Prabodhanm Weekly

Pages

Search

2021 ഏപ്രില്‍ 09

3197

1442 ശഅ്ബാന്‍ 26

വിശുദ്ധിയുടെയും വിമോചനത്തിന്റെയും മാസം

എം.ഐ അബ്ദുല്‍ അസീസ് (അമീര്‍, ജമാഅത്തെ ഇസ്‌ലാമി കേരള)

റമദാന്‍ ഒരിക്കല്‍കൂടി നമ്മിലേക്ക് സമാഗതമാവുന്നു. നന്മകളും പുണ്യങ്ങളും കൊണ്ട് നിര്‍ഭരമായ വിശുദ്ധ മാസം അല്ലാഹു മനുഷ്യസമൂഹത്തിന് നല്‍കിയ മഹത്തായ അനുഗ്രഹമാകുന്നു. അതിന്റെ എല്ലാ പ്രതിഫലവും നേടിയെടുക്കാന്‍ പടച്ചവന്‍ നമ്മെ അനുഗ്രഹിക്കുമാറാകട്ടെ.
റമദാന്‍ ഒരു വിരുന്നാണ്. അല്ലാഹുവാണ് ആതിഥേയന്‍. നാമെല്ലാം അതിഥികളാണ്. വിരുന്നെത്തുന്നവരെ ആതിഥേയന്‍ എത്രമേല്‍ സ്നേഹിക്കുകയും പരിഗണിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുവോ അതില്‍ കവിഞ്ഞാണ് അല്ലാഹുവിന് നമ്മോടുള്ള ആദരബഹുമാനങ്ങള്‍. അതിഥികള്‍ക്കു വേണ്ടി നാനാതരം വിഭവങ്ങള്‍ ഒരുക്കപ്പെട്ടിരിക്കുന്നു. എല്ലാ വിഭവങ്ങളും വേണ്ടുവോളം ആസ്വദിക്കുമ്പോഴാണ് ആതിഥേയന്‍ സന്തുഷ്ടനാവുക. അല്ലാഹുവാകട്ടെ അപരിമേയ വിഭവങ്ങള്‍ നല്‍കാന്‍ കഴിവുള്ളവനും. വിരുന്നെത്തുന്നവരുടെ ആധിക്യവും അവര്‍ വിഭവങ്ങള്‍ മതിവരുവോളം ആസ്വദിക്കുന്നതും അവനെ ഏറെ സന്തോഷിപ്പിക്കുകയേയുള്ളൂ.
ഈ വിരുന്നിലെ പ്രധാന വിഭവം അല്ലാഹുവിന്റെ കാരുണ്യമാണ്. പടച്ചവന്റെ ഏറ്റവും മികച്ചുനില്‍ക്കുന്ന ഗുണം റഹ്മത്താണ് എന്ന് നബി (സ) പഠിപ്പിച്ചിരിക്കുന്നു. അല്ലാഹുവിന്റെ കാരുണ്യം അനുഭവിക്കുന്നതിന് ആ സ്വഭാവം നാം ആര്‍ജിക്കേണ്ടതുണ്ട്. ലോകത്തുള്ള എല്ലാ സൃഷ്ടിജാലങ്ങളോടും കാരുണ്യത്തോടെ വര്‍ത്തിക്കാന്‍ നമുക്ക് സാധിക്കണം. ഈ റമദാനില്‍ നമുക്കത് നേടിയെടുക്കേണ്ട ലക്ഷ്യമാകണം.
