Prabodhanm Weekly

Pages

Search

2021 ഏപ്രില്‍ 16

3198

1442 റമദാന്‍ 04

ഇനി സ്വഫ്ഫുകള്‍ നിറയട്ടെ

സി.ടി സുെെഹബ്

തിരിച്ചുപിടിക്കലിന്റെയും അതിജീവനത്തിന്റെയും നാളുകളാണിത്. കോവിഡ് മഹാമാരി നിശ്ചലമാക്കിയ ജീവിതപരിസരങ്ങള്‍ പതിയെ സജീവമായിക്കൊണ്ടിരിക്കുന്നു. ആളൊഴിഞ്ഞ് വിജനമായിരുന്നിടത്തെല്ലാം വീണ്ടും ആള്‍ക്കൂട്ടങ്ങളെത്തിത്തുടങ്ങി. കഴിഞ്ഞ ഒരു വര്‍ഷക്കാലം നമ്മുടെ കണക്കുകൂട്ടലുകള്‍ തെറ്റിയ സമയമായിരുന്നു. പതിവു പരിപാടികളും പദ്ധതികളും ശീലങ്ങളും മാറ്റിവെക്കേണ്ടിവന്നു. പള്ളിയിലുള്ള നമസ്‌കാരവും ജുമുഅകള്‍ക്കായുള്ള ഒരുമിച്ചുകൂടലും നമുക്ക് നഷ്ടമായി. ജുമുഅയും തറാവീഹും ആത്മീയ സദസ്സുമില്ലാതെ ജീവിതത്തിലാദ്യമായൊരു റമദാന്‍ കഴിഞ്ഞുപോയി.
കഴിഞ്ഞ റമദാന്‍ കടന്നുവരുമ്പോള്‍ വിശ്വാസികളുടെ മുഖത്ത് നിരാശ നിറഞ്ഞുനിന്നിരുന്നു. നനച്ചുകുളി നടക്കാത്ത പള്ളികള്‍ അതിഥികള്‍ വരാനില്ലാത്ത വീടുകള്‍ പോലെയായി. ഖുര്‍ആന്‍ പാരായണം കൊണ്ട് മുഖരിതമായ പള്ളികളില്‍ മൂകത തളംകെട്ടിനിന്നു. യാത്രക്കാര്‍ക്കും പള്ളിയിലെത്തുന്നവര്‍ക്കും നോമ്പു തുറക്കാനുള്ള വിഭവങ്ങളൊരുക്കി തുറന്നിട്ടിരുന്ന ഗേറ്റുകള്‍ ആളനക്കമില്ലാതെ അടഞ്ഞുകിടന്നു. നോമ്പുതുറയും കഴിഞ്ഞ് ഇശാ ബാങ്ക് കൊടുക്കുമ്പോള്‍ മക്കളെയും വീട്ടുകാരെയും കൂട്ടി തറാവീഹിനായി പള്ളിയിലേക്ക് പുറപ്പെടുന്ന കാഴ്ചകള്‍ കാണാതായി. ഉത്തരേന്ത്യയില്‍നിന്നടക്കം വന്ന ഹാഫിളുകള്‍ ശ്രുതിമധുരമായി ഖുര്‍ആന്‍ പാരായണം ചെയ്ത് ഇമാമത്ത് നിന്നിരുന്ന പള്ളികളില്‍ ലൈറ്റുകള്‍ അണഞ്ഞുകിടന്നു. ഒടുവിലത്തെ പത്തില്‍ മറ്റെല്ലാ തിരക്കുകളും മാറ്റിവെച്ച് ഇഅ്തികാഫ് ഇരുന്നിരുന്ന പള്ളിമൂലകള്‍ പൊടിപിടിച്ചു. അങ്ങനെ ഒരു റമദാനും പെരുന്നാളുമൊക്കെ കഴിഞ്ഞുപോയി. പതിയെ ജുമുഅകളും ജമാഅത്തുകളും പുനരാരംഭിച്ചു. ലോക്ക് ഡൗണ്‍ അവസാനിച്ച് ജീവിതശീലങ്ങള്‍ പതിവുപോലെയായിട്ടും പള്ളിയിലെ ജമാഅത്ത് നമസ്‌കാരങ്ങള്‍ അത്ര സജീവമായിട്ടില്ല. ലോക്ക്  ഡൗണ്‍ കാലത്തെ പ്രത്യേക ഇളവുകള്‍ ജുമുഅയിലും ജമാഅത്ത് നമസ്‌കാരങ്ങളിലും പങ്കെടുക്കുന്നതിനെക്കുറിച്ച ഗൗരവം പൊതുവെ കുറച്ചിട്ടുണ്ട് എന്നതൊരു യാഥാര്‍ഥ്യമാണ്. എന്നാല്‍ ഇളവുകളുടെ കാലമവസാനിച്ചിട്ടുണ്ട്. ആലസ്യം വിട്ടൊഴിഞ്ഞ് ഉണരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
