Prabodhanm Weekly

Pages

Search

2021 ഏപ്രില്‍ 02

3196

1442 ശഅ്ബാന്‍ 19

അപഹരിക്കപ്പെടുന്ന ഉയിഗൂര്‍ കുഞ്ഞുങ്ങള്‍

അര്‍സ്‌ലാന്‍ ഹിദായത്ത് /നഈം ബദീഉസ്സമാന്‍

തുര്‍ക്കിയില്‍ പ്രവാസ ജീവിതം നയിക്കുന്ന ഉയിഗൂര്‍ റിവൈവല്‍ അസോസിയഷന്റെ ജനറല്‍ സെക്രട്ടറിയും ടാക് ഈസ്റ്റ് തുര്‍ക്കിസ്ഥാന്റെ കോ-ഓര്‍ഡിനേറ്ററുമായ അര്‍സ്‌ലാന്‍ ഹിദായത്ത് സംസാരിക്കുന്നു. അഭിമുഖത്തിന്റെ രണ്ടാം ഭാഗം.


അത്യധികം വേദന ഉളവാക്കുന്ന കഥകളാണ് താങ്കള്‍ ഇവിടെ വിവരിച്ചത്. ഉയിഗൂര്‍ മുസ്ലിംകളുടെ ഐഡന്റിറ്റിയും ഭാഷയും സാംസ്‌കാരവും വംശത്തനിമയും തുടച്ചുനീക്കുന്നതിനുള്ള ആസൂത്രിത പദ്ധതികളുടെ ഏതാനും ഉദാഹരണങ്ങള്‍ വിവരിക്കാമോ? എത്രത്തോളമാണ് അവയുടെ പ്രത്യാഘാതം?

