Prabodhanm Weekly

Pages

Search

2021 മാര്‍ച്ച്‌ 26

3195

1442 ശഅ്ബാന്‍ 12

കൂട്ടൂകച്ചവടത്തിലെ ലാഭം പലിശയാകാതിരിക്കാന്‍

മുശീര്‍

നാട്ടില്‍ ഇന്ന് കൂട്ടൂകച്ചവടം പൊടിപൊടിക്കുന്നു. ഒരാളുടെ പക്കല്‍ അഞ്ചോ പത്തോ ലക്ഷം രൂപയുണ്ടെങ്കില്‍ അത് ഏതെങ്കിലും വ്യക്തിക്കോ സ്ഥാപനത്തിനോ നല്‍കി മാസത്തില്‍ ലാഭവിഹിതം  സ്വീകരിക്കുന്ന രീതിയാണുള്ളത്. പണം ലാഭ-നഷ്ട കച്ചവടത്തിന് നല്‍കി പലിശരഹിത വരുമാനം എന്നതാണ് ഇതിന് പ്രചോദനം.
ഈ ചോദ്യകര്‍ത്താവും ഒരു വ്യക്തിയുടെ കൈവശം, മാസം മുപ്പതിനായിരം രൂപ നല്‍കും (ലഭിക്കും) എന്ന വ്യവസ്ഥയില്‍ ഷെയര്‍ ഇനത്തില്‍ പത്തു ലക്ഷം നല്‍കിയിരിക്കുന്നു.
ഇതില്‍ ആദ്യ കുറച്ചു മാസങ്ങളില്‍ മൂപ്പതിനായിരം രൂപ വീതം ലഭിച്ചിരുന്നു.  കോവിഡ് വന്നതിനു ശേഷം ഒരു വര്‍ഷമായി ഒന്നും ലഭിച്ചിട്ടില്ല. ചോദിച്ചപ്പോള്‍ കണക്ക് പ്രകാരം മൂന്ന് ലക്ഷം നിങ്ങള്‍ക്ക് തരാന്‍ താന്‍  ബാധ്യസ്ഥനാണെന്നും കോവിഡ് കാലത്ത് കച്ചവടം നഷ്ടമായതിനാല്‍ അതിന്റെ പകുതി ഒന്നര ലക്ഷം നല്‍കാമെന്നും പ്രസ്തുത വ്യക്തി അറിയിച്ചു. ലാഭ-നഷ്ട പങ്കാളി എന്ന അര്‍ഥത്തില്‍ അതിന്  ഈ ചോദ്യകര്‍ത്താവ്  സമ്മതിച്ചിട്ടുമുണ്ട്. കച്ചവടം മൊത്തത്തില്‍ നഷ്ടമാണെങ്കില്‍ ഒന്നും വാങ്ങാതിരിക്കാനും ഈ കുറിപ്പുകാരന്‍ ഒരുക്കമാണ്! പക്ഷേ, കച്ചവടത്തിന്റെ രീതിയോ അധ്വാനമോ കണക്കുകളോ ലാഭ-നഷ്ടമോ ഒന്നും ഈ ചോദ്യകര്‍ത്താവ് അറിയുന്നില്ല.
ഈ ഷെയര്‍ കച്ചവടത്തിന്റെയും, ഇത്തരം ഷെയര്‍ (ലാഭ-നഷ്ട) കച്ചവടത്തിന്റെയും ഇസ്‌ലാമിക വിധിയെന്താണ്? അനുവദനീയമല്ലങ്കില്‍ ഈ ചോദ്യകര്‍ത്താവ് നല്‍കിയ പണം (പത്ത് ലക്ഷം) പിന്‍വലിക്കുന്നതുമാണ്. വിശദമായ മറുപടി പ്രതീക്ഷിക്കുന്നു.