പള്ളികള്‍ സജീവമാക്കാന്‍ മികച്ച അവസരമാണ് റമദാന്‍. റമദാനില്‍ ശരിയാക്കാം എന്നതാവരുത് നമ്മുടെ മാനസികാവസ്ഥ. റമദാനിനു മുമ്പേ ശരീരം കൊണ്ടും മനസ്സ് കൊണ്ടും കര്‍മങ്ങള്‍ കൊണ്ടും സജ്ജരാവണം. കോവിഡ് പകര്‍ന്നുതന്ന വലിയ ചില പാഠങ്ങളുണ്ട്, അതില്‍ പ്രധാനം നന്മകളൊന്നും നീട്ടിവെക്കരുതെന്നാണ്. നമ്മുടെ കണക്കുകൂട്ടലുകള്‍ക്കകത്ത് ഒതുക്കാന്‍ കഴിയുന്നതല്ല ജീവിതമെന്നും പൊടുന്നനെ വന്നണയുന്ന ജീവിതസാഹചര്യങ്ങളില്‍ പകച്ചുപോകാനും നിസ്സഹായരാകാനും മാത്രമേ നമുക്കാവൂ എന്നും നമ്മെ ബോധ്യപ്പെടുത്തിയ സന്ദര്‍ഭങ്ങള്‍. ഭൗതിക ജീവിതത്തിനും ഇവിടെയുള്ള വിഭവങ്ങള്‍ ആസ്വദിക്കുന്നതിനും വലിയ ഗ്യാരണ്ടിയൊന്നുമില്ലെന്ന തിരിച്ചറിവ് അല്ലാഹുവിലേക്കും പരലോകത്തിനു വേണ്ടിയുള്ള ഒരുക്കങ്ങളിലേക്കും നമ്മെ കൂടുതല്‍ പ്രേരിപ്പിക്കേണ്ടതുണ്ട്.
വിശ്വാസിയുടെ ജീവിതത്തിന്റെ ആത്മീയ കേന്ദ്രമാണ് പള്ളി. ജീവിതത്തിരക്കുകള്‍ക്കിടയിലെ ഓട്ടപ്പാച്ചിലിനിടയില്‍ കൃത്യമായ ഇടവേളകളില്‍ പള്ളിയിലെത്തുമ്പോള്‍ അല്ലാഹുമായുള്ള ബന്ധം അറ്റുപോകാതെ ചേര്‍ത്തുവെക്കാനാകും. ആ ബന്ധമാണ് ഭൗതികാലങ്കാരങ്ങളില്‍ കണ്ണ് മഞ്ഞളിച്ചുപോകാതെ വിശ്വാസിയെ പിടിച്ചുനിര്‍ത്തുന്നത്. തിരക്കുകള്‍ക്കിടയില്‍ പള്ളിയിലേക്കും അല്ലാഹുവിലേക്കുമുള്ള ചുവടുവെപ്പുകള്‍ തെറ്റാതെ പോകാന്‍ സഹായിക്കുന്നതും അതു തന്നെയാണ്. എത്ര വലിയ ഭൗതിക വ്യവഹാരങ്ങളായാലും അതൊന്നും നമസ്‌കാരത്തേക്കാളും പള്ളിയേക്കാളും വലുതല്ലെന്ന ബോധ്യം ഉറപ്പിക്കുന്നതും ആ ബന്ധം തന്നെയാണ്. ''ആ വെളിച്ചം ലഭിച്ചവരുണ്ടാവുക ചില മന്ദിരങ്ങളിലാണ്. അവ പടുത്തുയര്‍ത്താനും അവിടെ തന്റെ നാമം ഉരുവിടാനും അല്ലാഹു ഉത്തരവ് നല്‍കിയിരിക്കുന്നു. രാവിലെയും വൈകുന്നേരവും അവിടെ അവന്റെ വിശുദ്ധി വാഴ്ത്തിക്കൊണ്ടിരിക്കുന്നു. കച്ചവടമോ കൊള്ളക്കൊടുക്കകളോ അല്ലാഹുവെ സ്മരിക്കുന്നതിനും നമസ്‌കാരം നിലനിര്‍ത്തുന്നതിനും സകാത്ത് നല്‍കുന്നതിനും തടസ്സമാകാത്ത ചിലരാണ് അങ്ങനെ ചെയ്തുകൊണ്ടിരിക്കുന്നവര്‍. മനസ്സുകള്‍ താളം തെറ്റുകയും കണ്ണുകള്‍ ഇളകിമറിയുകയും ചെയ്യുന്ന അന്ത്യനാളിനെ ഭയപ്പെടുന്നവരാണവര്‍'' (സൂറത്തുന്നൂര്‍ 36,37).
