Prabodhanm Weekly

Pages

Search

2021 ഏപ്രില്‍ 16

3198

1442 റമദാന്‍ 04

പി.സി അബ്ദുല്‍ അസീസ്

എന്‍.പി അശ്‌റഫ്

മണ്ണാര്‍ക്കാട് ഏരിയയിലെ അരിയൂര്‍ ഹല്‍ഖയുടെ മുന്‍ നാസിം പി.സി അബ്ദുല്‍ അസീസ് സാഹിബ് എല്ലാ നിലക്കും ഒരു മാതൃകാ വ്യക്തിത്വമായിരുന്നു. ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ദേശീയ-സംസ്ഥാന നേതൃത്വത്തിലുണ്ടായിരുന്ന മര്‍ഹൂം പി.സി ഹംസ സാഹിബിന്റെ ജ്യേഷ്ഠ സഹോദരനാണ് അദ്ദേഹം.
ഹല്‍ഖാ നാസിം, ഏരിയ ദഅ്‌വാ കണ്‍വീനര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടു്. താന്‍ ഏറ്റെടുക്കുന്ന ഓരോ ഉത്തരവാദിത്വത്തിനും ഇഹ്‌സാനുണ്ടാകണമെന്ന് ആഗ്രഹിക്കുകയും അതിനു വേണ്ടി പരിശ്രമിക്കുകയും ചെയ്തിരുന്നു. തഫ്ഹീം സെറ്റ് ഇല്ലാത്ത മുഴുവന്‍ പ്രവര്‍ത്തകരുടെ വീട്ടിലും സ്വന്തം ചെലവില്‍ അവ എത്തിച്ചുകൊടുക്കുക, ഏരിയ ദഅ്‌വാ സെല്‍ ചുമതലക്കാരന്‍ എന്ന നിലയില്‍ ഏരിയയിലെ പ്രധാന ലൈബ്രറികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സന്ദര്‍ശിക്കുകയും അവിടങ്ങളിലേക്കെല്ലാം കിം, ഐ.പി.എച്ച് സഹകരണത്തോടെ ഇസ്‌ലാമിക ഗ്രന്ഥങ്ങള്‍ എത്തിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ കൃത്യതയോടെ നിര്‍വഹിച്ചു.
താന്‍ സേവനമനുഷ്ഠിച്ചിരുന്ന മിലിറ്ററിയില്‍നിന്നും ആര്‍ജിച്ച കൃത്യനിഷ്ഠയും അടുക്കും ചിട്ടയും ഒരു വിശ്വാസി എന്ന നിലയില്‍ കൂടി ഉള്‍ക്കൊള്ളുകയും ജീവിതാന്ത്യം വരെ പിന്തുടരുകയും ചെയ്തു. താന്‍ ഉപയോഗിക്കുന്ന വസ്ത്രങ്ങളും കിടപ്പു മുറിയും പരിസരങ്ങളുമൊക്കെ അവസാനം വരെയും അദ്ദേഹം തന്നെയാണ് വൃത്തിയോടെ പരിപാലിച്ചിരുന്നത്.
അന്തമാനിലെ തന്റെ കുടുംബ വീട്ടില്‍ കുറഞ്ഞ കാലം അദ്ദേഹം താമസിച്ചപ്പോള്‍, ആ സന്ദര്‍ഭത്തിലുള്ള അദ്ദേഹത്തിന്റെ നമസ്‌കാരവും ഇസ്‌ലാമിക ജീവിതവുമൊക്കെയാണ്  തന്നെ ഇസ്‌ലാമിക പ്രബോധനകനാക്കി മാറ്റിയതെന്ന് ആ കുടുംബത്തിലെ ഒരംഗം ഈയിടെ പറയുകയുണ്ടായി.
പെന്‍ഷന്‍ കിട്ടുന്ന തുക കുടുംബത്തിന്, സകാത്തിന്, ജീവകാരുണ്യ പ്രവര്‍ത്തനത്തിന് എന്നിങ്ങനെ തരംതിരിച്ച് വെക്കുമായിരുന്നു. പ്രസ്ഥാന മാര്‍ഗത്തില്‍ ഉദാരമായി ചെലവഴിച്ചിരുന്ന അദ്ദേഹം സര്‍വീസ് ആനുകൂല്യങ്ങള്‍ മുഴുവന്‍ സ്വദഖയായി നല്‍കുകയാണ് ചെയ്തത്. ഇസ്‌ലാമിക പ്രസ്ഥാന മാര്‍ഗത്തില്‍ പിന്‍ഗാമികളായി മുഴുവന്‍ മക്കളും ഉണ്ടാകുമെന്നുള്ള ഉറപ്പിലാണ് അദ്ദേഹം ഈ ലോകത്തോട് വിടവാങ്ങിയത്.

