Prabodhanm Weekly

Pages

Search

2021 മെയ് 28

3203

1442 ശവ്വാല്‍ 16

ഇടതു വിജയ രസതന്ത്രത്തിലെ 'ബി.ജെ.പി മൂലകം'

വി.കെ ജലീല്‍

'പ്രബോധനം'  (3202) ലക്കത്തില്‍, നിയമസഭാ തെരഞ്ഞെടുപ്പു ഫലം അവലോകനം ചെയ്തുകൊണ്ടുള്ള ലേഖനങ്ങള്‍ മൂന്നും ചേര്‍ന്നപ്പോള്‍ ഏതാണ്ട് ഒരു സമഗ്രാവലോകനമായി. എന്നാല്‍ 'ഇടതു വിജയ രസതന്ത്രത്തിലെ ബി.ജെ.പി മൂലക'ത്തെ കുറിച്ചും ചിലത് കുറിക്കണമെന്ന് തോന്നി.
 കേരള നിയമസഭാ തെരഞ്ഞെടുപ്പു ഫലം പുറത്തുവന്ന ആദ്യ നിമിഷങ്ങളില്‍  ഉടന്‍ പ്രതികരണവുമായി  പ്രത്യക്ഷപ്പെട്ടത് നമ്മുടെ ബഹുമാന്യനായ മുഖ്യമന്ത്രി ആയിരുന്നു. കോണ്‍ഗ്രസ് ബി.ജെ.പിയുമായി വോട്ടുകച്ചവടം നടത്തിയിട്ടില്ലായിരുന്നുവെങ്കില്‍, യു.ഡി.എഫ് ഇതിനേക്കാള്‍ ദയനീയമായി നിലംപരിശാകുമായിരുന്നു എന്നാണ്   അദ്ദേഹം നിരീക്ഷിച്ചത്. അദ്ദേഹത്തെ,  ഇങ്ങനെ ഝടുതിയില്‍  ഒരു പ്രതികരണത്തിനു പ്രേരിപ്പിച്ച ഘടകങ്ങള്‍ എന്തായിരുന്നു എന്നു നോക്കാം.
തെരഞ്ഞെടുപ്പിനു മുമ്പത്തെ  അവകാശവാദങ്ങള്‍ എന്തുതന്നെയായിരുന്നാലും, സാക്ഷാല്‍ ഫലം പുറത്തു വന്നപ്പോള്‍, ഇടതു ചേരിക്ക് അവരുടെ തുടര്‍ഭരണ കിനാ കണക്കുകളെ വെല്ലുന്ന വിജയമാണ് കൈവന്നത്. പ്രത്യക്ഷത്തില്‍ ഈ വിജയത്തിനു നിദാനമായ വോട്ടുകള്‍ അടര്‍ന്നുപോന്ന കുഴി അടയാളം  ബി.ജെ.പിയുടെ കോട്ടക്കെട്ടുകളില്‍ ആഴത്തില്‍ ആര്‍ക്കും കാണും വിധം ദൃശ്യ പ്പെടുന്നുമുണ്ട്. പോരാത്തതിന് അല്‍പം 'ഹൈന്ദവാനുരാഗ' സിദ്ധിക്കായി മുഖ്യമന്ത്രിയും സഖാക്കള്‍ വിജയരാഘവനും കോടിയേരിയും തെരഞ്ഞെടുപ്പു പ്രചാരണ വേളകളില്‍, തങ്ങളുടെ സ്ഥാനോത്തരവാദിത്തങ്ങള്‍ വിസ്മരിച്ച്, ചില വഴിവിട്ട വര്‍ഗീയ വ്യാഖ്യാനങ്ങള്‍ ചമയ്ക്കുകയും പ്രചരിപ്പിക്കുകയും  ചെയ്തിരുന്നു. ഇതിന്റെയെല്ലാം ഫലമായി ബി.ജെ.പിയുടെ 'പശു മാര്‍ക്ക് വോട്ടു 'കളാണ് തങ്ങളുടെ പെട്ടിയില്‍ വീണതെന്ന്  മുഖ്യമന്ത്രിക്ക് കട്ടായമായും തോന്നിയിരിക്കണം. അത് മറ്റാരെങ്കിലും വിളിച്ചു പറയുന്നതിനു മുമ്പ്,  ആലോചനയുടെ കച്ച പോലും  മുറുക്കാതെ പടനിലത്തേക്ക് മുന്‍കൂര്‍ ആക്രമണാര്‍ഥം എടുത്തിടുകയായിരുന്നു  പിണറായി ചേകവര്‍.
പരാജയത്തിന്റെ ആഴമേറിയ ഗര്‍ത്തത്തില്‍ ആപതിച്ചു തല മിന്നികിടന്ന  ചെന്നിത്തലയും 'ബി.ജെ.പി വോട്ടുകള്‍' എന്ന ആയുധം തന്നെ ഭരണപക്ഷത്തിനെതിരെയും കണ്ണും പൂട്ടി എടുത്ത് തൊടുത്തു.
ഇടതു ചേരിയുടെ വിജയത്തിന് മുഖ്യമായും ഹേതുവായത് 'സംഘ്പരിവാര ഗണ'ത്തിന്റെ വോട്ടുകള്‍ തന്നെയാണ് എന്നതായിരുന്നു ശരി. പക്ഷേ, അത് എങ്ങനെയാണ് സംഭവിച്ചത് എന്ന് കൃത്യമായി വിശകലനം ചെയ്യപ്പെടേണ്ടതുണ്ട്. കാരണം, അതാണ് ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും ശ്രദ്ധേയമായ ഒരു പാഠം.