സമയബന്ധിതമായി നിര്‍വഹിക്കാന്‍ കല്‍പിക്കപ്പെട്ട കാര്യമാണ് നമസ്‌കാരം. നമ്മുടെ തിരക്കിനനുസരിച്ച് സൗകര്യപ്രദമായ സമയത്തേക്ക് നീട്ടിവെക്കുന്നുണ്ട് പലരും. ചില സാഹചര്യങ്ങളില്‍ അതാവശ്യമായി വരും. എന്നാല്‍ നമസ്‌കാരത്തിന്റെ കാര്യത്തിലുള്ള പതിവുശീലമെന്നത് കൃത്യമായ സമയത്ത് ജമാഅത്തായി പള്ളിയില്‍ ഒരുമിച്ചുകൂടി നിര്‍വഹിക്കുക എന്നതാണ്.
ജമാഅത്തായുള്ള നമസ്‌കാരം ഏറെ പുണ്യകരവും വിശ്വാസികളുടെ സാമൂഹിക സംസ്‌കാരവുമായി ബന്ധമുള്ള കാര്യവുമാണ്. ഒറ്റക്ക് നമസ്‌കരിക്കുന്നതിനേക്കാള്‍ ഇരുപത്തിയേഴ് ഇരട്ടി പ്രതിഫലമാണ് ജമാഅത്ത് നമസ്‌കാരങ്ങള്‍ക്കുള്ളത്. അത് ജീവിതത്തിലിങ്ങനെ നഷ്ടപ്പെടുത്തുമ്പോള്‍ ഓരോ ദിവസവും നേടിയെടുക്കാന്‍ കഴിയുന്ന എത്രയത്ര പുണ്യങ്ങളാണ് നാം നഷ്ടപ്പെടുത്തുന്നത്. ജമാഅത്ത് നമസ്‌കാരങ്ങള്‍ക്കായി പള്ളിയിലേക്കെത്തുന്ന ദൂരത്തിനനുസരിച്ച് പാപങ്ങള്‍ പൊറുക്കപ്പെടുകയും പദവികള്‍ ഉയര്‍ത്തപ്പെടുകയും ചെയ്യുന്നു.
''ഒരാള്‍ തന്റെ വീട്ടില്‍നിന്ന് വുദൂ എടുത്ത് അല്ലാഹുവിന്റെ ഭവനത്തിലേക്ക് നടന്നുപോകുന്ന ഓരോ കാലടിയിലും ഒന്നില്‍ പാപങ്ങള്‍ പൊറുക്കപ്പെടുകയും മറ്റൊന്നില്‍ പദവികള്‍ ഉയര്‍ത്തപ്പെടുകയും ചെയ്യും'' (മുസ്‌ലിം).
ജീവിതത്തില്‍ അറിഞ്ഞോ അറിയാതെയോ നമ്മളില്‍നിന്ന് എത്രയെത്ര തെറ്റുകള്‍ സംഭവിച്ചുപോകാറുണ്ട്. നമ്മള്‍ ചെയ്യുന്ന നന്മകളില്‍ എത്ര ന്യൂനതകളുണ്ടാവാറുണ്ട്. എന്നാല്‍ അതൊക്കെയും പൊറുക്കപ്പെടുന്ന ഇത്തരം ചില അവസരങ്ങള്‍ അല്ലാഹു നമുക്കായി നല്‍കിയതാണ്. നമ്മുടെ അലസത കൊണ്ടോ മടി കൊണ്ടോ അത് നഷ്ടപ്പെടുത്തുമ്പോള്‍ അവന്‍ വെച്ചുനീട്ടുന്ന കാരുണ്യത്തിന്റെ കരങ്ങളെയാണ് നാം പുല്‍കാതെ പോകുന്നതെന്നോര്‍ക്കണം.
