Prabodhanm Weekly

Pages

Search

2021 ഏപ്രില്‍ 02

3196

1442 ശഅ്ബാന്‍ 19

മുഹമ്മദ് അലി അസ്സ്വാബൂനി (1930-2021)

അബൂസ്വാലിഹ

കേരളത്തിലെ അറബി-ഇസ്‌ലാമിയാ കോളേജുകളിലെ വിദ്യാര്‍ഥികള്‍ അത്യാവശ്യം അറബിഭാഷ കൈകാര്യം ചെയ്യാന്‍ പ്രാപ്തി നേടിക്കഴിഞ്ഞാല്‍ ഖുര്‍ആന്‍ പഠനത്തിന് സാധാരണ അവലംബിക്കാറുള്ള ഒരു അറബി വ്യാഖ്യാന കൃതിയുണ്ട്- സ്വഫ്‌വത്തുത്തഫാസീര്‍. ഖുര്‍ആന്‍ വ്യാഖ്യാന കൃതികളുടെ സത്ത് എന്നാണ് അതിന്റെ അര്‍ഥം. ഓരോ ഖുര്‍ആനിക സൂക്തത്തിനും പൗരാണികരും ആധുനികരുമായ പ്രമുഖ വ്യാഖ്യാതാക്കള്‍ നല്‍കിയ വിശദീകരണങ്ങളുടെ സാരാംശം ഇതില്‍ എടുത്തു ചേര്‍ത്തിരിക്കുന്നു. സങ്കീര്‍ണമായ വാക്യഘടനകളൊക്കെ ഒഴിവാക്കി അതീവ ലളിതവും ഹൃദ്യവുമായ ശൈലിയിലാണ് അവതരണം. ആയത്തുകളുടെ അവതരണ പശ്ചാത്തലം, അലങ്കാരശാസ്ത്ര സൂചനകള്‍, ഭാഷാപരമായ പ്രത്യേകതകള്‍ തുടങ്ങിയ കാര്യങ്ങളും സംക്ഷിപ്തമായി പ്രതിപാദിച്ചിരിക്കും. ഹി. 1400-ല്‍ (1980) ബൈറൂത്തിലെ ദാറുല്‍ ഖുര്‍ആന്‍ ആണ് ഇത് ആദ്യമായി അച്ചടിച്ചത്. മേല്‍പ്പറഞ്ഞ കാരണങ്ങളാല്‍ അറബി സംസാരഭാഷയല്ലാത്ത നാടുകളില്‍ വളരെ പെട്ടെന്ന് ഖുര്‍ആന്റെ ഈ ലളിത വ്യാഖ്യാനം പ്രചാരം നേടി.
ഈ വ്യാഖ്യാനമെഴുതിയത് അഹ്‌ലുസ്സുന്നയിലെ നമ്മുടെ കാലത്തെ ഏറ്റവും പ്രാമാണികതയുള്ള പണ്ഡിതന്മാരിലൊരാളായ ശൈഖ് മുഹമ്മദ് അലി അസ്സ്വാബൂനി. അദ്ദേഹം കഴിഞ്ഞ മാര്‍ച്ച് 19-ന് തന്റെ 91-ാം വയസ്സില്‍ തുര്‍ക്കിയിലെ വടക്കു പടിഞ്ഞാറന്‍ നഗരമായ യല്‍വായില്‍ വെച്ച് ഈ ലോകത്തോട് വിടവാങ്ങി. സിറിയക്കാരനായ ഈ മഹാ പണ്ഡിതന്റെ വിയോഗത്തില്‍ അനുശോചിച്ചുകൊണ്ട് പണ്ഡിതന്മാരും അദ്ദേഹത്തിന്റെ നിരവധി ശിഷ്യന്മാരും സോഷ്യല്‍ മീഡിയയില്‍ അനുശോചന കുറിപ്പുകള്‍ എഴുതിയിരുന്നു. 'നമ്മുടെ കാലത്തെ ഏറ്റവും ശ്രദ്ധേയനായ ഖുര്‍ആന്‍ വ്യാഖ്യാതാവ്' എന്നാണ് യൂസുഫുല്‍ ഖറദാവി അദ്ദേഹത്തെ വിശേഷിപ്പിച്ചത്. മരണപ്പെടുമ്പോള്‍ സിറിയന്‍ പണ്ഡിത സമിതിയുടെ അധ്യക്ഷനുമായിരുന്നു അലി അസ്സ്വാബൂനി.
