Prabodhanm Weekly

Pages

Search

2021 മാര്‍ച്ച്‌ 26

3195

1442 ശഅ്ബാന്‍ 12

കമ്യൂണിസ്റ്റ് ചൈന ഉയിഗൂര്‍ മുസ്‌ലിംകളോട് ചെയ്യുന്നത്

അര്‍സ്‌ലാന്‍ ഹിദായത്ത് / നഈം ബദീഉസ്സമാന്‍ 

ഭരണകൂട ഭീകരതയുടെ കൂടുതല്‍ കിരാതമായ മുഖം വെളിപ്പെടുത്തുന്നുണ്ട് ചൈനയില്‍ നിന്നു വരുന്ന ഓരോ പുതിയ വാര്‍ത്തയും. പഴയ രാജവംശ ഭരണകാലത്ത് അരങ്ങേറിയ പൗരാവകാശ ധ്വംസനങ്ങളെയും അടിച്ചമര്‍ത്തലുകളെയും അനുസ്മരിപ്പിക്കുന്ന പീഡനങ്ങള്‍ക്കാണ് സിന്‍ജിയാങ് മേഖലയിലെ ഉയിഗൂര്‍ മുസ്‌ലിംകള്‍ ഇരകളാകുന്നത്. ആക്ടിവിസ്റ്റും മാധ്യമപ്രവര്‍ത്തകനും ഉയിഗൂര്‍ റിവൈവല്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിയും ടാക് ഈസ്റ്റ് തുര്‍ക്കിസ്ഥാന്‍ കോ-ഓര്‍ഡിനേറ്ററുമായ അര്‍സ്‌ലാന്‍ ഹിദായത്ത്, ഉയിഗൂര്‍ വംശഹത്യക്ക് പിന്നിലെ ചൈനീസ് ലക്ഷ്യങ്ങളും  അവക്കെതിരായ ചെറുത്തുനില്‍പ്പുകളുടെ പുരോഗതിയും അന്താരാഷ്ട്ര സമൂഹത്തിന്റെ നിലപാടുകളും അവലോകനം ചെയ്യുന്നു. ബ്രിട്ടനിലെ സ്‌ട്രൈവ് യു.കെ (Strive UK) പ്രവര്‍ത്തകനും മലയാളിയുമായ നഈം ബദീഉസ്സമാനോട് പ്രബോധനത്തിന് വേണ്ടി അദ്ദേഹം സംസാരിക്കുന്നു.

--------------------------------------------------

ഉയിഗൂര്‍ മുസ്‌ലിംകള്‍ക്കെതിരെ ചൈനീസ് അധികാരികള്‍ നടത്തിവരുന്ന നരമേധങ്ങളെ സംബന്ധിച്ച നിരവധി റിപ്പോര്‍ട്ടുകള്‍ ഇപ്പോള്‍ മാധ്യമങ്ങള്‍ വഴി പുറത്തുവന്നുകൊണ്ടിരിക്കുന്നു. അടിച്ചമര്‍ത്തലില്‍ നിന്ന് പ്രാണനും കൊണ്ട് ഓടി  രക്ഷപ്പെട്ട് അന്യദേശങ്ങളില്‍ ചേക്കേറിയ അനേകരുമായി അഭിമുഖ സംഭാഷണം നടത്താന്‍ താങ്കള്‍ക്ക് സാധിച്ചുവല്ലോ. ഏതെല്ലാം രീതിയിലുള്ള അടിച്ചമര്‍ത്തല്‍ നടപടികളാണ് ചൈനീസ് അധികൃതര്‍ അവലംബിക്കുന്നതെന്ന്   വിശദീകരിക്കാമോ?

നാനാതരം അടിച്ചമര്‍ത്തല്‍ രീതികളും ഇവിടെ അവലംബിക്കപ്പെടുന്നുണ്ട്. ഒരുപക്ഷേ നിങ്ങള്‍ക്ക്  സങ്കല്‍പ്പിക്കാന്‍ പോലും ആകാത്ത  തരം പീഡനങ്ങള്‍. ചൈനീസ് കമ്യൂണിസ്റ്റുകള്‍ക്ക് അടച്ചമര്‍ത്തലിന് സ്വതഃസിദ്ധമായ തന്ത്രങ്ങള്‍ തന്നെയുണ്ടെന്നാണ് ബോധ്യമായ വസ്തുത. സാംസ്‌കാരിക മേഖലയിലെയോ അക്കാദമിക രംഗത്തെയോ അല്ലെങ്കില്‍ വാണിജ്യ മണ്ഡലത്തിലേയോ മുസ്‌ലിം പ്രമുഖരെ വേട്ടയാടാന്‍ അധികൃതര്‍ സ്വീകരിക്കുന്ന ഒരു മാര്‍ഗം പറയാം. ഏതെങ്കിലും കള്‍ട്ടിന്റെ ഭാഗമാണ് ഈ പ്രഗത്ഭ  വ്യക്തികളെന്ന പ്രചാരണമാണ് സര്‍ക്കാര്‍ ആദ്യം അഴിച്ചുവിടുക. അല്ലെങ്കില്‍ കള്‍ട്ടുകളെ  പിന്തുണക്കുന്നവരാണെന്ന പ്രചാരണം. ഇത്തരം ആരോപണങ്ങള്‍ ഉന്നയിച്ച ശേഷം  അവര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാറിന് അനായാസം സാധിക്കുന്നു. വിദേശ രാജ്യങ്ങളില്‍  പഠനാവസരങ്ങള്‍ ലഭിക്കുന്ന മുസ്ലിം വിദ്യാര്‍ഥികളെ  കുരുക്കാന്‍ അമിതമായി മതപഠനം നടത്തി എന്ന ആരോപണമാണ് ഉന്നയിക്കപ്പെടാറുള്ളത്.
ബിസിനസ് രംഗത്ത് പ്രാഗത്ഭ്യം തെളിയിക്കുന്ന മുസ്‌ലിംകളെ കൂടുതല്‍ സ്വത്ത് സമ്പാദിച്ചുകൂട്ടുന്നുവെന്ന ആരോപണം ഉയര്‍ത്തി നിലംപരിശാക്കുന്നു. മതപരമായി മാത്രമല്ല, സാമൂഹികമായും ഭാഷാപരമായും രാഷ്ട്രീയ തലത്തിലും മുസ്‌ലിംകള്‍ക്കെതിരെ സംവത്സരങ്ങളായി ഇത്തരം വിവേചനങ്ങള്‍ തുടരുകയാണ്.
മുസ്‌ലിംകള്‍ ന്യൂനപക്ഷ വിഭാഗമായി ജീവിക്കുന്ന  നിരവധി രാജ്യങ്ങളുണ്ട്. അത്തരം രാജ്യങ്ങളില്‍ മുസ്‌ലിംകളുടെ വ്യക്തിപരമായ  മതസ്വാതന്ത്ര്യങ്ങളില്‍ സ്റ്റേറ്റ് ഇടപെടാറില്ല. എന്നാല്‍ ഉയിഗൂര്‍ മുസ്‌ലിംകള്‍ക്ക് ആ മൗലിക സ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. പുരുഷന്മാര്‍ താടി നീട്ടുന്നതും സ്ത്രീകള്‍ പര്‍ദ ധരിക്കുന്നതും ഇവിടെ കുറ്റകൃത്യമാണ്. കണ്ടുമുട്ടുമ്പോള്‍ പരസ്പരം സലാം പറയുന്നതും പ്രാര്‍ഥിക്കുന്നതും നമസ്‌കരിക്കുന്നതും ശിക്ഷാര്‍ഹമാണ്. പൊതുസ്ഥലമെന്നോ സ്വകാര്യ സ്ഥലമെന്നോ ഭേദമില്ലതെ എങ്ങും നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നു.  ഒരാള്‍ക്ക് വീട്ടിലിരുന്ന് പ്രാര്‍ഥിക്കുന്നത് പോലു ദുസ്സാധ്യം.
വീടകങ്ങളില്‍ ഇരുന്ന് നമസ്‌കരിക്കുന്നത് തടയാന്‍  ഉദ്യോഗസ്ഥര്‍ സ്വകാര്യ വ്യക്തികളുടെ  വീടുകളില്‍ കാവല്‍ നില്‍ക്കുന്നുണ്ടാകും. സ്വന്തം കുട്ടികള്‍ക്ക് മതവിഷയങ്ങള്‍ പഠിപ്പിക്കുന്നത് പോലും ഈ ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തി തടസ്സപ്പെടുത്തുന്നു. ഫോണ്‍ കോളുകള്‍, മെസ്സേജുകള്‍, ഇ-മെയിലുകള്‍ തുടങ്ങി എല്ലാം പരിശോധിക്കപ്പെടുന്നു.
സ്വകാര്യ സംഭാഷണങ്ങള്‍ ചോര്‍ത്തുന്ന ചാരന്മാരും നിരീക്ഷകന്മാരും മുസ്‌ലിം മേഖലകളില്‍ വ്യാപകമായി വിന്യസിക്കപ്പെട്ടിരിക്കുന്നു. മുസ്‌ലിം ഐഡന്റിറ്റി പരസ്യമായി വെളിപ്പെടുത്തുന്നവരെ ലേബര്‍ ക്യാമ്പുകളില്‍ അടക്കുന്നു.

