Prabodhanm Weekly

Pages

Search

2021 മെയ് 14

3202

1442 ശവ്വാല്‍ 02

തെരഞ്ഞെടുപ്പ് തെളിഞ്ഞു കാണുന്നതും തെളിച്ചു പറയേണ്ടതും

ഡോ. ബദീഉസ്സമാന്‍

അത്ഭുതങ്ങളൊന്നുമില്ലാതെ, പ്രതീക്ഷിച്ച പോലെ തന്നെ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സി.പി.എം മുന്നണിക്ക് രണ്ടാമൂഴം ലഭിച്ചിരിക്കുന്നു. കേരളത്തില്‍ പതിവില്ലാത്ത തുടര്‍ ഭരണം ആദ്യമായി ലഭിച്ചു എന്ന ക്രഡിറ്റും അങ്ങനെ പിണറായിക്ക്. 2018-ലെ നിപ - പ്രളയകാലം മുതല്‍ പിണറായിയുടെ ശക്തിമത്തായ ഏക നേതൃത്വം എന്നൊരു സങ്കല്‍പത്തെ നല്ല ഏകോപനത്തോടെ മലയാളിയുടെ മനസ്സിലേക്കിറക്കാന്‍ നടത്തിയ ശ്രമങ്ങള്‍ വിജയം കണ്ടിരിക്കുന്നു. കോവിഡ് സമയത്തെ നിരന്തര പത്രസമ്മേളനങ്ങളിലൂടെ കരുതലുള്ള ഭരണാധികാരിയാണ് ഇവിടെയുള്ളത് എന്ന ധാരണ സൃഷ്ടിക്കാന്‍ സര്‍ക്കാറിനായി. അക്കാലത്ത് വ്യവസ്ഥാപിതത്വത്തോടെ വിതരണം ചെയ്ത ഭക്ഷണക്കിറ്റുകളും ക്ഷേമ പെന്‍ഷനുകളും ജനോപകാരി സര്‍ക്കാര്‍ എന്ന ഇമേജുണ്ടാക്കാന്‍ സഹായിച്ചു. സര്‍ക്കാറിന്റെ പല പ്രവര്‍ത്തനങ്ങളെ കുറിച്ചും ആഭ്യന്തര വകുപ്പിന്റെ നടപടികളെ കുറിച്ചും, വേണ്ടത്ര പഠനം കൂടാതെ നടപ്പിലാക്കിയ സവര്‍ണ സംവരണത്തെ കുറിച്ചുമൊക്കെ വളരെ പ്രസക്തമായ വിമര്‍ശനങ്ങള്‍ ഉന്നയിക്കപ്പെട്ടിരുന്നു.  ലൗ ജിഹാദ് ആരോപിച്ചും മറ്റും നടന്ന അവാസ്തവ പ്രചാരണങ്ങള്‍ക്ക് കൃത്യമായ മറുപടി പറയാതെ ഇസ്ലാമോഫോബിയയെ വോട്ടാക്കി മാറ്റാനുള്ള ശ്രമമാണ് സി.പി.എം സര്‍ക്കാര്‍ നടത്തുന്നത് എന്ന് ആക്ഷേപമുയര്‍ന്നിരുന്നു. പക്ഷേ ഇത്തരം വിമര്‍ശനങ്ങളും ആക്ഷേപങ്ങളും ഉന്നയിച്ചവര്‍ പോലും തെരഞ്ഞെടുപ്പ് കാലത്ത് വിയോജിപ്പോടെ ഇടതു പക്ഷത്തോടൊപ്പം എന്നു പറയാന്‍ പ്രേരിതമാകുംവിധം ശക്തമായിരുന്നു  ക്ഷേമനായകന്‍ എന്ന നിലയില്‍ മുഖ്യമന്ത്രിക്ക് കിട്ടിയ ഇമേജ്.  താഴെ തട്ട് വരെ കൃത്യതയോടെ പ്രവര്‍ത്തിച്ച പി.ആര്‍ മെഷിനറിയും  ഉദാരമായ മാധ്യമ പിന്തുണയും കൂടി ചേര്‍ന്നപ്പോള്‍ ഇടതു വിജയം സുസാധ്യമായി.