 

 

ഇ.ഇ അബ്ദുല്ല

വടക്കന്‍ പറവൂര്‍ വാണിയക്കാട് ഇശാഅത്തുല്‍ ഇസ്‌ലാം ട്രസ്റ്റിന്റെ രൂപീകരണത്തിലും തുടര്‍പ്രവര്‍ത്തനങ്ങളിലും നേതൃപരമായ പങ്കു വഹിക്കുകയും ദീര്‍ഘകാലം വാണിയക്കാട് മഹല്ല് കമ്മിറ്റി സെക്രട്ടറിയായി ചുമതലയേല്‍ക്കുകയും ചെയ്ത വ്യക്തിയായിരുന്നു ഇല്ലിക്കല്‍ അബ്ദുല്ല സാഹിബ്. ദീര്‍ഘനാള്‍ വാണിയക്കാട് കാര്‍കുന്‍ ഹല്‍ഖയുടെ സെക്രട്ടറിയുമായിരുന്നു.
കെ. മൊയ്തു മൗലവി, കെ.ടി അബ്ദുര്‍റഹീം സാഹിബ് എന്നീ നേതാക്കന്മാരോടൊപ്പം പറവൂര്‍ പ്രദേശത്തെ പ്രസ്ഥാന വളര്‍ച്ചയില്‍ പങ്കു വഹിച്ചു. ഇവരോടൊപ്പം പ്രവര്‍ത്തിച്ച ആദ്യകാലങ്ങളിലെ അനുഭവങ്ങള്‍ പുതുതലമുറയോട് പങ്കു വെക്കാറുായിരുന്നു. അദ്ദേഹത്തിന്റെ വശ്യമായ സംസാരവും മാന്യമായ ഇടപെടലുകളും വാക്കിലും പ്രവൃത്തിയിലും പുലര്‍ത്തിയ സത്യസന്ധതയും നാട്ടില്‍ അദ്ദേഹത്തെ ഏറെ പ്രിയപ്പെട്ടവനാക്കി. പുതുതലമുറ പ്രവര്‍ത്തകരോട് അങ്ങേയറ്റത്തെ ഗുണകാംക്ഷ വെച്ചുപുലര്‍ത്തി. അവര്‍ക്കാവശ്യമായ ഉപദേശനിര്‍ദേശങ്ങള്‍ നല്‍കി. ചേന്ദമംഗലം, വടക്കുംപുറം, പെരുമ്പടന്ന പള്ളികളില്‍ ഖുത്വ്ബ നിര്‍വഹിച്ചിട്ടുണ്ട്.
നാട്ടിലെയും കുടുംബത്തിലെയും പ്രശ്‌നങ്ങളില്‍ കാരണവരെപോലെ മുന്നില്‍നിന്ന് പരിഹാര നടപടികള്‍ സ്വീകരിച്ചിരുന്നു. കുടുംബത്തിന്റെ ദീനീ- പ്രസ്ഥാന വളര്‍ച്ചയിലും ശ്രദ്ധിച്ചു. കണക്കുകള്‍ സുക്ഷിക്കുന്നതില്‍ കണിശക്കാരനായിരുന്ന അദ്ദേഹം രാത്രി എത്ര വൈകിയാലും അവ എഴുതിവെച്ചതിനു ശേഷം മാത്രമേ ഉറങ്ങാറുണ്ടായിരുന്നുള്ളു.
ഭാര്യമാര്‍: പരേതരായ ഹലീമ, ജമീല. മക്കള്‍: ലത്തീഫ്, ഇസ്ഹാഖ് (വെല്‍ഫെയര്‍ പാര്‍ട്ടി യൂനിറ്റ് പ്രസിഡന്റ്), ഐഷാ ബീവി, സുബൈദ, ജസ്മിന്‍. മരുമക്കള്‍: സൈദുമുഹമ്മദ്, അബ്ദുല്‍ അസീസ്, അബ്ദുസ്സലാം, ഐഷ, ഉമൈറ. 

