Prabodhanm Weekly

Pages

Search

2021 മാര്‍ച്ച്‌ 26

3195

1442 ശഅ്ബാന്‍ 12

ഈ വിശ്വദര്‍ശനം സരളം, സമ്പൂര്‍ണം

പി.ടി കുഞ്ഞാലി

ലോകത്തിന് ഏറെ വിസ്താരമാര്‍ന്നൊരു അന്വേഷണ മണ്ഡലമാണ് ഇസ്ലാമിക ദര്‍ശനം. നാനാതരം സംവാദങ്ങളാണത് ഇന്ന് പൊതുമണ്ഡലങ്ങളില്‍ വികസിപ്പിക്കുന്നത്. പുറത്തുള്ള ചിലര്‍ക്കത് രാഷ്ട്രമീമാംസ സംസാരിക്കുന്ന മതമാണ്. മറ്റു ചിലര്‍ക്കാകട്ടെ, അനുഷ്ഠാനപ്രധാനമായ കേവലം മതം മാത്രം. വേറെ ചിലര്‍ക്കത് പരിവ്രാജക ജീവിതം ആഘോഷിക്കേണ്ട സൂഫി സരണിയാണ്.  ഇങ്ങനെയൊക്കെ തരാതരം പോലെ വ്യാഖ്യാനിച്ചെടുക്കുമ്പോള്‍ അപൂര്‍ണതയുടെ കരിമേഘങ്ങളില്‍ പെട്ടുപോകുന്നത് പ്രപഞ്ചസ്രഷ്ടാവ് മനുഷ്യര്‍ക്ക് നല്‍കിയ മഹത്തായ ജീവിതസരണി തന്നെയാണ്. സത്യത്തില്‍ മേല്‍ പറഞ്ഞ ഏതെങ്കിലുമൊന്നല്ല ഇസ്‌ലാം. ഇതെല്ലാം സമ്പൂര്‍ണമായും ലയമായിത്തീരുന്ന അത്യന്തം സരളമായൊരു ജീവിതക്രമമാണത്. മതേതര തീവ്രവാദികളും മതരഹിത വിതണ്ഡവാദികളും ഈ പ്രബുദ്ധ കേരളത്തില്‍ പോലും ഇസ്‌ലാമിനെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടതിലേറെ പരിശ്രമങ്ങള്‍ ചെയ്യുന്ന ഒരു സന്ദിഗ്ധ കാലത്ത് ഇസ്‌ലാമതത്തെ പ്രതിയുള്ള ഏത് ആലോചനകളും പ്രധാനമാണ്. കാരണം ഇന്ന് ഇസ്‌ലാംവിരുദ്ധ പ്രചാരണത്തില്‍ ഇടതുപക്ഷം പോലും സവര്‍ണ പൊതുബോധത്തിന്റെ പക്ഷം ചേര്‍ന്നു കഴിഞ്ഞു.  അതോടെ ഇസ്‌ലാമും അതിന്റെ അനുചാരികളായ മുസ്‌ലിം സമൂഹവും അപരമാക്കപ്പെടുന്നതിന്റെ ഭീതിയിലായിരിക്കുന്നു  കേരളം പോലും.
ഇത്തരമൊരു സവിശേഷ സന്ദര്‍ഭത്തില്‍ ഇസ്‌ലാമിന്റെ സിദ്ധാന്തപരവും പ്രയോഗപരവുമായ സൂക്ഷ്മതലങ്ങള്‍ മലയാളികള്‍ക്കു മുന്നില്‍ വിശദപ്പെടുത്തേണ്ടത് ഒരു പ്രബോധക സമൂഹം കൂടിയായ മുസ്‌ലിംകളുടെ ബാധ്യത തന്നെയാണ്. അത്തരം ചുമതലകള്‍ എക്കാലത്തും ഭംഗിയായി നിവര്‍ത്തിച്ചവരാണ് കേരളീയ മുസ്‌ലിം സമൂഹം. എഴുത്തും പ്രഭാഷണ രീതികളും വ്യക്തിഗത സംവാദ രൂപങ്ങളും ഇതിനായി അവര്‍ ഉപയോഗിക്കുന്നു. എ.കെ അബ്ദുല്‍ മജീദ് എഴുതി തൃശൂര്‍ ഇസ്‌റ പബ്ലിക്കേഷന്‍ പ്രസിദ്ധീകരിച്ച 'ഇസ്‌ലാം തത്വദര്‍ശനം' എന്ന പുസ്തകം തീര്‍ച്ചയായും സത്യതയാര്‍ന്നൊരു വിതാനത്തില്‍ നിന്നുകൊണ്ട്  ഇസ്‌ലാമിനെയും അതിന്റെ അനുകര്‍ത്താക്കളായ മുസ്ലിംകളെയും ബോധപൂര്‍വം അന്വേഷിക്കുന്നവര്‍ക്കുള്ളൊരു സാക്ഷ്യവും പ്രമാണവുമാണ്.
