Prabodhanm Weekly

Pages

Search

2021 മെയ് 14

3202

1442 ശവ്വാല്‍ 02

എ. മുഹമ്മദലി സാഹിബ് പാളയം

എം. മെഹബൂബ് 

തിരുവനന്തപുരത്തെ  ആദ്യകാല പ്രവര്‍ത്തകരില്‍ ഒരാളായ എ. മുഹമ്മദലി (പാളയം) കഴിഞ്ഞ മാര്‍ച്ച് 20-ന്  കോവിഡ് ബാധയെ തുടര്‍ന്ന് അല്ലാഹുവിലേക്ക് യാത്രയായി. ത്യാഗിയും നിസ്വാര്‍ഥ പ്രവര്‍ത്തകനുമായിരുന്നു മുഹമ്മദലി സാഹിബ്. തബ്ലീഗ് പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹവും കുടുബാംഗങ്ങളും തന്റെ  സഹോദരന്‍ ബി. ശൈഖ് അഹ്മദ് സാഹിബ് വഴിയാണ് പ്രസ്ഥാനത്തിലേക്ക് എത്തുന്നത്. ജ്യേഷ്ഠ സഹോദരനായ മര്‍ഹൂം മുഹമ്മദ് ഹനീഫയും ഇളയ സഹോദരന്‍ മര്‍ഹൂം ശൗക്കത്തലിയും പ്രസ്ഥാനത്തില്‍ സജീവ പ്രവര്‍ത്തകരായിരുന്നു. അനുജന്‍ അബ്ദുല്‍ ഗഫൂര്‍ ജില്ലയില്‍ പ്രസ്ഥാന നേതൃനിരയിലുമുണ്ട്. 1960-കളില്‍ കുടുംബവീടായ ദാറുസ്സലാമില്‍ നടന്ന ക്ലാസ്സുകളിലൂടെയാണ് തിരുവനന്തപുരം നഗരത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. അടിയന്തരാവസ്ഥക്കാലത്ത് അദ്ദേഹത്തിന്റെ വീട്  റെയ്ഡ് ചെയ്യപ്പെടുകയുമുണ്ടായി.
സൈക്കിളിലും കാല്‍നടയായും നഗരത്തിലെ വിവിധ പ്രദേശങ്ങളില്‍ പ്രസ്ഥാന സന്ദേശവുമായി സഞ്ചരിക്കുകയും പ്രബോധനം വിതരണം നടത്തുകയും ചെയ്തിരുന്നു. വള്ളക്കടവ് പ്രദേശത്തു നിന്ന് സമുദായത്തിലെ ആദര്‍ശശത്രുക്കളില്‍നിന്ന്  കായികമായ എതിര്‍പ്പ് നേരിടേണ്ടിവന്നു. പാളയം  മസ്ജിദിന്റെ പുനര്‍നിര്‍മാണത്തില്‍ ടി.പി കുട്ട്യാമു സാഹിബിനൊപ്പം ചേര്‍ന്നു പ്രവര്‍ത്തിച്ചിരുന്നു. പാളയം മഹല്ലില്‍ സകാത്ത്, ഫിത്വ്ര്‍ സകാത്ത്, ഉളുഹിയ്യത്ത്, മഹല്ല് സെന്‍സസ് സംവിധാനങ്ങള്‍ കൊ് വരാന്‍ മുന്നില്‍ നിന്ന് യത്‌നിച്ചു. മഹല്ലില്‍ അന്ന് പത്തിലധികം മദ്‌റസാ സംവിധാനങ്ങള്‍ ആരംഭിക്കുന്നതിനും നിലനിര്‍ത്തുന്നതിനും അദ്ദേഹത്തിന്റെയും സഹപ്രവര്‍ത്തകരുടെയും പ്രവര്‍ത്തനങ്ങള്‍ സഹായകമായി. മഹല്ലിന്റെ വൈസ് പ്രസിഡന്റ് ചുമതലയും വഹിച്ചിരുന്നു. തിരുവനന്തപുരം മുസ്ലിം അസോസിയേഷന്റെ മുന്‍കാല പ്രവര്‍ത്തകനും എക്‌സിക്യൂട്ടീവ് അംഗവും ആയിരുന്നു. തിരുവനന്തപുരം ജില്ല ആറ്റിങ്ങല്‍, തിരുവനന്തപുരം എന്നീ രണ്ടു ഫര്‍ഖകളായിരുന്ന കാലത്ത് 1986 വരെ തിരുവനന്തപുരം ഫര്‍ഖയുടെ ചുമതല വഹിച്ചിരുന്നു. ജമാഅത്ത് അംഗമായ ശേഷം  തിരുവനന്തപുരം നോര്‍ത്ത് ഏരിയാ പ്രസിഡന്റ്, പാളയം പ്രാദേശിക അമീര്‍ എന്നീ ചുമതലകള്‍ വഹിച്ചു.
