Prabodhanm Weekly

Pages

Search

2021 ഏപ്രില്‍ 09

3197

1442 ശഅ്ബാന്‍ 26

ആര്‍.സി മൊയ്തീന്‍ ഒരു കര്‍മയോഗിയുടെ വേര്‍പാട്

ഫസ്‌ലുര്‍റഹ്മാന്‍ കൊടുവള്ളി

കേരളത്തില്‍ ഇസ്‌ലാമിക പ്രസ്ഥാന പ്രവര്‍ത്തനം ആവിര്‍ഭവിച്ച ആദ്യനാളുകളില്‍തന്നെ പ്രസ്ഥാനസന്ദേശം നെഞ്ചേറ്റുവാങ്ങാന്‍ അവസരം ലഭിക്കുകയും ആ മഹനീയാദര്‍ശം സ്വന്തം നാട്ടിലും പരിസര ദേശങ്ങളിലും നട്ടുവളര്‍ത്താന്‍ ജീവിതം ഉഴിഞ്ഞുവെക്കുകയും ചെയ്ത കര്‍മയോഗിയായിരുന്നു, 2021 മാര്‍ച്ച് 5-ന് വിടവാങ്ങിയ ആര്‍.സി മൊയ്തീന്‍ സാഹിബ്. പരിചിതരുടെയും നാട്ടുകാരുടെയും അഭിസംബോധനാ മൊഴിയായ 'ആര്‍.സി' എന്ന ആ രണ്ടക്ഷരം പിന്നീട് കോഴിക്കോട് ജില്ലയിലും പുറത്തുമുള്ള പ്രസ്ഥാന പ്രവര്‍ത്തകരുടെ നിസ്തന്ദ്ര മൊഴിയായി മാറി.
കൊടുവള്ളി രാരോത്ത് ചാലില്‍ അഹ്മദ് കോയയുടെയും പടനിലം സ്വദേശി റുഖിയ്യയുടെയും മകനായി 1933-ല്‍ ജനനം. അഞ്ചാം തരം പാസ്സായ ശേഷം തുടര്‍പഠനത്തിന് ശ്രമിക്കവെ, പിതാവിന്റെ പെട്ടെന്നുള്ള വേര്‍പാട് കാരണം കുടുംബഭാരം ചുമലിലായി. പഠനം തുടരാനായില്ല. കുന്ദമംഗലത്തെ സഹോദരിയുടെ വീട്ടില്‍നിന്ന് അവിചാരിതമായി ലഭിച്ച സയ്യിദ് മൗദൂദിയുടെ 'ഖുത്ബാത്തി'ന്റെ വായനയാണ് ആര്‍.സി.യെ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ആശയചേരിയിലെത്തിച്ചത്. അതിനു മുമ്പ് കുറഞ്ഞ കാലം കമ്യൂണിസ്റ്റ് അനുഭാവിയായും ഫാദര്‍ വടക്കന്‍ പ്രസിഡന്റായി രൂപം കൊണ്ട കമ്യൂണിസ്റ്റ് വിരുദ്ധ മുന്നണിയുടെ വക്താവായും വേഷപ്പകര്‍ച്ചകളുണ്ടായിരുന്നു. 'ഖുത്ബാത്തി'ന്റെ വായന, കുടുതല്‍ വായിക്കാന്‍ പ്രചോദനമായി. അതോടെ പ്രസ്ഥാനം പുറത്തിറക്കിയ മുഴുവന്‍ കൃതികളും വായിച്ചു. അതായിരുന്നു, പ്രബോധന രംഗത്ത് ആ ഇളമുറക്കാരന്റെ പിന്‍ബലം.
ഈ വായനാസപര്യയിലൂടെ, ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ സന്ദേശവും ആവശ്യകതയും ചെറുസദസ്സുകളില്‍  മണിക്കൂറുകളോളം വിസ്തരിച്ച് പ്രസംഗിക്കാനുള്ള വൈജ്ഞാനിക വിഭവം മാത്രമല്ല, അതിനുള്ള വൈഭവവും ആര്‍ജവവും അദ്ദേഹത്തിന് സ്വായത്തമായി. ഇസ്‌ലാമിക പ്രസ്ഥാനം അതിന്റെ ദൗത്യനിര്‍വഹണത്തിനുതകുന്ന രൂപേണ ഒരു വ്യക്തിയെ എവ്വിധം വാര്‍ത്തെടുക്കുന്നു എന്നതിന്റെ ഉത്തമ മാതൃകയായിരുന്നു ആര്‍.സി.
