Prabodhanm Weekly

Pages

Search

2021 മെയ് 07

3201

1442 റമദാന്‍ 25

റമദാന്‍  അതിജീവനത്തിന്റെ വിളംബരാഘോഷം

വി.കെ ജലീല്‍

''ഇപ്പോള്‍ എട്ടു  മാസങ്ങളുടെ നാമങ്ങളില്‍  തീരുമാനമായില്ലേ? ഇനി ഒമ്പതാം മാസം''- അല്‍പ നേരത്തെ ഗാഢമൗനത്തിനു ശേഷം, പര്യാലോചനക്ക് നേതൃത്വം നല്‍കിക്കൊണ്ടിരുന്ന കിലാബ് ബ്‌നു മുര്‍റ, സ്വതഃസിദ്ധമായ കാവ്യഭാവനയോടെ  ഇത്രകൂടി പറഞ്ഞു: ''ഇപ്പോഴത്തെ സ്ഥിതി വെച്ച് ഗണിച്ചുനോക്കിയാല്‍  മക്കയോട് ഉരുമ്മിക്കിടക്കുന്ന 'ബത്വ്ഹ' മുതല്‍ നമ്മുടെ സുപരിചിത സഞ്ചാര വീഥികള്‍ കടന്നുപോകുന്ന മണല്‍ക്കാടുകളുടെ അപാരവിസ്തൃതികളില്‍, ചരല്‍ക്കല്ലുകള്‍ അത്യുഷ്ണത്താല്‍ തപിച്ചുകിടക്കുന്ന നാളുകളുടെ മാസമാവും തൊട്ടടുത്തു വരുന്നത്. അതു വെച്ച് നമുക്ക് ആ മാസത്തെ 'റമദാന്‍' എന്ന് വിളിച്ചാലോ?''
'മതി, അതുമതി' എല്ലാവരും  ശരിവെച്ചു. അങ്ങനെ അറബ് വര്‍ഷഗണനയിലെ ഒമ്പതാം മാസത്തിനു കിലാബ്  'റമദാന്‍' എന്നു  പേരു വിളിച്ചു. മറ്റു വിളിപ്പേരുകള്‍ റദ്ദ് ചെയ്തു. 'അര്‍റമള്' അത്യുഷ്ണമാണല്ലോ.
ക്രിസ്തുവര്‍ഷം 412-ല്‍ മക്കയില്‍ വിവിധ ഗോത്രാധിപതികളുടെ ഒരു ഉന്നതതല യോഗം ചേര്‍ന്നിരുന്നു. അതില്‍ ആലോചനക്ക് വന്ന മുഖ്യ വിഷയം, പന്ത്രണ്ട് ചാന്ദ്രമാസ നാമങ്ങളുടെ ഏകീകരണമായിരുന്നു. വിവിധ ഗോത്രങ്ങള്‍ വിഭിന്ന നാമങ്ങളില്‍ മാസങ്ങളെ വ്യവഹരിച്ചിരുന്നതിനാല്‍, ഹജ്ജിനും വ്യാപാരത്തിനും  അകലങ്ങളില്‍നിന്ന് മക്കയിലേക്കും തിരിച്ചും യാത്ര ചെയ്തിരുന്ന അവര്‍ക്ക് ഏവംവിധങ്ങളായ പ്രയാസങ്ങള്‍ നേരിട്ടുകൊണ്ടിരുന്നു. ഇത് പരിഹരിക്കുകയായിരുന്നു നേതൃ സംഗമത്തിന്റെ ലക്ഷ്യം. അങ്ങനെ അവര്‍ തങ്ങളുടെ ദൈനംദിന ജീവിതവുമായി ഇഴുകിച്ചേര്‍ന്നിരുന്ന മാറിമാറി  വരുന്ന ഋതുക്കള്‍, വ്യാപാര യാത്രകള്‍, വാണിജ്യ മേളകള്‍, ഗോത്ര യുദ്ധങ്ങള്‍, കാലിസമ്പത്ത്, ഹജ്ജ് എന്നീ വൈവിധ്യമാര്‍ന്ന മരുഭൂ ജീവിതഘടകങ്ങളെ മുന്നില്‍വെച്ച് ഭാഷാ പ്രയോഗങ്ങള്‍ പരിശോധിച്ചു, പദങ്ങള്‍ തെരഞ്ഞെടുത്ത് പേരുകള്‍  തീരുമാനിച്ചുതുടങ്ങി. നിലവില്‍ ഉപയോഗിച്ചിരുന്ന ചില നാമങ്ങളെ പരിഷ്‌കരിച്ചു സ്ഥിരീകരിച്ചു.