ഉയിഗൂര്‍ വംശത്തനിമ ഇല്ലായ്മ ചെയ്യാനും മുസ്‌ലിംകള്‍ ഇസ്‌ലാം ഉപേക്ഷിക്കുന്നതിനുള്ള തന്ത്രമെന്ന നിലയിലും ചൈനീസ് അധികൃതര്‍ ഇപ്പോള്‍ നടത്തിവരുന്ന ഒരു പദ്ധതിയെക്കുറിച്ച് പറയാം. മേഖലയിലെ മിക്ക വീടുകളില്‍നിന്നും മുതിര്‍ന്നവര്‍ തടവിലാക്കപ്പെട്ടിരിക്കെ അവരുടെ കുട്ടികളുടെ അവസ്ഥ എന്താകും? ഇത്തരം കുട്ടികളെ സംരക്ഷിക്കാനെന്ന വ്യാജേന കൂട്ടത്തോടെ പിടികൂടി സര്‍ക്കാര്‍ നടത്തുന്ന ബോര്‍ഡിംഗ് സ്‌കൂളുകളില്‍ എത്തിക്കുന്നു. നിരീശ്വര-നിര്‍മത ആശയങ്ങള്‍ മാത്രമാണ് ഇത്തരം വിദ്യാലയങ്ങളില്‍ അഭ്യസിക്കപ്പെടുന്നത്. സ്വന്തം മതത്തോട് വിദ്വേഷവും സ്വന്തം സംസ്‌കാരത്തോട് പുഛവും അങ്കുരിപ്പിക്കാന്‍ ഉതകുന്ന ആശയങ്ങള്‍ കുഞ്ഞുങ്ങളുടെ ഹൃദയങ്ങളില്‍ കുത്തിനിറയ്ക്കപ്പെടുന്നു. അങ്ങനെ മാനസികമായി ഏകീഭാവം പ്രകടിപ്പിക്കാന്‍ പൈതൃകമോ വേരുകളോ ഇല്ലാത്ത പുതിയൊരു തലമുറ വാര്‍ത്തെടുക്കപ്പെട്ടുവരികയാണ്. സ്വത്വ നഷ്ടത്തിന്റെ ഇത്തരമൊരനുഭവം ഉയിഗൂര്‍ മുസ്‌ലിംകളുടെ ചരിത്രത്തില്‍ ഇതാദ്യമാകും. സ്വന്തം മതമോ ഐഡന്റിറ്റിയോ സംസ്‌കാരമോ വംശമോ ഏതെന്ന് തിരിച്ചറിയാനാകാത്ത  ഒരു പുതുതലമുറയുടെ ആവിര്‍ഭാവം ദൂരവ്യാപകമായ  പ്രത്യാഘാതങ്ങള്‍ ക്ഷണിച്ചുവരുത്താതിരിക്കില്ല. ഈശ്വരവിശ്വാസികളല്ലാത്ത ഹാന്‍സ് വംശജരുമായുള്ള വിവാഹത്തിന് മുസ്‌ലിം യുവതികളെ നിര്‍ബന്ധിക്കുക  എന്നതാണ് വംശത്തനിമ തകര്‍ക്കാനുള്ള മറ്റൊരു തന്ത്രം. വിവാഹം  കഴിക്കാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം എന്ന ചട്ടത്തിന്റെ മറവിലാണ് അധികൃതര്‍ ഇത്തരം അരുതായ്മകള്‍ നടത്താറുള്ളത്.
ഉയിഗൂരിലെ സ്ത്രീകളെ വലിയ സൈനിക സേവനങ്ങള്‍ നടത്തുന്ന സഖാക്കള്‍ക്ക് കാഴ്ചവെക്കുക, സൈനികരെ കൊണ്ട് വിവാഹം കഴിപ്പിക്കുക തുടങ്ങിയ മുറകളും പതിവായിരിക്കുന്നു. സൈനികരും കമ്യൂണിസ്റ്റ് സഖാക്കളും ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്യുന്ന സാധാരണ വാര്‍ത്തകളായി ഒടുങ്ങാന്‍ വിധിക്കപ്പെട്ട സംഭവങ്ങള്‍ മാത്രമാണിവ.  റോഹിംഗ്യന്‍ മുസ്‌ലിംകള്‍ അഭിമുഖീകരിക്കാനിടയായ അതേ തരം വിദ്വേഷപ്രേരിത വംശീയ ഉന്മൂലനം ഇന്ന് ഉയിഗൂര്‍ മുസ്‌ലിംകളും അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നു.
വേട്ടയാടപ്പെടുന്ന പല സമൂഹങ്ങള്‍ക്കും  രക്ഷാമാര്‍ഗങ്ങള്‍ പല സന്ദര്‍ഭങ്ങളിലും തുറന്നുകിട്ടാറുണ്ട്. എന്നാല്‍ തീര്‍ത്തും വ്യത്യസ്തമാണ് ഉയിഗൂരിലെ സാഹചര്യങ്ങള്‍. ഭൂമിശാസ്ത്രപരമായും രാഷ്ട്രീയ തലത്തിലും കടുത്ത വെല്ലുവിളികളാണ് അവര്‍ അഭിമുഖീകരിക്കുന്നത്. ആറു രാഷ്ട്രങ്ങളുമായി അതിര്‍ത്തി പങ്കിടുന്നതിനാല്‍ അതിര്‍ത്തി സൈനികരുടെ  നിരന്തര സാന്നിധ്യം അഭയം തേടിയുള്ള  യാത്രകള്‍ക്ക് വലിയ വിഘാതം സൃഷ്ടിക്കുന്നു. പൗരന്റെ  ഓരോ അനക്കവും അനുനിമിഷം മണത്തറിയുന്ന നിരീക്ഷണ സംവിധാനങ്ങള്‍, പാശ്ചാത്യരാജ്യങ്ങളോട് കിടപിടിക്കുന്ന സുരക്ഷാ സന്നാഹങ്ങള്‍, രഹസ്യ പോലീസ് തുടങ്ങിയവക്ക് മധ്യേ സമഗ്രാധിപത്യ വ്യവസ്ഥയുടെ നിസ്സഹായരായ ബലിമൃഗങ്ങളായി  മാറിയിരിക്കുകയാണ്  ഉയിഗുര്‍ ജനത.