കൊടുവള്ളിയിലെ  ജമാഅത്തെ ഇസ്‌ലാമിയുടെ തുടക്കക്കാരന്‍ അദ്ദേഹമായിരുന്നു. കൊടുവള്ളിയിലെ ആദ്യത്തെ പുരോഗമനാശയക്കാരനും അദ്ദേഹം തന്നെ. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കൊടികുത്തിവാണ കാലത്ത്, അവക്കെതിരെ ഒറ്റയാനായി നിന്ന് ധീരമായി പൊരുതാന്‍ അദ്ദേഹത്തിന് ചങ്കൂറ്റമുണ്ടായിരുന്നു. അനാചാരങ്ങളെ എതിര്‍ത്ത് ലഘുലേഖകള്‍ അടിച്ചിറക്കി. നാട്ടില്‍ നിലനില്‍ക്കുന്ന തെറ്റായ ആചാരങ്ങളോട് സധീരം വിയോജിക്കുമ്പോള്‍ തന്നെ, കഥയറിയാതെ അനാചാരങ്ങളുടെ അനുകര്‍ത്താക്കളാകുന്ന പാമരജനത്തെ ശത്രുപക്ഷത്ത് നിര്‍ത്തിയുള്ള ആക്രമണമായിരുന്നില്ല അത്. സൗമ്യദീപ്തമായി മാത്രം സംസാരിക്കാനറിയുന്ന അദ്ദേഹത്തിന്റെ വശ്യമൊഴികള്‍,  പ്രകൃതി മതമായ ഇസ്‌ലാമിന്റെയും ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെയും സാത്വിക പാഠങ്ങളുടെ ലളിതാവതരണങ്ങളായിരുന്നു. അപരഹൃദയങ്ങളില്‍ ഗുണകാംക്ഷയോലുന്ന വചനസുധയായി അവ പെയ്തിറങ്ങി. അതിന് വേദിയായത് പലപ്പോഴും, ആര്‍.സി കൂടി അംഗമായ ബീഡിതെറുപ്പ് കമ്പനി കൂട്ടായ്മയിലെ വായനാ സദസ്സായിരുന്നു. വായനയുടെയും ചര്‍ച്ചയുടെയും വസന്തകാലമായിരുന്നു അത്. പ്രബോധനവും മറ്റ് ഇസ്‌ലാമിക പ്രസിദ്ധീകരണങ്ങളും വായിച്ചു കേള്‍പ്പിക്കാന്‍ കഴിഞ്ഞതു വഴി, കുറേയെറെ മനസ്സുകളില്‍നിന്ന് അജ്ഞതയുടെ കാര്‍മേഘങ്ങള്‍ നീങ്ങിയ അനുഭവം അദ്ദേഹം അനുസ്മരിച്ചിട്ടുണ്ട് (അദ്ദേഹത്തിന്റെ  ഓര്‍മകളുടെ സംക്ഷിപ്തം പ്രബോധനം 2018 മാര്‍ച്ച് 2-ന്റെ ലക്കത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു).