ഇന്നും അതേ പേരില്‍ അവശേഷിക്കുന്നവയെന്നുറപ്പായ ഓരോ മാസനാമത്തിന്റെയും ആശയ സൂചനകള്‍ പരിശോധിച്ചാല്‍ അറബി ഭാഷ അറിയുന്നവര്‍ക്ക് ഇത് സുതരാം ബോധ്യമാകും.  അന്നത്തെ അറബ് നാടോടി സാമൂഹിക ജീവിതത്തിന്റെ ഋതുമുദ്രകളാണ്   ആ നാമങ്ങള്‍ ഓരോന്നും എന്ന് കാണാം.  ഉദാഹരണത്തിന് 'സ്വഫറി'നെയും 'ശവ്വാലി'നെയും മാത്രം  എടുക്കാം. 'ശൂന്യം' എന്നാണല്ലോ 'സ്വഫര്‍' പ്രഥമമായി മനതാരില്‍ കൊണ്ടുവരുന്ന ആശയം. ആ മാസപ്പേരിന്റെ സാംഗത്യത്തെ കുറിച്ചുള്ള വിവരണങ്ങള്‍ എത്ര കൗതുകകരമാണ് എന്നു നോക്കൂ: വ്യാപാര യാത്രക്ക് പുറപ്പെടുക വഴി നിവാസ കൂടാരങ്ങള്‍ 'ശൂന്യ'മാകുന്ന മാസം എന്നും, ഗോത്ര യുദ്ധങ്ങള്‍ക്കായി പോവുക മൂലം വാസസ്ഥലങ്ങള്‍ 'ആവാസശൂന്യ'മാകുന്ന മാസം എന്നും, ഗോത്ര സംഘര്‍ഷങ്ങളില്‍ കൊള്ളയടിക്കപ്പെടുക കാരണം കുടുംബ കൂടാരങ്ങള്‍ 'വിഭവശൂന്യ'മാകുന്ന മാസം എന്നും, മരുഭൂമിയിലെ തസ്‌കരസംഘങ്ങള്‍ സമ്പാദ്യങ്ങള്‍ മോഷ്ടിച്ചുകൊണ്ടുപോകുന്നതിനാല്‍ 'സൂക്ഷിപ്പുമുതലുകള്‍ ശൂന്യ'മായി പോകുന്ന നാളുകള്‍ എന്നുമൊക്കെ  വിവരിക്കപ്പെട്ടിരിക്കുന്നു! അകിട് വറ്റിയ പെണ്ണൊട്ടകങ്ങള്‍, പ്രജനന താല്‍പര്യത്തോടെ, ഇണയെ സന്നദ്ധത അറിയിക്കാന്‍ 'വാലുയുര്‍ത്തി ചുഴറ്റുന്ന' കാലസൂചനയില്‍നിന്നാണത്രെ അവരുടെ ഭാവനയില്‍ 'ശവ്വാല്‍' പിറന്നുവീണത്. ശവ്വാല്‍ എന്ന പദം നേരത്തേ ഭാഷയില്‍ രൂപപ്പെട്ടത് ആ അര്‍ഥത്തിലായിരുന്നു.
ചുരുക്കത്തില്‍, ഇസ്‌ലാംപൂര്‍വ അറബ് 'ജാഹിലീ' ജീവിതത്തിന്റെ ഋതുതാളങ്ങളെക്കുറിച്ച ചരിത്രസംരചനക്ക് കാവ്യഭംഗി പകരുന്ന ഒരുപാട് കൗതുകപ്പൊലിമകള്‍ വേറെയും ഈ മാസനാമധേയ ചെപ്പുകളില്‍ ഒളിവിതറി കിടക്കുന്നതായി കാണാന്‍ കഴിയും. എന്നാല്‍ അവര്‍ ആലോചനായോഗം ചേര്‍ന്ന വര്‍ഷത്തിലെ ചാന്ദ്രദിനങ്ങളെ അവലംബിച്ച്, മാസപ്പേര്  നിര്‍ണയം നടത്തിയതിനാല്‍ ആവര്‍ത്തിച്ചുവന്ന വര്‍ഷങ്ങളില്‍, ഓരോ മാസവും