രണ്ടാമത്തെ വിഭവം മഗ്ഫിറത്താണ്. അല്ലാഹു നമ്മുടെ പാപങ്ങള്‍ പൊറുത്തുതരും. തിന്മകളുടെ ശേഖരങ്ങളില്‍നിന്ന് ഓരോന്നോരോന്നായി അല്ലാഹു മായ്ച്ചുകളയും. മായ്ച്ചുകളയുക മാത്രമല്ല, പകരം ആ സ്ഥാനത്ത് നന്മകള്‍ ഇടം പിടിക്കും (അല്‍ഫുര്‍ഖാന്‍ 70). അതിന് അര്‍ഹമാകാന്‍ ജീവിതത്തില്‍ ചെയ്തുപോയ പാപങ്ങളെ കുറിച്ച തിരിച്ചറിവ് നമുക്കുണ്ടാവണം. പിറകിലേക്ക് തിരിഞ്ഞുനോക്കണം. ചെയ്തുപോയ തിന്മകളെ കുറിച്ച കുറ്റബോധമുണ്ടാവണം. കുറ്റബോധം പശ്ചാത്താപമായി പരിണമിക്കണം. ഇനിയൊരിക്കലും ജീവിതത്തില്‍ അതാവര്‍ത്തിക്കില്ലെന്ന നിശ്ചയദാര്‍ഢ്യമുണ്ടാവണം. ജനങ്ങളോട് വീട്ടുവീഴ്ച ചെയ്യണം. അവരോട് നാം പൊറുക്കണം. ഇങ്ങോട്ട് ഉപദ്രവിച്ചിട്ടുണ്ടെങ്കില്‍ അങ്ങോട്ട് ഉപകാരപ്പെടണം. ഇങ്ങോട്ട് ശത്രുതയെങ്കില്‍ അങ്ങോട്ട് മൈത്രിയായിരിക്കണം. എല്ലാ തിന്മകള്‍ക്കും പകരമായി നമുക്കു തിരിച്ച് നല്‍കാനുള്ളത് നന്മ മാത്രമായിരിക്കണം.
നരകവിമോചനമാണ് മറ്റൊരു വിഭവം. അക്രമികളുടെയും ധിക്കാരികളുടെയും വഴിയല്ല നമ്മുടേത്. നരകത്തിന് പകരമായി സ്വര്‍ഗമാണ് നമ്മുടെ ലക്ഷ്യം. ശാശ്വതമായ നരകത്തീയില്‍നിന്നുള്ള വിമോചനം എന്നാലോചിക്കുമ്പോള്‍ റമദാനിന്റെ അനുഗ്രഹവര്‍ഷത്തിന്റെ ആഴം വര്‍ധിക്കുന്നു. നമ്മുടെ ജീവിതത്തിലെ അസുലഭ സന്ദര്‍ഭങ്ങള്‍. ഇത്തിരിപ്പോന്ന ഇഹലോകജീവിതം കൊണ്ട് അനന്തമായ ആഖിറത്തിനെ സ്വര്‍ഗീയമാക്കാവുന്ന അനര്‍ഘ ദിനങ്ങള്‍. അതാവട്ടെ ഇനിയൊരിക്കലും തേടിയെത്താനാവാത്തവിധം ഹ്രസ്വമായേക്കുമോ നമ്മുടെ ആയുസ്സ് എന്നാലോചിക്കുമ്പോള്‍ നെഞ്ചിടിപ്പ് കൂടും.

