്തോടെ ഈ തെരുവു നിവാസികളെ അവര്‍ പല തരത്തില്‍ ഉപദ്രവിക്കാന്‍ തുടങ്ങി. ചില ഫലസ്ത്വീനീ കുടുംബങ്ങളെ ആട്ടിയോടിച്ച് ജൂത കുടുംബങ്ങളെ അവിടെ കുടിയിരുത്തി. തര്‍ക്കത്തിലുള്ള ഭൂമിയാണെന്നും പറഞ്ഞ് ഫലസ്ത്വീനികളുടെ ഭൂമിയുടെ ഒരു ഭാഗം ജൂതന്മാര്‍ക്ക് മുറിച്ചു കൊടുത്ത സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
2008-ല്‍ ഈ തെരുവ് മൊത്തം കൈയേറാനുള്ള ഒരു പദ്ധതി സയണിസ്റ്റ് ഭരണകൂടം കൊണ്ടുവന്നു. അതിന്റെ ഭാഗമായി, ഭരണകൂടം  ഫലസ്ത്വീനീ വീടുകള്‍ കൈയേറിയും അവരുടെ ഭൂമി മുറിച്ചു നല്‍കിയും അവിടെ കുടിയിരുത്തിയ ജൂത കുടുംബങ്ങള്‍ ആ ഭൂമിയെല്ലാം നഹ്‌ലത്ത് ഷിമോണ്‍ ഇന്റര്‍നാഷ്‌നല്‍ എന്ന കമ്പനിക്ക് മറിച്ചു വിറ്റു. ഇസ്രയേല്‍ ഭരണകൂടവും കോടതിയും ഈ കമ്പനിക്ക് കുടിയേറ്റ പാര്‍പ്പിടങ്ങള്‍ നിര്‍മിക്കാനുള്ള അനുമതിയും നല്‍കി. ജൂത കുടിയേറ്റക്കാര്‍ക്ക് ഇവിടെ 200 വീടുകള്‍ നിര്‍മിക്കാനാണ് കമ്പനി പദ്ധതിയിട്ടത്. അതിനു വേണ്ടി ഫലസ്ത്വീനീ കുടുംബങ്ങളെ കുടിയൊഴിപ്പിക്കുകയും അവരുടെ വീടുകള്‍ ഇടിച്ചു തകര്‍ക്കുകയുമാണ്.
ശൈഖ് ജര്‍റാഹാണ് കിഴക്കന്‍ ജറൂസലമിനെയും പടിഞ്ഞാറന്‍ ജറൂസലമിനെയും വേര്‍തിരിക്കുന്ന അതിര്‍ത്തി. ഈ പ്രദേശങ്ങളിലെ മുസ്ലിം - ക്രിസ്ത്യന്‍ പൈതൃകങ്ങള്‍ ഇല്ലാതാക്കി അവയെ മൊത്തം ജൂതവത്കരിക്കാനാണ് 1967-ലെ അധിനിവേശാന്തരം സയണിസ്റ്റ് ഭരണകൂടം ശ്രമിച്ചു കൊണ്ടിരിക്കുന്നത്. മസ്ജിദുല്‍ അഖ്‌സ്വായുടെ തൂണുകളും ചുമരുകളും തകര്‍ന്നു വീഴുന്നതിനു വേണ്ടി പള്ളിക്കടിയില്‍ അവര്‍ തുരങ്കങ്ങള്‍ ഉണ്ടാക്കുന്നു. ഖുദ്‌സിനെ ഉപരോധിക്കുകയും വിശുദ്ധ സ്ഥലങ്ങളെ മലിനപ്പെടുത്തുകയും ചെയ്യുന്നു. പലതരം കള്ളക്കഥകളുണ്ടാക്കി ഖുദ്‌സിന്റെ അറബ് - ഇസ്ലാമിക ചിഹ്നങ്ങളെ മൊത്തം തുടച്ചുനീക്കാനാണ് ശ്രമം. ഇതിന് സമാനമായ പൈതൃക ഉന്മൂലനം ലോകത്ത് മറ്റൊരിടത്തും നിങ്ങള്‍ കാണുകയില്ല. എല്ലാം ഇസ്രയേല്‍ സൈന്യത്തിന്റെയും പോലീസിന്റെയും