Prabodhanm Weekly

Pages

Search

2021 മെയ് 07

3201

1442 റമദാന്‍ 25

യുദ്ധവും സമാധാനവും

മുഹമ്മദ് ശമീം

യുദ്ധത്തെക്കുറിച്ച ഒരു സാമാന്യ വിശകലനം അനിവാര്യമാണെന്ന് തോന്നുന്നു. ഏതൊക്കെ ശക്തികളോടാണ് ഇസ്‌ലാം പൊരുതിയതെന്നും ഈ പോരാട്ടവും ബദ്ര്‍ ഉള്‍പ്പെടെ അതിലെ സായുധപ്രയത്‌നങ്ങളും യുദ്ധത്തെക്കുറിച്ച സാമാന്യ പരിഗണനയില്‍നിന്ന് എത്രത്തോളം വിദൂരമാണെന്നും മനസ്സിലാക്കാന്‍ അത് സഹായകമാണ്. 

നരമേധങ്ങളുടെ ഗിരിശൃംഗങ്ങള്‍ 

പോളിമോളജിസ്റ്റുകള്‍ പല രീതിയില്‍ യുദ്ധത്തെ കാണുന്നുണ്ട് (യുദ്ധത്തെ സംബന്ധിച്ച പഠനശാഖയാണ് Polemology. ഗ്രീക്ക് ഭാഷയില്‍ polemos എന്നാണ് യുദ്ധത്തിന് പറയുക.Ology എന്നാല്‍ നിശ്ചിത വിഷയത്തെക്കുറിച്ച പഠനം, ശാസ്ത്രം എന്നൊക്കെ അര്‍ഥം). മനുഷ്യപ്രകൃതത്തിന്റെ സാര്‍വത്രികവും പാരമ്പര്യജന്യവുമായ വശമായി (Universal and ancestral aspect of human nature‑)  ചിലര്‍ ഇതിനെ കാണുന്നു. മറ്റു ചിലര്‍ക്ക് ഇത് സാമൂഹിക-സാംസ്‌കാരിക- സാമ്പത്തിക- പാരിസ്ഥിതിക മേഖലകളിലെ സവിശേഷ സാഹചര്യങ്ങളുടെ സൃഷ്ടിയാണ്. പോരടിക്കുന്ന ശക്തികള്‍ പലതുമാവാം. രാഷ്ട്രങ്ങള്‍ തമ്മില്‍, രാഷ്ട്രത്തിനകത്തെ പ്രവിശ്യകളോ സംസ്ഥാനങ്ങളോ ജനതകളോ തമ്മില്‍, പുരോഗമനവാദികളോ യാഥാസ്ഥിതികരോ ആയ മിലിറ്റന്റ് കലാപകാരികള്‍ തമ്മില്‍, അത്തരം മിലീഷ്യകളും ഭരണകൂടവും തമ്മില്‍, വംശീയമനസ്സോ മിലിറ്റന്‍സിയോ ഉള്ള വിഭാഗങ്ങള്‍ തമ്മില്‍, അത്തരം വിഭാഗങ്ങളും ഭരണകൂടവും തമ്മില്‍, അങ്ങനെ പലതും. തീവ്ര ഹിംസ, കൈയേറ്റശ്രമം, നശീകരണവാഞ്ഛ തുടങ്ങിയവയായിരിക്കും ആക്രമണത്തില്‍ പങ്കെടുക്കുന്ന സൈനിക വിഭാഗങ്ങളുടെ സ്വഭാവം. 
