Prabodhanm Weekly

Pages

Search

2021 ഏപ്രില്‍ 16

3198

1442 റമദാന്‍ 04

തലമുറകളെ പ്രചോദിപ്പിച്ച നേതാവ്

സയ്യിദ് സആദത്തുല്ലാ ഹുസൈനി - അമീര്‍, ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്

സിദ്ദീഖ് ഹസന്‍ സാഹിബിന്റെ വിടവാങ്ങലോടെ നമുക്ക് നഷ്ടമായിരിക്കുന്നത് ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ മഹാനായ ഒരു നേതാവിനെ മാത്രമല്ല; മുസ്‌ലിം ലോകത്തെ യുവതക്ക് പല നിലയില്‍ റോള്‍ മോഡലായിത്തീര്‍ന്നിട്ടുള്ള ഒരു മനുഷ്യസ്‌നേഹിയെ കൂടിയാണ്. കര്‍മകുശലത, സംരംഭകത്വം, ധീരത, ആവേശം, നിസ്വാര്‍ഥത, ഉയര്‍ന്ന മനോവീര്യം, പ്രതിഭയും കഴിവുമുള്ളവരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കാനും അവരെ പ്രയോജനപ്പെടുത്താനുമുള്ള മിടുക്ക്, ആസൂത്രണവും മുന്നാലോചനയും, ദീര്‍ഘദര്‍ശിത്വം, പുതുവഴികള്‍ വെട്ടി കാലത്തിനൊപ്പം മുന്നേറാനും വികസിക്കാനുമുള്ള പ്രാപ്തി.... ആ വ്യക്തിത്വത്തിന്റെ ചില ഗുണങ്ങള്‍ എടുത്തുപറഞ്ഞുവെന്നേയുള്ളൂ. ഇത്തരം ഗുണങ്ങളുടെ പോരായ്മയാണല്ലോ നാം അധഃപതിക്കാനുണ്ടായ പ്രധാന കാരണങ്ങള്‍.
  ഈ അപൂര്‍വ ഗുണങ്ങളുടെ മനോഹരമായ കേദാരമായിരുന്നു സിദ്ദീഖ് ഹസന്‍ സാഹിബിന്റെ ജീവിതം എന്നതാണ് ആ വ്യക്തിത്വത്തെ വേറിട്ടു നിര്‍ത്തുന്നത്. ഈ സവിശേഷ സിദ്ധികളാല്‍ ഇസ്‌ലാമിക പ്രസ്ഥാനത്തെയും അതിനൊപ്പം സഞ്ചരിക്കുന്നവരെയും ധന്യമാക്കുകയായിരുന്നു അദ്ദേഹം. മാധ്യമം ദിനപത്രം മലയാള അച്ചടി മാധ്യമ രംഗത്ത് സത്യത്തിനും നീതിക്കും വേണ്ടിയുള്ള ശബ്ദങ്ങള്‍ക്ക് പുതിയ കരുത്ത് പകരുകയും മീഡിയാ ആക്ടിവിസത്തിന്റെ പുതിയൊരു അധ്യായം എഴുതിച്ചേര്‍ക്കുകയും ചെയ്തപ്പോള്‍ അതിന്റെ നായകരില്‍ ഒരാളായി അദ്ദേഹമുണ്ടായിരുന്നു. അദ്ദേഹം തുടക്കമിട്ട എ.ഐ.സി.എല്‍ ഒരു കേവല  സ്ഥാപനം എന്നതിനപ്പുറം, രാജ്യത്തെ പലിശരഹിത വായ്പാ പ്രസ്ഥാനത്തിന്റെ കെട്ടുറപ്പുള്ള അടിത്തറയായി മാറുകയായിരുന്നു. ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്‍ (എച്ച്.ഡബ്ല്യു.എഫ്) എന്ന കൂട്ടായ്മയിലൂടെ ഉത്തരേന്ത്യയും ദക്ഷിണേന്ത്യയും തമ്മില്‍ സാഹോദര്യത്തിന്റെയും സഹകരണത്തിന്റെയും ഒരു നെറ്റ്‌വര്‍ക്ക് തന്നെ സ്ഥാപിതമാവുകയുണ്ടായി. അതും ഇപ്പോള്‍ ഒരു മഹാ സ്ഥാപനമായി വളര്‍ന്നുകഴിഞ്ഞു. ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്‍ എന്ന ആശയവും അദ്ദേഹത്തിന്റെ മനസ്സില്‍ ഉദിച്ചതാണെന്ന കാര്യവും നാം മറന്നുകൂടാത്തതാണ്.