അതിന്റെ പേര് സൂചിപ്പിക്കുന്ന ഋതുപരിധികള്‍ക്ക് അകത്തും പുറത്തുമായി  ഉദിച്ചസ്തമിച്ചുകൊണ്ടിരുന്നു. ഇക്കാര്യം അവര്‍ ഗൗനിച്ചതേയില്ല. അവര്‍ക്ക് അപ്പോള്‍ ഏകീകൃത നാമം മാത്രമേ ആവശ്യമുണ്ടായിരുന്നുള്ളൂ. അതിനാല്‍ ചിലപ്പോള്‍ അതിശൈത്യത്തിലും 'റമദാന്‍' പിറന്നുകൊണ്ടിരുന്നു. അതുകൊണ്ടുകൂടിയാവണം ഇസ്‌ലാമിന്റെ ആഗമനത്തോടെ മാസ നാമങ്ങള്‍ അതേപടി നിര്‍ത്തുമ്പോഴും, പല മാസ നാമങ്ങളെയും ഋതുസൂചനകളില്‍നിന്ന്  വേര്‍പെടുത്തി വിവരിച്ചത്.
ചുരുക്കത്തില്‍, വിശുദ്ധ ഖുര്‍ആന്‍ റമദാന്‍ എന്ന മാസനാമം പരാമര്‍ശിക്കുന്നതിന് ഇരുനൂറില്‍പരം വര്‍ഷങ്ങള്‍ക്കു മുമ്പേ ഖുര്‍ആന്റെ ആദ്യ അനുവാചകര്‍ക്ക് റമദാന്‍ എന്ന നാമധേയം പരിചിതമായിരുന്നു. സമാന്തരമായി, അന്ന് നിലവിലുണ്ടായിരുന്നതും ഇന്നും നിലനില്‍ക്കുന്നതുമായ യവന-റോമന്‍-ഇതര  സംസ്‌കൃതികളിലെ ദിവസ- മാസനാമങ്ങളെ കുറിച്ച് ഓര്‍ത്തുനോക്കാവുന്നതാണ്.  സ്വേഛാധിപതികളായ ചക്രവര്‍ത്തിമാരുടെയും പാതിരിമാരുടെയും ദേവീദേവന്മാരുടെയും ഇതിഹാസ കഥകളിലെ  കഥാപാത്രങ്ങളുടെയും പേരുകളാണ് അവയില്‍ മിക്കതും.
കൂട്ടത്തില്‍ പറയട്ടെ, നടേ പറഞ്ഞ കിലാബ് ബ്‌നു മുര്‍റ നബിതിരുമേനിയുടെ അഞ്ചാമത്തെ പിതാമഹനാണ്.  സ്വയം പ്രമാണി എന്നതിനുപുറമെ പ്രാചീന മക്കാ  ചരിത്രത്തിലെ അതിപ്രശസ്തരായ ഖുസ്വയ്യിന്റെയും സഹോദരന്‍ സുഹ്‌റയുടെയും പിതാവ്. ഖുസ്വയ്യിന്റെ ശേഷപരമ്പരയില്‍ റസൂലിന്റെ പിതാവ് അബ്ദുല്ല പിറന്നു. സുഹ്‌റയുടെ പാരമ്പര്യത്തില്‍ മാതാവ് ആമിനയും.
സന്താനങ്ങള്‍ക്ക് അരോചക നാമങ്ങള്‍ നല്‍കിയാല്‍  അവര്‍ ദീര്‍ഘകാലം ജീവിക്കുമെന്ന അന്നത്തെ അന്ധവിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണത്രെ കിലാബ് പോലെയുള്ള അനുചിത നാമങ്ങള്‍ നല്‍കപ്പെട്ടുപോന്നിരുന്നത്. അതിരുവിട്ട വേട്ടക്കമ്പക്കാരനായിരുന്ന, ഹകീം എന്ന് യഥാര്‍ഥ പേരുണ്ടായിരുന്ന, ചരിത്രപുരുഷനെ 'ശ്വാന പരിപാലന നിമഗ്‌നന്‍' എന്ന അര്‍ഥത്തില്‍ 'കിലാബ്' എന്നു  വിളിച്ചതാകാമെന്നും കാണാം.