ചൈനയുടെ പീഡനങ്ങളില്‍നിന്ന് രക്ഷപ്പെടാന്‍ സാധിച്ച ചിലരെങ്കിലും ഉണ്ട് എന്ന് താങ്കള്‍ സൂചിപ്പിച്ചുവല്ലോ. അത്തരം വ്യക്തികളുടെ അവസ്ഥ എന്താണ്? ചെറിയ വിശദീകരണം നല്‍കിയാലും.

ചൈനീസ് പീഡനങ്ങളെ അതിജീവിച്ച് അന്യദേശങ്ങളില്‍ കുടിയേറാന്‍ സാധിച്ചത് വളരെ ചുരുക്കം ചിലര്‍ക്കു മാത്രമാണ്. ലേബര്‍ ക്യാമ്പില്‍നിന്ന് രക്ഷപ്പെട്ട ഏതാനും ചില കസാഖിസ്ഥാന്‍ വംശജരെ കുറിച്ച് എനിക്കറിയാം. ഇവര്‍ സാഹസികമായി കസാഖിസ്ഥാനില്‍ എത്തിച്ചേരുകയായിരുന്നു. ഇവരുടെ അവകാശങ്ങള്‍ക്കുവേണ്ടി ചില സന്നദ്ധ സംഘടനകള്‍ ശബ്ദമുയര്‍ത്തിയതുകൊണ്ട് അവരില്‍ ചിലര്‍ക്ക്  യൂറോപ്യന്‍ രാജ്യങ്ങളിലേക്ക്  കുടിയേറാന്‍ സാധിക്കുകയുണ്ടായി. ചിലര്‍ സ്വന്തം മണ്ണിലേക്ക് തന്നെ തിരികെയെത്തി.  സുമ്‌റത് ദാവൂദ് എന്ന ഒരു സ്ത്രീ തടവുകാരി ഈ സംഘത്തില്‍ ഉണ്ടായിരുന്നു. ഒരു പാകിസ്താനി ആയിരുന്നു അവരുടെ ഭര്‍ത്താവ്. അദ്ദേഹം ബെയ്ജിങിലെ പാക് എംബസിയില്‍ സമ്മര്‍ദം ചെലുത്തിയതുകൊണ്ടായിരുന്നു അവര്‍ക്ക് വലിയ പ്രയാസങ്ങള്‍ നേരിടേണ്ടിവരാതെ മോചനം സാധ്യമായത്.  അവര്‍ക്കും അവരുടെ കുടുംബത്തിനും അമേരിക്കയിലേക്ക്  ചേക്കേറാനും പാക് എംബസി വഴിയൊരുക്കി. ഇങ്ങനെ ഭര്‍ത്താവിന്റെ പൗരത്വം അനുകൂലമായി ഭവിച്ചാല്‍ അത്തരം കുടുംബങ്ങള്‍ക്കും രക്ഷ നേടാം. മറ്റു ചിലര്‍ സെന്‍ട്രല്‍ ഏഷ്യന്‍ രാജ്യങ്ങളിലേക്ക് രക്ഷപ്പെടാറുണ്ട്. സാഹസികമായി കാല്‍നട യാത്ര നടത്തുകയാണ് ഇവരുടെ പലായന രീതി. എന്നാല്‍ ഇങ്ങനെ രക്ഷപ്പെടുന്നവരെ സെന്‍ട്രല്‍ ഏഷ്യന്‍  അധികൃതര്‍ക്ക് പണം നല്‍കി തിരികെ വാങ്ങുന്ന തന്ത്രവും ചൈന വിജയകരമായി പയറ്റുന്നു.
ഇവ്വിധം ചൈനക്കാര്‍ പിടികൂടിയ ഉയിഗൂറുകളുടെ എണ്ണം എത്രയെന്ന് ദൈവത്തിനു മാത്രം അറിയാം. പീഡനാലയങ്ങളില്‍നിന്ന് രക്ഷപ്പെടുന്നവര്‍ വളരെ ചുരുക്കം മാത്രം. ഇങ്ങനെ രക്ഷപ്പെട്ട് പുറംലോകത്തോട് സംസാരിച്ചവര്‍ പത്തിലധികമുണ്ടാവില്ല.

