Prabodhanm Weekly

Pages

Search

2012 ഏപ്രില്‍ 21

ഗവേഷകര്‍ക്ക് വേണ്ടത് കോളനിവത്കരിക്കപ്പെടാത്ത സ്വതന്ത്ര മനസ്സ്‌

ഡോ. സയ്യിദ് ഫരീദ് അത്താസ്‌

വിജ്ഞാനത്തിന്റെ അപകോളനീകരണത്തെക്കുറിച്ചെഴുതിയ ആദ്യത്തെ പണ്ഡിതരിലൊരാളായിരുന്നു താങ്കളുടെ പിതാവ് സയ്യിദ് ഹുസൈന്‍ അല്‍ അത്താസ്. താങ്കളുടെ മാതുലന്‍ സയ്യിദ് നഖീബ് അല്‍ അത്താസാവട്ടെ 'ഇസ്‌ലാമും മതേതരത്വവും' പോലുള്ള മൗലിക രചനകള്‍ കൊണ്ട് മുസ്‌ലിം ലോകത്തിന്റെ ആധുനിക ജ്ഞാനശാസ്ത്ര മേഖലയില്‍ പുതിയ വഴികള്‍ തുറന്നു. യൂറോ കേന്ദ്രിത വൈജ്ഞാനികതക്കെതിരായ താങ്കളുടെ ധൈഷണിക നിലപാടുകള്‍ രൂപീകരിക്കുന്നതില്‍ പിതാവിന്റെയും മാതുലന്റെയും സ്വാധീനം വിശദീകരിക്കാമോ?
ധൈഷണികരംഗത്ത് പടിഞ്ഞാറിനെ വിമര്‍ശനമില്ലാതെ പിന്തുടരുകയും അനുകരിക്കുകയും ചെയ്യുന്നതിനെ വളരെക്കാലം മുമ്പേ എതിര്‍ത്തയാളായിരുന്നു എന്റെ പിതാവ്. 1970-കളില്‍ 'തടവിലകപ്പെട്ട മനസ്സ്' (captive mind) എന്ന ആശയത്തെ മുന്‍നിര്‍ത്തി അദ്ദേഹം ധാരാളമായി എഴുതുകയും പ്രസംഗിക്കുകയും ചെയ്തിരുന്നു. 'ദ മിത്ത് ഓഫ് ദ ലേസി നേറ്റീവ്' എന്ന തന്റെ ഏറ്റവും പ്രധാന കൃതിയില്‍ അദ്ദേഹമത് പ്രയോഗതലത്തിലെത്തിച്ചു. മലായരെയും ഫിലിപ്പീനികളെയും ജാവദ്വീപുകാരെയും അലസന്മാരായി കൊളോണിയല്‍ ദൃഷ്ടി കണ്ടതിനോടുള്ള വിമര്‍ശമായിരുന്നു ആ പുസ്തകം. ഓറിയന്റലിസത്തിന്റെ പ്രശ്‌നങ്ങളെ അപഗ്രഥിക്കുന്ന എഡ്വേര്‍ഡ് സൈദിന്റെ സുപ്രസിദ്ധ പുസ്തകത്തില്‍ എന്റെ പിതാവിന്റെ പഠനത്തെപ്പറ്റി പറയാന്‍ ഏതാനും പേജുകള്‍ നീക്കിവെച്ചിട്ടുണ്ട്. ചുരുക്കത്തില്‍, ഞാന്‍ വലുതായി വരുമ്പോള്‍, വീട്ടിലെ അന്തരീക്ഷം അപകോളനീകരണ മനഃസ്ഥിതിയെ സഹായിക്കുന്നതായിരുന്നു. പടിഞ്ഞാറിനെ അന്ധമായി അനുകരിക്കുന്നതിനെ പുഛിച്ചിരുന്നുവെങ്കിലും പിതാവ് പാശ്ചാത്യവിരുദ്ധനായിരുന്നില്ല. പല പടിഞ്ഞാറന്‍ ചിന്തകരുടെയും ആരാധകനായിരുന്നു അദ്ദേഹം. എങ്കിലും, ആശയങ്ങളുടെയും സംസ്‌കാരത്തിന്റെയും കാര്യത്തില്‍ പടിഞ്ഞാറിനോടുള്ള ദാസ്യമനോഭാവത്തെയും വിമര്‍ശരഹിതമായ അനുകരണത്തെയും അദ്ദേഹം ശക്തമായി എതിര്‍ത്തു.
ഓറിയന്റലിസത്തിന്റെ കുഴപ്പങ്ങള്‍ തന്നെയാണ് അമ്മാവന്റെയടുത്തുനിന്നും ഞാന്‍ പഠിച്ചത്. കൗമാരകാലത്ത് അദ്ദേഹത്തെ സന്ദര്‍ശിച്ചപ്പോഴൊക്കെ, ഓറിയന്റലിസ്റ്റുകളെ വിമര്‍ശിച്ചുള്ള സംസാരം എന്റെ ശ്രദ്ധയില്‍ പെട്ടിരുന്നു. തീര്‍ച്ചയായും അന്നത് എനിക്ക് മനസ്സിലായിട്ടുണ്ടായിരുന്നില്ല. സര്‍വകലാശാലയിലെത്തിയപ്പോഴാണ് അദ്ദേഹം എന്താണ് പറയുന്നതെന്നെനിക്ക് മനസ്സിലായത്. ഇസ്‌ലാമിനെക്കുറിച്ചുള്ള അവരുടെ വിലയിരുത്തല്‍ മുസ്‌ലിംകളുടേതില്‍ നിന്ന് എങ്ങനെ, എന്തുകൊണ്ട് വ്യത്യസ്തമായി എന്നാണദ്ദേഹം പറഞ്ഞിരുന്നത്. ഓറിയന്റലിസത്തിന്റെ പ്രശ്‌നങ്ങളെ പഠിക്കാന്‍ അതുവഴി ഞാന്‍ പ്രചോദിതനായി. എന്റെ പിതാവ് ബദല്‍ സാമൂഹികശാസ്ത്രം പ്രയോഗത്തില്‍ കൊണ്ടുവന്നയാളാണ്. സ്വന്തം പുസ്തകത്തില്‍, ഇബ്‌നു ഖല്‍ദൂന്റെ സിദ്ധാന്തങ്ങളുപയോഗിച്ചാണദ്ദേഹമത് ചെയ്തത്. അങ്ങനെയാണ് ഇബ്‌നു ഖല്‍ദൂനില്‍ എനിക്കും താല്‍പര്യമുണ്ടായത്. ചെറുപ്പം തൊട്ടേ ഞാനാ പേര് കേട്ടിരുന്നു. അന്നേ അതിഷ്ടമായെങ്കിലും സര്‍വകലാശാലയിലെത്തി ഗൗരവ വായനക്ക് വിധേയമാക്കും വരെ ഞാനദ്ദേഹത്തെ മനസ്സിലാക്കിയിരുന്നില്ല. ഇബ്‌നു ഖല്‍ദൂനില്‍ ഞാന്‍ ആകൃഷ്ടനാവുകയും ലേഖനങ്ങളും പുസ്തകങ്ങളും എഴുതുകയും ചെയ്തു. എന്നെ സംബന്ധിച്ച്, ഇബ്‌നു ഖല്‍ദൂന്റെ പ്രാധാന്യം, പടിഞ്ഞാറന്‍ സാമൂഹിക ശാസ്ത്രത്തിന്റെ കേവല വിമര്‍ശനത്തിനപ്പുറം ബദല്‍ സാമൂഹിക ശാസ്ത്രത്തെ രൂപപ്പെടുത്താന്‍ അദ്ദേഹത്തിന്റെ ചിന്തകള്‍ സഹായിക്കുന്നു എന്നതാണ്. ഖല്‍ദൂനിയന്‍ സാമൂഹികശാസ്ത്രമെന്ന് ഇതിനെ വിളിക്കാവുന്നതാണ്.