ദിശാബോധമില്ലാതെ പ്രതിപക്ഷം 

പ്രതിപക്ഷ നേതാവ് ദിനേനയെന്നോണം സര്‍ക്കാറിനെതിരെ പ്രശ്‌നങ്ങള്‍ ഉന്നയിച്ച് പത്രസമ്മേളനം നടത്താറുണ്ടായിരുന്നു. അവയില്‍ മിക്കതും വെറും രാഷ്ട്രീയാരോപണങ്ങള്‍ മാത്രമായിരുന്നില്ലെന്ന് ഗവണ്‍മെന്റ് തന്നെ കൈക്കൊണ്ട തെറ്റുതിരുത്തല്‍ നടപടികള്‍ തെളിയിക്കുകയും ചെയ്തിരുന്നു. സ്പ്രിങ്കഌ ഡാറ്റാ വിവാദം, ആഴക്കടല്‍ മത്സ്യബന്ധനത്തിനായി ഇ.എം.സി.സിയുമായുള്ള കരാര്‍ എന്നിവയിലൂടെയൊക്കെ കടന്ന് ഇരട്ട വോട്ട് വരെയുള്ള പ്രശ്‌നങ്ങളില്‍ ഒരു പ്രതിപക്ഷ നേതാവില്‍നിന്ന് പ്രതീക്ഷിക്കുന്ന ഇടപെടല്‍ നടത്താന്‍ രമേശ് ചെന്നിത്തല ശ്രമിച്ചു. പക്ഷേ, പ്രശ്‌നം സജീവമാക്കി നിര്‍ത്താനാവശ്യമായ പിന്തുണ നല്‍കാനോ, ഒന്ന്  ഏറ്റുപറയാന്‍ പോലുമോ കഴിയാത്ത വിധം ആന്തരിക ദൗര്‍ബല്യം ബാധിച്ചിരുന്നു കോണ്‍ഗ്രസ് പാര്‍ട്ടിക്ക്.
പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിനു ശേഷവും സ്വതഃസിദ്ധമായ ശൈലിയില്‍ ഒരു ഏകോപനവുമില്ലാത്ത ആള്‍ക്കൂട്ടം കണക്കെ തുടര്‍ന്നു കോണ്‍ഗ്രസ് നേതൃത്വം.  ആ പരാജയത്തെ കൃത്യമായി വിശകലനം ചെയ്ത് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് തയാറെടുപ്പുകള്‍ നടത്താന്‍, ചരിത്രത്തിലെ ഡച്ച് ആര്‍മിയെ അനുസ്മരിപ്പിക്കും വിധം പടയാളികളേക്കാള്‍ കൂടുതല്‍ കമാന്റര്‍മാരുള്ള സംഘമായ കോണ്‍ഗ്രസിന് ആയില്ല. ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തിന്റെ മാറിയ ചുവരെഴുത്തുകള്‍ വായിക്കാന്‍ കഴിയാത്ത കോണ്‍ഗ്രസ് വൃദ്ധ നേതൃത്വങ്ങള്‍ അറപ്പുണ്ടാക്കുന്ന പരസ്പര ഗ്വാ ഗ്വാ വിളികളിലാണ് ഏര്‍പ്പെട്ടത്. ടുലി േളീൃരല എന്നൊരു പ്രയോഗമുണ്ട് ഇംഗ്ലീഷില്‍. ഒരിക്കല്‍ ഉണ്ടായിരുന്ന അധികാരവും സ്വാധീനവും ഒന്നും ഇല്ലാതായവരെ സൂചിപ്പിക്കാനാണ് അതുപയോഗിക്കുക. മലയാളത്തില്‍ ആ വാക്കിന് അര്‍ഥമിങ്ങനെ നീട്ടി പറയുന്നതിന് പകരം കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം എന്ന് പറഞ്ഞാല്‍ മതി എന്നതാണ് അവസ്ഥ. കെ.പി.സി.സി പ്രസിഡന്റായ മുല്ലപ്പള്ളി രാമചന്ദ്രനെപ്പോലുള്ളവര്‍ സ്വന്തമായി നാല് വോട്ട് സംഘടിപ്പിക്കാന്‍ പോലും കഴിവില്ലാതിരിക്കുമ്പോള്‍ തന്നെ, പലപ്പോഴും അപഹാസ്യമായ അഭിപ്രായ പ്രകടനങ്ങള്‍ നടത്തി പാര്‍ട്ടിക്ക് ബാധ്യതയായി. ക്രിസ്ത്യന്‍ സമുദായത്തെ അനുനയിപ്പിക്കാനായി ഉമ്മന്‍ ചാണ്ടിയെ വീണ്ടും സജീവമാക്കി ഇറക്കിയതൊന്നും ഒരു പ്രയോജനവും ചെയ്തില്ല. വെല്‍ഫെയര്‍ പാര്‍ട്ടി ധാരണയുടെ പേരില്‍ വിരട്ടലിന് വിധേയനായ എം.എം ഹസന് തെരഞ്ഞെടുപ്പ് കമ്മിറ്റിയില്‍ അംഗത്വം കൊടുത്തില്ല. മുഖ്യമന്ത്രിയാവാന്‍ ചുരുങ്ങിയത് 4 പേരെങ്കിലും കുപ്പായം തയ്പിച്ചിരിപ്പുണ്ട് എന്നത് കോണ്‍ഗ്രസ് കൂടാരത്തെ പറ്റി അവമതി വളര്‍ത്തി.
കുതികാല്‍ വെട്ടിനും ഗ്രൂപ്പ് കളിക്കും പണ്ടേ കുപ്രസിദ്ധമാണ് കോണ്‍ഗ്രസെങ്കിലും, അത്തരം പരമ്പരാഗത ആഡംബരങ്ങളൊന്നും വഹിക്കാന്‍ കഴിയുന്ന പാകത്തിലല്ല മോദിക്കാലത്തെ കോണ്‍ഗ്രസ് എന്ന് ജരാനരകള്‍ ബാധിച്ച വൃദ്ധ നേതൃത്വം മനസ്സിലാക്കിയില്ല. 50 കൊല്ലത്തിലേറെക്കാലം നേതൃപദവികള്‍ അലങ്കരിച്ചിട്ടും മതിവരാതെ മരിച്ചു പോകുമ്പോള്‍ മാധ്യമങ്ങളില്‍ വരാന്‍ പാകത്തില്‍ ഒരു പദവി വേണമെന്ന് വാശി പിടിക്കുന്ന രണ്ടാം ബാല്യക്കാരെ അനുനയിപ്പിക്കാന്‍ കോല് മിഠായി സംഘടിപ്പിക്കുന്ന തിരക്കിലായിരുന്നു, തെരഞ്ഞെടുപ്പിന് പടിവാതില്‍ക്കല്‍ പോലും കോണ്‍ഗ്രസ്. കൂട്ടിനുള്ളത്, നേതൃത്വത്തിന്റെ എന്ത് പരിധി വിട്ട പ്രവര്‍ത്തനങ്ങളും അണികള്‍ സ്വീകരിച്ചോളും എന്ന അമിതാത്മ വിശ്വാസത്തില്‍ പടയ്ക്കിറങ്ങിയ മുസ്ലിം ലീഗാണ്. കോണി ചിഹ്നം ഒന്ന് കൊണ്ട് മാത്രം വോട്ട് വീഴുകയും ഖാഇദേ മില്ലത്ത് മണ്ഡലം കാണാതെ ജയിക്കുകയും ചെയ്ത ആ കാലമൊക്കെ കഴിഞ്ഞുപോയെന്നും കൃത്യമായ രാഷ്ട്രീയ ബോധമുള്ള അണികളാണ് ഇപ്പോഴുള്ളതെന്നും ഇനിയും നേതൃത്വം തിരിച്ചറിഞ്ഞിട്ടില്ല. രണ്ട് തെരഞ്ഞെടുപ്പുകള്‍ അടിച്ചേല്‍പിച്ച് കുഞ്ഞാലിക്കുട്ടി സാഹിബ് നടത്തിയ പോക്കുവരവുകള്‍ അണികളില്‍ നേതൃത്വത്തെ സംബന്ധിച്ച മതിപ്പു കുറവിന് കാരണമായി. സമുദായ താല്‍പര്യത്തേക്കാള്‍ കൂടുതല്‍, കേന്ദ്രത്തിലായാലും കേരളത്തിലായാലും ആദ്യം മന്ത്രിയാവുന്നത് താനാവണം എന്ന ഉദ്ദേശ്യത്തില്‍ നടത്തിയ ദല്‍ഹി-തിരുവനന്തപുരം അധികാരമോഹ യാത്രകളാണ് പാര്‍ട്ടി നേതാവിന്റേതെന്ന ആരോപണം ലീഗണികളുടെ ആത്മാഭിമാനത്തെ തന്നെ മുറിപ്പെടുത്തി. 40 കൊല്ലത്തോളമായി പാര്‍ലമെന്ററി രംഗത്ത് വിഹരിക്കുന്ന നേതാക്കളെ തന്നെ വീണ്ടും കുടിയിരുത്താനുള്ള ലീഗ് നേതൃത്വത്തിന്റെ ശ്രമങ്ങള്‍ ലീഗില്‍ പൊതുവെ കേട്ടുകേള്‍വിയില്ലാത്ത വിധമുള്ള പരസ്യ പ്രതിഷേധത്തിന് വഴിവെച്ചു.15 സീറ്റെന്ന മോശമല്ലാത്ത എണ്ണം സീറ്റുകള്‍ ലീഗ് നേടിയെങ്കിലും ചില പരാജയങ്ങളും വേങ്ങര നിയമസഭാ / മലപ്പുറം ലോക്‌സഭാ മണ്ഡലങ്ങളിലെ വോട്ട് മാര്‍ജിന്‍ കുറവും ചില സൂചകങ്ങളാണ്.
എല്‍.ഡി.എഫ് സര്‍ക്കാര്‍ വിമര്‍ശവിധേയമായ വിഷയങ്ങളില്‍ മിക്കതിലും അവരില്‍ നിന്ന് ഭിന്നമായി പ്രത്യേകിച്ചൊന്നും യു.ഡി.എഫിന് പറയാനുണ്ടായിരുന്നില്ല. ഉദാഹരണത്തിന് സവര്‍ണ സംവരണത്തിന്റെ കാര്യമെടുക്കുക. സംവരണ സമുദായങ്ങളില്‍ നേതൃപരമായ പങ്ക് വഹിച്ചിരുന്ന മുസ്ലിം ലീഗ്, സി.പി.എമ്മിന്റെ വര്‍ഗീയാരോപണവും കോണ്‍ഗ്രസിന്റെ കണ്ണുരുട്ടലും പേടിച്ച് ആദ്യത്തെ ഒന്നു രണ്ട് പരിപാടികളോടെ രംഗം വിട്ടു. ഈ വിഷയം സംബന്ധിച്ച് രണ്ട് മുന്നണികളുടെ പ്രകടനപത്രികകളും തമ്മില്‍ ഒരു വ്യത്യാസവുമുണ്ടായിരുന്നില്ല താനും. കോണ്‍ഗ്രസ് പാര്‍ലമെന്റിലെടുത്ത നിലപാടിന്റെ തുടര്‍ച്ചയെന്നോണം സവര്‍ണ സംവരണത്തെ ശക്തമായി പിന്തുണക്കുകയാണ് ചെയ്തതും. അഥവാ സാമ്പത്തിക സംവരണം നടപ്പിലാക്കുകയാണെങ്കില്‍ തന്നെ ഒരു പഠനവും കൂടാതെ ഇപ്പോള്‍ നടപ്പിലാക്കിയ 10 ശതമാനമെന്ന വലിയ ക്വാട്ട അശാസ്ത്രീയമാണെന്നും പുനഃപരിശോധിക്കപ്പെടേണ്ടതാണെന്നും കോണ്‍ഗ്രസിനുള്ളില്‍ നിന്നു തന്നെ ആവശ്യമുയര്‍ന്നെങ്കിലും അത് പരിഗണിക്കാതെ ഉന്നത ജാതി താല്‍പര്യങ്ങളോടൊപ്പം നില്‍ക്കുകയാണ് കോണ്‍ഗ്രസ് ചെയ്തത്.
രണ്ടും നയപരമായി ഒന്നെങ്കില്‍ പിന്നെ, ശക്തനായി അവതരിപ്പിക്കപ്പെട്ട ക്യാപ്റ്റന്റെ ടീമല്ലേ നല്ലത് എന്ന് ചിന്തിക്കുകയാണല്ലോ ബുദ്ധിയുള്ളവര്‍ ചെയ്യുക. അതാണ് കേരളീയര്‍ ചെയ്തതും. മികച്ച സ്ഥാനാര്‍ഥി നിരയും ശശി തരൂരിന്റെ നേതൃത്വത്തില്‍ സമൂഹത്തിലെ വിവിധ വിഭാഗങ്ങളുമായി സംവദിച്ച് പുരോഗമനാത്മകമായ പദ്ധതികള്‍ ഉള്‍ക്കൊള്ളിച്ച് തയാറാക്കിയ പ്രകടനപത്രികയുമൊന്നും ഉപകാരപ്പെടാതെ പോയതും ഈ നയ വ്യതിരിക്തതയെ സംബന്ധിച്ച് ജനങ്ങളെ ബോധിപ്പിക്കാന്‍ കഴിയാതിരുന്നതു കൊണ്ടാണ്.