ഹൂയി വംശക്കാരായ മുസ്‌ലിംകളും ചൈനയില്‍ ധാരാളമായുണ്ട്. പ്രമുഖ നഗരങ്ങളിലാണ്  ഇവരുടെ സാന്നിധ്യം  കൂടുതലായി കാണാറുള്ളത്. നഗരങ്ങളില്‍  അവരുടെ പള്ളികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നുമുണ്ട്. ഹൂയി മുസ്‌ലിംകള്‍ ഇത്തരം അടിച്ചമര്‍ത്തല്‍ നടപടികള്‍ക്ക് ഇരകളാകുന്നണ്ടോ?

ചൈനയിലെ ഏറ്റവും വലിയ  മുസ്‌ലിം വിഭാഗമാണ് ഹൂയി വംശക്കാര്‍. വളരെ ക്ഷേമത്തിലും സുസ്ഥിതിയിലുമായിരുന്നു അവരുടെ ജീവിതം. നിങ്ങളവരുടെ  മേഖല സന്ദര്‍ശിക്കുന്ന പക്ഷം അറബ് രാജ്യങ്ങളെ ഓര്‍മിപ്പിക്കുന്ന  മദ്‌റസകളും കെട്ടിടങ്ങളും മറ്റും കാണാം. അവര്‍ ചൈനീസ് വംശജര്‍ തന്നെ ആയതുകൊണ്ടു മാത്രമാണ് ഈ പരിഗണനകള്‍ ലഭിക്കുന്നത്. രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും അവര്‍ അല്ലലില്ലാതെ ജീവിച്ചുവരികയായിരുന്നു. എന്നാല്‍ 2018-ഓടെ സ്ഥിതിഗതികളില്‍ മാറ്റം വരാന്‍ തുടങ്ങി.  ഭരണകൂടത്തിന്റെ സമ്മര്‍ദങ്ങള്‍ തങ്ങളും അനുഭവിക്കാന്‍ തുടങ്ങിയെന്ന് അവര്‍ തിരിച്ചറിഞ്ഞു. ഇപ്പോള്‍ സര്‍ക്കാര്‍ വേട്ട അവര്‍ക്കു നേരെയും ഉണ്ട്. എന്നാല്‍ ഉയിഗൂര്‍ ജനത അനുഭവിക്കുന്ന തോതിലുള്ള നരമേധങ്ങള്‍  ഇല്ല. അവരുടെയും നിരവധി പള്ളികള്‍ തകര്‍ക്കപ്പെടുകയുണ്ടായി. പല ഇമാമുമാരും തുറുങ്കിലടക്കപ്പെട്ടു. ചൈനീസ് ഭരണകൂടം ഇസ്‌ലാമിന് മാത്രമല്ല, എല്ലാ മതങ്ങള്‍ക്കും എതിരാണ്. എല്ലാ മതങ്ങളെയും ഉന്മൂലനം ചെയ്യുക എന്നതാണ് പോളിസി.