വിജ്ഞാനത്തിന്റെ അപകോളനീകരണം എന്നു പറയുന്നതും വിജ്ഞാനത്തിന്റെ തദ്ദേശീയവത്കരണം (indegenisation) എന്നു പറയുന്നതും ഒരേ കാര്യമാണോ?
വിജ്ഞാനത്തിന്റെ അപകോളനീകരണമെന്ന സംജ്ഞയെ ശരിയായി ഉള്‍ക്കൊള്ളുന്നതില്‍ ആളുകള്‍ക്ക് പ്രയാസമുള്ളതായി ഞാന്‍ മനസ്സിലാക്കുന്നു. ശാസ്ത്രീയമോ സാമ്പ്രദായികമോ ആയ രീതിയില്‍ ആരുമത് നിര്‍വചിച്ചിട്ടില്ല. നമ്മുടെ മനസ്സ് നാനാമാര്‍ഗങ്ങളിലൂടെ കോളനിവത്കരിക്കപ്പെട്ടിരിക്കുകയാണ് എന്നും അതിനെയും അതിന്റെ പ്രവര്‍ത്തനങ്ങളെയും അതില്‍നിന്ന് മോചിപ്പിക്കേണ്ടതുണ്ടെന്നുമാണ് വിജ്ഞാനത്തിന്റെ അപകോളനീകരണം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ലളിതമായി പറയാം. വിജ്ഞാനത്തിന്റെ അപകോളനീകരണം എന്ന പ്രയോഗം ധാരാളമാളുകള്‍ ഇന്ന് ഉപയോഗിക്കുന്നില്ല. മറ്റു പല പ്രയോഗങ്ങളുമാണ് ഉപയോഗിക്കുന്നതെങ്കിലും ഒരേ കാര്യമാണ് അവ പങ്കുവെക്കുന്നത്. മനസ് കോളനീകരിക്കപ്പെട്ടിട്ടില്ല എന്നു വിചാരിക്കുന്ന ചിന്തകര്‍ പ്രതീകാത്മകമായ അര്‍ഥത്തിലുള്ള അപകോളനീകരണത്തെക്കുറിച്ച് സംസാരിക്കുന്നു. പടിഞ്ഞാറന്‍ സാമൂഹികശാസ്ത്ര ശാഖകളുടെ മേല്‍ക്കോയ്മക്കെതിരെ പലതരം ബദലുകളെ വികസിപ്പിച്ചെടുക്കുന്ന നിരവധി പ്രസ്ഥാനങ്ങള്‍ മൂന്നാം ലോകത്ത് പലേടങ്ങളിലുമുണ്ട്. ചിലര്‍ അതിനെ വിജ്ഞാനത്തിന്റെ അപകോളനീകരണം എന്നു വിളിക്കുന്നു. ചിലര്‍ തദ്ദേശീയവത്കരണമെന്നും. മറ്റു ചിലര്‍ ദേശീയവത്കരണമെന്നു പറയും. ചില മുസ്‌ലിം വൃത്തങ്ങളില്‍ വിജ്ഞാനത്തിന്റെ ഇസ്‌ലാമീകരണം എന്ന് ഇതറിയപ്പെടുന്നു. അറിവിന്റെ അപപാശ്ചാത്യവത്കരണമാണിവിടെ ഉദ്ദേശ്യം. ക്രൈസ്തവര്‍ക്ക് ക്രിസ്ത്യന്‍ സാമൂഹികശാസ്ത്രശാഖകള്‍ ഉണ്ട്. സൂക്ഷ്മാര്‍ഥത്തില്‍, വൈജ്ഞാനിക ബദലുകളെക്കുറിച്ചുള്ള ഈ വ്യത്യസ്ത ആശയങ്ങളെല്ലാം ഒരേ കാര്യമല്ല. ഉദാഹരണത്തിന്, സാമൂഹികശാസ്ത്രത്തിന്റെ തദ്ദേശീയവത്കരണം കൊണ്ട് തായ്‌വാനികള്‍ ഉദ്ദേശിക്കുന്നതല്ല ഇന്ത്യക്കാരും ഫിലിപ്പീനികളും ആ പ്രയോഗം കൊണ്ടര്‍ഥമാക്കുന്നത്. ഇവയൊക്കെ പലപ്പോഴും അമൂര്‍ത്തവും അവ്യക്തവുമാണ്. മിക്കവാറും സന്ദര്‍ഭങ്ങളിലെ പ്രശ്‌നം, ആളുകള്‍ വിജ്ഞാനത്തിന്റെ തദ്ദേശവത്കരണത്തെക്കുറിച്ച് സംസാരിക്കുക മാത്രം ചെയ്യുന്നു, പ്രയോഗത്തില്‍ വരുത്തുന്നില്ല എന്നതാണ്. എന്താണിതുകൊണ്ടര്‍ഥമാക്കുന്നത് എന്നതിനെപ്പറ്റി സുവ്യക്തത സൃഷ്ടിക്കുകയാണ് ആദ്യം വേണ്ടത്. തദ്ദേശവത്കരണം എന്നതിനര്‍ഥം പാശ്ചാത്യ സാമൂഹികശാസ്ത്രശാഖകളെയും പാശ്ചാത്യ സങ്കല്‍പങ്ങളെയും നിരാകരിക്കുക എന്നതാണോ? ജ്ഞാനശാസ്ത്രത്തിന്റെയോ രീതിശാസ്ത്രത്തിന്റെയോ സിദ്ധാന്തങ്ങളുടെയോ തലത്തില്‍ നേരിടേണ്ട വെല്ലുവിളിയാണോ അത്? തദ്ദേശവത്കരണത്തിന്റെ ആവശ്യകതയെക്കുറിച്ച് സംസാരിക്കുന്നവര്‍ ഇത്തരം കാര്യങ്ങള്‍ക്കു മീതെ പണിയെടുക്കേണ്ടതുണ്ട്.

