Prabodhanm Weekly

Pages

Search

2021 മാര്‍ച്ച്‌ 26

3195

1442 ശഅ്ബാന്‍ 12

ഗാന്ധി എന്ന ഹിന്ദു

മുഹമ്മദ് ശമീം

മതത്തെക്കുറിച്ച തന്റെ കാഴ്ചപ്പാടിനെ മഹാത്മാ ഗാന്ധി തന്നെ ഇപ്രകാരം വിവരിക്കുന്നു: 'മതം എന്ന് പറയുമ്പോള്‍ യഥാര്‍ഥത്തില്‍ ഞാന്‍ ഉദ്ദേശിക്കുന്നത് മറ്റെല്ലാ മതങ്ങളേക്കാളും ഞാന്‍ വിലമതിക്കുന്ന ഹിന്ദു മതത്തെയല്ല. ആ ഹിന്ദു മതത്തെയും അതിവര്‍ത്തിക്കുന്ന, മനുഷ്യനെ പരിവര്‍ത്തനവിധേയനാക്കുകയും ആന്തരസത്യത്തോട് അവനെ അഭേദ്യമാംവിധം ബന്ധിക്കുകയും നിരന്തരം ശുദ്ധീകരിക്കുകയും ചെയ്യുന്ന മതത്തെയാണ് ഞാന്‍ ഉദ്ദേശിക്കുന്നത്. മനുഷ്യപ്രകൃതിയുടെ സ്ഥായിയായ ഒരു ഘടകമാണത്. സമ്പൂര്‍ണമായ ആത്മാവിഷ്‌കാരം നേടുന്നതിന് എന്തു വില കൊടുക്കാനും പ്രേരിപ്പിക്കുന്ന ഘടകം. തന്നെത്തന്നെയും തന്റെ സ്രഷ്ടാവിനെയും അറിയുകയും സ്രഷ്ടാവും താനും തമ്മിലുള്ള യഥാര്‍ഥ ഐകരൂപ്യം കണ്ടെത്തുകയും ചെയ്യുന്നതു വരെ ആത്മാവിനെ അസ്വസ്ഥമാക്കിക്കൊണ്ടിരിക്കുന്ന ഒന്ന്' (Young India‑, 12/05/1920‑, ‑'My Religion'‑).

ഹിന്ദുമത പ്രമാണങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടും പ്രധാനമാണ്. വേദങ്ങള്‍ ദൈവികമാണ് എന്ന് അര്‍ഥശങ്കയില്ലാതെ പറയുന്ന ഗാന്ധി, പക്ഷേ യഥാര്‍ഥ വേദങ്ങള്‍ അലിഖിതങ്ങളാണ് എന്നു കൂടി കൂട്ടിച്ചേര്‍ക്കുന്നു. എന്തെന്നാല്‍ അക്ഷരം ആശയത്തെ കൊല്ലുന്നു. ആന്തരാര്‍ഥമാണ് യഥാര്‍ഥ വെളിച്ചം നല്‍കുന്നത്. ചാരിത്ര്യശുദ്ധി, സത്യം, വിനയം, നിഷ്‌കളങ്കത, ഉദാരത, ശാലീനത, ക്ഷമ, ഈശ്വരവിചാരം തുടങ്ങി സ്ത്രീയെയും പുരുഷനെയും വിശിഷ്ടരും ധീരരുമാക്കുന്ന എല്ലാമാണ് വേദസാരം. വേദാക്ഷരങ്ങള്‍ ഉദ്ധരിച്ച് യുക്തിയെയും സത്യത്തെയും അതിലംഘിക്കുന്ന പ്രമാണങ്ങള്‍ ഉന്നയിച്ചാല്‍ താന്‍ അംഗീകരിക്കില്ല. വേദാനുശാസനമുണ്ടെന്ന ന്യായത്തില്‍ കളങ്കമില്ലാത്ത കുതിരയെപ്പിടിച്ച് ഹോമാഗ്നിയില്‍ അര്‍പ്പിക്കാനും താന്‍ ഒരുക്കമല്ല (Young India‑, 19/01/1921‑, The Removal of Untouchability‑).

