Prabodhanm Weekly

Pages

Search

021 മാര്‍ച്ച് 12

3193

1442 റജബ് 28

സാഹിതീയ സംഭാവനകള്‍

അബ്ദുല്ല ത്വഹാവി

(കറുത്തവര്‍ കൂടി നിര്‍മിച്ചതാണ് ഇസ്‌ലാമിക നാഗരികത-2)

കറുത്തവരുടെ സാന്നിധ്യം ഖുര്‍ആന്‍, ഹദീസ്, ഫിഖ്ഹ് മേഖലകളില്‍  പരിമിതമായിരുന്നില്ല. സാഹിത്യത്തിന്റെ വിവിധ മേഖലകളില്‍ അവരില്‍ പലരും ലബ്ധപ്രതിഷ്ഠരായിരുന്നു. അറബി ഭാഷാ-സാഹിത്യത്തിലെ കുലപതിയായ അസ്വ്മഈ (മ.ഹി. 216) തന്റെ 'ഫുഹൂലത്തുശ്ശുഅറാഅ്' എന്ന കൃതിയില്‍ ഈ ഗണത്തിലെ ധാരാളം പ്രഗത്ഭരെ അവതരിപ്പിക്കുന്നുണ്ട്. നുസൈബുബ്നു റബാഹ് (മ.ഹി. 108), അബൂദുലാമ (മ.ഹി. 161), അബൂ അത്വാഇസ്സിന്‍ദി (മ.ഹി. 180), അബൂഉസ്മാന്‍ അല്‍ജാഹിള് (മ.ഹി. 255) എന്നിവര്‍ ഇവരില്‍ ചിലരാണ്. ജാഹിളിന്റെ വലിയുപ്പ ഫസാറ കറുത്തവര്‍ഗക്കാരനായിരുന്നുവെന്ന് യാഖൂത്തുല്‍ ഹമവി (മ.ഹി. 626) 'മുഅ്ജമുല്‍ ഉദബാഅ്' എന്ന കൃതിയില്‍ രേഖപ്പെടുത്തുന്നു.
ഹസ്ഹാസ് വംശത്തിലെ അടിമ എന്ന പേരില്‍ പ്രശസ്തനായ സുഹൈം കറുത്തവര്‍ഗക്കാരനായ പ്രശസ്ത കവിയാണ്. അബ്ദുല്‍ ഖാദിര്‍ ബഗ്ദാദി (മ.ഹി. 1093) 'ഖസാനത്തുല്‍ അദബ്' എന്ന കൃതിയില്‍ അദ്ദേഹത്തെപ്പറ്റി എഴുതിയത് ഇങ്ങനെ: ''ജാഹിലിയ്യ- ഇസ്‌ലാം കാലങ്ങളിലായി ജീവിച്ച ഇദ്ദേഹം സ്വഹാബിയായി അറിയപ്പെടുന്നില്ലെങ്കിലും കറുത്തവര്‍ഗക്കാരനായ സുഹൈം താഴെ ചേര്‍ത്ത പദ്യവരികളാല്‍ പ്രശസ്തനാണ്:
ഞാന്‍ അടിമയാണെങ്കിലും എന്റെ മനസ്സ് സ്വതന്ത്രമാണ്, ഞാന്‍ കറുത്തവനാണെങ്കിലും വെളുത്ത സ്വഭാവക്കാരനാണ്.''
അബ്ബാസികളുടെ വിമോചിത അടിമയും കവിയുമായ അബൂഫനന്‍ അഹ്മദു ബ്നു സ്വാലിഹി(മ.ഹി. 270)നെക്കുറിച്ച് അബൂഉബൈദ് ബക്‌രി അല്‍ അഹ്ദലുസി (മ.ഹി. 487) 'സിംത്വുല്ലുആലീ' എന്ന കൃതിയില്‍ എഴുതുന്നു: ''കറുത്ത വര്‍ഗക്കാരനായ അബൂഫനന്‍ ബഗ്ദാദിലെ പ്രശസ്ത കവിയായിരുന്നു. ആശയസമ്പന്നമായിരുന്നു അദ്ദേഹത്തിന്റെ കവിതകള്‍.'' ഖലീഫ മുതവക്കിലി(മ.ഹി. 247)ന്റെ കാലത്ത് കൂടുതല്‍ പ്രശസ്തനായി.
അബൂമിഹ്ജന്‍ എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന നുസൈ്വബു ബ്നു റബാഹ് എന്ന കറുത്ത കവിയെക്കുറിച്ച് 'അല്‍കാമിലി'ല്‍ അറബി സാഹിത്യ പണ്ഡിതനായ മുബര്‍റദ് എഴുതുന്നു: ''അബൂമിഹ്ജന്‍ അബ്ദുല്ലാഹിബ്നു ജഅ്ഫറി(മ.ഹി. 80)നെ സ്തുതിച്ചു പാടി. അബ്ദുല്ല കവിക്ക് ഒരു കുതിരയും ഒട്ടകവും ഏതാനും വീട്ടുപകരണങ്ങളും ദീനാറുകളും ദിര്‍ഹമുകളും നല്‍കി. അതുകണ്ട ആരോ, ഈ കറുത്തയാള്‍ക്ക് ഇത്രയും സമ്മാനം നല്‍കുകയോ എന്ന് ചോദിച്ചു. അപ്പോള്‍ അബ്ദുല്ലയുടെ പ്രതികരണം, അദ്ദേഹം കറുത്തവനാണെങ്കിലും അദ്ദേഹത്തിന്റെ കവിത വെളുത്തതാണെന്നായിരുന്നു. ഞാന്‍ നല്‍കിയതിനേക്കാള്‍ കൂടുതല്‍ പാരിതോഷികം അദ്ദേഹം അര്‍ഹിക്കുന്നുണ്ട്.''
