Prabodhanm Weekly

Pages

Search

2021 മാര്‍ച്ച്‌ 26

3195

1442 ശഅ്ബാന്‍ 12

വെള്ളിമാടുകുന്നിലെ 'തീന്മേശ'

ജി.കെ എടത്തനാട്ടുകര

[ജീവിതം - 15 ]

വിവാഹം തീരുമാനമായി. മാനസികമായ മുന്നൊരുക്കങ്ങള്‍ നടത്തിക്കൊണ്ടിരുന്നു. ഭൗതികമായ മുന്നൊരുക്കങ്ങള്‍ക്ക് ഒരുപാട് പരിമിതികളുണ്ടായിരുന്നു.
മഹ്‌റ്, വീട്, വിവാഹം കഴിഞ്ഞാല്‍ കുടുംബസമേതം എവിടെ താമസിക്കും തുടങ്ങിയ പല കാര്യങ്ങളുമുണ്ടല്ലോ. അതൊന്നും ഒരു വിഷയമായി തോന്നിയതുമില്ല. ഇരുമ്പ് മോതിരം മുതല്‍ ഖുര്‍ആന്‍ വരെ മഹ്‌റായ ചരിത്രമുണ്ടല്ലോ.   
താമസിക്കാന്‍ നല്ലൊരു വീട് ഒരു വിശ്വാസിക്ക് ആഗ്രഹിക്കാവുന്നതാണ്. പ്രവാചക വചനങ്ങളില്‍ അത് കണ്ടിട്ടുമുണ്ട്. അതേസമയം, സ്വര്‍ഗത്തിലെ വീട് ലക്ഷ്യം വെച്ച് കൊട്ടാരം വേണ്ടെന്നുവെക്കുന്ന ഫറോവയുടെ ഭാര്യയുടെ പ്രാര്‍ഥന ഖുര്‍ആനിലുണ്ട്. ഖുര്‍ആനിലെ അറുപത്തിയാറാം അധ്യായം പതിനൊന്നാം സൂക്തത്തിലാണത്:
''സത്യവിശ്വാസികള്‍ക്ക് ഉദാഹരണമായി ദൈവം ഫറവോന്റെ പത്നിയെ എടുത്തുകാണിക്കുന്നു. അവര്‍ ദൈവത്തോട് ഇങ്ങനെ പ്രാര്‍ഥിച്ചു: എന്റെ നാഥാ! എനിക്കു നിന്റെയടുത്ത് സ്വര്‍ഗത്തിലൊരു വീട് ഉണ്ടാക്കിത്തരേണമേ! ഫറവോനില്‍നിന്നും അയാളുടെ ദുര്‍വൃത്തിയില്‍നിന്നും എന്നെ രക്ഷിക്കേണമേ! അക്രമികളായ ജനത്തില്‍നിന്നും എന്നെ നീ മോചിപ്പിക്കേണമേ!''
എല്ലാ സുഖസൗകര്യങ്ങളുമുള്ള രാജകൊട്ടാരം ഉപേക്ഷിക്കാന്‍ ഫറോവയുടെ ഭാര്യ തീരുമാനിക്കുന്നത് സത്യവിശ്വാസത്തിന്റെ പ്രചോദനത്താലാണല്ലോ. അനശ്വരമായ സ്വര്‍ഗത്തിലെ വീടിനു വേണ്ടി നശ്വരമായ ഭൂമിയിലെ കൊട്ടാരങ്ങളുപേക്ഷിക്കാനും ഒരു വിശ്വാസി തയാറാവണം എന്ന പാഠമല്ലേ ഇതിലുള്ളത്? സത്യവിശ്വാസികള്‍ക്ക് ഉദാഹരണമായി എടുത്തു പറയാനുള്ള കാരണം ഈ ത്യാഗസന്നദ്ധത കൂടിയാണല്ലോ. പ്രസ്ഥാനം വിളിക്കുന്ന 'നിശാ ക്യാമ്പി'ലേക്ക് ഏതെങ്കിലും രാത്രി മാത്രം വീടു വിട്ടു പോരുന്ന പോലെയല്ലല്ലോ അത്. സ്വര്‍ഗത്തിലെ വീടിനു വേണ്ടി കൊട്ടാരം വേണ്ടെന്നുവെക്കുകയാണ്!      
വീടിനെക്കുറിച്ച് ചിലരൊക്കെ സംസാരിക്കുമ്പോള്‍ സ്വര്‍ഗത്തിലെ വീടിനെക്കുറിച്ച് മാത്രം ചിന്തിച്ച ഒരു കാലമുണ്ട്. കുടുംബത്തില്‍ പ്രശ്‌നങ്ങള്‍ സങ്കീര്‍ണമായപ്പോള്‍ കുടുംബ ബന്ധങ്ങളടക്കം എല്ലാം നഷ്ടപ്പെടും എന്ന തോന്നലുണ്ടായി. വീടു വിട്ടിറങ്ങേണ്ടിവരും എന്ന് ഏതാണ്ട് തോന്നിത്തുടങ്ങിയിരുന്നു. ഇറങ്ങിപ്പുറപ്പെടാന്‍ തീരുമാനിക്കുമ്പോള്‍, ഭൂമിയില്‍ എവിടെയെങ്കിലും 'സ്വന്ത'മായി ഒരു വീട് പ്രതീക്ഷിച്ചിട്ടേയില്ല. സ്വര്‍ഗത്തില്‍ ഒരു വീട് മാത്രമായിരുന്നു പ്രതീക്ഷ.
പ്രശ്‌നങ്ങള്‍ സങ്കീര്‍ണമായി. വീടു വിടേണ്ടി വരും എന്ന തോന്നലുണ്ടായി. അന്നൊരു രാത്രി ഡയറിയില്‍ കുറിച്ചു: 'ഞാന്‍ നിങ്ങള്‍ക്കൊരധികപ്പറ്റാണെങ്കില്‍ ഇന്നല്ലെങ്കില്‍ നാളെ വിട!
ഓരോരുത്തരോടും വിട!
അറിവില്ലാത്ത കുഞ്ഞുപൈതങ്ങളേ നിങ്ങളോടു ഞാന്‍ എന്തു പറയാന്‍?
