Prabodhanm Weekly

Pages

Search

2021 മാര്‍ച്ച്‌ 26

3195

1442 ശഅ്ബാന്‍ 12

കെഡാവറും കെടാവിളക്കും

കെ.സി സലീം

ആപ്പിള്‍ സഹസ്ഥാപകനായ സ്റ്റീവ് ജോബ്‌സ് 2005-ല്‍ സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ നടത്തിയ ഒരു പ്രഭാഷണത്തില്‍ തനിക്ക് പതിനേഴ് വയസ്സുള്ളപ്പോള്‍ കേട്ട ഒരു മഹദ് വചനം ഉദ്ധരിക്കുകയുണ്ടായി. 'ഇന്ന് നിങ്ങളുടെ അവസാന ദിവസമാണെന്ന നിലയില്‍ ജീവിക്കുക' എന്നതായിരുന്നു ആ വചനം. ഇത് തന്നെ നന്നായി സ്വാധീനിച്ചിട്ടുണ്ട് എന്നും കഴിഞ്ഞ 33 വര്‍ഷങ്ങളായി താന്‍ എന്നും രാവിലെ കണ്ണാടി നോക്കി ഈ ചോദ്യം തന്നോടു തന്നെ പറയുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു (നാളെ നീ മരിക്കും എന്നതു പോലെ പരലോകത്തിന് വേണ്ടി പ്രവര്‍ത്തിക്കുക എന്നൊരു നബിവചനമുണ്ട്). കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക്‌സ് മേഖലയില്‍ അനേകം വിജയങ്ങള്‍ കൈവരിച്ച സ്റ്റീവ് ജോബ്‌സ് ഇത് പറയുമ്പോള്‍ അദ്ദേഹത്തിന് അമ്പത് വയസ്സായിരുന്നു. നാല്‍പത്തി ഒമ്പതാം വയസ്സില്‍ പാന്‍ക്രിയാസിന് കാന്‍സര്‍ ബാധിച്ച അദ്ദേഹം അമ്പത്തി ആറാം വയസ്സില്‍ മരണമടഞ്ഞു. മരിക്കുമ്പോള്‍ ആയിരം കോടിയിലേറെ രൂപയുടെ ആസ്തിയുണ്ടായിരുന്നു അദ്ദേഹത്തിന്. അതൊന്നും പക്ഷേ അദ്ദേഹത്തിന് ഗുണം ചെയ്തില്ല. അദ്ദേഹത്തിന്റെ പത്‌നിയും ആദ്യബന്ധത്തിലുണ്ടായിരുന്ന മകളുമെല്ലാം ചേര്‍ന്ന് അത് ഓഹരി വെക്കുകയായിരുന്നു.
അത്ഭുതം തോന്നും; സുഹൃത്തുക്കളുടെ വരാന്തകളിലുറങ്ങിയിരുന്ന, സൗജന്യ ഭക്ഷണം ലഭിക്കാനായി ചിലപ്പോഴെല്ലാം അടുത്തുള്ള ഒരു ആരാധനാലയത്തില്‍ പോയിരുന്ന സ്റ്റീവ് ജോബ്‌സിന്റെ ജീവിതത്തെക്കുറിച്ചറിഞ്ഞാല്‍. ജനിച്ചയുടന്‍ ദത്തിനായി നല്‍കപ്പെട്ടവനായിരുന്നു അദ്ദേഹം. മതരഹിതനായി ജീവിച്ച അബ്ദുല്‍ ഫത്താഹ് ജിന്ദാല്‍ എന്ന് പേരുള്ള ഒരു സിറിയക്കാരന് അമേരിക്കയിലെ വിസ്‌കോണ്‍സിന്‍ യൂനിവേഴ്‌സിറ്റിയില്‍ ഗവേഷണ വിദ്യാര്‍ഥിയായിരിക്കെ സഹപാഠിയായിരുന്ന ജോനാ കരോള്‍ ഷീബിള്‍ എന്ന് പേരുള്ള കാമുകിയില്‍ പിറന്നവനായിരുന്നു സ്റ്റീവ് ജോബ്‌സ്. ജിന്ദാലുമായുള്ള വിവാഹത്തിന് മാതാപിതാക്കള്‍ സമ്മതിക്കാതിരുന്നതിനാല്‍ വിവാഹത്തിനു മുമ്പ് ഗര്‍ഭം ധരിച്ച കുഞ്ഞിനെ സാന്‍ഫ്രാന്‍സിസ്‌കോയില്‍ പോയി പ്രസവിച്ച്, അവിടെ വെച്ച് പോള്‍, ക്ലാരാ ജോബ്‌സ് ദമ്പതികളെ ഏല്‍പിക്കുകയായിരുന്നു അവര്‍. തൊട്ടടുത്ത വര്‍ഷമാണ് ജിന്ദാല്‍ ഷീബിളിനെ വിവാഹം കഴിച്ചത്. മിഷിഗന്‍ സര്‍വകലാശാലയില്‍ കുറച്ചു കാലം അധ്യാപകനായിരുന്നു അബ്ദുല്‍ ഫത്താഹ് ജിന്ദാല്‍. താന്‍ താമസിക്കുന്നതിന്റെ തൊട്ടടുത്ത് ഒരു റസ്റ്റോറന്റ് നടത്തിയിരുന്ന തന്റെ പിതാവിനെ സ്റ്റീവ് ജോബ്‌സിന് അറിയുമായിരുന്നില്ല. പില്‍ക്കാലത്ത് അറിഞ്ഞതിനു ശേഷം അദ്ദേഹത്തെ കാണാന്‍ സ്റ്റീവ് ജോബ്‌സ് ഒരിക്കലും താല്‍പര്യം കാണിച്ചിരുന്നുമില്ല. ലൈഫ് മാഗസിനില്‍ പട്ടിണിക്കോലങ്ങളായ പിഞ്ചുകുഞ്ഞുങ്ങളുടെ ചിത്രങ്ങള്‍ കണ്ട ദുഃഖത്താല്‍ പതിമൂന്നാം വയസ്സില്‍ സ്റ്റീവ് ജോബ്‌സ് പള്ളിയില്‍ പോകുന്നതും നിര്‍ത്തി. ബുദ്ധമതാചാരമനൂസരിച്ച് വിവാഹം കഴിച്ച അദ്ദേഹം അവസാനകാലത്ത് ആത്മീയത തേടി ഇന്ത്യയില്‍ വന്നിരുന്നു, ഒരു ഗുരുവിനെ കാണാന്‍. അപ്പോഴേക്കും ആ ഗുരു മരിച്ചുപോയിരുന്നു.
ഒടുവില്‍ പാന്‍ക്രിയാസിന് അര്‍ബുദം ബാധിച്ചപ്പോള്‍ ആദ്യ ഒമ്പത് മാസക്കാലം ശസ്ത്രക്രിയ ഒഴിവാക്കാന്‍ ഭക്ഷണശീലങ്ങള്‍ മാറ്റിയും ബദല്‍ ചികിത്സാ രീതികള്‍ പരീക്ഷിച്ചും യഥാര്‍ഥ ചികിത്സക്ക് വിസമ്മതിച്ചുവത്രെ. അപ്പോഴേക്കും രോഗം കരളിലേക്ക് കൂടി പടര്‍ന്നിരുന്നു. ഇഷ്ടം പോലെ പണമുണ്ടായിട്ടു കൂടി അതൊന്നും അദ്ദേഹത്തിന്റെ ചികിത്സക്ക് പ്രയോജനകരമായില്ല. കാന്‍സര്‍ പോലുള്ള മാരകരോഗങ്ങള്‍ വന്ന് മരിക്കുന്നത് ധനാഢ്യന്മാര്‍ മാത്രമല്ല, പാവങ്ങളും മരിക്കുന്നു. മരണത്തിന് അത്തരം പരിഗണനകളില്ല.
