Prabodhanm Weekly

Pages

Search

2021 ഏപ്രില്‍ 02

3196

1442 ശഅ്ബാന്‍ 19

വഴിത്തിരിവില്‍ തന്നെയാണ് ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍

കെ.കെ ബശീര്‍, കുറവ, കണ്ണൂര്‍

കുറച്ചുകാലമായി ഒരു സ്വപ്‌നം മനസ്സില്‍ താലോലിച്ചു നടക്കുകയായിരുന്നു. അത് ഇങ്ങനെയാണ്; ഒരു മലമുകളില്‍ ഹസനുല്‍ ബന്നായും മൗലാനാ മൗദൂദിയും സയ്യിദ് ഖുത്വ്ബും കുറേ പുസ്തകങ്ങള്‍ കത്തിക്കുകയാണ്. അവരുടെ കാലത്ത് വളരെ ആവശ്യമായിരുന്നു ആ പുസ്തകങ്ങളും ആശയങ്ങളും. ഇസ്‌ലാം സമഗ്രം ആണെങ്കിലും അതത് കാലത്തേക്ക് ആവശ്യമായതിന് മുന്‍ഗണന നല്‍കി പ്രചരിപ്പിക്കുക എന്നത് പ്രവാചക ദൗത്യത്തിന്റെ രീതി തന്നെയാണ്. കാലവും ദേശവും മാറുമ്പോള്‍ നയങ്ങള്‍ മാറ്റേണ്ടതുണ്ട്.
ഇസ്‌ലാമിന്റെ രാഷ്ട്രീയ വശത്തിന് ഊന്നല്‍ നല്‍കി പ്രസ്ഥാനങ്ങള്‍ രംഗത്തുവരേണ്ട സന്ദര്‍ഭങ്ങളുണ്ടായിരുന്നു. അതാണ് നേരത്തേ പറഞ്ഞ പണ്ഡിതന്മാരും നവോത്ഥാന നായകന്മാരും ചെയ്തത്. ഈജിപ്ത്, ബംഗ്ലാദേശ്, ഇന്ത്യ, പാകിസ്താന്‍ പോലുള്ള രാജ്യങ്ങളില്‍ ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ 80 വര്‍ഷത്തോളമായി കഠിനാധ്വാനം ചെയ്യുകയാണ്. എന്നിട്ടും എത്രമാത്രം മുന്നോട്ടു പോകാനായിട്ടുണ്ട് എന്ന് ചിന്തിക്കേണ്ടതുണ്ട്. 
'പ്രബോധന'ത്തിലെ രണ്ട് ലേഖനങ്ങളിലും സൂചിപ്പിക്കാത്ത മറ്റൊരു വിഷയമുണ്ട്. നിലവിലുള്ള ഇസ്‌ലാമേതര രാഷ്ട്രീയ പാര്‍ട്ടികള്‍ കരിഷ്മയുള്ള  നേതൃത്വം ഇല്ലാതെ വിഷമിക്കുകയാണ്. എന്നാല്‍, കരിഷ്മയുള്ള  നേതൃത്വങ്ങള്‍ ഇസ്‌ലാമിക പ്രസ്ഥാനങ്ങളില്‍ നിരവധി ഉണ്ടുതാനും. ഇത്തരം നേതാക്കള്‍ക്ക് എല്ലാ പാര്‍ട്ടികളിലേക്കും പടരാന്‍ അവസരമുണ്ടാകണം; കൃത്യമായ ലക്ഷ്യബോധത്തോടെ. ഇത് അംഗീകരിക്കാന്‍ പ്രയാസമുണ്ടാകും. ഖിബ്‌ലമാറ്റം ചിലര്‍ക്ക് പ്രയാസം ഉണ്ടാക്കിയിരുന്നു. കാരണം, മൈന്റ് സെറ്റ് ആയിപ്പോയ ഒരു കാര്യം മാറി ചിന്തിക്കാന്‍ നന്നായി പ്രയാസപ്പെടും, അത് സ്വാഭാവികമാണ്.
ഏതായാലും ലോക ഇസ്‌ലാമിക പ്രസ്ഥാനങ്ങളിലെ ബുദ്ധിജീവികള്‍ അന്വേഷണത്തില്‍ തന്നെയാണെന്ന് മനസ്സിലാവുന്നത് സന്തോഷകരമാണ്. ഡോ. അബ്ദുസ്സലാം അഹ്മദിനും അശ്‌റഫ് കീഴുപറമ്പിനും പ്രബോധനത്തിനും അഭിവാദ്യങ്ങള്‍. 