റമദാനും മക്കാകാലവും

അന്ത്യവേദമായ  ഖുര്‍ആന്റെ അവതരണോദ്ഘാടനം, അഥവാ മുഹമ്മദീയ പ്രവാചകത്വത്തിന്റെ വിളംബരം മൂലം ലോകാന്ത്യം വരെക്കും ശ്രേഷ്ഠപ്പെട്ട റമദാന്‍,  കൃത്യമായ ചരിത്ര വേര്‍തിരിവിന്റെ മാസമാണ്. ലോകചരിത്രത്തിന്റെ ഏടുകളെ ഖുര്‍ആന്റെ മുമ്പ്, ശേഷം എന്നു വകഞ്ഞ് വേര്‍പ്പെടുത്തിയ മാസം. ഖുര്‍ആന്റെ അവതരണത്തോടെ, ഖുര്‍ആനിനോട് പ്രിയത്തോടെ ആയാലും, പ്രതികൂലമായിട്ടായാലും, ഖുര്‍ആന്‍ കേന്ദ്രീകൃതമായി തന്നെയാണ് ലോക ചരിത്രം, അധിക  നേരങ്ങളിലും ചുവടുവെച്ച് മുന്നോട്ടു ഗമിച്ചത്. ഇന്ന്, മറ്റെന്നത്തേക്കാളും അങ്ങനെയാണ്. ഇനിയും ആ വിധം തന്നെ ആയിരിക്കുകയും ചെയ്യും. കാരണം ഇസ്‌ലാം എക്കാലവും മനുഷ്യബുദ്ധിക്ക് ദൃശ്യപ്പെട്ടു നില്‍ക്കേണ്ടത് 'ദൈവിക ഹിദായത്തി'ന്റെ അനിവാര്യ താല്‍പര്യമാണല്ലോ. എന്നാല്‍ ഖുര്‍ആന്‍ അവതരിച്ചു തുടങ്ങിയ മക്കയില്‍ പത്തിലധികം റമദാനുകള്‍ മാറിവന്നപ്പോഴും ആ മാസത്തില്‍ പ്രത്യേക  അനുഷ്ഠാനാചരണങ്ങള്‍  ഒന്നും നിര്‍ദേശിക്കപ്പെട്ടിരുന്നില്ല. റസൂല്‍ മദീനയിലെത്തിയതിന്റെ ആറാം മാസമായി വന്ന റമദാനിലും അതുണ്ടായില്ല. തൊട്ടടുത്ത ശഅ്ബാനിലാണ് നിര്‍ബന്ധ റമദാന്‍ വ്രതമാസാചരണത്തെ കുറിച്ച വിധിയും വിശദീകരണങ്ങളും  വന്നുതുടങ്ങുന്നത്. അപ്പോഴേക്കും വിശുദ്ധ ഖുര്‍ആനിലെ നാലായിരത്തില്‍പരം സൂക്തങ്ങള്‍ അവതരിച്ചുകഴിഞ്ഞിരുന്നു.