യാഥാസ്ഥിതിക വിഭാഗങ്ങളുടെ കടുത്ത എതിര്‍പ്പുകള്‍ക്ക് ആര്‍.സിയും സഹപ്രവര്‍ത്തകരും പലപ്പോഴും വിധേയരായി. ആര്‍.സിയുടെ വിവാഹാലോചനകള്‍ നിരന്തരം മുടക്കുമായിരുന്നു. ഒടുവില്‍ കല്യാണം ഉറച്ചപ്പോള്‍, വിവാഹനാളില്‍ നാട്ടിലെങ്ങും വിവാഹ ബഹിഷ്‌കരണാഹ്വാന പോസ്റ്ററുകള്‍ നിറഞ്ഞു. പക്ഷേ, ഈ കുത്സിത നീക്കത്തെ നാട്ടുകാര്‍ തന്നെ രംഗത്തിറങ്ങി തോല്‍പിച്ചു. ആര്‍.സി ആരംഭിച്ച വായനശാല പൂട്ടിച്ചതും പുസ്തക സ്‌ക്വാഡിനെതിരെ പോര്‍വിളിച്ചതുമൊക്കെ, ഭീഷണിക്ക് വഴങ്ങാത്ത തന്റേടവും കരളുറപ്പും മുഖേന ആര്‍.സിയും സഹപ്രവര്‍ത്തകരും മറികടക്കുകയായിരുന്നു.
1959-ല്‍ തന്റെ ഇരുപത്തിയഞ്ചാം വയസ്സിലാണ് ആര്‍.സി ജമാഅത്തില്‍ അംഗത്വം നേടിയത്. കൊടുവള്ളിയിലെ ആദ്യ ജമാഅത്തംഗം അദ്ദേഹമാണ്. അന്ന് കേരളത്തില്‍ ജമാഅത്തിന് 125 അംഗങ്ങളേയുള്ളൂ. രാഷ്ട്രീയമായി മുസ്‌ലിം ലീഗ് ആശയഗതിക്കാരായ, വി.പി ഇസ്മാഈല്‍ ഹാജിയുടെ നേതൃത്വത്തിലുള്ള കുറച്ചാളുകളുടെ, ആര്‍.സിയുടെ സൗഹൃദം വഴിയുള്ള മനംമാറ്റമാണ് പിന്നീട് കൊടുവള്ളിയിലെ പ്രഥമ ഘടകത്തിന്റെ രൂപീകരണത്തില്‍ കലാശിച്ചത്. പറമ്പത്തുകാവില്‍ രൂപം കൊണ്ട ആദ്യ ഹംദര്‍ദ് ഹല്‍ഖയുടെ പ്രഥമ നാസിം കെ.പി.സി അഹ്മദായിരുന്നു. തുടര്‍ന്ന് പരിസര പ്രദേശങ്ങളിലും ഘടകങ്ങള്‍ നിലവില്‍ വന്നു.
കുന്ദമംഗലം, കൊടുവള്ളി, താമരശ്ശേരി, ഓമശ്ശേരി, ചേന്ദമംഗല്ലൂര്‍, കൊടിയത്തൂര്‍ തുടങ്ങിയ മേഖലകള്‍ ഉള്‍ക്കൊള്ളുന്ന കുന്ദമംഗലം ഫര്‍ഖയുടെ കണ്‍വീനര്‍ പദവി ദീര്‍ഘകാലം വഹിച്ചത് ആര്‍.സിയാണ്. പിന്നീട് കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറിയായി. കെ.എന്‍ അബ്ദുല്ല മൗലവിയായിരുന്നു ജില്ലാ പ്രസിഡന്റ്. അന്ന് വയനാടും കോഴിക്കോട് ജില്ലയുടെ ഭാഗമായിരുന്നു. ഈ മേഖലകളിലൊക്കെ നിരന്തരമായി യാത്ര ചെയ്ത് പ്രസ്ഥാനം കരുപ്പിടിപ്പിക്കുന്നതില്‍ ആര്‍.സി വഹിച്ച പങ്ക് വലുതാണ്. അടിയന്തരാവസ്ഥക്കാലത്ത് ജില്ലാ - സംസ്ഥാന നേതാക്കള്‍ക്കൊപ്പം ആര്‍.സിയും തടവിലായി. പലചരക്കുകടയില്‍ വന്ന് താമരശ്ശേരി പോലീസ് അറസ്റ്റ് രേഖപ്പെടുത്തി ജില്ലാ ജയിലിലേക്ക് കൊണ്ടുപോവുകയായിരുന്നു.