കേവല മതത്തിന്റെ അര്‍ഥപരികല്‍പനയില്‍ ഉള്ളൊതുങ്ങുന്നതല്ലല്ലോ ഇസ്‌ലാമിന്റെ വ്യാപ്തിയും പ്രസക്തിയും. പൊതുവെ കാണുന്ന മത സങ്കല്‍പത്തിന് പുറത്തേക്ക് പല തുറവികളും വിതാനങ്ങളും ഈ മതത്തിനുണ്ട്.  സ്രഷ്ടാവായ അല്ലാഹുവും ഭൂമിയില്‍ അവന്റെ പ്രതിനിധിയായ മനുഷ്യരും തമ്മിലുള്ള നേര്‍ക്കുനേര്‍ ഉടമ്പടിയുടെ പൂര്‍ത്തീകരണമാണ് സത്യത്തില്‍ ഇസ്‌ലാം മുന്നോട്ട് വെക്കുന്നത്. ആ ഉടമ്പടിയുടെ വിശദാംശങ്ങളാണ്  മതത്തിലെ നിയമങ്ങളും ശാസനകളും അനുഷ്ഠാന കല്‍പനകളും. ഈ ഭാഗം വിശദത്തില്‍ തന്നെ അവതരിപ്പിച്ചുകൊണ്ടാണ് അബ്ദുല്‍മജീദിന്റെ പുസ്തകം ആരംഭിക്കുന്നതു തന്നെ.
ഇസ്‌ലാം എന്ന പേരിന് ഏതെങ്കിലും വ്യക്തിയോടോ ദേശത്തോടോ യാതൊരു കടപ്പാടുമില്ല. ലോകം മൊത്തമാണതിന്റെ അതിര്‍ത്തി, മുഴുവന്‍ മനുഷ്യരുമാണതിന്റെ അവകാശികള്‍. ഏഴാം നൂറ്റാണ്ടില്‍ ജീവിച്ച മുഹമ്മദ് അറേബ്യയില്‍ പ്രബോധനം ചെയ്തതിലൂടെ മാത്രം സാധ്യമായ ഒരു മതമല്ല ഇസ്‌ലാം. അതിന് ഭൂമിയിലെ ആദി മനുഷ്യവാസത്തോളം പഴക്കവും പെരുമയുമുണ്ട്. ആ പെരുമയും അതിന്റെ വിശദങ്ങളുമാണ് പുസ്തകത്തില്‍.
തുടര്‍ന്ന് പുസ്തകം വിശദമാക്കുന്നത് വിശ്വാസത്തിലെ ആറ് പ്രമാണങ്ങളും കര്‍മങ്ങളിലെ അഞ്ച് സ്തംഭങ്ങളുമാണ്. വിശ്വാസ-കര്‍മകാര്യങ്ങള്‍ വളരെ യുക്തിഭദ്രമായും അത്യന്തം സരളമായുമാണ് എഴുത്തുകാരന്‍ പറഞ്ഞുതരുന്നത്.  സത്യത്തില്‍ ഈ ആറും അഞ്ചും കൂടിയ പതിനൊന്ന് അടിസ്ഥാനങ്ങളാണ് ഇസ്‌ലാമിനെ ഭൂമിയില്‍ സാധ്യമാക്കുന്നത്. ബാക്കിയൊക്കെയും ഈ അടിയാധാരങ്ങളുടെ വിശദാംശങ്ങളോ വിപുലനങ്ങളോ ആണ്. അതുകൊണ്ടുതന്നെ ഈ അടിസ്ഥാനങ്ങള്‍ ഇസ്‌ലാം അന്വേഷികള്‍ക്ക് ബോധ്യമാകേണ്ടതുണ്ട്. സ്രഷ്ടാവിലുള്ള വിശ്വാസം, പ്രവാചകനിലുള്ള വിശ്വാസം, പരലോകത്തിലുള്ള വിശ്വാസം, മാലാഖമാരിലും വേദ ഗ്രന്ഥത്തിലുമുള്ള വിശ്വാസം. ഇങ്ങനെ ഓരോ വ്യക്തിയിലും പൂര്‍ത്തിയാകേണ്ട ബോധ്യങ്ങളും അതാവശ്യപ്പെടുന്ന അനിവാര്യമായ ജീവിത വിശുദ്ധിയും പുലരുമ്പോഴാണ് ഇസ്‌ലാം മനുഷ്യരില്‍ പ്രവര്‍ത്തിക്കുന്നത്.
