Prabodhanm Weekly

Pages

Search

2021 ഏപ്രില്‍ 23

3199

1442 റമദാന്‍ 11

വടക്കന്‍ യൂേറാപ്പിെല നോമ്പു സമയം

ഡോ. മുഹമ്മദ് അയ്യാശ് അല്‍കുബൈസി

സ്വീഡന്‍, നോര്‍വേ തുടങ്ങി പകല്‍ ഇരുപതും അതിലേറെയും മണിക്കൂര്‍ നീളുന്ന നാടുകളില്‍ നോമ്പ് ഒരു പ്രശ്നമാണ്. ഞാന്‍ അവിടെ പോയിട്ടുണ്ട്. ആ നാടുകളില്‍ ചില മുസ്ലിംകള്‍ നടപ്പ് മതവിധി ലംഘിക്കുന്നതായി അറിയാന്‍ കഴിഞ്ഞു. അവര്‍ സൂര്യന്‍ അസ്തമിക്കും മുമ്പേ നോമ്പ് മുറിക്കും. സമീപസ്ഥ നാടുകളിലെയോ സുഊദി അറേബ്യയിലേയോ സമയക്രമം സ്വീകരിക്കാമെന്ന ഫത്വകളാണ് അവര്‍ അവലംബിക്കുന്നത്. അസ്ഹര്‍ സര്‍വകലാശാലയിലെ മുന്‍ റെക്ടര്‍ ശൈഖ് ജാദുല്‍ ഹഖിന്റെ നിലപാട് അതായിരുന്നു. ബള്‍ഗേറിയന്‍ നാടുകളിലെ ഫത്വകള്‍ എന്ന പേരില്‍ സമാഹരിക്കപ്പെട്ട ഫത്‌വകളില്‍ പരാമര്‍ശിക്കപ്പെടുന്ന ചില പൂര്‍വിക നിയമജ്ഞരും ഇതേ നിലപാടുകാരായിരുന്നു. ആ നാടുകളില്‍ നമസ്‌കാരത്തിനും നോമ്പിനുമുള്ള സമയക്രമം ഈ ഫത്വകള്‍ പ്രകാരമാണ്. ശാഫിഈ നിയമ(ഫിഖ്ഹ്)ത്തില്‍ ഇങ്ങനെയൊരു പരാമര്‍ശം കാണാം. ബള്‍ഗേറിയന്‍ നാടുകളില്‍ നമസ്‌കാരക്രമം എങ്ങനെയായിരിക്കണമെന്ന് അബൂഹാമിദ് അല്‍ ഗസ്സാലിയോട് ചോദിക്കപ്പെടുകയുണ്ടായി. കാരണം സൂര്യാസ്തമയം ഈ നാടുകളില്‍ മഗ്രിബിന്റെയും ഇശായുടെയും ഇടയിലുള്ള സമയം മാത്രമേ നിലനില്‍ക്കുകയുള്ളു. ഇശാ കഴിഞ്ഞ ഉടനെ സൂര്യന്‍ ഉദിക്കും. അവരുടെ ഏറ്റവും സമീപസ്ഥ നാടുകളിലെ സമയക്രമമനുസരിച്ചായിരിക്കണം നോമ്പും നമസ്‌കാരവുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി (അല്‍ ബുജയ്രിമി അലല്‍ ഖത്ത്വീബ് വാ: 3 പേ: 374).
എന്നാല്‍ യൂറോപ്യന്‍ ഫത്വാ കൗണ്‍സിലും സുഊദി പണ്ഡിതന്മാരും സൂര്യാസ്തമയം വരെ വ്രതം നിലനിര്‍ത്തണമെന്ന അഭിപ്രായക്കാരാണ്. അത് 23 മണിക്കൂര്‍ നീണ്ടുനിന്നാലും ശരി. 