തടങ്കല്‍ പാളയങ്ങളിലെ ശിക്ഷാ കാലാവധിക്കു ശേഷമോ  തടവില്‍നിന്ന് ഒളിച്ചോടിയോ വിദേശങ്ങളില്‍ അഭയം പ്രാപിച്ചവരുമായി സംഭാഷണം നടത്താന്‍ കഴിഞ്ഞതായി താങ്കള്‍ പ്രസ്താവിക്കുകയുണ്ടായി. എങ്ങനെയാണ് ഉയിഗൂറുകള്‍ തടവറകളില്‍ എത്തിക്കപ്പെടുന്നത് എന്ന് ഇത്തരം സംഭാഷണങ്ങളെ ആധാരമാക്കി വിവരിക്കാമോ?

ഉയിഗൂറുകളെ ഒറ്റയടിക്ക് പിടികൂടി ജയിലുകളില്‍ അടക്കുന്ന രീതി തുടക്കത്തില്‍ അവലംബിക്കപ്പെട്ടിരുന്നില്ല. പകരം അവരെ  പോലീസ് സ്റ്റേഷനുകളിലേക്ക്  വിളിപ്പിക്കുന്ന തന്ത്രമാണ് സ്വീകരിക്കുന്നത്. പോലീസ് സ്റ്റേഷനില്‍ ഹാജരാകുന്നവരെ വൈദ്യ പരിശോധനക്ക് വിധേയമാക്കും. രക്തം, മൂത്രം, സംസാരശേഷി, കാഴ്ചശക്തി, മുഖാകൃതി തുടങ്ങിയവ പരിശോധിച്ച് തിട്ടപ്പെടുത്തും. മുഖത്തെ ഭാവ വ്യത്യാസങ്ങള്‍ വരെ റെക്കോര്‍ഡ് ചെയ്യപ്പെടും.
വനിതാ തടവുകാരുടെ  രക്തം ദിനേന പരിശോധിക്കുന്നതായും അവരുടെ ശരീരത്തില്‍  രാസപദാര്‍ഥങ്ങള്‍ കുത്തിവെക്കുന്നതായും ചില മുന്‍ തടവുകാരുമായി നടത്തിയ സംഭാഷണങ്ങളില്‍നിന്ന് മനസ്സിലാക്കാന്‍ സാധിച്ചു. ആര്‍ത്തവം വൈകിപ്പിക്കാനും അത് ക്രമേണ തടയാനും ഉന്നമിട്ടാണത്രെ ചില കുത്തിവെപ്പുകള്‍.
ഉള്‍ഭാഗത്ത് ചവറോ ഉഛിഷ്ടങ്ങളോ നിറച്ച ബണ്ണുകള്‍ ആണ് മിക്ക സ്ത്രീകള്‍ക്കും ആഹാരമായി നല്‍കാറുള്ളത്.  വയറു നിറഞ്ഞതായി തോന്നിപ്പിക്കുന്ന കൃത്രിമ സൂപ്പുകളും സ്ത്രീകള്‍ക്ക് നല്‍കുന്നു. ഇതു കാരണം വിശപ്പ് അനുഭവപ്പെടില്ല. എന്നാല്‍ പടിപടിയായി ആരോഗ്യം തകര്‍ന്നു പോകുന്നു. ചിന്താശേഷി മരവിപ്പിക്കുന്ന ലഹരി മരുന്നുകളും തടവുപുള്ളികള്‍ക്ക് നല്‍കാറുണ്ട്. വൈകാരിക അനുഭൂതികള്‍ നശിപ്പിക്കുന്ന ലഹരിപദാര്‍ഥങ്ങളും  കുത്തിവെക്കുന്നു. സുബോധത്തോടെ നേര്‍വഴിയില്‍ ചിന്തിക്കാനുള്ള ശേഷി ഇത്തരം തടവുകാര്‍ക്ക് നഷ്ടമാകുന്നു. തടവുകാരെ  കൊണ്ട് കുറ്റമേറ്റു പറയിപ്പിക്കുന്ന കത്തുകള്‍ തയാറാക്കി പ്രസിഡന്റിന് അയക്കുന്ന പതിവുമുണ്ട്. ഉയിഗൂരിലെ സ്ത്രീകള്‍ ഇനി പ്രസവിക്കാതിരിക്കാന്‍ വേണ്ടതൊക്കെ ചെയ്യുന്നുണ്ട്. അവരിലെ ജനന നിരക്ക് പൂജ്യത്തോടടുത്താണ്.
ജയിലുകളില്‍ ഇടക്ക് കമ്യൂണിസ്റ്റ് പാര്‍ട്ടി ഭാരവാഹികളുടെ ക്ലാസ്സുകള്‍ സംഘടിപ്പിക്കാറുണ്ട്. ഇത്തരം പാര്‍ട്ടി ക്ലാസ്സുകളില്‍  അല്ലാഹു ഇല്ല, ദൈവം ഇല്ല എന്ന് പഠിപ്പിക്കുന്നു. അന്നന്നത്തെ അന്നം സര്‍ക്കാരാണ് ലഭ്യമാക്കുന്നതെന്നും സര്‍വരുടെയും സംരക്ഷണം ഏറ്റെടുത്തു നടത്തുന്നത് ഗവണ്‍മെന്റ് ആണെന്നും  ക്ലാസ്സുകളിലെ അധ്യാപകര്‍ അവരെ ഓര്‍മപ്പെടുത്തുന്നു. ക്ലാസുകള്‍ കഴിഞ്ഞു മടങ്ങുമ്പോള്‍ ദൈവം ഉണ്ടോ എന്ന് അധ്യാപകന്‍ ആരായും. ഇല്ല എന്ന ഉത്തരമാണ് നല്‍കേണ്ടത്. എന്നാല്‍ ഉത്തരം നല്‍കാന്‍ അര സെക്കന്റ് സംശയിച്ചുനില്‍ക്കുന്നവര്‍ക്കു തല്‍ക്ഷണം മര്‍ദനമേല്‍ക്കും. മതം മനസ്സില്‍ ഒളിഞ്ഞിരിക്കുന്നുണ്ടോ എന്നറിയാനുള്ള പരിശോധനയാണിത്. ഞങ്ങളുടെ ടാക് ഈസ്റ്റ് തുര്‍ക്കിസ്ഥാന്‍ ചാനലില്‍ മുന്‍ തടവുകാരുടെ ഇത്തരം സാക്ഷ്യങ്ങള്‍ സംപ്രേഷണം ചെയ്തിട്ടുണ്ട്.