വിശാലമായ ഈ ലോകത്തിന്റെ ഏതെങ്കിലും മൂലയില്‍, ഒരു ഗതിയുമില്ലെങ്കില്‍, പിച്ചപ്പാത്രവും മാറാപ്പുമായി ദൈവത്തെ സ്തുതിക്കുന്ന പാട്ടുകളുമായി ഞാന്‍ അലയുന്നുണ്ടാവും. എന്നെക്കണ്ടാല്‍ നിങ്ങള്‍ക്ക് അറിയാന്‍ പ്രയാസമായിരിക്കും. എന്നാലും ഞാന്‍ നിങ്ങളെ അറിയും. പക്ഷേ, ഞാന്‍ അറിയിക്കില്ല. നിങ്ങളെ ഞാന്‍ അപമാനിക്കില്ല. കാരണം, നിങ്ങളുടെ നന്മയാണെന്റെ നന്മ...' ഇങ്ങനെ പോകുന്നു ആ കുറിപ്പിലെ വരികള്‍.
യാചിക്കേണ്ടി വന്നാല്‍പോലും വിശ്വാസത്തില്‍ ഉറച്ചുനില്‍ക്കും എന്ന അന്നത്തെ ചിന്ത ശരിയായിരുന്നോ എന്നറിയില്ല. കാരണം, യാചനയെ ഇസ്‌ലാം ഇഷ്ടപ്പെടുന്നില്ലല്ലോ. ഒരു ഗതിയുമില്ലെങ്കില്‍ ജീവന്‍ നിലനിര്‍ത്താന്‍ പന്നിമാംസവും വെറുപ്പോടെ കഴിക്കാം എന്ന് മനസ്സിലാക്കിയിട്ടുണ്ട്. ഇതൊന്നും അറിഞ്ഞുകൊണ്ടല്ല അന്ന് അങ്ങനെ ചിന്തിച്ചത്. പരലോകത്തിന്റെ മുമ്പില്‍ ഇഹലോകം ഒന്നുമല്ല എന്ന തോന്നലായിരുന്നു അന്നുണ്ടായിരുന്നത്.
അതേസമയം, ഇഹലോകത്തെ തീരെ അവഗണിച്ചുകൊണ്ടുള്ള ഒരു പരലോകത്തെ ഇസ്ലാം പഠിപ്പിക്കുന്നില്ല എന്നതൊരു യാഥാര്‍ഥ്യമാണല്ലോ. 'ഒരിക്കലും മരിക്കുകയില്ല എന്ന ബോധത്തോടുകൂടി ഇഹലോകത്തിനു വേണ്ടി പണിയെടുക്കുക. നാളെത്തന്നെ മരിക്കും എന്ന ബോധത്തോടുകൂടി പരലോകത്തിനു വേണ്ടിയും പണിയെടുക്കുക' എന്നാണല്ലോ പ്രവാചകന്‍ പഠിപ്പിച്ചിട്ടുള്ളത്. സ്വന്തമായി ഒരു വീട് 'വേണ്ട' എന്ന് തീരുമാനിച്ചിരുന്നില്ലെങ്കിലും 'വേണം' എന്ന് തോന്നിത്തുടങ്ങിയത് വിവാഹാനന്തരമാണ്. ആ തോന്നലിന് ആക്കം കൂട്ടിയത് എന്‍.എം അബ്ദുര്‍റഹ്മാന്‍ സാഹിബിന്റെ ഇടപെടലായിരുന്നു. ഒരു ദിവസം ഓഫീസിലേക്ക് വിളിച്ചു വരുത്തി അദ്ദേഹം സംസാരിച്ചു. പ്രായോഗിക ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന പല ഉപദേശങ്ങളും അദ്ദേഹത്തില്‍നിന്ന് പലപ്പോഴായി ലഭിച്ചിട്ടുണ്ട്. ധാരാളം ആളുകളുമായുള്ള വ്യക്തിബന്ധങ്ങളിലൂടെയും കുടുംബ പ്രശ്‌നങ്ങളിലും മറ്റും ഇടപെട്ടുള്ള അനുഭവങ്ങളിലൂടെയും നേടിയ പ്രായോഗിക കാഴ്ചപ്പാടുകളാണ് അദ്ദേഹത്തിന്റെ ഏറ്റവും പ്രധാന പ്രത്യേകതയായി തോന്നിയിട്ടുള്ളത്. പച്ചയായ ജീവിത യാഥാര്‍ഥ്യങ്ങളെ അഭിമുഖീകരിക്കാനുള്ള പ്രായോഗിക നിര്‍ദേശങ്ങളാണല്ലോ 'കൗണ്‍സലിംഗി'ന്റെ മര്‍മം. അത്തരം ജീവിതങ്ങളില്‍ ഇടപെടുന്നവര്‍ക്കാണല്ലോ അത് കൂടുതല്‍ കഴിയുക. അതോടൊപ്പം ഒരു കാര്യത്തെക്കുറിച്ചുള്ള സൂക്ഷ്മ നിരീക്ഷണവും ദീര്‍ഘ വീക്ഷണവും അദ്ദേഹത്തിന്റെ പ്രത്യേകതയായി തോന്നിയിട്ടുണ്ട്.
ചിലയാളുകളുടെ 'സിദ്ധാന്ത വാശി' കാരണം അവരുടെ കുടുംബങ്ങള്‍ കഷ്ടപ്പെടുന്ന ചില ഉദാഹരണങ്ങള്‍ അദ്ദേഹം പറഞ്ഞിരുന്നു. അതൊരു വലിയ തിരിച്ചറിവായി തോന്നി. പ്രത്യേകം വിളിച്ച് വരുത്തി ഈ ഉപദേശം നല്‍കാനുണ്ടായ പശ്ചാത്തലം അറിയില്ല. എന്തായാലും അദ്ദേഹം ഇത് വിശദീകരിച്ചപ്പോള്‍, സത്യവിശ്വാസം സ്വീകരിക്കുന്നതിനു മുമ്പ് ജീവിതത്തിലുണ്ടായ ഒരനുഭവം ഓര്‍മയില്‍ വന്നു. അലനല്ലൂരില്‍ വെച്ച് കൂടെ പഠിച്ചിരുന്ന ഒരു സുഹൃത്തിനെ വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടുമുട്ടി. കണ്ട സന്തോഷത്തില്‍ കുറച്ച് ഓറഞ്ച് വാങ്ങി അത് അവന് കൊടുക്കാന്‍ ശ്രമിച്ചു. അവന്‍ അത് വാങ്ങിയില്ല. വീണ്ടും വീണ്ടും നിര്‍ബന്ധിച്ചു.
