Prabodhanm Weekly

Pages

Search

2021 ഏപ്രില്‍ 02

3196

1442 ശഅ്ബാന്‍ 19

ഈ ഇന്ത്യന്‍ ഗ്രാമങ്ങള്‍ക്ക് നമ്മുടെ കൈത്താങ്ങ് വേണം

നിസ്താര്‍ കീഴുപറമ്പ്

ഹ്യൂമന്‍ കെയര്‍ ഫൗണ്ടേഷന്‍ പാനൂര്‍ ചാപ്റ്റര്‍ എന്ന സന്നദ്ധ സംഘടന കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ പലവിധ സേവന പ്രവര്‍ത്തനങ്ങള്‍ ചെയ്തുവരികയാണ്. 2021 മാര്‍ച്ച് ഒന്ന് മുതല്‍ എട്ട് വരെയുള്ള ദിവസങ്ങളില്‍ ഈ കൂട്ടായ്മയിലെ ഏഴ് പ്രവര്‍ത്തകര്‍ രാജസ്ഥാന്‍, ബിഹാര്‍, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ ചില ഗ്രാമങ്ങള്‍ സംന്ദര്‍ശിച്ചു.
ആദ്യം ഞങ്ങളെത്തിയത് രാജസ്ഥാനിലെ ബാര്‍മിര്‍ ജില്ലയിലെ പാന്തിക്കപാറിലാണ്. തീര്‍ത്തും മരൂഭൂ പ്രദേശം. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ വടക്കുപടിഞ്ഞാറന്‍ ഭാഗത്തു കിടക്കുന്ന വിശാലമായ ഥാര്‍ മരുഭൂമിയുടെ ഭാഗം. ഗ്രേറ്റ് ഇന്ത്യന്‍ ഡിസര്‍ട്ട് എന്നും ഇത് അറിയപ്പെടുന്നു. രണ്ടു ലക്ഷം ചതുരശ്ര കിലോമീറ്ററിലധികം വിസ്തൃതിയുള്ള ഈ മരുഭൂമി വിസ്തീര്‍ണത്തിന്റെ കാര്യത്തില്‍ ലോകത്ത് പതിനെട്ടാം സ്ഥാനത്താണ്. 
ഇതിന്റെ ഭൂരിഭാഗവും രാജസ്ഥാനിലാണ്. പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങളുടെ തെക്കുഭാഗത്തേക്കും ഗുജറാത്തിന്റെ വടക്കുഭാഗത്തേക്കും പാകിസ്താനിലെ കിഴക്കന്‍ സിന്ധ് പ്രവിശ്യയിലേക്കും, തെക്കുകിഴക്കന്‍ പഞ്ചാബ് പ്രവിശ്യയിലേക്കും ഇത് വ്യാപിച്ചു കിടക്കുന്നു്. 
ഥാര്‍ മരുഭൂമി വളരെ വരണ്ടതും പാറക്കല്ലുകളും വന്‍ മണല്‍ക്കൂനകളും നിറഞ്ഞതുമാണ്. 25 സെന്റീമീറ്റര്‍ മഴ മാത്രമേ വര്‍ഷത്തില്‍ ഇവിടെ ലഭിക്കുന്നുള്ളൂ. ലഭിക്കുന്ന മഴ സംഭരിച്ചുകൊണ്ടാണ് അവര്‍ വരള്‍ച്ചയെ മറികടക്കുന്നത്. ഓരോ വീട്ടിലും അവര്‍ ജലസംഭരണികള്‍ നിര്‍മിച്ചിരിക്കും.