എം.എ നൗഷാദ്

 

 

എ.എം ഇസ്മാഈല്‍, ആലുവ 

സഹപ്രവര്‍ത്തകര്‍ക്ക് ഒട്ടേറെ അനുകരണീയ മാതൃകകള്‍ ബാക്കിയാക്കിയാണ് ആലുവ തോട്ടക്കാട്ടുകര അഞ്ചാംപരുത്തി വീട്ടില്‍ എ.എം ഇസ്മാഈല്‍ സാഹിബ് (70) അല്ലാഹുവിങ്കലേക്ക് യാത്രയായത്.
പറവൂരിലെ ചേന്ദമംഗലത്താണ് ജനിച്ചതെങ്കിലും ബാങ്കിംഗ് മേഖലയിലെ ദീര്‍ഘനാളത്തെ സര്‍വീസിനൊപ്പം ആലുവയില്‍ സ്ഥിരതാമസമാക്കുകയായിരുന്നു അദ്ദേഹം. സി.പി.ഐയുടെ ബാങ്ക് ഓഫീസര്‍മാരുടെ സംഘടനയുടെ ദേശീയ എക്‌സിക്യൂട്ടീവ് അംഗമായിരുന്ന ഇസ്മാഈല്‍ സാഹിബ് സര്‍വീസില്‍നിന്ന് സ്വമേധയാ പിരിയുകയും സ്വന്തമായി ആലുവ നഗരത്തില്‍ ചെറിയൊരു സ്റ്റേഷനറി ബിസിനസ് ആരംഭിക്കുകയും ചെയ്തു.
സര്‍വീസിലായിരിക്കുമ്പോള്‍ തന്നെ ഖുര്‍ആന്‍ സ്റ്റഡി സെന്ററിലൂടെ ഇസ്‌ലാമിനെ പഠിക്കാനും അതുവഴി ഇസ്‌ലാമിക പ്രസ്ഥാനത്തിലേക്ക് എത്തിച്ചേരാനും അദ്ദേഹത്തിന് കഴിഞ്ഞു. പിന്നീട് പ്രസ്ഥാന മാര്‍ഗത്തില്‍ ഒട്ടേറെ മാതൃകകളാണ് അദ്ദേഹം കാഴ്ചവെച്ചത്.
സ്വന്തം വീട്ടില്‍ തന്നെ ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ വളരെ വ്യവസ്ഥാപിതമായി  സംഘടിപ്പിച്ചു. പ്രസ്ഥാന വളര്‍ച്ചക്ക് ഇത് ഒട്ടേറെ സഹായകമായി. ജമാഅത്തെ ഇസ്‌ലാമി തോട്ടക്കാട്ടുകര ഹല്‍ഖാ നാസിം, ആലുവ ഏരിയാ സെക്രട്ടറി, ആലുവ ഹിറാ ചാരിറ്റബ്ള്‍ ട്രസ്റ്റ് സെക്രട്ടറി, മസ്ജിദുല്‍ അന്‍സാര്‍ കമ്മിറ്റിയംഗം, സകാത്ത് കമ്മിറ്റിയംഗം, സംഗമം മള്‍ട്ടിസ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ആലുവ ബ്രാഞ്ച് മാനേജര്‍ എന്നീ ഉത്തരവാദിത്വങ്ങള്‍ അദ്ദേഹം നിര്‍വഹിച്ചു.
ബാങ്കിംഗ് മേഖലയിലെ സര്‍വീസിന് പകരം വെക്കാനെന്നോണം ഇസ്‌ലാമിക പ്രസ്ഥാനത്തോടൊപ്പം വര്‍ധിതാവേശത്തോടെയാണ് അദ്ദേഹം നിലകൊണ്ടത്. ജില്ലയിലെ ജമാഅത്ത് ഘടകങ്ങളുടെ അക്കൗണ്ട് ഓഡിറ്റിംഗിന്റെ ചുമതല ഏറെനാള്‍ അദ്ദേഹം നിര്‍വഹിക്കുകയുണ്ടായി. രോഗം കൊണ്ട് പ്രയാസപ്പെടുന്ന ഘട്ടത്തിലും പരിപാടികള്‍ക്ക് കൃത്യമായി എത്തിച്ചേരുമായിരുന്നു.