'വേണ്ട, വേണ്ട' എന്ന ഉത്തരം മാത്രം. അവസാനം അതില്‍നിന്ന് ഒരു ഓറഞ്ചെടുത്തു നീട്ടി. വാങ്ങിയില്ല. വീണ്ടും വീണ്ടും കൊടുത്തു നോക്കി. അവനത് നിരസിച്ചുകൊണ്ടേയിരുന്നു. ആരൊക്കെയോ ഇത് ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അതിനിടയില്‍ കടക്കാരന്‍ പറഞ്ഞു: 'ആര്‍ക്കും വേണ്ടങ്കി വലിച്ചെറിഞ്ഞാളാ.' അതുണ്ടാക്കിയ മാനസിക പ്രയാസം പറഞ്ഞറിയിക്കാന്‍ വയ്യ. അവനെന്തെങ്കിലും വൈരാഗ്യമുള്ളതുകൊണ്ടായിരുന്നില്ല ആ നിലപാടെടുത്തത്. ചിലര്‍ അങ്ങനെയാണ്. സൗജന്യം വാങ്ങുകയില്ല എന്ന 'സിദ്ധാന്ത വാശി'യാണതിന്റെ പിന്നില്‍ എന്നാണ് മനസ്സിലാക്കിയത്.
ഇസ്‌ലാം സന്തുലിതമായതിനാല്‍ ഏതു കാര്യത്തിലും അത് പാലിക്കണം എന്നാണ് ഇസ്ലാമിന്റെ താല്‍പര്യം. ഈ അടിസ്ഥാനത്തില്‍, ആര് എന്ത് തന്നാലും 'വാങ്ങിക്കൂട്ടുക' എന്നതും ആര് എന്ത് തന്നാലും 'വാങ്ങിക്കൂടാ' എന്നതും ശരിയല്ല എന്നാണ് മനസ്സിലാക്കിയിട്ടുള്ളത്.
'അടിയിലെ കൈയിനേക്കാള്‍ ശ്രേഷ്ഠം മുകളിലെ കൈയാണ്' എന്ന് പ്രവാചകന്‍ പഠിപ്പിച്ചിട്ടുണ്ട്. അതിനര്‍ഥം വാങ്ങുന്നതിനേക്കാള്‍ നല്ലത് കൊടുക്കുന്നതാണ് എന്നാണല്ലോ. അതിനാണ് ശ്രമിക്കേണ്ടതും. അതേസമയം, സന്തോഷത്തോടെ ആരെങ്കിലും നല്‍കുന്ന ഹദ്‌യ (സമ്മാനം) പ്രവാചകന്‍ സ്വീകരിച്ചിട്ടുമുണ്ടല്ലോ.
'അഭിമാന'മാണെന്ന് വിചാരിച്ച് 'ദുരഭിമാന'ത്തെ കൊണ്ടുനടന്ന ഒരു കാലമുണ്ട്. അത്തരം കുറേ ആളുകളെ കണ്ടിട്ടുമുണ്ട്.
ജീവിതത്തിന്റെ ഇത്തരം സൂക്ഷ്മതലങ്ങളിലേക്കു വരെ സന്തുലിതമായ കാഴ്ചപ്പാടാണ് പ്രവാചകാധ്യാപനങ്ങള്‍ നല്‍കുന്നത്. ഇങ്ങനെയുള്ള ഓരോന്നും അറിയുമ്പോള്‍ ഇസ്ലാമിനെ കൂടുതല്‍ കൂടുതലായി നെഞ്ചോടു ചേര്‍ത്തുവെക്കാന്‍ തോന്നാറുണ്ട്.
പറഞ്ഞുവന്നത് വിവാഹത്തെക്കുറിച്ചാണല്ലോ. വിശുദ്ധ ഖുര്‍ആനിലെ ഇരുപത്തിനാലാം അധ്യായത്തിലെ മുപ്പത്തിരണ്ടാം വാക്യം വിവാഹത്തിനൊരു വെള്ളിവെളിച്ചം പോലെ തോന്നിയിട്ടുണ്ട്.
പ്രസ്തുത സൂക്തത്തില്‍ ഇണയില്ലാത്തവരെ വിവാഹം കഴിപ്പിക്കാന്‍ വിശ്വാസികളെ ഖുര്‍ആന്‍ ഉണര്‍ത്തുന്നുണ്ട്. എന്നിട്ട് പറയുന്നത്; 'അവരിപ്പോള്‍ ദരിദ്രരാണെങ്കില്‍ ദൈവം തന്റെ ഔദാര്യത്താല്‍ അവര്‍ക്ക് ഐശ്വര്യമേകും. ദൈവം ഏറെ ഉദാരനും എല്ലാം അറിയുന്നവനുമാണ്' എന്നാണ്. എല്ലാം തികഞ്ഞിട്ടേ വിവാഹം കഴിക്കൂ എന്ന് തീരുമാനിക്കേണ്ടതില്ലെന്ന് പറഞ്ഞുതന്നത് ഈ ഖുര്‍ആന്‍ സൂക്തമാണ്.
ഏതായാലും വിവാഹവുമായി ബന്ധപ്പെട്ട ബാക്കി കാര്യങ്ങള്‍ അബ്ദുല്‍ അഹദ് തങ്ങള്‍, സമദ് മാഷ്, അസീസ് സാഹിബ് എന്നിവരുമൊക്കെയായി ധാരണയിലായി.
ഈ സമയത്താണ് ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ സംസ്ഥാന സമ്മേളനം കോട്ടക്കലില്‍ നടത്താന്‍ തീരുമാനിച്ചിരുന്നത്. അവിടെ വെച്ച് നടക്കുന്ന സമൂഹ വിവാഹത്തില്‍ നികാഹ് നടത്താന്‍ ധാരണയായി.
1997 ഡിസംബര്‍ 31, 1998 ജനുവരി 1 തീയതികളിലായി കോട്ടക്കലിലായിരുന്നു സമ്മേളനം ആദ്യം നിശ്ചയിച്ചിരുന്നത്. പ്രസ്തുത തീയതി പ്രിന്റ് ചെയ്തുകൊണ്ടുള്ള ഗ്ലാസ്സും മറ്റ് ചില മെറ്റീരിയല്‍സും തയാറാക്കിയിരുന്നു. എന്തോ കാരണത്താല്‍ (കാരണം ഓര്‍ക്കുന്നില്ല) സമ്മേളനത്തിന്റെ സ്ഥലവും തീയതിയും മാറ്റി. 1998 ഏപ്രില്‍ 18,19 തീയതികളില്‍ കൂരിയാടുള്ള വിശാലമായ വയലിലേക്കാണ് സമ്മേളനം മാറ്റിയത്.
1997 ഡിസംബര്‍ 31, 1998 ജനുവരി 1 തീയതികളിലെ കോട്ടക്കല്‍ സമ്മേളനം പ്രിന്റ് ചെയ്ത ഗ്ലാസ്സും മറ്റു മെറ്റീരിയല്‍സുമൊക്കെ ചില വീടുകളില്‍ കാണാം. പുരാവസ്തു ഗവേഷണ പഠനങ്ങളെ വേദവാക്യം പോലെ കാണുന്നവരുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ മാത്രം കാര്യങ്ങള്‍ വിലയിരുത്തും ചിലര്‍. മറ്റു സാധ്യതകളെയെല്ലാം നിരാകരിക്കും. അങ്ങനെ ചില പുരാവസ്തു ഗവേഷണഫലം മുമ്പില്‍ വെച്ച് ഖുര്‍ആനിലെ ചരിത്രങ്ങളെയും മറ്റും ചോദ്യം ചെയ്യുന്ന ചിലരോട് ഈ ഉദാഹരണം പറയാറുണ്ട്. കേരളം ഒരു പ്രകൃതിദുരന്തത്താല്‍ മണ്ണിനടിയില്‍ പോയി എന്ന് സങ്കല്‍പിക്കുക. ഒരായിരം കൊല്ലങ്ങള്‍ കഴിഞ്ഞ് പുരാവസ്തു ഗവേഷകര്‍ ഗവേഷണം നടത്തുന്നു. കോട്ടക്കല്‍ സമ്മേളനത്തിന്റെ പ്രിന്റ് ചെയ്ത ഗ്ലാസ്സ് കണ്ടെടുക്കുന്നു. 1997 ഡിസംബര്‍ 31, 1998 ജനുവരി 1-ന് കോട്ടക്കലില്‍ വെച്ച് ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ഒരു സമ്മേളനം നടന്നതായി റിപ്പോര്‍ട്ട് വരുന്നു!
യാഥാര്‍ഥ്യവുമായി ബന്ധമില്ലാത്ത ഇത്തരം സാധ്യതകളെക്കൂടി കണക്കിലെടുത്തിട്ടു വേണം ഇത്തരം പഠനങ്ങളെ സമീപിക്കാന്‍ എന്ന് ബോധ്യപ്പെടുത്താന്‍ പറയുന്ന ഉദാഹരണമാണിത്.
വിവാഹത്തിനു വേണ്ടി ഒരുങ്ങുമ്പോള്‍ കൂട്ടുകുടുംബങ്ങളുടെ സന്തോഷവും പിന്തുണയും പ്രധാനമാണല്ലോ. ആ കാര്യത്തില്‍ അമ്മയുടെ പിന്തുണയും പ്രാര്‍ഥനയും മാത്രമാണുണ്ടായിരുന്നത്. അമ്മ കല്യാണത്തില്‍ പങ്കെടുത്തിരുന്നു. നാട്ടിലുള്ള പ്രവര്‍ത്തകരുടെ കൂടെയാണ് വന്നിരുന്നത്. സഹോദരിമാര്‍ ആഗ്രഹിച്ചിരുന്നെങ്കിലും കുടുംബങ്ങള്‍ സമ്മതിച്ചില്ല. അതേ ദിവസം വലിയ സഹോദരിയുടെ മൂത്തഛന്റെ മകന്റെ വിവാഹമായിരുന്നു. തലേന്നു തന്നെ അവര്‍ കല്യാണ വീട്ടില്‍ പോയിരുന്നു. അന്ന് രാത്രി അവര്‍ മൂന്നു പേരും ഒരു ഭാഗത്തിരുന്ന് കല്യാണത്തില്‍ പങ്കെടുക്കാന്‍ കഴിയാത്തതിന്റെ സങ്കടം പറഞ്ഞ് കരഞ്ഞ കാര്യം പിന്നീട് വലിയ സഹോദരി പറഞ്ഞിരുന്നു.
1998 ഏപ്രില്‍ പതിനേഴാം തീയതി, കൂരിയാട്ട് ഒരുക്കിയ 'ഹിറാ' സമ്മേളന പന്തലില്‍ വെച്ച്, വെള്ളിയാഴ്ചയായിരുന്നു 'നികാഹ്.' മുപ്പത്തി ഏഴോളം വിവാഹങ്ങളിലൊന്ന്. എം.ഐ അബ്ദുല്‍ അസീസ് സാഹിബായിരുന്നു കാര്‍മികന്‍. ഫസീലയുടെ ഉപ്പ ഗള്‍ഫിലായിരുന്നതിനാല്‍, മൂത്താപ്പയായിരുന്നു വലിയ്യ്. ഉപ്പയുടെ അസാന്നിധ്യത്തില്‍, ആ കുറവ് അറിയിക്കാതെ, സ്‌നേഹത്തോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്തിരുന്ന മൂത്താപ്പയെപ്പറ്റി അവള്‍ പലപ്പോഴും പറയാറുണ്ട്.
സിദ്ദീഖ് ഹസന്‍ സാഹിബാണ് വിവാഹ ഖുത്തുബ നിര്‍വഹിച്ചത്. മുമ്പ് പല വിവാഹ ഖുത്വ്ബകളും കേട്ടിട്ടുണ്ട്. അതൊന്നും സ്വന്തത്തിനു ബാധകമായിരുന്നില്ല. എന്നാല്‍, ഇതങ്ങനെയല്ല; സ്വന്തത്തിനു ബാധകമാണ്. 'കളിയല്ല കല്യാണം' എന്ന തോന്നല്‍ ശക്തിപ്പെടാന്‍ അത് നിമിത്തമായി. വിവാഹം എന്നത് 'വിശിഷ്ടമായ ഏറ്റെടുക്കലാ'ണെന്ന ഉണര്‍ത്തലായിരുന്നു പ്രസംഗം.
പ്രഫ. കെ.എ സിദ്ദീഖ് ഹസന്‍ സാഹിബ്. ഏറ്റവും കൂടുതല്‍ ആദരിക്കപ്പെടുന്ന വ്യക്തിത്വങ്ങളില്‍ ഒരാള്‍. ആദ്യമായി നേരില്‍ കണ്ടുമുട്ടുന്നത് വെള്ളിമാടുകുന്നിലെ ഐ.എസ്.ടി കാന്റീനില്‍ വെച്ചായിരുന്നു. സത്യവിശ്വാസം സ്വീകരിച്ച ആദ്യകാലത്ത് അസീസ് സാഹിബിന്റെ കൂടെ സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുമായിരുന്നു. അങ്ങനെയാണ് ഐ.എസ്.ടിയില്‍ എത്തിയത്. 
ലാളിത്യം കൊണ്ട് അനുഗൃഹീതമായ, അതോടൊപ്പം 'ശാന്തഗംഭീരം' എന്ന് പറയാവുന്ന വ്യക്തിത്വം. സാധാരണക്കാരന്റെ പ്രകൃതമുള്ള ഒരസാധാരണക്കാരന്‍.  അദ്ദേഹം ആരാണ് എന്നൊക്കെ അസീസ് സാഹിബ് പറഞ്ഞുതന്നിരുന്നു. ഹൃദ്യമായ പെരുമാറ്റം. അനുയായികളില്‍നിന്ന് അകലം പാലിക്കാത്ത നേതാവ്.