രാജ്യത്ത് കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകള്‍  നിലവിലുണ്ട് എന്ന യാഥാര്‍ഥ്യം അംഗീകരിക്കാന്‍  ചൈന തയാറാകുന്നതായി നമുക്കറിയാം. എന്നാല്‍ അവയെ പുനര്‍ വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ എന്ന് വിശേഷിപ്പിച്ച് ന്യായീകരിക്കാനും അവര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഇത്തരം ക്യാമ്പുകള്‍ സന്ദര്‍ശിക്കാന്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കോ മാധ്യമ പ്രവര്‍ത്തകര്‍ക്കോ അനുവാദം ലഭിക്കാറുമില്ല. ഒരുപക്ഷേ താങ്കളുടെ ബന്ധുക്കള്‍ വരെ ക്യാമ്പുകളില്‍ ദാരുണമായ പീഡനങ്ങള്‍ അഭിമുഖീകരിച്ചിട്ടുണ്ടാവും. അവയുടെ വിവരണം വേദന ഉളവാക്കുന്നതാകും. എങ്കിലും പരിഷ്‌കൃത യുഗത്തിലും അരങ്ങേറുന്ന ഈ മനുഷ്യത്വരഹിത നടപടികളിലേക്ക് ചെറിയ തോതിലെങ്കിലും വെളിച്ചം വീശുന്ന ഒരു വിശദീകരണം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു.

കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളില്‍  പല കുടിലതകളും അരങ്ങേറിക്കൊണ്ടിരിക്കുന്നു. തടവുകാരുടെ ഹൃദയങ്ങളിലേക്ക് രാഷ്ട്രീയ ആശയങ്ങള്‍ കുത്തി ചെലുത്തുക എന്നതാണ് അവയില്‍ പ്രധാനം. ഇസ്‌ലാമിക ദര്‍ശനത്തെ തള്ളിപ്പറയാന്‍ ഷോക്ക് ഏല്‍പ്പിച്ചും മൂന്നാം മുറകള്‍ പ്രയോഗിച്ചും ജയില്‍ വാര്‍ഡന്മാര്‍ അവരില്‍ സമ്മര്‍ദം ചെലുത്തും. കൂടാതെ പന്നിമാംസം, മദ്യം തുടങ്ങിയവ കഴിപ്പിച്ചും അവരുടെ ആദര്‍ശബോധത്തെ തകര്‍ക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കും. സ്ത്രീതടവുകാരെ വന്ധീകരിക്കുന്നത് സംബന്ധിച്ചും അവയവവില്‍പ്പന നടത്തുന്നത് സംബന്ധിച്ചും ബി.ബി.സി ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍  ഈയിടെ പുറത്തുവിട്ട റിപ്പോര്‍ട്ട് നടുക്കമുണ്ടാക്കുന്നതായിരുന്നു. ഉറങ്ങാന്‍ അവസരം നിഷേധിക്കുന്നതിനാലും പീഡിപ്പിക്കുന്നതിനാലും  ആയിരങ്ങളാണ് കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളില്‍ മരിച്ചുവീഴുന്നത്. കൂട്ടമാനഭംഗം പതിവുരീതി മാത്രമാണ്. കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളില്‍നിന്ന് രക്ഷപ്പെടാന്‍ സാധിച്ച പലരുമായും സംഭാഷണം നടത്താന്‍ എനിക്ക് അവസരം ലഭിക്കുകയുണ്ടായി. പീഡനമേറ്റ് ആഴ്ചയില്‍ ഒന്നോ രണ്ടോ പേര്‍ വീതമെങ്കിലും ജയിലില്‍ മരിക്കുന്നതായി അവര്‍ സാക്ഷ്യം പറയുന്നു. ഫുട്‌ബോള്‍ ഗ്രൗണ്ടിന്റെ  വലിപ്പമുള്ളതാകും ഓരോ ക്യാമ്പും. അത്തരം അഞ്ഞൂറോ ആയിരമോ ക്യാമ്പുകള്‍ ഉണ്ടാവും. അവയോടനുബന്ധിച്ച് മൃതദേഹങ്ങള്‍ ദഹിപ്പിക്കുന്നതിനുള്ള ചിതകളും ഒരുക്കിയിട്ടുണ്ട്. മരണപ്പെട്ടവരെ അവരുടെ ഐഡന്റിറ്റി സഹിതം അവിടെ ചാമ്പലാക്കുന്നു. ഇസ്‌ലാമിക രീതിയിലുള്ള ഖബ്‌റടക്ക ചടങ്ങുകള്‍ നടത്താന്‍ ബന്ധുക്കളെ അനുവദിക്കുന്നില്ല. ഉറ്റവര്‍ ജയിലുകള്‍ക്കകത്ത്  ജീവിച്ചിരിപ്പുണ്ടോ, മരണപ്പെട്ടുപോയോ എന്നറിയാനും മാര്‍ഗങ്ങളില്ല.
ഒരു മുസ്‌ലിം മതാധ്യാപികയുടെ ദേഹത്തു വാര്‍ഡന്‍ മൂത്രമൊഴിച്ച സംഭവം ഒരാള്‍ എന്നോട് വിവരിക്കുകയുണ്ടായി. എന്തിനിങ്ങനെ ചെയ്യുന്നു എന്ന്  ആരാഞ്ഞപ്പോള്‍, നിങ്ങള്‍ വുദൂ എടുക്കാറില്ലേ, അതിനുപകരം ഇങ്ങനെ ആവാം എന്നായിരുന്നു അയാളുടെ പരിഹാസരൂപേണയുള്ള മറുപടി. മരണത്തേക്കാള്‍ അസഹ്യമാണ് ജയിലുകളിലെ നിന്ദകള്‍ എന്ന് പല മുന്‍ തടവുകാരും എന്നോട് പറയുകയുണ്ടായി. മാന്യമായ രീതിയില്‍ മരണപ്പെടാന്‍ പോലും അനുവദിക്കാത്ത  നിഷ്ഠുരതകളാണ് ജയിലുകളില്‍ അരങ്ങേറുന്നത്.