സത്യസന്ധനായ കച്ചവടക്കാരനായിരുന്നു ആര്‍.സി. വ്യാപാര സത്യസന്ധതയിലുപരി, കച്ചവടത്തെ അദ്ദേഹം ജനസേവനത്തിനുള്ള മാര്‍ഗമായി കാണുകയും ചെയ്തു. നാട്ടില്‍ പട്ടിണിയും ദാരിദ്യവും നിറഞ്ഞ കാലങ്ങളിലൊക്കെ അദ്ദേഹത്തിന്റെ കച്ചവടപ്പീടിക നാട്ടിലെ പാവങ്ങളുടെ പട്ടിണിയകറ്റുന്നതില്‍ വലിയ പങ്ക് വഹിച്ചിരുന്നു. സാധനപ്പൊതികള്‍ കവറിലിട്ട് കെട്ടാക്കിയ ശേഷം, പണമില്ലെന്നോ പണം തികയില്ലെന്നോ പറയുന്നവരോട്, പണം കൊണ്ടുവന്നിട്ട് സാധനം കൊണ്ടുപോയാല്‍ മതിയെന്ന് തീര്‍ത്ത് പറയുന്ന ഒരു കാലത്ത്, 'പണം ഉണ്ടാവുമ്പോള്‍ തന്നാല്‍ മതി; സാധനം നിങ്ങള്‍ കൊണ്ടുപോയ്‌ക്കോളൂ' എന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. സാധനം വാങ്ങിയ വകയിലുള്ള പറ്റ് സംഖ്യ, കുറേ കാലം കഴിഞ്ഞിട്ടും മുഴുവന്‍ കൊടുക്കാനാവാതെ ബാക്കി പൊരുത്തപ്പെടണമെന്ന് പറഞ്ഞ് അദ്ദേഹത്തെ സമീപിക്കുന്നവരും ഉണ്ടായിരുന്നു. അവരോട് അദ്ദേഹം ഒരനിഷ്ടവും പ്രകടിപ്പിച്ചിരുന്നില്ല. പ്രസ്ഥാന പ്രവര്‍ത്തനത്തെ കച്ചവട നന്മയിലേക്ക് ചേര്‍ത്തുവെക്കുന്നതില്‍ മാതൃകയായിരുന്നു ആര്‍.സി.
അപാരമായ സംഘാടക ശേഷിയും അദ്ദേഹത്തിന്റെ സവിശേഷതയായിരുന്നു. കൊടുവള്ളിയിലെ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ പള്ളി -വിദ്യാഭ്യാസ സ്ഥാപനസംരംഭങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച കരങ്ങള്‍ അദ്ദേഹത്തിന്റേതായിരുന്നു.  പ്രദേശത്തെ ദീനീ-വിദ്യാഭ്യാസ-സാമൂഹിക നവോത്ഥാനത്തിന്റെ മുഖ്യ ശില്‍പിയും അദ്ദേഹം തന്നെ. അറുപതുകളുടെ ആരംഭത്തില്‍ രൂപം കൊണ്ട ഇസ്‌ലാമിയാ സെക്കന്ററി മദ്‌റസയില്‍നിന്നാണ് ആ വിദ്യാഭ്യാസ നവോത്ഥാനത്തിന്റെ തുടക്കം. അതിന്റെ തലപ്പത്ത് അദ്ദേഹമുണ്ട്. 1976-ല്‍ പ്രസ്തുത മദ്‌റസാ മാനേജ്‌മെന്റ് കമ്മിറ്റി, പ്രദേശത്ത് പ്രസ്ഥാനത്തിനു കീഴിലെ മുഴുവന്‍ സ്ഥാപനങ്ങളുടെയും നടത്തിപ്പ് ഒരേ കുടക്കീഴില്‍ ഏകോപിപ്പിക്കുന്ന ഇസ്‌ലാമിക് കള്‍ച്ചറല്‍ സൊസൈറ്റി(ഐ.സി.എസ്)യിലേക്ക് പരകായ പ്രവേശം നടത്തിയപ്പോള്‍, ഐ.സി.എസിന്റെ പ്രഥമ ജനറല്‍ സെക്രട്ടറിയായും വ്യത്യസ്ത കാലയളവില്‍ ദീര്‍ഘകാലം പ്രസിഡന്റും സെക്രട്ടറിയുമായും പ്രവര്‍ത്തിച്ചു.
