Prabodhanm Weekly

Pages

Search

2021 ഏപ്രില്‍ 02

3196

1442 ശഅ്ബാന്‍ 19

കേരളം കാത്തിരിക്കുന്ന ജനവിധി

എ.ആര്‍

സംസ്ഥാന നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ മത്സരരംഗത്തെ മൂന്ന് മുന്നണികളും സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുകയും മാനിഫെസ്റ്റോകള്‍ പുറത്തിറക്കുകയും പ്രചാരണം കൊഴുപ്പിക്കുകയും ചെയ്തുകഴിഞ്ഞു. ഇടതുമുന്നണിയെ സംബന്ധിച്ചേടത്തോളം ഭരണത്തുടര്‍ച്ചയുണ്ടാവേണ്ടത് മറ്റെന്തിലുമുപരി അതിജീവനത്തിന്റെ പ്രശ്‌നമാണ്. ഇന്ത്യാ മഹാരാജ്യത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് അവശേഷിക്കുന്ന ഒരേയൊരു തുരുത്താണ് കേരളം. അതിനാല്‍ എന്തു വിലകൊടുത്തും എന്തടവു പ്രയോഗിച്ചും ഇടതു മുന്നണിക്ക് വിജയം ഉറപ്പാക്കിയേ മതിയാവൂ. ഐക്യജനാധിപത്യമുന്നണിക്കും തുടര്‍ച്ചയായി പ്രതിപക്ഷത്തിരിക്കുന്നതിനെക്കുറിച്ച് ആലോചിക്കാനേ വയ്യ. ഇതഃപര്യന്തമുള്ള ചരിത്രത്തില്‍നിന്ന് വ്യത്യസ്തമായി രണ്ട് തവണ പ്രതിപക്ഷത്തിരിക്കേണ്ടി വന്നാല്‍ പിന്നെ യു.ഡി.എഫ് എന്ന സംവിധാനം തന്നെ കഥാവശേഷമാവാനാണിട. അതിലെ മുഖ്യഘടകമായ കോണ്‍ഗ്രസിന്റെ നേതാക്കള്‍ ഇടതു പക്ഷത്തേക്കോ തീവ്ര വലതുപക്ഷത്തേക്കോ ചേക്കേറാനുള്ള സാധ്യത നിരാകരിക്കാനാവില്ല. അനാഥമാവുന്ന അണികളും പുതിയ മേച്ചില്‍സ്ഥലങ്ങള്‍ അന്വേഷിക്കും. ആന്ധ്ര, ഒഡിഷ, ത്രിപുര, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഒരു തിരിച്ചുവരവ് സാധ്യമല്ലാത്ത വിധം കോണ്‍ഗ്രസ് തകര്‍ച്ചയുടെ വക്കിലാണ്. എ.ഐ.സി.സിക്ക് കരുത്തുറ്റ നേതൃത്വം ഇല്ലാത്തത് സ്ഥിതി അനുദിനം വഷളാക്കുന്നു. അഴിച്ചുപണിയും പുനഃസംഘടനയും ആവശ്യപ്പെട്ടുകൊണ്ട് കത്തെഴുതിയ ഗുലാം നബി ആസാദ്, കപില്‍ സിബല്‍, ആനന്ദ് ശര്‍മ തുടങ്ങിയ 23 സീനിയര്‍ നേതാക്കള്‍ കളംമാറി ചവിട്ടാനുള്ള സാധ്യത തള്ളിക്കളഞ്ഞുകൂടാ. ഈ സാഹചര്യത്തില്‍ കേരളത്തില്‍ പാര്‍ട്ടി വലിയ പരിക്കില്ലാതെ നിലനില്‍ക്കണമെങ്കില്‍ അധികാരം ലഭിച്ചേ തീരൂ. എന്‍.ഡി.എ ഈ തെരഞ്ഞെടുപ്പില്‍ ഏതായാലും ഭരണമോ പ്രതിപക്ഷത്ത് നിര്‍ണായക പ്രാതിനിധ്യമോ പ്രതീക്ഷിക്കുന്നുണ്ടാവില്ല. 2026-ലെ നിയമസഭാ ഇലക്ഷനിലാണ് ബി.