കേരളത്തിലെ  തെരഞ്ഞെടുപ്പു രംഗത്ത് ഇത്തവണ ദൃശ്യമായ വലിയ കൗതുക പ്രതിഭാസം, ഇരുമുന്നണികളെയും ഉന്മാദത്തോടെ വെല്ലുവിളിച്ചു കൊണ്ടുള്ള ബി.ജെ.പിയുടെ ആഗമനമായിരുന്നു. അവരുടെ വരുതിയില്‍ 'പ്രഖ്യാപിത മുഖ്യമന്ത്രി'  അടക്കം എല്ലാ കോപ്പുകളും ഉണ്ടായിരുന്നു. കേന്ദ്രത്തിലെയും ഇതര സംസ്ഥാനങ്ങളിലെയും  ഭരണാധികാരികള്‍ തെരഞ്ഞെടുപ്പു മൈതാനിയില്‍  മേഞ്ഞു നടക്കുകയായിരുന്നു.  ജനഹിതം എതിരാണെങ്കിലും, ജനാധിപത്യത്തെ പിച്ചിക്കീറി അധികാരം കൈയടക്കിയ എത്രയോ   ദുസ്സാമര്‍ഥ്യ കുതന്ത്രങ്ങള്‍ അവര്‍ക്ക് പണ്ടേ വശമായിരുന്നു. സര്‍വോപരി, എത്രയും പണം ഒഴുക്കാനുള്ള ത്രാണികൂടി ഉണ്ടായിരുന്നു ഇക്കുട്ടര്‍ക്ക്.
തെരഞ്ഞെടുപ്പ് 'സഹായമായി' ഒരു കാറില്‍ മാത്രം വന്നത് മൂന്നര കോടി രൂപയായിരുന്നു എന്നാണല്ലോ സംസാരം. 'കൃത്രിമ  കൊള്ള സംഘങ്ങളു'ടെ പിടിയില്‍ പെടാതെ ദൗത്യം നിര്‍വഹിച്ചു മടങ്ങിയ എത്ര കാറുകള്‍ വേറെക്കാണും! ഇവയെല്ലാം മൂലം അമിതമായി തിടം വെച്ചു വളര്‍ന്ന അവിവേകം അവരുടെ വാക്കുകളിലും ചെയ്തികളിലും ഒരുപോലെ കാണപ്പെട്ടിരുന്നു. അതിന്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു കേരളത്തിന്റെ ജനാധിപത്യ പൊതുബോധത്തിനുമേല്‍ ഒരു ബോംബ് കണക്കെ വന്നു പതിച്ച ബി.ജെ.പി സംസ്ഥാന നേതാവിന്റെ പ്രസ്താവന. അതായത്, നിലവിലെ രാഷ്ട്രീയ കാലാവസ്ഥയില്‍, കേരളത്തില്‍ അധികാരം വാഴാന്‍ തങ്ങള്‍ക്കു നിയമസഭയില്‍ മുപ്പത്തഞ്ചു പേരുടെ പിന്തുണ  മതി എന്നതായിരുന്നു ആ വിഷവാചകം.
കേരളത്തിലെ ജനാധിപത്യ വിശ്വാസികളെ, വിശിഷ്യാ ബി.ജെ.പിയെ ഏതോ പ്രതീക്ഷകളാല്‍ പിന്തുണച്ചുപോന്ന സമ്മതിദായകരില്‍ ഗണ്യമായ ഒരു വിഭാഗത്തെ ഉപര്യുക്ത ഘടകങ്ങള്‍ തൊട്ടുണര്‍ത്തുകതന്നെ ചെയ്തു. എന്നു വെച്ചാല്‍ കോണ്‍ഗ്രസ് മുക്തകേരളം സാധ്യമാക്കാന്‍ ബി.ജെ.പി ആസൂത്രിതമായി ഒപ്പിച്ചെടുത്തതല്ല ഈ തെരഞ്ഞെടുപ്പു ഫലം. മറിച്ച്, ബി.ജെ.പിയെ കൈയൊഴിഞ്ഞവരുടെ സുചിന്തിത വോട്ടുകള്‍ ആണ് ഇടതു വിജയത്തിനു അനുകൂലമായ ഫലം നിര്‍ണയിച്ച മുഖ്യ ഘടകങ്ങളിലൊന്ന് എന്നതല്ലേ ശരി? അതാണ് ഈ തെരഞ്ഞെടുപ്പു ഫലങ്ങളില്‍ ജനാധിപത്യ വിശ്വാസികളെ സന്തോഷിപ്പിക്കുന്ന പ്രമുഖ ഘടകവും. മറിച്ച്, ഇതിനെ 'കിറ്റുകളി' ലേക്കു മാത്രം ചേര്‍ത്തുകെട്ടി ന്യൂനീകരിക്കുന്നതും, ബി.ജെ.പിയുടെ അതിബുദ്ധിയായി അന്യഥാ വ്യാഖ്യാനിക്കുന്നതും വര്‍ണാഭമായ  ഒരു ജനാധിപത്യ വസ്തുതക്ക് മറയിടലായിരിക്കും എന്നു തോന്നുന്നു. 