ലോകത്തിലെ ഏറ്റവും വിലയേറിയ ഭൂമി ഏതാണ് എന്ന് ദി ആക്‌സിഡന്റല്‍ ക്രിയേറ്റീവ് എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവായ ടോഡ് ഹെന്റിയോട് ഒരാള്‍ ചോദിച്ചത് അദ്ദേഹം മറ്റൊരു പുസ്തകത്തില്‍ ഉദ്ധരിക്കുന്നുണ്ട്. ഇതേ ചോദ്യം അദ്ദേഹം പലരോടും ചോദിച്ചപ്പോള്‍ പല തരം മറുപടികളാണ് അദ്ദേഹത്തിന് കിട്ടിയത്. ഗള്‍ഫ് നാടുകളിലെ എണ്ണപ്പാടങ്ങള്‍, ദക്ഷിണാഫ്രിക്കയിലെ സ്വര്‍ണഖനികള്‍, സഹജീവികള്‍ക്കായി ചെയ്യാനുദ്ദേശിച്ച കാര്യങ്ങള്‍ തുടങ്ങിയവയായിരുന്നു ഉത്തരങ്ങള്‍. എന്നാല്‍ അദ്ദേഹം നല്‍കിയ ഉത്തരം ശ്മശാനം എന്നതായിരുന്നു. നാളെ ഞാന്‍ ചെയ്യാം എന്ന് ആളുകള്‍ കരുതിയ കാര്യങ്ങള്‍ - എഴുതപ്പെടാത്ത നോവലുകള്‍, ചെയ്യാനുദ്ദേശിച്ച നന്മകള്‍, ആരംഭിക്കാനാവാതിരുന്ന വ്യാപാര, വ്യവസായങ്ങള്‍ തുടങ്ങിയ എല്ലാ കാര്യങ്ങളും - അടക്കപ്പെട്ടിരിക്കുന്നത് ശ്മശാനത്തിലാണ്. കഴിവുകള്‍ ഉപയോഗപ്പെടുത്താതെ ജീവിതം അസ്തമിച്ചുപോയ ആളുകള്‍ അടക്കം ചെയ്യപ്പെട്ട ഭൂപ്രദേശം. ജന്മനാ ലഭിച്ച കഴിവുകള്‍ മുഴുവന്‍ ഉപയോഗപ്പെടുത്തിയല്ലാതെ മണ്ണിലേക്ക് മടങ്ങരുതെന്നാണ് അദ്ദേഹത്തിന്റെ ഉപദേശം. അദ്ദേഹം ഇതു സംബന്ധിച്ച് എഴുതിയ പുസ്തകത്തിന്റെ പേരു തന്നെ അങ്ങനെയാണ് - ഡൈ എംപ്റ്റി (കാലിയാക്കി മരിക്കുക - Die Empty by Todd Henry, Portfolio, Penguin, New York, 2015‑) നിങ്ങളുടെ ഉള്ളിലുള്ള ഏറ്റവും നല്ല കഴിവുകള്‍ ഉള്ളില്‍ തന്നെ ബാക്കിവെച്ച് മണ്ണിലേക്ക് തിരിച്ചുപോകരുത് എന്നാണ് പുസ്തകം നല്‍കുന്ന സന്ദേശം.
ജീവിതകാലത്ത് പലര്‍ക്കും സമ്പത്ത് വാരിക്കൂട്ടാനാണ് കൂടുതല്‍ താല്‍പര്യം. അതിനായി അതിസാഹസങ്ങള്‍ കാണിക്കുന്നവരും തങ്ങളുടെ ശ്രമങ്ങളില്‍ അതിയായി വിജയിക്കുന്നവരും എല്ലാം നമ്മുടെ മുന്നിലുണ്ട്. ജീവിതകാലം മുഴുവന്‍ ജ്ഞാനസാഗരത്തില്‍ നീന്തിത്തുടിച്ചവരും അറിവു നേടി പല വിജയങ്ങളും കൊയ്തവരുമുണ്ട്. ഉന്നതങ്ങളില്‍ എത്തിയവരില്‍ ഭൂരിഭാഗവും ഉറക്കമിളച്ച് അധ്വാനിച്ചവരായിരുന്നു. കഠിനമായി അധ്വാനിച്ചിട്ടും വിജയം കണ്ടെത്താത്തവരുമുണ്ട്. അതിനുള്ള കാരണം സ്വയം അന്വേഷിച്ചു കണ്ടെത്തേണ്ടതുണ്ട്. ജീവിതത്തില്‍ നാമെല്ലാവരും പല ഭാഗങ്ങളും അഭിനയിച്ചിട്ടുണ്ടാവും. ഒടുവില്‍ നാമെല്ലാവരും ഒന്നുകില്‍ കെഡാവറോ, അല്ലെങ്കില്‍ കെടാവിളക്കോ ആയി അസ്തമിക്കുന്നു. ആരാണ് ഞാന്‍ എന്നതാണ് ഓരോരുത്തരും സ്വയം ചോദിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട ചോദ്യം.