ശൂദ്രനെ വിദ്യ അഭ്യസിപ്പിക്കുന്നവന്‍ ശൂദ്രനോടുകൂടി നരകം പ്രാപിക്കും എന്ന മനുവിധിയെപ്പറ്റി അദ്ദേഹം ഇങ്ങനെ പ്രതികരിച്ചു: 'ശ്രേഷ്ഠോപദേശങ്ങള്‍ ചിലതൊക്കെയുള്ളതു കാരണം മനുസ്മൃതിക്ക് ഒരു മതഗ്രന്ഥത്തിന്റെ സ്ഥാനം നല്‍കാം. എന്നാല്‍ മനു എന്ന് പേരുള്ള ഒരു ഋഷി എന്നെങ്കിലും ജീവിച്ചിരുന്നതായിപ്പോലും യാതൊരു തെളിവുമില്ല. സര്‍വമതങ്ങളുടെയും യഥാര്‍ഥ അസ്തിവാരമായ സത്യത്തിനും അഹിംസക്കും നിരക്കാത്തതെന്തും തള്ളിക്കളയേണ്ടതാണ്' (Harijan 06/04/1934‑, The Removal of Untouchability‑). 1934  ജനുവരിയില്‍ ആലുവ യു.സി കോളേജ് വിദ്യാര്‍ഥികളോട് ചെയ്ത പ്രസംഗത്തില്‍ മഹാത്മ പറഞ്ഞത് വേദം, ഉപനിഷത്ത്, ഗീത എന്നൊക്കെ അറിയപ്പെടുന്ന വൈദികഗ്രന്ഥങ്ങള്‍ അസ്പൃശ്യതക്ക് ദൈവികാംഗീകാരമുണ്ടെന്ന് വ്യക്തമായി പറയുന്നതായി തെളിയിച്ചാല്‍, പിന്നെ ഹിന്ദു മതത്തില്‍ തന്നെ പിടിച്ചുനിര്‍ത്താന്‍ ഈ ലോകത്ത് ഒരു ശക്തിക്കും സാധ്യമല്ലെന്നും ചീഞ്ഞ പഴം പുറത്തെറിയുന്നതു പോലെ താന്‍ ആ ഹിന്ദു മതത്തെയും പുറത്തേക്ക് വലിച്ചെറിഞ്ഞുകളയുമെന്നുമാണ്.
ഹിന്ദുമതത്തെ സംബന്ധിച്ച് ഗാന്ധിയും അംബേദ്കറും വിരുദ്ധ നിലപാടുകള്‍ സ്വീകരിക്കാനും കാരണം ഇതു തന്നെയാണ്. അസ്പൃശ്യത വേദകല്‍പിതം തന്നെയാണെന്ന് അംബേദ്കര്‍ ഉറച്ചു വിശ്വസിച്ചു. അങ്ങനെയല്ലെന്ന് ഗാന്ധിയും. മറിച്ച് തെളിയിച്ചാല്‍ താന്‍ ആ വേദത്തെ ഉപേക്ഷിക്കും എന്നും ഗാന്ധി പ്രസ്താവിച്ചു. യങ് ഇന്ത്യയില്‍ 22/09/1921-ന് എഴുതിയ ലേഖനത്തില്‍ അദ്ദേഹം പറഞ്ഞു: 'നമ്മുടെ നാട്ടില്‍ ഹിന്ദുക്കള്‍, വിശിഷ്യാ ബ്രാഹ്മണര്‍ പഞ്ചമരോട് വളരെ ഹീനമായാണ് പെരുമാറുന്നത്. ബ്രാഹ്മണര്‍ പാര്‍ക്കുന്ന തെരുവുകളില്‍ സഞ്ചരിക്കാന്‍ പോലും അവരെ അനുവദിക്കുന്നില്ല. സംസാരിക്കുമ്പോള്‍ ബ്രാഹ്മണരില്‍നിന്ന് വളരെ അകന്ന് മാറി നില്‍ക്കണം. ഇനി നിങ്ങള്‍ ഇതുപോലെ ബ്രാഹ്മണരുടെ സ്ഥാനത്ത് ഇംഗ്ലീഷുകാരെയും പഞ്ചമരുടെ സ്ഥാനത്ത് ഇന്ത്യക്കാരെയും സങ്കല്‍പിച്ചുനോക്കൂ. എന്നാലും സായിപ്പന്മാര്‍ ചില ബ്രാഹ്മണരേക്കാള്‍ എത്രയോ ഉയര്‍ന്നു നില്‍ക്കുന്നവരാണ് എന്നതില്‍ എനിക്ക് യാതൊരു സംശയവുമില്ല. ജന്മം നിമിത്തം ഏതെങ്കിലും സഹോദരനെ അധമനായി കാണുന്ന കാലത്തോളം സ്വരാജ് നേടാന്‍ ഈശ്വരന്‍ നമ്മെ അനുവദിക്കുകയേയില്ല.'
ശൂദ്രന് സ്വാധികാരമില്ലെന്ന തത്ത്വത്തെയും ശൂദ്രന്‍ വേദം പഠിച്ചുകൂടെന്നുള്ള നിരോധത്തെയും താന്‍ അംഗീകരിക്കില്ലെന്ന് ഗാന്ധി വ്യക്തമാക്കി: 'അങ്ങനെയാണെങ്കില്‍ (ശൂദ്രന് സ്വാധികാരമില്ലെങ്കില്‍), നാമെല്ലാം ഇന്ന് ശൂദ്രന്മാര്‍ തന്നെ. എന്തെന്നാല്‍ നാം ഇന്ന് സ്വാധികാരമില്ലാത്ത അടിമകളാണല്ലോ. അറിവ് ഏതെങ്കിലും വര്‍ഗത്തിന്റെയോ വിഭാഗത്തിന്റെയോ പ്രത്യേകാവകാശമേയല്ല' (Young India‑, 27/08/1925‑, Hindu Dharma).