ഉയിഗൂരില്‍ ചൈന നടത്തുന്ന  അത്യാചാരങ്ങള്‍ വംശഹത്യയാണെന്ന് നിരവധി പാശ്ചാത്യ രാജ്യങ്ങള്‍ പ്രഖ്യാപിക്കുകയുണ്ടായി. ഉയിഗൂര്‍ ജനതയുടെ ദുരവസ്ഥക്ക്  പരിഹാരം കണ്ടെത്തുന്നതില്‍ ഇത്തരം പ്രഖ്യാപനങ്ങള്‍ എത്രത്തോളം സഹായകമാകും?

കേവലം  രാഷ്ട്രീയ വായ്ത്താരി മാത്രമായി ഇത്തരം പ്രഖ്യാപനങ്ങളെ ചുരുക്കിക്കാണാനാകില്ല. ഈ പ്രഖ്യാപനം ഞങ്ങള്‍ക്ക് വളരെയേറെ സഹായകമാകും എന്നു ഞാന്‍ കരുതുന്നു. ചൈന ഉയിഗൂരില്‍ നടത്തുന്നത് വംശഹത്യയാണ് എന്ന് ഏതാനും മാസം മുമ്പ് അമേരിക്കന്‍ ഗവണ്‍മെന്റ് പ്രഖ്യാപിക്കുകയുണ്ടായി. തുടര്‍ന്ന് കനഡ, നെതര്‍ലാന്റ്‌സ് തുടങ്ങിയ രാജ്യങ്ങളും ഇതേ പ്രഖ്യാപനം നടത്തി. ചൈന നടത്തുന്നത് വംശഹത്യയാണെന്ന് പ്രഖ്യാപിക്കുമ്പോള്‍ അത് ചൈനയില്‍ പ്രവര്‍ത്തിക്കുന്ന വിദേശ കമ്പനികളുടെ നിലനില്‍പ്പിനെ ബാധിക്കും. ഒരു കൊലയാളി രാഷ്ട്രവുമായി  ഇടപാടുകള്‍ക്കു തയാറാകാതെ അത്തരം കമ്പനികള്‍ ചൈനയില്‍നിന്ന് പിന്മാറാനുള്ള സാധ്യതയേറെയാണ്. അത് ചൈനയുടെ വിദേശ നിക്ഷേപ സമാഹരണത്തെയും കയറ്റുമതികളെയും അവതാളത്തിലാക്കും.
സാമ്പത്തിക ഉപരോധം ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര നടപടികളും ചൈനക്കെതിരെ സ്വീകരിക്കപ്പെടും. അതോടെ സൈന്യത്തിനും  പോലീസിനും ജയില്‍ സംവിധാനങ്ങള്‍ക്കും  ഫണ്ട് നല്‍കാനാകാതെ ഗവണ്‍മെന്റ് മെഷിനറികള്‍ പ്രതിസന്ധിയില്‍ അകപ്പെടും. അന്താരാഷ്ട്രതലത്തില്‍ ചൈന ഒറ്റപ്പെടാന്‍ ഉള്ള സാധ്യതയും ഏറെയാണ്.

ഉയിഗൂര്‍ വംശത്തെ സംബന്ധിച്ചും സിന്‍ജിയാങ് മേഖലയെക്കുറിച്ചും വായനക്കാര്‍ക്ക് സാമാന്യ വിവരം ലഭിക്കാന്‍ താങ്കള്‍ ഒരു സംക്ഷിപ്ത വിവരണം നല്‍കുമോ?