ഒരു ദിവസത്തില്‍ കൃത്യമായ ഇടവേളകളില്‍ ഒരു പ്രദേശത്തുള്ളവര്‍ പരസ്പരം കണ്ടുമുട്ടുന്നു, അവര്‍ സംസാരിക്കുന്നു. പ്രശ്‌നങ്ങള്‍ പങ്കുവെക്കുന്നു. ചില പരിഹാരങ്ങള്‍ അവിടെ വെച്ചു തന്നെ നിര്‍ദേശിക്കപ്പെടുന്നു. ഇങ്ങനെ പള്ളിയില്‍ വെച്ചുള്ള ജമാഅത്ത് നമസ്‌കാരങ്ങള്‍ വിശ്വാസികള്‍ക്കിടയില്‍ സാമൂഹിക സഹവര്‍ത്തിത്വം രൂപപ്പെടുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു. അതുകൊണ്ടു കൂടിയാകാം ഒറ്റക്കുള്ള നമസ്‌കാരത്തേക്കാള്‍ പലമടങ്ങ് പ്രതിഫലം വാഗ്ദാനം ചെയ്യപ്പെട്ടത്.
ചില നമസ്‌കാരങ്ങളില്‍നിന്ന് പൊതുവെ നാം അലസരായിപ്പോകാറുണ്ട്. സ്വുബ്ഹിയും ഇശാഉം ജമാഅത്തായി നമസ്‌കരിക്കല്‍ മറ്റു നമസ്‌കാരങ്ങള്‍ക്കായി പോകുന്നവര്‍ പോലും നഷ്ടപ്പെടുത്താറുണ്ട്. അത് റസൂല്‍ (സ) പ്രത്യേകം ഉണര്‍ത്തിയിട്ടുണ്ട്. അവിടുന്ന് പറയുന്നു:  ''സ്വുബ്ഹിയും ഇശാഉമാണ് മുനാഫിഖുകള്‍ക്ക് ഏറ്റവും പ്രയാസകരമായ നമസ്‌കാരങ്ങള്‍. അത് രണ്ടും ജമാഅത്തായി നമസ്‌കരിക്കുന്നതിലുള്ള പ്രതിഫലങ്ങള്‍ അറിഞ്ഞെങ്കില്‍ അവര്‍ മുട്ടില്‍ ഇഴഞ്ഞാണെങ്കിലും പള്ളിയിലെത്തിയേനെ. ഞാനാലോചിച്ചുണ്ട്, ഇഖാമത്ത് കൊടുത്ത് ഒരാളെ നമസ്‌കാരത്തിനായി ഇമാം നിര്‍ത്തുകയും കുറച്ച് പേരെ കൂട്ടി ഞാന്‍ പുറത്തിറങ്ങി വീടുകള്‍ പരിശോധിച്ച് പള്ളിയിലേക്കെത്താത്തവരെ അവരുടെ വീടടക്കം വിറകു കൂട്ടിയിട്ട് കത്തിച്ചുകളയണമെന്ന്'' (മുസ്‌ലിം).
കാരണമില്ലാതെ ജമാഅത്ത് നമസ്‌കാരങ്ങള്‍ നഷ്ടപ്പെടുന്നവര്‍ക്കുള്ള താക്കീതായി ഇതിനെ മനസ്സിലാക്കേണ്ടതുണ്ട്. റസൂല്‍ (സ) രോഷം പ്രകടിപ്പിച്ചിരുന്ന വളരെ കുറഞ്ഞ അവസരങ്ങളേ ഉണ്ടായിട്ടുള്ളൂ. ജമാഅത്ത് നമസ്‌കാരം നഷ്ടപ്പെടുത്തുന്നവരുടെ കാര്യത്തില്‍ ഇത്രയേറെ രോഷം പ്രകടിപ്പിച്ചിട്ടുണ്ടെങ്കില്‍ കുറച്ചുകൂടി ഗൗരവത്തില്‍ അതിനെ പരിഗണിക്കേണ്ടിയിരിക്കുന്നു.
നമസ്‌കാരങ്ങള്‍ നിര്‍വഹിക്കുക എന്നൊരു ബന്ധം മാത്രമല്ല വിശ്വാസിക്ക് പള്ളിയോടുണ്ടാവേണ്ടത്. പള്ളിപരിപാലനം ഓരോ നാട്ടിലെ വിശ്വാസികളുടെയും കടമായണ്. ''അല്ലാഹുവിന്റെ പള്ളികള്‍ പരിപാലിക്കേണ്ടത് അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും നമസ്‌കാരം മുറപോലെ നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും അല്ലാഹുവിനെയല്ലാതെ ഭയപ്പെടാതിരിക്കുകയും ചെയ്തവര്‍ മാത്രമാണ്. എന്നാല്‍ അത്തരക്കാര്‍ സന്മാര്‍ഗം പ്രാപിക്കുന്നവരുടെ കൂട്ടത്തിലായേക്കാം'' (തൗബ 18).