'രാത്രി വരെ നോമ്പ് പൂര്‍ത്തിയാക്കുക' എന്ന ഖുര്‍ആന്‍ സൂക്തപ്രകാരം പകലില്‍നിന്ന് രാത്രി വ്യതിരിക്തമാകണം എന്നതാണ് ഇവരുടെ കാഴ്ചപ്പാടിന് ആധാരം. വ്യക്തമായ പ്രമാണ പാഠമുണ്ടാകുമ്പോള്‍ ഗവേഷണ (ഇജ്തിഹാദ്)ത്തിന് ഇടമില്ല എന്ന തത്ത്വത്തിന്റെ അടിസ്ഥാനത്തില്‍ പകലും രാവും വ്യതിരിക്തമാകാത്ത അവസ്ഥയിലല്ലാതെ സമയം തിട്ടപ്പെടുത്തുന്നത് അനുവദനീയമാവുകയില്ല. പകലും രാവും വ്യതിരിക്തമാകാത്ത അവസ്ഥയിലല്ലാതെ, സമയം അളന്ന് തിട്ടപ്പെടുത്തുന്നത് അനുവദനീയമല്ല. എന്നാല്‍ ഇങ്ങനെ അഭിപ്രായപ്പെടുന്നവര്‍ തന്നെ പലരും ഇശാ നമസ്‌കാരം മഗ്രിബിനോടൊപ്പമാകാമെന്ന് പറയുന്നുമുണ്ട്. ആ നാടുകളിലെ മിക്ക മസ്ജിദുകളിലും നടപ്പിലുള്ളതും അതു തന്നെ. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഇശാ നമസ്‌കാരം ഇല്ലെന്ന് പറഞ്ഞ ഒറ്റപ്പെട്ട പണ്ഡിതാഭിപ്രായങ്ങളും വായിക്കാനിടയായിട്ടുണ്ട്. അത് പരിഗണിക്കുന്നില്ലെങ്കില്‍തന്നെയും ഇവിടെ കൂടുതല്‍ കൃത്യതയുള്ള മതവിധി താല്‍പര്യപ്പെടുന്ന ഒരു അനുഷ്ഠാന നിയമ (ഫിഖ്ഹീ) പ്രശ്നം നിലനില്‍ക്കുന്നുണ്ട്.
ഏതെങ്കിലും മതവിധിക്ക് മുന്‍ഗണന നല്‍കുക എന്നതല്ല ഇവിടെ ഉദ്ദേശ്യം; ആനുകാലിക ഫത്വാ രീതിയുടെ സങ്കീര്‍ണവശം എടുത്തുകാണിക്കുക മാത്രമാണ്. ഇത് കൂടുതല്‍ വൈകാരികമായ മറ്റു ചില വിഷയങ്ങളില്‍ കൂടി പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാം.
ഈ പ്രശ്നം ചര്‍ച്ചചെയ്യാന്‍ പടിഞ്ഞാറന്‍ നാടുകളിലെ ചില പണ്ഡിതന്മാരും അവിടത്തെ മസ്ജിദുകളിലെ ഖത്വീബുമാരും പങ്കെടുത്ത ഒരു സമ്മേളനത്തില്‍ സംബന്ധിക്കാന്‍ എനിക്കും അവസരം ലഭിക്കുകയുണ്ടായി. നോമ്പിന് ഒരു സമയം തിട്ടപ്പെടുത്താന്‍ പാടില്ലെന്നും എന്നാല്‍ ഇശാ നമസ്‌കാരം മുന്‍കൂട്ടി നിര്‍വഹിക്കാമെന്നുമായിരുന്നു ഈ സമ്മേളനത്തിലെ ഏകോപിതാഭിപ്രായം. അന്തരീക്ഷം പൊതുവെ ഈ അഭിപ്രായത്തിന് അനുകൂലമായിരുന്നു. ഈ പ്രശ്നം ഒരു ചര്‍ച്ചാ വിഷയമാക്കേണ്ട ആവശ്യം തന്നെ ഇല്ല എന്ന മനോഭാവമാണ് അവര്‍ക്കുണ്ടായിരുന്നതെന്നാണ് എനിക്ക് തോന്നിയത്. ഇങ്ങനെ നോമ്പെടുത്താല്‍ അത് ശരീരത്തെ എങ്ങനെ ബാധിക്കുമെന്ന് കണ്ടെത്തുന്നതിന് ഈ വിഷയത്തില്‍ ഒരു കൂട്ടം ഭിഷഗ്വരന്മാരുടെ കൂടി ഗവേഷണ പ്രബന്ധങ്ങള്‍ തേടാന്‍ അപ്പോള്‍ ഞാനൊരു നിര്‍ദേശം