ഒരു സംസ്ഥാന നേതാവ് മറ്റ് ജോലിക്കാര്‍ക്കിടയില്‍ കാന്റീനില്‍ ഇരുന്ന് ഭക്ഷണം കഴിക്കുകയോ? നേതാവിന് സ്‌പെഷല്‍ സീറ്റില്‍ സ്‌പെഷല്‍ ഭക്ഷണം ഇല്ലാത്തതെന്ത്? നേതാക്കന്മാരെക്കുറിച്ചുള്ള സങ്കല്‍പം ഇങ്ങനെ ആയിരുന്നില്ല. അതുകൊണ്ടാണ് അങ്ങനെയൊക്കെ ചിന്തിച്ചത്.
മറ്റൊരു സന്ദര്‍ഭത്തില്‍, പെരുമ്പിലാവിലോ മറ്റോ നടന്ന ഒരു സമ്മേളനത്തില്‍ ഭക്ഷണത്തിനു വേണ്ടി പ്രവര്‍ത്തകരുടെ കൂടെ അദ്ദേഹം വരിയില്‍ നില്‍ക്കുന്നതു കണ്ടു. ഇസ്ലാമില്‍ എത്തിപ്പെട്ടതില്‍, ഇസ്ലാമിക പ്രസ്ഥാനത്തില്‍ എത്തിപ്പെട്ടതില്‍ അഭിമാനം തോന്നിയ പല സന്ദര്‍ഭങ്ങളില്‍ ഒന്ന് അതായിരുന്നു. അതേസമയം മറ്റു പ്രസ്ഥാനങ്ങളിലൊക്കെ ഇത് അപമാനമാകാനാണ് സാധ്യത. ഒരു ഇസ്‌ലാമിക പ്രസ്ഥാനത്തില്‍ അഭിമാനത്തിന്റെ മാനദണ്ഡം നേതാക്കളുടെ 'അഹങ്കാരവും ആഡംബരവു'മല്ല. ഇസ്‌ലാമിന്റെ ഈ പാഠം അനുഭവിച്ചു പഠിക്കാന്‍ ഇതൊക്കെ നിമിത്തമായി.
കൊല്ലം ജില്ലയില്‍ ഒരു പരിപാടി കഴിഞ്ഞ് ഭക്ഷണം കഴിക്കാന്‍ അദ്ദേഹവുമുണ്ടായിരുന്നു. ഒരുക്കിവെച്ച വിഭവങ്ങളുടെ എണ്ണത്തെ അദ്ദേഹം നിരൂപണവിധേയമാക്കിയത് ഇപ്പോഴും ഓര്‍ക്കുന്നു. 'ഭക്ഷണ സംഘാടകരെ' അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. ഭക്ഷണം ഒരുക്കുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴും ദൈവത്തെയും പരലോകത്തെയും ഒര്‍ക്കണമെന്ന തോന്നലുണ്ടാവുന്നതായിരുന്നു ആ ഉപദേശം.
ജ്യേഷ്ഠന്റെ ഭാര്യയുടെ വിഷയം സങ്കീര്‍ണമായ സമയത്ത് അദ്ദേഹത്തിന്റെ ഉപദേശം വലിയ വെളിച്ചമായി. ഇസ്‌ലാം മനുഷ്യബന്ധങ്ങള്‍ക്ക് നല്‍കുന്ന വില അദ്ദേഹം ഊന്നിപ്പറഞ്ഞിരുന്നു. കുടുംബം എന്ന ദൈവിക സ്ഥാപനത്തിന് ഇസ്ലാം കല്‍പിക്കുന്ന വില നേരത്തേ സൂചിപ്പിച്ചിരുന്നല്ലോ. 'ആദര്‍ശമാറ്റം കുടുംബബന്ധങ്ങളെ മുറിക്കുകയില്ല' എന്ന ഒരു വലിയ മെസ്സേജാണ് അദ്ദേഹം നല്‍കിയത്. വിവാഹാനന്തരം അദ്ദേഹം വീട്ടില്‍ വന്നപ്പോഴാണ് ഈ വിഷയം ചര്‍ച്ചയില്‍ വന്നത്. വിശദാംശങ്ങള്‍ വിടുകയാണ്.
ആദ്യമായി കണ്ടുമുട്ടിയ അന്ന്, വെള്ളിമാടുകുന്നിലെ കാന്റീനില്‍ അദ്ദേഹത്തിന്റെ അടുത്താണ് ഭക്ഷണം കഴിക്കാനിരുന്നത്. പാത്രത്തില്‍ വിളമ്പിവെച്ച ചോറ് അദ്ദേഹത്തിന് അല്‍പം കൂടുതലായതിനാല്‍ കൈ കൊണ്ട് വാരി തളികയിലേക്കിട്ടു. അന്നത്തെ മാനസികാവസ്ഥയില്‍ അത് കണ്ടപ്പോള്‍ മനസ്സില്‍ പ്രയാസം തോന്നി. മറ്റുള്ളവര്‍ക്കു കൂടി കഴിക്കാനുള്ള ഭക്ഷണത്തിലേക്ക് കൈ കൊണ്ട് വാരിയിടുന്നത് ശരിയല്ല എന്ന തോന്നലാണുണ്ടായിരുന്നത്. അതൊരു വൃത്തിയില്ലായ്മയല്ലേ എന്നാണ് ചിന്തിച്ചത്. ഇസ്‌ലാമിന്റെ മര്യാദക്ക് എതിരാണ് അതെങ്കില്‍ അദ്ദേഹം അത് ചെയ്യില്ലല്ലോ എന്നും ചിന്തിച്ചു. അതൊരു 'കല്ലുകടി'യായി മനസ്സിലുണ്ടായിരുന്നു. അങ്ങനെയിരിക്കെയാണ് ചുണ്ടോട്ടുകുന്ന് മസ്ജിദുല്‍ ഇഹ്‌സാനില്‍ ഹംസ മൗലവി ഫാറൂഖിയുടെ ഒരു സ്റ്റഡി ക്ലാസ് നടന്നത്. ഇസ്‌ലാമിക സാഹോദര്യമായിരുന്നു വിഷയം എന്നാണോര്‍മ. എന്തായാലും, പ്രവാചകനും അനുയായികളും ഒന്നിച്ച് ഒരേ പാത്രത്തില്‍നിന്ന് ഭക്ഷണം കഴിച്ചിരുന്നതിന്റെ ചരിത്രം അദ്ദേഹം വിവരിച്ചപ്പോള്‍ ഉള്ളിലെവിടെയോ ഒരു 'തെറ്റു തിരുത്തല്‍' നടന്നുകൊണ്ടിരുന്നു. വൃത്തിയെക്കുറിച്ചുള്ള സങ്കല്‍പത്തില്‍ ഒരു മാറ്റം അനുഭവപ്പെട്ടു. അതോടൊപ്പം ഭക്ഷണവും സാഹോദര്യവും തമ്മിലുള്ള ബന്ധം വായിച്ചെടുക്കാന്‍ ആ സംഭവം നിമിത്തമായി.