ടര്‍ക്കിഷ് ഭാഷാ കുടുംബത്തിലെ ഉപ വിഭാഗമാണ് ഉയ്ഗൂര്‍ ഭാഷ. ചൈനയുടെ വടക്കുപടിഞ്ഞാറന്‍ മേഖലയില്‍ വസിക്കുന്ന മുസ്‌ലിംകള്‍ ഈ ഭാഷ സംസാരിക്കുന്നതിനാല്‍ അവര്‍ ഉയിഗൂര്‍ വംശജര്‍ എന്ന പേരില്‍ അറിയപ്പെടുന്നു. മേഖലക്ക് സിന്‍ജിയാങ് ഉയിഗൂര്‍ സ്വയംഭരണ പ്രവിശ്യ എന്നാണ് ചൈനീസ് അധികൃതര്‍ നാമകരണം ചെയ്തിരിക്കുന്നത്. എന്നാല്‍ ഉയിഗൂര്‍ ജനത മേഖലയെ 'കിഴക്കന്‍ തുര്‍ക്കിസ്ഥാന്‍'  എന്നാണ് വിളിക്കുക. ഇതിനെ തങ്ങളുടെ ജന്മഭൂമിയായും അവര്‍ കണക്കാക്കുന്നു. മേഖലയിലെ 1.1 കോടി ജനങ്ങളും  ഉയിഗൂര്‍ ഭാഷ സംസാരിക്കുന്നവരാണ്. വിവിധ രാജ്യങ്ങളില്‍ പ്രവാസജീവിതം നയിക്കുന്ന ഉയിഗൂര്‍ വംശജരുടെ എണ്ണം അഞ്ചു ലക്ഷത്തോളം വരും. ചൈനയിലെ ഹാന്‍സ് വംശജരോട് ഉള്ളതിനേക്കാള്‍  സാംസ്‌കാരികമായും ഭാഷാപരമായും  ചരിത്രപരമായും ഞങ്ങള്‍ ഉറ്റ ബന്ധം പുലര്‍ത്തുന്നത്    മധ്യേഷ്യന്‍ രാജ്യങ്ങളുമായാണ്. അഥവാ  ഖസാകിസ്ഥാന്‍,  തുര്‍ക്ക്‌മെനിസ്ഥാന്‍, താജികിസ്ഥാന്‍ തുടങ്ങിയ മുന്‍ സോവിയറ്റ്  റിപ്പബ്ലിക്കുകളുമായി. കിഴക്കന്‍ തുര്‍ക്കിസ്ഥാന്‍ ആയി ഞങ്ങള്‍ പരിഗണിക്കുന്ന ഭൂപ്രദേശത്തിന് 1.82 ദശലക്ഷം ച.കി ആണ് വിസ്തീര്‍ണം. റഷ്യ, ഖസാകിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, താജികിസ്ഥാന്‍, അഫ്ഗാനിസ്താന്‍, പാകിസ്താന്‍, ഇന്ത്യ എന്നീ രാജ്യങ്ങളുമായി ഞങ്ങളുടെ ജന്മഭൂമി  അതിര്‍ത്തി പങ്കിടുന്നു.

അധിനിവേശവിരുദ്ധ ചെറുത്തുനില്‍പു സമരങ്ങള്‍ ശക്തിപ്രാപിച്ചത് ഈ ഘട്ടത്തിലായിരുന്നോ? ഉയ്ഗൂര്‍ ഐഡന്റിറ്റി എന്ന വിഭാവന രൂപംകൊണ്ടതും ഈ ഘട്ടത്തില്‍ ആയിരുന്നോ?

അതേ. തുടര്‍ന്ന് അരങ്ങേറിയ സംഭവവികാസങ്ങളാണ് ഉയിഗൂര്‍ പ്രക്ഷോഭങ്ങള്‍ക്ക് ശക്തിപകര്‍ന്നത്.
ഉയ്ഗൂറിനെ ഞങ്ങള്‍ക്ക് ചൈനയുടെ ഭാഗമായി കാണാനാകില്ല. അധിനിവിഷ്ട ഭൂമിയായാണ് ഞങ്ങള്‍ ഈ മേഖലയെ  കണക്കാക്കുന്നത്. ഫലസ്ത്വീനിനെ ഇസ്രയേലിന്റെ ഭാഗമായി ഫലസ്ത്വീനികള്‍ സ്വയം കരുതുന്നില്ലല്ലോ. സമാന നിലപാടാണ് ഞങ്ങളുടേതും. ഞങ്ങള്‍ ചൈനക്കാര്‍ അല്ല, ചൈനീസ് ഞങ്ങളുടെ ഭാഷയും അല്ല. ചൈനീസ് ജനതയുമായി ഞങ്ങള്‍ക്ക് ഒരു ചാര്‍ച്ചയും ഇല്ല. ചൈനയുടെ അധിനിവേശ ഭരണത്തിനു കീഴിലാണ് ഞങ്ങള്‍. 1911 -ല്‍ ചൈനീസ് ദേശീയവാദികള്‍ ഞങ്ങളുടെ രാജ്യം കീഴ്‌പ്പെടുത്തുകയായിരുന്നു. അതോടെ ഞങ്ങളും ചൈനീസ് ദേശീയ വാദികളും തമ്മിലുള്ള യുദ്ധം രൂക്ഷമായി. ഒടുവില്‍ 1933-ല്‍ ഞങ്ങള്‍ ഈസ്റ്റ് തുര്‍ക്കിസ്ഥാന്‍ ഇസ്‌ലാമിക്ക് റിപ്പബ്ലികിന് രൂപം നല്‍കി. എന്നാല്‍ ആ റിപ്പബ്ലിക്കിന് അല്‍പായുസ്സ് മാത്രമാണ് ഉണ്ടായിരുന്നത്. ഏകദേശം ഒരു വര്‍ഷത്തോളം ഞങ്ങളുടെ ഭരണം നിലനിന്നു. തുടര്‍ന്ന് പത്തു വര്‍ഷക്കാലം ഞങ്ങള്‍ക്ക് വീണ്ടും ചൈനീസ് ദേശീയവാദികളുമായി ഏറ്റുമുട്ടല്‍ നടത്തേണ്ടിവന്നു. 1944-ല്‍ സോവിയറ്റ് യൂനിയന്റെ പിന്തുണയോടെ ഉയിഗൂര്‍ വംശക്കാര്‍ ഒരിക്കല്‍കൂടി കിഴക്കന്‍ തുര്‍ക്കിസ്ഥാന്‍ റിപ്പബ്ലിക്കിന് രൂപം നല്‍കി. അഞ്ചുവര്‍ഷം ഭരണം നിലനിര്‍ത്താന്‍ ഞങ്ങള്‍ക്ക് സാധിച്ചു. ഇതിനിടെ കമ്യൂണിസ്റ്റ് രാജ്യമായിത്തീര്‍ന്ന ചൈന 1949-ല്‍ ഞങ്ങളുടെ റിപ്പബ്ലിക്കിനെ ആക്രമിക്കുകയും മേഖലയെ ചൈനയോട് കൂട്ടിച്ചേര്‍ക്കുകയും ചെയ്തു.  മേഖലക്ക് ചൈനീസ് അധികൃതര്‍ സിന്‍ജിയാങ് ഉയ്ഗൂര്‍ സ്വയംഭരണ റിപ്പബ്ലിക് എന്ന പേരും നല്‍കി. അക്കാലം മുതല്‍ ഇന്നോളം നാനാതരം ഔദ്യോഗിക വേട്ടകള്‍ക്ക് ഇരകളായിക്കൊണ്ടിരിക്കുകയാണ് ഉയിഗൂര്‍ ജനത. ഞങ്ങളുടെ വിദ്യാഭ്യാസ വളര്‍ച്ചയും പുരോഗതിയും തടയുക എന്ന ലക്ഷ്യത്തോടെ  ഉയ്ഗൂര്‍ ഭാഷയുടെ ലിപി അധികൃതര്‍ മാറ്റിമറിച്ചു. അറബി, പാര്‍സി, ഉര്‍ദു ഭാഷകള്‍ കൈകാര്യം ചെയ്യുന്നവര്‍ക്ക് അനായാസം വായിക്കാന്‍ സാധിച്ചിരുന്ന ലിപി ആയിരുന്നു ഉയിഗൂര്‍ ഭാഷയുടേത്. എന്നാല്‍. 1962 - 1982 കാലയളവില്‍ ഉയ്ഗൂറിന് മേല്‍ ലാറ്റിന്‍ ലിപി അടിച്ചേല്‍പിച്ചു. രണ്ട് ദശകം കഴിഞ്ഞ് പഴയ ലിപി പുനഃസ്ഥാപിച്ചു. ബോധപൂര്‍വം നടത്തിയ ഈ അട്ടിമറികള്‍ അനേകം പേരെ നിരക്ഷരരാക്കിത്തീര്‍ത്തു. അതുതന്നെയായിരുന്നു അധികൃതരുടെ ഗൂഢലക്ഷ്യവും.