വിജയം വന്നത് കിറ്റ് വഴി മാത്രമോ?

പിണറായി സര്‍ക്കാറിന്റെ കിറ്റടക്കമുള്ള ക്ഷേമ പദ്ധതികള്‍ ജനങ്ങളെ സ്വാധീനിച്ചതു കൊണ്ടാണ് ഇത്ര വലിയ വിജയം എന്നത് ഒരു ലളിത വായനയാണ്. മീഡിയ ചര്‍ച്ച ചെയ്യാന്‍ ഇഷ്ടപ്പെടുന്നില്ലെങ്കിലും വോട്ടിംഗിലെ വര്‍ഗീയ ധ്രുവീകരണത്തിന്റെ കൂടി ഗുണഫലമായാണ് ഇത്രയും വലിയ വിജയം എന്നതാണ് ശരി. തദ്ദേശ ഭരണ തെരഞ്ഞെടുപ്പു വേളയില്‍, അമീര്‍ - ഹസന്‍ - കുഞ്ഞാലിക്കുട്ടി സഖ്യമാണ് യു.ഡി.എഫിനെ നയിക്കുന്നത് എന്ന് കോടിയേരി ബാലകൃഷ്ണന്‍ നടത്തിയ പ്രസ്താവന കൃത്യമായ ലക്ഷ്യം വെച്ചായിരുന്നു. വെല്‍ഫെയര്‍ പാര്‍ട്ടി പിന്തുണയോടെ സ്വാധീനം കൂട്ടി കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രിയാവാന്‍ ശ്രമിക്കുകയാണെന്ന് കഴിഞ്ഞ തെരഞ്ഞടുപ്പിലെ സി.പി.എം സ്ഥാനാര്‍ഥിയായിരുന്ന നികേഷ് കുമാര്‍ തന്റെ ചാനലിലിരുന്ന് കേരളത്തോട് പ്രഖ്യാപിച്ചതും വെറുതെയായിരുന്നില്ല.
ജമാഅത്തെ ഇസ്ലാമിയോട് ചേര്‍ന്ന്  'മുസ്ലിം വര്‍ഗീയ കണ്‍സോളിഡേഷന്‍ നടത്തുന്ന' ലീഗിന്റെ തടവറയിലാണ് കോണ്‍ഗ്രസ് എന്നു പറഞ്ഞ് ഒരു വ്യാജ നരേറ്റീവ്  സൃഷ്ടിച്ചായിരുന്നു സി.പി.എമ്മിന്റെ ശക്തമായ  പ്രചാരണം. കേരളത്തില്‍ ഒരു നിലക്കും ചര്‍ച്ചയാവേണ്ടതില്ലാതിരുന്ന തുര്‍ക്കിയിലെ അയാ സോഫിയ വലിച്ചു കൊണ്ടുവന്ന് ക്രിസ്ത്യന്‍ സമൂഹത്തെയും മുസ്ലിം ലീഗിനെതിരെ തിരിച്ചുവിടാന്‍ ശ്രമിച്ചു. അയാ സോഫിയയില്‍ 90-ല്‍പരം വര്‍ഷങ്ങള്‍ക്കു ശേഷം നമസ്‌കാരം പുനരാരംഭിച്ചതില്‍ സന്തോഷം പ്രകടിപ്പിച്ച് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ എഴുതിയ ലേഖനത്തെ കുറിച്ച് 2020 ജൂലൈ 28-ന് കോടിയേരി ബാലകൃഷ്ണനിട്ട എഫ്.ബി പോസ്റ്റ്, എങ്ങനെ വോട്ടിനായി രാഷ്ട്രീയക്കാര്‍ മതവൈരം വളര്‍ത്തുന്നു എന്നതിന്റെ നല്ലൊരു ഉദാഹരണമായിരുന്നു.
കോടിയേരി എഴുതുന്നത് ഇങ്ങനെ വായിക്കാം: ''ജമാഅത്തെ ഇസ്ലാമി, തുര്‍ക്കി ഭരണകൂടത്തിന്റെ നിലപാടിനെ കലര്‍പ്പില്ലാതെ പിന്തുണക്കുന്ന സംഘടനയാണ്. മുസ്ലിം ലീഗിന്റെ സമുന്നതനായ നേതാവ് ജമാഅത്തെ ഇസ്ലാമിയുടെ നിലപാടിലൂന്നി ലേഖനമെഴുതിയ സാഹചര്യത്തില്‍, മുസ്ലിം ലീഗും ജമാഅത്തെ ഇസ്ലാമിയും തമ്മിലുള്ള ബന്ധം ജനങ്ങള്‍ക്ക് വ്യക്തമായിരിക്കുകയാണ്. ആശയപരമായി തന്നെ മുസ്ലിം ലീഗും ജമാഅത്തെ ഇസ്ലാമിയും തമ്മില്‍ യോജിപ്പിലാണെന്നും ഇതിലൂടെ മനസ്സിലാക്കാനാവുന്നു.
ജമാഅത്തെ ഇസ്ലാമിയുമായും എസ്.ഡി.പി.ഐയുമായും മുന്നണി ബാന്ധവം ഉണ്ടാക്കാനാണ് മുസ്ലിം ലീഗും കോണ്‍ഗ്രസും തീരുമാനിച്ചിട്ടുള്ളത്. തുര്‍ക്കി ഭരണാധികാരിയുടെ നടപടിയെ അംഗീകരിക്കുന്ന മുസ്ലിം ലീഗ് സമീപനത്തോട് കോണ്‍ഗ്രസിന്റെ നിലപാടെന്താണ്? ഈ വിഷയത്തില്‍ യു.ഡി.എഫിന്റെ നിലപാട് വ്യക്തമാക്കാന്‍ തയാറാവണം.''
ജമാഅത്തെ ഇസ്ലാമി തുര്‍ക്കി ഭരണകൂടത്തിന്റെ നിലപാടിനെ കലര്‍പ്പില്ലാതെ പിന്തുണക്കുന്ന സംഘടനയാണ് എന്ന അവാസ്തവമിരിക്കട്ടെ, തുര്‍ക്കി നിലപാടിനെ അനുകൂലിച്ച് ലീഗ് നേതാവ് എഴുതുന്ന ലേഖനമെങ്ങനെ ലീഗ് - ജമാഅത്ത് ബന്ധത്തിന് തെളിവാകും? അത് മാത്രം പോരാ, കോണ്‍ഗ്രസും യു.ഡി.എഫും ഇതില്‍ നിലപാട് പറയണമെന്നും പറയുന്നത് എന്തിനാണ്?