അവസാനമായി ഒരു ചോദ്യം കൂടി. പീഡിതരായ അനേകം ഇരകളുമായി  സംഭാഷണം നടത്താന്‍ താങ്കള്‍ക്ക് കഴിഞ്ഞുവല്ലോ. ഇരകളുടെ അനുഭവവിവരണങ്ങളില്‍ താങ്കള്‍ക്ക് ഏറ്റവും വേദന ഉളവാക്കിയ സംഭവം ഏതാണ്? വിശ്വാസികള്‍ എന്ന നിലയില്‍  അവരുമായി ഐക്യദാര്‍ഢ്യം പുലര്‍ത്തുന്ന നാം, ഇത്രയും അതിക്രമങ്ങള്‍ ലോകത്തിന്റെ ഒരു കോണിലും ആവര്‍ത്തിക്കാതിരിക്കാനുള്ള പരിശ്രമങ്ങളുടെ ഭാഗമായി കൂടിയാണ് ഇത്തരം അനുഭവങ്ങള്‍ സമാഹരിക്കുന്നത്. മനുഷ്യത്വം തൊട്ടുതീണ്ടാത്ത ഈ ഹിംസാത്മകതക്കെതിരെ മൂര്‍ത്ത നടപടികള്‍ സ്വീകരിക്കാന്‍ അത് സഹായകമാകുമല്ലോ?