ഉയിഗൂര്‍ വംശജരെ ദശകങ്ങളായി ചൈനീസ് ഭരണകൂടം പീഡിപ്പിച്ചുവരികയാണെന്ന് താങ്കളിവിടെ വിശദീകരിക്കുകയുണ്ടായി. എന്നാല്‍  ഉയ്ഗൂര്‍ പ്രതിസന്ധി മുസ്‌ലിം രാജ്യങ്ങളുടെയും പശ്ചാത്യ ലോകത്തിന്റെയും ശ്രദ്ധ കവര്‍ന്നത് സമീപകാലത്ത് മാത്രമായിരുന്നു. ഇത്തരമൊരു മാറ്റത്തിന് ഹേതുവാകുന്ന തരത്തില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ സവിശേഷമായ ഏതെങ്കിലും സംഭവങ്ങള്‍ അരങ്ങേറിയതായി കരുതാമോ?

ഉയിഗൂര്‍ പ്രതിസന്ധി ലോകശ്രദ്ധ ആര്‍ജിച്ചതിന് നിരവധി കാരണങ്ങളുണ്ട്. എന്റെ അഭിപ്രായത്തില്‍ സമൂഹമാധ്യമങ്ങളുടെ രംഗപ്രവേശമാണ് പ്രബലമായ ഒരു കാരണം. ഭീകരവിരുദ്ധ നടപടികളുടെ മറവില്‍ ഉയിഗൂര്‍ വംശക്കാര്‍ക്കെതിരായ നരമേധം ചൈന ഊര്‍ജിതപ്പെടുത്തി എന്നതാണ്  രണ്ടാമത്തെ കാരണം.
9/11 സംഭവത്തിനുശേഷം  അമേരിക്ക തുടക്കം കുറിച്ച ഭീകരവേട്ടയുടെ ചുവടുപിടിച്ചാണ് ചൈനീസ് അധികൃതരും നടപടികള്‍ കൈക്കൊണ്ടത്. ഉയിഗൂര്‍ ജനതയെ ഭീകരവാദികളും തീവ്രവാദികളുമായി മുദ്രയടിച്ച് സര്‍വ അത്യാചാരങ്ങളെയും അധികൃതര്‍ ന്യായീകരിച്ചു.  എന്നാല്‍.  ചൈനയിലെ ഭരണകൂട ഭീകരതയുടെ നടുക്കമുളവാക്കുന്ന കഥകള്‍ മനുഷ്യാവകാശ പ്രവര്‍ത്തകരിലൂടെയും  സമൂഹമാധ്യമങ്ങള്‍ വഴിയും പുറംലോകം അറിയാന്‍ തുടങ്ങി. ചൈന നടത്തുന്നത് ശുദ്ധമായ വംശഹത്യയാണെന്ന് മനുഷ്യാവകാശ സംഘടനകള്‍ ചൂണ്ടിക്കാട്ടി. ഉയ്ഗൂര്‍ വംശജരുടെ  ഖബ്ര്‍സ്ഥാനുകള്‍ ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് തരിപ്പണമാക്കുന്നതിന്റെ ഉപഗ്രഹ ചിത്രങ്ങള്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുറത്തുവിട്ടു. ഇത്തരം നടപടികളിലൂടെ ഞങ്ങളുടെ സ്വത്വത്തെയും ഓര്‍മകളെയും സംസ്‌കാരത്തെയും തുടച്ചുനീക്കാനാണ് അധികൃതര്‍ പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്. അഡോള്‍ഫ്, ഹിറ്റ്‌ലറുടെ കാലത്ത് അരങ്ങേറിയ ഹോളോക്കോസ്റ്റിനെ അനുസ്മരിപ്പിക്കുന്ന കൂട്ടക്കുരുതികളാണ്  ഇവിടെ അരങ്ങേറിയത്. സ്ത്രീകളും കുട്ടികളും വൃദ്ധരും ഉള്‍പ്പെടെ പത്തു ലക്ഷം മുതല്‍ 80 ലക്ഷം വരെ ഉയിഗുര്‍ വംശജര്‍ രാജ്യത്തെ വിവിധ  തടങ്കല്‍ പാളയങ്ങളില്‍ കഴിയുന്നുണ്ട്.
കുറ്റകൃത്യവുമായി നിങ്ങള്‍ക്ക് വിദൂരബന്ധം പോലുമില്ലെങ്കിലും ഉയിഗൂര്‍ വംശജനാവുക എന്ന ഏക കാരണം മാത്രം  മതി ചൈനയില്‍ നിങ്ങള്‍ക്ക് അഴിയെണ്ണാന്‍. പട്ടാളക്കാരോ പോലീസുകാരോ പിടിച്ചുകൊണ്ടുപോകുന്ന ഉയിഗൂര്‍ വംശക്കാരെ ഏതു ക്യാമ്പിലാണ് അടക്കുന്നത് എന്ന് വ്യക്തമാക്കാറില്ല. നിലവിലെ സാഹചര്യത്തില്‍ അത് അറിയാനുള്ള മാര്‍ഗങ്ങളുമില്ല.

ചരിത്രപരമായി സിന്‍ജിയാങ് മേഖല  വിശാല ചൈനയുടെ ഭാഗമാണെന്നാണ് ചൈനീസ് അധികൃതരുടെ  അവകാശവാദം. മേഖലക്ക് സ്വാതന്ത്ര്യം വേണമെന്ന് ആവശ്യപ്പെടുന്നത് വിഘടനവാദവും ഭീകരവാദവും ആണെന്ന്  അധികൃതര്‍ കുറ്റപ്പെടുത്തുന്നു. ഈ ഔദ്യോഗിക ഭാഷ്യത്തെ ചരിത്ര വസ്തുതകള്‍ നിരത്തി താങ്കള്‍ക്ക് ഖണ്ഡിക്കാന്‍ സാധിക്കുമോ?