ഭരണകൂടങ്ങളുടെ ഉത്ഭവം മുതല്‍ക്കാണ് സൈനികമായ യുദ്ധങ്ങള്‍ ആരംഭിച്ചതെന്ന് കരുതാമെങ്കിലും യുദ്ധം എന്ന പ്രക്രിയക്ക് ചരിത്രാതീത കാലത്തോളം പഴക്കമുണ്ട്. നൈല്‍ നദീതടത്തിലെ ഒരു പ്രീ-ഹിസ്റ്ററിക് സെമിത്തേരിയാണ് ജബല്‍ സഹാബ. ഏതാണ്ട് പതിനാലായിരം കൊല്ലങ്ങള്‍ക്കു മുമ്പുള്ള, മെസൊസോയിക് കാലഘട്ടത്തിലെ ആ സെമിത്തേരിയിലെ നാല്‍പത്തഞ്ച് ശതമാനം അസ്ഥികൂടങ്ങളും സംഘടിത ഹിംസയെത്തുടര്‍ന്നുള്ള മരണത്തിന്റെ ലക്ഷണങ്ങള്‍ കാണിക്കുന്നതായി തെളിഞ്ഞിട്ടുണ്ട്. 
അട്രോസിറ്റോളജിസ്റ്റ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന ചരിത്രഗവേഷകന്‍ മാത്യു വൈറ്റിന്റെ പുസ്തകങ്ങളെ ആധാരമാക്കി നാഷ്‌നല്‍ ജിയോഗ്രഫിക്കില്‍ Peaks of Brutality  എന്ന ഒരു പഠനം പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. അട്രോസിറ്റോളജി എന്ന പദം തന്നെയും അദ്ദേഹത്തിന്റെ സംഭാവനയാണെന്ന് തോന്നുന്നു. കഴിഞ്ഞ 2500 വര്‍ഷക്കാലത്തെ ഏറ്റവും ക്രൂരമായ നൂറ് സംഭവങ്ങളാണ് അതില്‍ വിവരിക്കുന്നത്. Atrocitology: Humanity's 100 Deadliest Achievements (aka The Great Big Book of Horrible Things) എന്ന തന്റെ പുസ്തകത്തില്‍ മാത്യു വൈറ്റ് മനുഷ്യനോടുള്ള മനുഷ്യന്റെ മനുഷ്യത്വരാഹിത്യത്തെയാണ് വരച്ചിടുന്നത്. യുദ്ധങ്ങളുടെയും വംശഹത്യകളുടെയും കൃത്രിമ ക്ഷാമങ്ങളുടെയും സ്വാസ്ഥ്യം കെടുത്തുന്ന ചരിത്രമാണ് വൈറ്റിന്റെ പുസ്തകം. മൂന്ന് കാര്യങ്ങള്‍ വൈറ്റ് ചൂണ്ടിക്കാണിക്കുന്നുണ്ട്. അരാജകത്വം സ്വേഛാധിപത്യത്തേക്കാള്‍ മാരകമാണ് എന്നതാണ് ഒന്നാമത്തേത്. രണ്ട്, നമുക്ക് വിഭാവനം ചെയ്യാന്‍ പറ്റുന്നതിലും എത്രയോ അധികം ക്രമരഹിതമാണ് യഥാര്‍ഥലോകം. മൂന്നാമതായി വൈറ്റ് പറയുന്നത് യുദ്ധം എല്ലായ്‌പ്പോഴും സൈനികരേക്കാള്‍ കൂടുതല്‍ സിവിലിയന്മാരെ കൊല്ലുന്നു എന്നതാണ്. വാസ്തവത്തില്‍ ഏറ്റവും സുരക്ഷിതമായ സ്ഥലമാണ് ഓരോ യുദ്ധത്തിലും സൈന്യം. 