എന്നുവെച്ചാല്‍, വിജ്ഞാനത്തിന്റെ അപകോളനീകരണം എന്നത് ഇപ്പോഴും ഒരു ആശയം എന്ന തലത്തില്‍ നിലനില്‍ക്കുകയും പ്രയോഗരഹിതമായി തുടരുകയും ചെയ്യുന്നു എന്നാണോ? ഗവേഷണ മേഖലയില്‍ പടിഞ്ഞാറിനു മേല്‍ കിഴക്കിനുള്ള സ്ഥാപനപരവും സൈദ്ധാന്തികവുമായ ആശ്രിതത്വത്തെപ്പറ്റി താങ്കള്‍ എഴുതിയിട്ടുണ്ട്. അതിന്റെ പശ്ചാത്തലത്തില്‍, ഒരു മൂന്നാം ലോക ഗവേഷകന്‍ അക്കാദമിക സാമ്രാജ്യത്വത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഏതുതരം തന്ത്രം പ്രയോഗിക്കണമെന്നാണ് താങ്കള്‍ നിര്‍ദേശിക്കുക?
മൂന്നാം ലോകത്തെ ഗവേഷകര്‍ക്ക് പ്രത്യേകമായ തന്ത്രം (strategy) വേണെന്നു തോന്നുന്നില്ല. നിങ്ങളുടെ മനസ്സ് കോളനീകരിക്കപ്പെട്ടിട്ടില്ലെങ്കില്‍, പ്രശ്‌നത്തെക്കുറിച്ച് നിങ്ങള്‍ ബോധവാനാണെങ്കില്‍, നിങ്ങള്‍ക്ക് സ്വതന്ത്ര മനസ്സോടു കൂടി ഗവേഷണം നടത്താം. ഉദാഹരണത്തിന്, എന്റെ ഇബ്‌നു ഖല്‍ദൂനെ പറ്റിയുള്ള പ്രബന്ധത്തില്‍, അദ്ദേഹത്തിന്റെ എഴുത്തുകളില്‍നിന്ന് ഒരു സൈദ്ധാന്തിക അച്ചുകൂടം ഞാന്‍ വികസിപ്പിച്ചെടുത്തു. ചിലയിടങ്ങളില്‍ ആ അച്ചുകൂടത്തിനെ തന്നെയും വിമര്‍ശനാത്മകമായി കാണുകയും പാശ്ചാത്യ സാമൂഹികശാസ്ത്രത്തില്‍ നിന്ന് സങ്കല്‍പങ്ങള്‍ വികസിപ്പിച്ചെടുക്കുകയും ചെയ്തു. രാഷ്ട്രങ്ങളുടെ ഉത്ഥാനപതനങ്ങളെപ്പറ്റി അദ്ദേഹത്തിനൊരു സിദ്ധാന്തമുണ്ട്. മിക്ക ആശയങ്ങളും വളരെ പ്രസക്തവും അനുപമവുമാണ്. പക്ഷേ, അദ്ദേഹം സമ്പദ്ഘടനയെക്കുറിച്ച് സംസാരിക്കുന്നില്ല എന്നതാണ് പ്രശ്‌നം. ഒരു സാമ്പത്തിക ശൂന്യതയില്‍ നിന്നാണദ്ദേഹം സംസാരിക്കുന്നതെന്നു തോന്നും. വളരെ ലളിതവത്കൃതമായ സമ്പദ്ഘടനയാണദ്ദേഹം ഉപയോഗിച്ചത്. അപ്പോള്‍, ആധുനിക സാമൂഹികശാസ്ത്ര ശാഖകളില്‍ നിന്ന് ആശയങ്ങളെ നമ്മള്‍ സ്വീകരിക്കേണ്ടിവരും. ഉദാഹരണത്തിന് മാര്‍ക്‌സിസവും അതിന്റെ ഉല്‍പാദന രീതിസിദ്ധാന്തവും ഖല്‍ദൂന്റെ മാതൃകയുമായി കൂട്ടിയിണക്കാനാകും. നിങ്ങള്‍ക്കങ്ങനെ ഖല്‍ദൂനിയന്‍ സിദ്ധാന്തത്തെ ശക്തിപ്പെടുത്താം.
ഇക്കാര്യങ്ങള്‍ വ്യക്തികള്‍ക്ക് ഒറ്റക്കോ കൂട്ടായോ ചെയ്യാം. ഒരു അക്കാദമിക സ്ഥാപനവും അത് നിങ്ങളോട് ആവശ്യപ്പെടണമെന്നില്ല. പക്ഷേ, എന്റെ സ്ഥാപനം അനുവദിക്കുന്നേടത്തോളം എനിക്കിതു ചെയ്യാനാകും. നിങ്ങള്‍ക്ക് എഴുതുകയും മറ്റുള്ളവരുടെ അംഗീകാരം നേടുകയും ചെയ്യാം. പ്രശ്‌നം അതല്ല. നിങ്ങള്‍ ചെയ്യുന്ന ഈ ഗവേഷണരീതി അക്കാദമികമായി മറ്റാരും പിന്തുടരുന്നില്ല എന്നതാണ്. ഞാനീമേഖലയില്‍ കുറേ ഗവേഷണങ്ങള്‍ നടത്തുകയും പല ഭാഷകളിലേക്കും അവ വിവര്‍ത്തനം ചെയ്തിട്ടുമുണ്ട്. പക്ഷേ, എന്റെ ഏതാനും വിദ്യാര്‍ഥികളിലല്ലാതെ, ഞാന്‍ പഠിപ്പിക്കുന്ന സര്‍വകലാശാലയില്‍ അതൊരു സ്വാധീനവുമുണ്ടാക്കുന്നില്ല. പാഠ്യപദ്ധതി മാറ്റമില്ലാതെ തുടരുന്നു. യഥാസ്ഥിതി നിലനില്‍ക്കുന്നു. ഇത്തരം പഠനങ്ങള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തുനോക്കൂ. ഇവിടത്തെ ഏതെങ്കിലും സര്‍വകലാശാലയെ അത് സ്വാധീനിക്കുമോ? അവരെല്ലാവരും ലോകത്തിലെ സര്‍വകലാശാലാ റാങ്കിംഗില്‍ ഏറ്റവും മികച്ചതായി അംഗീകരിക്കപ്പെടുന്ന സ്ഥാപനങ്ങളെയാണ് പിന്തുടരുന്നത്. ആ പട്ടികയില്‍ പെടുകയാണവരുടെ ലക്ഷ്യം. നമ്മുടെ വൈസ്ചാന്‍സലര്‍മാര്‍ക്ക് ഗൗരവമുള്ളതും മൗലികമായതുമായ ഗവേഷണത്തിലല്ല താല്‍പര്യം, അന്തര്‍ദേശീയ റാങ്കിംഗില്‍ മാത്രമാണ്. മികച്ച പാശ്ചാത്യ സര്‍വകലാശാലകളെ മാതൃകയാക്കി പ്രവര്‍ത്തിക്കുമ്പോള്‍, നിങ്ങള്‍ക്കൊരിക്കലും അക്കാദമിക ആശ്രിതത്വത്തെ തകര്‍ക്കാന്‍ കഴിയില്ല. പക്ഷേ, നിരവധി സര്‍വകലാശാലകള്‍ അക്കാദമിക സ്വാതന്ത്ര്യം കൊടുക്കുന്നുണ്ട്. ബദല്‍ വ്യവഹാരങ്ങള്‍ നിങ്ങള്‍ക്കു വികസിപ്പിച്ചെടുക്കാം. സമകാലീന സാമൂഹികശാസ്ത്ര ശാഖകളില്‍ ഏറ്റവും തെളിമയുറ്റ ബദല്‍ ശബ്ദങ്ങളെ വളര്‍ത്തിയെടുത്ത ഒരു നാട് ഇന്ത്യയാണ്. സബാള്‍ട്ടേണ്‍ സ്റ്റഡീസും സുധീര്‍ കാക്കറെയും ആഷിസ് നന്ദിയെയും പോലുള്ള പണ്ഡിതരും അതിനു തെളിവാണ്.