****
''നിങ്ങള്‍ക്കു മുമ്പുള്ളവര്‍ക്ക് നിര്‍ബന്ധമാക്കപ്പെട്ടതുപോലെ നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ തഖ്വയുള്ളവരാകുന്നതിനു വേണ്ടി'' (അല്‍ബഖറ: 183).
നോമ്പിലൂടെ നേടിയെടുക്കേണ്ടത് തഖ്വയാണ്. കഴിഞ്ഞുപോയ അനേകം ജനപഥങ്ങളിലൂടെ നോമ്പ് സഞ്ചരിച്ചിട്ടുണ്ട്. അതിന്റെ രൂപവും ഘടനയും വ്യത്യസ്തമായിരിക്കാം. പക്ഷേ വ്രതാനുഷ്ഠാനം ലക്ഷ്യമിടുന്നത് ജീവിതത്തിന്റെ ശുദ്ധീകരണമാണ്. അല്ലാഹു കല്‍പിച്ചത് പ്രവര്‍ത്തിക്കാനും വിലക്കിയത് ഉപേക്ഷിക്കാനുമുള്ള കരുത്താണല്ലോ തഖ്വ. നിര്‍വചനം ലളിതമാണ്. അത് പ്രയോഗവല്‍ക്കരിക്കാന്‍ വിശ്രമമില്ലാതെ, ചുവടു പിഴക്കാതെ, അതിജാഗ്രതയോടെ, ജീവിതാന്ത്യംവരെ അവിരാമം പൊരുതിനില്‍ക്കണം; നമ്മോടു തന്നെ. പടനിലങ്ങളില്‍ ശത്രു ഞാന്‍ മാത്രമാണ്, ഞാനും എന്റെ ദേഹേഛകളും.
റമദാന്‍ ആത്മപരിശോധനയുടെ സന്ദര്‍ഭമാണ്. തന്റെ തന്നെ പാപങ്ങളുടെയും വീഴ്ചകളുടെയും പാടുകള്‍ തേടി ജീവിതത്തിലൂടെ പിറകോട്ടുള്ള യാത്ര. പ്രഭാതം മുതല്‍ അന്നപാനീയങ്ങളും കാമവികാരങ്ങളും ഉപേക്ഷിക്കുക എന്ന് നോമ്പിനെ നിര്‍വചിക്കാറുണ്ട്. അതതിന്റെ ഭൗതികമായ അതിര്‍വരമ്പുകളാണ്. കാലങ്ങളായി പട്ടിണിയോട് മല്ലിടുന്നവനും വൈകുന്നേരം സുഭിക്ഷമായ വിഭവങ്ങള്‍ തന്നെ കാത്തിരിക്കുന്നു എന്നറിയുന്നവനും മേല്‍പറഞ്ഞ നിര്‍വചനം വ്യത്യസ്ത അനുഭവമായിരിക്കും നല്‍കുക. പക്ഷേ, അതോടൊപ്പം ആത്മപരിശോധനയുടെ തീക്ഷ്ണതലങ്ങളെ കൂടി അഭിമുഖീകരിക്കുമ്പോള്‍ വ്രതാനുഷ്ഠാനം ഒരനുഭൂതിയായി പരിവര്‍ത്തിക്കപ്പെടുന്നു. ആരെങ്കിലും വിശ്വാസത്തോടും ആത്മപരിശോധനയോടും കൂടി വ്രതമനുഷ്ഠിച്ചാല്‍ അവന്റെ കഴിഞ്ഞുപോയ പാപങ്ങളെല്ലാം അല്ലാഹു പൊറുക്കുമെന്ന് പ്രവാചകന്‍ (സ) പഠിപ്പിച്ചിട്ടുണ്ടല്ലോ.
പരലോകത്ത് അല്ലാഹുവിന്റെ വിചാരണയെ നേരിടേണ്ടവരാണ് നാമോരോരുത്തരും എന്ന ഓര്‍മ വേണം. ഇതൊരു സ്വപ്‌നമോ ഭാവനയോ അല്ല. പഠിക്കാനും പഠിപ്പിക്കാനുമുള്ള വെറുമൊരു വാക്കല്ല ഇത്. വരട്ടെ, അപ്പോഴാകാം എന്ന ലാഘവത്തോടെ കാണാവുന്ന ലളിത കാര്യവുമല്ല. സുനിശ്ചിതമായ, അതിഭീകരമായ യാഥാര്‍ഥ്യമാണ്. അതിനാല്‍ മുമ്പേതന്നെ നമുക്കൊന്ന് നമ്മെ വിചാരണ ചെയ്യാം, തൂക്കിനോക്കാം, അളന്നു തിട്ടപ്പെടുത്താം. നന്മകളുടെ തട്ടും തിന്മകളുടെ തട്ടും ഒന്നു തുലനം ചെയ്തു നോക്കാം.  