Prabodhanm Weekly

Pages

Search

2021 ഏപ്രില്‍ 30

3200

1442 റമദാന്‍ 18

റമദാന്‍, ഖുര്‍ആന്‍, തഖ്‌വ എന്ന ത്രികോണം

സയ്യിദ് സആദത്തുല്ലാ ഹുസൈനി - അമീര്‍, ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്

റമദാനെ പരിചയപ്പെടുത്തുമ്പോള്‍ ഖുര്‍ആന്‍ തന്നെ നല്‍കുന്ന ഏറ്റവും ശ്രദ്ധേയമായ വിശേഷണം 'ഖുര്‍ആന്റെ മാസം' എന്നതാണ്. ലോകത്താകമാനമുള്ള മുസ്‌ലിംകള്‍ പരീക്ഷണ സന്ദര്‍ഭങ്ങളെ അഭിമുഖീകരിക്കുമ്പോള്‍ പറഞ്ഞുപോകുന്ന ഒരു വാക്യമുണ്ട്: 'നമ്മള്‍ ദുര്‍ബലരാണ്, നിസ്സഹായരാണ്, ആലംബമില്ലാത്തവരാണ്.' അവര്‍ ചോദിക്കേണ്ടിയിരുന്ന രണ്ട് ചോദ്യങ്ങളുണ്ട്; എന്തുകൊണ്ട് തങ്ങള്‍ ദുര്‍ബലരും നിസ്സഹായരും ആലംബമില്ലാത്തവരുമായി? ശക്തിയും പ്രതാപവും എങ്ങനെയാണ് നേടിയെടുക്കാനാവുക? ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമുള്ളത് റമദാന്‍ മാസത്തില്‍ അവതീര്‍ണമായ ഖുര്‍ആനിലാണ്. പരലോക മോക്ഷത്തെക്കുറിച്ച് മാത്രമല്ല, ഈ ലോകത്ത് ശക്തിയാര്‍ജിക്കാനുള്ള വഴികളെക്കുറിച്ചും അത് സംസാരിക്കുന്നുണ്ട്. ചരിത്രം അതിന് സാക്ഷി നില്‍ക്കുന്നുമുണ്ടല്ലോ. ഖുര്‍ആനികാശയങ്ങള്‍ മുറുകെ പിടിച്ചപ്പോഴാണ് ഏറ്റവും ദുര്‍ബലരായിരുന്ന മുഹമ്മദ് നബി(സ)യുടെ അനുയായികള്‍ ലോകത്തിലെ തന്നെ ഏറ്റവും ശക്തമായ, വളരെയേറെ സ്വാധീനശേഷിയുള്ള സമൂഹമായി മാറിയത്. ആര്‍ക്കും അതിജയിക്കാനാവാത്ത പ്രൗഢഗംഭീര ഗ്രന്ഥമാണിത് (വഇന്നഹു ല കിതാബുന്‍ അസീസ്) എന്ന് ഖുര്‍ആന്‍ സ്വയം വിശേഷിപ്പിക്കാന്‍ കാരണവുമതാണ്. ഖുര്‍ആന്‍ ഒരിക്കലും അതിന്റെ അനുയായികളുടെ ശക്തിക്ഷയത്തിനോ നിസ്സഹായതക്കോ നിമിത്തമാവുകയില്ല എന്നര്‍ഥം.
ഒരിക്കല്‍ നബി (സ) തന്റെ അനുയായികള്‍ ഇരിക്കുന്ന സദസ്സില്‍ വെച്ചു പറഞ്ഞു: 'കരുതിയിരിക്കുക. വന്‍ വിപത്ത് വരാന്‍ പോകുന്നു!' അപ്പോള്‍ അലി (റ) ചോദിച്ചു: 'ആ വന്‍ വിപത്തില്‍നിന്ന് ഞങ്ങള്‍ക്ക് രക്ഷപ്പെടാനുള്ള വഴിയേതാണ്?' 'അല്ലാഹുവിന്റെ ഗ്രന്ഥം' എന്നാണ് നബി (സ) അതിന് നല്‍കിയ മറുപടി. 'ഖുര്‍ആന്‍ മുറുകെ പിടിക്കുന്ന സമൂഹത്തെ അല്ലാഹു ഉയര്‍ത്തുന്നു, അതിനെ കൈയൊഴിക്കുന്ന സമൂഹത്തെ അവന്‍ പതിതരും നിന്ദ്യരുമാക്കുന്നു' എന്നും പിന്നിട് പറയുന്നു.