വൈറ്റ് അടയാളപ്പെടുത്തുന്ന നൂറ് സംഭവങ്ങളില്‍ ഒന്നാമത്തേത് അറുപത്താറ് മില്യന്‍ (എണ്‍പത്തിനാല് വരെ എന്നും കണക്കുണ്ട്) ജനങ്ങളെ കൊന്നുതള്ളിയ രണ്ടാം ലോകയുദ്ധം തന്നെ. രണ്ടാം സ്ഥാനത്ത് നാല്‍പത് (അറുപത് എന്നും) മില്യന്‍ മനുഷ്യരുടെ ജീവന്‍ അപഹരിച്ച, പതിമൂന്നാം നൂറ്റാണ്ടിലെ ചെങ്കിസ്ഖാന്റെ പടയോട്ടം. മൂന്നാം സ്ഥാനത്ത് ചൈനയിലെ ചെയര്‍മാന്‍ മൗ സെദോങ്ങിന്റെ വിപ്ലവത്തെ കാണുന്ന വൈറ്റ് നാലാം സ്ഥാനത്ത് നിര്‍ത്തുന്നത് കൊളോണിയല്‍ ഇന്ത്യയില്‍ (വിശിഷ്യാ ബംഗാളില്‍) സൃഷ്ടിക്കപ്പെട്ട കൃത്രിമ ക്ഷാമങ്ങളെയാണ്. ബ്രിട്ടീഷ് രാജിന് കീഴില്‍ നടന്ന ഒരു വംശഹത്യ തന്നെയായിരുന്നു ശരിക്കും അത്. 27 മില്യന്‍ ആളുകള്‍ക്ക് അതില്‍ ജീവന്‍ നഷ്ടപ്പെട്ടെങ്കില്‍ മൗവിന്റെ വിപ്ലവത്തിലൂടെ പൊലിഞ്ഞത് നാല്‍പത് മില്യന്‍ ജീവനാണ്. ചൈനയിലെ മിങ് രാജവംശത്തിന്റെ തകര്‍ച്ച, തായ്പിങ് കലാപം, യോസിഫ് സ്റ്റാലിന്റെ ശുദ്ധീകരണം, മിഡിലീസ്റ്റില്‍ ഏഴാം നൂറ്റാണ്ട് മുതല്‍ പത്തൊമ്പതാം നൂറ്റാണ്ട് വരെ തുടര്‍ന്ന (ദൗര്‍ഭാഗ്യവശാല്‍ മിഡിലീസ്റ്റില്‍ ഇസ്‌ലാം മതം വേരുറച്ചതിനു ശേഷം തന്നെ) അടിമവ്യാപാരം, തിമൂറിന്റെ പടയോട്ടം, പതിനഞ്ച് തൊട്ട് പത്തൊമ്പത് വരെ നൂറ്റാണ്ടുകളില്‍ അറ്റ്‌ലാന്റിക്കില്‍ നടന്ന അടിമവ്യാപാരം എന്നിവയെ യഥാക്രമം അഞ്ച് മുതല്‍ പത്ത് വരെ സ്ഥാനങ്ങളില്‍ പരിഗണിക്കുന്ന വൈറ്റ് പതിനൊന്നാമതായി അമേരിക്കന്‍ ഭൂപ്രദേശത്ത് നടന്ന വെള്ളക്കാരുടെ കുടിയേറ്റത്തെയും പന്ത്രണ്ടാമതായി ഒന്നാം ലോകയുദ്ധത്തെയും പ്രതിപാദിക്കുന്നുണ്ട്. സി.ഇ 1095-ല്‍ തുടങ്ങി മൂന്ന് നൂറ്റാണ്ടുകളോളം നീണ്ടുനിന്ന കുരിശുയുദ്ധങ്ങള്‍ക്ക് മുപ്പതാം സ്ഥാനമാണ് നല്‍കിയത്. മതങ്ങള്‍, സ്വേഛാധിപത്യം, വംശീയത, മുതലാളിത്തം, കമ്യൂണിസം എന്നിങ്ങനെ സകലതിനെയും അദ്ദേഹം പ്രതിക്കൂട്ടില്‍ കയറ്റുകയും ചെയ്യുന്നു. ഹിംസയുടെ വേരുകള്‍ തേടുന്നുണ്ട് മാത്യു വൈറ്റ്. വെട്ടിപ്പിടിത്തം, ദുരധികാരം, മതസംഘര്‍ഷങ്ങള്‍, തകര്‍ന്ന ഭരണകൂടങ്ങള്‍, കൊളോണിയല്‍ ചൂഷണം, കൊളോണിയല്‍ ആക്രമണങ്ങള്‍, നരബലികള്‍, അധികാരത്തര്‍ക്കങ്ങള്‍, അധികാരയുദ്ധങ്ങള്‍, വംശീയ ശുദ്ധീകരണങ്ങള്‍, ആഭ്യന്തര സംഘര്‍ഷങ്ങള്‍ എന്നിവയാണ് അദ്ദേഹം കണ്ടെത്തുന്ന വേരുകള്‍. 
ആധുനികലോകത്തെ യുദ്ധങ്ങള്‍, വിശിഷ്യാ രണ്ട് ലോകയുദ്ധങ്ങള്‍ ആണ് യുദ്ധത്തെ സംബന്ധിച്ച വിശകലനങ്ങളുടെയൊക്കെയും പ്രധാന അടിസ്ഥാനം. യുദ്ധത്തിന് അനുകൂലമായി ഉന്നയിക്കപ്പെടുന്ന സകല യുക്തികളെയും തള്ളിക്കളയുന്നവരാണ് ചില സൈദ്ധാന്തികന്മാര്‍. അവരെ സംബന്ധിച്ചേടത്തോളം യുദ്ധം മാരകമായ വിപത്തും സാമൂഹിക ദുരന്തവുമാണ്. അതാകട്ടെ, അതില്‍ ഇടപെടുന്ന രണ്ട് പക്ഷങ്ങളെ മാത്രം ബാധിക്കുന്ന ദുരന്തമല്ല. മറിച്ച് മനുഷ്യരാശി മൊത്തത്തില്‍തന്നെ അതിന് ഇരയാക്കപ്പെടുന്നു. ടോള്‍സ്റ്റോയിയുടെ ണമൃ മിറ ജലമരല നോവലൊക്കെ ഈ ആശയം പ്രസരിപ്പിക്കുന്നുണ്ട്. രണ്ടാം ലോകയുദ്ധത്തിന്റെ അവസാനത്തോടെ എന്നും അദൃശ്യമായി നിലകൊള്ളുന്ന ഒരു സാമൂഹിക പ്രതിഭാസമായി യുദ്ധം മാറുകയും ചെയ്തു. സ്വാഭാവികമായും യുദ്ധങ്ങള്‍ ഇല്ലാതാകുന്നത് മനുഷ്യരാശിയുടെ നിലനില്‍പിനു തന്നെ അനിവാര്യമായ ഉപാധിയാണ് എന്നും വന്നു. മറുവശത്താകട്ടെ, കൊളോണിയല്‍, ഇംപീരിയല്‍ ശക്തികള്‍ യുദ്ധത്തെ നയതന്ത്രോപകരണമായിത്തന്നെ വികസിപ്പിച്ചു. ഫാഷിസ്റ്റ് സിദ്ധാന്തങ്ങളാകട്ടെ, യുദ്ധത്തെയും ആക്രമണത്തെയും ഒരു പവിത്ര കര്‍മമായും പഠിപ്പിച്ചു. രാജ്യതന്ത്രത്തിന്റെ അനിവാര്യ വികാസമായി യുദ്ധത്തെ അംഗീകരിച്ച രാഷ്ട്രമീമാംസകന്മാരുണ്ട്. ജര്‍മന്‍ (പ്രഷ്യന്‍) മിലിട്ടറി തിയറിസ്റ്റായിരുന്ന ക്ലൗസെവിറ്റ്‌സ് (Karlvon Clausewitz)  യുദ്ധത്തെ കണ്ടത് വിദേശനയത്തിന്റെ ഏറ്റവും യുക്തിപൂര്‍ണമായ ഉപകരണമായിട്ടാണ്. 

