Prabodhanm Weekly

Pages

Search

2021 മെയ് 14

3202

1442 ശവ്വാല്‍ 02

കണക്കാക്കി തന്നെ നല്‍കണം, സകാത്ത്

എം.പി മുജീര്‍, പാറാല്‍

റമദാനുമായി നേരിട്ട് ബന്ധപ്പെട്ടത് അല്ലാതിരുന്നിട്ടും ഓരോ റമദാനിലും  പ്രത്യേക പരാമര്‍ശ വിഷയമാണ് സകാത്ത്. അല്ലാഹു കല്‍പിച്ച എല്ലാ നിര്‍ദേശങ്ങളും കൃത്യമായി പാലിച്ചുകൊണ്ട് നിര്‍വഹിക്കേണ്ടവയാണ് ഇബാദത്തുകള്‍. ഇസ്ലാമിക ചരിത്രത്തില്‍ നൂറ്റാണ്ടുകളായി ഘടന നഷ്ടപ്പെട്ടതും ഇന്നും മുസ്ലിം സമൂഹത്തിന് വ്യവസ്ഥാപിതമായി തിരിച്ചുപിടിക്കാന്‍ സാധിക്കാത്തതുമായ ഒന്നാണ് സകാത്ത്. എന്നിരുന്നാലും റമദാനിലെ പ്രഭാഷണങ്ങളിലും ലേഖനങ്ങളിലും സകാത്ത് മുഖ്യ സ്ഥാനം നേടുന്നു.
ഒരു ഇബാദത്ത് എന്ന നിലയില്‍ ആ കര്‍മനിര്‍വഹണത്തിന് വിശ്വാസികള്‍ പാലിക്കേണ്ട കല്‍പനകള്‍ സകാത്ത് വിഷയത്തില്‍ പാലിക്കപ്പെടുന്നില്ല എന്നാണ് അന്വേഷണങ്ങളില്‍ നിന്ന് മനസ്സിലാകുന്നത്. തെളിച്ചുപറഞ്ഞാല്‍, സകാത്ത് നല്‍കുന്നവരില്‍ തന്നെ പലരും കൃത്യമായി 'കണക്കാക്കാതെയാണ്' നല്‍കിവരുന്നത്.
ദിവസവും അഞ്ചു നേരം നിര്‍വഹിക്കേണ്ടത് ആയിരുന്നിട്ടും ഫര്‍ദ് നമസ്‌കാരങ്ങള്‍ക്ക് വിശ്വാസി സമൂഹം പാലിക്കുന്ന 'ഒരുക്കങ്ങള്‍'ക്ക് ഒട്ടും ജാഗ്രതക്കുറവ് വരുത്താറില്ല. നോമ്പിന്റെയും ഹജ്ജിന്റെയും കാര്യത്തിലുമുണ്ട് ഇതേ ജാഗ്രത.
എന്നാല്‍ നമ്മുടെ തന്നെ സാമ്പത്തിക നിലയെ കുറിച്ചുള്ള ശരിയായ ധാരണ പകര്‍ന്നുതരുന്നതും നമ്മെ ശുദ്ധീകരിക്കുകയും സംസ്‌കരിക്കുകയും ചെയ്യുന്നതുമായ ഒരു വ്യവസ്ഥ നടപ്പാക്കുന്നതില്‍ പലപ്പോഴും സകാത്ത് ദായകര്‍ പോലും അലംഭാവം കാണിക്കുന്നു.
വര്‍ഷത്തിലൊരിക്കല്‍ നമ്മുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് നടത്തുന്ന വിശദമായ വിലയിരുത്തല്‍ നമ്മെ ചില വസ്തുതകള്‍ ബോധ്യപ്പെടുത്തേണ്ടതുണ്ട്. അതിലൊന്ന്, കച്ചവട മേഖലയില്‍ ഉള്ളവരാണെങ്കില്‍ നാം നടത്തിക്കൊണ്ടിരിക്കുന്ന ബിസിനസ്സില്‍ കഴിഞ്ഞ ഒരു വര്‍ഷം കൈവരിച്ച നേട്ടങ്ങള്‍  വിലയിരുത്താനും ആവശ്യമായ മാറ്റത്തിരുത്തലുകള്‍ വരുത്താനും നമ്മെ സഹായിക്കുന്നതോടൊപ്പം ലാഭകരമല്ലാത്തതാണെങ്കില്‍ മറ്റു വഴികള്‍ ആലോചിക്കാനും നമ്മെ പര്യാപ്തമാക്കുന്നു. ജോലിക്കാര്‍ക്കാകട്ടെ നമ്മുടെ വിവിധങ്ങളായ ചെലവുകള്‍ ഉള്‍ക്കൊള്ളാനാകുന്നതാണോ നമുക്ക് ലഭിക്കുന്ന ശമ്പളം എന്ന കാര്യവും പരിശോധനാവിധേയമാക്കാവുന്നതാണ്. കൂടുതല്‍ മികച്ചതിലേക്ക് മാറാനുള്ള തീരുമാനത്തിലേക്ക് അത് നമ്മെ കൊണ്ടെത്തിക്കുന്നു.  ഇത്തരം ഓഡിറ്റുകള്‍ക്ക് വിധേയമാകാത്തതിനാല്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ ചില്ലറയല്ല. ഇന്ന് കച്ചവട രംഗത്ത് പ്രവര്‍ത്തിക്കുന്ന പലര്‍ക്കും സ്വന്തം കച്ചവടം നഷ്ടമാണോ ലാഭമാണോ എന്നറിയാത്ത അവസ്ഥയാണുള്ളത്. കുറേ കിട്ടാനും അതിലേറെ കൊടുക്കാനുമുള്ള  അവസ്ഥ. അതിനിടയില്‍, സകാത്ത് നല്‍കേണ്ടവയാണോ, അല്ലേ, ആണെങ്കില്‍ എത്ര എന്നൊന്നും പരിശോധിക്കാതെയും കണക്കാക്കാതെയും ഒഴുക്കന്‍ മട്ടിലുള്ള സകാത്ത് വിതരണ രീതി പലരും സ്വീകരിച്ചു വരുന്നതായി കാണുന്നു. ഒരു ഇബാദത്ത് നിര്‍വഹണത്തിന് ചേര്‍ന്നതാണോ ഇതെന്ന് പുനരാലോചിക്കേണ്ടതാണ്.
നമ്മുടെ തന്നെ ഇഹപര നന്മ ഉറപ്പുവരുത്താന്‍ ഉതകുന്ന ഒരു സംവിധാനത്തിനു വേണ്ട ചിട്ടയും വ്യവസ്ഥയും നാം പാലിക്കുന്നില്ല എന്നത് ഗൗരവതരമാണ്.
ചുരുക്കത്തില്‍, നമ്മുടെ മുഴുവന്‍ സാമ്പത്തിക സ്രോതസ്സുകളുടെയും കൃത്യമായ കണക്കെടുപ്പ് നടത്താന്‍ ഓരോ വിശ്വാസിയും ബാധ്യസ്ഥനാണ്. അതിനു സ്വന്തം നിലക്ക് സാധിക്കാത്തവര്‍ മറ്റുള്ളവരുടെ സഹായം തേടിയിട്ടാണെങ്കിലും ഇത് പൂര്‍ത്തീകരിക്കേണ്ടതുണ്ട്. കര്‍മങ്ങള്‍ ബോധ്യത്തോടെ നിര്‍വഹിക്കുമ്പോള്‍ ആണ് അത് ഇബാദത്തിന്റെ പദവിയില്‍ എത്തുന്നത്. അതിന് അല്ലാഹുവിന്റെ കല്‍പനകളും നിര്‍ദേശങ്ങളും പാലിച്ചേ തീരൂ. ഒപ്പം നമ്മുടേതായി നാം തുടര്‍ന്നുവരുന്ന നാട്ടാചാരങ്ങള്‍ മാറ്റിവെക്കേണ്ടതായും വരും. 