പാന്തിക്കപാര്‍ ഗ്രാമത്തിലും അതിന്റെ ചുറ്റുവട്ടങ്ങളിലും ഹ്യൂമന്‍ കെയര്‍ ഫൗേഷന്‍ കിണറുകള്‍ നല്‍കിയിട്ടുണ്ട്. ഈ യാത്രയില്‍ മുപ്പത്തിയേഴ് കിണറുകള്‍ ഗ്രാമീണര്‍ക്ക് കൈമാറാന്‍ ഞങ്ങള്‍ക്ക് സാധിച്ചു. നടന്നും, ഒട്ടകപ്പുറത്തും പത്തിലധികം കിലോമീറ്റര്‍ സഞ്ചരിച്ചാണ് കുട്ടികളും സ്ത്രീകളും വെള്ളം ശേഖരിക്കുന്നത്. അവിടത്തെ മഹാഭൂരിപക്ഷം കുട്ടികളും തീരെ സ്‌കൂളില്‍ പോകാത്തവരാണ്. അതിന്റെ ഒന്നാമത്തെ കാരണം, നേരം വെളുക്കുമ്പോള്‍ തന്നെ വെള്ളം തേടി പോകണം. മറ്റൊന്ന്, പരിസരത്തെവിടെയും സ്‌കൂളുകളില്ല. ദൂരത്തേക്ക് നടന്നുപോകേണ്ടതിനാല്‍ ആ മരുഭൂമിയിലെ പെണ്‍കുട്ടികള്‍ തീരെ പഠിക്കുന്നില്ല. പാന്തിക്കപാര്‍ ഗ്രാമത്തില്‍ മലയാളികളുടെ കാരുണ്യത്തില്‍ ഒരു സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഞങ്ങള്‍ അവര്‍ക്ക് ആദ്യഘട്ടത്തില്‍ നാല് ക്ലാസ് റൂമുകളും അഞ്ച് ടോയ്‌ലറ്റുകളും നിര്‍മിച്ചു നല്‍കി. ദൂരെയുള്ള കുട്ടികളെ സ്‌കൂളില്‍ എത്തിക്കാന്‍ ഒരു ബസ്സും വാങ്ങിക്കൊടുത്തു. അതിനു ശേഷം ധാരാളം കുട്ടികള്‍ പഠനം തുടങ്ങി. ഇപ്പോള്‍ 500 കുട്ടികള്‍ ആ സ്ഥാപനത്തില്‍ പഠിക്കുന്നുണ്ട്. 
തണുപ്പുകാലത്ത് 5-10 °C മുതല്‍ വേനല്‍ക്കാലത്ത് 50 °C വരെയാണ് ഇവിടത്തെ താപനില. വളരെ ചെറിയ രീതിയിലുള്ള കൃഷി മാത്രമേ ഈ മേഖലയില്‍ സാധ്യമാവുകയുള്ളൂ. അല്‍പം നനവുള്ള പ്രദേശങ്ങളില്‍ ബജ്ര പോലുള്ള ഉണക്കധാന്യങ്ങള്‍ കൃഷി ചെയ്യുന്നു. മിക്ക കര്‍ഷകരും ആടുമേയ്ക്കലിനെയാണ് പ്രധാന വരുമാനമാര്‍ഗമായി കാണുന്നത്. ഥാര്‍ മരുഭൂമിയിലെ പ്രധാനപ്പെട്ട പട്ടണങ്ങള്‍ ജോധ്പൂരും ബിക്കാനെറുമാണ്. ഒട്ടകം ഇവിടങ്ങളിലെ പ്രധാനപ്പെട്ട ഒരു വാഹനമാണ്.
മൂന്ന് ദിവസം ഈ മരുഭൂമിയില്‍ ചെലവഴിച്ചതിനു
ശേഷം ഞങ്ങള്‍ ബിഹാറിലെ ഹരാരിയക്കടുത്തുള്ള ഫുല്‍കാതോല ഗ്രാമത്തിലേക്കാണ് പോയത്; അവിടെ ഞങ്ങള്‍ നിര്‍മിച്ച പള്ളിയുടേയും കുഴല്‍കിണറുകളുടെയും ഉദ്ഘാടനത്തിനു വേണ്ടി.
വിദ്യാഭ്യാസപരമായി ഏറെ പിന്നില്‍ നില്‍ക്കുന്ന ഗ്രാമമാണ് ഫുല്‍കാതോല. ആ ഗ്രാമത്തില്‍നിന്ന് ആശുപത്രിയിലെത്തണമെങ്കില്‍ നാല്‍പ്പത് കിലോമീറ്റര്‍ യാത്രചെയ്യണം. ഗ്രാമത്തില്‍ ചെറിയൊരു ക്ലിനിക്ക് സ്ഥാപിക്കുന്നതിന് രൂപരേഖ തയാറാക്കി തരാന്‍ ഹ്യൂമന്‍ കെയര്‍ ഫൗേഷന്‍ അവരോട് പറഞ്ഞിട്ടുണ്ട്.