പത്തുലക്ഷം കൊടുത്താല്‍, മാസം തോറും മുപ്പതിനായിരം തരാം എന്ന വ്യവസ്ഥയില്‍ താങ്കള്‍ നടത്തിയിട്ടുള്ള ഈ ഇടപാട് ഇസ്‌ലാമികദൃഷ്ട്യാ തെറ്റാണ്.  കാരണം ഇത്തരം ഇടപാടുകള്‍ സാധുവാകാന്‍ ഇസ്‌ലാം നിഷ്‌കര്‍ഷിച്ച അനിവാര്യമായ ഉപാധികള്‍ ഇവിടെ പരിഗണിക്കപ്പെട്ടിട്ടില്ല. അതുകൊണ്ടുതന്നെ ചോദ്യകര്‍ത്താവും സംരംഭകനും രണ്ടു പേരും ഇവിടെ ഒരേപോലെ കുറ്റക്കാരാണ്. ഒരു കക്ഷി മുതല്‍മുടക്കുകയും മറുകക്ഷി തന്റെ കഴിവും പ്രാവീണ്യവും ഉപയോഗപ്പെടുത്തി ബിസിനസ് നടത്തുകയും ചെയ്യുന്ന തരത്തിലുള്ള ഇടപാടിന് ഇസ്‌ലാമിക കര്‍മശാസ്ത്രത്തില്‍ മുദാറബ എന്നാണ് പറയുക. ഇത്തരം സംരംഭങ്ങളില്‍നിന്നും ലഭിക്കുന്ന ലാഭം നേരത്തേ ഉണ്ടാക്കിയിട്ടുള്ള കരാര്‍ അനുസരിച്ച് ഇരു പങ്കാളികളും ആനുപാതികമായി പങ്കുവെക്കുകയും, നഷ്ടം വരികയാണെങ്കില്‍ മുതല്‍മുടക്കുന്നയാള്‍ക്ക് തന്റെ പണവും മറുകക്ഷിക്ക് തന്റെ അധ്വാനവും നഷ്ടമാവുകയും ചെയ്യുക എന്നതാണ് മുദാറബയുടെ നിയമം.
ഇങ്ങനെയുള്ള ഇടപാടുകള്‍ സാധുവാകണമെങ്കില്‍ ചില ഉപാധികള്‍ പാലിച്ചിരിക്കല്‍ നിര്‍ബന്ധമാണ്. അതില്‍ പ്രധാനപ്പെട്ടതാണ് ലാഭവിഹിതം മുന്‍കൂട്ടി നിശ്ചയിച്ചിരിക്കണമെന്നത്. എന്നാല്‍, അത് ഒരു നിശ്ചിത സംഖ്യയായിരിക്കരുത്. ലാഭം ഒരു നിശ്ചിത സംഖ്യയായിട്ടാണ് നിജപ്പെടുത്തിയിട്ടുള്ളതെങ്കില്‍ ആ ഇടപാട് അസാധുവാകും. അതിനാല്‍ ലാഭം കിട്ടിയാല്‍ അതിന്റെ ഇത്ര ശതമാനം എന്നായിരിക്കണം നിശ്ചയിക്കേണ്ടത്. അല്ലാതെ താന്‍ മുടക്കിയ മുതലിന്റെ ഇത്ര ശതമാനം എന്നല്ല. കാരണം അങ്ങനെ വരുമ്പോള്‍ ലാഭം എപ്പോഴും ഒരു നിശ്ചിത സംഖ്യ തന്നെയായിരിക്കും. രണ്ടും തമ്മിലുള്ള വ്യത്യാസം, ലാഭം എല്ലായ്പ്പോഴും തുല്യമോ നിശ്ചിതമോ ആയിരിക്കില്ല എന്നതാണ്. ലഭിക്കുന്ന മൊത്തം  ലാഭത്തിന്റെ ഏറ്റക്കുറച്ചിലനുസരിച്ച് ഓരോരുത്തരുടെയും ലാഭവിഹിതവും കൂടിയും കുറഞ്ഞുമിരിക്കുമെന്നര്‍ഥം. എന്നാല്‍ ലാഭം താന്‍ മുടക്കിയ മുതലിന്റെ ഇത്ര ശതമാനമായിരിക്കും  എന്നു നിബന്ധന വെച്ചാല്‍ ഒന്നുകില്‍ അന്യായമായ ലാഭം പറ്റാനും, അല്ലെങ്കില്‍ ന്യായമായ ലാഭവിഹിതം ലഭിക്കാതിരിക്കാനുമെല്ലാം സാധ്യതയുണ്ട്.