ജെ.പിയുടെ കണ്ണ്. വോട്ട് വിഹിതം പടിപടിയായി ഉയര്‍ത്തി ഏതാനും സീറ്റുകള്‍ പിടിച്ചെടുക്കുകയും ബാക്കിക്ക് ബംഗാള്‍, കര്‍ണാടക, മധ്യപ്രദേശ് മാതൃകയില്‍ നിയമസഭാ സാമാജികരെ വിലയ്‌ക്കെടുക്കുകയുമാണ് കാവിപ്പടയുടെ പരസ്യമായ അജണ്ട.
ഇതിനകം മുന്നണികള്‍ പുറത്തിറക്കിയ തെരഞ്ഞെടുപ്പ് പ്രകടനപത്രികകളിലൂടെ കണ്ണോടിച്ചാല്‍ കേരളത്തെ അടുത്ത അഞ്ചുവര്‍ഷങ്ങള്‍ക്കകം തേനും പാലുമൊഴുകുന്ന സ്വര്‍ഗരാജ്യമാക്കുമെന്ന ശുഭപ്രതീക്ഷ ജനങ്ങളില്‍ ഉളവാക്കാനാണ് ശ്രമമെന്ന് കാണാം. ഇലക്ഷന്‍ മാനിഫെസ്റ്റോകള്‍ ഒരിക്കലും നടപ്പാക്കാനുള്ളതല്ലെന്ന് തുറന്നുപറഞ്ഞവരാണ് രാഷ്ട്രീയക്കാര്‍. എങ്കിലും ഒരളവോളം വിശ്വാസ്യത ഉറപ്പുവരുത്താന്‍ ഇടത്-വലത് മുന്നണികള്‍ ശ്രമിച്ചതായി തോന്നാം. രണ്ട് പത്രികകളിലും പൊതുവായ കാര്യം ജനക്ഷേമ പദ്ധതികളുടെ പ്രളയമാണ്. രാഹുല്‍ ഗാന്ധി ദേശീയ തലത്തില്‍ അവതരിപ്പിച്ച ന്യായ് പദ്ധതി-നിര്‍ധനരായ ഓരോ കുടുംബത്തിനും പ്രതിമാസം 6000 രൂപ അക്കൗണ്ടുകളിലൂടെ ലഭിക്കുമെന്ന വാഗ്ദാനം- ആണ് യു.ഡി.എഫിന്റെ തുറുപ്പുചീട്ട്. 40-60 പ്രായപരിധിയിലുള്ള തൊഴില്‍രഹിതരായ വീട്ടമ്മമാര്‍ക്കും പ്രതിമാസം 2000 രൂപ, 100 യൂനിറ്റ് സൗജന്യ വൈദ്യുതി തുടങ്ങി എമ്പാടും ആനുകൂല്യങ്ങളുമുണ്ട് പ്രകടന പത്രികയില്‍. തലേദിവസം പുറത്തിറക്കിയ എല്‍.ഡി.എഫ് മാനിഫെസ്റ്റോയും ഒട്ടും മോശമാക്കിയിട്ടില്ല. വീട്ടമ്മമാര്‍ക്ക് പെന്‍ഷന്‍, ക്ഷേമ പെന്‍ഷനുകള്‍ 2500 രൂപ വരെയായി ഉയര്‍ത്തല്‍, 40 ലക്ഷം പേര്‍ക്ക് തൊഴില്‍ തുടങ്ങി ഒട്ടേറെ മധുര വാഗ്ദാനങ്ങളുമായാണ് ഇടതുമുന്നണി സമ്മതിദായകരെ സമീപിക്കുന്നത്. എന്‍.ഡി.എ കേന്ദ്ര പദ്ധതികളെ സംസ്ഥാനത്തെത്തിക്കുന്നതിലാണ് ഊന്നല്‍ നല്‍കിയിരിക്കുന്നത്. ഏത് മുന്നണി അധികാരത്തില്‍ വന്നാലും 'ഐശ്വര്യ കേരളം' സുനിശ്ചിതമെന്ന് ചുരുക്കം. 