ഒത്താശയോടെ. ഇസ്രയേല്‍ പാര്‍ലമെന്റും എക്‌സിക്യൂട്ടീവും ജുഡീഷ്യറിയും ഇതിന് കൂട്ടുനില്‍ക്കുന്നു. തീവ്ര വലതു പക്ഷങ്ങളുടെ ക്രിമിനല്‍ സംഘങ്ങളും ഒപ്പമുണ്ട്. എന്തൊക്കെ അതിക്രമങ്ങള്‍ കാണിച്ചാലും ഈ റൗഡിസംഘങ്ങള്‍ക്ക് നിയമ പരിരക്ഷയുണ്ട്. ഈ അഭിനവ നാസി സംഘങ്ങള്‍ മസ്ജിദുല്‍ അഖ്‌സ്വായുടെ പവിത്രതക്ക് പുല്ലുവില കല്‍പ്പിക്കുന്നില്ല. എന്തൊക്കെയാണ് അവരവിടെ കാണിച്ചു കൂട്ടിയത്! അവിടെ പ്രാര്‍ഥനയില്‍ കഴിഞ്ഞിരുന്ന സ്ത്രീകളും കുട്ടികളുമടങ്ങുന്ന വിശ്വാസികള്‍ക്ക് നേരെയായിരുന്നു അഴിഞ്ഞാട്ടങ്ങള്‍. റബ്ബര്‍ ബുള്ളറ്റുകള്‍ നെഞ്ചുകള്‍ക്ക് നേരെയാണ് ചീറിപ്പാഞ്ഞത്; പരിക്കുകള്‍ ഗുരുതരമാവാന്‍ വേണ്ടിത്തന്നെ. സംഭവസ്ഥലത്തേക്ക് വരാന്‍ ആംബുലന്‍സുകളെ അനുവദിച്ചില്ല. പ്രാഥമിക ചികിത്സ പോലും നിഷേധിച്ചു.
ഇതിനൊക്കെ നേതൃത്വം നല്‍കുന്നത് പുരോഹിതന്മാരാണ്; പിന്നെ രാഷ്ട്രീയ നേതാക്കളും. ഈ അതിക്രമങ്ങള്‍ കാണിക്കുന്നവര്‍ക്ക് പ്രവാചകന്മാരെ വരെ വധിച്ച ചരിത്ര പാരമ്പര്യമാണുള്ളത്. അവര്‍ മനുഷ്യാവകാശങ്ങളെയും മനുഷ്യന്റെ അന്തസ്സിനെയും മാനിക്കുമെന്ന് കരുതുന്നത് വെറുതെ. ഭിന്നിപ്പിക്കല്‍, കാപട്യം, വെറുപ്പ്, വംശീയത, വ്യാജം ചമയ്ക്കല്‍, പലിശ, അന്യായമായി സ്വത്ത് തട്ടിയെടുക്കല്‍ ഇതൊക്കെയാണ് ഇവര്‍ അനന്തരമെടുത്തിരിക്കുന്നത്. എന്ത് അധര്‍മങ്ങളും അന്യായങ്ങളും കാണിച്ചാലും അതിനെയൊക്കെ കണ്ണടച്ച് സഹായിക്കാന്‍ അമേരിക്കയും കൂട്ടാളികളുമുണ്ട്. മസ്ജിദുല്‍ അഖ്‌സ്വായില്‍ ഇസ്രയേല്‍ അഴിഞ്ഞാടിയതില്‍ അവര്‍ക്ക് പരിഭവമില്ല. ഗസ്സയിലുള്ളവര്‍ മസ്ജിദുല്‍ അഖ്‌സ്വായിലുള്ളവരെ സഹായിച്ചതിലാണ് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറിക്ക് ആഴത്തിലുള്ള ഉത്കണ്ഠ! 'അതിനാല്‍ ഇസ്രയേലിന് സ്വയം പ്രതിരോധിക്കാന്‍ അവകാശമുണ്ട്' എന്നും വിദേശകാര്യ സെക്രട്ടറി തട്ടി മൂളിക്കുന്നു. ഇതാവര്‍ത്തിക്കുക മാത്രമായിരുന്നു ബ്രിട്ടനും യൂറോപ്യന്‍ യൂനിയനും.