കൃഷിതന്നെയാണ് അവരുടെ പ്രധാന വരുമാനമാര്‍ഗം. ചോളം ധാരാളമായി കൃഷിചെയ്യുന്നു. പക്ഷേ തുഛമായ വരുമാനം മാത്രമാണ് ലഭിക്കുന്നത്. മുതലാളിമാര്‍ അവരില്‍നിന്ന് കുറഞ്ഞ വിലയ്ക്ക് സംഭരിക്കുകയും പുറത്തേക്ക് കൂടിയ വിലയ്ക്ക് വില്‍പ്പന നടത്തുകയുമാണ്.
അടുത്ത ഒക്‌ടോബര്‍ മാസം ഒരു സമൂഹവിവാഹം ഫുല്‍കാകോലയില്‍ ഞങ്ങള്‍ നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. പത്ത് ജോഡികളുടെ വിവാഹമാണ് നടത്താന്‍ ഉദ്ദേശിക്കുന്നത്. ഒരു ജോഡിക്ക് മഹ്‌റിനും വസ്ത്രത്തിനും ഭക്ഷണത്തിനുമായി അമ്പതിനായിരം രൂപക്കടുത്ത് ചെലവു വരും. നല്ലവരായ മലയാളികളുടെ സഹായത്താല്‍ രണ്ട് വര്‍ഷം മുമ്പ് മുര്‍ശിദാബാദിലെ സുലീത്തലയില്‍ ഇരുപത് ജോഡികളുടെ വിവാഹം നടത്തിയിരുന്നു. ബിഹാറിലെ സമൂഹ വിവാഹത്തിലും സുമനസ്സുകളുടെ സഹായം ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.
രാജസ്ഥാനിലായാലും ബിഹാറിലായാലും ബംഗാളിലായാലും മുസ്‌ലിം ഗ്രാമങ്ങളുടെ അവസ്ഥ വളരെ ദയനീയമാണ്. അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും ആ ഗ്രാമങ്ങളില്‍ എത്തിനോക്കിയിട്ടില്ല. കറന്റും റോഡും അവസാനിക്കുന്നിടത്തുനിന്നാണ് മുസ്‌ലിം ഗ്രാമങ്ങള്‍ തുടങ്ങുന്നത് എന്ന പ്രയോഗം അക്ഷരാര്‍ഥത്തില്‍ ശരിയാണ്. 
ഈ മനുഷ്യരില്‍നിന്ന് മലയാളികളായ നമുക്ക് പലതും പഠിക്കാനുണ്ട്. അവരുടെ ആതിഥ്യ മര്യാദ നമ്മെ അത്ഭുതപ്പെടുത്തും. ഒരു മുറിയോ കൂടിയാല്‍ രണ്ട് മുറിയോ മാത്രമുള്ള കുടിലുകളാണ് അവരുടേത്. അതിഥികളായ ഞങ്ങളെ അകത്ത് കിടത്തി, മെടഞ്ഞ കട്ടിലില്‍ നല്ല തണുപ്പില്‍ മുറ്റത്താണ് വീട്ടുകാര്‍ കിടക്കുക.
അതിഥികളുടെ കൂടെ അവര്‍ ഭക്ഷണം കഴിക്കില്ല. അതിഥികളെ ഊട്ടിയതിനു ശേഷം മാത്രമേ അവര്‍ ഭക്ഷണം കഴിക്കൂ. ഫുല്‍കാതോലയില്‍ ഞങ്ങള്‍ക്ക് പ്രയാസമുണ്ടായ കാര്യം ഉപ്പിട്ട ചായ മാത്രമായിരുന്നു. ആ ഗ്രാമക്കാര്‍ ചായയില്‍ ഉപ്പിട്ടാണ് കുടിക്കാറുള്ളത്. 