എന്താണ് ആ നബിവചനത്തിന്റെ പൊരുള്‍? മുസ്‌ലിംകള്‍ ദുര്‍ബലരും പതിതരുമായിട്ടുണ്ടെങ്കില്‍ അതിന്റെ യഥാര്‍ഥ കാരണം ഏതെങ്കിലും ഭരണകൂടങ്ങളുടെ നീക്കങ്ങളല്ല, ആരുടെയെങ്കിലും ഗൂഢാലോചനകളല്ല. ഏതെങ്കിലും വിദേശ ശക്തികളുമല്ല അവരെ ദുര്‍ബലപ്പെടുത്തുന്നത്. അവരുടെ ജീവിതം ഖുര്‍ആനികാധ്യാപനങ്ങളില്‍നിന്ന് അകന്നുപോയതാണ് പിന്നാക്കാവസ്ഥയുടെയും ശക്തിക്ഷയത്തിന്റെയും മൗലിക കാരണം. 'ഓ മുസല്‍മാന്‍, നീ നിന്റെ പതിതാവസ്ഥക്ക് കാലചംക്രമണത്തെ പഴിക്കുന്നു. ഖുര്‍ആനെ കൈവിട്ടതുകൊണ്ടല്ലേ നീ ഇങ്ങനെയായിപ്പോയത്?' എന്ന് അല്ലാമാ ഇഖ്ബാല്‍ ചോദിച്ചിട്ടുണ്ട്.
ഖുര്‍ആന്‍ ജീവിക്കുന്ന ഗ്രന്ഥമാണ്. അതുമായി നമുക്കുണ്ടാകേണ്ടത് അതിശക്തമായ ജൈവിക ബന്ധമാണ്. വ്യക്തിപരമായും സാമൂഹികമായും ഉണ്ടായിവരേണ്ടത് ഖുര്‍ആനിക ജീവിതമാണ്. ആ ജീവിതത്തെ ചിട്ടപ്പെടുത്തുന്നത് 'തഖ്‌വ' ആയിരിക്കുമെന്നും ഉണര്‍ത്തുന്നു. സുദൃഢവും സുബദ്ധവുമായ വിശ്വാസസംഹിത, കളങ്കമില്ലാത്ത വ്യക്തിജീവിതം, കളങ്കമില്ലാത്ത സമൂഹം, കളങ്കമില്ലാത്ത നാഗരികത ഇതാണ് ഖുര്‍ആന്‍ മുന്നോട്ടുവെക്കുന്ന വിഷന്‍. തന്റെ കര്‍മങ്ങളോരോന്നും നാളെ അല്ലാഹു ചോദ്യം ചെയ്യാനിരിക്കുകയാണ് എന്ന ബോധവും ഭയവും ഉള്ളവര്‍ക്കേ ജീവിതത്തില്‍ ഇത്രയധികം സൂക്ഷ്മതയും മാറ്റവും കൊണ്ടുവരാന്‍ കഴിയൂ. മനുഷ്യജീവിതത്തെ അടിമുടി മാറ്റിപ്പണിയുന്ന ഈ അവബോധത്തെയാണ് ഖുര്‍ആന്‍ തഖ്‌വ എന്ന് വിശേഷിപ്പിക്കുന്നത്. അപ്പോഴാണ് ജീവിതം ഖുര്‍ആനികാശയങ്ങളുടെ സാക്ഷ്യമായി മാറുന്നത്. ഈ തഖ്‌വാ ബോധത്തെ ശക്തിപ്പെടുത്താനും പുഷ്ടിപ്പെടുത്താനുമുള്ളതാണ് റമദാനിലെ നോമ്പ്. ആയതിനാല്‍ ഖുര്‍ആന്‍, റമദാന്‍, തഖ്‌വ എന്നിവയെ ബന്ധിപ്പിക്കുന്ന ഈ ത്രികോണം ശരിയായ രീതിയില്‍ മനസ്സിലാക്കിയിരിക്കണം. അപ്പോള്‍ ഓരോ വര്‍ഷവും പ്രപഞ്ചനാഥന്‍ വിശ്വാസികളെ  നടത്തിക്കൊണ്ടു പോകുന്ന പരിശീലനക്കളരിയായി ഈ പവിത്രമാസത്തെ നമുക്ക് തിരിച്ചറിയാനാവും. തഖ്‌വ ആര്‍ജിക്കുക, അതുവഴി പരിശുദ്ധമായ ഖുര്‍ആനിക ജീവിതം നയിക്കുക എന്നതായിത്തീരുന്നു വ്രതാനുഷ്ഠാനത്തിന്റെ ആത്യന്തിക ലക്ഷ്യം.

Comments