സിറിയയിലെ ഹലബ് (അലപ്പോ) നഗരത്തില്‍ 1930-ലാണ് അദ്ദേഹത്തിന്റെ ജനനം. പിതാവ് ജമീല്‍ അസ്സ്വാബൂനി ഹലബിലെ പ്രമുഖ പണ്ഡിതന്മാരിലൊരാളായിരുന്നു. നാട്ടില്‍ വെച്ച് ഇസ്‌ലാമിക വിഷയങ്ങളില്‍ ബിരുദം നേടിയ അലി അസ്സ്വാബൂനിയെ ഉപരിപഠനത്തിനായി സിറിയന്‍ വഖ്ഫ് മന്ത്രാലയം ഈജിപ്തിലെ അല്‍ അസ്ഹര്‍ സര്‍വകലാശാലയിലേക്ക് അയച്ചു. തിരിച്ചുവന്ന് നാട്ടില്‍ അധ്യാപകനായെങ്കിലും, ഏറെ വൈകാതെ അദ്ദേഹം മക്കയിലെത്തി. പിന്നെ മൂന്ന് പതിറ്റാണ്ടുകാലം അദ്ദേഹം അധ്യാപനം നടത്തിയത് മസ്ജിദുല്‍ ഹറാമിലും പരിസരങ്ങളിലുമായിരുന്നു. ദിവസേന മസ്ജിദുല്‍ ഹറാമില്‍ അദ്ദേഹത്തിന്റെ ഖുര്‍ആന്‍ പഠനക്ലാസ്സുണ്ടാകുമായിരുന്നു. ഉമ്മുല്‍ ഖുറാ യൂനിവേഴ്‌സിറ്റിയില്‍ പഠന ഗവേഷണങ്ങള്‍ക്ക് നേതൃത്വം നല്‍കിയതോടൊപ്പം മുസ്‌ലിം വേള്‍ഡ് ലീഗ് പോലുള്ള വേദികളിലും സജീവമായി. 57 കൃതികള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. നേരത്തേ പരാമര്‍ശിച്ച സ്വഫ്‌വത്തുത്തഫാസീര്‍ ആണ് ഏറ്റവും ശ്രദ്ധേയമായ കൃതി. പ്രമുഖ ഖുര്‍ആന്‍ വ്യാഖ്യാതാക്കളായ ഇബ്‌നു കസീറിന്റെയും ത്വബരിയുടെയും കൃതികള്‍ക്ക് അദ്ദേഹം സംഗ്രഹം തയാറാക്കിയിട്ടുണ്ട്. മിക്ക കൃതികളും ഖുര്‍ആന്‍ വ്യാഖ്യാനം, ഖുര്‍ആന്‍ നിദാന വിജ്ഞാനീയങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടവ. 600 എപ്പിസോഡുകളുള്ള ഒരു ഖുര്‍ആന്‍ ടെലിവിഷന്‍ പരമ്പരയും അദ്ദേഹത്തിന്റേതായി സംപ്രേഷണം ചെയ്യപ്പെട്ടിട്ടുണ്ട്.
'കൊട്ടാരം പണ്ഡിതന്‍' ആയിരുന്നില്ല അലി അസ്സ്വാബൂനി. സ്വേഛാധിപതികളെ അദ്ദേഹം തുറന്നെതിര്‍ത്തു. 2011-ലെ അറബ് വസന്ത വിപ്ലവങ്ങളെ പിന്തുണച്ചു. ദൈവമാര്‍ഗത്തില്‍നിന്ന് വ്യതിചലിക്കുന്ന ഭരണാധികാരി കുറ്റവാളിയാണെന്നും അയാളെ ചെറുക്കേണ്ടതുണ്ടെന്നും അദ്ദേഹം തുറന്നടിച്ചു.  സിറിയന്‍ സ്വേഛാധിപതി ബശ്ശാറുല്‍ അസദിനെ 'മുസൈലിമതുല്‍ കദ്ദാബ്' (പ്രവാചകന്റെ കാലത്തെ കള്ളപ്രവാചകനാണ് മുസൈലിമ) എന്നാണ് വിശേഷിപ്പിച്ചത്. അതുകൊണ്ടാണ് സിറിയയില്‍നിന്ന് തുര്‍ക്കിയിലെ യല്‍വാ നഗരത്തില്‍ അദ്ദേഹത്തിന് അഭയം തേടേണ്ടിവന്നത്. തുര്‍ക്കിയിലെ ഫാതിഹ് മസ്ജിദില്‍ നടന്ന മയ്യിത്ത് നമസ്‌കാരത്തില്‍ തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്റെ ഉപദേഷ്ടാവ് യാസീന്‍ അഖ്തായ് ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ പങ്കെടുത്തു. 