കേരള സര്‍ക്കാര്‍ ഹെല്‍ത്ത് സര്‍വീസില്‍ അഡ്മിന്‍ ആയിരുന്ന അദ്ദേഹം പൊതു ജനങ്ങളുടെ ചികിത്സ, തൊഴില്‍ ആവശ്യങ്ങള്‍ക്ക് സേവന സഹായിയായി വര്‍ത്തിച്ചു. ധാരാളം വ്യക്തിബന്ധങ്ങള്‍ കാത്തുസൂക്ഷിക്കുകയും പ്രസ്ഥാനമാര്‍ഗത്തില്‍ ഉപയോഗപ്പെടുത്തുകയും ചെയ്തു. തിരുവനന്തപുരം ഇസ്ലാമിക് സെന്റര്‍ കേന്ദ്രീകരിച്ച് ക്ഷണിക്കപ്പെട്ടവരുടെ പരിപാടികള്‍ക്കും ക്ലാസ്സുകള്‍ക്കും അദ്ദേഹം നേതൃപരമായ പങ്ക് വഹിച്ചു. ദാറുല്‍ അമാനത്ത്, സ്‌കൂള്‍ റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍കൈയെടുത്തു. 80-കളുടെ അവസാനം രൂപീകൃതമായ ഫ്രൈഡേ ക്ലബ് 90-കളുടെ അവസാനം പുനഃസംഘടിപ്പിക്കുകയും വ്യവസ്ഥാപിതമാക്കുകയും ചെയ്യുന്നതിന് നേതൃത്വം നല്‍കി. 1997-ല്‍ പ്രസ്ഥാനത്തിന്റെ പുതിയ സംരംഭമായ ഖുര്‍ആന്‍ സ്റ്റഡി സെന്ററിന് തുടക്കം കുറിക്കുകയും ഡയറക്ടര്‍ ചുമതല വഹിക്കുകയും ചെയ്തു. ജില്ലയില്‍ രൂപം കൊണ്ട അറുപതോളം സെന്ററുകള്‍ക്ക് ആസ്ഥാനമായി ഈ സെന്റര്‍ മാറുകയുായി. അഴീക്കോട് ഇസ്‌ലാമിക് എജുക്കേഷണല്‍ കോംപ്ലക്‌സിന്റെ ആദ്യകാല സെക്രട്ടറിയായിരുന്നു. സര്‍വീസില്‍നിന്ന് സീനിയര്‍ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് ആയി വിരമിച്ച ശേഷം പെരുമ്പിലാവ് അന്‍സാര്‍ സ്‌കൂള്‍ അഡ്മിന്‍, മാധ്യമം തിരുവനന്തപുരം റസിഡന്റ് മാനേജര്‍ എന്നീ ചുമതലകള്‍ വഹിച്ചു. ഉത്തരവാദിത്തനിര്‍വഹണത്തില്‍ അദ്ദേഹം പുലര്‍ത്തിയ ആസൂത്രണവും കൃത്യതയും കണിശതയും മാതൃകാപരമായിരുന്നു. ആലപ്പുഴ അബ്ദുല്‍ ഹമീദ് സാഹിബിന്റെ പുത്രി എ. ത്വാഹിറയാണ് സഹധര്‍മ്മിണി. ഹസീന (കോട്ടയം), അബ്ദുല്‍ അസീം, ഹസ്സന്‍, അനസ് (മൂവരും ഖത്തര്‍) എന്നിവരാണ് മക്കള്‍. ശംസുദ്ദീന്‍ (കോട്ടയം), അജീന (വക്കം), റിയാന (താഴത്തങ്ങാടി), നുജുമ (കിളിമാനൂര്‍) എന്നിവര്‍ മരുമക്കള്‍. 