ചോദ്യകര്‍ത്താവ് സൂചിപ്പിച്ചപോലെ പത്തു ലക്ഷത്തിന് മുപ്പതിനായിരം എന്ന വ്യവസ്ഥ പ്രകാരം, ഒരു മാസം ആകെ കിട്ടിയ ലാഭം മുപ്പതിനായിരമാണെങ്കില്‍ അതു മുഴുവന്‍ മുതല്‍മുടക്കിയ താങ്കള്‍ക്ക് അദ്ദേഹം നല്‍കേണ്ടിവരുമല്ലോ. അപ്പോള്‍ അധ്വാനിച്ചവന് തന്റെ അധ്വാനത്തിന് ഒരു മെച്ചവും കിട്ടുകയില്ലെന്നു മാത്രമല്ല, അത്രയും തുക അദ്ദേഹം തന്റെ സ്വന്തം പോക്കറ്റില്‍നിന്ന് എടുത്തുതരേണ്ടി വരികയും ചെയ്യും.
നേരെ തിരിച്ചും സംഭവിക്കാം. അതായത് ഒരുമാസം ആകെ കിട്ടിയ ലാഭം ഒരു ലക്ഷമാണെങ്കിലും അഞ്ചു ലക്ഷമാണെങ്കിലുമൊക്കെ മുതല്‍മുടക്കിയ താങ്കള്‍ക്കു ആകെ മുപ്പതിനായിരം മാത്രമേ അദ്ദേഹം തരേണ്ടിവരികയുള്ളൂ.
ഈ ഇടപാടിലെ മറ്റൊരു ന്യൂനത, നഷ്ടം സംഭവിച്ചാലത്തെ അവസ്ഥയെ പറ്റി മൂര്‍ത്തമായ ഒരു ധാരണയും നിങ്ങള്‍ ഇടപാടുകാര്‍ തമ്മില്‍ ഇല്ല എന്നതാണ്. അതുകൊണ്ടാണല്ലോ, 'കണക്കുപ്രകാരം മൂന്നു ലക്ഷം നിങ്ങള്‍ക്ക് തരാന്‍ താന്‍ ബാധ്യസ്ഥനാണെന്നും, എന്നാല്‍ കോവിഡ് കാരണം കച്ചവടം നഷ്ടമായതിനാല്‍ അതിന്റെ പകുതി ഒന്നര ലക്ഷം നല്‍കാമെന്നും പ്രസ്തുത വ്യക്തി അറിയിച്ചു' എന്ന് ചോദ്യത്തില്‍ താങ്കള്‍ പരാമര്‍ശിച്ചത്. സംരംഭം നഷ്ടത്തിലാണെങ്കില്‍ പിന്നെങ്ങനെയാണ് ഈ മൂന്നു ലക്ഷം അദ്ദേഹം നിങ്ങള്‍ക്കു തരേണ്ടിവരിക? ഇതു പലിശക്ക് കടംകൊടുത്തതു പോലെത്തന്നെയല്ലേ? നിക്ഷേപകര്‍ക്ക് മുടക്കുമുതലിന്റെ നിശ്ചിത ശതമാനം ലാഭവിഹിതം നല്‍കും, അതുപോലെ മുടക്കുമുതല്‍ സുരക്ഷിതമായി  അവശേഷിക്കുകയും ചെയ്യും എന്ന മട്ടില്‍ വ്യവസ്ഥകളുള്ള എല്ലാതരം ഇടപാടുകളും അനിസ്‌ലാമികവും നിഷിദ്ധവുമാണ്. പൗരാണികരും ആധുനികരുമായ മുഴുവന്‍ ഫുഖഹാഇന്റെയും, ഇന്ന് മുസ്‌ലിംലോകത്ത് നിലവിലുള്ള ഫിഖ്ഹ് അക്കാദമികളുടെയുമെല്ലാം അഭിപ്രായവും ഇതു തന്നെയാണ്.