1,94,000 കോടി രൂപയുടെ കടത്തില്‍ ആണ്ടുകിടക്കുന്ന കേരളത്തില്‍ ഇതൊക്കെ എങ്ങനെ നടപ്പാവുമെന്ന് ചോദിക്കേണ്ടതില്ല. കഥയില്‍ പണ്ടേ ചോദ്യമില്ലല്ലോ. ചിലതൊക്കെ നടപ്പാവും എന്നു തന്നെ വിശ്വസിക്കുക. പക്ഷേ യഥാര്‍ഥവും ഗൗരവതരവുമായ പ്രശ്‌നങ്ങളുടെ പരിഹാരത്തെപ്പറ്റി മുന്നണികള്‍ മൗനമാണ് എന്നതാണ് ആലോചനാവിഷയമാകേണ്ടത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവുമധികം ചര്‍ച്ചചെയ്യപ്പെട്ട മദ്യനിരോധ പ്രശ്‌നത്തില്‍ മൂന്ന് മുന്നണികളും ഇത്തവണ മിണ്ടുന്നില്ല എന്നത് ശ്രദ്ധേയമാണ്. സ്റ്റേറ്റിന്റെ മുഖ്യവരുമാന സ്രോതസ്സുകളിലൊന്ന് മദ്യമാണെന്നതാണ് ഹേതു. ഘട്ടംഘട്ടങ്ങളായി 10 വര്‍ഷം കൊണ്ട് സമ്പൂര്‍ണ മദ്യനിരോധം വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ബാര്‍ ലൈസന്‍സുകള്‍ ഫോര്‍ സ്റ്റാറിന് മുകളിലുള്ള ഹോട്ടലുകളില്‍ പരിമിതപ്പെടുത്തിയിരുന്നു. അതില്‍ കോടതി ഇടപെട്ടു പല ബാറുകള്‍ക്കും ലൈസന്‍സ് തിരിച്ചുനല്‍കിയെങ്കിലും ബാറുകള്‍ക്ക് ഒരളവോളം നിയന്ത്രണം തുടരുകയുണ്ടായി. എന്നാല്‍ പിണറായി സര്‍ക്കാര്‍ 32-ല്‍നിന്ന് 630 വരെയാക്കി ബാറുകളുടെ എണ്ണം പെരുപ്പിച്ചു. മദ്യക്കച്ചവടത്തിന് അനുമതി നല്‍കാനുള്ള അധികാരം തദ്ദേശ സ്ഥാപനങ്ങളില്‍നിന്ന് എടുത്തുകളഞ്ഞു. വിദ്യാലയത്തില്‍നിന്നും ആരാധനാലയങ്ങളില്‍നിന്നുമുള്ള മദ്യക്കടകളുടെ ദൂരം വെറും 50 മീറ്ററാക്കി പരിമിതപ്പെടുത്തി. ഫലം മദ്യോപഭോഗം അഭൂതപൂര്‍വമായി വര്‍ധിച്ചു. സര്‍ക്കാറിന്റെ നടത്തിപ്പിന്റെ തന്നെ മുഖ്യസ്രോതസ്സ് ലഹരിക്കച്ചവടമാക്കി. ഇത്തവണയാകട്ടെ ഇരുമുന്നണികളും നിര്‍ബാധമായ മദ്യക്കച്ചവടത്തിന്മേല്‍ കൈവെക്കുന്നതിനെപ്പറ്റി തീര്‍ത്തും നിശ്ശബ്ദമാണ്. അതനുസരിച്ച് കുറ്റകൃത്യങ്ങളും ശിശു-സ്ത്രീ പീഡനങ്ങളും യഥേഷ്ടം പെരുകുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി ഒരല്‍പം കുറഞ്ഞത് സര്‍ക്കാര്‍ ഇടപെടല്‍ കൊണ്ടല്ല, കോവിഡ് വ്യാപനം മൂലമുള്ള നിയന്ത്രണങ്ങള്‍ കൊണ്ടാണെന്ന് വ്യക്തം.