യഥാര്‍ഥത്തില്‍ ഈ വിഷയത്തില്‍ ഉര്‍ദുഗാന്റെ നിലപാടിനെ പ്രകീര്‍ത്തിച്ചുകൊണ്ട് കേരളത്തില്‍ ആദ്യമായി രംഗത്തു വരുന്നത് സി.പി.എമ്മിന്റെ പിന്തുണക്കാരായ കാന്തപുരം വിഭാഗത്തിലെ പ്രമുഖന്‍ ഡോ. അബ്ദുല്‍ ഹകീം അസ്ഹരിയാണ്. 2020 ജൂലൈ 26-ന് തന്റെ എഫ്.ബി പേജില്‍ പുറത്തു വിട്ട വീഡിയോയിലൂടെയായിരുന്നു അത്. കാന്തപുരം വിഭാഗത്തിന്റെ സിറാജ് പത്രത്തില്‍ ഉത്തരവാദപ്പെട്ട ആളുകള്‍ തുര്‍ക്കിയെ അനുകൂലിച്ച് ലേഖനവുമെഴുതി. അപ്പോള്‍ കോടിയേരിയുടെ സിദ്ധാന്തമനുസരിച്ച് കാന്തപുരത്തിന്റെ മകന്‍ തന്നെ ജമാഅത്തെ ഇസ്ലാമിയുടെ നിലപാടിലൂന്നി ലേഖനമെഴുതിയ സാഹചര്യത്തില്‍, കാന്തപുരവും ജമാഅത്തെ ഇസ്ലാമിയും തമ്മിലുള്ള ബന്ധം ജനങ്ങള്‍ക്ക് വ്യക്തമായിരിക്കുകയാണ്; ആശയപരമായി തന്നെ കാന്തപുരവും ജമാഅത്തെ ഇസ്ലാമിയും തമ്മില്‍ യോജിപ്പിലാണെന്നും ഇതിലൂടെ മനസ്സിലാക്കാനാവുന്നു എന്നൊക്കെ പ്രചരിപ്പിക്കാവുന്നതാണല്ലോ.
പക്ഷേ അതൊന്നും ചെയ്യാതെ സാദിഖലി തങ്ങളുടെ ചന്ദ്രിക ലേഖനം മാത്രമെടുത്ത് കോടിയേരിയും ദേശാഭിമാനി(2020 ജൂലൈ 27-ന്റെ മുഖപ്രസംഗം)യും താല്‍ക്കാലിക രാഷ്ട്രീയ ലാഭത്തിനു വേണ്ടി വര്‍ഗീയ വൈരം സൃഷ്ടിക്കാന്‍ ശ്രമിക്കുകയായിരുന്നു. 'മതനിരപേക്ഷ തുര്‍ക്കിയെ തകര്‍ക്കുന്ന ശക്തികള്‍ക്ക് കുടപിടിക്കുന്ന കക്ഷികളുമായുള്ള ബാന്ധവം ഇന്ത്യന്‍ മതനിരപേക്ഷതയെത്തന്നെ അപകടത്തിലാക്കുമെന്ന് ഇനി എന്നാണ് കോണ്‍ഗ്രസിന് മനസ്സിലാകുക' എന്ന് ദേശാഭിമാനി ചോദിക്കുമ്പോള്‍ മുസ്ലിം സമൂഹത്തിലെ തങ്ങളുടെ പ്രധാന സഹകാരികളായ കാന്തപുരം വിഭാഗത്തിനും ഇത് ബാധകമാണല്ലോ എന്ന ചിന്ത അവരെ അലട്ടിയില്ല. കാരണം താല്‍ക്കാലിക രാഷ്ട്രീയ ലാഭത്തിനു വേണ്ടി ഒരു വ്യാജ നരേറ്റീവ് അറിഞ്ഞു കൊണ്ടു തന്നെ സൃഷ്ടിക്കുകയായിരുന്നു സി.പി.എം.
പക്ഷേ കേരളത്തിലെ മുസ്ലിം -  ക്രിസ്ത്യന്‍ ബന്ധങ്ങളില്‍ അതി ഗുരുതരമായ വിടവാണ് സി.പി.എമ്മിന്റെ ഈ പ്രചാരണം സൃഷ്ടിച്ചത്. പിന്നീട് ചങ്ങനാശ്ശേരി ആര്‍ച്ച് ബിഷപ്പടക്കം മുസ്ലിം ലീഗിനെതിരെ പടക്കിറങ്ങിയ മുഴുവന്‍ കത്തോലിക്കാ നേതൃത്വവും ലീഗിനെതിരെ ഉപയോഗപ്പെടുത്തിയത് സി.പി.എം കൊടുത്ത ഈ വടിയാണ്. സംവരണ സമുദായങ്ങളിലെ പ്രധാന രാഷ്ട്രീയ കക്ഷി എന്ന നിലയില്‍ സവര്‍ണ സംവരണത്തെ മുസ്ലിം ലീഗ് എതിര്‍ത്തപ്പോള്‍ അത് വര്‍ഗീയ വിഭജന ശ്രമമായും സി.പി.എം ചിത്രീകരിച്ചു. ചില ക്രിസ്ത്യന്‍ പുരോഹിതര്‍ സംസ്ഥാന ന്യൂനപക്ഷ വകുപ്പിനെതിരില്‍ ഉന്നയിച്ച അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ക്ക് വകുപ്പ് സി.പി.എമ്മിന്റേതായിട്ടും പരസ്യമായി മറുപടി നല്‍കാതെ അന്തരീക്ഷം വഷളാക്കാന്‍ കൂട്ടുനില്‍ക്കുകയായിരുന്നു അവര്‍. 'ലൗ ജിഹാദ്' ആരോപണത്തിലും സത്യസ്ഥിതി പുറത്തു കൊണ്ടുവരാന്‍ ശുഷ്‌ക്കാന്തിയുണ്ടായില്ല.
ഇങ്ങനെയൊക്കെ സൃഷ്ടിക്കപ്പെട്ട 'ജമാഅത്തിനാല്‍ സ്വാധീനിക്കപ്പെട്ട ലീഗിന്റെ നിയന്ത്രണത്തിലുള്ള കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യു.ഡി.എഫ്' എന്ന ഇമേജ്, മോദിയുടെ രണ്ടാം വരവോടെ ഇസ്ലാംഭയം ലെജിറ്റിമൈസ്  ചെയ്യപ്പെട്ട ഇന്ത്യന്‍ സാഹചര്യത്തില്‍ മുസ്ലിമേതര വോട്ടുകളുടെ കണ്‍സോളിഡേഷന് സി.പി.എം മുന്നണിക്ക് സഹായകമായി. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വിജയകരമായിക്കണ്ട ഈ വര്‍ഗീയ വിഭജനം നിയമസഭയിലും 'ലീഗിന് മേധാവിത്വമില്ലാത്ത' ഒരു സര്‍ക്കാര്‍ വേണമെന്ന നിലയില്‍ എല്‍.ഡി.എഫിന് അനുകൂലമായ ഒരു ഹിന്ദു-ക്രിസ്ത്യന്‍ കണ്‍സോളിഡേഷന്‍ ഉണ്ടാക്കി. ഇതു കൂടി  എല്‍.ഡി.എഫിന്റെ തകര്‍പ്പന്‍ പ്രകടനത്തിന് കാരണമായിട്ടുണ്ടെന്ന് അംഗീകരിക്കുമ്പോഴാണ് ഈ തെരഞ്ഞെടുപ്പു വിശകലനം സത്യസന്ധമാവുക.