പിന്നീട് മനുഷ്യചരിത്രത്തിലെ അവസാന വെളിപാടു പുസ്തകമായ വിശുദ്ധ ഖുര്‍ആനും അത് കര്‍മ ജീവിതത്തിലൂടെ ലോകത്തിന് വ്യാഖ്യാനിച്ചുതന്ന അന്ത്യദൂതനായ മുഹമ്മദ് നബിയും പുസ്തകത്തില്‍ വിശദമായി ചര്‍ച്ചയാകുന്നു. ഖുര്‍ആന്‍ ഇതിഹാസമോ പുരാണമോ അല്ല. അത് വെറുതെ വായിച്ചാസ്വദിക്കാനുള്ള ഗ്രന്ഥവുമല്ല. വ്യക്തിയും സമഷ്ടിയുമായി ബന്ധപ്പെട്ട ഇസ്‌ലാമിന്റെ നിലപാടുകള്‍ ആണതിന്റെ പ്രതിപാദ്യങ്ങള്‍. വ്യക്തിയുടെ ഇഹപര ജീവിതം ഈ സരള സരണിയിലൂടെ സാര്‍ഥകമാവും. കാരണമത് സ്രഷ്ടാവിന്റെ സരണിയാണ്. അതിന്റെ ആവിഷ്‌കാര ഭംഗി പ്രവാചക ജീവിതത്തിലുണ്ട്. ആ ജീവിതം തന്നെയാണ് പ്രവാചകത്വവും. ഈ ഭാഗങ്ങളൊക്കെയും അത്യന്തം മിഴിവോടെയാണ് ഗ്രന്ഥകാരന്‍ പറഞ്ഞുപോകുന്നത്. എന്തുകൊണ്ട് വേദം, എന്തുകൊണ്ട് പ്രവാചകന്‍ ഈയൊരു സമീക്ഷ വായനക്കാര്‍ക്ക് യുക്തിസഹമായി അഴിഞ്ഞുകിട്ടണം. അതില്‍ അബ്ദുല്‍ മജീദ് വിജയിച്ചിട്ടുണ്ട്. പ്രവാചകന്റെ നിയോഗ ജീവിതം മാത്രമല്ല നിയോഗപൂര്‍വകാലവും പുസ്തകത്തിന്റെ ആലോചനയാണ്. അതാവശ്യം തന്നെയാണ്.
ഇസ്‌ലാം വ്യക്തിജീവിതത്തിലെ കേവല വിമലതയെ മാത്രമല്ല ഏറ്റെടുക്കുന്നത്. അത് കുടുംബത്തെയും സമൂഹത്തെയും മൊത്തം ദേശത്തെയും തന്നെ സൂക്ഷ്മത്തില്‍ പ്രമാണങ്ങളിലൂടെ സ്ഫുടം ചെയ്‌തെടുക്കുന്നുണ്ട്. എങ്ങനെയാണ് കുടുംബം സന്നാഹമാക്കേണ്ടത്, എങ്ങനെ സമൂഹം സംഘാടിതമാകണം, ഇതൊക്കെയും എങ്ങനെയാണ് പ്രവാചകന്‍ ആവിഷ്‌കരിച്ചത്- ഇതത്രയും പുസ്തകത്തിലുണ്ട്. തുടര്‍ന്നുള്ള അധ്യായങ്ങള്‍ അന്വേഷിക്കാന്‍ ശ്രമിക്കുന്നത് ഇതിന്റെയൊക്കെ വര്‍ത്തമാനകാല സാധ്യതകളാണ്. എങ്ങനെ മക്കളോട്, എങ്ങനെ മാതാപിതാക്കളോട്, എങ്ങനെ അയല്‍ക്കാരോട്, എങ്ങനെ സമൂഹത്തോട് ഇടപഴകണമെന്ന ശാസനകള്‍ പ്രമാണങ്ങളുടെ നിറവെട്ടത്തില്‍ എഴുത്തുകാരന്‍ അന്വേഷിക്കുന്നത് നല്ല വായനാനുഭവങ്ങളാണ്.
പുസ്തകത്തിലെ പ്രധാനമായൊരു ഖണ്ഡം 'രാഷ്ട്രം, ജനത' എന്ന ഭാഗമാണ്.  