അസാധ്യമായത് എങ്ങനെ നേടിയെടുക്കാം എന്ന കല നല്ല വശമുണ്ടായിരുന്നു സിദ്ദീഖ് ഹസന്‍ സാഹിബിന്. അദ്ദേഹവുമായി എനിക്ക് ഏകദേശം ഇരുപത്തിരണ്ട് വര്‍ഷത്തെ അടുത്ത ബന്ധമുണ്ട്. പല പദ്ധതികളുമായി ആളുകള്‍ അദ്ദേഹത്തെ സമീപിക്കുന്നത് ഞാന്‍ കാണാറുണ്ട്. ഒറ്റനോട്ടത്തില്‍ നമുക്ക് തോന്നുക, ഈ പദ്ധതികള്‍ അസാധ്യമാണ്, അല്ലെങ്കില്‍ നമുക്ക് അതിന് മാത്രം ശേഷിയില്ല എന്നൊക്കെയായിരിക്കും. അതൊക്കെ സാധ്യമാണെന്ന് പിന്നീട് വ്യക്തമാവുകയും ചെയ്യും. കഴിവും നേതൃയോഗ്യതയുമുള്ള ആളുകള്‍ക്കൊപ്പം പ്രസ്ഥാനത്തിലെ യുവാക്കളെ അണിനിരത്തുകയും അവരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിന്യസിക്കുകയുമായിരുന്നു സിദ്ദീഖ് ഹസന്‍ സാഹിബ്. പ്രതിഭാ സ്പര്‍ശമുള്ളവരെ കണ്ടെത്തി അവരെ കര്‍മപഥത്തില്‍ ഉത്സുകരാക്കുന്ന അദ്ദേഹത്തിന്റെ രീതികള്‍ അന്യാദൃശം തന്നെയാണ്. അവരുടെ ഹൃദയങ്ങള്‍ കവരുക എന്ന കലയില്‍ അദ്ദേഹം അസാധാരണമായി വിജയിക്കുക കൂടി ചെയ്യുന്നതോടെ ഏത് അസംഭവ്യതയും സംഭവ്യമാണെന്ന് വരുന്നു. ഇസ്‌ലാമിനും ഇസ്‌ലാമിക കൂട്ടായ്മകള്‍ക്കും മഹത്തായ സേവനങ്ങള്‍ അര്‍പ്പിക്കുന്ന ഒരുകൂട്ടമാളുകളെ വളര്‍ത്തിക്കൊണ്ടു വരുന്നതിലും അദ്ദേഹം നിര്‍ണായക പങ്കു വഹിച്ചു.
എന്നെ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ കേന്ദ്ര നേതൃഘടനയിലേക്ക് കൈപ്പിടിച്ചാനയിക്കുന്നതിലും അദ്ദേഹം വലിയ പങ്കു വഹിച്ചു. പ്രായപരിധി കഴിഞ്ഞ് എസ്.ഐ.ഒവിന്റെ ചുമതലയില്‍നിന്ന് ഒഴിവായ ശേഷം ഞാന്‍ സ്വന്തം നാട്ടില്‍ എന്റെ തൊഴിലുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ മുഴുകിക്കൊണ്ടിരുന്നപ്പോള്‍ അദ്ദേഹം എന്നെ 'വിഷന്‍ 2016' ടീമിലെ അംഗമാക്കി. അതുപോലെ മറ്റു ചുമതലകളും എനിക്ക് നല്‍കിക്കൊണ്ടിരുന്നു. കേന്ദ്രതലത്തില്‍ വലിയ സേവന പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള ഒരുക്കത്തിലായിരുന്നു അപ്പോള്‍ അദ്ദേഹം. എന്റെ സേവനവും കൂടി ആവശ്യപ്പെടുകയായിരുന്നു. എന്റെ വ്യക്തിത്വവികാസത്തിലും ശിക്ഷണപരിശീലനങ്ങളിലും വലിയൊരു സ്വാധീന ശക്തി അദ്ദേഹമായിരുന്നു എന്നെനിക്ക് പറയാന്‍ കഴിയും. എന്നെ സ്ഥിരോത്സാഹവും കര്‍മോത്സുകതയും ദൃഢചിത്തതയും മനോസ്ഥൈര്യവും മികച്ച കൈകാര്യവും പഠിപ്പിച്ച പ്രസ്ഥാന ഗുരുക്കന്മാരുടെ പട്ടികയില്‍ ആദ്യ പേരുകാരിലൊരാളായി സിദ്ദീഖ് ഹസന്‍ സാഹിബ് ഉണ്ടാകും, തീര്‍ച്ച. വര്‍ഷങ്ങളായി അദ്ദേഹം രോഗത്തിന്റെ പിടിയിലായിരുന്നു. രോഗം കാരണം പൊതുമണ്ഡലത്തില്‍ സജീവമാകാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. പക്ഷേ അദ്ദേഹം ജീവിച്ചിരിക്കുന്നു എന്നതു തന്നെ ഞങ്ങളെപ്പോലുള്ളവര്‍ക്ക് വലിയ പ്രചോദനമായിരുന്നു. അദ്ദേഹത്തെപ്പോലുള്ളവര്‍ ചരിത്രത്തിന്റെ ഭാഗമായിക്കഴിഞ്ഞാലും അവരുടെ ജീവിതം പിന്‍തലമുറകളെ പ്രചോദിപ്പിച്ചുകൊണ്ടേയിരിക്കും.
അല്ലാഹു അദ്ദേഹത്തിന് സ്വര്‍ഗത്തില്‍ സമുന്നത പദവി നല്‍കുമാറാകട്ടെ. താന്‍ പടുത്തുയര്‍ത്തിയ സേവന, ജീവകാരുണ്യ കൂട്ടായ്മകളും താന്‍ അണിനിരത്തിയ അസംഖ്യം നിസ്വാര്‍ഥ പ്രവര്‍ത്തകരുമെല്ലാം അദ്ദേഹത്തിന് മേല്‍ ദൈവപ്രീതിയും അനുഗ്രഹവും വര്‍ഷിക്കാന്‍ നിമിത്തമായി തീരട്ടെ.
 