ബിഹാറില്‍നിന്ന് ഞങ്ങള്‍ പോയത് ബംഗാളിലേക്കാണ്. ഉത്തര്‍ ദിനാജ്പൂരിലെ അങ്കര്‍ബാസ ഗ്രാമത്തില്‍ എന്റെ സുഹൃത്തിന്റെ വീട്ടിലാണ് രണ്ട് ദിവസം താമസിച്ചത്. ആ ഗ്രാമത്തിലെ അത്യാവശ്യം സൗകര്യമുള്ള വീട്. പൊതുവെ അവിടെയൊന്നും കക്കൂസ് സൗകര്യങ്ങളില്ല. കുട്ടികളും സ്ത്രീകളും നേരം വെളുക്കുംമുമ്പെ പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ പുറത്തിറങ്ങണം. ആ ഗ്രാമത്തില്‍ നാല് വീടുകളില്‍ മാത്രമാണ് കക്കൂസുള്ളത്.
ചില വീടുകളുടെ മുമ്പില്‍ സ്വച്ച് ഭാരത് മിഷന്റെ പദ്ധതിയിലൂടെ നിര്‍മിച്ച കക്കൂസുകള്‍ കണ്ടു. പക്ഷേ ആവശ്യം നിര്‍വഹിക്കാന്‍ ഉപയുക്തമല്ലെന്നു മാത്രം. ചിലര്‍ അത് പശുക്കള്‍ക്ക് വൈക്കോല്‍ സൂക്ഷിക്കാനുള്ള ഇടമായി ഉപയോഗിക്കുന്നു. കക്കൂസിനുള്ള വാതില്‍ വീട്ടുടമ തന്നെ നിര്‍മിക്കണം എന്നതിനാല്‍ പലതിനും വാതിലുകളില്ല. മാത്രവുമല്ല, ആയിരം രൂപ വീട്ടുകാരോട് വാങ്ങുകയും ചെയ്യുന്നുണ്ട്. അതുകൊണ്ടു തന്നെ അത് ഉപയോഗിക്കാറുമില്ല. വെള്ള സൗകര്യവും വളരെ പരിമിതമാണ്. അസുഖം വന്നാല്‍ ആശുപത്രികളില്‍ പോകണമെങ്കില്‍ കിലോമീറ്ററുകള്‍ യാത്രചെയ്യണം. പ്രസവത്തിന് സഹോദരിമാരെ കൊണ്ടുപോകുന്നതു വരെ സൈക്കിള്‍ റിക്ഷയിലാണ്.
കോളേജില്‍ പഠിക്കാന്‍ പോകണമെന്ന് കുട്ടികള്‍ തീരുമാനിച്ചാല്‍ അതിന് കഴിയില്ല. ഞങ്ങള്‍ പോയ അങ്കര്‍ബാസ ഗ്രാമത്തില്‍ പെണ്‍കുട്ടികള്‍ അടക്കം +2 വിന് പഠിക്കാന്‍ പോകുന്നത് ഒമ്പത് കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടിയാണ്. അതു കഴിഞ്ഞ് ഡിഗ്രിക്ക് പഠിക്കണമെന്നുണ്ടെങ്കില്‍ കോളേജ് സൗകര്യങ്ങള്‍ തീരെയില്ല.  അതിനെ കുറിച്ച് ചോദിച്ചപ്പോള്‍ അവിടത്തുകാരനായ എന്റെ സുഹൃത്ത് പറഞ്ഞത് 100 കി.മീ ദൂരത്താണ് കോളേജുള്ളത് എന്നാണ്. 
കൃഷിയാണ് അവരുടെ പ്രധാന ജോലി. തേയിലയും ചോളവും കിഴങ്ങും ഗോതമ്പും അവര്‍ കൃഷിചെയ്യുന്നു. കര്‍ഷകന് വളരെ തുച്ചം വരുമാനം മാത്രമാണ് ലഭിക്കുന്നത്. വന്‍കിടക്കാര്‍ ചുളു വിലയ്ക്ക് കര്‍ഷകരില്‍നിന്ന് സംഭരിച്ച് വലിയ വിലക്ക് വില്‍പ്പന നടത്തി കൊള്ളലാഭം ഉണ്ടാക്കുകയാണ്.  ഇന്ത്യന്‍ ഗ്രാമങ്ങളിലൂടെ സഞ്ചരിക്കുമ്പോഴാണ് ഇന്ത്യ ഊതിനിറച്ച ബലൂണ്‍ ആണെന്ന് മനസ്സിലാവുക. അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും എത്തിയിട്ടില്ലാത്ത ഇന്ത്യയാണോ തിളങ്ങുന്ന ഇന്ത്യ?