അന്തിമവിചാരണയില്‍ നന്മ കനം തൂങ്ങുന്നതിന് അതേറെ സഹായകമാവും. മറ്റുള്ളവരുടെ പോരായ്മകളും കുറവുകളും ചികഞ്ഞെടുത്തിട്ട് നമുക്കെന്ത് കാര്യം! അവരുടെ തിന്മകളുടെ ഭാണ്ഡക്കെട്ടുകള്‍ പെരുത്തതാണെന്ന് സമര്‍ഥിച്ചതുകൊണ്ട് നമ്മുടെ നന്മകള്‍ കനം തൂങ്ങുമെന്നില്ലല്ലോ. മറ്റുള്ളവരെ വിട്ടേക്കുക.  സ്വന്തം പോരായ്മകളെ കുറിച്ചാലോചിച്ച് അപരരുടെ വീഴ്ചകളെ വിസ്മരിച്ചവര്‍ക്കാണല്ലോ നബി(സ) ഭാവുകങ്ങള്‍ നേര്‍ന്നത്.
വിശുദ്ധ ഖുര്‍ആന്റെ മാസമാണ് റമദാന്‍. അല്ലാഹു മനുഷ്യന് നല്‍കിയ ഏറ്റവും മഹത്തായ അനുഗ്രഹമാണ് അവന്റെ സന്മാര്‍ഗം- വിശുദ്ധ ഖുര്‍ആന്‍. ഖുര്‍ആനിനെ നമ്മുടെ ജീവിതത്തില്‍ ചേര്‍ത്തുവെക്കുക. ഖുര്‍ആന്‍ പഠിക്കുക, പഠിപ്പിക്കുക, ജീവിതത്തില്‍ പകര്‍ത്തി അതിന്റെ വാഹകരായി  മാറുക, അതിനെ കുറിച്ചറിയാത്തവര്‍ക്ക് പരിചയപ്പെടുത്തുക. കുടുംബത്തിലും വീടിനകത്തും ഖുര്‍ആന്‍ പഠനം സജീവമാക്കുക. പഠിച്ചും പാരായണം ചെയ്തും വീടുകള്‍ ഖുര്‍ആന്‍ കൊണ്ട് നിറയട്ടെ. ആശയം ഗ്രഹിച്ചുകൊണ്ട് ഒരാവൃത്തിയെങ്കിലും ഖുര്‍ആനിലൂടെ സഞ്ചരിക്കുക. ഖുര്‍ആനിന്റെ വര്‍ണം നാമും നമ്മുടെ കുടുംബവും സ്വീകരിക്കുക.  അതൊരു വിപ്ലവ പ്രവര്‍ത്തനമാണ്; വിമോചനമാണ്, ദൈവേതര ശക്തികളോടുള്ള ധിക്കാരമാണ്. അവരുടെ അടിമത്തത്തില്‍നിന്ന് മോചനം തേടി അല്ലാഹുവിന് സ്വന്തത്തെ സമര്‍പ്പിക്കലാണ്. പ്രതിസന്ധിഘട്ടങ്ങളില്‍ ഖുര്‍ആന്‍ നമുക്ക് വഴികാണിച്ചുതരും. നിരായുധരാക്കപ്പെടുമ്പോള്‍ നമുക്ക് ആയുധം തരും. തളരുമ്പോള്‍ ഖുര്‍ആന്‍ ആവേശം നല്‍കും. വീഴുമ്പോള്‍ ഉയര്‍ച്ചയിലേക്ക് നയിക്കും. പതറുമ്പോള്‍ കരുത്തായി മാറും. ഈ ഖുര്‍ആന്‍ നല്‍കിയതിലുള്ള നന്ദിയാണ് വ്രതാനുഷ്ഠാനം. സിദ്ധാന്തം പറയുകയല്ല, ഇതൊക്കെ അനുഭവവും അനുഭൂതിയുമാണ്.