 

സിദ്ദീഖ് ഹസന്‍ സാഹിബ്  മനുഷ്യസ്‌നേഹത്തിന്റെ മഹാ വിസ്മയം

-എം.ഐ അബ്ദുല്‍ അസീസ്-

ബഹുമാന്യനായ പ്രഫ. കെ.എ സിദ്ദീഖ് ഹസന്‍ സാഹിബ് അല്ലാഹുവിങ്കലേക്ക് യാത്രയായി. ജീവിതത്തിലുടനീളം പ്രപഞ്ചനാഥന്റെ വിളിക്കുത്തരം നല്‍കിക്കൊണ്ടിരുന്ന ആ മഹിത വ്യക്തിത്വം തന്റെ ദൗത്യം പൂര്‍ത്തീകരിച്ച് തിരിച്ചുപോയിരിക്കുന്നു- ഇന്നാ ലില്ലാഹി വഇന്നാ ഇലൈഹി റാജിഊന്‍. ദീര്‍ഘകാലം ഇസ്‌ലാമിക പ്രസ്ഥാനത്തിന് സിദ്ദീഖ് ഹസന്‍ സാഹിബ് പ്രോജ്ജ്വലമായ നേതൃത്വം നല്‍കി. ആത്മീയത തുളുമ്പുന്ന ആ വ്യക്തിത്വത്തിന്റെയും അതിനനുയോജ്യമായ ശരീരഭാഷയുടെയും വശ്യതയില്‍ വിസ്മയപ്പെട്ടവരാണ് ധാരാളം പേര്‍. സിദ്ദീഖ് ഹസന്‍ സാഹിബിനെ അടുത്തറിയുമ്പോള്‍ ആ ആദരവും മതിപ്പും വര്‍ധിക്കുകയേയുള്ളൂ. 
കേരളത്തിലെ ഇസ്‌ലാമിക പ്രസ്ഥാനം ആശയ പ്രബോധനപ്രവര്‍ത്തനങ്ങളോടൊപ്പം അതിനനുപൂരകമായി പ്രായോഗികമായ ആദ്യചുവടുകള്‍ വെക്കുന്നത് മര്‍ഹൂം കെ.സി അബ്ദുല്ല മൗലവി അമീറായിരിക്കെയാണ്. അക്കാലത്ത് അദ്ദേഹത്തിന്റെ മികച്ച സഹായിയായി പിന്‍ബലമേകാന്‍ സിദ്ദീഖ് ഹസന്‍ സാഹിബിന് സാധിച്ചു. കെ.സിയുടെ പിന്‍ഗാമിയാകാനും നിയോഗമുണ്ടായി. 
അല്ലാഹുവുമായുള്ള അഗാധമായ ബന്ധമാണ് യഥാര്‍ഥത്തില്‍ സിദ്ദീഖ് ഹസന്‍ സാഹിബിന്റെ ഊര്‍ജസ്രോതസ്സ്. എല്ലാവരും പങ്കുവെക്കാറുള്ളത് അദ്ദേഹത്തിന്റെ ആക്ടിവിസത്തിലെ മാസ്മരികതയെ സംബന്ധിച്ചാണ്. പക്ഷേ, അതിനേക്കാളും സുമോഹനമാണ് സ്രഷ്ടാവുമായുള്ള അദ്ദേഹത്തിന്റെ ഇടപാടുകള്‍. ദീര്‍ഘമായ ഖുര്‍ആന്‍ പാരായണങ്ങളും പ്രാര്‍ഥനകളും സുന്നത്ത് നമസ്‌കാരങ്ങളും ഏകാന്തമായ ആലോചനകളും നേരിട്ടനുഭവമുള്ളതാണ്. അതിനേക്കാള്‍ ആഴമുണ്ടായിരിക്കും വ്യക്തിജീവിതത്തില്‍ റബ്ബുമായുള്ള ബന്ധത്തിലൂടെ അദ്ദേഹമനുഭവിച്ചിരുന്ന അനുഭൂതി.
ഇസ്‌ലാമിനും പ്രസ്ഥാനത്തിനും വേണ്ടി സമര്‍പ്പിച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. പ്രതിബന്ധങ്ങള്‍ക്ക് മുന്നില്‍ അദ്ദേഹം പതറിയില്ല. എതിരെ വന്ന തല്‍പരകക്ഷികളൊക്കെയും  ആ പ്രഭാവത്തിന് മുന്നില്‍ നിഷ്പ്രഭമായി. വളരെ വലിയ ത്യാഗം സഹിച്ചാണ് അദ്ദേഹം ഏല്‍പിക്കപ്പെട്ട ചുമതലകള്‍ നിര്‍വഹിച്ചത്. ബാധ്യതകള്‍ നിര്‍വഹിച്ചു തീര്‍ക്കുകയായിരുന്നില്ല. ബാധ്യതകളുടെ വിപുലമായ നിര്‍വഹണം ആസ്വാദനം തന്നെയായിരുന്നു അദ്ദേഹത്തിന്. നാം തോറ്റുപോകുന്ന അനേകം സന്ദര്‍ഭങ്ങള്‍ ആ ജീവിതത്തിലുണ്ടായിരുന്നു. ആ ത്യാഗസന്നദ്ധതയോടൊപ്പം അദ്ദേഹത്തിന്റെ കുടുംബവും സഞ്ചരിച്ചു. ജന്മനാട്ടില്‍നിന്ന് കോഴിക്കോട്ടേക്ക്, ദല്‍ഹിയിലേക്ക് കുടുംബത്തെ പറിച്ചുനട്ടപ്പോഴൊക്കെയും പ്രിയപത്‌നിയും മക്കളും അത് ഏറെ അനുഭവിച്ചിട്ടുണ്ട്.
പിന്മടക്കമില്ലാത്ത ഇഛാശക്തിയും തവക്കുലുമാണ് നാം അദ്ദേഹത്തില്‍ ദര്‍ശിക്കുന്ന മറ്റൊരു സവിശേഷത. ഇടവഴികള്‍ വഴിമുടക്കുമ്പോള്‍ സാധ്യതകളുടെ വിശാലവീഥി അദ്ദേഹം കണ്ടെത്താനുറക്കും. അതിനാരും കൂട്ടുവേണ്ട. അല്ലാഹുവിലുള്ള ഭരമേല്‍പ്പിക്കലും തീരുമാനവും കഠിന പ്രയത്‌നവും മാത്രം മതി.    അക്കൂട്ടത്തില്‍ പ്രത്യേകമായ അനുഭവമാണ് മാധ്യമത്തിന്റേത്. അതനുഭവിക്കണമെങ്കില്‍  ആ കാലത്തെ അറിയണം, മാധ്യമത്തെയും അറിയണം. ലോകത്തെ ആധുനിക ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്കും ഈ മേഖല പരിചിതമല്ല. അതുകൊണ്ടുതന്നെ ദിനപത്രത്തെ സംബന്ധിച്ച് സംവദിച്ചപ്പോഴൊക്കെ  അതിന്റെ സാധ്യതയെ അവര്‍ സംശയിച്ചു. അത്രയോ അതില്‍ കൂടുതലായോ ആശങ്കകള്‍ അദ്ദേഹം നിലയുറപ്പിച്ച ഇസ്‌ലാമിക പ്രസ്ഥാനത്തിനുമുണ്ടായിരുന്നു. പക്ഷേ, മതേതര ലോകത്തുനിന്ന് ഇസ്‌ലാമിനെതിരെ വന്നുകൊണ്ടിരുന്ന വിമര്‍ശനങ്ങളുടെ മലയാള പരാവര്‍ത്തനങ്ങള്‍, മുസ്‌ലിം സമുദായത്തിന്റെ അവസ്ഥ, ഇതര മര്‍ദിത വിഭാഗങ്ങളുടെ അതിജീവനം, സത്യസന്ധമായി കാര്യങ്ങള്‍ സമൂഹമറിയണമെന്ന ബോധ്യം ഇതെല്ലാം ചേര്‍ന്ന് മാധ്യമത്തെ ഒരനിവാര്യതയാക്കി. പത്രം നാം തുടങ്ങുക തന്നെ ചെയ്യുമെന്ന് കെ.സി അബ്ദുല്ല മൗലവി പ്രഖ്യാപിക്കുമ്പോഴത്തെ സന്ദിഗ്ധാവസ്ഥ ഇന്നും ഓര്‍ക്കുന്നവരുണ്ടാകും. വി.കെ ഹംസ, ഒ. അബ്ദുര്‍റഹ്മാന്‍, ഒ. അബ്ദുല്ല എന്നിവരോടൊപ്പം ആ ദൗത്യത്തെ യാഥാര്‍ഥ്യത്തിലെത്തിക്കാന്‍ സിദ്ദീഖ് ഹസന്‍ സാഹിബ് കൂടി ചുമതലയേല്‍പ്പിക്കപ്പെട്ടു. പത്രമാരംഭിച്ചതില്‍ പിന്നെ അതിനെ വളര്‍ത്തിയെടുക്കാന്‍ ഈ സംഘം താണ്ടിയ കനല്‍പഥങ്ങള്‍ വിവരിക്കാന്‍ എന്റെ വാക്കുകള്‍ അശക്തമാണ്. അക്കാലത്ത് ഈ സംഘത്തിന്റെ പ്രായം നാല്‍പ്പതുകളിലായിരുന്നു. ആ സംരംഭം കേരളത്തെ, ഇസ്‌ലാമിക പ്രസ്ഥാനത്തെ, മുസ്‌ലിം സമുദായത്തെ എവിടെയെത്തിച്ചു എന്നതിന് കാലം സാക്ഷിയാണല്ലോ.
