Prabodhanm Weekly

Pages

Search

021 മാര്‍ച്ച് 19

3194

1442 ശഅ്ബാന്‍ 05

പോപ്പിന്റെ ഇറാഖ് സന്ദര്‍ശനവും വിസ്മരിക്കെപ്പടുന്ന ചില സത്യങ്ങളും

ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ഇറാഖ് സന്ദര്‍ശനം പല കാരണങ്ങളാല്‍ ശ്രദ്ധേയമാവുകയുണ്ടായി. അദ്ദേഹം ഈ പദവി ഏറ്റെടുത്ത ശേഷം യുദ്ധം ഛിന്നഭിന്നമാക്കിയ ഇറാഖിലേക്ക് നടത്തുന്ന ആദ്യ യാത്രയാണിത്. കത്തോലിക്കാ മതവിശ്വാസികളുടെ ഈ പരമോന്നത ആത്മീയ നേതാവിനെ സ്വീകരിക്കാന്‍ ഇറാഖിലെ എല്ലാ വിഭാഗം ജനങ്ങളും എത്തിയിരുന്നു. പല കാരണങ്ങളാല്‍ പ്രാധാന്യം കൈവന്ന നാല് പ്രധാന ഇറാഖി നഗരങ്ങള്‍ അദ്ദേഹം സന്ദര്‍ശിക്കുകയുണ്ടായി. ഐ.എസ് എന്ന ഭീകര സംഘം താണ്ഡവമാടിയ മൗസ്വില്‍ നഗരമാണ് അതിലൊന്ന്. ഐ.എസിന്റെ പിടിയില്‍നിന്ന് മോചിപ്പിച്ചെങ്കിലും ആ നഗരം ഇപ്പോഴും തകര്‍ന്നു കിടക്കുകയാണ്. അതിനെ പുനര്‍നിര്‍മിക്കാന്‍ കഴിഞ്ഞിട്ടില്ല. തകര്‍ക്കപ്പെട്ടവയില്‍ ചര്‍ച്ചുകളും ഉള്‍പ്പെടുന്നു. ഐ.എസിനെ എതിര്‍ത്ത ക്രിസ്ത്യാനികള്‍ മാത്രമല്ല മുസ്‌ലിംകളും യസീദികളും മറ്റു മത വിഭാഗങ്ങളുമെല്ലാം പീഡിപ്പിക്കപ്പെട്ടിരുന്നുവെങ്കിലും അത് ഏറ്റവും പ്രതികൂലമായി ബാധിച്ചത് ഇറാഖിലെ ക്രിസ്ത്യന്‍ ജനസംഖ്യയെയാണെന്ന് വിലയിരുത്തലുണ്ട്. അമേരിക്കന്‍ അധിനിവേശം മുതല്‍ ഐ.എസ് അതിക്രമങ്ങള്‍ വരെയുള്ള കാലയളവില്‍ ഇറാഖിലെ ക്രിസ്ത്യന്‍ ജനസംഖ്യ പതിനഞ്ച് ലക്ഷത്തില്‍നിന്ന് മൂന്ന് ലക്ഷമായി കുറഞ്ഞു എന്നാണ് റിപ്പോര്‍ട്ട്. അരക്ഷിതാവസ്ഥ കാരണം വലിയൊരു വിഭാഗം മറ്റു നാടുകളിലേക്ക് കുടിയേറിയതാണ് ഇതിന് പ്രധാന കാരണം. ലോകത്തിലെ തന്നെ ഏറ്റവും പഴക്കമുള്ള ക്രൈസ്തവ സെക്ടുകള്‍ നിലനിന്നുപോന്നിരുന്ന ഒരു രാജ്യത്തിന് ഇങ്ങനെയൊരു ഗതി വരുന്നത് തീര്‍ത്തും ആശങ്കാജനകം തന്നെയാണ്. അതിനാല്‍ ഇറാഖിലെ ക്രൈസ്തവ സമൂഹത്തിന് ആത്മവിശ്വാസം പകരുക എന്നതു തന്നെയായിരുന്നു മാര്‍പ്പാപ്പയുടെ സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യം. അതേസമയം എല്ലാ ജനവിഭാഗങ്ങളെയും അഭിസംബോധന ചെയ്തുകൊണ്ട്, സൗഹൃദത്തിനും സഹവര്‍ത്തിത്വത്തിനും അവസരമൊരുക്കണമെന്ന് അഭ്യര്‍ഥിക്കുകയും ചെയ്തു. ഇറാഖിലെ പ്രമുഖ ശീഈ ആത്മീയ നേതാവായ അലി സീസ്താനിയെപ്പോലുള്ളവരുമായി ചര്‍ച്ച നടത്താനും അദ്ദേഹം സമയം കണ്ടെത്തി. ഈ അര്‍ഥങ്ങളിലെല്ലാം പോപ്പിന്റെ സന്ദര്‍ശനത്തിന് പ്രാധാന്യമുണ്ട്.