കെഡാവര്‍ എന്ന ലാറ്റിന്‍ പദം കദേരെ (cadere) എന്ന ലാറ്റിന്‍ ക്രിയാനാമത്തില്‍നിന്ന് വന്നതാണ്. ഞാന്‍ വീഴുന്നു എന്നാണ് പദത്തിന്റെ അര്‍ഥം. വീണു പോയ ഒരാള്‍ എന്ന മൃദുവായ അര്‍ഥത്തില്‍ മരിച്ചുപോയ ആളെ സൂചിപ്പിക്കാന്‍ ഈ പദം ഉപയോഗിക്കാറുണ്ട്. കാരോ ഡാറ്റാ വേര്‍മിബസ് (Caro Data Vermibus) എന്നാണ് പൂര്‍ണരൂപം. പുഴുക്കള്‍ക്ക് നല്‍കിയ മാംസം എന്നര്‍ഥം. ഷെര്‍ളി വാസു എഴുതിയ പോസ്റ്റ്‌മോര്‍ട്ടം ടേബ്ള്‍ എന്ന പുസ്തകത്തില്‍ ഈ പദത്തിന് വിവരങ്ങള്‍ അസ്തമിച്ചത് എന്ന അര്‍ഥമാണ് നല്‍കിയിരിക്കുന്നത്. നാം മരിക്കുമ്പോള്‍ നാം അതുവരെ നേടിയ അറിവുകളും അസ്തമിക്കുന്നു.
നാം മരിക്കുന്നതോടെ നാം കെഡാവര്‍ ആവുന്നു. കെഡാവര്‍ ആവുമ്പോള്‍ നാം നേടിയ വിവരങ്ങള്‍ മാത്രമല്ല അസ്തമിക്കുന്നത്. നമ്മുടെ കഴിവുകളും അസ്തമിക്കുന്നു. ഓരോരുത്തര്‍ക്കും ജന്മസിദ്ധികളുണ്ടാവും, വ്യത്യസ്ത അളവിലായിരിക്കും എന്നു മാത്രം. അത് കണ്ടെത്തുകയും പ്രയോജനപ്പെടുത്തുകയുമാണ് പ്രധാനം. ഓരോ മനുഷ്യനും ഈ ലോകത്ത് പ്രധാനപ്പെട്ടതും വിലപ്പെട്ടതുമാണ്. പ്രതിഭാശാലികള്‍ക്ക് മാത്രമല്ല പ്രാധാന്യം. അതുകൊണ്ടാണ് പതിനേഴാം നുറ്റാണ്ടിലെ ഇംഗ്ലീഷ് കവി ജോണ്‍ ഡണ്‍ എഴുതിയ 'ഡിവോഷന്‍സ് അപോണ്‍ എമേര്‍ജന്റ് ഒക്കേഷന്‍സ്' എന്ന പേരില്‍ ഇറങ്ങിയ, ആകസ്മിക സന്ദര്‍ഭങ്ങളിലെ പ്രാര്‍ഥനകളില്‍ ഉള്‍പ്പെട്ട അദ്ദേഹത്തിന്റെ ഒരു രചന പ്രധാനമാവുന്നത്. മാരകമായ ഒരു രോഗം ബാധിച്ച് കിടപ്പിലായ സന്ദര്‍ഭത്തില്‍ എഴുതിയ ഡയറിക്കുറിപ്പുകളിലാണ് 'നോ മാന്‍ ഈസ് എന്‍ ഐലന്റ്' എന്ന് തുടങ്ങുന്ന ആ വരികളുള്ളത്.