സാമ്പത്തിക പ്രയാസങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് സ്വകാര്യമായി കൈത്താങ്ങാകാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. പരിചയപ്പെടുന്നവര്‍ക്കൊക്കെ മറക്കാനാവാത്ത വിധം ഹൃദ്യമായിരുന്നു അദ്ദേഹത്തിന്റെ ഇടപെടലുകള്‍. സര്‍വീസ് സംഘടനുമായി ഉണ്ടായിരുന്ന ബന്ധങ്ങള്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിലേക്ക് കടന്നുവന്നതിനു ശേഷവും തുടരുകയും പ്രളയകാലത്തുള്‍പ്പെടെ പല സേവന സംരംഭങ്ങള്‍ക്കും അവരുടെ ഫണ്ട് ലഭ്യമാക്കുകയുംചെയ്തു.
സംഗമം മള്‍ട്ടിസ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ആലുവ ബ്രാഞ്ച് ആരംഭിക്കാന്‍ തീരുമാനിച്ചപ്പോള്‍ മാനേജര്‍ സ്ഥാനത്തേക്ക് പരിഗണിക്കാന്‍ അദ്ദേഹത്തിന്റേതല്ലാത്ത മറ്റൊരു പേരും ഉണ്ടായിരുന്നില്ല. ബ്രാഞ്ച് തുടങ്ങിയ ശേഷം ഏറെനാള്‍ ഒരു പ്രതിഫലവും സ്വീകരിക്കാതെയാണ് അദ്ദേഹം സേവനം ചെയ്തത്. പിന്നീട് ഹെഡ് ഓഫീസില്‍നിന്ന്‌വളരെ നിര്‍ബന്ധിച്ച ശേഷമാണ് ചെറിയൊരു തുക പ്രതിഫലമായി സ്വീകരിക്കാന്‍ തയാറായത്.
2007-ല്‍ കേരള ഹജ്ജ് ഗ്രൂപ്പിന്റെ സംഘത്തില്‍ ഇസ്‌ലാമിക പ്രവര്‍ത്തകരുടെ നല്ലൊരു ടീമിനൊപ്പം ഹജ്ജ് നിര്‍വഹിക്കാന്‍ കഴിഞ്ഞത് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ കരുത്തു പകരുകയുണ്ടായി. പ്രത്യേക സാഹചര്യത്തില്‍നിന്ന് ഇസ്‌ലാമിക പ്രസ്ഥാനത്തിലേക്ക് കടന്നുവന്ന ശേഷം പ്രസ്ഥാന പ്രവര്‍ത്തകര്‍ അദ്ദേഹത്തിന് നല്‍കിയ പരിഗണനയും കരുതലും നന്ദിപൂര്‍വം സ്മരിക്കുകയും പലരോടും പങ്കുവെക്കുകയും ചെയ്യുമായിരുന്നു.
ഭാര്യയും രണ്ട് ആണ്‍മക്കളും അടങ്ങുന്ന അദ്ദേഹത്തിന്റെ കുടുംബം പ്രസ്ഥാനപ്രവര്‍ത്തകരാണ്. ആലുവ വനിതാ ഹല്‍ഖയുടെ നാസിമത്താണ് ഭാര്യ സുലൈഖ.