വിജ്ഞാനം, സംഘാടക ശേഷി, പ്രഭാഷണ മികവ് എന്നീ ഗുണങ്ങളാല്‍ അനുഗൃഹീതനായിരിക്കുമ്പോഴും ലാളിത്യം സിദ്ദീഖ് ഹസന്‍ സാഹിബില്‍ ഒളിമങ്ങാതെ നിന്നു. കുറച്ച് വിഭവങ്ങളേ അദ്ദേഹത്തിന് ആവശ്യമുണ്ടായിരുന്നുള്ളൂ. ആതിഥേയത്വത്തില്‍പോലും ലാളിത്യം. വിനയത്തിന്റെ കാര്യത്തിലും അത്യുദാരന്‍. കൃത്യാന്തരബാഹുല്യമോ ഉത്തരവാദിത്വങ്ങളുടെ ഭാരമോ ഈ സ്വഭാവഗുണങ്ങള്‍ക്ക് മാറ്റമുണ്ടാക്കിയില്ല. ആരോട് സംസാരിക്കുമ്പോഴും സംസാരിക്കുന്നവന്റെ ഹൃദയത്തോടൊപ്പം ചേര്‍ന്നുനില്‍ക്കാന്‍ അദ്ദേഹത്തിനായി. ഈ വിനയം ചിലപ്പോഴെങ്കിലും അദ്ദേഹത്തിന് വലിയ പ്രയാസങ്ങള്‍ക്ക് കാരണമാവുകയും ചെയ്തിട്ടുണ്ട്.
പലരും അനുസ്മരിച്ചപോലെ അദ്ദേഹത്തിന്റെ സംഭാവനകള്‍ ഭൂമിയിലേക്ക് ഫലം വീഴ്ത്തിക്കൊണ്ടിരിക്കുകയാണിപ്പോഴും. ഐഡിയല്‍ റിലീഫ് വിംഗ്- ഇന്ന് കേരളത്തിനകത്തും പുറത്തും ദുരന്തമുഖങ്ങളില്‍ മാറ്റിനിര്‍ത്താനാവാത്ത ബ്രാന്‍ഡാണ്. അതിന്റെ തുടക്കത്തില്‍ പരിശീലന ക്യാമ്പുകളില്‍ വളന്റിയര്‍മാരോടൊപ്പം രാപ്പകല്‍ അദ്ദേഹമുണ്ടായിരുന്നു. അവര്‍ ടെന്റടിക്കുമ്പോള്‍ അവരിലൊരാളായി. അതിനകത്ത് ഭക്ഷണം പാകം ചെയ്ത് കഴിച്ച് കിടന്നുറങ്ങുന്നവരിലും അദ്ദേഹമുണ്ടായിരുന്നു. അങ്ങനെ അവരെ കൂടെനിര്‍ത്തി വളര്‍ത്തി; അല്ലെങ്കില്‍ അദ്ദേഹം കൂടെ നിന്നപ്പോള്‍ അവര്‍ വളര്‍ന്നു.
പ്രചോദനം നല്‍കുന്ന വ്യക്തിത്വമായിരുന്നു നമ്മുടെ സിദ്ദീഖ് ഹസന്‍ സാഹിബ്. പ്രായപരിഗണനകളില്ലാതെ കര്‍മരംഗത്ത് അദ്ദേഹം ആരെയും മുന്നോട്ട് തള്ളിക്കൊണ്ടേയിരുന്നു. എസ്.ഐ.ഒ പ്രായപരിധി കഴിഞ്ഞ ഉടനെ എന്നെയും ടി. ആരിഫലി സാഹിബിനെയും അസിസ്റ്റന്റ് അമീറുമാരാക്കിയതിനെ കുറിച്ച വിസ്മയം ഇപ്പോഴും വിട്ടുമാറിയിട്ടില്ല. പരിണിതപ്രജ്ഞരായ പണ്ഡിതരും പരിചയസമ്പന്നരും ഏറെയുണ്ടായിരിക്കെയായിരുന്നു അദ്ദേഹത്തിന്റെ ഈ തീരുമാനം. ഇന്നാലോചിക്കുമ്പോള്‍ ഞങ്ങള്‍ക്കും പ്രസ്ഥാനത്തിനും വലിയൊരു സന്ദേശമാണ് അത്.