അക്കാദമിക ആശ്രിതത്വത്തിനെതിരായ പഠനങ്ങളോട് താങ്കളുടെ മേഖലയിലെ അക്കാദമിക ഭരണനിര്‍വാഹകര്‍ എങ്ങനെയാണ് പ്രതികരിച്ചത്? ഭരണനിര്‍വാഹകര്‍ക്കല്ലേ ഇതില്‍ കൂടുതല്‍ മാറ്റം വരുത്താനാവുക?
അതെ. പക്ഷേ, അവര്‍ക്കതില്‍ താല്‍പര്യമില്ല എന്നതാണ് സത്യം. എന്റെ സര്‍വകലാശാലയില്‍ ഒരു അഡ്മിനിസ്‌ട്രേറ്ററും ഒരിക്കല്‍ പോലും എന്റെ പുസ്തകങ്ങള്‍ ചര്‍ച്ചക്കെടുത്തിട്ടില്ല. ഏതാനും സഹപ്രവര്‍ത്തകരുടെ ചര്‍ച്ചകള്‍ ഒഴിച്ചാല്‍, വകുപ്പധ്യക്ഷന്മാരോ പാഠ്യപദ്ധതി വികസനത്തില്‍ പങ്കാളിത്തമുള്ളവരോ ഭരണകര്‍ത്താക്കളോ ഒരിക്കല്‍ പോലും ഈ ആശയങ്ങളില്‍ താല്‍പര്യം കാണിച്ചിട്ടില്ല.