അബുല്‍ ഹജ്നാഅ് (മ.ഹി. 175) എന്ന പേരില്‍ അറിയപ്പെടുന്ന നുസൈ്വബുല്‍ അസ്വ്ഗര്‍ എന്ന കറുത്ത കവി അബ്ബാസി ഖലീഫമാര്‍ക്ക് വലിയ മതിപ്പുള്ളയാളായിരുന്നു. ഇബ്നുല്‍ മുഅ്തസ്സ് (മ.ഹി. 296) 'ത്വബഖാത്തുശ്ശുഅറാഇ'ല്‍ എഴുതുന്നു: ''ഖലീഫ റശീദ് (മ.ഹി. 193) ശാമിന്റെ ചില ഭാഗങ്ങളുടെ ഭരണോത്തരവാദിത്തം നുസൈ്വബിനെ ഏല്‍പിച്ചു. അതുവഴി അദ്ദേഹത്തിന് ധാരാളം സമ്പത്ത് നേടാനായി. മറ്റുപല കവികളേക്കാളും റശീദിന് പ്രിയങ്കരനായിരുന്നു ഇദ്ദേഹം. ഹി. 192-ല്‍ നിര്യാതനായ ഫദ്‌ലുബ്നു യഹ്‌യക്ക് ബര്‍മകികള്‍ സ്ഥിരമായി സാമ്പത്തിക സഹായം നല്‍കിയിരുന്നു. അദ്ദേഹത്തെപ്പറ്റി സാഹിത്യപണ്ഡിതന്‍ അസ്വ്മഈ പറഞ്ഞത് ഹസ്ഹാസിനേക്കാള്‍ മികച്ച കവിയാണെന്നാണ്.''
അകവ്വക് എന്ന പേരില്‍ പ്രശസ്തനായ അലിയ്യുബ്നു ജബല (മ.ഹി. 213) എന്ന കറുത്ത കവിയെ ദഹബി കവിശ്രേഷ്ഠന്‍ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ശേഷം ജാഹിളിനെ ഉദ്ധരിച്ച് ദഹബി എഴുതുന്നു: ''ഏറ്റവും നല്ല കാവ്യരചനയായിരുന്നു അദ്ദേഹത്തിന്റേത്. നഗരവാസികളിലോ ഗ്രാമവാസികളിലോ അദ്ദേഹത്തെ പോലൊരാളെ ഞാന്‍ കണ്ടിട്ടില്ല. വിമോചിത അടിമയായിരുന്ന അദ്ദേഹം ജന്മനാ അന്ധനായിരുന്നു. കറുത്ത വര്‍ഗക്കാരനും വെള്ളപ്പാണ്ഡു രോഗിയുമായിരുന്ന അദ്ദേഹത്തിന്റെ കവിതകള്‍ക്ക് നല്ല പ്രചാരമുണ്ടായിരുന്നു.'' 
ഹി. 503-ല്‍ നിര്യാതനായ കാഫൂറുന്നബവിയാണ് പ്രശസ്തനായ മറ്റൊരു കറുത്ത വര്‍ഗക്കാരന്‍. ചരിത്രകാരന്‍ സ്വിഫ്ദി (മ.ഹി. 764) തന്റെ 'അല്‍വാഫീ ബില്‍വഫയാത്ത്' എന്ന കൃതിയില്‍ കാഫൂറിനെ വിശേഷിപ്പിക്കുന്നത് 'യജമാനന്‍, കറുത്തവര്‍ഗക്കാരന്‍, മികച്ച കവി' എന്നാണ്. ഹി: 521-ല്‍ നിര്യാതനായ കാഫൂറുസ്സ്വൂരിയാണ് മറ്റൊരാള്‍. അബൂസഅ്ദ് അസ്സംആനി (മ.ഹി. 562) 'അല്‍ അന്‍സാബ്' എന്ന കൃതിയില്‍ എഴുതുന്നു: ''കാഫൂര്‍ ഈജിപ്തില്‍ ജനിച്ചു വളര്‍ന്നു. സ്വൂറില്‍ താമസിച്ചതിനാല്‍ സ്വൂരി എന്നറിയപ്പെട്ടു. വൈജ്ഞാനികാവശ്യാര്‍ഥം ധാരാളമായി സഞ്ചരിച്ച അദ്ദേഹം ഭാഷ, സാഹിത്യം, കവിത, ഹദീസ് എന്നിവയില്‍ നല്ല പണ്ഡിതനായിരുന്നു. ബഗ്ദാദിലായിരുന്നു അന്ത്യം.''