 

വണ്ടൂര്‍ വനിതാ ഇസ്ലാമിയാ കോളേജ്: ദീപ്തമായ ഗതകാലം

വണ്ടൂര്‍ വനിതാ ഇസ്ലാമിയാ കോളേജിനെക്കുറിച്ചുള്ള ഫീച്ചര്‍ ('സ്ത്രീമുന്നേറ്റത്തിന്റെ വിജ്ഞാന വഴികള്‍', ലക്കം 3200)  സ്ഥാപനത്തിന്റെ നാല്‍പ്പതു വര്‍ഷത്തിലേറെയുള്ള  ബൃഹത്തായ ചരിത്രത്തിന്റെ  ഹ്രസ്വചിത്രം അവതരിപ്പിച്ചു. കോളേജിനെ നന്നായി പരിചയപ്പെടുത്തുന്നതായിരുന്നു പ്രസ്തുത ഫീച്ചര്‍. എന്നാല്‍ കോളേജിന്റെ നിര്‍മാണത്തിലും വളര്‍ച്ചയിലും നിര്‍ണായകമായ പങ്ക് വഹിച്ച ചിലര്‍ പരാമര്‍ശിക്കപ്പെടാതെ പോയി.  വണ്ടൂരിലെ കണ്ടംകുടുക്ക അഹമ്മദ് കുട്ടി സാഹിബ് ഉദാഹരണം. സ്ഥാപനത്തിനു വേണ്ടി സാമ്പത്തികവും ശാരീരികവുമായി വളരെയേറെ  സേവനങ്ങളര്‍പ്പിച്ച വ്യക്തിത്വം. സ്വയം തന്നെ സാമ്പത്തിക സഹായം ചെയ്തതോടൊപ്പം, തനിക്കു സ്വാധീനമുള്ള പലരെയും സ്ഥാപനത്തെ സഹായിക്കാന്‍  പ്രേരിപ്പിക്കുകയുമുണ്ടായി. നിര്‍മാണ വേളയില്‍ മറ്റു പലരെയും പോലെ മുഴുസമയ പ്രവര്‍ത്തകനെപ്പോലെയാണ് അദ്ദേഹവും സേവനനിരതനായത്.
മര്‍ഹൂം പി.കെ ഇബ്‌റാഹീം മൗലവി വണ്ടൂര്‍ വനിതാ ഇസ്ലാമിയാ കോളേജിന്റെ സ്ഥാപക പ്രിന്‍സിപ്പല്‍ മാത്രമായിരുന്നില്ല, സ്ഥാപനം കെട്ടിപ്പടുക്കുന്നതില്‍ മഹത്തായ സംഭാവനകളര്‍പ്പിച്ച വ്യക്തി കൂടിയാണ്. സ്ഥാപനത്തിന്റെ സാമ്പത്തികാവശ്യാര്‍ഥം അദ്ദേഹത്തോടൊപ്പം പലരെയും പോയി കാണാനും സഹായം സ്വീകരിക്കാനും എനിക്ക് അവസരമുണ്ടായിട്ടുണ്ട്.  അടിയന്തരാവസ്ഥക്കാലത്ത് അന്തമാന്‍ ദ്വീപില്‍ പ്രസ്ഥാന പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയതിന്റെ പേരില്‍ രണ്ട് വര്‍ഷത്തോളം സെല്ലുലാര്‍  ജയിലില്‍ കഴിയേണ്ടിവന്ന അദ്ദേഹത്തെ, അടിയന്തരാവസ്ഥ അവസാനിച്ച് ജയില്‍മോചിതനായപ്പോള്‍, അന്നത്തെ അമീര്‍  കെ.