തീര്‍ച്ചയായും ഖണ്ഡിക്കാന്‍ സാധിക്കും. സെന്‍ട്രല്‍ ഏഷ്യന്‍ മേഖല എന്ന് ഇക്കാലത്ത് വ്യവഹരിക്കപ്പെടുന്ന  രാജ്യങ്ങളില്‍നിന്ന് ആദ്യമായി ഇസ്‌ലാമിലേക്ക് കടന്നുവന്ന വിഭാഗമാണ്  ഉയിഗൂറുകള്‍. ഈ യാഥാര്‍ഥ്യം  നിഷേധിക്കാന്‍ ശ്രമിക്കുന്നവര്‍ 11-13 നൂറ്റാണ്ടുകളില്‍ പേര്‍ഷ്യന്‍ തുര്‍ക്കി മേഖലയില്‍ സല്‍ജൂഖ് സാമ്രാജ്യം സ്ഥാപിക്കപ്പെട്ടിട്ടില്ലെന്ന്  പറയേണ്ടതായി വരും.
പതിമൂന്നാം നൂറ്റാണ്ടില്‍ ഉസ്മാനി സാമ്രാജ്യം സ്ഥാപിച്ച ഉസ്മാന്‍ ഒന്നാമന്റെ  പിതാവ്, ഇന്ന് ലോകം മുഴുക്കെ അറിയപ്പെടുന്ന എര്‍തുറുള്‍ പിറന്നിട്ടില്ല എന്ന് പറയേണ്ടി വരും. ഫാത്തിഹ് സുല്‍ത്താന്‍ മുഹമ്മദ്, സുല്‍ത്താന്‍ സുലൈമാന്‍  തുടങ്ങിയ ഭരണാധികാരികള്‍ ജീവിച്ചിരുന്നില്ല എന്നും വാദിക്കേണ്ടതായി വരും. സിന്‍ജിയാങ് മേഖലയില്‍ ചരിത്രപ്രധാനമായ ഭരണം കാഴ്ചവെച്ചത് കാര്‍ഖാനിദ് രാജവംശമായിരുന്നു. ഈ രാജവംശത്തിലെ പ്രമുഖ രാജാവായിരുന്ന സുല്‍ത്താന്‍ സാതൂഖ് ബുഗ്‌റ ഖാന്‍ സി.ഇ 934-ല്‍ ഇസ്‌ലാം ആശ്ലേഷിച്ചു. തുടര്‍ന്ന് 960-ല്‍ ജനങ്ങള്‍ കൂട്ടത്തോടെ ഇസ്ലാമിലേക്ക് കടന്നുവരികയും ചെയ്തു. ഉയിഗൂര്‍ സംസ്‌കാരത്തിന്റെ പുഷ്‌കല കാലഘട്ടമായിരുന്നു അത്. വിദ്യാലയങ്ങളും പള്ളികളും പാലങ്ങളും ഈ ഘട്ടത്തില്‍ വ്യാപകമായി നിര്‍മിക്കപ്പെടുകയുണ്ടായി. ബുഖാറ, സമര്‍ഖന്ദ് തുടങ്ങിയ നഗരങ്ങള്‍ വിജ്ഞാന പഠനകേന്ദ്രങ്ങള്‍ എന്ന നിലയില്‍ പുകള്‍ പെറ്റു. പിന്നീട് തുര്‍ക്കി - പേര്‍ഷ്യന്‍ മേഖലയില്‍ സല്‍ജൂഖുകള്‍ അധികാരത്തില്‍ ഏറിയതോടെ കാര്‍ഖാനിദ് രാജവംശത്തിന്റെ പ്രതാപത്തിന് മങ്ങലേറ്റു. മംഗോള്‍ അധിനിവേശത്തോടെ പ്രമുഖ രാജകുടുംബാംഗങ്ങള്‍ പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായി. ഉയിഗൂര്‍ വംശജരില്‍ പലരും മംഗോളിയന്‍ പട്ടാളത്തിന്റെ ഭാഗമായി. ചിലര്‍ക്ക് മംഗോളിയന്‍ ദര്‍ബാറില്‍ ഉന്നതപദവികള്‍ വരെ ലഭിച്ചു.
പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാന ദശകത്തില്‍ ചൈനയിലേ ക്വിങ് രാജവംശം ഉയിഗൂര്‍ മേഖല കീഴ്‌പ്പെടുത്തുകയും  പ്രദേശത്തിന്  സിന്‍ജിയാങ് എന്ന ചൈനീസ് നാമധേയം നല്‍കുകയും ചെയ്തു. ഈ അധിനിവേശ കാലഘട്ടത്തില്‍  ലക്ഷക്കണക്കിന് ഉയിഗൂര്‍ വംശക്കാര്‍ കശാപ്പു ചെയ്യപ്പെട്ടതായി ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നു. പ്രതിഷേധസ്വരം ഉയര്‍ത്തിയ  നഖ്ശബന്ദി സൂഫിവര്യന്മാര്‍ ഉള്‍പ്പെടെ  നിരവധി പണ്ഡിതന്മാരെ  അധിനിവേശകര്‍ തൂക്കിലേറ്റി. 1864-ല്‍ യഅ്ഖൂബ് ബേഗിന്റെ നേതൃത്വത്തില്‍ സംഘടിച്ച് ഉയിഗൂര്‍ ജനത നടത്തിയ ചെറുത്തുനില്‍പു സമരത്തില്‍ ക്വിങ് രാജവംശം സ്ഥാനഭ്രഷ്ടരായി.
ഉയിഗൂര്‍ ജനത  യെത്തിഷാര്‍ എന്ന പേരില്‍ പുതിയ രാജ്യം രൂപീകരിക്കുന്നതായി പ്രഖ്യാപിക്കുകയും പുതിയ ഭരണകൂടം സ്ഥാപിക്കുകയും ചെയ്തു. ഈ രാജ്യം ഉസ്മാനി ഖിലാഫത്തുമായി ബൈഅത്ത് നടത്തി. റഷ്യയും ബ്രിട്ടനും പുതിയ ഗവണ്‍മെന്റിന് അംഗീകാരം നല്‍കി. ഈ സംഭവങ്ങളെല്ലാം ചൈനീസ് ചരിത്രശേഖരങ്ങളില്‍ ഇടംപിടിച്ചിട്ടുണ്ട്. ഇസ്‌ലാമിക പ്രദേശങ്ങള്‍ എന്നാണ് ചൈനീസ് ചരിത്രകാരന്മാര്‍ മേഖലയെ വിശേഷിപ്പിച്ചത്. എന്നാല്‍ പുതിയ ഭരണകൂടത്തിന് ദീര്‍ഘായുസ്സ് ഉണ്ടായിരുന്നില്ല. ബ്രിട്ടന്റെ അനുമതിയോടെ ക്വിങ് രാജവംശം വീണ്ടു കടന്നാക്രമണം നടത്തുകയും മേഖലയെ വീണ്ടും കീഴ്‌പ്പെടുത്തി സിന്‍ജിയാംഗ് എന്ന നാമം പുനഃസ്ഥാപിക്കുകയും ചെയ്തു.