 

 

ഇസ്‌ലാമിക ലോകത്തെ വായിച്ചറിയുമ്പോള്‍

അന്തരീക്ഷചൂടിനേക്കാളുപരി, രാഷ്ട്രീയ ചൂട് നാടിനെയും നാട്ടുകാരെയും വിയര്‍പ്പിക്കുകയും വിറപ്പിക്കുകയും ചെയ്യുന്ന നേരത്താണ് ലക്കം 3194 കൈയില്‍ കിട്ടിയത്. ഡോ. അബ്ദുസ്സലാമും അശ്‌റഫ് കീഴുപറമ്പും എഴുതിയ കവര്‍ സ്റ്റോറികള്‍ വായിച്ചു. മിഡിലീസ്റ്റിലെ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ നാഡിമിടിപ്പ് രണ്ടിലും കാണാനായി. ഡോ. അബ്ദുസ്സലാമിന്റെ ലേഖനത്തില്‍ നേരനുഭവത്തിന്റെയും പഠനത്തിന്റെയും തെളിച്ചം നുകരാനായി. 
പഠനാര്‍ഹമായ രണ്ട് ലേഖനങ്ങളും നമ്മുടെ നാട്ടിലെ ഇസ്‌ലാമിക പ്രവര്‍ത്തകര്‍ക്ക് മുന്നോട്ടുള്ള പ്രയാണത്തിന് വഴികാട്ടിയും കൈപ്പുസ്തകവുമാണ് എന്നതില്‍ സംശയമില്ല. ഏഴു പേജ് വരുന്ന ഡോ. അബ്ദുസ്സലാമിന്റെ ലേഖനം രണ്ടാവൃത്തി ഞാന്‍ വായിച്ചു. മിഡിലീസ്റ്റിന്റെ ഇന്നത്തെ അവസ്ഥ കണ്ണില്‍ കാണുന്ന വിധം അനുഭവിക്കുകയായിരുന്നു.
മുഖവാക്ക്, കബീര്‍ സാഹിബിന്റെ സക്കി യമാനിയുടെ സ്മരണ... ഒരു ലക്കത്തില്‍ തന്നെ ഒരു ഇസ്‌ലാമിക ലോകം കാഴ്ച വെക്കുന്നു. വായനയോട് മുഖം തിരിക്കുന്ന ഈ കെട്ട കാലത്ത്, ഏഴു പതിറ്റാണ്ട് പിന്നിടുന്ന ഈ അനുഗൃഹീത മുഖപത്രം പൂര്‍വാധികം ജനങ്ങളിലേക്ക് എത്തിക്കാന്‍ നാഥന്‍ സഹായിക്കട്ടെ. 

മമ്മൂട്ടി കവിയൂര്‍

 