 

വ്യാഖ്യാന വായന പുതുമയുള്ളത്

ഖുര്‍ആന്‍ വീണ്ടും  ധാരാളമായി വായിക്കപ്പെടുന്ന ഒരു മാസം. അര്‍ഥം മനസ്സിലാക്കിയുള്ള പഠനവും നടക്കുന്നു. എന്നാല്‍, വ്യാഖ്യാനങ്ങളുടെ ആധികാരികത മനസ്സിലാക്കാന്‍ പറ്റുന്ന ലേഖനങ്ങളായിരുന്നു ലക്കം 3199 - ന്റെ പ്രത്യേകത.
ഒരു സാധാരണ വായനക്കാരനു പോലും ആനന്ദവും സംതൃപ്തിയും നല്‍കുന്നതാണ് ഖുര്‍ആന്റെ കേവല വായന തന്നെ. അല്ലെങ്കില്‍ ലോകത്തുള്ള ഇത്രയേറെ മനുഷ്യര്‍ അത് പാരായണം ചെയ്യുമോ? ബുദ്ധിജീവികളോട് വിനയത്തോടെ പറയാന്‍ തോന്നുന്നത്, ഗവേഷണ മനസ്സോടെ നിങ്ങള്‍ ഖുര്‍ആന്‍ വായിക്കാന്‍ ഒരുങ്ങിയാല്‍ അതില്‍നിന്ന് മുത്തുകള്‍ വാരിയെടുക്കാന്‍  കഴിയും എന്നാണ്. വിമര്‍ശിക്കാന്‍ വേണ്ടി നിങ്ങള്‍ അതില്‍ മുങ്ങാന്‍ തയാറായാല്‍ നിങ്ങള്‍ അതിന്റെ അനുയായിയായി മാറും. ഒന്നു പരീക്ഷിച്ചു നോക്കുക. 

ഉമര്‍, മാറഞ്ചേരി

 

 

ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ നിസ്സംഗതയിലകപ്പെട്ടുകൂടാ

'വഴിത്തിരിവിലാണ് ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍' എന്ന തലക്കെട്ടില്‍ ഡോ. അബ്ദുസ്സലാം അഹ്മദ്, അശ്‌റഫ് കീഴുപറമ്പ് എന്നിവര്‍ പ്രബോധനം വാരികയില്‍ (മാര്‍ച്ച് 9) എഴുതിയ ലേഖനങ്ങളാണ് ഈ പ്രതികരണത്തിന് ആധാരം. വിമര്‍ശനാത്മക നിരൂപണമോ പ്രതികരണമോ അല്ല ഇത്. ഈ കുറിപ്പുകാരന്‍ അതിന്നാളല്ല. ലേഖനങ്ങള്‍ ഭാഗികമായോ പൂര്‍ണമായോ വായിച്ച, പ്രസ്ഥാനത്തിനകത്തും പുറത്തുമുള്ള ചിലരുമായുള്ള ചര്‍ച്ച കൂടി ഇതെഴുതാന്‍ പ്രേരകമായിട്ടുണ്ട്. ഉള്‍പ്പാര്‍ട്ടി ചര്‍ച്ചാ ശൈലിയിലുള്ള ഇത്തരം ലേഖനങ്ങള്‍ ആരോഗ്യകരമായ ചര്‍ച്ചക്ക് വിധേയമാകേണ്ടതുണ്ട്. അത് ഗുണമേ ചെയ്യൂ.
'മതത്തെ രാഷ്ട്രീയവല്‍ക്കരിച്ചതിന്റെ തിരിച്ചടി നേരിടുന്നെന്ന് ഇപ്പോഴെങ്കിലും സമ്മതിച്ചുകൂടേ' എന്ന ചോദ്യത്തിന് 'രാഷ്ട്രീയമില്ലാത്ത മതം' മാത്രം കൈകാര്യം ചെയ്തവരുടെ അനുഭവം നമ്മുടെ മുമ്പിലുണ്ടല്ലോ എന്ന ഒറ്റ മറുപടിയിലൂടെ അതിന് വിരാമമായി. എന്നാല്‍ രാഷ്ട്രീയ രംഗത്തെ തിരിച്ചടികളില്‍ നിരാശരായി ആത്മീയതയില്‍ അഭയം തേടുന്ന ചില യുവാക്കള്‍ ഇസ്‌ലാമിസ്റ്റുകളുമായി ബന്ധപ്പെട്ടവരിലുള്ളതായി കേട്ടിട്ടുണ്ട്. ഇസ്‌ലാമിന്റെ രാഷ്ട്രീയ-നയതന്ത്ര നിലപാടുകള്‍ വേണ്ടത്ര ഉള്‍ക്കൊള്ളാത്ത, പക്വതയില്ലാത്ത ആവേശത്തിന്റെ തിരിച്ചോട്ടമായേ ഇതിനെ കാണാനാകൂ. എതിര്‍ദിശയില്‍ നീങ്ങിയവര്‍ തീവ്രസ്വഭാവത്തിലേക്ക് ഓടിയതിന്റെ അടിസ്ഥാനവും പക്വതയില്ലായ്മയായേ കാണാനാവൂ.
ഹിജ്‌റാനന്തരം പത്തു വര്‍ഷത്തിനകം മക്കാവിജയമടക്കം പ്രവാചകന്‍ എത്രയെത്ര വിജയങ്ങള്‍ നേടി! എന്നിട്ടെന്തേ നൂറ്റാണ്ട് കഴിഞ്ഞിട്ടും ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്കൊരു രാഷ്ട്രം പോലും സ്ഥാപിക്കാന്‍ സാധിക്കാതെ പോയതെന്ന ചോദ്യം ചിലരെ നിരാശരാക്കുന്നു. പ്രവാചകന്റെ കാലഘട്ടത്തില്‍നിന്ന് ഏറെ വ്യത്യസ്തമാണ് ഇന്നത്തെ ലോക സാഹചര്യവും ഘടനയും എന്നതാണ് ശരി. ഇന്നത്തെപ്പോലെ സുസജ്ജമായ സായുധ സേനാ സംവിധാനമോ ഭദ്രമായ ഭരണകൂടമോ രാജ്യങ്ങളുടെ കൂട്ടായ്മയോ അന്നൊരിക്കലുമുണ്ടായിരുന്നില്ല. മക്കാ വിജയത്തെ അട്ടിമറിക്കാനോ ചോരയില്‍ മുക്കിക്കൊല്ലാനോ സാധിക്കുമെന്നാരും ചിന്തിച്ചതേയില്ല. എന്നല്ല, നിരായുധരായി മദീനയില്‍നിന്നെത്തിയ പ്രവാചകനെയും അനുയായികളെയും പ്രതിരോധിക്കാന്‍ പോലും ഒരു സംവിധാനവും മക്കക്കാര്‍ക്കുണ്ടായിരുന്നില്ല.
രാഷ്ട്രീയരംഗത്ത് ഭിന്നതയും തര്‍ക്കവും കാണുമ്പോഴേക്ക് നിരാശപ്പെട്ട് മുന്നോട്ടോ പിന്നാട്ടോ ഓടുന്നവര്‍ ഒരു കാര്യം ഓര്‍ക്കണം: പ്രവാചകന്റെ ജീവിതകാലത്തു തന്നെ ഈ രംഗത്ത് വ്യത്യസ്താഭിപ്രായങ്ങളും ചര്‍ച്ചകളും ഉണ്ടായിട്ടുണ്ട്. അപ്പോഴൊക്കെ ആവശ്യമുള്ളിടത്ത് പ്രവാചകന്‍ ഇടപെടുകയും ഖുര്‍ആന്‍ വേണ്ട മാര്‍ഗനിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. എക്കാലവും ഈ രംഗത്ത് പ്രശ്‌നങ്ങളുണ്ടാകുമെന്നതിനാലാണല്ലോ ഖുര്‍ആനിന്റെ വലിയൊരു ഭാഗം ഈ വിഷയത്തിന് നീക്കിവെച്ചത്. പ്രവാചകന്റെ നയതന്ത്ര നിലപാടുകളും എക്കാലത്തും വെളിച്ചം നല്‍കാന്‍ പര്യാപ്തമാണ്. ഇതൊക്കെ ഉള്‍ക്കൊണ്ട് നീങ്ങുന്നതുകൊണ്ടാണ് ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ എതിരാളികള്‍ ഒരുക്കുന്ന കെണിയിലകപ്പെടാത്തത്.