റമദാന്‍ ചരിത്രത്തിന്റെ സാക്ഷി കൂടിയാണ്. ബദ്റും മക്കാ വിജയവും റമദാനിലായത് യാദൃഛികമല്ല. വിമോചന പോരാട്ടങ്ങള്‍ക്ക് ആവേശമാണ് ബദ്റും മക്കാ വിജയവും. പതിനഞ്ചു വര്‍ഷത്തെ കിരാത ചെയ്തികളുടെ തുടര്‍ച്ചയില്‍ തന്നെയാണ് ബദ്റും സംഭവിക്കുന്നത്. അല്ലാഹുവില്‍ സമര്‍പ്പിച്ച ഒരു ചെറുസംഘം സാമാന്യേന സര്‍വസജ്ജമായ ഒരു വന്‍ സംഘത്തെ പരാജയപ്പെടുത്തുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം, തന്നെ ഉപദ്രവിച്ച, തന്നെയും തന്നില്‍ വിശ്വസിച്ചവരെയും നാട്ടില്‍നിന്നും ആട്ടിപ്പായിച്ച, നിരന്തര സംഘട്ടനങ്ങളിലൂടെ തന്റെ പ്രിയപ്പെട്ടവരെ വകവരുത്തിയവരിതാ തന്റെ മുന്നില്‍ തലതാഴ്ത്തി നില്‍ക്കുന്നു. 'പോകൂ, നിങ്ങളിന്ന് സ്വതന്ത്രരാണ്' എന്നായിരുന്നു ആ ദിനത്തിലെ വാചകം. ഒരിറ്റു രക്തം പോലും ചിന്താത്ത മക്കാ വിജയം മാനുഷ്യകത്തിന്റെ വിജയമാണ്. ഇസ്ലാം മനുഷ്യന്റെ നന്മയാണ് കൊതിക്കുന്നതെന്നും അതിനാണ് പൊരുതുന്നതെന്നും ഒരല്‍പം രക്തം പൊടിഞ്ഞാല്‍ പോലും അതും മനുഷ്യന്റെ നന്മക്കുവേണ്ടി മാത്രമായിരിക്കണമെന്നുമുള്ള ഇസ്ലാമിക കാഴ്ചപ്പാടിന്റെ മികച്ച പ്രയോഗവല്‍ക്കരണമാണ് മക്കാ വിജയം. മനുഷ്യസമൂഹത്തെ ഐക്യപ്പെടുത്താനാണ് ഇസ്ലാം ശ്രമിക്കുന്നത്. നമുക്കു ചുറ്റുമുള്ള മര്‍ദിതര്‍ക്കു വേണ്ടി, നീതിക്കു വേണ്ടി, നിരായുധരായിരിക്കുമ്പോഴും നിശ്ചയദാര്‍ഢ്യത്തോടെ പൊരുതാനുറക്കുക എന്നാണ് ബദ്ര്‍ നല്‍കുന്ന സന്ദേശം.
ദാനധര്‍മങ്ങളുടെ മാസമാണ് റമദാന്‍. ദുരിതം പേറുന്നത് ആരായിരുന്നാലും റമദാനിന്റെ സാന്ത്വനസ്പര്‍ശം അവരിലെത്തണം. കൈയില്‍ എന്തെങ്കിലും അവശേഷിക്കുന്നവര്‍ക്ക് മാത്രമല്ല, ഇന്നത്തേക്കു പോലും കരുതിവെപ്പില്ലാത്തവര്‍ക്കും അവര്‍ക്കൊരു കൈത്താങ്ങാകാന്‍ സാധിക്കും. സകാത്ത് നിര്‍ബന്ധമുള്ള സമ്പന്നനായിരുന്നില്ല നബി തിരുമേനി (സ). പക്ഷേ, വലിയ ഔദാര്യവാനായിരുന്നു. അടിച്ചുവീശുന്ന കാറ്റിനോട് റമദാനിലെ പ്രവാചകന്റെ ദാനശീലത്തെ ഉപമിക്കാമെങ്കില്‍ ആ ദാനം പെയ്ത കുളിരിന്റെ വ്യാപ്തി ഒന്നാലോചിച്ചുനോക്കൂ. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ കൂടുതല്‍ ചെലവഴിക്കുക. ചെലവഴിക്കാതിരിക്കാന്‍ നമുക്ക് ഒരുപാട് ന്യായങ്ങളുണ്ട്. നാട്ടില്‍ നിലനില്‍ക്കുന്ന സാമ്പത്തിക മാന്ദ്യം, പ്രകൃതിദുരന്തങ്ങളും പകര്‍ച്ചവ്യാധികളും സൃഷ്ടിച്ച അനിശ്ചിതത്വം- ഇതൊക്ക നമ്മുടെ പ്രതിസന്ധികളാണ്. പക്ഷേ ഇടുക്കത്തിലും ചെലവഴിക്കാനാണ് അല്ലാഹു നിര്‍ദേശിച്ചത്. ആരോഗ്യമുണ്ടായിരിക്കെ, സമ്പത്തിനോട് ആര്‍ത്തിയുണ്ടായിരിക്കെ, ദാരിദ്ര്യത്തെ ഭയപ്പെട്ടുക്കൊണ്ടിരിക്കെ  ചെയ്യുന്ന സ്വദഖയാണ് ഏറ്റവും പുണ്യകരമായ സ്വദഖ എന്ന് പ്രവാചകന്‍ പഠിപ്പിച്ചു. നമ്മുടെ നാട്ടില്‍ നമ്മുടെ ധനത്തെ ആശ്രയിച്ചുമാത്രം നിലനില്‍ക്കുന്ന ധാരാളം ദീനീ സംരംഭങ്ങളുണ്ട്. അവക്കുള്ള ധനാഗമന മാര്‍ഗങ്ങള്‍ അടയ്ക്കാന്‍ ഇസ്ലാമിന്റെ ശത്രുക്കള്‍ നന്നായി ശ്രമിക്കുന്നുമുണ്ട്. പക്ഷേ നാമല്‍പം ഇടുങ്ങിയാലും നമ്മുടെ സംരംഭങ്ങള്‍ മെലിഞ്ഞുപോകരുതെന്ന് തീരുമാനിക്കാന്‍ ഓരോരുത്തര്‍ക്കുമാവണം. വലിയ പ്രതീക്ഷയോടെയാണ് അവയൊക്കെയും നമ്മുടെ സാന്നിധ്യമുള്ള റമദാനിനെ നോക്കുന്നത്.
പ്രാര്‍ഥനക്ക് സവിശേഷം ഉത്തരം കിട്ടുന്ന സന്ദര്‍ഭങ്ങളാല്‍ നിര്‍ഭരമാണ് റമദാന്‍ മാസം. നമ്മുടെ കൈകള്‍ ആകാശത്തേക്കുയരാന്‍ പടച്ചതമ്പുരാന്‍ കാത്തിരിക്കുകയാണ്. ആരോടും പങ്കുവെക്കാനാവാത്ത വ്യക്തിപരമായ കാര്യങ്ങള്‍, കുടുംബത്തിന്റെ ആവശ്യങ്ങള്‍, നാടിന്റെയും നാട്ടുകാരുടെയും നന്മ, ഇസ്ലാമിന്റെയും മുസ്ലിംകളുടെയും ഇസ്ലാമിക പ്രസ്ഥാനത്തിന്റെയും തേട്ടങ്ങള്‍ എല്ലാം അവനില്‍ ഏല്‍പിക്കാന്‍ പ്രാര്‍ഥനയിലൂടെ നമുക്കാവണം. സര്‍വോപരി ആഖിറത്തിലെ ഉന്നത സ്ഥാനങ്ങളും ആദര ബഹുമാനങ്ങളും. അവന്റെ ഉതവിയുണ്ടെങ്കില്‍ അധ്വാനിക്കാനേ നമുക്കാവൂ. അപ്പോഴും തരേണ്ടതും വിധിക്കേണ്ടതും അവന്‍ തന്നെയാണ്.
കഴിഞ്ഞ റമദാനില്‍നിന്ന് ഈ റമദാനിലെത്തുമ്പോള്‍ ആയുസ്സില്‍നിന്ന് ഒരു വര്‍ഷം നാം പിന്നിട്ടു കഴിഞ്ഞു. മരണത്തോട് നാം ഒന്നുകൂടി അടുത്തു. മരണത്തിന്റെ സമയം നമുക്കറിയില്ല എന്നതിനര്‍ഥം, മരണം എപ്പോഴും ആര്‍ക്കും ആസന്നമാണ് എന്നത്രെ. നാം അല്ലാഹുവിലേക്ക് അടുത്തു കൊണ്ടേയിരിക്കുന്നു. അതിനാല്‍ ഈ ജീവിതയാത്രയുടെ പര്യവസാനം മികച്ചതാക്കുക. റമദാന്‍ നമ്മെ അതിന് സഹായിക്കും.

Comments

ഖുര്‍ആന്‍ ബോധനം

സൂറ-37 / അസ്സ്വാഫ്ഫാത്ത (137-148)
ടി.കെ ഉബൈദ്‌