മുന്നോട്ടുവച്ചു. അതിന്റെയൊന്നും ആവശ്യമില്ലെന്നായിരുന്നു അഭിവന്ദ്യനായൊരു മതപണ്ഡിതന്റെ അഭിപ്രായം. നോമ്പ് പൂര്‍ത്തിയാക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ അതവസാനിപ്പിച്ച് മറ്റൊരു ദിവസം നോമ്പെടുത്താല്‍ മതി എന്നായിരുന്നു അദ്ദേഹത്തിന് പറയാനുണ്ടായിരുന്നത്. എന്റെ നിര്‍ദേശം ഒട്ടും പരിഗണിച്ചില്ലെന്നു തോന്നാതിരിക്കാനാകാം ആ നാട്ടില്‍ താമസിക്കുന്ന ഒരു മുസ്ലിം ഡോക്ടറുമായി അവര്‍ ബന്ധപ്പെട്ടു. അതിലൊരു ദോഷവുമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെയും പ്രതികരണം. ദൈവം നമ്മുടെ മേല്‍ നിര്‍ബന്ധമാക്കിയ ഒരു അനുഷ്ഠാനത്തില്‍ എങ്ങനെയാണ് ദോഷസാധ്യത നാം സംശയിക്കുക? - അദ്ദേഹം ചോദിച്ചു.
വൈദ്യശാസ്ത്ര പഠനത്തിന്റെ അടിസ്ഥാനത്തിലല്ല ആ അഭിപ്രായപ്രകടനമെന്ന് വ്യക്തം. ഒരു മതപണ്ഡിതന്റെ ഭാഷയിലാണ് അദ്ദേഹവും സംസാരിച്ചത്. ഒരു ഡോക്ടര്‍, അല്ലെങ്കില്‍ ഗോളശാസ്ത്രകാരന്‍ താന്‍ പഠിച്ച വിഷയം വിട്ട് മതപണ്ഡിതന്റെ ഭാഷയില്‍ സംസാരിക്കുക. അത് മറ്റൊരു പ്രശ്നമാണ്. തന്റെ അഭിപ്രായത്തിന് ശാസ്ത്രീയ പിന്തുണ കിട്ടി എന്ന ഭാവത്തില്‍ ആദ്യം സംസാരിച്ച പണ്ഡിതന് ഈ അഭിപ്രായപ്രകടനം ആഹ്ലാദത്തിന് വകനല്‍കി. ബോധപൂര്‍വമല്ലെങ്കിലും ഫലത്തില്‍ സംഭവിക്കുന്നത് തട്ടിപ്പും ശരിയായ പാതയില്‍നിന്നുള്ള വ്യതിചലനവുമാണ്. 
ഈ സമ്മേളനത്തിനു ശേഷം കണ്‍സള്‍ട്ടിംഗ് ഭിഷഗ്വരനും എന്റെ സ്നേഹിതനുമായ അള്‍ജീരിയക്കാരന്‍ ഡോ. അബ്ദുന്നാസിറിനെ ഞാന്‍ ബന്ധപ്പെട്ടു. ഖത്തറിലെ വിദഗ്ധ മെഡിക്കല്‍ ബോര്‍ഡിലെ അംഗമാണദ്ദേഹം. ഈ വിഷയത്തില്‍ ശാസ്ത്രീയവും നിഷ്പക്ഷവുമായ പഠനം നടത്താന്‍ ഞാന്‍ അദ്ദേഹത്തോട് അപേക്ഷിച്ചു. കുറച്ചധികം കാലത്തിനു ശേഷം താന്‍ ഈ വിഷയത്തില്‍ വിശ്വസനീയമായ വൈദ്യസ്രോതസ്സുകളെ അവലംബിച്ച് നടത്തിയ പഠനത്തിന്റെ ഫലം അദ്ദേഹം എന്നെ അറിയിച്ചു. പല ദിവസങ്ങള്‍ 20 മണിക്കൂര്‍ ആഹാരം ഉപേക്ഷിച്ചാല്‍ അത് സന്ധികളെ ബാധിക്കുകയും പൊട്ടലിനിടയാക്കുകയും ചെയ്യുമെന്നാണ് അദ്ദേഹം പറഞ്ഞത്. ഇങ്ങനെ പട്ടിണി കിടന്ന് അധ്വാനിക്കുക കൂടി ചെയ്താല്‍ അപകടാവസ്ഥ കൂടുമെന്നും അദ്ദേഹം പറഞ്ഞു.