 

ഹഫ്‌സ ബീവി

കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി ഏരിയയില്‍ തെങ്ങണ ഗ്രാമത്തില്‍ ഇസ്ലാമിക പ്രസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ വലിയ പങ്ക് വഹിച്ച വനിതകളില്‍  ഒരാളായിരുന്നു ഹഫ്‌സ ബീവി. സ്വന്തം മക്കളെയും സഹോദരന്മാരെയും സഹോദരിമാരെയും ചേര്‍ത്തു പിടിച്ചാണ് അവര്‍ പ്രസ്ഥാന മാര്‍ഗത്തില്‍ ഉറച്ചുനിന്നത്. ജമാഅത്തെ ഇസ്‌ലാമി അംഗം മര്‍ഹൂം മുഹമ്മദലി ഹാജിയാരുടെ വരവോടെയാണ് ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ശബ്ദം ആ നാട്ടില്‍ കേള്‍ക്കാന്‍ തുടങ്ങിയത്. ആളുകള്‍ അദ്ദേഹത്തിനെതിരെ തിരിഞ്ഞപ്പോള്‍ അദ്ദേഹത്തിന് ആ നാട്ടില്‍ സംരക്ഷണ കവചമൊരുക്കിയത് ഈ കുടുംബമാണ്. അദ്ദേഹത്തിന്റെ ഖുര്‍ആന്‍ ക്ലാസുകള്‍ ഇസ്‌ലാമിക പാതയില്‍ പുതിയൊരു തലമുറയെ വളര്‍ത്തിയെടുത്തു. അങ്ങനെ ആ ഗ്രാമത്തിലെ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ തുടക്കക്കാരില്‍ ഒരാളാവാന്‍ അവര്‍ക്ക് കഴിഞ്ഞു. പ്രബോധനം വാരിക പതിവായി വായിക്കുമായിരുന്നു.
അവരുടെ മക്കളില്‍നിന്നും കൊച്ചു മക്കളില്‍നിന്നുമുള്ളവര്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ പ്രാദേശിക-ജില്ലാ ഉത്തരവാദിത്തങ്ങള്‍ വരെ ഇന്ന് വഹിച്ചുപോരുന്നു.

അല്‍താഫ് അസ്‌ലം

 