ജമാഅത്തിന്റെ സംസ്ഥാന -ജില്ലാ സമ്മേളനങ്ങളില്‍ ഭക്ഷ്യവകുപ്പ് പോലുള്ള സുപ്രധാന ഉത്തരവാദിത്തങ്ങള്‍ പലതും സംഘാടക മികവില്‍ എന്നും മുന്നിട്ടു നിന്നിരുന്ന അദ്ദേഹത്തിലാണ് നിക്ഷിപ്തമായിരുന്നത്. പാചക കലയിലെ നൈപുണ്യവും ഹോട്ടല്‍ നടത്തിപ്പിലെ മുന്‍ പരിചയവും ഭക്ഷ്യവകുപ്പിലെ അദ്ദേഹത്തിന്റെ സേവനം മിഴിവുറ്റതാക്കി. 1983-ല്‍ ഫറോക്ക് ദാറുല്‍ ഇസ്‌ലാമില്‍ ചേര്‍ന്ന എസ്.ഐ.ഒ സംസ്ഥാന സമ്മേളനത്തിന്റെ പന്തല്‍ നിര്‍മാണത്തിന് മേല്‍നോട്ടം വഹിച്ചു.
പണ സമാഹരണത്തെക്കുറിച്ച് തെല്ലും ഭയപ്പെടാതെ, ശൂന്യതയില്‍നിന്ന് കൊടുവള്ളി ടൗണ്‍ പള്ളിക്ക് സ്ഥലം വാങ്ങിയെടുത്ത്, ചടുലതയിലും ഝടുതിയിലും മികവിലും സുവര്‍ണ നഗരിയുടെ ഹൃദയഭാഗത്ത് 'മസ്ജിദ് മദീന' പടുത്തുയര്‍ത്തിയ ഇഛാശക്തിയുടെ പേര് കൂടിയാണ് ആര്‍.സി. മദീനാ മസ്ജിദിന്റെ ദീര്‍ഘകാല പ്രസിഡന്റ് പദവിയും അദ്ദേഹം വഹിച്ചു. കൊടുവള്ളി വ്യാപാരി വ്യവസായി അസോസിയേഷന്‍ മുന്‍ കൊടുവള്ളി യൂനിറ്റ് പ്രസിഡന്റാണ്.
ആറു പതിറ്റാണ്ടു കാലത്തോളം കൊടുവള്ളിയില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ മുഖമായിരുന്നു ആര്‍.സി. എല്ലാ പൊതുവേദികളിലും പ്രസ്ഥാനത്തെ പ്രതിനിധീകരിച്ചുപോന്നത് അദ്ദേഹമാണ്. തലമുടി മുതല്‍ ഉടുമുണ്ട് വരെ അടിമുടി  ശുഭ്രവര്‍ണത്തില്‍ മുങ്ങി നടന്നു നീങ്ങുന്ന ആ ദീര്‍ഘകായന്റെ ചേതോഹരചിത്രം മനസ്സില്‍നിന്ന്  മാഞ്ഞുപോകില്ല. ആ  രൂപപ്രകൃതം പോലെത്തന്നെ വശ്യമനോഹരമായിരുന്നു അദ്ദേഹത്തിന്റെ സ്വഭാവ വൈശിഷ്ട്യവും. പരിചയപ്പെടുന്ന, ഇടപഴകുന്ന ഏതൊരാളിന്റെയും ഹൃദയം കവരുന്ന എന്തോ ഒരാകര്‍ഷണീയത ആ പെരുമാറ്റത്തിലുണ്ടായിരുന്നു. ജാതിമതഭേദമന്യേ ഏവര്‍ക്കും ആര്‍.സിയെ സ്വീകാര്യനാക്കിയ ഘടകവും മറ്റൊന്നല്ല. എല്ലാ പ്രായത്തിലുള്ളവര്‍ക്കും ആ സൗഹൃദവലയത്തില്‍ ഇടമുണ്ടായിരുന്നു. ആരോടും മുഷിഞ്ഞു പറയാനോ മുഖം കറുപ്പിക്കാനോ പ്രകോപിതനാവാനോ കഴിയാത്ത, ഉലയാത്ത നന്മയുടെ ഉള്‍ക്കരുത്തായിരുന്നു ആ വ്യക്തിത്വശോഭയുടെ വര്‍ണപ്പൊരുള്‍.