'ഈ ലോകത്ത് ആരും ഒരു ദ്വീപല്ല. എല്ലാവരും ഈ ഭൂഖണ്ഡത്തിന്റെ ഭാഗമാണ്. ഒരു മണ്‍തിട്ടയോ ഒരു മുനമ്പോ കടലില്‍ ഒലിച്ചുപോയാല്‍ യൂറോപ്പ് അത്രയും ചെറുതാവും. നിങ്ങളുടെ സുഹൃത്തുക്കളുടെയോ നിങ്ങളുടെ തന്നെയോ വീട് ഒലിച്ചുപോയാലും അങ്ങനെ തന്നെ. ഏതൊരു മനുഷ്യന്റെ മരണവും എന്നില്‍ കുറവ് വരുത്തുന്നു. കാരണം, ഞാന്‍ മനുഷ്യകുലത്തില്‍ പെട്ടവനാണ്. അതുകൊണ്ട്, മണി മുഴങ്ങുന്നത് ആര്‍ക്കു വേണ്ടിയാണെന്നറിയാന്‍ ആളെ അയക്കേണ്ടതില്ല. അത് നിങ്ങള്‍ക്കു വേണ്ടി തന്നെയാണ് മുഴങ്ങുന്നത്' - അദ്ദേഹം എഴുതി. ഈ കവിതയില്‍നിന്നാണ് 'മണി മുഴങ്ങുന്നതാര്‍ക്കു വേണ്ടി' എന്ന പ്രസിദ്ധമായ തന്റെ നോവലിന്റെ ശീര്‍ഷകം ഏണസ്റ്റ് ഹെമിംഗ്‌വെ എടുത്തത് എന്ന് പറയപ്പെടുന്നു.
ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടില്‍ വൈദികനായിരുന്നു ഇംഗ്ലീഷ് കവിയും സാഹിത്യകാരനുമായിരുന്ന ജോണ്‍ ഡണ്‍. 1624-ല്‍ ആണ് ഇത് പ്രസിദ്ധീകൃതമാവുന്നത്. മനുഷ്യവര്‍ഗത്തെ മുഴുവന്‍ തന്റെ ഭാഗമായി ആവാഹിച്ചെടുക്കുന്ന ദീപ്തമായ ഒരു സന്ദേശമാണിതിലുള്ളത്. ഖുര്‍ആനിലെ അഞ്ചാം അധ്യായം അല്‍മാഇദയിലെ ഈ വചനം ഇതിനോട് ചേര്‍ത്തു വായിക്കുമ്പോള്‍ ഈ സന്ദേശം പൂര്‍ത്തിയാവും: ''വല്ലവനും ഒരാളെ വധിച്ചാല്‍ അത് മുഴുവന്‍ മനുഷ്യരെയും വധിച്ചതിനു തുല്യമാകുന്നു. ഒരാളുടെ ജീവന്‍ വല്ലവനും രക്ഷിച്ചാല്‍ അത് മുഴുവന്‍ മനുഷ്യരുടെ ജീവനും രക്ഷിച്ചതിന് തുല്യമാവുന്നു'' (ഖുര്‍ആന്‍ 5:32).
'അഹങ്കരിക്കേണ്ട മരണമേ' (Death, Be Not Proud)  എന്ന പ്രസിദ്ധമായ ഗീതികയെഴുതിയ കവിയാണ് ജോണ്‍ ഡണ്‍. കരുത്തുറ്റതും പേടിപ്പെടുത്തുന്നതുമായ ഒന്നാണ് നീയെന്ന് ചിലര്‍ കരുതുന്നുണ്ടെങ്കിലും, നീ അതല്ല. തൂത്തെറിയാമെന്ന് നീ വിചാരിക്കുന്നവരൊന്നും മരിക്കുന്നില്ല. നിനക്ക് എന്നെ കൊല്ലാനും കഴിയില്ല, പാവം മരണമേ എന്നാണ് കവി പറയുന്നത്. മരണത്തെ നിദ്രയോട് ഉപമിക്കുകയാണ് ഈ കവിതയില്‍. ഒരു നീണ്ട നിദ്ര. സാധാരണ ജീവിതത്തില്‍ ഇവിടെത്തന്നെ ഉറക്കമുണരുമ്പോള്‍, ഈ ദീര്‍ഘനിദ്ര കഴിഞ്ഞ് ഉണരുന്നത് ജീവിതാനന്തര ലോകത്തിലാണെന്നു മാത്രം. ശരീരത്തെ മാത്രമാണിവിടെ വിട്ടേച്ചുപോകുന്നത്. ആത്മാവ് ജീവിതാനന്തര ലോകത്തെത്തുന്നു.