സി.എച്ച് ഇബ്‌റാഹീം

കാഞ്ഞങ്ങാട്ടും പരിസരത്തും ജമാഅത്തെ ഇസ്‌ലാമിയുടെ മുന്നണിപ്പോരാളിയും നിസ്വാര്‍ഥ സേവകനുമായിരുന്ന റിട്ട. റെയില്‍വെ സ്റ്റേഷന്‍ മാസ്റ്റര്‍ സി.എച്ച് ഇബ്‌റാഹീം ഏപ്രില്‍ 2-ന് നാഥനിലേക്ക് യാത്രയായി.
2005-ല്‍ റെയില്‍വേയിലെ ഔദ്യോഗിക ജീവിതത്തില്‍നിന്ന് വിരമിച്ചതിനു ശേഷം കാഞ്ഞങ്ങാട്ടും പരിസരത്തും ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ഒന്നര പതിറ്റാണ്ട് കാലം നേതൃരംഗത്ത് ഉണ്ടായിരുന്നു. എഴുപതിനോടടുത്ത പ്രായത്തിലും മലര്‍വാടിയുടെ പരിപാടികള്‍ക്കു വേണ്ടി അദ്ദേഹം സ്‌കൂളുകള്‍ കയറിയിറങ്ങി. കാഞ്ഞങ്ങാട്ടും പരിസരത്തും പ്രസ്ഥാനത്തിന്റെ ഏത് സംരംഭം വിജയിപ്പിക്കുന്നതിലും മാഷ് മുന്‍പന്തിയിലുണ്ടായിരുന്നു. പ്രദേശത്തെ ചെറുപ്പക്കാരായ പ്രവര്‍ത്തകര്‍ക്ക് എന്നും ആവേശമായിരുന്നു മാഷിന്റെ സാന്നിധ്യം. 1966-ല്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ പാസ്സായി, '68-ല്‍ തന്നെ അസിസ്റ്റന്റ് സ്റ്റേഷന്‍ മാസ്റ്ററായി ഔദ്യോഗിക ജീവിതം ആരംഭിച്ച ഇബ്‌റാഹീം മാസ്റ്റര്‍ കര്‍ണാടക, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളിലെ വിവിധ റെയില്‍വേ സ്റ്റേഷനുകളില്‍ ജോലി ചെയ്തിട്ടുണ്ട്. 2005-ല്‍ റിട്ടയര്‍മെന്റിനു ശേഷം കാഞ്ഞങ്ങാട് ഹിറാ മസ്ജിദും അനുബന്ധ സ്ഥാപനങ്ങളും വളര്‍ത്തുന്നതിലും ജനകീയമാക്കുന്നതിലും നേതൃപരമായ പങ്കുവഹിച്ചു.
ജമാഅത്തെ ഇസ്‌ലാമി ജില്ലാ സമിതിയംഗമായും കാഞ്ഞങ്ങാട് ഹല്‍ഖാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. കാഞ്ഞങ്ങാട് ദാറുല്‍ ഹിദായ ഇസ്‌ലാമിക് ട്രസ്റ്റ് ട്രഷറര്‍ തുടങ്ങിയ പ്രസ്ഥാനേതര സംവിധാനങ്ങള്‍ക്കും നേതൃത്വം നല്‍കാന്‍ ഇബ്‌റാഹീം മാസ്റ്റര്‍ക്ക് സാധിച്ചത് അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ മാറ്റു കൂട്ടുന്നു. കാഞ്ഞങ്ങാട് മുസ്‌ലിം യത്തീംഖാന പ്രസിഡന്റ്, ട്രഷറര്‍, എം.ഇ.എസ് ജില്ലാ വൈസ് പ്രസിഡന്റ്, തെക്കെപ്പുറം ജുമാ മസ്ജിദ് വൈസ് പ്രസിഡന്റ്, ഹിറാ മസ്ജിദ് കമ്മിറ്റി പ്രസിഡന്റ്, സീക്ക് & സിജി ഉപദേശക സമിതി അംഗം, ഐ.സി.ടി ട്രസ്റ്റ് മെംബര്‍, വെല്‍ഫെയര്‍ പാര്‍ട്ടി കാഞ്ഞങ്ങാട് മണ്ഡലം വൈസ് പ്രസിഡന്റ്, ട്രഷറര്‍, സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ എജുക്കേഷന്‍ ചാരിറ്റബ്ള്‍ സൊസൈറ്റി സ്ഥാപക അംഗം, ക്രസന്റ് സ്‌കൂള്‍ മാനേജര്‍, ഹോപ്പ് ട്രസ്റ്റ് മെംബര്‍ തുടങ്ങിയ ചുമതലകളും വഹിച്ചു.
മൂത്ത മകന്‍ അഹ്മദ് സഹീര്‍ യു.എ.ഇയില്‍ സജീവ പ്രസ്ഥാന പ്രവര്‍ത്തകനാണ്.
പരേതരായ ചീനമാടത്ത് മൂലക്കാടത്ത് ആമു-ചീനമടത്ത് ഐസു ദമ്പതികളുടെ മകനാണ്. ഭാര്യ: ഫാത്വിമ, മക്കള്‍: അഹ്മദ് സഹീര്‍, സമീര്‍, അലി ശബീര്‍, സഫീറ. മരുമക്കള്‍: ഉലൈബത്ത് (ചെമ്മനാട്), സബീന (നെല്ലിക്കുന്ന്), ജാസ്മിന്‍ (ചെര്‍ക്കള), ശറഫ് (കാസര്‍കോട്).

മുഹമ്മദ് കുഞ്ഞി, തായലക്കണ്ടി

 