വിഖ്യാത കര്‍മശാസ്ത്ര ഗ്രന്ഥമായ മുഗ്‌നിയില്‍ ഇമാം ഇബ്നു ഖുദാമ പറയുന്നു: ''പങ്കാളികളിലാരെങ്കിലും തന്റെ ലാഭവിഹിതം നിര്‍ണിത എണ്ണം ദിര്‍ഹം എന്നു നിശ്ചയിക്കുകയോ, അല്ലെങ്കില്‍ ഒരു ഭാഗവും പത്തു ദിര്‍ഹമും എന്നു നിശ്ചയിക്കുകേയാ ചെയ്താല്‍ ആ കൂട്ടുകച്ചവടം അതോടെ ബാത്വിലായി. ഇമാം ഇബ്നുല്‍ മുന്‍ദിര്‍ പറഞ്ഞു:  കൂറുകച്ചവടത്തില്‍ പങ്കാളികളിലാരെങ്കിലും ഒരാളോ ഇനി രണ്ടുപേരുമോ തങ്ങളുടെ ലാഭവിഹിതം സുനിര്‍ണിതമായ സംഖ്യ നിബന്ധനയായി വെച്ചാല്‍ ആ ഇടപാട് അസാധുവാണെന്ന കാര്യത്തില്‍ പണ്ഡിതന്മാരെല്ലാം ഏകോപിച്ചിരിക്കുന്നു. അങ്ങനെ നാം മനസ്സിലാക്കിയിട്ടുള്ളവരില്‍  ഇമാം മാലിക്, ഔസാഈ, ശാഫിഈ, അബു സൗര്‍, ഹനഫീ മദ്ഹബുകാര്‍ തുടങ്ങിയവരെല്ലാം പെടുന്നു. ആ ഇടപാട് സാധുവാകാത്തത് രണ്ട് കാരണങ്ങളാലാണ്: ഒന്ന്, നിര്‍ണിത സംഖ്യ ഉപാധി വെച്ചാല്‍ അതല്ലാതെ ലാഭം നേടിയില്ലെന്ന് വരാം. അപ്പോള്‍ കിട്ടിയ ലാഭം മുഴുവന്‍ ഒരാളിലേക്കു മാത്രമായി ചുരുങ്ങും, ലാഭം ഉപാധിവെച്ച തുകയേക്കാള്‍ കുറഞ്ഞെന്നും വരാം. അപ്പോള്‍ മുതലില്‍നിന്നും എടുത്തു കൊടുക്കണ്ടിവരും. ഇനി ലാഭം ഉപാധി വെച്ചതിനേക്കാള്‍ അധികമാണെങ്കില്‍ ഉപാധിവെച്ചവന് അതു വഴി കോട്ടം സംഭവിക്കുകയും ചെയ്യും. രണ്ട്, എണ്ണി തിട്ടപ്പെടുത്താന്‍ കഴിയാത്തതിനാല്‍ ജോലി ചെയ്യുന്നവന്റെ ഓഹരിഭാഗം തിരിച്ചു കണക്കാക്കേണ്ടതുണ്ട്. അപ്രകാരം വിഹിതം അജ്ഞാതമാകുന്ന പക്ഷം ആ കൂട്ടുകച്ചവടം അസാധുവായി. അതുപോലെ തന്നെയാണ് ജോലി ചെയ്യുന്നവന്‍ ഒരു നിശ്ചിത തുക ലാഭം ഉപാധിവെച്ചാലും. കാരണം ജോലി ചെയ്യുന്നവന്‍ തന്റെ വിഹിതം നിശ്ചിത സംഖ്യയായി നിര്‍ണയിച്ചാല്‍ ഒരുവേള ലാഭമുണ്ടാക്കുന്നതില്‍ ഉദാസീനത കാണിക്കാനിടവരാം. അവനതില്‍ പ്രത്യേകിച്ച് ഗുണമൊന്നുമില്ലാത്തതാണ് അതിന് കാരണം. അതിന്റെ ഗുണം മറു കക്ഷിക്കാണല്ലോ. നേരെമറിച്ച് തനിക്കുള്ളത് ലാഭത്തില്‍നിന്ന് ഒരു വിഹിതമെന്നാണെങ്കില്‍ പരമാവധി ലാഭം നേടാനായിരിക്കും അവന്റെ ശ്രമം'' (മുഗ്‌നി: മസ്അല: 3658).