യഥാര്‍ഥത്തില്‍ ഇസ്രയേലിന്റെ എല്ലാ ക്രിമിനല്‍ പ്രവൃത്തികളിലും പങ്കാളിയാണ് അമേരിക്ക. ആ അമേരിക്ക സയണിസ്റ്റ് അതിക്രമങ്ങളെക്കുറിച്ചോ മസ്ജിദുല്‍ അഖ്‌സ്വായിലെ അഴിഞ്ഞാട്ടത്തെക്കുറിച്ചോ വല്ലതും മറുത്തു പറയുമെന്ന് കരുതുന്നത് വെറുതെ. ഇസ്രയേലിന് സര്‍വായുധങ്ങളും നല്‍കുക മാത്രമല്ല അതിനെ ആണവായുധ ശക്തിയാക്കി മാറ്റിയതും അനധികൃത കുടിയേറ്റങ്ങള്‍ക്കും കൈയേറ്റങ്ങള്‍ക്കും ചുക്കാന്‍ പിടിച്ചതും നാളിതു വരെയുള്ള വ്യത്യസ്ത അമേരിക്കന്‍ ഭരണകൂടങ്ങളാണ്. അതിക്രമങ്ങള്‍ക്കും പീഡനങ്ങള്‍ക്കും പക്ഷപാതിത്വങ്ങള്‍ക്കുമെതിരെ ഉറച്ചു നിന്ന് പൊരുതുന്ന ഫലസ്ത്വീന്‍ ജനത തങ്ങളുടെ മര്‍ദകരോടും തങ്ങളെ ഒറ്റിക്കൊടുക്കുന്നവരോടും മൊത്തം ലോകത്തോടും പറയുന്നത് ഇതാണ്: 'ഞങ്ങള്‍ ശൈഖ് ജര്‍റാഹില്‍നിന്നല്ല, ഒരു തെരുവില്‍നിന്നും ഒരു ഗ്രാമത്തില്‍നിന്നും ഇറങ്ങിക്കൊടുക്കാന്‍ പോകുന്നില്ല. മസ്ജിദുല്‍ അഖ്‌സ്വായുടെ അല്‍ ആമൂദ് കവാടം മാത്രമല്ല അതിന്റെ ഒരു കവാടവും ഞങ്ങള്‍ വിട്ടുകൊടുക്കുകയില്ല. ഖുദ്‌സും അല്‍ അഖ്സ്വായും ഞങ്ങള്‍ കൈവിടുന്ന പ്രശ്‌നമില്ല. ഞങ്ങള്‍ ഫലസ്ത്വീന്‍ വിട്ട് പലായനം ചെയ്യാന്‍ പോകുന്നില്ല. പുറത്താക്കലിന്റെയും ആട്ടിയോടിക്കലിന്റെയും ആവര്‍ത്തനം ഇനിയൊരിക്കലുമുണ്ടാകില്ല. രണ്ടാം നക്ബ എന്നൊന്നില്ല. ഇനിയുള്ളത് വിമോചനമാണ്; തിരിച്ചുവരവാണ്.' 

(സിറിയന്‍ കവിയും നാടകകൃത്തും രാഷ്ട്രീയ നിരീക്ഷകനുമാണ് ലേഖകന്‍. അറബി 21 ഡോട്ട് കോമില്‍ പ്രസിദ്ധീകരിച്ചത്)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-38 / സ്വാദ്‌ (12-17)
ടി.കെ ഉബൈദ്‌