എ.കെ അഹമ്മദ് ഹാജി ആയഞ്ചേരി

വടകര താലൂക്കിലെ ആയഞ്ചേരിയുമായി ബന്ധപ്പെട്ട പ്രദേശങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന മുസ്ലിം നവോത്ഥാന പ്രസ്ഥാനമായ ആയഞ്ചേരി മുസ്ലിം യുവജന സംഘത്തിന്റെ സ്ഥാപകരില്‍ പ്രമുഖനായിരുന്നു എ.കെ അഹമ്മദ് ഹാജി. പള്ളിയും മദ്റസയും സ്ഥാപിക്കുന്നതിന് അദ്ദേഹം മുന്‍കൈയെടുത്തു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ കൈയഴിഞ്ഞു സഹായിച്ചു.
ജമാഅത്തെ ഇസ്ലാമിക്കൊപ്പം ചേര്‍ന്നു നടന്ന ഹാജി പ്രസ്ഥാനത്തെ സാമ്പത്തികമായി സഹായിക്കാന്‍ എന്നും മുന്‍പന്തിയിലുണ്ടായിരുന്നു. ആയഞ്ചേരി ടൗണിന്റെ ആധുനികവത്കരണത്തില്‍ അദ്ദേഹത്തിന്റെ പങ്ക് എന്നും ഓര്‍മിക്കപ്പെടും. പഴയ തലമുറയില്‍ പെട്ട അദ്ദേഹം ടി.കെ അബ്ദുല്ല സാഹിബിന്റെ സുഹൃത്ത് കൂടിയായിരുന്നു.
സൗകര്യങ്ങള്‍ കുറഞ്ഞ പഴയ കാലങ്ങളില്‍ ആളുകള്‍ക്ക് ചികിത്സകള്‍ ലഭ്യമാക്കാന്‍ അദ്ദേഹം അഹോരാത്രം പരിശ്രമിച്ചു. നാട്ടുകാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ എന്നും മുന്‍പന്തിയിലുണ്ടായിരുന്നു. തര്‍ക്കങ്ങളില്‍ മാധ്യസ്ഥനായും അദ്ദേഹം വലിയൊരു കാലം നിറഞ്ഞു നിന്നു. വലിപ്പച്ചെറുപ്പം നോക്കാതെയുള്ള അദ്ദേഹത്തിന്റെ സൗഹൃദം ഏറെ അനുകരണീയമാണ്.
മഹല്ല് പ്രസിഡന്റ്, ചീക്കിലോട് യു.പി സ്‌കൂള്‍ മാനേജര്‍  എന്നിങ്ങനെ ഒരുപാട് മേഖലകളില്‍ നിറഞ്ഞു നിന്ന എ.കെയുടെ കുടുംബം പ്രസ്ഥാന പ്രവര്‍ത്തനത്തില്‍ സജീവമാണ്.

ഹാരിസ് എടവന

 

