Prabodhanm Weekly

Pages

Search

2021 ഏപ്രില്‍ 09

3197

1442 ശഅ്ബാന്‍ 26

സവര്‍ണ സംവരണ അട്ടിമറിയുടെ കണക്കു പുസ്തകം

ബഷീര്‍ തൃപ്പനച്ചി

സംവരണം അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ക്ക് സംവരണത്തിന്റെ ചരിത്രത്തോളം പഴക്കുണ്ട്. മതത്തിന്റെയും ജാതിയുടെയും പേരില്‍ അധികാരത്തിന്റെ സകല മേഖലകളില്‍നിന്നും അകറ്റിനിര്‍ത്തപ്പെട്ടവര്‍ക്ക് അത് ഉറപ്പുവരുത്താനുള്ള ജനാധിപത്യ സാമൂഹിക നീതിയുടെ ഭാഗമായാണ് രാജ്യത്ത് സംവരണം നിലവില്‍ വന്നത്. അധികാരവും ഉദ്യോഗവും വിദ്യാഭ്യാസവും സവര്‍ണ ജാതിയുടെ പിന്‍ബലത്താല്‍ മാത്രം കുത്തകയായി ലഭിച്ചവര്‍ക്ക് കീഴാളരാക്കപ്പെട്ട സമൂഹം അവയില്‍ പങ്കാളിയാകുന്നത് അസഹനീയമായിരുന്നു. അതിനാല്‍ ഒളിഞ്ഞും തെളിഞ്ഞും അവരുടെ നേതൃത്വത്തില്‍ സംവരണത്തെ അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ ഇന്ത്യയിലുടനീളം എക്കാലത്തും തുടര്‍ന്നുപോന്നിട്ടുണ്ട്.
അധികാരവും ഭരണപങ്കാളിത്തവും വിദ്യാഭ്യാസവും കീഴാളരാക്കപ്പെട്ട ജനതക്ക് നൂറ്റാണ്ടുകളായി നിഷേധിക്കപ്പെട്ടത് അവരുടെ മതത്തിന്റെയും ജാതിയുടെയും പേരിലായിരുന്നു. അതിനാല്‍ സംവരണം ലഭിക്കാനുള്ള മാനദണ്ഡമായി അംബേദ്കറുടെ നേതൃത്വത്തിലുള്ള ഭരണഘടനാ ശില്‍പികള്‍ നിശ്ചയിച്ചതും ആ ജാതിയെ തന്നെയായിരുന്നു. ഉള്ളവനും ഇല്ലാത്തവനുമെന്ന യൂറോകേന്ദ്രീകൃത വര്‍ഗ തിയറിയില്‍ കെട്ടിപ്പടുക്കപ്പെട്ട ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് ജാതിയെ പിന്നാക്കാവസ്ഥയുടെ മൗലിക കാരണമായി ഉള്‍ക്കൊള്ളാന്‍ ഇന്നുമായിട്ടില്ല. ഇ.എം.എസിന്റെ കാലം തൊട്ടേ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ ജാതിസംവരണത്തിനെതിരായിരുന്നു. സാമ്പത്തിക സംവരണത്തെയാണ് അവരെന്നും പിന്തുണച്ചത്. ഇന്ത്യയിലെ പിന്നാക്ക ജനതയുടെ രാഷ്ട്രീയമടക്കമുള്ള ശാക്തീകരണത്തിന്റെ ഊര്‍ജമായ ജാതിസംവരണത്തെ എന്നന്നേക്കുമായി അവസാനിപ്പിക്കാനാഗ്രഹിക്കുന്ന ഹിന്ദുത്വ ശക്തികള്‍ക്ക് പിന്‍ബലം നല്‍കുന്നതാണ് ഈ ഇടതുപക്ഷ നിലപാട്. തീവ്ര വലതുപക്ഷവും ഇടതുപക്ഷവും സാമ്പത്തിക സംവരണമെന്ന പൊതു നിലപാടിലൊന്നിക്കുന്നതാണ് നമ്മളിന്ന് കാണുന്നത്. 
സവര്‍ണ മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണമേര്‍പ്പെടുത്താന്‍ മോദി സര്‍ക്കാറിന്റെ അനുമതി പുറത്തുവന്നത് കഴിഞ്ഞ വര്‍ഷമാണ്. ആ സവര്‍ണ സംവരണം ആദ്യം നടപ്പിലാക്കുന്ന സംസ്ഥാനം പിണറായി ഭരിക്കുന്ന കേരളമായത് ഈ വിഷയത്തിലെ പ്രത്യയശാസ്ത്ര സാമ്യതകൊണ്ടു കൂടിയാണ്.
കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ നടപ്പിലാക്കിയ സവര്‍ണ മുന്നാക്ക സംവരണത്തിന്റെ ചതിക്കുഴികള്‍ വിശദമായി പരിശോധിക്കുകയാണ് അബ്ദുസ്സമദ് പൂക്കോട്ടൂരിന്റെ 'സംവരണം: അട്ടിമറിയുടെ ചരിത്രപാഠം' എന്ന ലഘു പുസ്തകം. സംവരണം രൂപപ്പെടാനുണ്ടായ ചരിത്രവും സംവരണീയ സമുദായങ്ങളുടെ നിലവിലെ സാമൂഹികാവസ്ഥയും വ്യക്തമാക്കിയ ശേഷം ഇടതു സര്‍ക്കാര്‍ നടപ്പിലാക്കിയ സവര്‍ണ സംവരണം വഴി വിദ്യാഭ്യാസ-ഉദ്യോഗ തലങ്ങളില്‍ പിന്നാക്ക വിഭാഗങ്ങള്‍ക്കുണ്ടായ നഷ്ടങ്ങള്‍ കണക്കു സഹിതം പുസ്തകം രേഖപ്പെടുത്തുന്നു. മുന്നാക്ക സംവരണം മൂലം സംവരണീയ സമുദായങ്ങള്‍ക്ക് ഒരു നഷ്ടവും വരില്ലെന്ന പിണറായി വിജയന്റെയും ഇടതുപക്ഷ വക്താക്കളുടെയും പ്രഖ്യാപനങ്ങള്‍ ഒരു വലിയ നുണ ആവര്‍ത്തിച്ചു പറഞ്ഞു പരത്തുന്ന ഗീബല്‍സിയന്‍ പ്രചാരണ തന്ത്രം മാത്രമാണെന്ന് പുസ്തകത്തിലെ കണക്കുകള്‍ വ്യക്തമാക്കും. മുന്നാക്ക സംവരണത്തിന് മോദി സര്‍ക്കാര്‍ നിര്‍ണയിച്ച സാമ്പത്തിക മാനദണ്ഡങ്ങള്‍ പോലും കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ അട്ടിമറിച്ചതിന്റെ വ്യക്തമായ ചിത്രം ഗ്രന്ഥകാരന്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ഇടതുപക്ഷവും സംഘ് പരിവാറും ഒരേപോലെ ജാതിസംവരണം ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതെന്തിനെന്ന രാഷ്ട്രീയ തിരിച്ചറിവ് സംവരണീയ സമുദായങ്ങളെങ്കിലും ആര്‍ജിക്കേണ്ടതുണ്ട്. ഇന്ത്യന്‍ സാമൂഹിക സാഹചര്യത്തില്‍ ജാതിവിവേചനത്തെയും അത് മുന്നോട്ടുവെക്കുന്ന പിന്നാക്ക രാഷ്ട്രീയ ഐക്യത്തെയും ചേര്‍ത്തുനിര്‍ത്തുന്ന സംവരണമെന്ന പൊതുബിന്ദുവിനെ തകര്‍ക്കുകയെന്നത് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ മാത്രമല്ല, കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെയും വളര്‍ച്ചക്ക് അനിവാര്യമാണ്. തീവ്ര വലതുപക്ഷത്തെ പോലെ ഇടതുപക്ഷവും ആസൂത്രണം ചെയ്യുന്ന കുടിലതന്ത്രങ്ങള്‍ക്കെതിരെയുള്ള മുന്നറിയിപ്പായും തിരിച്ചറിവിന്റെ പാഠങ്ങളായും ഇനിയും രാജ്യത്ത് ശക്തിപ്പെടേണ്ട സംവരണ രാഷ്ട്രീയത്തിന്റെ വിളംബരമായും ഈ പുസ്തകത്തെ അടയാളപ്പെടുത്താം. 

Comments

ഖുര്‍ആന്‍ ബോധനം

സൂറ-37 / അസ്സ്വാഫ്ഫാത്ത (137-148)
ടി.കെ ഉബൈദ്‌