സി അബ്ദുല്ല മൗലവി കേരളത്തിലേക്ക് തിരിച്ചു വിളിക്കുകയും വണ്ടൂര്‍ വനിതാ ഇസ്ലാമിയാ കോളേജ് ആരംഭിച്ചപ്പോള്‍ അതിന്റെ ചുമതല ഏല്‍പ്പിക്കുകയുമായിരുന്നു. ആ ഉത്തരവാദിത്തം അദ്ദേഹം ഭംഗിയായി നിര്‍വഹിച്ചു. ബഹു ഭാഷാ പണ്ഡിതനും നല്ല സംഘാടകനുമായിരുന്ന അദ്ദേഹം കോളേജിന്റെ ധനസമാഹരണാര്‍ഥം  യാത്രകള്‍ ചെയ്യുകയും ഇന്നും നിലവിലുള്ള ചില കെട്ടിടങ്ങള്‍ നിര്‍മിക്കുകയും ചെയ്തു. അനേകം കുട്ടികള്‍ക്ക് ഫീസിളവ് നല്‍കാന്‍ ആവശ്യമായ സാമ്പത്തിക സഹായം സുമനസ്സുകളില്‍നിന്ന് ശേഖരിക്കാന്‍ തുടങ്ങിയതും അദ്ദേഹമാണ്. വണ്ടൂര്‍ വനിതാ ഇസ്ലാമിയാ കോളേജ് വളര്‍ന്നു വികസിച്ച് നല്ല നിലയിലെത്തിയ ശേഷമാണ് പി.കെ അതിനോട് വിടപറഞ്ഞത്.
പതിനായിരക്കണക്കിന് വിദ്യാര്‍ഥികള്‍ പഠിച്ച് പുറത്തിറങ്ങിയ, തൊട്ടടുത്ത് തന്നെയുള്ള, എറിയാട് എ.യു.പി സ്‌കൂള്‍, ട്രസ്റ്റിനു വേണ്ടി വാങ്ങാന്‍ മുന്‍കൈ  എടുത്തതും പി. കെ ഇബ്‌റാഹീം മൗലവി തന്നെ. പി.കെയും ഈയുള്ളവനുമാണ് ഒന്നിലേറെ തവണ വടപുറം ക്രൈസ്തവ ചര്‍ച്ചില്‍ പോയി  അന്നത്തെ സ്‌കൂള്‍ നടത്തിപ്പുകാരുമായി സംസാരിച്ച് സ്ഥാപനം വാങ്ങിയത്. കൂട്ടത്തില്‍ പറയട്ടെ, ആദ്യ സന്ദര്‍ശന സന്ദര്‍ഭത്തില്‍ അസ്വ്ര്‍ നമസ്‌കാരത്തിന് സമയമായി. അടുത്തൊന്നും പള്ളി ഇല്ലാത്തതിനാല്‍ ചര്‍ച്ച നിര്‍ത്തിവെക്കാന്‍ അനുവാദം ചോദിച്ചപ്പോള്‍ ചര്‍ച്ചില്‍ വെച്ച് നമസ്‌കരിക്കുന്നതിന് വിരോധമുണ്ടോ എന്ന് അന്വേഷിച്ചു. ഇല്ലെന്ന് അറിയിച്ചപ്പോള്‍ അവിടെ സൗകര്യം ചെയ്തു തന്നു. ഞങ്ങളിരുവരും അവിടെവച്ച് നമസ്‌കാരം നിര്‍വഹിച്ചു. പിന്നീട് പല പരിപാടികള്‍ക്കിടയിലും ചര്‍ച്ചില്‍ വെച്ച് നമസ്‌കരിക്കേണ്ടി വന്നിട്ടുണ്ടെങ്കിലും ആദ്യമായി അതുണ്ടായത് അന്നാണ്. അദ്ദേഹം തന്നെയായിരുന്നു പ്രസ്തുത സ്‌കൂളിന്റെയും മാനേജര്‍. എ.