അംബേദ്കറുടെ മതംമാറ്റവും ദുരൂഹതകളും

മുഹമ്മദ് ശമീം എഴുതിയ 'ബോധസത്വന്റെ കലാപങ്ങള്‍'  അംബേദ്കറുടെ ജീവിതത്തെയും സംഭാവനകളെയും സമഗ്രമായി വിലയിരുത്തുന്നതായിരുന്നു.
ഇന്ത്യ കണ്ട ഏറ്റവും വലിയ ബുദ്ധിജീവികളില്‍ ഒരാളായിരുന്ന അംബേദ്കര്‍ ബുദ്ധമതം സ്വീകരിച്ചത് വലിയൊരു ദുരൂഹതയായി അവശേഷിക്കുന്നു. ജാതിനുകത്തില്‍നിന്നുള്ള മോചനവും അധഃസ്ഥിത വര്‍ഗത്തിന്റെ ശാക്തീകരണവുമായിരുന്നല്ലോ അദ്ദേഹത്തിന്റെ മതംമാറ്റത്തിന്റെ പ്രചോദനം. ഈ ലക്ഷ്യങ്ങള്‍ നേടാന്‍ എല്ലാ അര്‍ഥത്തിലും യുക്തമായത് ഇസ്‌ലാമാണെന്ന് അദ്ദേഹം തന്നെ എഴുതിയിട്ടുണ്ട്. മതംമാറ്റവുമായി ബന്ധപ്പെട്ട് അദ്ദേഹം പരിഗണിച്ചിരുന്നത് മൂന്ന് മതങ്ങളെയായിരുന്നു. ഇസ്‌ലാം, ക്രിസ്ത്യാനിറ്റി, സിക്ക് മതം എന്നിവ. ഇവയില്‍ സമത്വവും സാമൂഹികനീതിയും സാക്ഷാത്കരിച്ച ഏക മതം ഇസ്‌ലാമാണെന്ന് പഠനങ്ങളുടെ അടിസ്ഥാനത്തില്‍ അംബേദ്കര്‍ സ്പഷ്ടമാക്കിയിരുന്നു.
1929 മാര്‍ച്ച് 15-ന് 'ബഹിഷ്‌കൃത ഭാരത്' പത്രത്തിന്റെ എഡിറ്റോറിയലില്‍ അദ്ദേഹം എഴുതി: ''നിങ്ങള്‍ക്ക് മതപരിവര്‍ത്തനം ആവശ്യമെങ്കില്‍ മുസ്‌ലിമായിക്കൊള്ളുക''. 1939-ല്‍ ബോംബെയില്‍ വെച്ച് അംബേദ്കര്‍ നടത്തിയ പ്രസംഗം ചരിത്രപ്രസിദ്ധമാണ്. ഇസ്‌ലാമിനെ വലിയ രീതിയില്‍ ആ പ്രഭാഷണത്തില്‍ അദ്ദേഹം പ്രകീര്‍ത്തിച്ചിരുന്നു. അദ്ദേഹം ഇസ്‌ലാമിലേക്ക് പരിവര്‍ത്തനം നടത്തുമെന്ന പ്രതീതി അക്കാലത്ത് ശക്തമായിരുന്നു.
പക്ഷേ, ബുദ്ധമതമാണ് അവസാനം അദ്ദേഹം തെരഞ്ഞെടുത്തത്. ഇത് എന്തുകൊണ്ടായിരുന്നു എന്നത് ചരിത്രത്തിലെ ദുരൂഹതയായി അവശേഷിക്കുന്നു. സാമൂഹികതക്ക് കാര്യമായ പ്രാധാന്യം നല്‍കാത്ത ഒരു ദര്‍ശനമാണ് ഇന്നത്തെ ബൗദ്ധദര്‍ശനം. അതിനാല്‍ തന്നെ തലമുറകളായി അടിച്ചമര്‍ത്തപ്പെട്ട കീഴാള ജനസഞ്ചയത്തെ ശാക്തീകരിക്കാന്‍ ബുദ്ധമതത്തിനുള്ള ശേഷിക്കുറവ് അറിയാത്ത ആളായിരുന്നില്ല അംബേദ്കര്‍. എന്നിട്ടും ആ മതം തെരഞ്ഞെടുത്തത് എന്തുകൊണ്ട് എന്നത് പഠിക്കപ്പെടേണ്ടതുണ്ട്.     

ഖാലിദ് മോഴിക്കല്‍, പൂക്കോട്ടൂര്‍

 