ബാങ്ക് ഇസ്‌ലാമിന്റെ ചിഹ്നമാണ്. അല്ലാഹുവിന്റെ ഏകത്വവും മുഹമ്മദ് നബി(സ)യുടെ മഹത്വവും ഉദ്‌ഘോഷിക്കുന്ന ബാങ്ക് ഓരോ നാട്ടിലും സുന്ദരമായി മുഴങ്ങിക്കേള്‍ക്കണം. മനോഹരമായി ബാങ്ക് വിളിക്കാന്‍ കഴിയുന്നവര്‍ ഇടക്ക് ബാങ്ക് കൊടുക്കാന്‍ സന്നദ്ധമായി മുന്നോട്ടുവരണം. റസൂല്‍ (സ) ബാങ്ക് വിളിക്കുന്നവരുടെ ശ്രേഷ്ഠതയെ കുറിച്ച് പറയുന്നു: ''വിചാരണാനാളില്‍ കഴുത്ത് കൂടുതല്‍ നീണ്ടവരായിരിക്കും ബാങ്ക് വിളിക്കുന്നവര്‍.'' അല്ലാഹുവിന്റെ റഹ്മത്തിലേക്ക് കൂടുതല്‍ അടുത്തവരായിരിക്കുമെന്നും, കാണപ്പെടുന്ന രീതിയില്‍ ആള്‍ക്കൂട്ടത്തിനിടയില്‍ ആദരിക്കപ്പെടുന്നവരായിരിക്കുമെന്നുമാകും കഴുത്ത് നീണ്ടവര്‍ എന്നു വിശേഷിപ്പിച്ചതിന്റെ പൊരുളെന്ന് പണ്ഡിതന്മാര്‍ വിശദീകരിച്ചിട്ടുണ്ട്.
'അല്ലാഹുവിന്റെ ഭവനം' എന്നാണ് പള്ളികളെ വിശുദ്ധ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്. പള്ളിയില്‍ കയറുന്ന ഓരോരുത്തര്‍ക്കും അന്യതാബോധമില്ലാതെ പെരുമാറാന്‍ കഴിയും. കാരണം അല്ലാഹുവിന്റെ ഭവനം എല്ലാവരുടേതുമാണല്ലോ. നമസ്‌കാരസമയത്ത് കയറുകയും നമസ്‌കാരം കഴിഞ്ഞാല്‍ ഇറങ്ങുകയും ചെയ്യുന്ന ബന്ധത്തിലപ്പുറം അവന്റെ ഭവനത്തില്‍ അവനോടൊത്ത് ഇത്തിരിയധികം സമയം ഇടക്കൊക്കെ ഒന്നിരിക്കണം. ഇഅ്തികാഫെന്നത് റമദാനിലെ അവസാന പത്തില്‍ മാത്രമുള്ള അനുഷ്ഠാനമല്ലല്ലോ. ജീവിതത്തിന്റെ തിരക്കുകള്‍ക്കിടയില്‍ അതില്‍നിന്നൊന്ന് മാറിനിന്ന് കുറച്ച് സമയം പള്ളിയില്‍ വന്നിരിക്കണം. അല്ലാഹുവിനെ കുറിച്ചും നമ്മളെ കുറിച്ചും ആലോചിക്കണം. കുറച്ച് ദിക്‌റും ഹംദും സ്വലാത്തും ചൊല്ലണം. മനസ്സറിഞ്ഞ് പ്രാര്‍ഥിക്കണം. ഇടക്കൊക്കെ ജീവിതത്തില്‍ ഇങ്ങനെ ഒറ്റക്കിരിക്കുന്ന സമയങ്ങളുണ്ടാവണം. അവിടെയാണ് മനസ്സുകള്‍ കഴുകിയെടുക്കാനാവുക. നാളെ അര്‍ശിന്റെ തണല്‍ ലഭിക്കുന്നവരുടെ കൂട്ടത്തില്‍ റസൂല്‍ (സ) എണ്ണിപ്പറഞ്ഞവരില്‍  അവരുണ്ട്; 'അല്ലാഹുവിനെ ഓര്‍ത്ത് ഒറ്റക്കിരുന്ന് കണ്ണുനീരൊഴുക്കിയവര്‍.'