കെ.കെ സലീം, ആലുവ

 


ആഇശ ശാന്തപുരം 

ശാന്തപുരം ചുങ്കത്ത് താമസിക്കുന്ന ആനമങ്ങാടന്‍ യൂസുഫ് സാഹിബിന്റെ ഭാര്യയും രാമപുരത്തെ എന്‍.കെ അബൂബക്കര്‍ മൗലവിയുടെയും കരുവള്ളി ഫാത്തിമയുടെയും മകളുമായ ആഇശ (67) അല്ലാഹുവിങ്കലേക്ക് യാത്രയായി. കൊറോണ ബാധിച്ച ഭര്‍ത്താവിനെ ശുശ്രൂഷിക്കവെ കൊറോണ ബാധിക്കുകയും രണ്ടു നാള്‍ കൊണ്ട് മരണമടയുകയുമായിരുന്നു. ഒട്ടേറെ മാതൃകകള്‍ അവരുടെ ജീവിതത്തില്‍നിന്ന് നമുക്ക് പഠിക്കാനുണ്ട്. ഏത് പ്രതിസന്ധികള്‍ക്കിടയിലും നിറപു
ഞ്ചിരിയോടെ ആളുകളെ അഭിമുഖീകരിക്കാന്‍ അവര്‍ക്ക് സാധിച്ചിരുന്നു. കുടുംബത്തിലും ചുറ്റുവട്ടത്തുള്ളവര്‍ക്കും അവര്‍ അത്താണിയായിരുന്നു. രോഗികളെ ശുശ്രൂഷിക്കാനും അവര്‍ക്ക് ഭക്ഷണം എത്തിച്ചുകൊടുക്കാനും സദാ ജാഗ്രത പുലര്‍ത്തി. കുറച്ചു മാത്രമേ സംസാരിക്കൂ. ആരെക്കുറിച്ചും പരദൂഷണം പറയാനും കേള്‍ക്കാനും ഇഷ്ടപ്പെട്ടിരുന്നില്ല. ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ സജീവ നിശ്ശബ്ദ പ്രവര്‍ത്തകയായിരുന്ന അവര്‍ പള്ളിയിലും പഠന ക്ലാസുകളിലും വാരാന്ത യോഗങ്ങളിലും സംബന്ധിക്കുന്നതില്‍ കണിശത പുലര്‍ത്തിയിരുന്നു.  
കുടുംബത്തെ ഇസ്‌ലാമികവല്‍ക്കരിക്കുന്നതില്‍ അവര്‍ ശുഷ്‌കാന്തി കാണിച്ചു. മക്കള്‍ മിക്കവരും ശാന്തപുരം കോളേജ് ഹൈസ്‌കൂളില്‍ പഠിച്ചവരാണ്. അഞ്ച് ആണ്‍മക്കളും 4 പെണ്‍മക്കളുമാണ് അവര്‍ക്കുള്ളത്. ഡോക്ടര്‍ ബശീര്‍, മുനീര്‍, ഡോക്ടര്‍ ബാസില്‍, എഞ്ചിനീയര്‍ ജാസിം, സിറാജ്, അനീസ ടീച്ചര്‍, നസീമ, സുനീറ, നദീറ ടീച്ചര്‍.

കെ.കെ ഫാത്വിമ സുഹ്‌റ
 

Comments

ഖുര്‍ആന്‍ ബോധനം

സൂറ-37 / അസ്സ്വാഫ്ഫാത്ത (149-160)
ടി.കെ ഉബൈദ്‌

ഹദീസ്‌

അല്ലാഹുവിനുള്ള നോമ്പ്
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്