ആത്മാവ് വിട്ടുപോയ ആ ശരീരത്തിന് പിന്നെ പേരില്ല. വെറും ശരീരമാണത്, ജീവനില്ലാത്ത ശരീരം. 'അത്' എന്നേ പിന്നെ അതിനെ ആളുകള്‍ വിശേഷിപ്പിക്കൂ. ജീവിതം മുഴുവന്‍ അധ്വാനിച്ച് നിര്‍മിച്ച മനോഹരമായ രമ്യഹര്‍മ്യമാണെങ്കിലും മരിച്ച വീട് എന്നേ അന്ന് ആളുകള്‍ പറയൂ. ആ സ്ഥിതി എത്തുന്നതിനു മുമ്പ് നാം നമ്മുടെ ജീവിതത്തിന് കല്‍പിച്ച, അല്ലെങ്കില്‍ കല്‍പിക്കുന്ന വിലയെത്രയാണ്? ഒരു മനുഷ്യായുസ്സിന്റെ വിലയെത്രയാണ്?
അഞ്ച് വര്‍ഷങ്ങള്‍ക്കു മുമ്പ് ഹൃദ്രോഗാനന്തര വിശ്രമവേളയിലെ ചിന്തകള്‍ക്കിടയില്‍, നാം ജനിക്കുന്നതിനു മുമ്പ് തന്നെ പ്രവര്‍ത്തനമാരംഭിക്കുകയും മരണം വരെ വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന നമ്മുടെ ഹൃദയത്തെക്കുറിച്ച ചില ചിന്തകള്‍ തികട്ടിവന്നു. ഒരു മിനിറ്റില്‍ ശരാശരി 72 തവണ മിടിക്കുന്ന നമ്മുടെ ഹൃദയം ഓരോ മിടിപ്പിലും 70 മില്ലി ലിറ്റര്‍ രക്തം പമ്പ് ചെയ്യുന്നുണ്ട്. നാം നടക്കുമ്പോള്‍, ഓടുമ്പോള്‍, നില്‍ക്കുമ്പോള്‍, കളിക്കുമ്പോള്‍, സംസാരിക്കുമ്പോള്‍, പണിയെടുക്കുമ്പോള്‍ എന്നു മാത്രമല്ല, നാം ഉറങ്ങുമ്പോള്‍ പോലും അത് പ്രവര്‍ത്തിക്കുന്നു. നാം ജീവിക്കുന്ന വര്‍ഷങ്ങളില്‍ അതിന്റെ അധ്വാനമെത്രയെന്ന് ഊഹിക്കുക പോലും പ്രയാസം. 
ഒരു മനുഷ്യശരീരത്തില്‍ ഏതാണ്ട് അഞ്ച് ലിറ്റര്‍ രക്തമാണുള്ളത്. ഓരോ ദിവസവും ശരാശരി 7,500 ലിറ്റര്‍ രക്തം നമ്മുടെ ഹൃദയം പമ്പ് ചെയ്യുന്നുണ്ട്. ശരീരത്തിലെ ഒരു പ്രധാന അവയവത്തിന്റെ മാത്രം കാര്യമാണിത്. ഒരു മനുഷ്യശരീരത്തില്‍ തലച്ചോര്‍, ശ്വാസകോശങ്ങള്‍, കരള്‍, കിഡ്‌നികള്‍, ഹൃദയം, ആമാശയം, കുടല്‍, ചര്‍മം എന്നീ പ്രധാന അവയവങ്ങളടക്കം ഏതാണ്ട് എഴുപത്തഞ്ചിലധികം അവയവങ്ങളുണ്ട്. ഇവയെല്ലാം അടങ്ങുന്ന ശരീരത്തെയാണ് മരിച്ചുകഴിയുമ്പോള്‍ ഒരാള്‍ ഇവിടെ വിട്ടേച്ചുപോകുന്നത്. മരണശേഷം ഒരു വിലയുമില്ലാത്ത ജഡം. ഇന്‍ഷുറന്‍സ് കമ്പനികള്‍, സാമ്പത്തിക സ്ഥാപനങ്ങള്‍ എന്നിവയെല്ലാം മനുഷ്യജീവന് ഒരര്‍ഥത്തില്‍ വില നിശ്ചയിക്കാറുണ്ട്. അത് ഒരാള്‍ ജീവിക്കുമെങ്കില്‍ അയാളില്‍നിന്ന് ലഭിക്കുമായിരുന്ന സേവനങ്ങളെയും പ്രവര്‍ത്തനങ്ങളെയും അയാളുടെ സാമ്പത്തിക ശേഷിയെയും മറ്റും അടിസ്ഥാനപ്പെടുത്തിയാണ്. മരണത്തിന്റെ സാധ്യത കുറക്കാനായി വ്യക്തികള്‍ എത്ര തുക ചെലവഴിക്കാന്‍ തയാറാകും എന്നാണിത് പ്രാഥമികമായി സൂചിപ്പിക്കുന്നത്. 'വാല്യു ഓഫ് സ്റ്റാറ്റിസ്റ്റിക്കല്‍ ലൈഫ്' (VSL)എന്നാണതിന് പറയുക.