പ്രസ്ഥാന നായകനായിരിക്കുമ്പോഴും മുസ്‌ലിം ഉമ്മത്തിനെ കുറിച്ച് ആലോചിച്ചുകൊണ്ടേയിരുന്നു. കടുത്ത വിയോജിപ്പുകളുണ്ടായിരിക്കുമ്പോഴും എല്ലാ ധാരകളെയും ചേര്‍ത്തുപിടിക്കാന്‍, അത് സമുദായത്തിന്റെയും നാടിന്റെയും നന്മക്കായി ഉപയോഗപ്പെടുത്താന്‍, അവരോട് സംവദിക്കാന്‍ പരമാവധി ശ്രമിച്ചു. കേരളത്തിന് ഏറെ പ്രതീക്ഷ നല്‍കിയ മുസ്‌ലിം സൗഹൃദവേദിയുടെ രൂപീകരണം ഇതിന്റെ ഫലമായിരുന്നു.  ഉമ്മത്തിന്റെ പുരോഗതിക്കായി ഒരുപാട് സംരംഭങ്ങള്‍ക്ക് അദ്ദേഹം മുന്നിട്ടിറങ്ങി. അവയൊക്കെയും പ്രസ്ഥാന മേല്‍വിലാസത്തിലായിരിക്കണമെന്ന നിര്‍ബന്ധം അദ്ദേഹത്തിനുണ്ടായിരുന്നില്ല. അതിന് കിട്ടുന്നവരെയൊക്കെ കൂടെക്കൂട്ടും. സമുദായത്തിനും അല്ലാഹുവിന്റെ അടിയാറുകള്‍ക്കും ഉപകരിക്കണം ആ സംരംഭം എന്നേയുള്ളൂ. സിജി, സാഫി, ബൈത്തുസ്സകാത്ത് കേരള, എ.ഐ.സി.എല്‍ പോലുള്ള നിരവധി സംരംഭങ്ങള്‍ ഉദാഹരണം.
ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ നേതാവായിരിക്കുമ്പോഴും മതസൗഹാര്‍ദത്തിന്റെ അംബാസഡര്‍ എന്ന സ്ഥാനപ്പേര് നല്‍കാന്‍ കേരളത്തിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നിട്ടില്ല. അത്രക്കുണ്ട് സമുദായമൈത്രിയോടും സൗഹാര്‍ദത്തോടുമുള്ള ആ ഹൃദയത്തിന്റെ പ്രതിബദ്ധത. പത്രമാധ്യമങ്ങളിലും ആനുകാലികങ്ങളിലും ഈ സഹവര്‍ത്തിത്വത്തെ അലോസരപ്പെടുത്തുന്ന ഏതു പ്രയോഗത്തോടും അദ്ദേഹം അശേഷം ക്ഷമിച്ചില്ല.  മാറാട് സംഘര്‍ഷകാലത്ത് ആദ്യമായി അവിടേക്ക് പ്രതിബന്ധങ്ങളെ തട്ടിനീക്കി കടന്നുചെന്നത് സിദ്ദീഖ് ഹസന്‍ സാഹിബായിരുന്നു. ഇസ്‌ലാമിന്റെ സന്ദേശവുമായി വിവിധ മതങ്ങളിലെ എല്ലാ അവാന്തര വിഭാഗങ്ങളിലേക്കും അദ്ദേഹം കടന്നുചെന്നു.    
ഈ ബഹുമുഖ പ്രവര്‍ത്തനങ്ങള്‍ക്കിടയിലും ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ നേതാവ് എന്ന നിലയില്‍ തന്റെ അനുയായികളുടെ തര്‍ബിയത്തില്‍ ഒരു വിട്ടുവീഴ്ചക്കും സന്നദ്ധമായില്ല അദ്ദേഹം. നീണ്ട പ്രഭാഷണങ്ങളല്ല അദ്ദേഹത്തിന്റെ തര്‍ബിയത്ത് പരിപാടി. പ്രവര്‍ത്തകരോടൊത്തു നിന്ന്, അവരെ ചേര്‍ത്തുനിര്‍ത്തി, അവരുടെ വ്യക്തിജീവിതത്തില്‍ ഇടപെട്ട് അദ്ദേഹം അവരെ വളര്‍ത്തിക്കൊണ്ടിരിക്കും. വീഴ്ചകളുടെ മുന്നില്‍ ഔപചാരികതകള്‍ക്ക് വഴിമാറാതെ ഗുണകാംക്ഷയോടെ തിരുത്തി. നിങ്ങളോ നിങ്ങളുടെ ബന്ധുവോ ആശുപത്രിയിലായിരിക്കെ, നിങ്ങളുടെ മകന്റെ/മകളുടെ കല്യാണ ഒരുക്കങ്ങള്‍ക്കിടെ നിങ്ങളറിയാതെ നിങ്ങളെ സന്ദര്‍ശിക്കാന്‍ നീക്കിവെക്കുന്ന അര മണിക്കൂറിലുണ്ടാകും ജമാഅത്തിന്റെ തര്‍ബിയത്ത് വ്യവസ്ഥയുടെ ഊടും പാവും സമഗ്രതയും- ഇതിന് നേര്‍സാക്ഷിയാണ് ഞാന്‍ എന്ന കാര്യത്തില്‍ തെല്ലഭിമാനവുമുണ്ട്.
പുതുതലമുറയെ കുറിച്ച് എക്കാലത്തും വലിയ ശുഭപ്രതീക്ഷ വെച്ചു പുലര്‍ത്തി. ഉത്തരവാദിത്തങ്ങള്‍ ചെറുപ്പക്കാരെ ഏല്‍പിക്കുന്നതില്‍ താല്‍പര്യം കാണിച്ചു. അതിന്റെ മികച്ച ഉദാഹരണമാണ് സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ്.  യുവജന വിഭാഗങ്ങള്‍ കേരളത്തിലും പുറത്തും തങ്ങളുടെ മാതൃപ്രസ്ഥാനങ്ങള്‍ക്ക് വലിയ പ്രതിസന്ധി സൃഷ്ടിച്ച കാലം. ചരിത്രപരമായി തന്നെ ജമാഅത്തെ ഇസ്‌ലാമിക്ക് ഇക്കാര്യത്തില്‍ വലിയ കരുതലുമുണ്ട്. ഇതെല്ലാം കണക്കിലെടുക്കുമ്പോള്‍ യുവജനപ്രസ്ഥാനത്തിന്റെ പിറവിക്ക് കുറഞ്ഞ സാഹചര്യമുണ്ടായിരുന്നുള്ളൂ. പക്ഷേ, അവരുടെ വഴിയെ അവര്‍ തന്നെ നിര്‍വചിക്കട്ടെ എന്ന സിദ്ദീഖ് ഹസന്‍ സാഹിബിന്റെ നിലപാട് സോളിഡാരിറ്റിയെ യാഥാര്‍ഥ്യമാക്കി. ആ പ്രസ്ഥാനം പിന്നീട് കേരളത്തില്‍ വിസ്മയം വിരിയിച്ചു.
ഉത്തരേന്ത്യയില്‍ നടത്തിയ പ്രവര്‍ത്തനങ്ങളും സിദ്ദീഖ് ഹസന്‍ സാഹിബിന്റെ കര്‍മയോഗത്തിന്റെ നിദര്‍ശനമാണ്. 2005-ലാണ്  അദ്ദേഹം ദല്‍ഹിയിലെത്തുന്നത്. തുടര്‍ന്നുള്ള രണ്ട് വര്‍ഷത്തെ ജീവിതാനുഭവങ്ങളില്‍നിന്നാണ് ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ വിഷന്‍ - 2016 എന്ന പദ്ധതി തയാറാകുന്നത്. രാജ്യ തലസ്ഥാനത്തെയും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെയും മുസ്‌ലിം സമുദായത്തിന്റെയും മറ്റ് പിന്നാക്ക വിഭാഗങ്ങളുടെയും ദൈന്യതയില്‍ ആ ഹൃദയമുടക്കി. അവരുടെ സാമൂഹിക, വിദ്യാഭ്യാസ പുരോഗതിക്കായി വിവിധ പദ്ധതികള്‍ തയാറാക്കി. വിവിധ ഏജന്‍സികള്‍ക്കിടയില്‍ വിപുലമായ പദ്ധതികളെ ഏകോപിപ്പിച്ചു. ഏതാനും സഹായപദ്ധതികള്‍ നടപ്പാക്കുന്നതിനപ്പുറത്ത് അതൊരു സാമൂഹിക പരിവര്‍ത്തന പ്രക്രിയയുടെ സമാരംഭമാണെന്ന് അതിനെ വീക്ഷിക്കുന്ന ആര്‍ക്കും മനസ്സിലാക്കാനാവും. പലര്‍ക്കും വിഷനുവേണ്ടി ജോലി ചെയ്യുക എന്നത് ഒരു ആവേശവുമായിത്തീര്‍ന്നു. 