പി.എം കുഞ്ഞുമുഹമ്മദ് മൗലവി, വടുതല

മത-സാമൂഹിക-വിദ്യാഭ്യാസ മേഖലകളില്‍ നിറഞ്ഞുനിന്നിരുന്ന മതപണ്ഡിതനും പ്രസ്ഥാന പ്രവര്‍ത്തകനുമായിരുന്നു അടുത്തിടെ വിടപറഞ്ഞ വടുതല പി.എം കുഞ്ഞുമുഹമ്മദ് മൗലവി. പള്ളി ദര്‍സിലെ പ്രാഥമിക മതപഠനത്തിനു ശേഷം ശാന്തപുരം ഇസ്‌ലാമിയാ കോളേജിലെത്തിയ അദ്ദേഹം അവിടത്തെ ആദ്യകാല വിദ്യാര്‍ഥിയാണ്. വാടാനപ്പള്ളി ഇസ്‌ലാമിയാ കോളജ് വൈസ് പ്രിന്‍സിപ്പലായും അധ്യാപകനായും സേവനമനുഷ്ഠിച്ചിരുന്നു. വടുതലയിലെ മത-സാമൂഹിക-വിദ്യാഭ്യാസ രംഗങ്ങളില്‍ ഏറെക്കാലം മുന്‍നിരയില്‍ പ്രവര്‍ത്തിച്ചു. കോട്ടൂര്‍ കാട്ടുപുറം പള്ളി ജമാഅത്ത് സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മഹല്ല് ഐക്യസമിതി, വടുതല ജമാഅത്ത് എജുക്കേഷനല്‍ ട്രസ്റ്റ്, ഇര്‍ശാദുല്‍ ഇസ്‌ലാം സമാജം തുടങ്ങിയവയുമായും ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു. പ്രസ്ഥാനത്തിന്റെ ആദ്യകാല സംരംഭങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച 'വിസിറ്റ്' എന്ന വടുതല ഇസ്‌ലാമിക് സോഷ്യല്‍ ഇംപ്രൂവ്‌മെന്റ് ട്രസ്റ്റിന്റെ സ്ഥാപകനേതാക്കളിലൊരാളും ഏറെക്കാലം അതിന്റെ ചെയര്‍മാനുമായിരുന്നു.
മികച്ച അധ്യാപകന്‍, പ്രഭാഷകന്‍ എന്നീ നിലകളിലും ശ്രദ്ധിക്കപ്പെട്ടു. അറബിഭാഷയിലും അറബ്, പശ്ചിമേഷ്യന്‍ വിഷയങ്ങളിലും അവഗാഹം ഉണ്ടായിരുന്ന കുഞ്ഞുമുഹമ്മദ് മൗലവി ഇതുസംബന്ധമായി ലേഖനങ്ങളും പ്രതികരണങ്ങളും എഴുതിയിരുന്നു. വിശുദ്ധ ഖുര്‍ആന്റെ ആഴങ്ങളിലേക്കിറങ്ങിയുള്ള അദ്ദേഹത്തിന്റെ ക്ലാസ്സുകളും പ്രസംഗങ്ങളും വിദ്യാര്‍ഥികളെയും പ്രസ്ഥാന പ്രവര്‍ത്തകരെയും ഏറെ സ്വാധീനിച്ചു. വാടാനപ്പള്ളി ഇസ്‌ലാമിയാ കോളേജില്‍ അദ്ദേഹത്തിന്റെ ക്ലാസുകള്‍ സമകാലീന അറബ് ലോകത്തെയും സയണിസ്റ്റ് ഭീകരവാഴ്ചയെയും കുറിച്ച് വിദ്യാര്‍ഥികള്‍ക്ക് പുതിയ വെളിച്ചം പകരുന്നതായിരുന്നു. വടുതല മസ്ജിദുല്‍ ഹുദായില്‍ എല്ലാ റമദാനിലും മുടങ്ങാതെ അദ്ദേഹം പ്രഭാഷണങ്ങള്‍ നടത്തിയിരുന്നു. വിശ്രമജീവിതം നയിക്കവേ കൃഷിയിലും വ്യാപൃതനായിരുന്ന അദ്ദേഹം, പരിസ്ഥിതി വിഷയങ്ങളിലെ ഇസ്‌ലാമിന്റെ കാഴ്ചപ്പാടും പ്രസംഗങ്ങളിലും എഴുത്തുകളിലും പരാമര്‍ശിക്കുമായിരുന്നു.
നിര്‍ധനരായ നിരവധി വിദ്യാര്‍ഥികളെ വാടാനപ്പള്ളി ഇസ്‌ലാമിയാ കോളേജിലേക്ക് കൊണ്ടുപോയി വിദ്യാഭ്യാസം നല്‍കുന്നതില്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധ പതിപ്പിച്ചു. വടുതല, പൂച്ചാക്കല്‍ മേഖലയില്‍നിന്നുള്ള നിരവധി വിദ്യാര്‍ഥികള്‍ വാടാനപ്പള്ളി, ശാന്തപുരം തുടങ്ങിയ ഇസ്‌ലാമിയ കലാലയങ്ങളില്‍ എത്തിയതില്‍ കുഞ്ഞുമുഹമ്മദ് മൗലവിക്ക് കാര്യമായ പങ്കുണ്ട്.
കുടുംബത്തെ ഇസ്‌ലാമിക പ്രസ്ഥാന മാര്‍ഗത്തിലാക്കുന്നതിലും അദ്ദേഹം വിജയിച്ചു. പരേതന്റെ ആണ്‍മക്കളും മരുമക്കളും സജീവ പ്രസ്ഥാന പ്രവര്‍ത്തകരാണ്. 