രാഷ്ട്രീയ രംഗത്ത്
കറുത്തവര്‍ഗക്കാരുടെ സാന്നിധ്യമുണ്ടായിരുന്ന മറ്റൊരു മേഖലയായിരുന്നു രാഷ്ട്രീയം. ഭരണാധികാരികളായും മന്ത്രിമാരായും അവര്‍ പ്രവര്‍ത്തിച്ചു. ഗോത്രനേതാക്കളെ പോലെ കറുത്തവരുടെ പ്രതിനിധികളായും ചിലരുണ്ടായിരുന്നു.
അധികാരം വാണ ഏറ്റവും പ്രശസ്തനായ കറുത്തവര്‍ഗക്കാരനാണ് ഈജിപ്ഷ്യന്‍ ഭരണാധികാരിയായ കാഫൂര്‍ അല്‍ ഇഖ്ശീദി (മ.ഹി. 356). കാഫൂറിനെ സ്വിഫ്ദി വിശേഷിപ്പിക്കുന്നത് ഇങ്ങനെ: ''പ്രശസ്തനായ ഈജിപ്ഷ്യന്‍ സുല്‍ത്താന്‍. കറുത്ത വര്‍ഗക്കാരനായ അദ്ദേഹത്തിന് ധാരാളം സേവകരുണ്ടായിരുന്നു.'' ശിബ്‌ലുദ്ദൗല(മ.ഹി. 623)യാണ് മറ്റൊരാള്‍. ഇദ്ദേഹത്തിന് അധികാരികളുമായി അടുത്ത ബന്ധമുണ്ടായിരുന്നു. ദഹബി 'താരീഖുല്‍ ഇസ്‌ലാമി'ല്‍ പരിചയപ്പെടുത്തുന്ന മറ്റൊരു വൈജ്ഞാനിക-രാഷ്ട്രീയ വ്യക്തിത്വമാണ് അമീര്‍ ബദ്‌റുദ്ദീന്‍ ഹബ്ശീ സ്വവാബീ അല്‍ ആദിലീ (മ.ഹി. 698) എന്ന കറുത്ത വര്‍ഗക്കാരന്‍. യുദ്ധവിഷയകമായി ധീരനും സുബദ്ധനിലപാടുകാരനും മതനിഷ്ഠയുള്ളയാളും ഉദാരമതിയുമായിരുന്നു. ദഹബിയുടെ ഗുരുവായിരുന്നു.
അധികാരികളായും അധികാരികളുടെ സേവകരായും സേവനമനുഷ്ഠിച്ചതോടൊപ്പം പല വിപ്ലവങ്ങളിലും സംഘട്ടനങ്ങളിലും കറുത്തവര്‍ഗക്കാര്‍ ഭാഗഭാക്കായി. ഹി. 145-ല്‍ നിര്യാതനായ 'അന്നഫ്സുസ്സകിയ്യ' എന്ന പേരില്‍ പ്രശസ്തനായ മുഹമ്മദുബ്നു അബ്ദില്ല ബ്നുല്‍ ഹസന്‍ എന്നയാള്‍ നടത്തിയ വിപ്ലവത്തെ തുടര്‍ന്നുണ്ടായ സംഭവങ്ങളില്‍ ഹി. 145-ല്‍ കറുത്ത വര്‍ഗക്കാര്‍ സജീവ പങ്കാളിത്തം വഹിച്ചു.
ഇബ്നു കസീര്‍ (മ.ഹി 776) 'അല്‍ബിദായ വന്നിഹായ'യില്‍ എഴുതുന്നു: ''അബ്ബാസിയ സൈന്യത്താല്‍ മദീനയില്‍ വെച്ച് 'അന്നഫ്സുസ്സകിയ്യ' വധിക്കപ്പെട്ടപ്പോള്‍ ഖലീഫ മന്‍സൂര്‍ (മ.ഹി. 158) അബ്ദുല്ലാഹിബ്നുറബീഇല്‍ ഹാരിസിയെ മദീനയിലെ ഗവര്‍ണരായി നിയമിച്ചു. അദ്ദേഹം മദീനയില്‍ പലതരം കുഴപ്പങ്ങളും വിതച്ചു. മദീനയിലെ  കറുത്തവര്‍ഗക്കാര്‍ വിവരമറിഞ്ഞ് തടിച്ചുകൂടി. ജുമുഅയില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്ന സൈന്യത്തിനെതിരെ കറുത്തവര്‍ സംഘടിച്ച് ആക്രമണം അഴിച്ചുവിട്ടു. വസീഖ്, യഅ്ഖുല്‍, റംഖ, ഹദ്‌യാ, ഉന്‍ഖൂദ്, മിസ്അര്‍, അബൂഖൈസ്, അബുന്നാര്‍ മുതലായവരായിരുന്നു നേതാക്കള്‍.''