ലേബര്‍ ക്യാമ്പുകള്‍,  കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകള്‍ തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന തടങ്കല്‍ പാളയങ്ങളില്‍ വേതനവും ശമ്പളവും നല്‍കാതെ ഉയിഗൂര്‍ തടവുകാരെ  നിര്‍ബന്ധപൂര്‍വം ജോലി  ചെയ്യിക്കുന്നതായി മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുകയുണ്ടായി. ഇത്തരം  ചൂഷണങ്ങളില്‍ ബഹുരാഷ്ട്ര കമ്പനികള്‍ എത്രത്തോളം പങ്കുവഹിക്കുന്നു?

ജയില്‍പുള്ളികളുടെ ശമ്പളരഹിത  നിര്‍ബന്ധിത വേലയുടെ ഫലം പറ്റുന്നവരാണ് 87 വിദേശകമ്പനികള്‍ എന്ന് കണക്കുകള്‍ പറയുന്നു. ആസ്‌ത്രേലിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അൗേെൃമഹശമി Australian Strategic Policy Institute (ÀSPI) എന്ന സ്ഥാപനമാണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്. ചില കമ്പനികള്‍ നേരിട്ടും മറ്റു ചില കമ്പനികള്‍ പരോക്ഷമായുമാണ് ഇതില്‍ പങ്കാളികളാകുന്നത്. ഇത്തരം കമ്പനികളെ പാട്ടിലാക്കാന്‍  ചൈനീസ് ഇടനിലക്കാര്‍ സജീവമായി രംഗത്തു വരാറുണ്ട്. ഉദാഹരണമായി ബഹുരാഷ്ട്ര കമ്പനിയായ ചശസല. അവര്‍ ലേബര്‍ ക്യാമ്പുകളുമായി നേരിട്ട് ബന്ധപ്പെടാതെ ചൈനീസ് ഇടനിലക്കാര്‍ വഴി തടവുകാര്‍ നിര്‍മിച്ച ഷൂ സ്വന്തമാക്കി വില്‍പ്പന നടത്തുന്നു. ഒരുപക്ഷേ നിങ്ങള്‍ ധരിക്കാറുള്ള  ടീഷര്‍ട്ട്, ഷൂ എന്നിവയും കളിക്കാറുള്ള ഫുട്‌ബോളും ഉയിഗൂര്‍ തടവുകാര്‍ വേതനം പറ്റാതെ  നിര്‍മിച്ചതാകാം!
മനുഷ്യത്വരഹിതവും  അപലപനീയവുമായ ഈ സാഹചര്യം മുന്‍നിര്‍ത്തി ചൈനക്കെതിരെ വ്യാപാര നിയന്ത്രണ ബില്ലിന് അമേരിക്കന്‍ കോണ്‍ഗ്രസ് നീക്കം ആരംഭിച്ചിരിക്കുകയാണ്. എീൃരലറ ഘമയീൗൃ ജൃല്‌ലിശേീി അര േഎന്ന പേരിലുള്ള നിയമം ആദ്യഘട്ടത്തില്‍ പരാജയപ്പെട്ടുവെങ്കിലും പുനരവതരിപ്പിക്കാനുള്ള നീക്കങ്ങള്‍ നടന്നുവരുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഉയിഗൂര്‍ വംശജരെ നേരിട്ട് കൊല്ലുന്നതിനു പകരം അവരെ കിരാതമായി പീഡിപ്പിച്ചുകൊണ്ടും അവയവങ്ങള്‍ മുറിച്ചെടുത്ത് വില്‍പന നടത്തിയും  പതിയെ മരണത്തിലേക്ക് തള്ളിവിടുന്ന കുതന്ത്രവും ചൈന വിജയകരമായി പരീക്ഷിച്ചുകഴിഞ്ഞു. തടവുകാരുടെ തലമുടി വെട്ടി വിഗ്ഗുകള്‍ നിര്‍മിച്ച്  വില്‍പ്പന നടത്തുന്നതായി കണ്ടെത്തിയതിനാല്‍ ചൈനീസ് വിഗ്ഗുകള്‍ക്കും അമേരിക്ക വിലക്കേര്‍പ്പെടുത്തിയിരുന്നു. ആഗോളതലത്തില്‍ ജനങ്ങളുടെ ഇഷ്ട ബ്രാന്‍ഡുകളായി കഴിഞ്ഞ സാംസങ് , നൈക്ക് ആപ്പിള്‍, അഡിഡാസ്, ജി.എന്‍.എം തുടങ്ങിയവക്കെല്ലാം ചൈനയില്‍ സ്വന്തമായി ശാഖകളുണ്ട്. ഒരുപക്ഷേ അവയുടെ ലേബലുകളില്‍  ലോക വിപണിയിലെത്തുന്ന ഉല്‍പ്പന്നങ്ങള്‍ ഉയിഗൂര്‍ തടവുകാരുടെ രക്തവും വിയര്‍പ്പും കലര്‍ന്നതാകാം. ഓഹരി ഉടമകള്‍ക്ക്  പരമാവധി ലാഭം എന്ന ആശയം ഉയര്‍ത്തിപ്പിടിക്കുന്ന കമ്പനികള്‍ ചൈനയുമായുള്ള സഹകരണം ഒറ്റയടിക്ക് അവസാനിപ്പിക്കാന്‍ തയാറാകണമെന്നില്ല. എന്നാല്‍ ഈ ഘട്ടത്തില്‍  വിവിധ രാജ്യങ്ങളിലെ ഭരണകൂടങ്ങള്‍ക്ക് നിര്‍ണായക ചുവടുവെപ്പുകള്‍ നടത്താന്‍ കഴിയും. പൗരാവകാശ ലംഘനങ്ങള്‍ക്കാണ് അവര്‍ കൂട്ടുനില്‍ക്കുന്നത് എന്ന്  കമ്പനികളെ ബോധ്യപ്പെടുത്താന്‍  ഭരണകൂടങ്ങള്‍ക്ക് സാധിക്കും. ഉയിഗൂര്‍ ജനതക്കെതിരായ ആസൂത്രിത നീക്കങ്ങള്‍  വംശഹത്യയാണെന്ന  പ്രഖ്യാപനം ഈ പശ്ചാത്തലത്തിലാണ് പ്രസക്തമാകുന്നത്. ഇപ്പോഴത്തെ ദൂഷിതവലയം ഭേദിക്കാന്‍ അത് നമ്മെ പ്രാപ്തമാക്കും എന്ന് ഞാന്‍ കരുതുന്നു.