ഇക്കാര്യം വടക്കന്‍ യൂറോപ്പിലെ ബന്ധപ്പെട്ട മതപണ്ഡിതനെ ഞാന്‍ അറിയിച്ചു. പക്ഷേ, അദ്ദേഹത്തില്‍നിന്ന് ഒരു പ്രതികരണവും എനിക്ക് ലഭിച്ചില്ല. ഏതാനും മാസങ്ങള്‍ക്കു  ശേഷം യാദൃഛികമായി ഈ മതപണ്ഡിതന്മാരിലൊരാളുമായി സന്ധിക്കാനിടയായി. 'ഞങ്ങളുടെ മറുപടി വ്യക്തമാണ്. ആര്‍ക്കെങ്കിലും ബുദ്ധിമുട്ട് തോന്നുകയാണെങ്കില്‍ നോമ്പ് അവസാനിപ്പിച്ച് അയാള്‍ മറ്റൊരു ദിവസം പകരം നോമ്പെടുത്തുകൊള്ളട്ടെ. അത്രതന്നെ' - ഇതായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
'ശൈഖേ, വിഷയം ബുദ്ധിമുട്ടിന്റെയോ സഹനത്തിന്റെയോ ഒന്നുമല്ല. നോമ്പെടുക്കുന്നവനെ അറിയാതെ ബാധിക്കുന്ന ശാരീരിക വിനയാണ്. അതൊരു പൊതുവിനയാണ്. ഇത് നിങ്ങള്‍ ജനങ്ങള്‍ക്ക് വിശദീകരിച്ചുകൊടുക്കാറുണ്ടോ? നോമ്പ് ഉപേക്ഷിച്ച് മറ്റൊരു ദിവസം എടുക്കാന്‍ എല്ലാവര്‍ക്കും  നിങ്ങള്‍ ഫത്വ നല്‍കാറുണ്ടോ?' അദ്ദേഹം ഒന്നും മിണ്ടാതെ പോയി.
ഭക്തിമൂലം മറ്റ് വശങ്ങളൊക്കെ അവഗണിച്ച് ഇക്കൂട്ടര്‍ ഉയര്‍ത്തിപ്പിടിക്കുന്ന പ്രമാണപാഠം ഇനി പരിശോധിക്കാം. 'പിന്നീട് നിങ്ങള്‍ രാത്രിവരെ നോമ്പ് പൂര്‍ത്തിയാക്കുക' എന്ന ഖുര്‍ആന്‍ സൂക്തമാണല്ലോ അത്. ഇവിടെ ചില ചോദ്യങ്ങളുണ്ട്. ഒരു ഫത്വ നല്‍കുകയല്ല ഇവിടെ ഉദ്ദേശ്യം. ഖുര്‍ആന്‍ രാത്രി എന്ന് പറയുന്ന അതേ രാത്രി തന്നെയാണോ അവിടത്തെ രാത്രി? പുതച്ചുറങ്ങാനുള്ള ഉടുപ്പ്, ശാന്തമായി വിശ്രമിക്കാനുള്ള വേള എന്നൊക്കെ രാത്രിയെ ഖുര്‍ആന്‍ വിശേഷിപ്പിക്കുന്നുണ്ട്. അതിന് പല അവസ്ഥാന്തരങ്ങളും വ്യത്യസ്ത സമയങ്ങളുമുണ്ട്. അസ്തമയം, അന്തിച്ചുവപ്പ്, ഇരുട്ട്, അന്ത്യയാമം അങ്ങനെ പല അവസ്ഥകള്‍. പകലിന്റെ വിപരീതമായ രാത്രി ഇതൊക്കെയുള്ളതാണ്. ഒന്നോ രണ്ടോ മണിക്കൂര്‍ മാത്രം നീണ്ടുനില്‍ക്കുന്ന രാത്രിക്ക് ഈ നാമകരണം സാധുവാകുമോ? ചിലപ്പോള്‍ അതില്‍ ഇരുട്ടേ ഉണ്ടായിക്കൊള്ളണമെന്നില്ല. ചക്രവാളത്തില്‍ തന്നെ സൂര്യന്‍ നില്‍ക്കുന്നുണ്ടാകും.