നാട്ടുകാരായ വിദ്യാര്‍ഥികളെ ദീനീ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെത്തിക്കുന്നതില്‍ സവിശേഷ ശ്രദ്ധ പുലര്‍ത്തിയ അദ്ദേഹം, ഈ കുറിപ്പുകാരന്‍ ഉള്‍പ്പെടെ പലരെയും ഇസ്‌ലാമിയാ കോളേജില്‍ കൊണ്ടു പോയി ചേര്‍ത്തു. എല്ലാ സഹായങ്ങളുമായി എപ്പോഴും കൂടെ നിന്നു. ആര്‍.സിയില്‍ നിലീനമായ അതിരില്ലാത്ത ക്ഷമാശീലം അദ്ദേഹത്തിലെ സകല വ്യക്തിത്വ ഗുണങ്ങളുടെയും കേന്ദ്ര ബിന്ദുവായി നിലകൊണ്ടു. ഒരു മതപണ്ഡിതന്‍ നടത്തിയ പ്രഭാഷണത്തില്‍ സയ്യിദ് മൗദൂദിയുടെ 'ഇസ്‌ലാം മതം' എന്ന കൃതി തെറ്റായുദ്ധരിച്ചപ്പോള്‍, യഥാര്‍ഥ വസ്തുത ബോധ്യപ്പെടുത്താന്‍ പുസ്തകവുമായി പ്രഭാഷണ സംഘാടകനായ നാട്ടുപ്രമാണിയെ ആര്‍.സി സധീരം സമീപിച്ചു. കാര്യം പറഞ്ഞപ്പോള്‍, പുസ്തകം വാങ്ങി വലിച്ചെറിഞ്ഞ പ്രമാണിയുടെ കോപാന്ധ നടപടി, ആര്‍.സിയില്‍ പക്ഷേ ഒരു ഭാവമാറ്റവും വരുത്തിയില്ല. മറുത്തൊന്നും പറയാതെ അദ്ദേഹം അവിടെ നിന്ന് മാറിനിന്നു. ക്ഷമാപൂര്‍വകമായ ഈ നടപടി ഇസ്‌ലാമിക പ്രസ്ഥാനത്തിന് പിന്നീട് വലിയ നേട്ടമായി മാറി. അതേ പുസ്തകം വരുത്തിച്ച് വായിച്ച ആ വ്യക്തി, പ്രസ്ഥാനത്തിന്റെ അനുഭാവിയായി മാറുകയും ചെയ്തു.
ജീവിത തിരക്കുകള്‍ക്കിടയിലും കുടുംബത്തെ പൂര്‍ണമായും ഇസ്‌ലാമിക ശിക്ഷണവും വിദ്യാഭ്യാസവും നല്‍കി വളര്‍ത്തുന്നതില്‍ അദ്ദേഹം വിജയിച്ചു. അഞ്ച് ആണ്‍മക്കളും നാല് പെണ്‍മക്കളും ജീവിച്ചിരിപ്പുണ്ട്. ജമാഅത്തെ ഇസ്‌ലാമി കോഴിക്കോട് ജില്ലാ വനിതാ വിഭാഗം പ്രസിഡന്റ് ആര്‍.സി സ്വാബിറ മകളാണ്. ഭാര്യ ഭൂപതി കുടുംബത്തിലെ ആഇശയുടെ മരണശേഷം, പള്ളിപ്പൊയില്‍ സ്വദേശി ആസ്യയെ വിവാഹം ചെയ്തു.
വര്‍ധിച്ച സുകൃതങ്ങളും ദീര്‍ഘായുസ്സും ലഭിച്ച വിശ്വാസിയെ പ്രവാചകന്‍ പ്രകീര്‍ത്തിച്ചിട്ടുണ്ട്. അല്ലാഹു അവന്റെ ഇഷ്ടക്കാരില്‍ ആര്‍.സിയെയും ചേര്‍ത്ത് അനുഗ്രഹിക്കട്ടെ - ആമീന്‍.

Comments

ഖുര്‍ആന്‍ ബോധനം

സൂറ-37 / അസ്സ്വാഫ്ഫാത്ത (137-148)
ടി.കെ ഉബൈദ്‌