ഉയിഗൂരില്‍ ചൈന നടത്തുന്ന നരവേട്ട വംശഹത്യയാണെന്ന് പ്രഖ്യാപിക്കാനുള്ള ആര്‍ജവം ആദ്യമായി പ്രകടിപ്പിച്ചത് പശ്ചാത്യ രാജ്യങ്ങള്‍ ആയിരുന്നു. എന്നാല്‍ അത്തരം ഒരു പ്രഖ്യാപനം  നടത്താന്‍ മടിച്ചുനില്‍ക്കുകയാണ് മുസ്ലിം ജനതക്ക് ഭൂരിപക്ഷമുള്ള  രാജ്യങ്ങള്‍. ചൈനക്ക് പിന്‍ബലം നല്‍കുന്ന  സമീപനം തുടരുകയാണ് ഇനിയും ചില രാജ്യങ്ങള്‍. ഈ വൈരുധ്യത്തെ എങ്ങനെ വിലയിരുത്തുന്നു?

ഉയിഗൂറിലെ ചൈനീസ് നടപടികളെ വംശഹത്യയായി പ്രഖ്യാപിക്കാന്‍ അമേരിക്കയെയും പശ്ചാത്യ രാജ്യങ്ങളെയും പ്രേരിപ്പിച്ചത് മുസ്‌ലിം വിഷയങ്ങളില്‍  അവര്‍ക്കുള്ള പ്രത്യേക അനുഭാവം  മൂലമാണെന്ന്  തെറ്റിദ്ധരിക്കേണ്ടതില്ല. വന്‍ശക്തികളെ വെല്ലുവിളിക്കാന്‍ ചൈന ഇടക്ക് ഉദ്യുക്തമാകാറുണ്ട് എന്നതാണ് പടിഞ്ഞാറന്‍ രാജ്യങ്ങളുടെ ചൈനീസ്‌വിരുദ്ധ സമീപനത്തിന് പിന്നിലെ പ്രധാന പ്രേരണ. ഉയിഗൂര്‍ പ്രശ്‌നത്തെ ശാക്തിക സംഘര്‍ഷത്തിന്റെ കരുവായി ഉപയോഗിക്കാന്‍ അവര്‍ക്ക് സാധിക്കുന്നു എന്നു ചുരുക്കം. എന്നാല്‍ ഉയിഗൂറില്‍ വംശഹത്യ അരങ്ങേറുന്നില്ല എന്ന് ഇതിന് അര്‍ഥം കല്‍പിക്കേണ്ടതില്ല.
ഉയിഗൂര്‍ വംശഹത്യയില്‍ പ്രതിഷേധിക്കുകയും ചൈനയുടെ അടിച്ചമര്‍ത്തല്‍ നയത്തെ എതിര്‍ക്കുകയും ചെയ്യുന്ന ഏതു രാജ്യത്തിന്റെയും ഏതു ഭരണകൂടത്തിന്റെയും വ്യക്തിയുടെയും വാക്കുകളെ ഞങ്ങള്‍ വിലപ്പെട്ടതായി കണക്കാക്കുന്നു. വന്‍കിട വ്യവസായങ്ങളില്‍ മുതല്‍മുടക്കിയും വായ്പകള്‍ നല്‍കിയും മിഡിലീസ്റ്റിലെയും ദക്ഷിണ പൂര്‍വേഷ്യയിലെയും മുസ്‌ലിം രാജ്യങ്ങളെ ചൊല്‍പ്പടിയില്‍ നിര്‍ത്താനുള്ള തന്ത്രം പയറ്റുകയാണ്  ചൈനീസ് കമ്യൂണിസ്റ്റ് ഭരണകൂടം. ഉയിഗൂര്‍ വംശഹത്യയെ പാശ്ചാത്യര്‍ അപലപിക്കുമ്പോള്‍ മുസ്‌ലിം രാജ്യങ്ങള്‍ മൗനം ദീക്ഷിക്കുന്ന വൈചിത്ര്യം സംഭവിച്ചതിനു പിന്നിലെ രഹസ്യം അതാണ്. മുസ്‌ലിം രാജ്യങ്ങളെ മാത്രമല്ല, ചില പാശ്ചാത്യ രാജ്യങ്ങളെയും ചൈനീസ് അധികൃതര്‍ വിലയ്‌ക്കെടുത്തുകഴിഞ്ഞു. ചൈനക്ക് എതിരായ  വ്യാപാര നിയന്ത്രണ ബില്‍ പാസ്സാക്കുന്നതില്‍ ബ്രിട്ടീഷ് പാര്‍ലമെന്റിന് സംഭവിച്ച പരാജയം ഇതിന്റെ തെളിവാണ്. മനുഷ്യാവകാശ സംഘടനകളുടെ എതിര്‍പ്പുകള്‍ വകവെക്കാതെ  ചൈനയുമായി ന്യൂസിലാന്റ് നടത്തിയ വ്യാപാര സംഭാഷണങ്ങള്‍  മറ്റൊരു ഉദാഹരണം. അതേസമയം  ആംനെസ്റ്റി ഇന്റര്‍നാഷ്‌നല്‍, ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് തുടങ്ങിയ മനുഷ്യാവകാശ പ്രസ്ഥാനങ്ങള്‍ ഞങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്  ശ്രദ്ധേയമാണ്. ഉയിഗൂര്‍ വംശക്കാര്‍  രൂപംനല്‍കിയ ഉയിഗൂര്‍ ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊജക്ട് , ഉയിഗൂര്‍ റിവൈവല്‍ അസോസിയേഷന്‍, വേള്‍ഡ് ഉയിഗൂര്‍ കോണ്‍ഗ്രസ്, ഉയിഗൂര്‍ അമേരിക്കന്‍ അസോസിയേഷന്‍ തുടങ്ങിയ സംഘടനകളും വന്‍ ജനപിന്തുണ നേടികൊണ്ടിരിക്കുന്നു. ഉയിഗൂര്‍ ജനത  ചെന്നു പതിച്ച ദുരിതക്കയങ്ങളുടെ ആഴം മനസ്സിലാക്കുന്നതില്‍  ലോകരാജ്യങ്ങള്‍ പരാജയപ്പെട്ടു എന്നു വരാം. എന്നാല്‍ സര്‍വശക്തനായ ജഗന്നിയന്താവ് എല്ലാം കണ്ടുകൊണ്ടിരിക്കുന്നു എന്ന വിശ്വാസമാണ് ഞങ്ങളുടെ പ്രതീക്ഷയും ആത്മബലവും. 

(തുടരും)

വിവ: വി.പി.എ അസീസ്

Comments

ഖുര്‍ആന്‍ ബോധനം

സൂറ-37 / അസ്സ്വാഫ്ഫാത്ത (114-122)
ടി.കെ ഉബൈദ്‌