ഇവ്വിഷയകമായി 1995 ജനുവരിയില്‍ മക്കയില്‍ ചേര്‍ന്ന ഇസ്‌ലാമിക് ഫിഖ്ഹ് അക്കാദമി കൗണ്‍സില്‍ തീരുമാനം കാണുക:
''കൂറുകച്ചവടക്കാരന്‍ നടത്തിപ്പുകാരന്റെ മേല്‍ നിശ്ചിത തുക ലാഭം നിശ്ചയിക്കാന്‍ പാടില്ല. കാരണം അത് കൂറുകച്ചവടത്തിന്റെ ചൈതന്യത്തിന് എതിരാകുന്നു. അതു പലിശക്ക് കടം കൊടുക്കലായിത്തീരും. ലാഭം ഒരു വേള ഈ നിശ്ചയിച്ചതിനേക്കാള്‍ കൂടുതലായി ഒന്നും കിട്ടാതെ വരാം, അങ്ങനെ വരുമ്പോള്‍ മുഴുവന്‍ സംഖ്യയും അവന്‍ സ്വന്തമാക്കും. ഇനി സംരംഭം നഷ്ടത്തിലാവാം, അല്ലെങ്കില്‍ നിശ്ചയിച്ചതിനേക്കാള്‍ കുറഞ്ഞ ലാഭമേ കിട്ടിയുള്ളു എന്ന് വരാം, അപ്പോള്‍ നടത്തിപ്പുകാരന്‍ നഷ്ടം സ്വയം സഹിക്കേണ്ടിയും വരും'' (ഫിഖ്ഹ് അക്കാദമി കൗണ്‍സില്‍ തീരുമാനങ്ങള്‍).
ഉദാഹരണത്തിന്, ഒരാള്‍ ഒരു ലക്ഷം രൂപ നിക്ഷേപിച്ചു. കരാര്‍ പ്രകാരം 2000 രൂപ പ്രതിമാസം അയാള്‍ക്ക് നല്‍കണം. ഒരു ലക്ഷത്തിന് വെറും 1000 രൂപ മാത്രമാണ് സംരംഭകന് ലാഭമായി ലഭിച്ചതെങ്കില്‍ പോലും അയാള്‍ നിക്ഷേപകന് 2000 നല്‍കാന്‍ ബാധ്യസ്ഥനാകുന്നു. ഇതിനര്‍ഥം അയാള്‍ മറുകക്ഷിക്ക് 1000  സ്വന്തം പോക്കറ്റില്‍നിന്ന് എടുത്തുകൊടുക്കേണ്ടിവരുമെന്നാണ്. ഇവിടെ ആ നഷ്ടം അയാള്‍ സ്വയം വഹിക്കേണ്ടിവരുന്നു. എന്നുമാത്രമല്ല, താന്‍ അതുവരെ ചെയ്ത ജോലി വെറുതെയാവുകയും ചെയ്യുന്നു.
ഇനി ഒരു ലക്ഷം രൂപക്ക് 10000 രൂപ എന്ന നിരക്കില്‍ സംരംഭകന് ലാഭമുണ്ടായി എന്ന് കരുതുക. നിക്ഷേപകന് 2000 മാത്രമേ ലഭിക്കുന്നുള്ളൂ. ലാഭത്തില്‍ ഉണ്ടായ വര്‍ധനവില്‍ നിക്ഷേപകന് യാതൊരു പ്രയോജനവും ലഭിക്കുന്നില്ല. ഇതും അനീതിയാണ്. അതുകൊണ്ടാണ് എത്രയാണോ ലാഭം ലഭിക്കുന്നത് അതിന്റെ നിശ്ചിത ശതമാനം നിക്ഷേപകനും, നിശ്ചിത ശതമാനം സംരംഭകനും എന്ന നിലക്കായിരിക്കണം ലാഭവിഹിതം ഓഹരിവെക്കപ്പെടേണ്ടത് എന്ന് ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്നത്. ഇനി, ലാഭം 50 ശതമാനം എന്ന തോതില്‍ ഇരുവരും പങ്കിട്ടെടുക്കും എന്നാണ് വ്യവസ്ഥയെന്ന് കരുതുക. ഒരു ലക്ഷം രൂപക്ക് 1000 രൂപ ലാഭം ലഭിച്ചാല്‍ ഇരുവര്‍ക്കും 500 വീതം ലഭിക്കും. ഇനി 2000 രൂപയാണ് ലാഭം ലഭിച്ചത് എങ്കില്‍ രണ്ടു പേര്‍ക്കും 1000 വീതവും, എത്ര കൂടുന്നുവോ അതും ഇരുവരും പങ്കിട്ടെടുക്കുന്നു, കുറഞ്ഞാല്‍ അതും പങ്കിടുന്നു.