അക്കാദമികമായ ഔന്നത്യങ്ങളിലിരിക്കുന്നവര്‍ക്കു പോലും ഈ മണ്ഡലത്തില്‍ അവബോധക്കുറവുണ്ട് എന്നാണോ ഇതിനര്‍ഥം? അതോ അവര്‍ നിലവിലെ സ്ഥിതിയില്‍ സംതൃപ്തരാണോ?
പ്രശ്‌നമെന്താണന്നവര്‍ കാണുന്നില്ല. എന്നെപ്പോലുള്ളവരുണ്ടെന്ന് അവര്‍ക്കറിയാം. ഞങ്ങള്‍ കൊളോണിയല്‍ കാലത്ത് കുടുങ്ങിപ്പോയവരാണെന്ന് അവര്‍ വിചാരിക്കുന്നു. ലോകം ഈ പ്രശ്‌നത്തെ മറികടന്നുപോന്നിട്ടുണ്ടെന്നും ഇപ്പോഴാരും അനുകര്‍ത്താക്കളല്ലെന്നും അതുകൊണ്ട് ഇത്തരം വിമര്‍ശങ്ങള്‍ ഇനിയും പ്രസക്തമല്ലെന്നുമാണ് അവരുടെ നിലപാട്.

അപകോളനീകരണ പദ്ധതിയുടെ വിപുല പശ്ചാത്തലത്തില്‍, 'വിജ്ഞാനത്തിന്റെ ഇസ്‌ലാമീകരണം' പദ്ധതിയെ താങ്കള്‍ എങ്ങനെയാണ് വിലയിരുത്തുന്നത്? പ്രത്യേകിച്ചും ഇസ്മാഈല്‍ രാജി ഫാറൂഖിയുടെ നേതൃത്വത്തില്‍ വന്ന ധാരയെ?
പാശ്ചാത്യ ജ്ഞാനാധികാര മേധാവിത്വത്തോടുണ്ടായ ഒരു തീവ്രപ്രതികരണമായിട്ടാണ് ഞാനതിനെ കാണുന്നത്. ഒരുതരം പ്രാദേശികവാദമായിരുന്നു അത്. പാശ്ചാത്യവിജ്ഞാനീയങ്ങളില്‍ വൈദഗ്ധ്യമോ ഗൗരവമോ അതിനുണ്ടായിരുന്നില്ല. ഈ ആശയം അവര്‍ മുന്നോട്ടുവെച്ചപ്പോള്‍, നിലവിലെ പാശ്ചാത്യ വിജ്ഞാനീയങ്ങളില്‍ അവര്‍ക്ക് അവഗാഹമില്ലായിരുന്നു. പാശ്ചാത്യ സാമൂഹികശാസ്ത്ര ശാഖകളുടെ സൈദ്ധാന്തിക പാരമ്പര്യങ്ങളില്‍ ഗാഢജ്ഞാനമില്ലാതെ അതിനൊരു മികച്ച നിരൂപണം സൃഷ്ടിക്കാന്‍ പോലും നിങ്ങള്‍ക്കാവില്ല. അതേസമയം, വിജ്ഞാനത്തിന്റെ ഇസ്‌ലാമീകരണ പദ്ധതിയിലെ ഈ ധാര ഇസ്‌ലാമിക പൈതൃകത്തെയും അതിലെ വൈജ്ഞാനിക സരണിയെയും ഗൗരവത്തോടെ പരിഗണിച്ചിരുന്നുമില്ല. ചില അടിസ്ഥാന ഇസ്‌ലാമിക ആശയങ്ങളെ പാശ്ചാത്യ ജ്ഞാനത്തിലേക്ക് പ്രയോഗിച്ചുനോക്കുകയെന്ന ലളിതവത്കൃത ആശയമായിരുന്നു അവരുടേത് എന്നു തോന്നുന്നു. ജ്ഞാനശാഖകളെ ഇസ്‌ലാമീകരിക്കുന്നതിന്റെ വളരെ ഉപരിപ്ലവമായ ധാരണയായിരുന്നു അത്. ഇസ്‌ലാമിക സാമൂഹികശാസ്ത്രം, ഇസ്‌ലാമിക നരവംശശാസ്ത്രം, ഇസ്‌ലാമിക സാമ്പത്തിക ശാസ്ത്രം എന്നിങ്ങനെ.