കെ അബ്ദുല്‍ ഖാദര്‍ മൗലവിയുടെയും പി.കെ ഇബ്‌റാഹീം മൗലവിയുടെയും കൂടെ വണ്ടൂരിലെ സ്ഥാപനത്തിനു വേണ്ടി ധാരാളം യാത്ര ചെയ്യേണ്ടി വന്നിട്ടുണ്ട്. നല്ല പ്രായത്തില്‍ തന്നെ അല്ലാഹുവിലേക്ക് യാത്രയായ അദ്ദേഹത്തോട് സ്ഥാപനം ഏറെ കടപ്പെട്ടിരിക്കുന്നു.
ഏറെക്കാലം ട്രസ്റ്റ് ചെയര്‍മാനായിരുന്ന മമ്മുണ്ണി മൗലവി നീണ്ട കാലയളവില്‍ കോളേജിനു വേണ്ടി ചെയ്ത സേവനങ്ങളും അര്‍പ്പിച്ച ത്യാഗങ്ങളും വളരെ വലുതാണ്. പെണ്‍കുട്ടികളുടെ സ്ഥാപനമെന്ന നിലയില്‍ കേരളത്തിനകത്തും പുറത്തുമുള്ള മലയാളി സമൂഹത്തിന്റെ സജീവ ശ്രദ്ധയില്‍ കോളേജിന് ഇടം നേടിക്കൊടുത്തതില്‍  അദ്ദേഹം വഹിച്ച പങ്ക് അനല്‍പമാണ്. സ്ഥാപനത്തിന് സാമ്പത്തിക സഹായം നേടുന്നതിലും മമ്മുണ്ണി മൗലവി സ്തുത്യര്‍ഹമായ സേവനമാണ് വഹിച്ചത്. അപ്രകാരം പൂര്‍വ അധ്യാപകരുടെ പേരുകള്‍ ചേര്‍ത്തതില്‍  ചില പ്രഗത്ഭമതികള്‍ വിട്ടുപോയിരിക്കുന്നു. അബ്ദുല്‍ ജബാര്‍ മൗലവി, അബ്ദുസ്സമദ് ഇരുമ്പുഴി, കെ.കെ ആബിദ ടീച്ചര്‍, എന്‍. ഹംസ അന്തമാന്‍, വി.എം ബശീര്‍ മഞ്ചേരി, എന്‍.  ഇബ്‌റാഹീം മൗലവി, എന്‍. ഇസ്ഹാഖ് മൗലവി ഒതായി, കെ.പി മുഹമ്മദ് മൗലവി, ഇരുമ്പന്‍ ഇസ്ഹാഖ് മൗലവി തുടങ്ങിയവര്‍ അക്കൂട്ടത്തില്‍ പെടുന്നു. എന്‍ജിനീയര്‍ മൊയ്തീന്‍ കുട്ടി സാഹിബ് സ്ഥാപനത്തിന്റെ  വളര്‍ച്ചയില്‍ സ്തുത്യര്‍ഹമായ പങ്കുവഹിച്ച മറ്റൊരു പ്രഗത്ഭ വ്യക്തിയാണ്. ഐ.ടി.ഐ സ്ഥിതി ചെയ്യുന്ന സ്ഥലം സ്ഥാപനത്തിന് വഖ്ഫ് ചെയ്തത് മലപ്പുറം അബു ഹാജിയാണ്. അത് നേടിയെടുക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ചത് പി.കെ ഇബ്‌റാഹീം മൗലവിയും.

ശൈഖ് മുഹമ്മദ് കാരകുന്ന്

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-38 / സ്വാദ്‌ (12-17)
ടി.കെ ഉബൈദ്‌