ചുരുക്കിപ്പറഞ്ഞാല്‍, ഒരാള്‍ തന്റെ മുതല്‍ ചോദ്യത്തില്‍ പരാമര്‍ശിക്കപ്പെട്ടതുപോലുള്ള  സംരംഭത്തില്‍ നിക്ഷേപിച്ച്, എന്തു തന്നെ സംഭവിച്ചാലും താന്‍ ആവശ്യപ്പെടുമ്പോള്‍ നിക്ഷേപിച്ച തുക തിരികെ നല്‍കണം എന്ന ഉപാധിയോടെയാണ് നല്‍കുന്നതെങ്കില്‍, ഇനി അദ്ദേഹം അങ്ങനെ ആവശ്യപ്പെട്ടിട്ടില്ലെങ്കില്‍ പോലും അദ്ദേഹം നിക്ഷേപിക്കുന്ന കമ്പനി ആ പണം തിരികെ നല്‍കും എന്ന് ഉറപ്പു കൊടുക്കുന്നുവെങ്കില്‍ അതിന് ലാഭം എന്നല്ല മറ്റെന്തു പേരിട്ടു വിളിച്ചാലും അത് പലിശയാണ്, ആ സംഖ്യ എത്രയാണെങ്കിലും ശരി. കാരണം തിരിച്ചുകിട്ടും എന്ന ഉപാധിയോടെ നല്‍കുന്ന പണത്തിന് കടം എന്നാണു പറയുക. കടത്തിന്മേല്‍ ഉപാധിവെച്ചുകൊണ്ട് ലഭിക്കുന്ന ഏതൊരു ആനുകൂല്യവും പലിശയാണ് എന്നതാണ് സര്‍വാംഗീകൃതമായ തത്ത്വം.
അതേസമയം സൗകര്യത്തിനുവേണ്ടി എല്ലാ മാസവും ലാഭവിഹിതമെന്ന നിലക്ക് ഒരു നിശ്ചിത തുക നല്‍കുകയും, അങ്ങനെ വര്‍ഷാവസാനം കണക്കുകൂട്ടി കൂടുതലോ കുറവോ എങ്കില്‍ അതിനനുസരിച്ച് അങ്ങോട്ടോ ഇങ്ങോട്ടോ നല്‍കാമെന്ന് വ്യവസ്ഥ വെക്കുകയും ചെയ്യുന്നതിന് വിലക്കൊന്നുമില്ല, കാരണം അവിടെ ലാഭവിഹിതം ഒരു നിശ്ചിത സംഖ്യ എന്നു നിശ്ചയിക്കുന്നില്ല, പ്രത്യുത സൗകര്യത്തിനുവേണ്ടി അങ്ങനെ ചെയ്യുന്നുവെന്നു മാത്രം. യഥാര്‍ഥ ലാഭം വര്‍ഷാവസാനം കൃത്യമായി കണക്കുകൂട്ടി ബന്ധപ്പെട്ടവര്‍ക്കു നല്‍കുന്നുമുണ്ട്. പക്ഷേ ലാഭം എന്ന നിലക്ക് വിതരണം ചെയ്ത പണം വര്‍ഷാവസാനം, 'നിങ്ങള്‍ക്ക് അത്ര ലാഭമില്ല, അതിനാല്‍ അത്രയും തുക തിരിച്ചുതരണം' എന്നുപറഞ്ഞാല്‍ അതിന്റെ ലഭ്യതയും പ്രായോഗികതയും എത്രത്തോളമായിരിക്കും എന്നത് ചിന്തിക്കേണ്ട വിഷയമാണ്.