പള്ളിയില്‍ നേരത്തേ എത്തുന്നത് ഇത്തരത്തില്‍ അല്ലാഹുമായി ഹൃദയബന്ധമുണ്ടാക്കാന്‍ സഹായിക്കും. അതിനാല്‍ തന്നെയാകും റസൂല്‍ (സ) ഒന്നാമത്തെ സ്വഫ്ഫില്‍ ഇടം ലഭിക്കുന്നവര്‍ക്കും നമസ്‌കാരത്തിനായി പള്ളിയില്‍ കാത്തിരിക്കുന്നവര്‍ക്കും വലിയ പ്രതിഫലമുണ്ടെന്ന് സന്തോഷ വാര്‍ത്ത അറിയിച്ചത്.
ആരാധനകള്‍ക്കു പുറമെ പള്ളികളില്‍ വൈജ്ഞാനികവും ദൈവസ്മരണയുണ്ടാക്കുന്നതുമായ സദസ്സുകളും ഒരുമിച്ചിരിക്കലും മറ്റും നടക്കുന്നത് ഏറെ പ്രോത്സാഹിപ്പിക്കപ്പെട്ട പുണ്യകര്‍മമാണ്. റസൂല്‍ (സ) പറയുന്നു: ''ഒരുകൂട്ടമാളുകള്‍ പള്ളിയില്‍ ഒരുമിച്ചു കൂടിയിരുന്ന് ഖുര്‍ആന്‍ പാരായണം ചെയ്യുകയും പരസ്പരം ചര്‍ച്ചചെയ്ത് പഠിക്കുകയും ചെയ്യുന്നു. അവര്‍ക്ക് മേല്‍ സമാധാനമിറങ്ങും. കാരുണ്യം അവരെ പൊതിയും. മലക്കുകള്‍ അവര്‍ക്കു ചുറ്റും വന്നിരിക്കും. അല്ലാഹു അവന്റെ അരികിലുള്ളവരോട് ആ സദസ്സില്‍ പങ്കെടുക്കുന്നവരെക്കുറിച്ച് പരാമര്‍ശിക്കും'' (മുസ്‌ലിം).
ഇങ്ങനെ പള്ളിയുമായി ബന്ധപ്പെട്ട എത്രയെത്ര മനോഹരമായ അവസരങ്ങളാണ് നമ്മള്‍ നഷ്ടപ്പെടുത്തുന്നത്. പള്ളികളെ ജീവിതത്തോടു ചേര്‍ത്തു നിര്‍ത്താന്‍ ശ്രമിച്ചാല്‍ ഈമാനിക അനുഭൂതികള്‍ നല്‍കുന്ന, മാനസിക സമാധാനം ലഭിക്കുന്ന, അല്ലാഹുവിന്റെ കാരുണ്യത്തിലേക്ക് അടുക്കാന്‍ കഴിയുന്ന ധാരാളം അവസരങ്ങള്‍ നമുക്കത് നല്‍കും. നാളെ പരലോകത്ത് അര്‍ശിന്റെ തണല്‍ നല്‍കി ആദരിക്കപ്പെടുന്നവരില്‍ നമുക്കും ഇടം ലഭിക്കും. 'പള്ളികളോട് മനസ്സ് കൂട്ടിയിണക്കപ്പെട്ടവര്‍' എന്നാണല്ലോ റസൂല്‍ (സ) അത്തരക്കാരെ പരിചയപ്പെടുത്തിയത്.
റമദാന്‍ നമ്മുടെ ജീവിതത്തില്‍ അത്തരമൊരു മാറ്റം തുടങ്ങിവെക്കാന്‍ അനുയോജ്യമായ സമയമാണ്. റഹ്മത്തിന്റെ ഇടങ്ങളാണ് ഓരോ മസ്ജിദുകളും. കാരുണ്യത്തിന്റെ കവാടങ്ങള്‍ തുറക്കേണമേയെന്ന പ്രാര്‍ഥനയോടെ അവിടേക്ക് നമുക്ക് വലതുകാല്‍ വെച്ച് കയറാം.

Comments

ഖുര്‍ആന്‍ ബോധനം

സൂറ-37 / അസ്സ്വാഫ്ഫാത്ത (149-160)
ടി.കെ ഉബൈദ്‌

ഹദീസ്‌

അല്ലാഹുവിനുള്ള നോമ്പ്
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്