അയിത്തോച്ചാടനം

അസ്പൃശ്യത വൈദികമാണ് എന്ന് കരുതുന്നതു കൊണ്ടു തന്നെ അംബേദ്കറെ സംബന്ധിച്ചേടത്തോളം അതവസാനിപ്പിക്കാന്‍ വേദങ്ങളിലുള്ള വിശ്വാസം ഇല്ലാതായേ പറ്റൂ. ഹിന്ദു മതം തന്നെ തകരുകയാണ് വേണ്ടത് എന്ന നിലപാടിലേക്ക് അദ്ദേഹത്തെ എത്തിച്ചതും ഇതാണ്. അതേസമയം ഗാന്ധിക്ക് അസ്പൃശ്യത വൈദികമല്ല. വേദങ്ങളാകട്ടെ, ദൈവികമാണു താനും. അതിനാല്‍ ഹിന്ദു മതത്തിന്റെ തത്വങ്ങള്‍ക്കും പരിധികള്‍ക്കും അകത്ത് നിന്നുകൊണ്ടു തന്നെ അസ്പൃശ്യതയെ നിര്‍മാര്‍ജനം ചെയ്യാന്‍ പറ്റും. ഒരു സാമൂഹികാചാരം മാത്രമായി താന്‍ കാണുന്ന ജാതിവ്യവസ്ഥയില്‍ അനുഷ്ഠാനാധിപത്യത്തിന്റെയും ശുദ്ധാശുദ്ധ നിയമങ്ങളുടെയും രൂപത്തില്‍ വര്‍ണചിന്ത നിയന്ത്രണം സ്ഥാപിച്ചതിനെ ശരിയായി തിരിച്ചറിയുന്നതില്‍ ഗാന്ധിജി വേണ്ടത്ര വിജയിച്ചില്ല എന്ന് പറയാം. വൈദിക മതതത്ത്വം എന്ന നിലക്ക് അദ്ദേഹം വര്‍ണാശ്രമ ധര്‍മത്തെ അംഗീകരിച്ചു. എന്നാല്‍ വര്‍ണാശ്രമ ധര്‍മം മനുഷ്യരെ ഉത്കൃഷ്ടരും അധഃകൃതരുമായി വേര്‍തിരിക്കുന്നില്ലെന്നും വ്യത്യസ്ത ജാതികളെ അത് നിര്‍ത്തുന്നത് ലംബമായിട്ടല്ല, തിരശ്ചീനമായിട്ടാണെന്നും അദ്ദേഹം പ്രസ്താവിക്കുന്നു. അതായത്, തട്ടുതട്ടായി കുത്തനെയല്ല, മറിച്ച് വിലങ്ങനെ എല്ലാവരും സമനിരപ്പില്‍.
ഗാന്ധിജിയുടെ വീക്ഷണത്തില്‍ ജാതികള്‍ അവയുടെ ആദിമരൂപത്തില്‍ തൊഴില്‍ സംഘങ്ങള്‍ മാത്രമായിരുന്നു. ഒരുകാലത്ത് അവ വളരെ പ്രയോജനപ്രദങ്ങളുമായിരുന്നു. ഇന്നും ഒരു പരിധി വരെ അവ പ്രയോജനപ്രദങ്ങള്‍ തന്നെ. എന്നാല്‍പോലും ജാതികള്‍ എന്നത് അഭിലഷണീയമൊന്നുമല്ല, ക്രമേണ നശിച്ചുപോകേണ്ടതാണു താനും (Harijan, 11/02/1933‑, The Removal of Untouchability). മറ്റൊരിടത്ത് അദ്ദേഹം അയിത്തത്തെക്കുറിച്ച് പറയുന്നത് അതൊരിക്കലും ജാതിവ്യവസ്ഥയുടെ അനിവാര്യതയേ അല്ലെന്നാണ്. അത് ഹിന്ദു മതത്തിലേക്ക് ഇഴഞ്ഞുവന്ന് അതിനെ കാര്‍ന്ന് നശിപ്പിക്കുന്ന ഉച്ചനീചത്വത്തിന്റെ ഫലമാണ്. അതിനെ എതിര്‍ക്കേണ്ടതാണ്. ഇന്നത്തെ ജാതിക്രമം യഥാര്‍ഥത്തില്‍ വര്‍ണാശ്രമ ധര്‍മത്തിന്റെ നേര്‍വിപരീതമാണ്. അതിനെ എത്രയും പെട്ടെന്ന് നശിപ്പിക്കുന്നുവോ, അത്രയും നല്ലത് (Harijan‑, 16/111935‑, The Removal of Untouchability).