ഇസ്‌ലാമിക സാമ്പത്തിക ശാസ്ത്രം അതില്‍ വിജയകരമായ ഒരു ശ്രമമായി കരുതിക്കൂടേ?
ഇസ്‌ലാമീകരണം പദ്ധതിയിലെ ഏറ്റവും വിജയകരമായ ശ്രമം തീര്‍ച്ചയായും സാമ്പത്തിക ശാസ്ത്രത്തിലാണുണ്ടായത്. സൈദ്ധാന്തിക ജ്ഞാനത്തെ വലിയ തോതില്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞു എന്ന അര്‍ഥത്തിലാണ് വിജയകരം എന്നു ഞാന്‍ പറയുന്നത്. ഇക്കാര്യം തന്നെ ഈ പദ്ധതിയുടെ പരാജയവും സൂചിപ്പിക്കുന്നു. എന്റെ അഭിപ്രായത്തില്‍, യാഥാസ്ഥിതിക സാമ്പത്തികശാസ്ത്രം അതിന്റെ എല്ലാ പിഴവുകളോടെയും ഇസ്‌ലാമിക പദാവലികളുടെ കുപ്പായമിട്ടതാണ് ഇസ്‌ലാമിക സാമ്പത്തികശാസ്ത്രം. എല്ലാ പിഴവുകളോടെയും എന്നു പറയുമ്പോള്‍, അതിന്റെ ബൂര്‍ഷ്വാ പ്രകൃതവും കൂടി ചേര്‍ത്തിട്ടാണ് പറയുന്നത്. യാഥാസ്ഥിതിക സാമ്പത്തിക ശാസ്ത്രം മുതലാളിത്തത്തിന്റെ ഉല്‍പന്നമാണ്. അതൊരിക്കലും മുതലാളിത്തത്തോട് എതിര്‍പ്പു കാണിക്കുന്നതല്ല. ഇസ്‌ലാമിക സാമ്പത്തിക ശാസ്ത്രവും മുതലാളിത്ത അനുകൂലമാണ് എന്നു കാണാം. അതിന് മാര്‍ക്‌സിസമോ അതിന്റെ ചിന്തകരോ ഉണ്ടാക്കിയെടുത്തതുപോലുള്ള ഒരു വിമര്‍ശം യാഥാസ്ഥിതിക സാമ്പത്തിക ശാസ്ത്രത്തോടില്ല. ഉള്ളത് വൈകാരികമായ വിയോജിപ്പുകളാണ്. മാര്‍ക്‌സിസം മുതലാളിത്തത്തിന്റെ അടിസ്ഥാന സാമൂഹികശാസ്ത്ര പ്രതിഭാസങ്ങളെയെല്ലാം ആഴത്തില്‍ നേരിടാന്‍ ശ്രമിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, അന്യവത്കരണത്തെപ്പറ്റി അവര്‍ക്ക് സൈദ്ധാന്തിക കാഴ്ചപ്പാടുണ്ട്. എന്താണ് ചൂഷണമെന്ന് അവര്‍ നിര്‍വചിച്ചിട്ടുണ്ട്. മൂല്യ തൊഴില്‍ സിദ്ധാന്തവുമായാണതിനു ബന്ധം. ഇനി ഇസ്‌ലാമിക സാമ്പത്തിക ശാസ്ത്രത്തെ നോക്കൂ. ഗൗരവത്തിലെഴുതിയതും ആഴമുള്ളതുമായ ഒരു വിമര്‍ശം അത് മുതലാളിത്ത സാമ്പത്തിക ശാസ്ത്രത്തോട് നടത്തിയിട്ടുണ്ടോ?
ഇസ്‌ലാമിക ബാങ്കിംഗും ഇസ്‌ലാമിക സാമ്പത്തിക ശാസ്ത്രവും ബദലുകളായി ഉയര്‍ത്തിക്കാട്ടിയതുകൊണ്ടു മാത്രമായില്ല. മുതലാളിത്തം സാമ്പത്തിക വ്യത്യാസങ്ങളെയും അസമത്വങ്ങളെയും പ്രോത്സാഹിപ്പിക്കുന്നുവെന്നും നമ്മള്‍ അതിനെ സകാത്ത് വഴി ശരിപ്പെടുത്തുമെന്നുമാണ് അവര്‍ പറയുക. ഇതൊരു ദുര്‍ബല വാദമാണ്. പ്രായോഗിക തലത്തില്‍, സമത്വ നിര്‍വഹണത്തിന്റെ കാര്യത്തില്‍ മുസ്‌ലിം രാജ്യങ്ങളേക്കാള്‍ ഏറെ മുന്നിലെത്താന്‍ പാശ്ചാത്യര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. പല മുസ്‌ലിം രാജ്യങ്ങളിലും സകാത്ത് എങ്ങനെ ചെലവഴിക്കപ്പെടുന്നുവെന്ന് നമുക്കറിയില്ല. ഞാന്‍ പറഞ്ഞുവരുന്നത്, മുതലാളിത്തത്തിനു നിലനില്‍ക്കാനുള്ള ക്ഷമാപണ ന്യായമായിരിക്കരുത് ഇസ്‌ലാമിക സാമ്പത്തിക ശാസ്ത്രം. ആഗോള മുതലാളിത്ത വ്യവസ്ഥയില്‍ രണ്ടും ഒരുമിച്ചു പോകുന്നത് അതിപ്പോഴും അമൂര്‍ത്തവും സൈദ്ധാന്തിക തലത്തിലുള്ളതും ആയതുകൊണ്ടാണ്. ഇസ്‌ലാമിക സാമ്പത്തിക ശാസ്ത്രം വ്യവസ്ഥയെ വെല്ലുവിളിക്കുന്നില്ല. തീര്‍ച്ചയായും ഇസ്‌ലാമിക ബാങ്കിംഗ് സംവിധാനം പ്രയോഗത്തില്‍ വരുത്തിയിട്ടുണ്ടെന്നത് ശരിയാണ്. പക്ഷേ, മുതലാളിത്തം അതിന് ഒരിടം കൊടുത്ത് നിലനിര്‍ത്തുകയാണ്.