വിശകലനം ഏകപക്ഷീയമാവരുത്

പ്രബോധനം വാരികയില്‍ 'നേതാക്കളുടെ മുസ്‌ലിംവിരുദ്ധ പരാമര്‍ശങ്ങളും മതേതര പാര്‍ട്ടികളുടെ വംശീയതയും' (ലക്കം 40) എന്ന തലക്കെട്ടില്‍ സജീദ് ഖാലിദ് എഴുതിയ ലേഖനം ഏകപക്ഷീയമായിപ്പോയി. പ്രബോധനം പോലൊരു പ്രസിദ്ധീകരണം ഇത്തരം ഏകപക്ഷീയ വിശകലനങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് കരണീയമല്ല. ഇടതു നേതാക്കളുടെ കവല പ്രസംഗത്തിലെ മുസ്‌ലിംവിരുദ്ധത ആദ്യാവസാനം പറയുന്ന ലേഖനം, കോണ്‍ഗ്രസ് ഉള്‍ക്കൊള്ളുന്ന വലതുപക്ഷത്തെപ്പറ്റി ഒരക്ഷരം മിണ്ടുന്നില്ല. ഫാഷിസ്റ്റുകള്‍ക്കെതിരെ പ്രായോഗികമായ ഒരു നിലപാടുമില്ലാത്ത, ഭരണമുള്ള കാലത്ത് മുസ്‌ലിം പ്രശ്‌നങ്ങളില്‍ മുഖം തിരിഞ്ഞുനിന്ന കോണ്‍ഗ്രസ്സിനെ ലേഖകന്‍ പരാമര്‍ശിക്കുന്നില്ല. ഏകപക്ഷീയമായ ഈ നിലപാട് ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ജിഹ്വക്ക് യോജിച്ചതല്ല.  ബാബരി മസ്ജിദ്, യു.എ.പി.എ, കശ്മീര്‍, ഇന്ത്യയിലെ വംശീയ ഉന്മൂലനം, ഭരണത്തിലും ഭരണനിര്‍വഹണത്തിലുമുള്ള പരിതാപകരമായ മുസ്‌ലിം പ്രാതിനിധ്യം തുടങ്ങിയ പ്രശ്‌നങ്ങളില്‍ കോണ്‍ഗ്രസ്സിന്റെ നിലപാട് എന്തായിരുന്നു എന്ന് ലേഖകന്‍ പറയുന്നില്ല. കേരളത്തിലെ കോണ്‍ഗ്രസ്സിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. നരേന്ദ്രന്‍ കമീഷന്‍ റിപ്പോര്‍ട്ടിനെതിരെ അതിന്റെ നേതാക്കള്‍ പരസ്യ നിലപാട് തന്നെ സ്വീകരിക്കുകയുണ്ടായി.  'മതേതര പാര്‍ട്ടികള്‍' എന്ന പൊതു തലക്കെട്ടിലെഴുതുമ്പോള്‍ ഇതേക്കുറിച്ച് ഒന്നും പറയാതിരിക്കുന്നത് ശരിയല്ല. ഇടതുപക്ഷത്തിന്റെ മുസ്‌ലിം വിരുദ്ധത പറയുമ്പോള്‍ മറുവശവും പറയണം. 

മുഹമ്മദ് ശരീഫ്, കൊല്ലം-4

 

വാരിയംകുന്നത്ത് വീണ്ടും

മുഹമ്മദ് ശമീമിന്റെ 'ഒരു  പോരാട്ടത്തിന്റെ തുടര്‍ച്ച' (2021 മാര്‍ച്ച് 12) എന്ന ലേഖനം ചിന്തനീയം, കാലിക പ്രസക്തം. കെ.പി രാമനുണ്ണി ദേശാഭിമാനി വാരികയില്‍ എഴുതിയ 'വാരിയംകുന്നത്ത് വീണ്ടും'  എന്ന കഥ വായിച്ചപ്പോള്‍ ഇത്ര വിശാലമായ ഒരു നിരൂപണമൊന്നും ആ ചരിത്രകഥയില്‍ പ്രതീക്ഷിച്ചില്ല. ഒരുപാടു ദിശകളിലേക്കുള്ള വിരല്‍ചൂണ്ടല്‍. ചരിത്രസംഭവങ്ങള്‍ക്കു പുതിയ മാനങ്ങളും മാറ്റിത്തിരുത്തലുകളും ചരമക്കുറിപ്പുകള്‍ പോലും രൂപപ്പെട്ടുകൊണ്ടിരിക്കുന്ന ഈ കെട്ട കാലത്ത് വായനാശീലം നിലച്ചിട്ടില്ലാത്ത ചിലര്‍ക്കെങ്കിലും ഇരുട്ടുകൊണ്ട് ആവരണമിട്ട വീഥിയിലേക്കുള്ള ഒരു ടോര്‍ച്ചടിയായിരുന്നു ആ നിരൂപണം. 

അലവി വീരമംഗലം

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-37 / അസ്സ്വാഫ്ഫാത്ത (123-136)
ടി.കെ ഉബൈദ്‌

ഹദീസ്‌

തീവ്രത അരുത്‌
നൗഷാദ് ചേനപ്പാടി