ജാതിവ്യവസ്ഥയെ ചരിത്രപരമായ പശ്ചാത്തലത്തിലും തൊഴിലിനെക്കുറിച്ച തന്റെ വീക്ഷണത്തിലും നിന്നുകൊണ്ട് അംഗീകരിക്കുമ്പോഴും അത് പ്രാപിച്ചിട്ടുള്ള ഇന്നത്തെ അവസ്ഥയില്‍ അതിനെ പൂര്‍ണമായും നശിപ്പിക്കുക തന്നെയാണ് അഭികാമ്യം എന്ന അഭിപ്രായത്തിലേക്ക് അദ്ദേഹം വരുന്നു എന്നതിന്റെ സൂചനയാണ് മേല്‍ക്കൊടുത്ത ഉദ്ധരണികള്‍. ജാതിയെ നശിപ്പിക്കാനുള്ള ഏറ്റവും സഫലവും ഏറ്റവും ത്വരിതവും ഏറ്റവും നിശ്ശബ്ദവുമായ മാര്‍ഗം പരിഷ്‌കര്‍ത്താക്കള്‍ തന്നെ കണ്ടെത്തേണ്ടതാണെന്നും വേണ്ടിവന്നാല്‍ സമുദായ ബഹിഷ്‌കരണമടക്കമുള്ള അനന്തരഫലങ്ങളെ അതിന്റെ പേരില്‍ അനുഭവിക്കാന്‍ തയാറാകണമെന്നും അതെത്രയും പെട്ടെന്ന് വേണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു (Harijan, 16/11/1935‑, The Removal of Untouchability‑,  'ജാതി പോകണം' എന്നായിരുന്നു ഈ ലേഖനത്തിന് ഗാന്ധി നല്‍കിയ ശീര്‍ഷകം). ഈ ജാതിവ്യവസ്ഥ എന്നെങ്കിലും ഇല്ലാതാകും എന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിക്കുന്നുണ്ട് (Harijan‑, 30/11/1935‑, The Removal of Untouchability). . സവര്‍ണരല്ലാതായിത്തീരുന്ന സവര്‍ണരും ഹരിജനങ്ങളല്ലാതാവുന്ന ഹരിജനങ്ങളുമായിരിക്കും അന്നുണ്ടാവുക എന്നും കൂട്ടിച്ചേര്‍ക്കുന്നു.
ഹിന്ദു മതത്തിലെ വൈഷ്ണവ പാരമ്പര്യത്തില്‍പെട്ട ഗാന്ധിജി അസ്പൃശ്യരെ ഹരിജനങ്ങള്‍ എന്നാണ് വിശേഷിപ്പിച്ചിരുന്നത്. ഹരി എന്ന പദത്തിന് ദൈവം എന്നര്‍ഥമുള്ളതോടൊപ്പം അത് വിഷ്ണുവിന്റെ പര്യായവുമാണ്. ദൈവത്തിന്റെ ജനങ്ങള്‍ എന്ന അര്‍ഥത്തില്‍ അധഃസ്ഥിതരെ ഹരിജനങ്ങള്‍ എന്ന് വിളിക്കുന്നതിന് രാഷ്ട്രീയമായി പ്രസക്തിയുണ്ട്. എന്നാല്‍ അപ്പേരില്‍ എന്നും അവരെ പാര്‍ശ്വജനതയായി നിലനിര്‍ത്തുകയും നിലനില്‍ക്കുന്ന ഹിന്ദു സാമൂഹികഘടനയെ സംരക്ഷിക്കുകയും ചെയ്യുക എന്ന ഉദ്ദേശ്യത്തിലായിരുന്നില്ല അത്.
സവര്‍ണരും ഹരിജനങ്ങളും ഇല്ലാതാവുന്ന ആ കാലത്ത് താന്‍ അംഗീകരിക്കുന്ന വര്‍ണാശ്രമ ധര്‍മം നിലനില്‍ക്കുകയാണെങ്കില്‍, തൊഴിലുകള്‍ ഫലപ്രദമായി നിയന്ത്രിക്കപ്പെടുകയും മിശ്രവിവാഹവും മിശ്രഭോജനവും ഒട്ടും നിയന്ത്രിക്കപ്പെടാതിരിക്കുകയും ചെയ്യും എന്നും ഗാന്ധിജി തുടരുന്നു.
ഹരിജന്‍ സേവാ സംഘം എന്ന ഒരു സംഘടന രൂപീകരിച്ചിരുന്നു ഗാന്ധി. അതേസമയം താന്‍ ദീര്‍ഘദര്‍ശനം ചെയ്യുന്നതു പോലുള്ള ഭാവി കൈവരുന്നത് സേവാ സംഘത്തിന്റെ പ്രവര്‍ത്തനഫലമായിട്ടാവില്ലെന്നും സംഘത്തിന് നിയന്ത്രിക്കാനോ ക്രമപ്പെടുത്താനോ കഴിയാത്ത ശക്തികളാലായിരിക്കും അത് സംഭവിക്കുക എന്നും പ്രസ്തുത ശക്തികളെ ശക്തിപ്പെടുത്തുന്നതില്‍ സേവാ സംഘത്തിലെ അംഗങ്ങള്‍ക്ക് വ്യക്തിപരമായ പങ്ക് നിര്‍വഹിക്കാന്‍ കഴിയുമെന്നും കൂടി അദ്ദേഹം പറഞ്ഞു (Harijan‑, 30/11/1935‑, The Removal of Untouchability‑).