ഇതിനുശേഷം ഒരു നൂറ്റാണ്ടു കഴിഞ്ഞ് ദക്ഷിണ ഇറാഖ് കേന്ദ്രമായി വലിയ വിപ്ലവം നടന്നു. കറുത്ത വര്‍ഗക്കാരായിരുന്നു അതിലെ മുഖ്യ പങ്കാളികള്‍. 'നീഗ്രോകളുടെ വിപ്ലവം' എന്ന പേരിലാണ് അതറിയപ്പെടുന്നത്. അത് ഹി. 255 മുതല്‍ 270 വരെ നീണ്ടുനിന്നു. ആ വിപ്ലവത്തിനു ശേഷം രണ്ടു നൂറ്റാണ്ടുകള്‍ കഴിഞ്ഞ്, കറുത്ത വര്‍ഗക്കാര്‍ക്ക് നല്ല സ്വാധീനമുണ്ടായിരുന്ന ഫാത്വിമീ ഭരണകൂടം, സ്വലാഹുദ്ദീന്‍ അയ്യൂബി(മ.ഹി. 589)യുടെ നായകത്വത്തില്‍ ഈജിപ്തില്‍ നടന്ന യുദ്ധത്തെ തുടര്‍ന്ന് സന്‍കികളുടെ കൈകളില്‍ വീണപ്പോള്‍ അതുവരെയും തങ്ങള്‍ക്കുണ്ടായിരുന്ന സ്വാധീനം നിലനിര്‍ത്താന്‍ കറുത്തവര്‍ നടത്തിയ ശ്രമങ്ങള്‍ 'കറുത്തവരുടെ യുദ്ധം' എന്ന പേരിലാണ് ചരിത്രത്തില്‍ അറിയപ്പെടുന്നത്. ചരിത്രകാരന്‍ അബൂശാമ(മ.ഹി. 665)യുടെ 'കിതാബുര്‍റൗദത്തൈന്‍' എന്ന കൃതിയില്‍ ഇതേക്കുറിച്ച് വിവരണമുണ്ട്.
കറുത്തവരുടെ നേതാവും 'മുഅ്തമനുല്‍ ഖിലാഫ' എന്ന അപരനാമത്തില്‍ അറിയപ്പെടുന്നയാളുമായ കറുത്തവരുടെ നേതാവ്, സ്വലാഹുദ്ദീന്റെ കൈയാല്‍ ഫാത്വിമീ ഭരണകൂടം നിലംപതിക്കുമെന്ന് മനസ്സിലാക്കിയപ്പോള്‍ കുരിശു സേനയുമായി ഒത്തുചേര്‍ന്ന് സ്വലാഹുദ്ദീന്‍ അയ്യൂബിയെ പിടികൂടാന്‍ ധാരണയിലെത്തി. ഇതു മനസ്സിലാക്കിയ സ്വലാഹുദ്ദീന്‍ 'മുഅ്തമനുല്‍ ഖിലാഫ' യുടെ തലയെടുത്തു. ഇതോടെ അന്‍പതിനായിരത്തിലധികം കറുത്ത വര്‍ഗക്കാര്‍ ക്ഷോഭിച്ചു പ്രതികാരത്തിനിറങ്ങി. കറുത്തവര്‍ഗക്കാരുടെ മൂന്നു സേനാവിഭാഗങ്ങളും -ഫര്‍ഹിയ്യ, ഹുസൈനിയ്യ, മൈമൂന- രണ്ടു ദിവസം നീണ്ടുനിന്ന യുദ്ധത്തിനൊടുവില്‍ പരാജയപ്പെട്ടതായി മഖ്‌രീസി (മ.ഹി. 845) രേഖപ്പെടുത്തുന്നു.