അവയവദാനത്തിന്റെ ഈ കാലത്ത് അവയവങ്ങളുടെ ഭൗതികമായ വിലയറിയാന്‍ പ്രയാസമുണ്ടാവില്ല. ശരീരത്തിലെ അവയവങ്ങള്‍ക്കു മാത്രമേ ഇങ്ങനെ വില നിശ്ചയിക്കാനാവൂ. ഒരു മനുഷ്യന്റെ ബുദ്ധി, ജന്മസിദ്ധികള്‍, ഉള്‍ക്കാഴ്ച, സൂക്ഷ്മദര്‍ശിത്വം, നര്‍മബോധം തുടങ്ങിയവക്കെല്ലാം എങ്ങനെയാണ് വില കല്‍പിക്കുക?
വിലയേറിയ വസ്ത്രങ്ങളും സൗന്ദര്യവര്‍ധക വസ്തുക്കളുമെല്ലാം ഉപയോഗിച്ച് നാമിപ്പോള്‍ അഭിമാനത്തോടും ചിലപ്പോള്‍ അഹങ്കാരത്തോടും കൊണ്ടുനടക്കുന്ന ഈ ശരീരത്തില്‍നിന്ന് ആത്മാവ് വേര്‍പെടുന്നതു വരെയാണ് ശരീരത്തിനും അവയവങ്ങള്‍ക്കുമെല്ലാം ഈ വില. അതില്‍നിന്ന് ജീവന്‍ പോയിക്കഴിഞ്ഞാല്‍ ഇത് വെറും ജഡം മാത്രമാണ്. ജീവനുള്ള ശരീരത്തില്‍ തന്നെ 99 ശതമാനവും ഓക്‌സിജന്‍, കാര്‍ബണ്‍, ഹൈഡ്രജന്‍, കാത്സ്യം, ഫോസ്ഫറസ് എന്നിവയാണ്. ഇതെല്ലാം കൂടി സാധനങ്ങളുടെ വിലയ്ക്ക് തൂക്കി വിറ്റാല്‍ കിട്ടുക ഏതാനും ആയിരങ്ങള്‍ മാത്രമാണ്. നാം പരിചരിച്ചു നിലനിര്‍ത്തുന്ന ഈ ശരീരത്തിന് അത്രയൊന്നും വിലയില്ലെന്നാണിത് കാണിക്കുന്നത്.
ജീവിച്ചുതീര്‍ത്ത ശരീരത്തിന് ഭൗതികമായി നോക്കുമ്പോള്‍ വിലയില്ലെങ്കില്‍, ജഡമായിക്കഴിഞ്ഞാല്‍ വിലയൊട്ടുമില്ലെങ്കില്‍, പിന്നെ ആലോചിക്കാനുള്ളത് ജീവിച്ചുതീര്‍ത്ത ഈ ജീവിതം എത്ര മൂല്യവത്തായിരുന്നു എന്നാണ്. ഇവിടെയാണ് ജീവിതം കൊണ്ട് എന്തു നേടി എന്ന ചോദ്യത്തിന്റെ ഉത്തരം അന്വേഷിക്കേണ്ടത്.
ജീവിതം ഞാന്‍ വേണ്ടവിധം ഉപയോഗിച്ചില്ലല്ലോ എന്ന് അന്ത്യകാലത്ത് വിലപിക്കുന്നവര്‍ ഏറെയുണ്ട്. യഥാസമയങ്ങളില്‍ ആത്മപരിശോധന നടത്തുന്നവര്‍ക്ക് ഈ ദുഃഖം ഒഴിവാക്കാനാവും. മരണമെത്തുന്ന നേരത്ത് എനിക്ക് അല്‍പം കൂടി ആയുസ്സ് നീട്ടിത്തന്നെങ്കില്‍ സത്യസന്ധമായി, സദ്‌വൃത്തനായി ജീവിച്ചുകൊള്ളാമെന്ന് മനുഷ്യന്‍ പറയുന്നതായി ഖുര്‍ആനില്‍ (58:10) കാണാം. നിനക്ക് നാം അനുഗ്രഹിച്ചു നല്‍കിയതില്‍നിന്ന് വേണ്ടവിധം വിനിയോഗിക്കൂ എന്നാണ് ആ വാക്യത്തിന്റെ ആദ്യത്തിലുള്ളത്. അനുഗ്രഹിച്ചു നല്‍കിയത് ധനം മാത്രമല്ല; ആരോഗ്യം, അറിവ്, ബുദ്ധിശക്തി, സര്‍ഗസിദ്ധികള്‍ അങ്ങനെ പലതും. അത് സ്വന്തത്തിനു മാത്രമല്ല, സമൂഹത്തിന്റെ നന്മക്കായി കൂടി വിനിയോഗിച്ചുവോ എന്നാണ് പരിശോധിക്കേണ്ടത്.