വ്യക്തിനിഷ്ഠമായ ഉപാസനകളില്‍ ഒതുങ്ങുന്ന സാമ്പ്രദായിക മതപരികല്‍പനകള്‍ ഇസ്‌ലാമിന് പാകമാവുകയില്ല. രാഷ്ട്രതന്ത്രവും പൗരധര്‍മവും ഇസ്‌ലാമികജ്ഞാന വ്യവസ്ഥയുടെ അവിഭാജ്യ ഘടകങ്ങളാണ്. മദീനാരാഷ്ട്രത്തില്‍ പ്രവാചകന്‍ ഇസ്‌ലാമിക ദേശവ്യവസ്ഥ സമ്പൂര്‍ത്തിയാക്കിയതോടെ ലോകത്തിന്റെ നാനാദിക്കുകളിലേക്ക് അതുല്യമായൊരു നാഗരികതയാണ് പടര്‍ന്നു പുണര്‍ന്നത്. ഇസ്‌ലാം കൊണ്ട് ഇതെങ്ങനെ സംഗതമായി എന്ന ഒരന്വേഷണം എഴുത്തുകാരന്‍ മുന്നോട്ടു വെക്കുന്നു. ഇസ്‌ലാം സാധ്യമാകുന്നതോടെ എങ്ങനെയാണ് ഭൂമിയില്‍ സാമൂഹികനീതിയും നിര്‍ഭയത്വവും സംഭവിക്കുന്നതെന്നും അതിന്റെ ആധാരങ്ങള്‍ എന്തൊക്കെയാണെന്നും വളരെ സൂക്ഷ്മമായാണ് പുസ്തകം ചികയുന്നത്. അന്ന് മദീനാ രാഷ്ട്രം എന്തൊക്കെ വിസ്മയങ്ങളാണ് ലോകത്തിന് സമര്‍പ്പിച്ചതെന്ന് എഴുത്തുകാരന്‍ പറയുന്നത് ഉദ്വേഗം മുറ്റിയ വായനാ സന്ദര്‍ഭമാണ്.
ഇസ്‌ലാമിക സമ്പദ് വ്യവസ്ഥ, അതിന്റെ സ്രോതസ്സുകള്‍, അത് മുന്നോട്ടു വെക്കുന്ന നീതി- ഇതൊക്കെയും പുസ്തകം ചര്‍ച്ചക്കെടുക്കുന്നുണ്ട്. മണ്ണ്, സ്വകാര്യ സ്വത്ത്, കമ്പോളം, ലാഭനഷ്ടങ്ങള്‍, അധ്വാനം, കൂലി, കടം, പലിശ, വികസനം, ഉല്‍പാദനം, ഉപഭോഗം, വിതരണം.... ഇതിന്റെയൊക്കെയും ഇസ്‌ലാമിക മൂല്യവ്യവസ്ഥ പുസ്തകം ആഴത്തില്‍ വിശകലനത്തിന് വെക്കുന്നുണ്ട്. ഇസ്‌ലാമിന്റെ പരിസ്ഥിതിക്കാഴ്ച പുസ്തകത്തിലെ ഒരു അധ്യായം തന്നെയാണ്.
എഴുത്തുകാരന്റെ മറ്റൊരു അന്വേഷണ മണ്ഡലമാണ് ഇസ്‌ലാമിലെ ആത്മീയലോകം. ഇസ്‌ലാമിന്റെ കാഴ്ചയില്‍ മനുഷ്യന്‍ പദാര്‍ഥ നിര്‍മിതമായ ഒരു ഭൗതിക ജീവി മാത്രമല്ല. അവന് ശരീരം മാത്രമല്ല, ആത്മാവുമുണ്ട്. കളിമണ്ണ് കൊണ്ടുണ്ടാക്കിയ മനുഷ്യരൂപത്തില്‍ സ്രഷ്ടാവ് തന്റെ ആത്മാവില്‍നിന്ന് ഇത്തിരി നിവേശിപ്പിച്ചതോടെയാണ് മനുഷ്യസൃഷ്ടി പൂര്‍ണമായത്.
ഇത് രണ്ടും ദൈവികമാണ്. ഇത് രണ്ടും അവന്‍ പരിഗണിക്കുന്നതും ഒരുപോലെയാണ്. ആത്മാവും ശരീരവും ഉത്തമമായൊരു ലയത്തിലെത്തുമ്പോഴാണ് അയാള്‍ ഉത്തമനായ  മനുഷ്യനാവുന്നത്. അങ്ങനെയുള്ളൊരു മനുഷ്യജീവിതത്തിന് മാര്‍ഗവും അവന്‍ തന്നെ നല്‍കേണ്ടതുണ്ട്. അതാണ് ഇസ്‌ലാം. ഈയൊരു സുഭഗമാര്‍ഗം കണ്ടെത്തി ജീവിതം പ്രാപിച്ചവന്‍ വിജയി. നിത്യസ്വര്‍ഗം അവന്നുള്ളതാണ്. ആ വിജയ മാര്‍ഗം മനുഷ്യകുലത്തിന് ആസകലം ലഭ്യമാക്കേണ്ടത് വിശ്വാസികളുടെ ബാധ്യതയാണ്. ഈ ബാധ്യതാനിര്‍വഹണത്തിന് ഏറ്റവും പ്രാപ്തമാണീ പുസ്തകം.

Comments

ഖുര്‍ആന്‍ ബോധനം

സൂറ-37 / അസ്സ്വാഫ്ഫാത്ത (114-122)
ടി.കെ ഉബൈദ്‌