 

 

ഓസ്‌കാര്‍ ചുരുക്കപ്പട്ടികയിലേക്ക് 'അല്‍ ഹദ്‌യ'

തൊള്ളായിരത്തി തൊണ്ണൂറുകളില്‍ ഫലസ്ത്വീനിലെ ഇന്‍തിഫാദ പ്രക്ഷോഭങ്ങള്‍ ശക്തമായതോടെ ഫറഹ് നാബുലുസി എന്ന ഫലസ്ത്വീനിയന്‍ വംശജയായ ബ്രിട്ടീഷ് സംവിധായികക്ക് തന്റെ കുടുംബ വേരുകളുള്ള വെസ്റ്റ് ബാങ്കിലേക്ക് തിരിച്ചുചെല്ലാന്‍ കഴിയാതെയായി. ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്കു ശേഷമാണ് ആ തിരിച്ചുവരവ് സാധ്യമാവുന്നത്. അപ്പോഴേക്കും വെസ്റ്റ് ബാങ്കിലെ ജനജീവിതം പാടെ മാറിപ്പോയിരുന്നു. ആ അനുഭവങ്ങളാണ് ഫറഹ് തന്റെ 'അല്‍ഹദ്‌യ' എന്ന സിനിമയില്‍ പകര്‍ത്തിവെക്കുന്നത്. ഈ വര്‍ഷത്തെ ഓസ്‌കാര്‍ ചുരുക്കപ്പട്ടികയില്‍ ഇടം കണ്ടെത്തിയ സിനിമ. ഫലസ്ത്വീനീ കുടുംബങ്ങളുടെ അതിദാരുണമായ ജീവിതാവസ്ഥകളാണ് ഇതിലെയും പ്രമേയം. ഈ വിഷയത്തില്‍ ഇതുവരെ പുറത്തിറങ്ങിയ മികച്ച പത്ത് സിനിമകളെടുത്താല്‍ അതിലൊന്ന് 'അല്‍ഹദ്‌യ' ആയിരിക്കും.
'അല്‍ഹദ്‌യ' എന്നാല്‍ സമ്മാനം എന്നാണ് അര്‍ഥം. ഇതിന് നല്‍കിയിരിക്കുന്ന ഇംഗ്ലീഷ് ശീര്‍ഷകം The Present എന്നാണ്. ഈ ഇംഗ്ലീഷ് വാക്കിന് രണ്ട് അര്‍ഥമുണ്ടല്ലോ. സമ്മാനം എന്നും വര്‍ത്തമാനം എന്നും. രണ്ടും ഇവിടെ ഉദ്ദേശ്യമാണെന്ന് സംവിധായിക പറയുന്നു. ഒരു സമ്മാനത്തിന്റെ കഥ പറയുന്ന ചിത്രം അതിലൂടെ ഒരു സമൂഹത്തിന്റെ വര്‍ത്തമാനകാല അവസ്ഥകളും വരച്ചിടുന്നു. ഇസ്രയേലീ ചെക്‌പോയിന്റുകളും, ഗ്രാമങ്ങളെയും കുടുംബങ്ങളെയും പിളര്‍ത്തി ഇസ്രയേല്‍ നിര്‍മിച്ച കോണ്‍ക്രീറ്റ് മതിലുമൊക്കെ ചിത്രത്തില്‍ കടന്നുവരുന്നുണ്ട്.
ഒരു ഫലസ്ത്വീനീ പിതാവും അയാളുടെ ചെറിയ മകളും ഇസ്രയേലീ ചെക്‌പോയിന്റുകള്‍ കടന്നുപോകുമ്പോഴുണ്ടാകുന്ന അനുഭവങ്ങളാണ് ചിത്രീകരിക്കുന്നത്. ഭാര്യക്ക് ഒരു സമ്മാനം വാങ്ങാനാണ് അയാളുടെ ഈ യാത്ര. ഇതൊരു സംഭവകഥയാണ് എന്ന് സംവിധായിക പറയുന്നു. സംഭവിച്ചത് അപ്പടി പകര്‍ത്താന്‍ തനിക്ക് സാധിക്കില്ലെന്നും ജീവിത യാഥാര്‍ഥ്യങ്ങള്‍ അത്രയധികം ബീഭത്സമായതാണ് അതിന് കാരണമെന്നും അവര്‍ വ്യക്തമാക്കുന്നു. 