അപ്പോള്‍ താങ്കളുടെ മുമ്പില്‍ രണ്ടാലൊരു മാര്‍ഗമാണുള്ളത്:
ഒന്നുകില്‍ ശര്‍ഈ ഉപാധികളനുസരിച്ച് കരാര്‍ പുതുക്കി നിശ്ചയിക്കുക. അതായത്, ലാഭമുണ്ടായാല്‍ അതിന്റെ എത്ര ശതമാനമായിരിക്കും നിങ്ങള്‍ക്കു ലഭിക്കുക എന്നതില്‍ തീരുമാനമുണ്ടാക്കുക. അങ്ങനെ ഉപാധിവെക്കുന്നതോടെ ലാഭമാണോ, നഷ്ടമാണോ എന്ന് തുടങ്ങി സംരംഭത്തിന്റെ അവസ്ഥ, സമയാസമയം നിങ്ങള്‍ക്കറിയാന്‍ പറ്റും. അക്കാര്യം അറിയാനും ഉറപ്പുവരുത്താനുമുള്ള സംവിധാനം ഉണ്ടാക്കുക. അപ്പോള്‍ കേവലം കടം കൊടുത്തയാളെപ്പോലെയാകാതെ, സംരംഭത്തിലെ പങ്കാളി എന്ന നിലയിലേക്ക് നിങ്ങള്‍ മാറും.
എന്നാല്‍ ഇങ്ങനെയുള്ള വ്യവസ്ഥകളൊന്നും പൊതുവെ സംരംഭകര്‍  സ്വീകരിക്കാറില്ല. കാരണം അവര്‍ക്ക് ചുളുവില്‍ പണം സ്വരൂപിച്ച് തങ്ങളുടെ ബിസിനസ് സംരംഭം വികസിപ്പിച്ച്  ലാഭം നേടണം. ഭീമമായ പലിശക്ക് ബാങ്ക്‌ലോണെടുത്ത് കിട്ടുന്ന ലാഭം മുഴുവന്‍ പലിശയൊടുക്കേണ്ട ഗതികേടില്‍നിന്ന് രക്ഷപ്പെടാനുള്ള ഏറ്റവും നല്ല സൂത്രമാണ്, ഇങ്ങനെ ഷെയറാണെന്ന വ്യാജേന കാശ് ഒപ്പിക്കുക എന്നത്. യഥാര്‍ഥ ലാഭം ഇത്രയാണെന്ന കൃത്യമായ കണക്ക് കൊടുത്താല്‍ തത്തുല്യമായ ലാഭവിഹിതവും നിക്ഷേപകര്‍ക്കെല്ലാം ആനുപാതികമായി കൊടുക്കേണ്ടിവരും. നല്ല ലാഭകരമായ സംരംഭമാണെങ്കില്‍ വലിയ സംഖ്യ തന്നെ ലാഭമായി കൊടുക്കാനുണ്ടാവും. പക്ഷേ ഇത്തരക്കാരുടെ മനസ്സു അതിന് സമ്മതിക്കുകയില്ല.
നടേപറഞ്ഞ വ്യവസ്ഥ അദ്ദേഹം അംഗീകരിക്കാന്‍ കൂട്ടാക്കുന്നില്ലെങ്കില്‍, പിന്നെ ഒറ്റ മാര്‍ഗമേ നിങ്ങള്‍ക്കു മുമ്പിലുള്ളൂ. നിങ്ങള്‍ മുടക്കിയ പത്തു ലക്ഷം എത്രയും പെട്ടെന്ന് പിന്‍വലിച്ച്, ഹറാമായ ഇടപാടുകള്‍ക്ക് കൂട്ടുനില്‍ക്കാതിരിക്കുക.

Comments

ഖുര്‍ആന്‍ ബോധനം

സൂറ-37 / അസ്സ്വാഫ്ഫാത്ത (114-122)
ടി.കെ ഉബൈദ്‌