നിങ്ങളുടെ വിമോചനത്തിനായി മറ്റുള്ളവരുടെ ഔദാര്യം കാത്തുനില്‍ക്കുകയല്ല വേണ്ടതെന്നും നിങ്ങളുടെ കര്‍തൃത്വാവകാശം നിങ്ങള്‍ക്കു തന്നെയാണെന്നും ഹരിജനങ്ങളെ ആഹ്വാനം ചെയ്ത മഹാത്മാ ഗാന്ധി ഔദാര്യഭാവത്തില്‍ രക്ഷാകര്‍തൃത്വവേഷമണിയരുതെന്ന് സവര്‍ണരോടും കല്‍പിച്ചു. 1934 ജനുവരി 19-ലെ ഹരിജനില്‍  (The Removal of Untouchability) അദ്ദേഹം ഇങ്ങനെ എഴുതി: 'സവര്‍ണരുടെ ശീലങ്ങള്‍ നിങ്ങള്‍ അനുവര്‍ത്തിക്കണമെന്നില്ല. അവര്‍ നിങ്ങള്‍ക്കു വേണ്ടി എന്തൊക്കെ നഷ്ടപരിഹാരം ചെയ്തുതന്നാലും എത്ര തന്നെ അവര്‍ പശ്ചാത്താപം പ്രകടിപ്പിച്ചാലും അവസാനം എന്തൊക്കെപ്പറഞ്ഞാലും നിങ്ങളുടെ മോചനം നിങ്ങളെ ആശ്രയിച്ചുതന്നെയാണ് നിലകൊള്ളുന്നത്.' അതേ വര്‍ഷം സെപ്റ്റംബര്‍ 28-ന് ഹരിജനില്‍ത്തന്നെ ഇങ്ങനെയും കുറിച്ചു: 'ഹരിജനങ്ങളില്‍ നാം ആരോപിക്കുന്ന ദോഷങ്ങള്‍ അവരില്‍ സഹജമൊന്നുമല്ല. നമ്മുടെ ഈ സഹോദരങ്ങളെ നാം മനഃപൂര്‍വം അവഗണിക്കുകയോ മര്‍ദിച്ചൊതുക്കുകയോ ചെയ്തതിനാല്‍ വന്നുചേര്‍ന്നതു മാത്രമാണ്. പണ്ട് ചെയ്ത തെറ്റുകള്‍ക്ക് സവര്‍ണ ഹിന്ദുക്കള്‍ ചെയ്യേണ്ട ഏറ്റവും ചുരുങ്ങിയ പ്രായശ്ചിത്തം ഇതാണ്. പശ്ചാത്തപിക്കുന്നവരും അധമര്‍ണരുമായി മാത്രം അവരെ സമീപിക്കണം. അവരോട് ഔദാര്യം കാണിക്കുകയോ അവരുടെ ഉത്തമര്‍ണരും രക്ഷിതാക്കളും ആയി ചമയുകയോ ചെയ്തുകൊണ്ടല്ല.'
കാര്യം വ്യക്തമാണ്. അധഃസ്ഥിതരുടെ നേതാക്കളോ ഉപദേശികളോ ചമയാനും കര്‍തൃത്വവേഷമണിഞ്ഞ് ഔദാര്യം ചെയ്യാനുമുള്ള ഒരവകാശവും ഗാന്ധി സവര്‍ണര്‍ക്ക് നല്‍കുന്നില്ല. അവര്‍ണരുടെ രാഷ്ട്രീയ കര്‍തൃത്വം അവരില്‍തന്നെ നിക്ഷിപ്തമാണ്. ഇക്കാര്യത്തില്‍ യാതൊരു തരത്തിലുള്ള വിട്ടുവീഴ്ചക്കും ഇടം നല്‍കുന്നതല്ല തൊട്ടുമുകളിലുള്ള ഉദ്ധരണികള്‍.