ബി.ജെ.പിയുടെ പ്രകടനവും കാണാതായ വോട്ടുകളും 

സംസ്ഥാനാടിസ്ഥാനത്തില്‍ ബി.ജെ.പിക്ക് നാല് ശതമാനം വോട്ട് കുറഞ്ഞതായി കാണുന്നുണ്ട്. ഈ വോട്ടുകള്‍ മറിച്ചത് സംബന്ധിച്ച് രണ്ട് മുന്നണികളും പരസ്പരം ആരോപണമുന്നയിക്കുന്നുണ്ട്.  പല സീറ്റുകളിലും വോട്ട് മറിക്കലിനുള്ള സാധ്യത തള്ളിക്കളയാനാവില്ല - പാര്‍ട്ടി ബി.ജെ.പിയാകുമ്പോള്‍ പ്രത്യേകിച്ചും. കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന ലക്ഷ്യത്തിനു വേണ്ടി കോണ്‍ഗ്രസ് ഭരണത്തില്‍ വരാതിരിക്കാന്‍ പാകത്തില്‍ ബി.ജെ.പി വോട്ടുകള്‍ മറിക്കുമെന്ന് പല കോണുകളില്‍ നിന്നും നിരീക്ഷണങ്ങളുണ്ടായിരുന്നു.
ഈ വോട്ട് ചോര്‍ച്ച മറിക്കലോ കച്ചവടമോ എന്ന ചര്‍ച്ച തുടരുമ്പോള്‍ തന്നെ 4 ശതമാനം കുറവിനു പിന്നില്‍, ബോധപൂര്‍വമായ കച്ചവടത്തിനു പുറമെ, ബി.ജെ.പിക്ക് ചെയ്തിരുന്ന ഹിന്ദു വോട്ടുകളില്‍ നിന്ന് എല്‍.ഡി.എഫിന് അനുകൂലമായ ഒരു ംെശിഴ ഉണ്ടായ സാധ്യത കൂടി കാണണം.  പാര്‍ലമെന്റില്‍ മോദിക്ക് വോട്ട് ചെയ്ത ഇത്തരക്കാര്‍ക്ക് നിയമസഭയില്‍ ബി.ജെ.പി ജയിക്കാവുന്ന ഒരു ചോയ്‌സ് അല്ലാത്തതു കൊണ്ട് എല്‍.ഡി.എഫ് ചോയ്‌സായി വരുന്നു. പാര്‍ട്ടി എന്ന നിലയില്‍ വോട്ട് മറിച്ചതോടൊപ്പം ഇപ്രകാരം മോദിക്കു വേണ്ടി ബി.ജെ.പിക്ക് ചെയ്തിരുന്ന വോട്ടുകള്‍ എല്‍.ഡി.എഫിന് വീണു എന്നതു കൂടി സംഭവിച്ചിട്ടുണ്ട്. കാരണം യു.ഡി.എഫിന് ചെയ്യുമ്പോള്‍ ഉള്ള ലീഗിന് അധികാരം  എന്ന 'റിസ്‌ക് ഫാക്ടര്‍' എല്‍.ഡി.എഫിന് ചെയ്യുമ്പോള്‍ ഇല്ല. അതായത് കേന്ദ്രത്തില്‍ മോദി, സംസ്ഥാനത്ത് നമ്മള്‍ക്ക് പറ്റിയ മുഖ്യമന്ത്രി എന്ന ഉത്തരേന്ത്യന്‍ രീതി കേരളത്തിലും വന്നു എന്നര്‍ഥം.
ദൗര്‍ഭാഗ്യവശാല്‍ നമ്മുടെ മാധ്യമങ്ങളൊന്നും ഈ കമ്യൂണല്‍ കണ്‍സോളിഡേഷനെ കുറിച്ച് പറയുന്നില്ല. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് തരംഗമുണ്ടായപ്പോള്‍ ഉച്ച മുതല്‍ ചാനലുകളൊക്കെ പറഞ്ഞു, ന്യൂനപക്ഷ വോട്ടുകളുടെ കണ്‍സോളിഡേഷന്‍ കോണ്‍ഗ്രസിനും രാഹുലിനും അനുകൂലമായതു കൊണ്ടാണ് യു.ഡി.എഫ് എന്ന്. പക്ഷേ മെയ് 2-ന് ഒരു ചാനലിലും സാമുദായിക വോട്ടുകളെ കുറിച്ച പരാമര്‍ശമേ കേട്ടില്ല. കിറ്റും ക്യാപ്റ്റനും മാത്രം.  സമുദായ-വര്‍ഗീയ വോട്ടുകളുടെ കണ്‍സോളിഡേഷന്‍ യു.ഡി.എഫ് ആണെങ്കില്‍ മാത്രമേ ഉണ്ടാവൂ എന്നും ഇടതു മുന്നണി അല്ലെങ്കില്‍ സി.പി.എം അതിനൊക്കെ അതീതമായ വിശുദ്ധ പശുവാണെന്നും ഉള്ള കേരളീയ പൊതുബോധമാണ് ഇങ്ങനെയൊരു ചര്‍ച്ച പോലും ഉയര്‍ന്നു വരാത്തതിന്റെ കാരണം.
       
ഫാഷിസം തോല്‍പിക്കപ്പെട്ടുവോ?