കെ.എ ഹുസൈന്‍

 

ഹലീമ ഉമ്മ

കേരളത്തിനകത്തും പുറത്തും നിരവധി ജില്ലകളില്‍ നാസിമായിരുന്ന കെ.എസ് അബ്ദുല്‍ മജീദ് സാഹിബിന്റെ സഹധര്‍മിണി ഹലീമ അല്ലാഹുവിലേക്ക് യാത്രയായി. പിതാവ് പ്രസ്ഥാനത്തിനു വേണ്ടി നാടും വീടും വിട്ട് അലയുമ്പോള്‍ ഏഴ് ആണ്‍മക്കളെ ഒറ്റക്ക് വളര്‍ത്തി വലുതാക്കി ആ മാതാവ്. ആ മക്കള്‍ മാത്രല്ല മരുമക്കളടക്കം എല്ലാവരും ഒന്നിനൊന്ന് ആ മാതാവിന്റെ തൃപ്തിക്കു വേണ്ടി മത്സരിച്ചു. പ്രസ്ഥാന വഴിയിലും, നാട്ടിലെ രാഷ്ട്രീയ-സാംസ്‌കാരിക- സാന്ത്വന മേഖലകളിലും അവര്‍ ഒപ്പം നിന്നു. 
പാലക്കാട് ജില്ലാ നാസിമായിരിക്കെ തന്റെ കൈയില്‍ കിട്ടിയ രണ്ട് അനാഥ പെണ്‍കുട്ടികളില്‍ ഒരാളെ മജീദ് സാഹിബ് നേരെ വീട്ടിലേക്ക് കൊണ്ടുവന്ന് ഭാര്യയെ ഏല്‍പിച്ചു. അപ്പോള്‍ മക്കള്‍ എട്ടായി ഹലീമ ഉമ്മാക്ക്.
തന്റെ ഏഴ് ആണ്‍മക്കളോടൊപ്പം ആ പെണ്‍കുട്ടിയും വളര്‍ന്നു. അവളെ വിവാഹം ചെയ്തയച്ചു. ഇന്നും ഈ ഏഴ് ആങ്ങളമാരും അവരെ വേണ്ട വിധം സംരക്ഷിക്കുന്നു. ഇങ്ങനെയൊരു മാതൃകാകുടുംബത്തിന് അടിത്തറയായതും ഹലീമ ഉമ്മയാണ്.
ഏഴ് ആണ്‍മക്കളില്‍ പലരും പ്രസ്ഥാന വേദികളില്‍ നേതൃപരമായ പങ്ക് വഹിക്കുന്നു എന്നതും ഹലീമ എന്ന ധീര ഉമ്മയുടെ വളര്‍ത്തു ഗുണമായിരുന്നു. വേദന കൊണ്ട് മരണത്തിനു അഭിമുഖമായി കിടക്കുമ്പോഴും ആ മക്കള്‍ ഒരു തൂവല്‍സ്പര്‍ശം പോലെ ഉമ്മയെ തലോടികൊടുക്കാന്‍ മത്സരിക്കുകയായിരുന്നു. അതുപോലെ തന്നെയായിരുന്നു അവിടേക്ക് കയറിവന്ന മരുമക്കളും.
ഏഴ് ആണ്‍മക്കളും അവരുടെ ഭാര്യമാരും  കൂട്ടുകാരെ പോലെ ജീവിക്കുന്നു എന്ന് മാത്രമല്ല തന്റെ മൂന്ന് മക്കള്‍ക്ക് ഒരേ വീട്ടില്‍നിന്നു തന്നെ ഇണകളെ കണ്ടെത്താന്‍ കഴിഞ്ഞു എന്നതും  ഈ ഉമ്മയുടെ സ്‌നേഹലാളനകള്‍ കണ്ടറിഞ്ഞാണെന്നത് അവരുടെ മഹത്വം വിളിച്ചോതുന്നു. കുടുംബബന്ധം ഊട്ടിയുറപ്പിക്കുന്നതില്‍ ഹലീമത്ത പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
എന്‍.ആര്‍.സി സമരവുമായി ബന്ധപ്പെട്ട് മലപ്പുറം സമ്മേളനം, ലോംഗ് മാര്‍ച്ച്, ഒക്ക്യുപൈ രാജ്ഭവന്‍, വിവിധ ശാഹീന്‍ ബാഗ് മാതൃകാ സ്‌ക്വയറുകള്‍ ഇവിടങ്ങളിലെല്ലാം നിറസാന്നിധ്യമായിരുന്നു.

എം.ടി മൈമൂന

Comments

ഖുര്‍ആന്‍ ബോധനം

സൂറ-38 / സ്വാദ്‌ (04-11)
ടി.കെ ഉബൈദ്‌