അധികാരവും ഭോഗവും 

യുദ്ധത്തെയും അതിന്റെ കാരണങ്ങളെയും തത്ത്വശാസ്ത്രപരവും മനശ്ശാസ്ത്രപരവുമായി വിശകലനം ചെയ്താല്‍ ഒരുപക്ഷേ വൈയക്തിക ചോദനകള്‍, ഈഗോ, ജീവിത ചാലകങ്ങള്‍ തുടങ്ങിയവയുടെ കേന്ദ്രബിന്ദുവുമായി ബന്ധപ്പെട്ട ചില ചര്‍ച്ചകളിലേക്ക് കൂടി നാം ചെന്നെത്തും. മനുഷ്യപ്രവര്‍ത്തനങ്ങളുടെ മുഖ്യചാലകം, ചോദനകളുടെ കേന്ദ്രബിന്ദു അധികാരേഛയാണ് (Will to Power), ഫ്രീദ്രിച് നീത്ഷ്‌ചെയുടെ (Friedrich Nietzsche) വീക്ഷണത്തില്‍. നീത്ഷ്‌ചെയുടെ പ്രധാന സിദ്ധാന്തം തന്നെ അതാണ്. ആ പേരില്‍തന്നെ അദ്ദേഹത്തിന്റെ ഒരു പുസ്തകവുമുണ്ട്. അതേസമയം ആര്‍തര്‍ ഷോപ്പനോവറുടെ (Arthur Schopenhauer) നിരീക്ഷണത്തില്‍ അത് ജീവിതേഛ (Will to Live) തന്നെയാണ്. സൈക്കോ അനലിസ്റ്റുകളുടെയും സിഗ്മണ്ട് ഫ്രോയ്ഡിന്റെയും വീക്ഷണത്തിലാകട്ടെ, ഭോഗേഛയാണ് (Will to Pleasure) ജീവിതത്തിന്റെ ചാലകം. 
നീത്ഷ്‌ചെയും ഷോപ്പനോവറും സൈക്കോ അനലിസ്റ്റുകളും അവരവരുടെ തത്ത്വശാസ്ത്രത്തെ സാധൂകരിക്കുന്ന തരത്തിലുള്ള വിശകലനങ്ങളാണ് നടത്തുന്നത്. അധികാരേഛയെ വിശകലനത്തിനുള്ള ഒരു ടൂളായിട്ടല്ല, മറിച്ച് തന്റെ തത്ത്വചിന്തയുടെ തന്നെ ആധാരമായിട്ടാണ് നീത്ഷ്‌ചെ കാണുന്നത്. മനുഷ്യത്വവും മനസ്സാക്ഷിയുമായി ബന്ധപ്പെട്ട മത ധാര്‍മികതയെ അടിമ സാന്മാര്‍ഗികത (Slave Morality) എന്ന് തള്ളിക്കളയുന്ന നീത്ഷ്‌ചെ അത്തരം ധാര്‍മികമൂല്യങ്ങളെയെല്ലാം അതിജയിക്കുന്ന ഉടമസാന്മാര്‍ഗികതയുടെ (Master Morality) അത്യുന്നത മാതൃകയായാണ് തന്റെ അതീത മനുഷ്യനെ (യൂബര്‍മെന്‍ഷ് - Superman) അവതരിപ്പിക്കുന്നത്. ഫ്രോയ്ഡാണെങ്കില്‍ മനുഷ്യമനസ്സിനെക്കുറിച്ച വിശകലനങ്ങളെയെല്ലാം തന്നെ ഭോഗേഛയിലേക്ക് ചുരുക്കുന്നുമുണ്ട്. 
അതേസമയം മറുഭാഗത്ത് മനുഷ്യചരിത്രത്തിലെ അതിക്രൂരതകള്‍ക്ക് ഇതെല്ലാം കാരണമായിത്തീര്‍ന്നിട്ടുണ്ടെന്നു പറയാം. ഇതില്‍തന്നെ അധികാരം എന്നത് സവിശേഷമായ പരിഗണനയര്‍ഹിക്കുന്നുമുണ്ട്. 
ഏറ്റവും വലിയ ദൈവനിഷേധ ശക്തിയായി ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത് ത്വാഗൂത്തിനെയാണ്. പ്രവാചകന്മാരുടെ ദര്‍ശനത്തിന്റെ അടിസ്ഥാനമായി ഖുര്‍ആന്‍ ആവര്‍ത്തിച്ചു പറയുന്നത് അല്ലാഹുവിന് വഴിപ്പെടുക, ത്വാഗൂത്തിനെ വെടിയുക എന്നതാണല്ലോ. ദുരധികാര ശക്തിയെയാണ് വേദഗ്രന്ഥം ത്വാഗൂത്ത് എന്ന് വിശേഷിപ്പിക്കുന്നത്. ത്വാഗൂത്തിനെതിരായ പോരാട്ടത്തിനും ജാഗ്രതക്കും വേണ്ടിയുള്ള ആഹ്വാനങ്ങള്‍ ഖുര്‍ആനിലുടനീളം കാണാം. 