ഏറെ പ്രതീക്ഷയോടെ സീറ്റുകളുടെ എണ്ണം കൂട്ടാനിറങ്ങിയ ബി.ജെ.പിയുടെ സംസ്ഥാനത്തെ അക്കൗണ്ട് തന്നെ പൂട്ടിയതാണ് ഈ തെരഞ്ഞെടുപ്പിലെ വലിയ ഹൈലൈറ്റുകളിലൊന്ന്. കേരളത്തില്‍ വെച്ചടി വെച്ചടി കയറ്റം എന്ന നിലയില്‍ ബി.ജെ.പി നടത്തിക്കൊണ്ടിരുന്ന രാഷ്ട്രീയ കുതിപ്പിന് ഒരു ചെറിയ ഇടിവ് തട്ടുന്നത് രാജ്യത്തിന്റെ നല്ല ഭാവിയെ സ്വപ്‌നം കാണുന്നവരെ സന്തോഷിപ്പിക്കുന്ന ഒന്നാണ്. അതേ സമയം മോദി ഭരണത്തിന്റെ പരാജയം ഏറ്റവും പ്രകടമായ കാലത്തു പോലും  അതിനെ പരസ്യമായി പിന്തുണക്കാന്‍ മടിയില്ലാത്ത 23 ലക്ഷത്തില്‍ പരം ആളുകള്‍ നമുക്കിടയിലുണ്ട് എന്ന വസ്തുത ഫാഷിസത്തെ ഒരു ആശയമെന്ന നിലയില്‍ മറികടക്കാന്‍ കേരളം താണ്ടേണ്ട വഴിദൂരത്തെ സൂചിപ്പിക്കുന്നുണ്ട്. സഖ്യകക്ഷിയായ ബി.ഡി.ജെ.എസി നെയൊക്കെ കൂട്ടാതെ തന്നെ കേരളീയ വോട്ടര്‍മാരുടെ 11.3 ശതമാനം വരുന്നുണ്ട് ഈ എണ്ണം. വെള്ളാപ്പള്ളിയുടെ ബി.ഡി.ജെ.എസില്‍ ഇപ്രാവശ്യം കണ്ടിട്ടുള്ള വര്‍ധിത വോട്ട് ചോര്‍ച്ച സി.പി.എമ്മിന്റെ പരമ്പരാഗത വോട്ട് ബാങ്കായ ഈഴവരുടെ വോട്ട് 'ചെത്തുകാരന്റെ മകന്‍' എന്ന വിശേഷണത്തോടെ അവതരിപ്പിക്കപ്പെട്ട പിണറായിക്ക് നല്‍കപ്പെട്ടതിന്റെ ഫലം കൂടിയാണ്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മോദിയിലേക്കു തന്നെ തിരിച്ചൊഴുകാനുള്ളതാണ് ഈ വോട്ടുകള്‍.
പിണറായിക്ക് ലഭിച്ച വോട്ടുകളില്‍ പലതും, സവിശേഷമായും മുസ്ലിം വോട്ടുകള്‍, ഫാഷിസത്തിനെതിരിലുള്ള പോരാട്ടത്തില്‍  സി.പി.എം ആണ് കോണ്‍ഗ്രസിനേക്കാള്‍ ഉത്തമം എന്ന വിശ്വാസത്തില്‍ നല്‍കപ്പെട്ടതാണ്. തെരഞ്ഞെടുപ്പു ദിവസവും തൊട്ടു തലേന്നുമായി മുസ്ലിം പശ്ചാത്തല ദിനപത്രങ്ങളില്‍ സി.പി.എം  മുന്നണി നല്‍കിയ പൗരത്വ നിയമം നടപ്പിലാക്കില്ലെന്ന  പരസ്യം ഈ വിശ്വാസം ഉറപ്പിക്കാനായിരുന്നു. തങ്ങളുടെ പത്രത്തിന്റെ റിപ്പോര്‍ട്ടര്‍ ബശീറിന്റെ ദുരൂഹ മരണവും എസ്.എസ്.എഫ് പ്രവര്‍ത്തകന്‍ ശുഐബിന്റെ കൊലപാതകവുമൊക്കെ അവഗണിച്ച് പിന്തുണ നല്‍കാന്‍ കാന്തപുരം സമസ്തക്കും യു.ഡി.എഫിന്റെ അവഗണനയില്‍ ഹതാശരായ പി.ഡി.പി പോലുള്ളവര്‍ക്കും മനസ്സാക്ഷി വോട്ട് എന്ന പേരില്‍ സി.പി.എമ്മിന് വോട്ട് ചെയ്യാനായി വാതില്‍ തുറന്ന എസ്.ഡി.പി.ഐക്കും ഒക്കെ സി.പി.എമ്മിന് വോട്ട് ചെയ്യാനുള്ള  ന്യായമായി പറയാനുണ്ടായിരുന്നത് പൗരത്വ നിയമത്തിനെതിരെയുള്ള സവിശേഷമായ ഈ ഉറപ്പുകൂടിയായിരുന്നു.
ഇന്ത്യന്‍ ഫാഷിസത്തിന്റെ രാഷ്ട്രീയ രൂപമായ ബി.ജെ.പിയെ പ്രതിരോധിക്കുന്നതില്‍ സവിശേഷമായ പങ്ക് വഹിച്ചു കൊണ്ടിരിക്കുന്ന, ഭാവിയിലും അത് തുടരാന്‍ കെല്‍പുള്ള സംഘമാണ് സി.പി.എം എന്നത് ഒരു യാഥാര്‍ഥ്യമാണ്. പക്ഷേ, അതിന്റെ ഒരു മൗലിക ദൗര്‍ബല്യം സംഘ് പരിവാര്‍ ഫാഷിസമെന്ന ഭീമാകാര സത്വത്തെ മുസ്ലിം ലീഗ് - ജമാഅത്ത് സഖ്യം എന്ന വ്യാജ മുസ്ലിം ദ്വന്ദ്വത്തെ സൃഷ്ടിച്ചല്ലാതെ അഭിമുഖീകരിക്കാന്‍ കഴിയുന്നില്ല എന്നതാണ്. ഹിന്ദു - മുസ്ലിം വര്‍ഗീയത എന്ന് പഴയ കോണ്‍ഗ്രസ് ഭരണകാലത്ത് പറഞ്ഞ് ശീലിച്ചത് സംഘ് ഫാഷിസം ഇന്ത്യയിലെ സകല അധികാര തലങ്ങളിലും നേരിട്ടുള്ള നിയന്ത്രണം ഏറ്റെടുത്ത ഇക്കാലത്തും അവര്‍ കൈവിട്ടിട്ടില്ല. ആര്‍.എസ്.എസിനെ എതിര്‍ക്കുമ്പോള്‍ അടുത്ത ശ്വാസത്തില്‍ തന്നെ എത്ര വ്യാജമെങ്കിലും ഒരു മുസ്ലിം ദ്വന്ദ്വം ഇല്ലെങ്കില്‍ പ്രശ്‌നമാകും എന്ന ഭയത്തില്‍ നിന്നു കൊണ്ട് ഒരിക്കലും രാജ്യം നേരിടുന്ന സംഘ് ഭീഷണി എന്ന ഭീകരതയെ നേരിടാനാവില്ല. ആര്‍.എസ്.എസിനെ എതിര്‍ക്കുമ്പോള്‍ ഹിന്ദുവിനെ എതിര്‍ക്കുകയല്ല ചെയ്യുന്നത് എന്ന സത്യം പൊതുബോധത്തില്‍ ഉറപ്പിക്കുക എന്ന ധര്‍മമാണ് കേരളീയ പരിസരത്തെ ഫാഷിസ വിരുദ്ധ പോരാട്ടത്തില്‍ സി.പി.എമ്മില്‍ നിന്ന് പ്രതീക്ഷിക്കുന്നത്.
തരം പോലെ എതിരാളികള്‍ വര്‍ഗീയ മുദ്ര ചാര്‍ത്തുമെങ്കിലും മുസ്ലിം ലീഗ് ഒരു വര്‍ഗീയ പ്രവര്‍ത്തനത്തിലും ഏര്‍പ്പെടാത്ത സാമുദായിക രാഷ്ട്രീയ കക്ഷി മാത്രമാണെന്ന് എതിരാളികള്‍ തന്നെ സമ്മതിക്കും. ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തില്‍ ഒരു മുസ്ലിം രാഷ്ട്രീയ പ്രതിനിധാനം കൈക്കൊള്ളേണ്ടി വരുന്ന വിട്ടുവീഴ്ചകളുടെ ദൃഷ്ടാന്തമാണ് മുസ്ലിം ലീഗ്. അതു പോലെ ആദര്‍ശപരമായി ഇസ്ലാമിന്റെ സമഗ്രതയില്‍ ഊന്നുന്നതോടൊപ്പം തന്നെ ഒരു മാനവിക -  അവര്‍ഗീയ സംഘമാണ് ജമാഅത്തെ ഇസ്ലാമി എന്ന് എല്ലാവര്‍ക്കുമറിയാം. കമ്യൂണിസ്റ്റ് ആദര്‍ശത്തിന്റെ കൃത്യമായ എതിര്‍പക്ഷത്ത് നിലയുറപ്പിക്കുന്നു എന്നറിഞ്ഞിട്ടും കഴിഞ്ഞ കാലത്ത് ജമാഅത്തിനോട് സി.പി.എം സഹകരിച്ചതും  സുതാര്യത മുഖമുദ്രയായ ജമാഅത്തിന്റെ പ്രവര്‍ത്തന ശൈലി കൊണ്ടു കൂടിയാണ്. സമഗ്രാധിപത്യ സ്വഭാവമുള്ള രാഷ്ട്രീയ രൂപങ്ങളെ പിന്തുണക്കരുതെന്ന എണ്‍പതുകളിലെ കര്‍ക്കശ നിലപാടില്‍ അയവു വരുത്തി തൊണ്ണൂറുകളില്‍ സി.പി.എമ്മിനെ പിന്തുണക്കുന്ന സമീപനം പലപ്പോഴും ജമാഅത്ത് കൈക്കൊണ്ടത് മാറിയ ദേശീയ  സാഹചര്യത്തില്‍ സംഘ് ഫാഷിസ വിരുദ്ധ സമരത്തില്‍ സി.പി.എമ്മിന്റെ പ്രസക്തി മനസ്സിലാക്കിയതു കൊണ്ടായിരുന്നു. ഇപ്പോള്‍ താല്‍ക്കാലിക രാഷ്ട്രീയ നേട്ടത്തിനു വേണ്ടി ആര്‍.എസ്. എസിന് ദ്വന്ദ്വമായി ലീഗ് - ജമാഅത്ത് മുന്നണി എന്ന വ്യാജത്തെ പ്രതിഷ്ഠിക്കുന്നത് അതിഗുരുതരമായ പ്രത്യാഘാതമാണ് ഉണ്ടാക്കുക എന്ന് സി.പി.എം മനസ്സിലാക്കണം.