'വൃത്തി'യുടെ പേരില്‍  ചില സംസ്‌കാരങ്ങള്‍ എത്രയോ മനുഷ്യബന്ധങ്ങളെ തകര്‍ത്തിട്ടുണ്ട്. ചേറില്‍ പണിയെടുക്കുന്നവന്റെ 'വൃത്തിഹീനത' 'ദൈവത്തിന്റെ അടുത്ത ആളുകള്‍'ക്ക് അവരില്‍നിന്ന് അകലം പാലിക്കാന്‍ ഒരു കാരണമായിട്ടുണ്ട്. ചില മനുഷ്യരെ തൊട്ടാല്‍ ചില മനുഷ്യര്‍ കുളിക്കണം എന്ന 'അയിത്താ'ചാരത്തിലും ഒരു 'വൃത്തി' സങ്കല്‍പമുണ്ട്. ചില മനുഷ്യര്‍ ചില മനുഷ്യരുടെ ഭക്ഷണം കഴിച്ചാല്‍ പാത്രം കഴുകി കമിഴ്ത്തണം എന്നതിലുമുണ്ട് 'വൃത്തിബോധ'ത്തിന് പങ്ക്.
കമലാ സുറയ്യയുടെ ഒരു ഓര്‍മക്കുറിപ്പില്‍ വായിച്ചത്, അവരുടെ അമ്മ വൃത്തിയുടെ കാര്യത്തില്‍ നന്നായി ശ്രദ്ധിച്ചിരുന്നു എന്നാണ്. കുളിച്ച് വൃത്തിയായി നന്നായി വസ്ത്രം ധരിച്ചാണത്രെ അവരെപ്പോഴും ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ അമ്മ മക്കളെ അധികം താലോലിച്ചിരുന്നില്ല എന്ന കമലാ സുറയ്യയുടെ സങ്കടം പറച്ചിലിലും 'വൃത്തി' പ്രതിക്കൂട്ടിലാണ്.
വൃത്തിക്ക് ഇസ്ലാം നല്‍കുന്ന പ്രാധാന്യം മുമ്പ് സൂചിപ്പിച്ചിരുന്നല്ലോ. 'വൃത്തി വിശ്വാസത്തിന്റെ പകുതിയാണ്' എന്നുവരെ പ്രവാചകന്‍ പഠിപ്പിച്ചിട്ടുണ്ട്. അതേസമയം, മനുഷ്യനെ മനുഷ്യനില്‍നിന്നകറ്റുന്ന, മനുഷ്യപ്പറ്റില്ലാത്ത 'വൃത്തി' ഇസ്‌ലാമിനന്യമാണ്. കാരണം, അത് മനുഷ്യനെതിരാണ്. അതില്ലാതാക്കല്‍ ഇസ്‌ലാമിന്റെ ലക്ഷ്യവുമാണ്. അതിനു പറ്റുന്ന ഏറ്റവും നല്ല ഒരു വേദിയാണ് 'തീന്മേശ'.
ഭക്ഷണം വിളമ്പുന്നിടത്തും അത് കഴിക്കുന്നിടത്തും സംസ്‌കാരങ്ങളുണ്ട്. ഇവിടെയും മനുഷ്യത്വത്തിന്റെ 'ചേരുവ'ക്കാണ് ഇസ്ലാം പ്രാമുഖ്യം നല്‍കുന്നത്. ഏതൊരാളെയും 'ആദം തറവാട്ടുകാര്‍' എന്ന നിലക്ക് ഒന്നിച്ചിരുത്തി ഭക്ഷണം കഴിപ്പിക്കുന്ന ഇസ്ലാമിന്റെ രീതി മനോഹരമാണ്. ഭക്ഷണ മര്യാദയായി പ്രവാചകന്‍ പഠിപ്പിച്ചു: 'നിങ്ങള്‍ ഭക്ഷണം ഒന്നിച്ചിരുന്ന് കഴിക്കുക. കഴിക്കുമ്പോള്‍ ദൈവനാമം ഉച്ചരിക്കുകയും ചെയ്യുക. ദൈവം നിങ്ങള്‍ക്കതില്‍ അനുഗ്രഹം ചൊരിയുന്നതാണ്.' ഭക്ഷണത്തില്‍ മനുഷ്യത്വത്തിന്റെ 'ചേരുവ'ക്ക് ഇസ്ലാം വലിയ പ്രാധാന്യമാണ് നല്‍കുന്നത്. അഗതിക്ക് അവന്റെ അന്നം നല്‍കാന്‍ പ്രേരിപ്പിക്കാതിരിക്കല്‍ ദൈവനിഷേധം പോലെയാണെന്ന് ഖുര്‍ആന്‍ പറയുന്നുണ്ടല്ലോ. അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ വയറുനിറച്ചുണ്ണുന്നവന്‍ സത്യവിശ്വാസിയല്ല എന്ന് പ്രവാചകനും പറഞ്ഞിട്ടുണ്ട്.      
ഭക്ഷണ മര്യാദയും മനുഷ്യ സാഹോദര്യവും തമ്മില്‍ വലിയ ബന്ധമാണുള്ളത്. ചില മനുഷ്യര്‍ ചില മനുഷ്യരുടെ കൂടെയിരുന്ന് ഭക്ഷണം കഴിക്കുകയില്ല. ചില മനുഷ്യരിലെ 'സംസ്‌കാരം' ചില മനുഷ്യരെ ഭക്ഷണം കഴിക്കുന്നിടത്തു നിന്ന് ആട്ടിയോടിക്കും.