നാമവും നാമതാവും തമ്മിലുള്ള ബന്ധം ഭാഷാപരമായ ചര്‍ച്ചയുടെ പരിധിയില്‍ വരുന്നതാണ്. അതുപോലെ തന്നെ നിയമപരമായ-ഫിഖ്ഹി- ചര്‍ച്ചയുടെ കീഴിലും അത് വരും. ദശക്കണക്കില്‍ പ്രായോഗിക പ്രശ്നങ്ങള്‍ അതിന്റെ അടിസ്ഥാനത്തില്‍ ആവിഷ്‌കാരം കൊണ്ടിട്ടുണ്ട്. നമ്മുടെ പൂര്‍വികരായ പണ്ഡിതന്മാര്‍ അതൊക്കെ വിസ്തരിച്ചു ചര്‍ച്ചചെയ്തതായും കാണാം. അതില്‍പെട്ടതാണ് 'കൂടുതലുണ്ടായാല്‍ അതിന് മുഴുവത്തിന്റെയും വിധിയാണ്' എന്ന തത്ത്വം. ഇതു പ്രകാരം മൃതശരീരത്തിന്റെ അധികഭാഗങ്ങളും ലഭ്യമാണെങ്കില്‍ അത് കുളിപ്പിക്കല്‍ നിര്‍ബന്ധമാകും. കുറച്ചോ പാതിയോ മാത്രമേ കിട്ടിയിട്ടുള്ളൂവെങ്കില്‍ കുളിപ്പിക്കേണ്ടതില്ല.
പകലിന്റെ വിഭജിത ഭാഗമാണ് രാത്രിയെന്ന് ഇവിടെ പറഞ്ഞുകൂടേ? അപ്പോള്‍ അതിനു കണക്കാക്കേണ്ട സമയം 12 മണിക്കൂറാണ്. അതില്‍ 7 മണിക്കൂര്‍ പോയാല്‍ പിന്നീടതിന് രാത്രി എന്ന സംജ്ഞക്ക് പ്രസക്തിയില്ലാതായി. കമ്മട്ടത്തിലുള്ള സമയമാപനമായിരിക്കരുത്, ശാസ്ത്രീയാടിത്തറയുള്ള മാപനമായിരിക്കണം നാം സ്വീകരിക്കേണ്ടത്.
ഖുര്‍ആന്റെ ഭാഷയിലുള്ള രാപ്പകലുകള്‍ക്ക് അവയുടേതായ വിശേഷണങ്ങളും മതപരവും ലൗകികവുമായ ധര്‍മങ്ങളുമുണ്ട്. 'അന്ത്യയാമങ്ങളില്‍ അവര്‍ ദൈവത്തോട് പാപമോചനം തേടുന്നു'  എന്ന് ഖുര്‍ആനില്‍ കാണാം. വ്രതരാവുകളില്‍ നിങ്ങള്‍ക്ക് സ്ത്രീസംസര്‍ഗം അനുവദനീയമാണെന്നത് മറ്റൊരു ഖുര്‍ആന്‍ സൂക്തമാണ്. 'വെള്ളിയാഴ്ച പന്ത്രണ്ട് മണിയാണ്', അതായത് പന്ത്രണ്ട് മണിക്കൂറാണെന്ന് അബുദാവൂദ് ഉദ്ധരിച്ച ഒരു ഹദീസാണ്.
ഖുര്‍ആനും ഹദീസുകളും പരാമര്‍ശിക്കുന്നത് സാധാരണ രാപ്പകലുകളെ കുറിച്ചാണെന്നത് വ്യക്തം, അറബികള്‍ അക്കാലത്ത് കേട്ടിട്ടില്ലാത്ത അസാധാരണ അവസ്ഥകളെക്കുറിച്ചല്ല.
സത്യത്തില്‍ നമുക്ക് ഒരു രീതിശാസ്ത്രത്തിന്റെ കുറവുണ്ട്. പല പ്രശ്നങ്ങള്‍ക്കും യഥാര്‍ഥ  ഇസ്ലാമിക പരിഹാരം നിര്‍ദേശിക്കുന്നതില്‍ നാം പരാജയപ്പെട്ടിരിക്കുകയാണ്.

(ഇറാഖി പണ്ഡിതനും ഗ്രന്ഥകാരനുമാണ് ലേഖകന്‍). 
വിവ: വി.എ.കെ

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-37 / അസ്സ്വാഫ്ഫാത്ത (161-170)
ടി.കെ ഉബൈദ്‌