ഖുര്‍ആന്റെ അവതരണാരംഭവേളയില്‍ തന്നെ റസൂലിനും മക്കാ നിവാസികള്‍ക്കും വ്രതം എന്ന ആരാധനാ രീതിയെക്കുറിച്ച് ധാരണയുണ്ടായിരുന്നു. ഖുറൈശികള്‍ ചില നോയമ്പുകള്‍ ഏതോ രീതിയില്‍ അനുഷ്ഠിക്കാറുണ്ടായിരുന്നു. അല്‍പം കഴിഞ്ഞ് റസൂല്‍ തിരുമേനിയും അനുചരന്മാരും മാസത്തില്‍ നിശ്ചിത ദിവസങ്ങളില്‍ വ്രതം ആചരിച്ചിരുന്നു. എന്നുവെച്ചാല്‍, ഇസ്‌ലാം പില്‍ക്കാലത്ത് നടപ്പിലാക്കിയത്  പോലെയുള്ള മുഴുമാസ വ്രതാചരണം, മക്കയില്‍ വെച്ച് നടപ്പില്‍ വരുത്താന്‍ പ്രത്യക്ഷത്തില്‍ പ്രത്യേക പശ്ചാത്തല വിഘ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് ചരിത്രനിരീക്ഷകനായ ഒരാള്‍ക്ക് തോന്നാം. മാത്രമല്ല, ഖുറൈശികളെ ഏറെ പ്രകോപിപ്പിച്ചത് റസൂലിന്റെയും മുസ്ലിംകളുടെയും നമസ്‌കാരമായിരുന്നു. കഅ്ബാ മന്ദിരത്തിന് അകത്തും പുറത്തുമായി  സ്ഥാപിക്കപ്പെട്ട പരശ്ശതം ശിലാദൈവങ്ങളെയും, അവയെ പൂജനീയങ്ങളാക്കി  കെട്ടിപ്പടുത്ത ദയാശൂന്യമായ ബഹുദൈവ സംസ്‌കൃതിയെയും, വിശ്വാസവും കര്‍മവും കൊണ്ട് ധീരമായി തിരസ്‌കരിച്ചും, പരസ്യവേദ പ്രഘോഷണങ്ങളാല്‍ ധൈഷണികമായി ചോദ്യം ചെയ്തും നിര്‍വഹിച്ചിരുന്ന വിപ്ലവ നമസ്‌കാരം. നമസ്‌കാരങ്ങളിലെ സാഷ്ടാംഗ വേളകളിലാണ് റസൂലും അനുയായികളും ഏറ്റവും ക്രൂരമായി മര്‍ദിക്കപ്പെട്ടത്. എന്നാല്‍   താരതമ്യേന സമാധാനപരമായി സ്വകാര്യതയില്‍ അനുഷ്ഠിക്കാമായിരുന്ന, സമ്പൂര്‍ണമാസ വ്രതാനുഷ്ഠാനം മക്കയില്‍വെച്ച് നിര്‍ബന്ധമാക്കപ്പെടുകയുണ്ടായില്ല.