നിലപാടെടുക്കുമ്പോള്‍ സൂക്ഷ്മത പുലര്‍ത്തുന്നതില്‍ സംഭവിക്കുന്ന അബദ്ധത്തെ ഇജ്തിഹാദിലെ പിഴവ് എന്ന് ന്യായീകരിക്കാനാകുമെങ്കിലും, അത് വരുത്തിവെക്കുന്ന നാശം ചിലപ്പോള്‍ ഭയാനകമാകും. ഹാഫിസുല്‍ അസദിന്റെ ഭരണകാലത്ത് സിറിയയിലെ ഹലബില്‍ പതിനായിരക്കണക്കിന് ഇഖ്‌വാനികള്‍ കൊല്ലപ്പെടാനിടയായ സംഭവം ഒരുദാഹരണം. ഇത്തരം അവസരങ്ങള്‍ സൃഷ്ടിക്കാതിരിക്കാന്‍ പ്രവാചകനും പിന്നീട് ഖുലഫാഉര്‍റാശിദീനും ശ്രദ്ധിച്ചിരുന്നെന്നു കാണാം. ഉള്‍ക്കാഴ്ചയും നയതന്ത്രവും പ്രവാചകന്റെ ഓരോ നീക്കത്തിലും പ്രകടമായിരുന്നു.
ലേഖനങ്ങളില്‍ സൂചിപ്പിക്കപ്പെട്ടതുപോലെ തുര്‍ക്കിയിലെ എ.കെ പാര്‍ട്ടിയും ഉര്‍ദുഗാനും പ്രതീക്ഷ നല്‍കുന്നതിവിടെയാണ്. അര്‍ബകാനും മറ്റും നേരിടേണ്ടിവന്ന പ്രശ്‌നങ്ങള്‍ പഠിച്ച് ഉള്‍ക്കൊണ്ട് വിലയിരുത്തി തന്ത്രങ്ങളാവിഷ്‌കരിച്ചുകൊണ്ടാണ് എ.കെ പാര്‍ട്ടിയുടെ രംഗപ്രവേശം. അത് കുറിക്കുകൊള്ളുകയും ചെയ്തു. പട്ടാളത്തെ കൈകാര്യം ചെയ്യുന്നതില്‍ ഉര്‍ദുഗാന്‍ കാണിച്ച മിടുക്കും തന്ത്രവും സമാനതകളില്ലാത്തതാണ്. വ്യക്തികേന്ദ്രീകൃതമാണ് തുര്‍ക്കിയുടെ മുന്നോട്ടുപോക്ക് എന്ന് തോന്നിയാലും വ്യക്തിയുടെ അഭാവത്തില്‍ എല്ലാം അട്ടിമറിക്കാനാകാത്ത വിധമുള്ള അടിസ്ഥാന മാറ്റം തന്നെ തുര്‍ക്കിയില്‍ നടക്കുന്നുണ്ടെന്നാണ് തോന്നുന്നത്.
ലേഖനങ്ങള്‍ വ്യക്തമാക്കുന്ന പോലെ, ഇപ്പോള്‍ ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ വഴിത്തിരിവില്‍ തന്നെയാണ്. എങ്ങോട്ട് തിരിയുമെന്നാര്‍ക്കും പറയാനാകില്ല, ചെങ്കടല്‍ തീരത്തെത്തി നില്‍ക്കുന്ന മൂസാ(അ)യെപ്പോലെ ഇരമ്പിവരുന്ന ഫറോവയും സേനയും, ചുറ്റും അസ്വസ്ഥരാകുന്ന ഇസ്രാഈല്യര്‍. ഇന്നിവിടെ മൂസായെ കാണുന്നില്ല. വടിയും മൂസായും പ്രത്യക്ഷപ്പെടുന്നതുവരെ അസ്വസ്ഥത തുടരും. ഇസ്‌ലാമിക നവോത്ഥാന നായകന്റെ വാക്കുകള്‍ ഇതോട് ചേര്‍ത്തുവെച്ചാല്‍ ആശ്വാസം ലഭിച്ചേക്കും: 'ഇസ്‌ലാമിക പ്രസ്ഥാനം ഒഴുകുന്ന നദിയാണ്. പാറക്കെട്ടുകള്‍ മുമ്പില്‍ പകച്ചുനില്‍ക്കെ നദി ലക്ഷ്യസ്ഥാനത്തേക്ക് ഒഴുകും' (അബുല്‍ അഅ്‌ലാ മൗദൂദി).
പാറക്കെട്ടുകള്‍ക്ക് മുമ്പിലെത്തി നില്‍ക്കുകയാണ് പ്രസ്ഥാനം. കൃമികീടങ്ങളും ചപ്പുചവറുകളും എല്ലാം പാറക്കെട്ടുകളില്‍ ചെന്നടിഞ്ഞ് സംശുദ്ധമായ ശേഷം നദി തെളിഞ്ഞൊഴുകാതിരിക്കില്ല.
പാറക്കെട്ടുകള്‍ക്ക് മുമ്പിലെത്തി ഒഴുക്കിന് വേഗത കുറഞ്ഞ് നിസ്സംഗത പുലര്‍ത്തുന്നുണ്ടെങ്കില്‍ ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്കത് ആത്മഹത്യാപരമായിരിക്കും. 

കെ.സി ജലീല്‍ പുളിക്കല്‍

Comments

ഖുര്‍ആന്‍ ബോധനം

സൂറ-38 / സ്വാദ്‌ (04-11)
ടി.കെ ഉബൈദ്‌