ഫൗണ്ടേഷന്റെ പ്രവര്‍ത്തകരായ ബാലിയില്‍ മുഹമ്മദ് ഹാജി, സി.പി അബൂബക്കര്‍, അബ്ദുര്‍റഹ്മാന്‍ എലാങ്കോട്, അബ്ദുല്‍ അസീസ് പുത്തൂര്‍, നിസ്താര്‍ കീഴുപറമ്പ്,  മൈമൂന ബാലിയില്‍, ഉമൈബ ബാനു എന്നിവരാണ് യാത്രാസംഘത്തിലുണ്ടായിരുന്നത്. യാത്രകഴിഞ്ഞ് മടങ്ങുമ്പോള്‍ പുതിയ ചില പ്രോജക്റ്റുകള്‍ ഫൗേഷന്‍ ഏറ്റെടുത്തിട്ടുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ബംഗാളിലെ അങ്കര്‍ബാസ ഗ്രാമത്തില്‍ തുടങ്ങുന്ന അല്‍ഫായിസ് ഇന്റര്‍നാഷ്‌നല്‍ അക്കാദമി. പത്ത് കിലോമീറ്റര്‍ താണ്ടിവേണം അങ്കര്‍ബാസയിലെ കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാന്‍. അതുകൊണ്ടുതന്നെ ആ ഗ്രാമത്തിലെ കുട്ടികള്‍ക്ക് പഠിക്കാനുള്ള അവസരം ഇല്ലാതെ പോകുന്നു. ബസില്‍ കയറി പോകാനുള്ള സാമ്പത്തികപ്രയാസം തന്നെ പ്രധാന കാരണം. വളരെ ദൂരം യാത്ര ചെയ്യേണ്ടതിനാല്‍ പെണ്‍കുട്ടികള്‍ക്ക് പഠനം നിഷേധിക്കപ്പെടുന്നു. 
ഈ സാഹചര്യത്തില്‍ വലിയ സ്വപ്‌നം മുമ്പില്‍ കണ്ടുകൊണ്ട് ആ ഗ്രാമത്തില്‍ താല്‍ക്കാലിക ഷെഡ് നിര്‍മിച്ച് സ്‌കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. 150 കുട്ടികളു് തുടക്കത്തില്‍. സൗകര്യമില്ലാത്തതിനാല്‍ കൂടുതല്‍ അഡ്മിഷന്‍ നല്‍കാന്‍ കഴിയുന്നില്ല.   ക്ലാസ് റൂമുകളുടെ പണി ആരംഭിച്ചിട്ടുണ്ട്.
ബിഹാറിലെ ഫുല്‍കാതോലയില്‍ ഒരു ചെറിയ ക്ലിനിക്കും ഒരു സമൂഹവിവാഹവും രാജസ്ഥാനിലെ പാന്തിക്കപാറില്‍ ഒരു മദ്‌റസയും കുറച്ച് കിണറുകളും ഞങ്ങള്‍ ഏറ്റെടുത്ത പ്രോജക്റ്റുകളാണ്. ഉദാരമതികളുടെ സഹകരണം കൊണ്ട് ഈ പ്രോജക്റ്റുകളെല്ലാം പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-37 / അസ്സ്വാഫ്ഫാത്ത (123-136)
ടി.കെ ഉബൈദ്‌

ഹദീസ്‌

തീവ്രത അരുത്‌
നൗഷാദ് ചേനപ്പാടി