ജീവിതം നമ്മില്‍നിന്ന് എന്താവശ്യപ്പെടുന്നു എന്ന് കണ്ടെത്തല്‍ പ്രധാനമാണ്. ജന്മസിദ്ധികള്‍ കണ്ടെത്തുമ്പോള്‍ ജീവിതത്തില്‍ വിജയം കൊയ്യുന്നതു പോലെ, ജീവിതം തന്നെ ഒരു സിദ്ധിയായോ ദാനമായോ കണ്ട് അത് ഫലപ്രദമായി ഉപയോഗിച്ചു തന്നെ പില്‍ക്കാലത്ത് നാം പലതും കൊയ്യേണ്ടതുണ്ട്. അത് ദാനധര്‍മങ്ങളിലൂടെയാവാം, പരസ്പര സ്‌നേഹത്തിലൂടെയും പരോപകാരത്തിലൂടെയുമാവാം, സഹജീവികളുടെ കണ്ണീരൊപ്പിയാവാം, മറ്റുള്ളവരുടെ ആവശ്യങ്ങള്‍ നിര്‍വഹിച്ചുകൊണ്ടാവാം അങ്ങനെ പല മാര്‍ഗങ്ങളും മുമ്പിലുണ്ടാവും. ജീവിതത്തിന്റെ വെളിച്ചം മറ്റുള്ളവരിലേക്ക് പകരാനുള്ള നിശ്ചയദാര്‍ഢ്യമാണ് ആദ്യം വേണ്ടത്. 
ജീവിതം തനിക്ക് വെറുമൊരു മെഴുകുതിരി മാത്രമല്ലെന്നും ഉജ്ജ്വലമായി പ്രകാശം പരത്തുന്ന ദീപ്തിമത്തായ ഒരു ടോര്‍ച്ചാണെന്നും, മരിക്കുന്നതിനു മുമ്പ് അത് ഏറ്റവും ശോഭയോടെ ജ്വലിപ്പിച്ച് ഭാവി തലമുറകള്‍ക്ക് കൈമാറേണ്ടതുണ്ടെന്നും ബര്‍ണാഡ് ഷാ പറഞ്ഞതായി കാണുന്നു. ജീവിതത്തിന്റെ അവസാനമാവുമ്പോഴേക്കും നമ്മിലുള്ള എല്ലാ സിദ്ധികളും ജ്വലിച്ചുതീരണം. സമൂഹത്തിനു വേണ്ടി പ്രകാശം പരത്തുന്നവര്‍ക്കു മാത്രമേ അങ്ങനെ തന്റെ ജഡത്തെ ശൂന്യമാക്കി ഈ ലോകത്തോട് വിടപറയാനാവൂ. മരിച്ചുകഴിയുമ്പോള്‍ വെറുമൊരു കെഡാവര്‍ - ജഡം - ആവരുത് നമ്മള്‍; എന്നെന്നും സമൂഹത്തിന് വെളിച്ചം വീശുന്ന കെടാവിളക്കാകാനാവണം ശ്രമം. സമ്പത്തും സന്താനങ്ങളും അലങ്കാരങ്ങള്‍ മാത്രമാണ്. അവശേഷിക്കുന്നതും ഫലം നല്‍കുന്നതും സുകൃതങ്ങള്‍ മാത്രം.

Comments

ഖുര്‍ആന്‍ ബോധനം

സൂറ-37 / അസ്സ്വാഫ്ഫാത്ത (114-122)
ടി.കെ ഉബൈദ്‌