 


അബീര്‍ മൂസ അവരുടെ മെഗാഫോണ്‍ മാത്രമാണ്

തുനീഷ്യയില്‍ ഫ്രീ കോണ്‍സ്റ്റിറ്റിയൂഷനല്‍ പാര്‍ട്ടിയുടെ ബാനറില്‍ മത്സരിച്ച് ജയിച്ചു വന്ന ഒരു വനിതാ പാര്‍ലമെന്റ് അംഗമുണ്ട്. പേര് അബീര്‍ മൂസ. ഈ വനിതയുടെ ഭൂതകാലം അല്‍പമൊന്ന് ചികയാതെ നിവൃത്തിയില്ല. തൊഴില്‍പരമായി അഭിഭാഷകയാണ്. മുന്‍ തുനീഷ്യന്‍ സ്വേഛാധിപതി സൈനുല്‍ ആബിദീന്‍ ബിന്‍ അലിയുടെ കാലത്ത് അയാള്‍ക്കു വേണ്ടി സ്വതന്ത്ര അഭിഭാഷക കൂട്ടായ്മകളെ തകര്‍ക്കാന്‍ മുന്നിലുണ്ടായിരുന്നത് ഈ സ്ത്രീയായിരുന്നു. ബിന്‍ അലി പുറത്താക്കപ്പെട്ടപ്പോള്‍ അബീര്‍ മൂസയും താന്‍ അലങ്കരിച്ചിരുന്ന സ്ഥാനങ്ങളില്‍നിന്നെല്ലാം പുറത്തായി. ബിന്‍ അലിയുടെ കോണ്‍സ്റ്റിറ്റിയൂഷനല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി പിരിച്ചുവിടപ്പെട്ടപ്പോള്‍ രാഷ്ട്രീയ സ്വാധീനവും ഇല്ലാതായി. പിന്നെയാണ് പഴയ ഏകാധിപതിയുടെ ശിങ്കിടികള്‍ ചേര്‍ന്ന് ഫ്രീ കോണ്‍സ്റ്റിറ്റിയൂഷനല്‍ പാര്‍ട്ടി രൂപീകരിക്കുന്നത്. ഒരു തിരിച്ചുവരവ് സ്വപ്‌നം കണ്ട അബീര്‍ മൂസ ആ പാര്‍ട്ടിയില്‍ ചേര്‍ന്ന് തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും പാര്‍ലമെന്റ് അംഗമാവുകയും ചെയ്തു.
തന്റെ സ്ഥാനമാനങ്ങള്‍ തട്ടിത്തെറിപ്പിച്ച തുനീഷ്യന്‍ വിപ്ലവ ശില്‍പികളോടും അതിന്റെ ജനാധിപത്യ സ്ഥാപനങ്ങളോടും തീര്‍ത്താല്‍ തീരാത്ത പകയാണ് അബീര്‍ മൂസക്ക്. അന്നഹ്ദ പാര്‍ട്ടിയുടെ അധ്യക്ഷനും പാര്‍ലമെന്റ് സ്പീക്കറുമായ റാശിദ് ഗന്നൂശി ഈ പകപോക്കലിന്റെ ഒന്നാമത്തെ ഇരയാവുക സ്വാഭാവികം മാത്രം. ഗന്നൂശിയുടെ പ്രായമോ അദ്ദേഹം വഹിക്കുന്ന പദവിയുടെ മഹത്വമോ തെല്ലും പരിഗണിക്കാതെ പച്ചക്കള്ളങ്ങളുടെ അകമ്പടിയോടെ അബീര്‍ പാര്‍ലമെന്റില്‍ നടത്തിയ ആക്രോശങ്ങള്‍ ആ സ്ത്രീക്കു പിന്നില്‍ സ്വദേശത്തും വിദേശത്തുമുള്ള ആരൊക്കെ കളിക്കുന്നുണ്ടെന്ന് വ്യക്തമായ സൂചന നല്‍കുന്നതായിരുന്നു. സ്പീക്കര്‍ സ്ഥാനത്തിരിക്കുന്ന ഗന്നൂശിക്കെതിരില്‍ അവിശ്വാസ പ്രമേയം കൊണ്ടുവന്നതും ഏറ്റവുമൊടുവില്‍ തുനീഷ്യയിലെ ലോക മുസ്‌ലിം പണ്ഡിത വേദിയുടെ ആസ്ഥാനം കൈയേറിയതും (പണ്ഡിത വേദിയാണത്രെ ഭീകരത വളര്‍ത്തുന്നത്!) അബീര്‍ മൂസയും കൂട്ടരുമായിരുന്നു. സകല ഇസ്‌ലാമിസ്റ്റ് വിരുദ്ധ ധാരകളും അബീര്‍ മൂസക്ക് വേണ്ടതിലധികം കവറേജ് നല്‍കിക്കൊണ്ടിരിക്കുന്നുമുണ്ട്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-37 / അസ്സ്വാഫ്ഫാത്ത (123-136)
ടി.കെ ഉബൈദ്‌

ഹദീസ്‌

തീവ്രത അരുത്‌
നൗഷാദ് ചേനപ്പാടി