മുസ്ലിം ലീഗിനെ അപരസ്ഥാനത്തു നിര്‍ത്തി അധികാരം കൈയടക്കാമെന്ന് സി.പി.എം കാണുന്നത് ഇതാദ്യമായല്ല. ലീഗിന് മാന്യമായ അധികാര പങ്കാളിത്തം ആദ്യമായി നല്‍കിയ  ഇ.എം.എസ് തന്നെയാണ് ശരീഅത്ത് വിവാദത്തെ തുടര്‍ന്നുണ്ടായ രാഷ്ട്രീയ സാഹചര്യത്തില്‍ ലീഗില്ലാ ഭരണം എന്നതിന്റെ വോട്ട് കാച്ചിംഗ് കപ്പാസിറ്റി തിരിച്ചറിഞ്ഞ് 1987 - ല്‍ അത് പയറ്റിയത്. അന്നത് വിജയിക്കുകയും ലീഗില്ലാത്തൊരു ഭരണം വന്നേ എന്ന ആഹ്ലാദ മുദ്രാവാക്യം സി.പി.എം മുഴക്കുകയും ചെയ്തു.
ഒരുപക്ഷേ, അതേ ഗെയ്മിന്റെ ആവര്‍ത്തനമാണ് സി.പി.എം ഉദ്ദേശിക്കുന്നതെങ്കില്‍ 1987 അല്ല 2021 എന്നാണ് ഓര്‍മിപ്പിക്കാനുള്ളത്. അന്നും ലീഗ് വിരുദ്ധത എന്നത് പലരുടെയും മുസ്ലിം വിരുദ്ധതയുടെ സുഖവിരേചനത്തിനുള്ള വഴിയാണെങ്കിലും സി.പി.എമ്മിനപ്പുറം അതിന് വളരാന്‍ മറ്റു മേഖലകളുണ്ടായിരുന്നില്ല. എത്ര ആര്‍.എസ്.എസ് ഉള്ളിലുണ്ടെങ്കിലും  രാഷ്ട്രീയവും സാമൂഹികവുമായ അസ്പൃശ്യത ഭയന്ന് അത് പുറത്തു പറയുമായിരുന്നില്ല. ആര്‍.എസ്.എസ് തന്നെ നാട് ഭരിച്ചു കൊണ്ടിരിക്കുന്ന കാലത്ത് മുസ്ലിം സമൂഹത്തെ പറ്റി എന്ത് വ്യാജവും മടിയേതും കൂടാതെ പറയുന്ന സാഹചര്യമുണ്ട്. ലീഗ് വിരുദ്ധതയോടൊപ്പം ഇന്ന്, മോദി ഭരണത്തോടെ പ്രത്യക്ഷ ഭാവം കൈവന്ന ഇസ്ലാംഭയം കൂടി ത്വരകമായി വര്‍ത്തിക്കുന്നുണ്ട് എന്നത് കാണാതിരുന്നു കൂടാ. ഇത് പറയുമ്പോള്‍ ലീഗിനെ എതിര്‍ക്കുന്നതിനെ ഇസ്ലാമിനോടുള്ള എതിര്‍പ്പായി തെറ്റിദ്ധരിപ്പിക്കുകയാണ് എന്നാണ് പറയാറ്. മുസ്ലിംകളുടെ മത/സാമൂഹിക/ സാംസ്‌കാരിക / രാഷ്ട്രീയ പ്രതിനിധാനങ്ങളെ ചൊല്ലിയുള്ള അടിസ്ഥാനരഹിത ഭയത്തെയാണല്ലോ പൊതുവില്‍ ഇസ്ലാമോഫോബിയ എന്ന് പറയുന്നത്. ലീഗ് ഭരണത്തില്‍ വന്നാല്‍ അത് ജമാഅത്ത് പിന്തുണയോടെ ആണെന്നും കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രി ആയേക്കുമെന്നും അതു വഴി സംസ്ഥാനത്തെ വിഭവ വിതരണാവകാശം മുസ്ലിംകളിലാവുമെന്നുമുള്ള അടിസ്ഥാനരഹിത ഭയം  ഇസ്ലാമോഫോബിയ തന്നെയാണ്.
മറ്റൊന്ന് 1987-ലെ ഇടതു മുന്നണിയല്ല ഇപ്പോഴുള്ളത് എന്നതാണ്. ജാതി മത വര്‍ഗീയ ശക്തികളില്‍നിന്ന് മുക്തമാണ് തങ്ങള്‍ എന്ന ഇടതു വാദം പൊതു അംഗീകാരം നേടിയ കാലമായിരുന്നു അത്. ഇന്ന് ഇടതു മുന്നണിയിലുള്ളവരെല്ലാവരും മതേതര പ്രതിബദ്ധത കൊണ്ട് അതില്‍ നില്‍ക്കുന്നവരല്ല എന്നും ബി.ജെ.പിയിലേക്കുള്ള വഴിമധ്യേ സത്രമായി അതിനെ കണക്കാക്കുന്നവരും അതിലുണ്ടെന്നും നമുക്കറിയാം. പ്രചാരണം മൂര്‍ധന്യത്തില്‍ നില്‍ക്കുന്ന വേളയില്‍ തന്നെ, കോടതികളും ഏജന്‍സികളും തള്ളിക്കളഞ്ഞ 'ലൗ ജിഹാദ്' എന്ന മുസ്ലിംവിരുദ്ധ വ്യാജാരോപണം ഇടതു മുന്നണിയില്‍ നിന്നു തന്നെ വിളിച്ചു പറയാന്‍ ഘടക കക്ഷി നേതാവ് ധൈര്യം കാണിക്കുന്ന കാലമാണ്. അത്തരമൊരു കാലത്ത് ലീഗിനെ എന്ന പേരില്‍ മുസ്ലിം സമൂഹത്തിന്റെ രാഷ്ട്രീയ പ്രതിനിധാനങ്ങളെയും, ജമാഅത്തിനെ എന്ന പേരില്‍ മുസ്ലിം സാമൂഹിക ഇടപെടലിനെയും പൈശാചികവല്‍ക്കരിക്കുന്നത് കേരളത്തിന്റെ ആര്‍.എസ്.എസ് വല്‍ക്കരണത്തെയാണ് ത്വരിതപ്പെടുത്തുക എന്ന് മനസ്സിലാക്കിയാല്‍ സി.പി.എമ്മിന് നന്ന്. അല്ലെങ്കില്‍ മുസ്ലിം വിരുദ്ധത ഗര്‍ഭം ധരിച്ച അണികളും സഹകാരികളും കിട്ടുന്ന ഒന്നാം അവസരത്തില്‍ തന്നെ ആര്‍.എസ്.എസ് രാഷ്ട്രീയത്തോടൊപ്പം പോകും. ബംഗാള്‍ അതിന്റെ ക്ലാസിക് ഉദാഹരണമാണ്. 1977 മുതല്‍ 2011 വരെ ബംഗാള്‍ ഭരിച്ച പാര്‍ട്ടിയാണ് സി.പി.എം. കോണ്‍ഗ്രസ് ഭരണകാലത്തെ വര്‍ഗീയ കലാപങ്ങളില്‍ മനം മടുത്ത മുസ്ലിം സമൂഹം നിര്‍ലോഭ പിന്തുണ അവര്‍ക്ക് നല്‍കി. 2006 - ലെ തെരഞ്ഞെടുപ്പില്‍ 176 സീറ്റ് നേടിയാണ് സി. പി. എം  ഭരണത്തിലെത്തിയിരുന്നത്. 2011-ല്‍ മമത ബാനര്‍ജി ഭരണത്തിലെത്തിയ കൊല്ലം സി.പി.എമ്മിന്  കിട്ടിയത് 40 സീറ്റ്. മോദി ഭരണത്തില്‍ നടന്ന 2016-ലെ തെരഞ്ഞെടുപ്പില്‍ അത് 26 സീറ്റായി. 2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കൂട്ടമായി സി.പി.എമ്മുകാര്‍ ബി.ജെ.പിയിലെത്തിയതിന്റെ ഫലമായി ഇപ്പോഴത്തെ തെരഞ്ഞെടുപ്പില്‍ ബംഗാള്‍ സി.പി.എം സംപൂജ്യരായിരിക്കുന്നു. ബി.ജെ.പിയുടെ സീറ്റ് കഴിഞ്ഞ തെരഞ്ഞെടുപ്പിലെ മൂന്നില്‍ നിന്ന് 73 ആയി മാറിയിരിക്കുന്നു. 2014-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 29.9 ശതമാനം വോട്ട് ഷെയറുണ്ടായിരുന്ന ഇടതിന് 2019-ലെ തെരഞ്ഞെടുപ്പില്‍ വെറും 8 ശതമാനം മാത്രമായിച്ചുരുങ്ങി. അതേസമയം ബി.ജെ.പിയുടേത് ഇക്കാലയളവില്‍ 17-ല്‍നിന്ന് 40.6 ആയി വര്‍ധിച്ചു.   ചുരുക്കത്തില്‍,  പുലര്‍ന്നെഴുന്നേല്‍ക്കുമ്പോഴേക്കും ബി.ജെ.പി യിലെത്താനുള്ള സാധ്യത സി.പി.എമ്മിലും ഒട്ടും കുറവല്ല. അത് തടയണമെങ്കില്‍ വ്യാജോക്തികളുടെ ബലത്തില്‍ കിട്ടുന്ന താല്‍ക്കാലിക ലാഭത്തിനു പകരം സംഘ് ഫാഷിസത്തെ അതിന്റെ മുഴുവന്‍ ഗൗരവത്തോടെയും അഭിമുഖീകരിക്കാന്‍ സി.പി.എം തയാറാകണമെന്നാണ് പറയാനുള്ളത്.
        