ചരിത്രത്തില്‍ വിസ്മയകരമായ വൈജ്ഞാനിക നാഗരികതകളെ പോറ്റി വളര്‍ത്തിയവരാണ് മുസ്‌ലിംകള്‍. ജ്ഞാനശാസ്ത്ര മണ്ഡലത്തിലെ പടിഞ്ഞാറന്‍ മേധാവിത്വത്തിന്റെ പശ്ചാത്തലത്തില്‍ കൊര്‍ദോവയെയും ബഗ്ദാദിനെയും സൈതൂനയെയും എങ്ങനെയാണ് നോക്കുന്നത്?
അന്നത്തെ പ്രമുഖ മുസ്‌ലിം വൈജ്ഞാനിക കേന്ദ്രങ്ങളെല്ലാം മുസ്‌ലിം ഭരണാധികാരികളാല്‍ പിന്തുണക്കപ്പെട്ടതായിരുന്നു എന്നത് പ്രധാനമാണ്. ഇന്ന് മുസ്‌ലിം ഭരണാധികാരികളാരും സ്വന്തം ഭൂതകാലത്തെപ്പറ്റി അഭിമാനം കൊള്ളുന്നവരല്ല. ഹാറൂന്‍ റശീദോ ഖലീഫ മഅ്മൂനോ മറ്റേതെങ്കിലും അബ്ബാസി-ഉസ്മാനിയാ ഭരണാധികാരികളോ അവരെ പ്രചോദിപ്പിക്കുന്നില്ല. മിക്കവാറും മുസ്‌ലിം നാടുകളിലെ ഭരണാധികാരികള്‍ നിയമവിരുദ്ധമായി ഭരണാധികാരം കിട്ടിയവരാണ്. ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെടാത്തവരാണ്. അവരുടെ പ്രാഥമിക ലക്ഷ്യം അധികാരം നിലനിര്‍ത്തുക എന്നതാണ്. സ്വാഭാവികമായും മറ്റു സര്‍ഗാത്മക പ്രവൃത്തികള്‍ അവരെ ആകര്‍ഷിക്കില്ല. പടിഞ്ഞാറുള്ള, ഗവേഷണത്തെ സാമ്പത്തികമായി പിന്തുണക്കുന്ന ഫൗണ്ടേഷനുകളെ നോക്കൂ. മുസ്‌ലിം ലോകത്ത് അങ്ങനെ ഒരെണ്ണം പോലുമില്ല. ഇത്രയേറെ വിഭവങ്ങളുണ്ടായിട്ടും ഗള്‍ഫ്‌മേഖലയില്‍ ഇതുവരെ ഒരു മികച്ച സര്‍വകലാശാല പോലും ഉണ്ടാക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല.