ആരെയും കണ്ണീരിലാഴ്ത്തുന്ന എത്രയോ ദുരന്താനുഭവങ്ങള്‍ ഉയിഗൂര്‍  ജനതക്കു പറയാനുണ്ട്.
എന്റെ ഉള്ളുലച്ച ഒരു അനുഭവ കഥ സംക്ഷിപ്തമായി വിവരിക്കാം. സിന്‍ജിയാങില്‍നിന്ന് രക്ഷപ്പെട്ടു തുര്‍ക്കിയില്‍ അഭയംപ്രാപിച്ച ഒരു ഉയിഗൂര്‍ പിതാവ് എന്നോട് നേരിട്ടു പറഞ്ഞ അനുഭവ കഥയാണത്. ജന്മഭൂമിയോടും വീടിനോടും വിടപറയുമ്പോള്‍ സ്വപുത്രനോട് അവസാനമായി ഒരു വാക്കുപോലും  മിണ്ടാന്‍ കഴിയാതെ പോയതിന്റെ തീരാ വേദനയില്‍ നീറി കഴിയുകയാണയാള്‍. അന്ന് രണ്ട് വയസ്സ് പോലും തികയാത്ത പൈതല്‍ ആയിരുന്നു മകന്‍. അന്യദേശങ്ങളിലേക്ക് ചേക്കേറുന്ന കുടുംബങ്ങള്‍  ഒറ്റയടിക്ക് ഒന്നിച്ച് യാത്ര നടത്താറില്ല. പിതാവ് അല്ലെങ്കില്‍ മാതാവ്  ഇവരില്‍ ഒരാള്‍ ആദ്യം യാത്ര തിരിക്കും.
ആവശ്യമായ താമസ രേഖകള്‍  ശരിപ്പെടുത്തി  പതുക്കെ കുടുംബത്തെ കൊണ്ടുപോകും. ഈ സംഭവത്തിലെ നായകനായ പിതാവ്  ആദ്യം യാത്ര തിരിച്ച് തുര്‍ക്കിയില്‍ എത്തി. പക്ഷേ കുടുംബത്തെ എത്തിക്കാനുള്ള ശ്രമം തുടങ്ങിയ ഘട്ടത്തില്‍  അതിര്‍ത്തികള്‍ അടച്ചിട്ടിരിക്കുകയായിരുന്നു. ഈ സമയത്ത് അദ്ദേഹത്തിന്റെ പൈതലിനെ സര്‍ക്കാര്‍ ഏജന്റുമാര്‍ തട്ടിക്കൊണ്ടുപോയി. പിന്നീട് മൂന്നു നാലു വര്‍ഷം കഴിഞ്ഞ് മാത്രമാണ് അവനെ കുറിച്ച് ചെറിയ സൂചനകള്‍ ലഭിച്ചത്. . Tiktok-ന്റെ ചൈനീസ് പതിപ്പായ ഡോയിനി(Douyin)ല്‍ അവന്‍ ചൈനീസ് ഭാഷ പഠിക്കുന്നതും കമ്യൂണിസ്റ്റ് തത്ത്വങ്ങള്‍ ഉരുവിടുന്നതുമാണ് ആ പിതാവിന് കാണാന്‍ സാധിച്ചത്. ബോര്‍ഡിംഗ് സ്‌കൂളില്‍ അവന്‍ വിദേശ ഭാഷ പഠിക്കുകയും ചൈനീസ് ഭരണകൂടത്തെ പുകഴ്ത്തുകയും ചെയ്യുന്നു. ആലോചിച്ചുനോക്കൂ. നിങ്ങളുടെ മകനെ നിങ്ങള്‍ മൂന്നുനാലു വര്‍ഷം കാണുന്നേയില്ല. അവന്‍ ജീവനോടെയിരിക്കുന്നുവോ മരിച്ചോ എന്ന് നിങ്ങള്‍ അറിയുന്നില്ല. പെട്ടെന്നതാ മറ്റൊരു ആശയവും ജീവിത ശൈലിയും അടിച്ചേല്‍പ്പിക്കപ്പെട്ട അവനെ നിങ്ങള്‍ കാണുന്നു. നിങ്ങളുടെ കരളിന്റെ കഷ്ണം, എവിടെയെന്നറിയാത്ത ഒരു സ്ഥലത്ത് പന്നിമാംസം കഴിക്കാനും തന്റെ ദീനും ഭാഷയും സ്വത്വവുമെല്ലാം കൈയൊഴിക്കാനും നിര്‍ബന്ധിതനായി കഴിഞ്ഞുകൂടുന്നു. ഇസ്‌ലാമും അല്ലാഹുവുമെല്ലാം വളരെ അപകടം പിടിച്ചതാണെന്ന് അവനെ പഠിപ്പിക്കുകയാണ്. ഉള്ളംകൈയിലെ ഫോണില്‍ (ആപ്പ് വഴി) അവനെ കാണുന്നുണ്ട്. പക്ഷേ അവന്‍ എന്നന്നേക്കുമായി അപഹരിക്കപ്പെട്ടിരിക്കുന്നു. അപഹരിക്കപ്പെട്ട സ്വന്തം പൈതലിനെ വീണ്ടെടുക്കാന്‍  യാതൊന്നും ചെയ്യാനാകാത്ത  ഒരു പിതാവിന്റെ നിസ്സഹായാവസ്ഥ എത്ര ദയനീയമാണ് എന്ന് ആലോചിച്ചുനോക്കുക. ഇദ്ദേഹം മാത്രമല്ല ഇതുപോലെ എത്രയോ പിതാക്കന്മാരും മാതാക്കളും ദിനേന ഇതേ ദുരവസ്ഥയിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഉയിഗൂര്‍ വംശക്കാരുടെ ദശലക്ഷക്കണക്കിന് കുഞ്ഞുങ്ങള്‍ അങ്ങനെ തട്ടിയെടുക്കപ്പെട്ട അജ്ഞാത കേന്ദ്രങ്ങളില്‍ വളര്‍ത്തപ്പെടുന്നു. ഇത്തരം ദുരനുഭവങ്ങള്‍ ഉണ്ടാകുമ്പോഴാണ് മരണമായിരിക്കും  ഭേദം എന്ന് നാം ചിന്തിച്ചുപോവുക.
ഇനി നിങ്ങളുടെ കുട്ടികളോ ഉറ്റവരോ തടവറകളില്‍ മരിച്ചാല്‍ പോലും  വാര്‍ത്ത നിങ്ങളെ അറിയിക്കാന്‍ അധികൃതര്‍ തയാറാകില്ല. മാതാപിതാക്കള്‍ ഉള്‍പ്പെടെ ഇവിടെ ആരുടെയും  മരണവാര്‍ത്ത  ഒന്നോ രണ്ടോ വര്‍ഷം കഴിഞ്ഞു മാത്രമേ അറിയാന്‍ കഴിയൂ എന്നതാണ് സ്ഥിതി. ഓരോ പ്രഭാതത്തിലും ഇത്തരം കദനകഥകള്‍ കേട്ടാണ് ഞങ്ങള്‍ ഉണരുന്നതെങ്കിലും മര്‍ദിതരായ ഞങ്ങളുടെ പക്ഷത്താണ് ദൈവം നിലയുറപ്പിക്കുക എന്നും ഇന്നല്ലെങ്കില്‍ നാളെ ഞങ്ങള്‍ അന്തിമവിജയം നേടുമെന്നുമുള്ള ശുഭപ്രതീക്ഷയാണ് ഞങ്ങളെ മുന്നോട്ടു നയിക്കുന്നത്. 

(അവസാനിച്ചു)
വിവ: വി.പി.എ അസീസ്‌

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-37 / അസ്സ്വാഫ്ഫാത്ത (123-136)
ടി.കെ ഉബൈദ്‌

ഹദീസ്‌

തീവ്രത അരുത്‌
നൗഷാദ് ചേനപ്പാടി