ഹാജി വി.പി മുഹമ്മദലി സാഹിബ്, കെ.സി അബ്ദുല്ല മൗലവി എന്നിവര്‍ക്കു ശേഷം കേരളത്തിലെ ജമാഅത്തെ ഇസ്‌ലാമിയുടെ അമരക്കാരിലൊരാള്‍ കൂടി യാത്ര പറഞ്ഞു.  ജീവിതം നല്‍കി ഈ പ്രസ്ഥാനത്തിന് ജീവന്‍ നല്‍കിയ അനേകം പ്രവര്‍ത്തകരും നേതാക്കളും അല്ലാഹുവിന്റെ സന്നിധിയിലെത്തി. ഭൂമിക്കു മുകളില്‍ നിന്ന് ആലോചിക്കുമ്പോള്‍ നമ്മെ വേദനിപ്പിക്കുന്നതാണ് ഓരോ വേര്‍പാടും. 'വിശ്വാസികളായവരില്‍, അല്ലാഹുവിനോട് ചെയ്ത പ്രതിജ്ഞ യാഥാര്‍ഥ്യമാക്കിക്കാണിച്ച ചിലരുണ്ട്. ചിലര്‍ അവരുടെ നേര്‍ച്ച പൂര്‍ത്തിയാക്കിക്കഴിഞ്ഞിരിക്കുന്നു. മറ്റു ചിലര്‍ അവസരം കാത്തിരിക്കുകയാകുന്നു. സ്വന്തം നിലപാടില്‍ അവര്‍ ഒരു മാറ്റവും വരുത്തിയിട്ടില്ല' (33:23) എന്ന ഖുര്‍ആന്‍ വാക്യത്തെ അന്വര്‍ഥമാക്കിയവരാണവരൊക്കെയും. ആ അര്‍ഥത്തില്‍ ഈ യാത്രാസംഘത്തിന്റെ  പിന്‍നിരയാണ് നാമെല്ലാവരും. അലംഘനീയമായ വിധിക്ക് വിധേയമായി നാമോരോരുത്തരും റബ്ബിലേക്ക് യാത്രയാവും. അതിനുമുമ്പേ ജീവിതം കൊണ്ട് ഹൃദയസ്പര്‍ശിയായ കവിത രചിക്കാന്‍, 'അവന്‍ തൃപ്തിപ്പെട്ടവരായിക്കൊണ്ടും അവനെ തൃപ്തിപ്പെട്ടവരായിക്കൊണ്ടും'  നാഥനെ കണ്ടുമുട്ടാന്‍  സന്നദ്ധതയുള്ളവര്‍ ആരുണ്ട് എന്നതു തന്നെയാണ് പ്രസക്തമായ ചോദ്യം. അതിന് പ്രചോദനമേകുന്നതാണ് ഈ വിയോഗവും.
അല്ലാഹുവേ, ബഹുമാന്യനായ സിദ്ദീഖ് ഹസന്‍ സാഹിബിന് നീ മഗ്ഫിറത്തും മര്‍ഹമത്തും നല്‍കേണമേ, അദ്ദേഹത്തെയും വിടപറഞ്ഞ ഞങ്ങളുടെ നേതാക്കളെയും പ്രവര്‍ത്തകരെയും  ഞങ്ങളെയും നിന്റെ ജന്നാത്തുല്‍ ഫിര്‍ദൗസിലെത്തിക്കണേ, അവരുടെ വിയോഗം മൂലം പ്രയാസപ്പെടുന്ന എല്ലാവര്‍ക്കും നീ ആശ്വാസവും സമാധാനവും നല്‍കേണമേ- ആമീന്‍.

Comments

ഖുര്‍ആന്‍ ബോധനം

സൂറ-37 / അസ്സ്വാഫ്ഫാത്ത (149-160)
ടി.കെ ഉബൈദ്‌

ഹദീസ്‌

അല്ലാഹുവിനുള്ള നോമ്പ്
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്