മുസ്‌ലിംകള്‍ക്കകത്തുള്ള വിഭാഗീയത (sectarianism) നമ്മുടെ വൈജ്ഞാനികാന്വേഷണങ്ങളെ എങ്ങനെയാണ് സ്വാധീനിച്ചിരിക്കുക?
ഒന്നാമതായി, ചില വിഭാഗങ്ങള്‍ക്ക് ചടുലവും ഗൗരവമുള്ളതുമായ ധൈഷണിക പാരമ്പര്യമില്ല. ഉദാഹരണത്തിന് സലഫികളും വഹാബികളും. പലപ്പോഴും ധൈഷണിക പാരമ്പര്യങ്ങള്‍ വികസിപ്പിച്ചെടുക്കുന്നതിനെതിരായാണ് അവരുടെ ചിന്താരീതികള്‍ പോവുക. മുസ്‌ലിം ലോകത്തെ സര്‍ഗാത്മക ബദല്‍ ബൗദ്ധിക പാരമ്പര്യങ്ങളെ വികസിപ്പിച്ചെടുക്കുന്നത് തടയുവോളം സ്വാധീനശേഷിയുണ്ടവര്‍ക്ക്. സലഫികള്‍ക്കും വഹാബികള്‍ക്കുമിടയിലുള്ള ബൗദ്ധികവിരുദ്ധ പാരമ്പര്യങ്ങളാണ് പകരം പ്രചാരത്തിലാവുക. വിഭവപരമായി മേധാവിത്വം കിട്ടുന്ന വിഭാഗങ്ങള്‍ ബൗദ്ധികവിരുദ്ധ പാരമ്പര്യമുള്ളവരായിത്തീരുന്നു എന്നതാണ് പ്രശ്‌നം. അവര്‍ സര്‍വകലാശാലകളെയും ഗവേഷകരെയും വിദ്യാര്‍ഥികളെയും സ്വാധീനിക്കുന്നു.
വിഭാഗീയതയുടെ മറ്റൊരു മണ്ഡലം സുന്നി-ശീഈ സംഘര്‍ഷമാണ്. ഇതൊരു വലിയ പ്രശ്‌നമാണ്. ഇസ്‌ലാമിക പാണ്ഡിത്യത്തിന്റെ മണ്ഡലത്തില്‍ അനഭികാമ്യമായ ഒരു വിഭജനം ഇത് സൃഷ്ടിക്കുന്നു. മറ്റു വിഭാഗീയതകളില്‍ നിങ്ങള്‍ക്ക് പരസ്പരം ഇടപഴകാനുള്ള സാധ്യതയുണ്ട്. ഇവിടെ അതില്ല. ശീഈ തത്ത്വചിന്തയോ ശീഈ സാമൂഹിക ശാസ്ത്ര ചിന്തയോ സുന്നീ ലോകം പൊതുവെ വായിക്കുന്നില്ല. അലീ ശരീഅത്തി, മുര്‍തസാ മുത്വഹരി, അല്ലാമാ ജഅ്ഫരി തുടങ്ങിയ ചിന്തകര്‍ സാമൂഹിക സിദ്ധാന്തങ്ങളിലും സാമൂഹിക ശാസ്ത്രശാഖകളുടെ തത്ത്വചിന്തയുടെ രൂപവത്കരണത്തിലും ഇടപെട്ട ദാര്‍ശനികരാണ്. വളരെ പ്രസക്തവും അനിവാര്യവും പണ്ഡിതോചിതവുമാണ് അവരുടെ രചനകള്‍. സുന്നീ സാമൂഹിക ശാസ്ത്രജ്ഞരില്‍ പലരും അവരെ വായിക്കുന്നില്ലെന്നത് സങ്കടകരമാണ്. മുന്‍വിധിയാണിതിന്റെ ഭാഗിക കാരണം. ഇറാനിയന്‍ പണ്ഡിത പാരമ്പര്യം നമ്മുടേതല്ല, അന്യമായതാണ് എന്നു സുന്നീ ലോകം കരുതുന്നു. നേരിട്ട് ശീഈ വിരുദ്ധരല്ലാത്ത സുന്നി മുസ്‌ലിംകള്‍ക്കിടയില്‍ പോലും ഇത്തരം വിചിത്രവും കുടുസ്സുമായ കാഴ്ചപ്പാടുകളുണ്ട്. ഇത്തരം കാഴ്ചപ്പാടുകള്‍ സുന്നി ലോകത്തെ ധൈഷണികമായി ദരിദ്രമാക്കുകയാണ് ചെയ്യുക.
(തുടരും)
(1992 മുതല്‍ സിംഗപ്പൂരിലെ നാഷ്‌നല്‍ യൂനിവേഴ്‌സിറ്റിയില്‍ സാമൂഹിക ശാസ്ത്ര വിഭാഗത്തില്‍ അസോസിയേറ്റ് പ്രഫസറാണ് സയ്യിദ് ഫരീദ് അത്താസ്. പ്രധാന കൃതികള്‍: Democracy and Authoritarianism in Indonesia and Malaysia: The Rise of the post- Colonial State, Alternative Discourses in Asian Social Science: Responses to Eurocentrism. ഇബ്‌നു ഖല്‍ദൂനെക്കുറിച്ച കൃതി ഉടന്‍ പുറത്തിറങ്ങാനിരിക്കുന്നു. ഈയിടെ അദ്ദേഹം കേരളം സന്ദര്‍ശിച്ചപ്പോള്‍ നടത്തിയ അഭിമുഖം).

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം