Prabodhanm Weekly

Pages

Search

2021 ഏപ്രില്‍ 23

3199

1442 റമദാന്‍ 11

വിശുദ്ധ ഖുര്‍ആന്‍ ദിവ്യാത്ഭുതങ്ങളുെട കലവറ

ഡോ. അബ്ദുല്‍ വാസിഅ്

ഖുറൈശികളിലെ അറിയപ്പെടുന്ന തറവാടിയും, ബുദ്ധിരാക്ഷസനുമായിരുന്നു ജുബൈറുബ്‌നു മുത്ഇം. സന്ധിസംഭാഷണം പോലുള്ള നിര്‍ണായക സന്ദര്‍ഭങ്ങളില്‍ തങ്ങളുടെ പ്രതിനിധിയായി ഖുറൈശികള്‍ അദ്ദേഹത്തെയായിരുന്നു നിയോഗിക്കാറുണ്ടായിരുന്നത്. മാത്രവുമല്ല, ത്വാഇഫില്‍നിന്ന് നിരാശനായി മടങ്ങിയ തിരുദൂതര്‍ക്ക് അഭയം നല്‍കിയത് ജുബൈറിന്റെ പിതാവ് മുത്വ്ഇമുബ്‌നു അദിയ്യായിരുന്നു. ബനൂ ഹാശിമിനെ ഊരുവിലക്കിയ ഉപരോധക്കരാര്‍ കീറിയെറിഞ്ഞവരിലെ പ്രമുഖന്‍ കൂടിയായിരുന്നു മുത്ഇം. ഇക്കാരണങ്ങള്‍ കൊണ്ടെല്ലാം ബദ്‌റിലെ ബന്ദികളുടെ കാര്യത്തില്‍ സന്ധിസംഭാഷണം നടത്താന്‍ ഖുറൈശികള്‍ ജുബൈറുബ്‌നു മുത്ഇമിനെയാണ് തെരഞ്ഞെടുത്തത്. മഗ്‌രിബ് നമസ്‌കാരവേളയിലാണ് അദ്ദേഹം മദീനാപള്ളിയിലേക്ക് വരുന്നത്. തിരുദൂതര്‍ (സ) തന്റെ അനുയായികള്‍ക്ക് ഇമാമായി മഗ്‌രിബ് നമസ്‌കരിച്ചുകൊണ്ടിരിക്കുന്നു. ഖുര്‍ആനിലെ അത്ത്വൂര്‍ അധ്യായമാണ് അദ്ദേഹം പാരായണം ചെയ്യുന്നത്. റസൂലിന്റെ പാരായണം ജുബൈറിനെ വല്ലാതെ വശീകരിച്ചു. അല്ലാഹുവിന്റെ വചനം ഹൃദയത്തില്‍ ഓളമുണ്ടാക്കി. അവയോരോന്നും അദ്ദേഹത്തിന്റെ ബുദ്ധിയെയും ചിന്തയെയും പിടിച്ചുകുലുക്കി. അതേക്കുറിച്ച് അദ്ദേഹം പില്‍ക്കാലത്ത് സ്മരിച്ചത് ഇപ്രകാരമായിരുന്നു; 'എന്റെ ഹൃദയം -അസ്വസ്ഥതയാല്‍- പറന്നുപോവാറായി'. 
ഇസ്‌ലാമിനെതിരെ ബദ്‌റില്‍ യുദ്ധം ചെയ്ത് പിടിയിലായവരെ മോചിപ്പിക്കാന്‍ നിയോഗിക്കപ്പെട്ട ബഹുദൈവ വിശ്വാസികളുടെ നേതാവ്, അഭിപ്രായ സുബദ്ധത കൊണ്ടും ജനസമ്മിതി കൊണ്ടും അറിയപ്പെട്ട ഖുറൈശി പ്രമാണി. യുദ്ധത്തിലെ പരാജയത്തിന്റെ മുറിവും, ബന്ദികള്‍ക്കു വേണ്ടി തലകുനിക്കേണ്ടിവന്നതിന്റെ അപകര്‍ഷതയും അലട്ടുന്ന ആ വേളയില്‍ പോലും ഖുര്‍ആനിക വചനങ്ങള്‍ അദ്ദേഹത്തിന്റെ ബോധമണ്ഡലത്തില്‍ കയറി താമസമുറപ്പിച്ചുവെന്നാണ് ചരിത്രം രേഖപ്പെടുത്തിയത്.  
സൃഷ്ടികള്‍ക്ക് അസാധ്യമായ, സ്രഷ്ടാവിന് മാത്രം സാധ്യമായ ചില അത്ഭുതങ്ങളുണ്ട്. ഇസ്‌ലാമിക പൈതൃകത്തില്‍ അവ മുഅ്ജിസത്ത് എന്ന പേരില്‍ അറിയപ്പെടുന്നു. ലോകത്ത് നിയുക്തരായ മുഴുവന്‍ ദൈവദൂതന്മാര്‍ക്കും മുഅ്ജിസത്ത് അഥവാ ദൈവിക ദൃഷ്ടാന്തത്തിന്റെ പിന്‍ബലമുണ്ടായിരുന്നു. നൂഹിന്റെ കപ്പലും സ്വാലിഹിന്റെ ഒട്ടകവും ഇബ്‌റാഹീമിന് കുളിര് നല്‍കിയ നംറൂദിന്റെ അഗ്നികുണ്ഡവും മൂസായുടെ വടിയും ഈസാ പ്രവാചകന്റെ അത്ഭുത ചികിത്സയുമെല്ലാം ചരിത്രത്തില്‍ ഇടംപിടിച്ച ദൈവിക ദൃഷ്ടാന്തങ്ങള്‍ക്ക് ഉദാഹരണമാണ്. ഇസ്മാഈല്‍, ദാവൂദ്, സുലൈമാന്‍, സകരിയ്യാ (അ) തുടങ്ങിയ നബിമാരുടെ ചരിത്രത്തിലും ഈയര്‍ഥത്തിലുള്ള ദൃഷ്ടാന്തങ്ങള്‍ വെളിപ്പെട്ടതായി ഖുര്‍ആന്‍ പലയിടങ്ങളിലായി പരാമര്‍ശിച്ചിട്ടുണ്ട്. സാധാരണ ജനങ്ങള്‍ക്ക് നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാനും, വളരെ ലളിതമായി മനസ്സിലാക്കാനും കഴിയുന്ന അനുഭവവേദ്യമായ താല്‍ക്കാലികമായ അത്ഭുതങ്ങളായിരുന്നു അവ. എന്നാല്‍, ഒരു പ്രത്യേക ജനതക്ക് ഒരു നിശ്ചിത സമയത്തേക്ക് നല്‍കപ്പെട്ട ദൃഷ്ടാന്തങ്ങള്‍ എന്നത് അവയുടെ പരിമിതിയായിരുന്നു. 
മുഹമ്മദ് നബി(സ)യുടെ നിയോഗം മുന്‍കഴിഞ്ഞ പ്രവാചകന്മാരില്‍നിന്ന് തീര്‍ത്തും ഭിന്നമായിരുന്നുവെന്നതിനാല്‍തന്നെ, അവിടുന്ന് അല്ലാഹുവിങ്കല്‍നിന്ന് സ്വീകരിച്ച ദൃഷ്ടാന്തങ്ങള്‍ക്കും പ്രസ്തുത വ്യതിരിക്തതയുണ്ടായിരുന്നു. നബിതിരുമേനി (സ) ഒടുവിലത്തെ ദൂതനായതുകൊണ്ടും, അദ്ദേഹത്തിന്റെ സന്ദേശം സാര്‍വലൗകികവും സാര്‍വജനീനവുമായതുകൊണ്ടും മേല്‍സൂചിപ്പിച്ച പരിമിതികളില്‍നിന്ന് തീര്‍ത്തും മുക്തമായ, ശാശ്വത ദൃഷ്ടാന്തമാണ് അല്ലാഹു അദ്ദേഹത്തിന് നല്‍കിയത്. മാത്രവുമല്ല, അനുഭവവേദ്യമായ ഒന്നോ രണ്ടോ താല്‍ക്കാലിക ദൃഷ്ടാന്തങ്ങള്‍ക്കു പകരം എന്നെന്നും നിലനില്‍ക്കുന്ന എണ്ണമറ്റ മുഅ്ജിസത്തുകളുടെ കലവറ തന്നെ തിരുദൂതരുടെ കൈയില്‍ വെച്ച് കൊടുക്കാനായിരുന്നു അല്ലാഹുവിന്റെ തീരുമാനം. എന്നാല്‍, കേവലം കണ്ണുകള്‍ കൊണ്ട് കാണാനാവാത്ത, ഉള്‍ക്കാഴ്ച കൊണ്ട് മാത്രം കാണാവുന്ന തീര്‍ത്തും ബുദ്ധിപരമായ തലങ്ങളായിരുന്നു പ്രസ്തുത ദൃഷ്ടാന്തങ്ങള്‍ക്കുണ്ടായിരുന്നത്.  
ഖുര്‍ആനിക മുഅ്ജിസത്തിന് മറ്റൊരു സവിശേഷത കൂടിയുണ്ട്. അന്ത്യനാള്‍ വരെയുള്ള എല്ലാ ജനങ്ങള്‍ക്കും വഴികാട്ടിയാണ് ഖുര്‍ആന്‍ എന്നതിനാല്‍ ഓരോ വ്യക്തിയെയും സന്മാര്‍ഗത്തിലേക്കു നയിക്കാനുതകുന്ന വൈവിധ്യം ദൃഷ്ടാന്തങ്ങളുടെ കാര്യത്തില്‍ ഖുര്‍ആന്‍ പുലര്‍ത്തേണ്ടതുണ്ടായിരുന്നു. ആയതിനാല്‍, ഉള്ളടക്കത്തിന്റെയും, വിഷയങ്ങളുടെയും അവതരണത്തിന്റെയും എന്തിനേറെ ഘടനയുടെയും പദപ്രയോഗങ്ങളുടെയും കാര്യത്തില്‍ പോലും അത്ഭുതകരമായ ദൃഷ്ടാന്തമായി ഖുര്‍ആന്‍ തലയുയര്‍ത്തിനിന്നു. അതുകൊണ്ടാണ് അന്ത്യദൂതനായ മുഹമ്മദ് നബി(സ)ക്ക് അവതീര്‍ണമായ ഖുര്‍ആന്‍ കേവലം ഒരു ദൃഷ്ടാന്തം എന്ന് വിലയിരുത്തുന്നതിനു പകരം, എണ്ണമറ്റ മുഅ്ജിസത്തുകളുടെ സമുച്ചയമാണ് ഖുര്‍ആന്‍ എന്നും, അത്ഭുതങ്ങളില്‍ അത്ഭുതകരമാംവിധം വൈവിധ്യം പുലര്‍ത്താന്‍ കഴിഞ്ഞ ഒരേയൊരു മുഅ്ജിസത്ത് അതുമാത്രമാണെന്നും അംഗീകരിക്കേണ്ടിവരുന്നത്. ഇതുസംബന്ധിച്ച് സാക്ഷാല്‍ ജിന്നുകളുടെ സാക്ഷ്യം ഇപ്രകാരമാണ്: ''പറയുക: ജിന്നുകളില്‍ കുറേപേര്‍ ഖുര്‍ആന്‍ കേട്ടുവെന്ന് എനിക്ക് ദിവ്യബോധനം ലഭിച്ചിരിക്കുന്നു. അവര്‍ -കേട്ടവര്‍- പറഞ്ഞുവത്രെ; തീര്‍ച്ചയായും ഞങ്ങള്‍ അത്ഭുതകരമായ ഖുര്‍ആന്‍ കേട്ടിരിക്കുന്നു'' (അല്‍ജിന്ന്: 1). സ്വാഭാവികമായും, മുന്‍കഴിഞ്ഞ ദൈവദൂതന്മാര്‍ക്ക് നല്‍കപ്പെട്ട ദൃഷ്ടാന്തങ്ങളേക്കാള്‍ കൂടുതല്‍ ദൂരവ്യാപകമായ സല്‍ഫലങ്ങള്‍ ഖുര്‍ആനിക ദൃഷ്ടാന്തങ്ങള്‍ക്കുണ്ടാവും. തിരുദൂതര്‍ (സ) തന്നെ അരുള്‍ ചെയ്യുന്നു: ''മനുഷ്യര്‍ക്ക് വിശ്വസിക്കാന്‍ സഹായകമാവുന്നവ -ദൃഷ്ടാന്തങ്ങള്‍- നല്‍കപ്പെടാത്ത ഒരു ദൈവദൂതനുമില്ല. എനിക്ക് നല്‍കപ്പെട്ടത് അല്ലാഹു നല്‍കിയ ദിവ്യബോധനമാണ്. അതിനാല്‍തന്നെ അന്ത്യനാളില്‍ ഏറ്റവും കൂടുതല്‍ അനുയായികളുള്ള ദൂതന്‍ ഞാനായിരിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു'' (ബുഖാരി).
ഏതൊരു സൃഷ്ടിവര്‍ഗത്തിലേക്കാണോ അല്ലാഹു തന്റെ പ്രിയപ്പെട്ട ദൂതനെ നിയോഗിച്ചത്, ആ സൃഷ്ടിവര്‍ഗത്തെ സവിശേഷമാക്കുന്ന ഘടകമായ ബുദ്ധിക്ക് ഊന്നല്‍ നല്‍കുന്നതായിരുന്നു ഏറ്റവും ഒടുവിലത്തെ ദൃഷ്ടാന്തം. മനുഷ്യബുദ്ധിയെ അഭിസംബോധന ചെയ്യുകയും പ്രകാശിതമാക്കുകയും ചിന്തയുടെ ചക്രവാളങ്ങളിലേക്ക് കൈപിടിച്ച് ആനയിക്കുകയും ചെയ്യുന്ന അത്ഭുതവചനങ്ങളുടെ കലവറയായ ഖുര്‍ആനായിരുന്നു പ്രസ്തുത മുഅ്ജിസത്ത്. മുഹമ്മദ് (സ) നിയോഗിക്കപ്പെട്ട വേള മാനവരാശി പ്രാകൃത ഗോത്രജീവിതത്തില്‍നിന്ന് നാഗരികലോകത്തേക്ക് കാലെടുത്തു വെക്കുന്ന അസുലഭ മുഹൂര്‍ത്തമായിരുന്നു. കേവല നാട്ടുനടപ്പുകളുടെയും അന്ധവിശ്വാസങ്ങളുടെയും കെട്ടുപൊട്ടിച്ച് ബുദ്ധിയും ഉള്‍ക്കാഴ്ചയുമുള്ള മനുഷ്യന്റെ പിറവിക്ക് നിലമൊരുക്കുകയാണ് ഖുര്‍ആന്‍ ചെയ്തത്. മനുഷ്യചിന്തയിലും അതേതുടര്‍ന്ന് അവന്റെ ജീവിതരീതിയിലും സംഭവിച്ച കാതലായ ഈ മാറ്റത്തെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള ധൈഷണിക ദൃഷ്ടാന്തമായിരുന്നു അല്ലാഹു അവര്‍ക്കവതരിപ്പിച്ച വിശുദ്ധ ഖുര്‍ആന്‍.  
ചുറ്റുമുള്ള പ്രാപഞ്ചിക ദൃഷ്ടാന്തങ്ങളെക്കുറിച്ച ആലോചനയിലേക്ക് ബുദ്ധിയെ ക്ഷണിക്കുന്ന ഖുര്‍ആന്‍, ചരിത്രത്തിലെ വിവിധ സമൂഹങ്ങളുമായി ബന്ധപ്പെട്ട അല്ലാഹുവിന്റെ നടപടിക്രമങ്ങളില്‍നിന്ന് പാഠമുള്‍ക്കൊള്ളാന്‍ നിര്‍ദേശിക്കുന്നുണ്ട്. ഖുര്‍ആന്‍ അവതരിക്കുന്ന വേളയില്‍ സമൂഹത്തില്‍ വേരൂന്നിയിരുന്ന വിശ്വാസം, ആചാരം, സംസ്‌കാരം തുടങ്ങിയവയെക്കുറിച്ച് പുനരാലോചന നടത്താന്‍ കല്‍പിക്കുകവഴി കേവല പാരമ്പര്യങ്ങളുടെ പട്ടുമെത്തയില്‍ ഉറങ്ങിക്കിടന്നിരുന്ന മനുഷ്യബുദ്ധിയെ യാഥാര്‍ഥ്യങ്ങളിലേക്ക് തൊട്ടുണര്‍ത്തുക കൂടി ചെയ്യുന്നുണ്ട്. അതേസമയം, മറുവശത്ത് സ്‌നേഹം, ത്യാഗസന്നദ്ധത, സഹിഷ്ണുത, അനുകമ്പ, നീതി തുടങ്ങിയ ഉന്നതമായ മാനുഷിക മൂല്യങ്ങള്‍ ഊട്ടിയുറപ്പിക്കുക വഴി മനുഷ്യ മനസ്സാക്ഷിയെ പ്രകൃതിപരമായ മൂശയിലേക്ക് തിരിച്ചു നടത്താന്‍ ഖുര്‍ആന്‍ അത്യധ്വാനം ചെയ്യുന്നുമുണ്ട്. 
മക്കയിലെ മുശ്‌രിക്കുകളും മദീനയിലെ വേദക്കാരും നബിതിരുമേനി(സ)യോട് നിരന്തരമായി മുഅ്ജിസത്തുകള്‍ ചോദിച്ചിരുന്നുവെന്നും കേവലം ഭൗതികവും അനുഭവവേദ്യവുമായ ദൃഷ്ടാന്തങ്ങളായിരുന്നു അവരാവശ്യപ്പെട്ടിരുന്നതെന്നും ഖുര്‍ആന്‍ വിവരിക്കുന്നുണ്ട്. ഭൂമി പിളര്‍ത്തി അരുവിയൊഴുക്കുക, ഈന്തപ്പനകളുടെയും മുന്തിരികളുടെയും തോട്ടങ്ങള്‍ക്ക് നടുവില്‍ അരുവിയൊരുക്കുക, ആകാശം പിളര്‍ത്തി താഴെയിടുക, ആകാശത്തേക്ക് കയറിച്ചെല്ലുക തുടങ്ങിയവ അവരാശ്യപ്പെട്ടിരുന്ന മുഅ്ജിസത്തുകളില്‍ പെടുന്നു (അല്‍ ഇസ്‌റാഅ്: 90-94). മാത്രവുമല്ല, തങ്ങള്‍ ആവശ്യപ്പെടുന്ന മുഅ്ജിസത്തുകള്‍ കൊണ്ടുവരുന്ന പക്ഷം മുഹമ്മദ് (സ) ദൈവദൂതനാണെന്ന് വിശ്വസിക്കാന്‍ തങ്ങള്‍ തയാറാവുമെന്നും അവര്‍ തിരുദൂതര്‍ക്ക് വാഗ്ദാനം നല്‍കിയിരുന്നു (അല്‍ അന്‍ആം: 109). എന്നാല്‍ സത്യനിഷേധികള്‍ ആവശ്യപ്പെട്ട അനേകം ദൃഷ്ടാന്തങ്ങളില്‍ ഏതെങ്കിലുമൊന്ന് നല്‍കുന്നതിനു പകരം തന്റെ 'ബശരിയ്യത്ത്', അഥവാ തന്റെ മനുഷ്യസ്വത്വം ആണയിട്ട് അവരെ ബോധ്യപ്പെടുത്താന്‍ തിരുദൂതരോട് കല്‍പിക്കുകയാണ് അല്ലാഹു ചെയ്തത്; ''താങ്കള്‍ പറയുക, എന്റെ റബ്ബ് എത്ര പരിശുദ്ധനാണ്. ഞാന്‍ മനുഷ്യനായ ദൈവദൂതന്‍ മാത്രമല്ലേ!'' (അല്‍ ഇസ്‌റാഅ്: 93). 
ജനങ്ങള്‍ ആവശ്യപ്പെട്ട താല്‍ക്കാലികമായ ദൃഷ്ടാന്തങ്ങള്‍ നല്‍കാന്‍ വിസമ്മതിച്ച അല്ലാഹു എന്തുകൊണ്ട് അവര്‍ക്ക് ധൈഷണിക മുഖമുള്ള ഖുര്‍ആനിക ദൃഷ്ടാന്തം സമ്മാനിച്ചുവെന്ന ചോദ്യത്തിന് പ്രസക്തിയുണ്ട്. മുന്‍കഴിഞ്ഞ ദൈവദൂതന്മാര്‍ക്ക് നല്‍കപ്പെട്ട വളരെ വ്യക്തമായ ദൃഷ്ടാന്തങ്ങള്‍ അവരുടെ സമൂഹങ്ങള്‍ നിഷേധിക്കുകയും, ദൃഷ്ടാന്തങ്ങളെ മാരണമെന്ന് വിളിച്ച് ആക്ഷേപിക്കുകയും ചെയ്ത ദുരനുഭവം നേരത്തേയുണ്ട്. മാത്രവുമല്ല, മുഅ്ജിസത്തുകള്‍ ആവശ്യപ്പെട്ട്, അവ ലഭിച്ചതിനു ശേഷം നിഷേധിക്കുന്നവരെ ശിക്ഷിക്കുകയെന്നതാണ് അല്ലാഹുവിന്റെ നടപടിക്രമം (അല്‍മാഇദഃ 115). തിരുദൂതരുടെ ജനത ഏറ്റവും ഒടുവിലത്തെ ഉമ്മത്ത് ആയതിനാല്‍ അവരെ നിലനിര്‍ത്തുകയെന്നതായിരുന്നു അല്ലാഹുവിന്റെ തീരുമാനം. അതിനാല്‍തന്നെ, അന്ത്യനാള്‍ വരെ കടന്നുവരുന്ന എല്ലാ മനുഷ്യര്‍ക്കും ബുദ്ധിപരമായി ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ദൃഷ്ടാന്തങ്ങള്‍ ഖുര്‍ആന്‍ വഴി അല്ലാഹു സമര്‍പ്പിക്കുകയും അത് സ്വീകരിക്കാനും നിരാകരിക്കാനുമുള്ള പരിപൂര്‍ണ സ്വാതന്ത്ര്യം അവര്‍ക്ക് നല്‍കുകയുമാണ് ചെയ്തത്. 
അത്ഭുതങ്ങളുമായി ബന്ധപ്പെട്ട ചില പതിവുകളുണ്ട് മനുഷ്യര്‍ക്ക്. അവരിലധികവും അത്ഭുതങ്ങള്‍ക്ക് സാക്ഷികളാകാന്‍ ആഗ്രഹിക്കുന്നവരാണ്. അവ കാണുമ്പോള്‍ അവര്‍ക്ക് രോമഹര്‍ഷമുാവുകയും കണ്ണുകള്‍ പ്രകാശിതമാവുകയും ചെയ്യുന്നു. താന്‍ കണ്ട അത്ഭുതത്തെക്കുറിച്ച് നാടുനീളെ വാതോരാതെ സംസാരിച്ചുകൊണ്ടേയിരിക്കും. പ്രസ്തുത അത്ഭുതത്തിന് സാക്ഷിയായതില്‍ അഭിമാനം കൊള്ളും. ലോകചരിത്രത്തിലെ ഏറ്റവും വലിയ അത്ഭുതങ്ങളിലൊന്നാണ് മുന്നില്‍ കാണുന്നതെങ്കില്‍ അതേതുടര്‍ന്നുണ്ടാവുന്ന വൈകാരികമായ അനുഭൂതി അവര്‍ണനീയമായിരിക്കും. 
അത്ഭുതങ്ങളുമായി ബന്ധപ്പെട്ട മേല്‍സൂചിപ്പിച്ച പതിവുകളൊക്കെയും മുഹമ്മദ് നബി(സ)യുടെ ദൃഷ്ടാന്തമായ ഖുര്‍ആന്‍ വിശ്വാസികളില്‍നിന്ന് പ്രതീക്ഷിക്കുന്നുണ്ട്. കാരണം അവയെല്ലാം ഖുര്‍ആന്റെ തലമുറയില്‍ സംഭവിച്ച സ്വാഭാവിക മാറ്റങ്ങളായിരുന്നു. ഖുര്‍ആന്‍ കേള്‍ക്കുമ്പോള്‍ അവര്‍ക്ക് രോമഹര്‍ഷമുായി, ഹൃദയം നിര്‍മലമായി, കണ്ണുകള്‍ നിറഞ്ഞൊഴുകി. അവരെ പ്രശംസിച്ചുകൊണ്ട് ഖുര്‍ആനിക വചനങ്ങള്‍ അവതീര്‍ണമായി: ''ഏറ്റവും വിശിഷ്ടമായ വര്‍ത്തമാനമാണ് അല്ലാഹു അവതരിപ്പിച്ചത്. വചനങ്ങളില്‍ പരസ്പരം ചേര്‍ച്ചയും ആവര്‍ത്തനവുമുള്ള ഗ്രന്ഥമാണിത്. അതുകേള്‍ക്കുമ്പോള്‍ തങ്ങളുടെ നാഥനെ ഭയപ്പെടുന്നവരുടെ ചര്‍മങ്ങള്‍ രോമാഞ്ചമണിയുന്നു. പിന്നീട് ചര്‍മങ്ങളും ഹൃദയങ്ങളും അല്ലാഹുവെ ഓര്‍ക്കാന്‍ പാകത്തില്‍ വിനീതമാകുന്നു. ഇതാണ് അല്ലാഹുവിന്റെ മാര്‍ഗദര്‍ശനം. അതുവഴി അവനിഛിക്കുന്നവരെ അവന്‍ നേര്‍വഴിയിലാക്കുന്നു. അല്ലാഹു വഴികേടിലാക്കുന്നവരെ നേര്‍വഴിയിലാക്കാന്‍ ആര്‍ക്കുമാവില്ല'' (അസ്സുമര്‍: 23).
ഇതുസംബന്ധിച്ച മറ്റൊരു ഖുര്‍ആന്‍ വചനം ഇപ്രകാരമാണ്: ''സത്യം മനസ്സിലാക്കിയതിനാല്‍, ദൈവദൂതന് അവതീര്‍ണായ വചനങ്ങള്‍ കേള്‍ക്കുമ്പോള്‍ അവരുടെ കണ്ണുകളില്‍നിന്ന് കണ്ണീരൊഴുകുന്നത് നിനക്കു കാണാം. അവരിങ്ങനെ പ്രാര്‍ഥിക്കുന്നു; ഞങ്ങളുടെ നാഥാ! ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. അതിനാല്‍ ഞങ്ങളെയും നീ സത്യസാക്ഷികളുടെ കൂട്ടത്തില്‍പെടുത്തേണമേ'' (അല്‍മാഇദ: 83).
ഖുര്‍ആന്‍ വാര്‍ത്തെടുത്ത തലമുറയില്‍ മേല്‍പറഞ്ഞ വൈകാരിക പ്രതികരണങ്ങള്‍ സാധാരണമായിരുന്നു. അതിനാലായിരുന്നു ഖുര്‍ആന്‍ വചനങ്ങള്‍ ആരെങ്കിലും കേട്ടു
പോകുന്നത് സത്യനിഷേധികള്‍ ഭയപ്പെടുകയും, അതേക്കുറിച്ച് പരസ്പരം താക്കീതു നല്‍കുകയും ചെയ്തിരുന്നത്: ''സത്യനിഷേധികള്‍ പറഞ്ഞു, നിങ്ങള്‍ ഖുര്‍ആന്‍ കേട്ടുപോകരുത്. അതുകേള്‍ക്കുമ്പോള്‍ നിങ്ങള്‍ ഒച്ചവെക്കുക. അങ്ങനെ നിങ്ങള്‍ക്കതിനെ അതിജയിക്കാം'' (ഫുസ്സ്വിലത്ത് 26).
ഇതില്‍നിന്ന് ഭിന്നമായി ഖുര്‍ആനിന് മുമ്പ് അവതീര്‍ണമായ വേദങ്ങളുടെ അനുയായികളില്‍നിന്ന് നിസ്സംഗതയും താല്‍പ്പര്യമില്ലായ്മയും ഉായെന്നും അത് ആവര്‍ത്തിക്കരുതെന്നും ഖുര്‍ആന്‍ മുന്നറിയിപ്പ് നല്‍കുക കൂടി ചെയ്തിട്ടുണ്ട് (അല്‍ഹദീദ്: 16, അല്‍ജുമുഅ: 5). 
ഒരു പ്രവാചകന്റെ ദൗത്യമാണ് ഖുര്‍ആന്‍ നിര്‍വഹിക്കുന്നത്. വായുവും വെള്ളവും പോലെ മാനവരാശിക്ക് അനിവാര്യമായ ഹിദായത്ത് അഥവാ സന്മാര്‍ഗം പകര്‍ന്നുനല്‍കുകയെന്നതാണ് ആ ദൗത്യം. വായുവും വെള്ളവുമില്ലാത്ത ഒരു നിമിഷം പ്രപഞ്ചത്തില്‍ സംഭവിക്കാന്‍ പാടില്ലെന്നതു പോലെ ഹിദായത്തില്ലാത്ത ഒരു നിമിഷവും ഭൂമിയില്‍ സംഭവിക്കാവതല്ല. അതിനാലാണ് ആദ്യമനുഷ്യനെ ദൈവദൂതനാക്കുകയും, അന്ത്യദൂതന്റെ ദൃഷ്ടാന്തം ശാശ്വതമാക്കുകയും ചെയ്തത്. വിശുദ്ധ ഖുര്‍ആന്‍ സന്മാര്‍ഗമാണെന്ന് അല്ലാഹു ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറയുമ്പോള്‍ വിസ്മരിച്ചുപോകാന്‍ പാടില്ലാത്ത ഒരു യാഥാര്‍ഥ്യമുണ്ട്; ഖുര്‍ആനിനു പുറത്ത് സന്മാര്‍ഗത്തിന് മറ്റൊരു വഴിയില്ല എന്നതാണത്. ദൃഷ്ടാന്തങ്ങളുടെ കലവറയായ ഖുര്‍ആനെ പുറത്തുനിര്‍ത്തുന്ന ജീവിതശൈലി മാനവരാശിയെ ശ്വാസം കിട്ടാതെ പിടഞ്ഞു മരിക്കുന്നതിലേക്കാണ് എത്തിക്കുക.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-37 / അസ്സ്വാഫ്ഫാത്ത (161-170)
ടി.കെ ഉബൈദ്‌