സൂക്ഷിക്കാന്‍ ഖുര്‍ആന്‍ ആവശ്യപ്പെട്ട കാര്യങ്ങളില്‍ മുകളില്‍ സൂചിപ്പിച്ച മറ്റ് രണ്ടു കാര്യങ്ങള്‍ കൂടി പെടുന്നുണ്ട്. അതിരുവിട്ട ജീവിതാസക്തിയെ വഴിപിഴപ്പിക്കുന്ന ഘടകമായി വേദം അടയാളപ്പെടുത്തുന്നു. ''സകല ജനതകളിലും വെച്ച് ജീവിതത്തോട് ഏറെ ആസക്തിയുള്ളവരായി അവരെ നീ കാണുന്നു, മുശ്‌രിക്കുകളേക്കാളുമധികം. തനിക്കൊരു സഹസ്രാബ്ദകാലത്തെ ആയുസ്സെങ്കിലും വേണമെന്ന് അവരിലോരോരുത്തരും മോഹിക്കുന്നു. എന്നാല്‍ ആയുസ്സ് ഒരിക്കലും (അവരുടെ പ്രവൃത്തികളുടെ പരിണതിയായ) ക്ലേശങ്ങളില്‍നിന്ന് അവരെ രക്ഷിക്കുകയില്ലല്ലോ. അവരുടെ കര്‍മങ്ങളഖിലവും സൂക്ഷ്മം നിരീക്ഷിക്കുന്നവന്‍ തന്നെയാണ് അല്ലാഹു'' (അല്‍ബഖറ 96). 
ഭോഗേഛയുടെ (ഹവന്നഫ്‌സ്) കാര്യമാണെങ്കില്‍, അതിന്റെ പിടിയിലകപ്പെട്ടവര്‍ ചിന്താശക്തി നഷ്ടപ്പെട്ടവരായി സന്മാര്‍ഗത്തില്‍നിന്ന് അകന്നുപോകും എന്നാണ് ഖുര്‍ആന്റെ പാഠം. അതേസമയം തന്നെ ഇതിലെല്ലാമപ്പുറത്ത് മനുഷ്യന്റെ സ്വാതന്ത്ര്യത്തെയും സാമൂഹിക നീതിയെയും തകര്‍ക്കുന്ന, പിഴുതുമാറ്റപ്പെടേണ്ട ഒരു ദുശ്ശക്തിയായിത്തന്നെയാണ് ത്വാഗൂത്തിനെ വേദഗ്രന്ഥം അടയാളപ്പെടുത്തുന്നത്. 
മുകളില്‍ യുദ്ധത്തെക്കുറിച്ചും ഹിംസയുടെ വേരുകളെക്കുറിച്ചുമുള്ള വിശകലനത്തിലും ഇഛകളുമായി ബന്ധപ്പെട്ട തത്ത്വശാസ്ത്രങ്ങളിലും എണ്ണിപ്പറയുന്ന കാര്യങ്ങളോടെല്ലാമുള്ള സമരത്തെ സൂചിപ്പിക്കുന്ന ആശയമാണ് ഖുര്‍ആന്‍ മുന്നോട്ടു വെക്കുന്ന ജിഹാദ്. ആത്യന്തികമായി ഹിംസയല്ല, മറിച്ച് ഹിംസയുടെ വേരറുക്കുന്ന പ്രക്രിയയാണത് എന്നര്‍ഥം. 'ജാഹദ' എന്നതിന്റെ നാമരൂപമാണ് 'ജിഹാദ്.' ഏതെങ്കിലുമൊന്നിനെതിരായി നിരന്തര സമരത്തിലേര്‍പ്പെടുക, ഒരു ലക്ഷ്യത്തിന്റെ പൂര്‍ത്തീകരണത്തിനായി കഠിനയത്‌നം ചെയ്യുക എന്നെല്ലാമാണ് 'ജാഹദ'യുടെ അര്‍ഥം. ഈ യത്‌നത്തെത്തന്നെയാണ് ജിഹാദ് സൂചിപ്പിക്കുന്നതും. വിശുദ്ധ യുദ്ധം, holy war എന്നൊക്കെ നിഘണ്ടുക്കളില്‍ അര്‍ഥം കാണാമെങ്കിലും ആ പദം ഒരിക്കലും ഒരു യുദ്ധത്തെ സൂചിപ്പിക്കുന്നില്ല. ഖിതാല്‍ (യുദ്ധം) അല്ല ജിഹാദ്. സാങ്കേതികമായി ബദ്‌റിനെയും ഉഹുദിനെയുമൊക്കെ ഖിതാല്‍ എന്ന് വിളിക്കുന്നുണ്ടെങ്കിലും ജിഹാദ് എന്ന വലിയ ആശയത്തോടാണ് അവയെ ഖുര്‍ആന്‍ ചേര്‍ത്തുവെക്കുന്നത്. അതായത്, പ്രവാചകന്റെ സായുധയത്‌നങ്ങളെ കേവലയുദ്ധങ്ങളായി ഇസ്‌ലാം കണക്കാക്കുന്നില്ല. ഈ ലേഖനത്തില്‍ വിവരിച്ച മാനങ്ങള്‍ വെച്ചുകൊണ്ട് പരിശോധിക്കുകയാണെങ്കില്‍ യുദ്ധം എന്ന വിശേഷണം നിരുപാധികമായി അവക്ക് ചേരുകയുമില്ല. 

സത്യാസത്യങ്ങളുടെ പോര് 
ബദ്‌റിനെ 'ഫുര്‍ഖാന്‍' ആയി വിശേഷിപ്പിച്ചിട്ടുണ്ട് ഖുര്‍ആന്‍. ഫുര്‍ഖാന്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട മൂന്ന് കാര്യങ്ങളുണ്ട്. ഒന്ന് ഖുര്‍ആന്‍ തന്നെ (അല്‍ഫുര്‍ഖാന്‍ 1). രണ്ടാമത്തേത് തഖ്‌വയുടെ പ്രകാശനം (അല്‍അന്‍ഫാല്‍ 29). മൂന്നാമത്തേത് ബദ്‌റും (അല്‍അന്‍ഫാല്‍ 41). 
    മാനദണ്ഡമാണ് ഫുര്‍ഖാന്‍. സത്യാസത്യവിവേചനത്തിന്റെ മാനദണ്ഡം. മൂന്ന് തലത്തിലും തരത്തിലും ഈ മാനദണ്ഡം പ്രവര്‍ത്തിക്കുന്നു: ഒന്ന്, ആശയപരമായി. മനുഷ്യന്‍ ഒട്ടേറെ ആശയങ്ങളിലൂടെ കടന്നുപോകുന്നുണ്ട്. ആശയങ്ങളും അവ തമ്മിലുള്ള സംഘര്‍ഷങ്ങളും സൃഷ്ടിക്കുന്ന സങ്കീര്‍ണതകളില്‍ സത്യവും മിഥ്യയും തമ്മില്‍ വേര്‍തിരിക്കുന്ന കൃത്യവും വ്യക്തവുമായ മാനദണ്ഡം മനുഷ്യന് ആവശ്യമാണ്. അങ്ങനെയൊരു മാനദണ്ഡമാണ് ഖുര്‍ആന്‍. ജീവിതത്തിലേക്ക് വരുമ്പോഴാകട്ടെ, മനുഷ്യന്‍ സ്വീകരിക്കുന്ന ചായ്‌വുകള്‍ അവന്റെ ജീവിത വിജയവുമായി ബന്ധപ്പെട്ട് നിര്‍ണായകമാണ്. അവന്റെ ഏതൊരഭീഷ്ടവും നീതിക്കും ദൈവിക മൂല്യങ്ങള്‍ക്കും അനുലോമമാവുക എന്നത് പ്രധാനമാണ്. തഖ്‌വ എന്നത് സൂക്ഷ്മതയെയും വിശുദ്ധിയെയും അടയാളപ്പെടുത്തുന്നു. മനുഷ്യന്റെ ജീവിതപാതകളെ അടയാളപ്പെടുത്തുന്ന ആഖ്യാനമാണ് ചരിത്രം. ചരിത്രം ഒരര്‍ഥത്തില്‍ സംഘര്‍ഷങ്ങളുടെ ആഖ്യാനവുമാണ്. ഈ സംഘര്‍ഷങ്ങളെ പലരും പല രീതിയില്‍ വിവരിച്ചിട്ടുണ്ട്. എന്നാല്‍ ഇതിന്റെയൊക്കെ ആകത്തുക നന്മതിന്മകള്‍ തമ്മിലുള്ള സംഘര്‍ഷം എന്നതത്രെ. ഈ ചരിത്രത്തെ മുഴുവനായും ബദ്‌റിലേക്ക് സംക്ഷേപിക്കുമ്പോഴാണ് ബദ്ര്‍ ദിനം യൗമുല്‍ ഫുര്‍ഖാനാകുന്നത്. 
    അതായത്, ആശയതലത്തില്‍ ഖുര്‍ആനും ജീവിതനിലപാടുകളില്‍ തഖ്‌വയും ചരിത്രവിശകലനത്തില്‍ ബദ്‌റും മാനദണ്ഡമായി വരുന്നു. നന്മതിന്മകളുടെയും സത്യാസത്യങ്ങളുടെയും മാനദണ്ഡം. ബദ്‌റിനെക്കുറിച്ച വര്‍ത്തമാനത്തില്‍ സൂറഃ അല്‍അന്‍ഫാലിലെ ഒരു പ്രഖ്യാപനം ഇങ്ങനെയാണല്ലോ: ''തന്റെ വചനങ്ങളാല്‍, സത്യത്തെ സത്യമാക്കാനും സത്യവിരോധികളുടെ വേരറുക്കാനും അല്ലാഹു ഉദ്ദേശിക്കുന്നു. സത്യത്തെ സത്യമാക്കാന്‍ തന്നെയാണത്, മിഥ്യയെ മിഥ്യയാക്കാനും. അധര്‍മികളില്‍ അതെത്രമേല്‍ ജുഗുപ്‌സയുളവാക്കിയാലും ശരി'' (അല്‍ അന്‍ഫാല്‍ 7,8). സത്യത്തെ സത്യമാക്കുക (യുഹിഖ്ഖല്‍ ഹഖ്ഖ്), മിഥ്യയെ മിഥ്യയാക്കുക (യുബ്ത്വിലല്‍ ബാത്വില്‍) എന്നീ പ്രയോഗങ്ങള്‍ അല്‍പം വിചിത്രമാണ്. 
    ഒരു കാര്യം സത്യമായതുകൊണ്ട് കാര്യമില്ല. സത്യാസത്യങ്ങള്‍ തമ്മിലുള്ള വേര്‍തിരിവുകള്‍ പലപ്പോഴും അതിസൂക്ഷ്മമായിരിക്കും. ഫുര്‍ഖാന്‍ എന്ന ആശയത്തിന്റെ പ്രസക്തി തന്നെ അതാണ്. സത്യത്തെ സത്യമായിത്തന്നെ അനുഭവിക്കാന്‍ സാധിക്കണം. 'ഹഖ്ഖ' എന്ന ക്രിയാരൂപത്തിന് സത്യമായി എന്നതോടൊപ്പം സ്ഥിരീകരിക്കപ്പെട്ടു, അംഗീകരിക്കപ്പെട്ടു എന്നിങ്ങനെയും അര്‍ഥങ്ങളുണ്ട്. സത്യത്തിന്റെ അംഗീകാരം എന്നത് പ്രധാനമാണ്. സത്യത്തെ ജീവിതത്തിന്റെ ആധാരമാക്കി മാറ്റുക. എബ്രായയില്‍ (ഹീബ്രു) ഹൊഖ്ഖ് എന്ന പദത്തിന് നിയമം എന്നര്‍ഥമുണ്ട്. സുറിയാനിയില്‍ അത് ഹുഖ്ഖ ആണ്. നിയമം, ഭരണം എന്നൊക്കെ അര്‍ഥം. സത്യത്തെ വെളിവാക്കുകയും അതിനെ മനുഷ്യന്റെ വൈയക്തിക, സാമൂഹിക ജീവിതങ്ങളുടെയും നാഗരികതയുടെയുമൊക്കെ അടിസ്ഥാനമാക്കുകയും ചെയ്യുക എന്ന ഉദ്ദേശ്യമാണ് ബദ്ര്‍ എന്ന ഫുര്‍ഖാനിലൂടെ അല്ലാഹു സ്വീകരിച്ചിരിക്കുന്നത് എന്നാണ് മനസ്സിലാക്കേണ്ടത്. ഹഖ്ഖിനെ ഹഖ്ഖാക്കുക എന്നാല്‍ അര്‍ഥമതാണ്. 
    അതുപോലെത്തന്നെ ബത്വല, ബാത്വില്‍ എന്നീ പദങ്ങള്‍ റദ്ദുചെയ്യലിനെയും ശൂന്യമാക്കലിനെയും ഉപയോഗമില്ലാതാക്കലിനെയുമൊക്കെ സൂചിപ്പിക്കുന്നു. ഹഖ്ഖ് സ്ഥിരീകരണമാണെങ്കില്‍ ബാത്വില്‍ റദ്ദാക്കലാണ്. അസത്യത്തെയും അനീതിയെയും മനുഷ്യജീവിതത്തില്‍നിന്ന് വേരടക്കം പിഴുതുമാറ്റുക എന്നതാവും അപ്പോള്‍ ബാത്വിലിനെ ബാത്വിലാക്കുക എന്നതിന്റെ അര്‍ഥം. 

(തുടരും)

Comments