ആവര്‍ത്തിക്കുന്ന ദൈവിക ഇടപെടലുകള്‍

ഇസ്‌ലാം അതിന്റെ വിശ്വാസങ്ങളുടെ പ്രത്യക്ഷ പ്രതീകങ്ങളായ ആരാധനാ രൂപങ്ങളും, പരമ താല്‍പര്യമായ സമ്പൂര്‍ണ ശരീഅത്തും സ്ഥാപിച്ചെടുക്കാന്‍  സ്വീകരിച്ച രീതിശാസ്ത്രവും, അതിനു തെരഞ്ഞെടുത്ത അതീവ യുക്തമായ  കാല- സന്ദര്‍ഭ- സമയ ക്രമീകരണങ്ങളും,  നിയമങ്ങളും ചട്ടങ്ങളും നടപ്പില്‍ വരുത്തിയ ക്രമപ്രവൃദ്ധമായ പ്രായോഗിക  രീതിയും ശരീഅത്ത് വിശാരദന്മാര്‍ വേണ്ടതുപോലെ വിസ്തരിച്ചിട്ടുണ്ട്.  ഇസ്‌ലാമിന്റെ സര്‍വകാല പ്രായോഗികതയുടെ ഏറ്റവും ആകര്‍ഷകമായ കൗതുകവുമാണവ.  അവയെ തന്നെ, അതേ യുക്തികളോടെ, മാനദണ്ഡമാക്കി റമദാനിനെ കുറിച്ച് ചരിത്രവിചാരസഞ്ചാരം നടത്തുമ്പോള്‍ വെളിപ്പെടുന്ന ഒരു പ്രധാന കാര്യം, റമദാനും ബദ്‌റും തമ്മിലുള്ള ഉറ്റ പാരസ്പര്യമാണ്. അതായത് മദീനയില്‍ സ്വതന്ത്ര ഇസ്‌ലാമിക സമൂഹം നിലവില്‍ വന്നപ്പോള്‍ റമദാന്‍ മാസ വ്രതാചരണം അല്ലാഹു നിര്‍ബന്ധമാക്കുന്നു. ആ പ്രഥമ റമദാനില്‍ തന്നെ, 'ബദ്‌റും' സംഭവിക്കുന്നു. കാലാന്ത്യം വരെ അനുസ്മരിക്കപ്പെടേണ്ട 'ബദ്‌റി'ന്റെ കനപ്പെട്ട, ഗംഭീരമായ ഉള്ളടക്കത്തോടെ വേണം റമദാനിനെ ആദ്യമായി പൂര്‍ണരൂപേണ പരിചയപ്പെടുത്താന്‍ എന്ന  ദൈവഹിതത്തിന്റെ  വിസ്മയത്തിലേക്കാണ് ഇവിടെ  ചിന്ത പാഞ്ഞണയുന്നത്.  ഇതിന് അടിവരയിടുക മാത്രമാണ് ഈ ലഘുലേഖനത്തിന്റെ മുഖ്യ താല്‍പര്യം. അതോടൊപ്പം ഏതാനും വാചകങ്ങളില്‍ ബദ്‌റിനെ ഒന്നുകൂടി സന്ദര്‍ഭോചിതമായി തെളിച്ചപ്പെടുത്താം എന്നും തോന്നുന്നു.
ബദ്ര്‍ അന്നും പിന്നെയും കാലത്തോട് പറഞ്ഞുകൊണ്ടിരിക്കുന്നത്,  ഏതാനും കൊടും ശത്രുക്കളെ സംഹരിക്കുന്നതില്‍ നേടിയ താല്‍ക്കാലിക വിജയത്തെ കുറിച്ചല്ല. ബദ്‌റിലെ സംഘട്ടനം അപ്പോള്‍ റസൂലിന്റെ അജണ്ട ആയിരുന്നേയില്ല. അത് അബൂജഹ് ലിന്റെ ആസൂത്രണം ആയിരുന്നു. അയാളുടെ അവസാനത്തെ ആസൂത്രണം നൂറ്റാണ്ടുകളായി ജീവിച്ചുപോന്ന രാജ്യത്തെ പൗരത്വം നിഷേധിക്കുകയും, മൂന്നുവര്‍ഷം ദയാരഹിതമായ  