കോണ്‍ഗ്രസിനോട് പറയാനുള്ളത് 

ഒരു പാന്‍ ഇന്ത്യന്‍ അപ്പീലുള്ള പാര്‍ട്ടി എന്ന നിലയില്‍ സംഘ് പ്രതിരോധത്തിന് നേതൃത്വം കൊടുക്കാന്‍ കഴിയുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ആര്‍.എസ്.എസ് ഭീഷണിയെ ആ പേരില്‍ തന്നെ വിളിക്കുന്ന, രാജ്യം നേരിടുന്ന കോവിഡ് പോലുള്ള പ്രശ്‌നങ്ങളെ കൃത്യമായി പിന്തുടര്‍ന്ന് അപകട സൈറണ്‍ മുഴക്കുന്ന രാഹുല്‍ ഗാന്ധിയെപ്പോലൊരു നേതാവ് പാര്‍ട്ടിക്ക് ഒരു മുതല്‍ക്കൂട്ടാണ്. പക്ഷേ ദേശീയ തലത്തില്‍ രാഹുല്‍ ഉയര്‍ത്തുന്ന പ്രശ്‌നങ്ങളെ ശരിയായ വിധത്തില്‍ ഏറ്റെടുക്കാന്‍ പാര്‍ട്ടിയിലെ മറ്റുള്ളവര്‍ക്ക് കഴിയുന്നില്ല. കേരളത്തില്‍ നിന്നുള്ള എ.ഐ.സി.സി സെക്രട്ടറിയെ പോലെ മണ്ണുമായോ പ്രവര്‍ത്തകരുമായോ ബന്ധമില്ലാത്തവരാണ് പാര്‍ട്ടി പോളിസി തീരുമാനിക്കുന്നത് എന്നത് അടുത്ത വീഴ്ച.
സംസ്ഥാനത്തേക്കെത്തുമ്പോള്‍  ഒരുപാട് പുതിയ മുഖങ്ങളെ അവതരിപ്പിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നുണ്ടെങ്കിലും അന്തിമമായി ഒരു വയസ്സന്‍ ക്ലബ് ആയിത്തുടരുകയാണ് പാര്‍ട്ടി. അതിനാല്‍ തന്നെ കാലമാവശ്യപ്പെടുന്ന ഝടുതിയോ നയ കൃത്യതയോ അവരില്‍ നിന്ന് പ്രതീക്ഷിക്കാനാവില്ല. സംഘ് പരിവാറിന്റെ അജണ്ടകള്‍ക്ക് കുട പിടിക്കുന്ന സി.പി.എം സര്‍ക്കാര്‍ നയങ്ങളെ  അതായിത്തന്നെ തുറന്നു കാണിക്കാന്‍ കോണ്‍ഗ്രസ് തയാറായേ പറ്റൂ. കാരണം ഇവിടത്തെ ഇത്തിരിവട്ടത്തില്‍ ഒതുങ്ങി നില്‍ക്കുന്ന സി.പി.എമ്മില്‍ നിന്നല്ല , കോണ്‍ഗ്രസില്‍ നിന്ന് രാജ്യത്തെ മുക്തമാക്കാനാണ് ആര്‍.എസ്.എസ് ആഗ്രഹിക്കുന്നത്. അത് തിരിച്ചറിഞ്ഞ് പ്രതിരോധത്തിനപ്പുറം പ്രത്യാക്രമണം നടത്താന്‍ കഴിയുന്ന നേതൃത്വം കോണ്‍ഗ്രസിന് ഉണ്ടായേ പറ്റൂ.

ലീഗിന് ചെയ്യാനുള്ളത് 

ലീഗിനെ സംബന്ധിച്ചേടത്തോളം അതിനിര്‍ണായകമാണ് വരും നാളുകള്‍. ലീഗിനെ സംഘ് പരിവാറിനോട് തുലനപ്പെടുത്തി കേരളത്തെ 'ബി.ജെ.പി മുക്തമാക്കിയതു' പോലെ ലീഗ് മുക്തം കൂടിയാക്കുമ്പോഴേ സംസ്ഥാനം മതേതരമാകൂ എന്ന പ്രചാരണം ഇടത് ലിബറല്‍ പ്രൊഫൈലുകള്‍ ഇപ്പോഴേ ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്. നിലവിലെ ഇസ്ലാമോഫോബിയയുടെ അന്തരീക്ഷത്തില്‍ ലീഗിന്റെ അസ്തിത്വത്തിനു നേരെ നിരന്തര കടന്നാക്രമണം നടത്തി അതിനെതിരെ പൊതുബോധം രൂപീകരിക്കാനാണ് ശ്രമങ്ങളുണ്ടാകുന്നത്. ഇക്കാര്യം മനസ്സിലാക്കി പ്രവര്‍ത്തന ശൈലിയില്‍ മാറ്റങ്ങളുണ്ടായേ പറ്റൂ. കേന്ദ്രത്തിലെ മോദി ഭരണമുണ്ടാക്കിയ ഇസ്ലാംവിരുദ്ധത മറയാക്കി, മുസ്ലിം സമൂഹത്തിന്റെ രാഷ്ട്രീയ ഉദ്യമങ്ങളെ പൈശാചികവല്‍ക്കരിക്കാന്‍ നടത്തപ്പെടുന്ന ശ്രമങ്ങള്‍ ആത്യന്തികമായി തങ്ങളുടെ അധികാര പങ്കാളിത്തത്തെയാണ് ലക്ഷ്യം വെക്കുന്നത് എന്ന് തിരിച്ചറിഞ്ഞ് ബദല്‍ രാഷ്ട്രീയ തന്ത്രങ്ങള്‍ മെനയേണ്ട പാര്‍ട്ടിയാണ് മുസ്ലിം ലീഗ്.
കൂടുതല്‍ ലോക പരിചയവും വിദ്യാഭ്യാസവും നേടിയ പുതിയ തലമുറ, എല്ലാം തങ്ങള്‍ തീരുമാനിക്കുമെന്ന പ്രസ്താവനയോടെ തൃപ്തരാകാന്‍ തയാറല്ല എന്നു തന്നെയാണ് മലപ്പുറത്തെയും വേങ്ങരയിലെയും വോട്ടിംഗ് പാറ്റേണ്‍ ചൂണ്ടിക്കാണിക്കുന്നത്.
മുസ്ലിം സമുദായത്തിലെ സമ്പന്നരെ ഉപയോഗപ്പെടുത്തി അതിനുള്ളിലേക്ക് കടന്നുകയറാനുള്ള സി.പി.എം ശ്രമം പതിയെ എങ്കിലും വിജയം കണ്ടു തുടങ്ങുന്നതിനെ ലീഗ് അഡ്രസ് ചെയ്യേണ്ടതുണ്ട്. സി.പി.എമ്മുമായുള്ള ചെറുപ്പക്കാരുടെ ബാന്ധവം കേവല രാഷ്ട്രീയത്തിനപ്പുറം വിശ്വാസപരവും സാംസ്‌കാരികവുമായ തലങ്ങളില്‍ കൂടി സ്വാധീനം ചെലുത്തുന്ന പശ്ചാത്തലവും കാണാതിരുന്നുകൂടാ.
മുസ്ലിം സമൂഹത്തിന്റെ ന്യായമായ പൗരാവകാശങ്ങളെ പോലും നിഷേധിക്കണമെന്ന തരത്തില്‍ അഭിപ്രായ രൂപീകരണം നടക്കുമ്പോള്‍ ഡീലിന് ശ്രമിക്കുന്നതിനു പകരം വിഷയത്തിന്റെ മര്‍മം ഉയര്‍ത്തി നേതൃപരമായ പങ്ക് വഹിക്കാനാണ് ലീഗ് ശ്രമിക്കേണ്ടത്. ന്യൂനപക്ഷ ക്ഷേമ പദ്ധതികള്‍ക്കെതിരിലും സംവരണത്തിനെതിരിലുമൊക്കെയുണ്ടാക്കുന്ന എതിര്‍പ്പുകള്‍ വെറും തെറ്റിദ്ധാരണകള്‍ക്കു പുറത്തല്ലെന്നും മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ കാറ്ററിഞ്ഞ് പാറ്റുന്നതാണെന്നും മനസ്സിലാക്കി പ്രവര്‍ത്തിക്കാന്‍ ലീഗിനാവണം.
ഇതിനെല്ലാം സാധ്യമാവണമെങ്കില്‍ സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്കപ്പുറം സമുദായ - രാജ്യ താല്‍പര്യങ്ങള്‍ക്ക് മുന്‍ഗണന കൊടുക്കാനുള്ള വലിയ മനസ്സുണ്ടാവണം. അതിനുള്ള ധൈര്യവും തദനുസൃതമായ പരിവര്‍ത്തനങ്ങളുമാണ് അധികാരമില്ലാതെ സ്വസ്ഥമായിരിക്കുന്ന ഈ അഞ്ച് കൊല്ലം ലീഗില്‍നിന്ന് ജനം പ്രതീക്ഷിക്കുന്നത്.

Comments

ഖുര്‍ആന്‍ ബോധനം

സൂറ-38 / സ്വാദ്‌ (04-11)
ടി.കെ ഉബൈദ്‌