കാഷ്യസ് ക്ലേ എന്ന ലോകപ്രശസ്ത ബോക്‌സിംഗ് ചാമ്പ്യന്‍ ഒരിക്കല്‍ ആട്ടിയോടിക്കപ്പെട്ടത് അമേരിക്കയിലെ ഒരു ഹോട്ടലില്‍നിന്നാണ്, അഥവാ ഭക്ഷണം വിളമ്പുന്നിടത്തു നിന്നാണ്. ആ സംഭവം ഇവിടെ ഉദ്ധരിക്കുന്നത് പ്രസക്തമാണെന്ന് തോന്നുന്നു:
''ഒരു ദിവസം കാഷ്യസ് തന്റെ സൈക്കിളുമായി ലൂയിവില്ലെയുടെ താഴത്തങ്ങാടിയില്‍ എത്തി. കൂട്ടുകാരന്‍ റോണിയുമുണ്ടായിരുന്നു കൂടെ. പെട്ടെന്ന് മഴ പെയ്തപ്പോള്‍ സൈക്കിള്‍ ഒരിടത്ത് പാര്‍ക്ക് ചെയ്ത് ഇരുവരും ഒരു റസ്റ്റോറന്റില്‍ കയറി.
അവിടെ ഒഴിഞ്ഞുകിടന്ന രണ്ട് കസേരകളില്‍ അവര്‍ ഇരുന്നു. വെയ്റ്റര്‍ ഒരു സ്ത്രീ ആയിരുന്നു. അവര്‍ അടുത്തു വന്നപ്പോള്‍ രണ്ട് ചീസ്ബര്‍ഗിനും വാനില മില്‍ക് ഷെയ്ക്കിനും ഓര്‍ഡര്‍ നല്‍കി. വെയ്റ്റര്‍ പറഞ്ഞു:
'നീഗ്രോകള്‍ക്ക് ഇവിടെ ഭക്ഷണം നല്‍കാറില്ല.'
കാഷ്യസ് വിനയത്തോടെ പറഞ്ഞു:
'ഞാന്‍ കാഷ്യസ് ക്ലേ ആണ്. ഒളിമ്പിക്‌സ് ചാമ്പ്യന്‍.'
ക്ലേയുടെ കഴുത്തില്‍ തൂങ്ങുന്ന സ്വര്‍ണമെഡല്‍ റോണി അവര്‍ക്ക് കാണിച്ചുകൊടുത്തു.
വെയ്റ്റര്‍ ഒന്നും പറയാതെ അവിടെ നിന്നു പോയി. റസ്റ്റോറന്റ് മാനേജറുടെ അടുക്കല്‍ ചെന്ന് അല്‍പനേരം സംസാരിച്ച ശേഷം അവര്‍ തിരിച്ചു വന്നു.
'ക്ഷമിക്കണം. നിങ്ങള്‍ക്ക് ഭക്ഷണം നല്‍കാന്‍ മാനേജറുടെ അനുമതിയില്ല. അതുകൊണ്ട് നിങ്ങള്‍ ദയവായി ഇറങ്ങിപ്പോകണം.'
മറുവാക്ക് പറയാതെ രണ്ടു പേരും എഴുന്നേറ്റ് പുറത്തിറങ്ങി.
കാഷ്യസിന് അടക്കാനാവാത്ത സങ്കടം തോന്നി. തന്റെ ഒളിമ്പിക്‌സ് മെഡലിന് ഒരു വിലയുമില്ലെന്ന് അവന് ബോധ്യപ്പെട്ടു.
റോണിയോട് വിടപറഞ്ഞ് അവന്‍ സൈക്കിളില്‍ കയറി.
ഓഹിയോ നദിക്ക് കുറുകെയുള്ള പാലത്തിന്റെ മധ്യത്തിലെത്തിയപ്പോള്‍ അവന്‍ സൈക്കിള്‍ നിര്‍ത്തി.
ഒരിക്കലും ഊരിവെച്ചിട്ടില്ലാത്ത ഒളിമ്പിക്‌സ് സ്വര്‍ണമെഡല്‍, ആദ്യമായി അവന്‍ കഴുത്തില്‍നിന്നും ഊരി കൈയില്‍ പിടിച്ചു.
തനിക്കോ തന്റെ വര്‍ഗക്കാര്‍ക്കോ ഒരു പ്രയോജനവുമില്ലാത്ത ഈ സ്വര്‍ണപ്പതക്കം ഇനിയും കഴുത്തിലണിഞ്ഞു നടക്കുന്നതില്‍ കാര്യമില്ല. അവനത് ഓഹിയോ നദിയിലേക്ക് വലിച്ചെറിഞ്ഞു.
പിന്നെ ഒരു നിമിഷം അവിടെ നിന്നില്ല. താന്‍ ജീവനു തുല്യം സ്‌നേഹിച്ച ആ സ്വര്‍ണമെഡല്‍ പുഴയുടെ ആഴങ്ങളിലേക്ക് താണിറങ്ങിപ്പോകുന്നത് കണ്ടുനില്‍ക്കാന്‍ അവന്റെ മനസ്സിന് കരുത്തുണ്ടായിരുന്നില്ല.'' ഈ സംഭവത്തിനു ശേഷമാണ് കാഷ്യസ് ക്ലേ മുഹമ്മദലി ആയി മാറുന്നത്.
അബ്ദുര്‍റഹ്മാന്‍ മുന്നൂര് എഴുതി, ഐ.പി.എച്ച് പ്രസിദ്ധീകരിച്ച 'മുഹമ്മദലി ഠവല ഏൃലമലേേെ' എന്ന പുസ്തകത്തില്‍നിന്നുദ്ധരിച്ചതാണിത്.
ചന്ദ്രോപരിതലത്തില്‍ ആദ്യമായി കാല് കുത്തിയവര്‍ എന്നറിയപ്പെടുന്ന അമേരിക്കയിലെ മനുഷ്യരുടെ കഥയാണിത്. മാത്രമല്ല, മുഹമ്മദ് അലിയുമായി ബന്ധപ്പെട്ട മറ്റൊരു സംഭവം പുസ്തകത്തിന്റെ ആമുഖത്തില്‍ പറയുന്നുണ്ട്:
''കുട്ടികളെ വളരെയധികം സ്‌നേഹിച്ചിരുന്നു മുഹമ്മദലി. ഒരിക്കല്‍ രാത്രി മുഴുവന്‍ ഉറക്കൊഴിഞ്ഞ അദ്ദേഹത്തോട് ഒരു സുഹൃത്ത് അതിന്റെ കാരണം തിരക്കി. 'പട്ടിണി കിടക്കുന്ന കുട്ടികളെ ഓര്‍ത്ത് ഉറക്കം വന്നില്ല' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.''