പോലീസിന്റെ ഭാഗത്തുനിന്നുള്ള അക്രമങ്ങളും അതിക്രമങ്ങളും നീതിനിഷേധവുമാണ് കഴിഞ്ഞ അഞ്ചുവര്‍ഷങ്ങളില്‍ നേരിട്ട മറ്റൊരു ഗുരുതര പ്രശ്‌നം. മുഖ്യമന്ത്രി നേരിട്ടു കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പ് പോയ അഞ്ച് വര്‍ഷക്കാലത്ത് സല്‍പേരല്ല സമ്പാദിച്ചത്. കസ്റ്റഡി മരണങ്ങളും കേസന്വേഷണത്തിലെ അനാസ്ഥയും കാലവിളംബവും രാഷ്ട്രീയ കൊലപാതകങ്ങളിലെ വേര്‍തിരിവുമെല്ലാം പരാതികള്‍ക്കിടനല്‍കി. പോലീസ് സേനയിലേക്കുള്ള റിക്രൂട്ട്‌മെന്റില്‍ പോലും പാര്‍ട്ടി പക്ഷഭേദം പ്രകടമായി. സി.പി.എം തന്നെ രൂക്ഷമായെതിര്‍ത്ത യു.എ.പി.എ ഉപയോഗിച്ച് മാവോയിസ്റ്റുകളെന്നാരോപിക്കപ്പെട്ടവരെ വേട്ടയാടി. വ്യാജ ഏറ്റുമുട്ടല്‍ സംഭവങ്ങളും അരങ്ങേറി. ഇതൊക്കെ പുനഃപരിശോധിക്കുമെന്നോ പോലീസിനെ ശുദ്ധീകരിക്കുമെന്നോ ഒരു വാഗ്ദാനവും പ്രകടന പത്രികയിലില്ല. തീര്‍ത്തും കരിനിയമമായ യു.എ.പി.എ ആര്‍ക്കുമെതിരെ പ്രയോഗിക്കില്ല എന്ന് വാഗ്ദാനം ചെയ്യുന്നില്ല. വര്‍ധിത അഴിമതിയും കള്ളക്കടത്തും നിക്ഷേപത്തട്ടിപ്പുകളും മറ്റു സാമ്പത്തിക കുറ്റങ്ങളും അവസാനിപ്പിക്കുമെന്ന ഉറപ്പുകളും ശൂന്യം. സവര്‍ണ വോട്ട് ബാങ്ക് ഉന്നംവെച്ചുള്ള മുന്നാക്ക സമുദായ സംവരണത്തിലെ അനീതി തിരുത്തുമെന്നോ പിന്നാക്ക സമുദായങ്ങളോടുള്ള അവഗണന അവസാനിപ്പിക്കുമെന്നോ വാഗ്ദാനമില്ല. ഇത്തരം വിഷയങ്ങളില്‍ മുന്നണികള്‍ തമ്മില്‍ വ്യത്യാസവുമില്ല. ശബരിമല പ്രശ്‌നത്തില്‍ ജാതിസംഘടനകളുടെ പ്രതിലോമ നിലപാടുകളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനുള്ള മത്സരമാണ് കാണാനാവുന്നത്.
പിണറായി വിജയന്‍ വീണ്ടും മുഖ്യമന്ത്രിയായി അവരോധിതനാവാനുള്ള സാധ്യതയാണ് ഏതാണ്ടെല്ലാ അഭിപ്രായ സര്‍വേകളും പ്രവചിക്കുന്നത്. അങ്ങനെ വന്നാല്‍ പാര്‍ട്ടിക്കകത്തോ പുറത്തോ എതിര്‍ശബ്ദമുയരാത്ത സ്റ്റാലിനിസ്റ്റ് ഭരണം പ്രതീക്ഷിക്കണം. മറിച്ച്, യു.ഡി.എഫിനാണ് ജനം അവസരം നല്‍കുന്നതെങ്കില്‍ മുഖ്യന്ത്രിപദത്തെ ചൊല്ലി യുദ്ധം തന്നെ പൊട്ടിപ്പുറപ്പെടാം. ഹൈക്കമാന്റ് വെറും നോക്കുകുത്തിയാകുമെന്ന് ഇതിനകം തെളിഞ്ഞുകഴിഞ്ഞതാണ്. ചുരുക്കത്തില്‍ ഓരോ ജനവിഭാഗത്തിനും അവരര്‍ഹിക്കുന്ന ഭരണാധികാരികളെ ലഭിക്കുന്നു എന്ന പഴമൊഴി പാഴ്‌മൊഴിയാവാനുള്ള സാധ്യത വിരളമാണ്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-37 / അസ്സ്വാഫ്ഫാത്ത (123-136)
ടി.കെ ഉബൈദ്‌

ഹദീസ്‌

തീവ്രത അരുത്‌
നൗഷാദ് ചേനപ്പാടി