പക്ഷേ, പോപ്പിന്റെ പ്രഭാഷണങ്ങളിലും സന്ദര്‍ശനത്തെക്കുറിച്ച് വന്ന റിപ്പോര്‍ട്ടുകളിലും വരാത്ത ചില സത്യങ്ങളുണ്ട്. അവ മനപ്പൂര്‍വമോ അല്ലാതെയോ മറച്ചുവെക്കപ്പെട്ടതാകാം. പോപ്പിന്റെ പ്രസംഗങ്ങളില്‍ ഐ.എസിനെ പേരെടുത്തു പറയുന്നില്ലെങ്കിലും അവരെ സൂചിപ്പിക്കുന്ന ധാരാളം പരാമര്‍ശങ്ങളുണ്ട്. ഇറാഖിന്, പ്രത്യേകിച്ച് ഇറാഖിലെ ക്രിസ്ത്യാനികള്‍ക്ക് ഈ ഗതി വന്നതില്‍ ഐ.എസ് പോലുള്ള ഭീകര സംഘങ്ങള്‍ മാത്രമാണ് പ്രതികള്‍ എന്ന സൂചനയാണത് നല്‍കുന്നത്. ഇത് ചരിത്രത്തിന്റെ തലതിരിച്ചുള്ള വായനയാണെന്ന് പറയാതിരിക്കാന്‍ നിര്‍വാഹമില്ല. ഇറാഖിന്റെ ഇന്നത്തെ ദുഃസ്ഥിതിയില്‍ ഐ.എസിനും അല്‍ഖാഇദക്കുമൊക്കെയുള്ള പങ്ക് ആര്‍ക്കും നിഷേധിക്കാന്‍ കഴിയില്ല. 2003-ല്‍, ഇത് പോലൊരു മാര്‍ച്ച് മാസത്തില്‍ ടോമി ഫ്രാങ്ക്‌സ് എന്ന  മിലിട്ടറി ജനറലിന്റെ നേതൃത്വത്തില്‍ അമേരിക്ക നടത്തിയ ഇറാഖ് അധിനിവേശത്തോടുള്ള പ്രതികരണമാണ് ഐ.എസ് പോലുള്ള ഭീകര സംഘങ്ങള്‍ എന്ന്  ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്! ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ഇന്നു വരെയുള്ള ചരിത്രത്തിലെ ഏറ്റവും ഭീകരമായ അധിനിവേശം. ഇറാഖിനെ 'കൈകാര്യം' ചെയ്യാന്‍ ചുമതലയേല്‍പ്പിക്കപ്പെട്ട പോള്‍ ബ്രെമറെയും ഇവിടെ ഓര്‍മിക്കണം. ഇയാള്‍ ശ്രമിച്ചത് ഇറാഖിനെ തകര്‍ക്കാനല്ല, ഇറാഖ് എന്ന രാഷ്ട്രത്തെയും അതിന്റെ ചിരപുരാതനമായ സംസ്‌കൃതിയെ തന്നെയും തുടച്ചുനീക്കാനാണ്. അങ്ങനെയാണ് അമേരിക്കന്‍ ബോംബിംഗില്‍ അവിടത്തെ മ്യൂസിയങ്ങളും ചരിത്ര സ്മാരകങ്ങളും മസാറുകളുമെല്ലാം തകര്‍ക്കപ്പെടുന്നത്. രണ്ടാം ലോകയുദ്ധത്തെ തുടര്‍ന്ന് കീഴടങ്ങിയ ജപ്പാന്റെ സൈനിക ഭരണാധികാരിയായിരുന്നത് അമേരിക്കക്കാരനായ ജനറല്‍ മാക് ആര്‍ഥര്‍ (1880-1964) ആയിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സൈന്യവും ജപ്പാന്‍ അധിനിവേശപ്പെടുത്തുകയാണ് ചെയ്തതെങ്കിലും ആ നാട്ടിലെ ഒന്നും അധിനിവേശാനന്തരം അവര്‍ നശിപ്പിക്കുകയുണ്ടായില്ല. യുദ്ധത്തിന് നേതൃത്വം നല്‍കിയ രാജഭരണത്തെപ്പോലും അതേപോലെ നിലനിര്‍ത്തി. അമേരിക്കയുടെ ഈ രണ്ട് അധിനിവേശങ്ങളെയും താരതമ്യം ചെയ്താല്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാവും. ഇറാഖിനെ മനപ്പൂര്‍വം അമേരിക്ക തകര്‍ത്തെറിയുകയായിരുന്നു. ഏകാധിപതി സദ്ദാം ഹുസൈന്‍ കുര്‍ദ് ഗ്രാമങ്ങളില്‍ രാസായുധങ്ങള്‍ പ്രയോഗിച്ചുകൊണ്ടിരുന്നപ്പോഴും പതിനാല് ക്രൈസ്തവ വിഭാഗങ്ങള്‍ ഇറാഖില്‍ സമാധാനത്തോടെ കഴിഞ്ഞിരുന്നു. സംസ്‌കാരങ്ങളുടെ ആ കളിത്തൊട്ടിലിനെ അമേരിക്ക ശവപ്പറമ്പാക്കി മാറ്റിയതാണ് ഇറാഖിലെ ക്രിസ്ത്യാനികള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ ജനവിഭാഗങ്ങളും ഈ ദുരന്തത്തിലേക്ക് എടുത്തെറിയപ്പെടാനുള്ള ഒന്നാമത്തെ കാരണം. മാര്‍പ്പാപ്പയുടെ ഒരു പ്രസംഗത്തിലും അമേരിക്കന്‍ അധിനിവേശത്തെക്കുറിച്ച് സൂചന പോലുമില്ല. ഐ.എസിനെ മാത്രം പഴിചാരുന്നത് ചരിത്രത്തോട് ചെയ്യുന്ന അനീതിയാണ്. 

Comments

ഖുര്‍ആന്‍ ബോധനം

സൂറ-37 / അസ്സ്വാഫ്ഫാത്ത (103-113)
ടി.കെ ഉബൈദ്‌