അതേസമയം, കൊളോണിയല്‍വിരുദ്ധ രാഷ്ട്രീയ സമരങ്ങളെ ശക്തിപ്പെടുത്തുന്നതിനും അധിനിവേശവിരുദ്ധ വികാരങ്ങളെ ഉദ്ദീപിപ്പിക്കുന്നതിനുമായിരുന്നു മഹാത്മാ ഗാന്ധി തന്റെ പൊതുജീവിതത്തില്‍ ഊന്നല്‍ നല്‍കിയിരുന്നത് എന്നതിനാല്‍ ജാതീയതയുമായി ബന്ധപ്പെട്ട സമരമുഖങ്ങള്‍ അദ്ദേഹത്തിന്റെ പ്രഥമപരിഗണനയില്‍ വന്നിരിക്കാന്‍ ഇടയില്ല. ജനനാല്‍തന്നെ കീഴാളനില്‍ അടിച്ചേല്‍പിക്കപ്പെടുന്ന ജാതീയതയുടെ കരാളതകള്‍ സവര്‍ണ ഹിന്ദുവായ അദ്ദേഹത്തിന് അനുഭവിക്കേണ്ടി വന്നിട്ടുമില്ല. എന്നാല്‍പോലും ഇതു സംബന്ധമായ ഗാന്ധിയന്‍ വീക്ഷണങ്ങള്‍ ശരിയായാലും തെറ്റായാലും ഒട്ടൊക്കെ സമഗ്രമാണ് എന്നു പറയാം.
നിരവധി സാമൂഹിക പരിഷ്‌കരണ സംരംഭങ്ങള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും അഭിമുഖീകരിക്കേണ്ടി വന്നിട്ടുള്ള വിഷയമാണ് ഇന്ത്യയിലെ ജാതീയത. ചില പ്രസ്ഥാനങ്ങള്‍ അതിന്റെ പൂര്‍ണലക്ഷ്യവും പ്രവര്‍ത്തനവുമായി അംഗീകരിച്ചിട്ടുള്ളതു തന്നെ ജാതീയതയില്‍നിന്നുള്ള വിമോചനമായിരുന്നു.
വംശീയമായ ചിന്തകളുടെ പൂര്‍ണനിരാകരണവും മാനുഷികമായ പരിപ്രേക്ഷ്യത്തിന്റെ സ്വീകരണവുമാണ് അനൈതികവും മനുഷ്യത്വവിരുദ്ധവുമായ ജാതീയതയോടുള്ള അടിമത്തത്തിനുള്ള പരിഹാരം. അത്തരമൊരു നിരാകരണത്തിനും സ്വീകരണത്തിനും മനുഷ്യനെ പ്രാപ്തമാക്കുന്ന വിശാലദര്‍ശനത്തിനു വേണ്ടിയുള്ള അന്വേഷണവും. 

(അവസാനിച്ചു)

Comments

ഖുര്‍ആന്‍ ബോധനം

സൂറ-37 / അസ്സ്വാഫ്ഫാത്ത (114-122)
ടി.കെ ഉബൈദ്‌