തുറന്ന തടങ്കല്‍പാളയത്തിനകത്ത് ദുരിതജീവിതം അടിച്ചേല്‍പ്പിക്കുകയും ചെയ്തപ്പോള്‍, സൈ്വരമായി അഭയം അന്വേഷിച്ച് പോകാന്‍ പോലും അവര്‍ പ്രവാചകനെയും അനുയായികളെയും അനുവദിക്കുകയുണ്ടായില്ല. നേരെമറിച്ച് നൂറ്റാണ്ടുകളായി ഗോത്രസംസ്‌കൃതി ഉറപ്പുനല്‍കിയിരുന്ന ജീവന്റെ സുരക്ഷപോലും റസൂലിനു നിഷേധിച്ച് അവര്‍ വിളംബരമിറക്കി. തിരുമേനിയുടെ ഉറക്കറക്കു പുറത്ത് കുലംകുത്തികളായ നാല്‍പതു കൊലയാളികളെ, തിരുഗളഛേദത്തിനായി, അഹന്തയില്‍ പൂജിച്ച നാല്‍പത്  വാളുകള്‍ നല്‍കി കാവല്‍ ഇരുത്തി. പ്രസ്തുത ആസൂത്രണം പരാജയപ്പെട്ടപ്പോള്‍, ബദ്‌റില്‍ വെച്ച് ആ ജാള്യം തീര്‍ക്കാം എന്നായിരുന്നു  അബൂജഹ്‌ലിന്റെ ആസൂത്രണപ്പൊരുള്‍. ഭൗതിക മാനദണ്ഡ ഗണിതം അനുസരിച്ച് അയാള്‍ക്കത് സാധിക്കുകയും ചെയ്യുമായിരുന്നു. ഒപ്പം റസൂലിന്റെ പ്രമുഖ അനുയായികളുടെ പച്ച ജീവനുകളും നുള്ളിയെടുത്തു കാല്‍ക്കീഴിലിട്ട് ചതച്ചരച്ചു കളയാമായിരുന്നു.
സംഭവിച്ചതോ, നോഹയെ പ്രളയത്തില്‍നിന്നെന്നപോലെ, അഗ്‌നികുണ്ഠത്തില്‍നിന്ന് ഇബ്‌റാഹീമിനെ പൊള്ളാതെ പുറത്തെടുത്ത പോലെ, മൂസാക്കും അനുയായികള്‍ക്കും സമുദ്രത്തെ പിളര്‍ത്തി വിസ്താരം കൂടിയ വെളിച്ചം ചിതറുന്ന വഴി തീര്‍ത്തുകൊടുത്ത പോലെ, യേശുവിനു എതിരെയുള്ള  കുതന്ത്രങ്ങള്‍ പരാജയപ്പെടുത്തിയതുപോലെ ബദ്‌റില്‍  അല്ലാഹുവിന്റെ  ഇടപെടല്‍ സംഭവിക്കുകയായിരുന്നു. ചരിത്രത്തിന്റെ സന്ദിഗ്ധതകളില്‍ പ്രകൃതിനിയമങ്ങള്‍ സ്വയം മാറിനിന്നു സംഭവിച്ചുകൊണ്ടിരുന്ന ഈ ദൈവിക ഇടപെടലുകള്‍, ഉചിതമായ ആവര്‍ത്തന സ്വഭാവമുള്ളതാണെന്ന് പഠിപ്പിക്കുകയാണ് ബദ്ര്‍. ആ മാര്‍ഗത്തിലുള്ള പുനഃപ്രതിജ്ഞ തേടിയാണ് റമദാന്‍ ബദ്‌റിനെയും നെഞ്ചിലേറ്റി ആവര്‍ത്തിക്കുന്നത്. മുഹമ്മദീയ പ്രവാചകത്വത്തിന്റെ  കാലാതിവര്‍ത്തിയായ അതിജീവനത്തിന്റെ വിളംബരാഘോഷം കൂടിയായ റമദാന്‍ എന്തൊക്കെയാണ് കാലാകാലങ്ങളില്‍ വിശ്വാസികളെ തെര്യപ്പെടുത്തി കടന്നുപോകുന്നത്!

Comments