ഭക്ഷണവും സാഹോദര്യവും തമ്മിലുള്ള ബന്ധം വളരെ വലുതാണ്. വര്‍ണവിവേചനവും ജാതീയതയുമൊക്കെ മനുഷ്യസാഹോദര്യത്തിനും മാനവികതക്കുമെതിരാണ്. അത്തരം സംസ്‌കാരങ്ങള്‍ മനുഷ്യരെ അകറ്റുക പ്രധാനമായും രണ്ട് സ്ഥലങ്ങളില്‍നിന്നാണ് എന്നു കാണാം. അതിലൊന്ന് ആരാധനാലയങ്ങളാണെങ്കില്‍ മറ്റൊന്ന് 'തീന്മേശ'കളാണ്. അതിനാലാണ് ആരാധനാലയങ്ങളുടെ പരിസരങ്ങളില്‍ പ്രവേശിക്കാന്‍ ചില 'മനുഷ്യര്‍'ക്ക് സമരം ചെയ്യേണ്ടിവന്നത്.
അതുപോലെ, അയിത്താചാരത്തിനെതിരിലുള്ള സമരത്തില്‍ 'പന്തിഭോജന'ത്തെ സഹോദരന്‍ അയ്യപ്പന്‍ ഒരു ആയുധമാക്കിയതും ഇവിടെ സ്മരണീയമാണ്. വിവിധ ജാതിക്കാരെ ഒന്നിച്ചിരുത്തി ഭക്ഷണം കഴിപ്പിച്ച സമരമാണല്ലോ 'പന്തിഭോജനം' എന്നറിയപ്പെടുന്നത്. ജാതീയതക്കെതിരില്‍ ഇത്തരം ധാരാളം സമരങ്ങള്‍ നടന്നിട്ടുണ്ട്. മനുഷ്യമനസ്സില്‍ വേരുറച്ച ജാതിബോധത്തെ മാറ്റാന്‍ സമരങ്ങള്‍ കൊണ്ട് സാധ്യമല്ല എന്ന യാഥാര്‍ഥ്യമാണ് ചരിത്രവും സമകാലിക ലോകവും പറഞ്ഞുതരുന്നത്. സ്രഷ്ടാവായ ദൈവത്തിലേക്കുള്ള മടക്കം കൊണ്ട് മാത്രം സാധ്യമാകുന്ന ഒന്നാണത്. 
ഈ വിഷയവുമായി ബന്ധപ്പെട്ട് പഠനം നടക്കവെ ശ്രദ്ധയില്‍പെട്ടതും ഡയറിയില്‍ കുറിച്ചതുമായ ഒരു ചരിത്രസംഭവം കൂടി ഇവിടെ ഉദ്ധരിക്കട്ടെ:
അരയ വംശോദ്ധാരണി സഭാ സ്ഥാപകനും കവിയുമായിരുന്നല്ലോ പണ്ഡിറ്റ് കറുപ്പന്‍. കൊച്ചി രാജകൊട്ടാരത്തില്‍ നടന്ന ഒരു വിരുന്നില്‍ ഇസ്ലാം സ്വീകരിച്ച പുലയ സമുദായാംഗത്തെ ക്ഷണിച്ചിരുന്നു. പണ്ഡിറ്റ് കറുപ്പനെ ക്ഷണിച്ചിരുന്നില്ല. ഈ സംഭവത്തെപ്പറ്റി അദ്ദേഹം എഴുതി: 
'അല്ലാ ഇവനൊരു പുലയനല്ലേ,
അള്ളാ മതം നാളെ സ്വീകരിച്ചാല്‍
ഇല്ലാ തടസ്സം ഇല്ലില്ലായിടവും പോകാം
ഇല്ലത്തും പോയിടാം യോഗപ്പെണ്ണേ,
നോക്ക് സുന്നത്തിന്‍ മാഹാത്മ്യം ജ്ഞാനപ്പെണ്ണേ.'
വെള്ളിമാടുകുന്നിലെ തീന്മേശയിലെ അനുഭവം മനുഷ്യപ്പറ്റില്ലാത്ത വൃത്തിസങ്കല്‍പത്തെ മാറ്റിമറിച്ചു. സാഹോദര്യവും ഭക്ഷണവും തമ്മിലുള്ള ബന്ധം പഠിക്കാന്‍ കാരണമായി. പിന്നീടുണ്ടായ മനംമാറ്റം ഒരു പശ്ചാത്താപമായി മാറി. ഭക്ഷണത്തളികയിലേക്ക് കൈ കൊണ്ട് ചോറ് വാരിയിട്ട ആ കൈ ഒരു സാധാരണ കൈ ആയിരുന്നില്ല എന്നറിഞ്ഞത് പിന്നീടാണ്. 'വിഷന്‍-2026' പോലെയുള്ള മഹാ സംരംഭങ്ങളിലൂടെ ആയിരക്കണക്കിന് ദരിദ്രര്‍ക്ക് ചോറ് വാരിക്കൊടുക്കാന്‍ നിമിത്തമായ കൈയല്ലേ അത്! അതോര്‍ക്കുമ്പോള്‍ മനസ്സിലൊരു നീറ്റല്‍; അതോടൊപ്പം പശ്ചാത്താപവും പിന്നെ പ്രാര്‍ഥനയും.
നികാഹിനെക്കുറിച്ചാണല്ലോ പറഞ്ഞുവന്നത്. ആയിരക്കണക്കിന് സഹോദരങ്ങള്‍ സാക്ഷികളായി നികാഹ് നടന്നു. പ്രിയപ്പെട്ട സഹോദരന്മാരില്ല, സഹോദരികളില്ല, അളിയന്മാരുമില്ല. ജ്യേഷ്ഠന്മാരുടെയും സഹോദരിമാരുടെയും പ്രിയപ്പെട്ട കുഞ്ഞു മക്കളാരുമില്ല. പ്രിയപ്പെട്ട നാട്ടുകാരും പല കൂട്ടുകാരുമില്ല. ആയിരങ്ങള്‍ക്കിടയില്‍ പ്രിയപ്പെട്ട അമ്മ മാത്രം!
നികാഹ് കഴിഞ്ഞ്, സ്റ്റേജില്‍നിന്നിറങ്ങി ജനക്കൂട്ടത്തിനിടയിലൂടെ നീങ്ങവെ, കൈയില്‍ ആരോ പിടിച്ചു. വിശ്വസിക്കാനായില്ല, ഒരു പെങ്ങളുടെ ഭര്‍ത്താവാണ് കൈയില്‍ പിടിച്ച് മുമ്പില്‍ നില്‍ക്കുന്നത്!
'ഞാന്‍ വന്ന കാര്യം ആരോടും പറയരുത്' എന്ന് പറഞ്ഞാണ് അദ്ദേഹം സംസാരം തുടങ്ങിയത്. 

(തുടരും)
 

Comments

ഖുര്‍ആന്‍ ബോധനം

സൂറ-37 / അസ്സ്വാഫ്ഫാത്ത (114-122)
ടി.കെ ഉബൈദ്‌