കറുത്തവരെ വാഴ്ത്തുന്നു
ഇമ്മാനുവല്‍ കാന്റ് (മ.ക്രി. 1804), ഹെഗല്‍ (മ.ക്രി. 1830) മുതലായ യൂ
റോപ്യന്‍ ചിന്തകര്‍ കറുത്തവര്‍ഗക്കാരെ ശേഷികളില്‍ താഴെ പടികളില്‍ പ്രതിഷ്ഠിച്ചപ്പോള്‍ ഇസ്‌ലാമിക സാമൂഹിക ശാസ്ത്രത്തില്‍ കറുത്തവര്‍ക്ക് വെളുത്തവരുടെ സ്ഥാനം തന്നെയായിരുന്നു.
അറബി സാംസ്‌കാരിക ധാരയില്‍ കറുത്തവരുടെ സാന്നിധ്യം ശക്തമായി അടയാളപ്പെടുത്തിയ കൃതികളായി ഹാജി ഖലീഫ (മ.ഹി. 1068) തന്റെ 'കശ്ഫുള്ളുനൂന്‍' എന്ന കൃതിയില്‍ രേഖപ്പെടുത്തിയത് ഇവയാണ്: 'ഫഖ്റുസ്സൂദാന്‍ അലല്‍ ബൈദാന്‍' (ജാഹിള്, മ.ഹി. 225), 'തഫ്ദീലുസ്സൂദ് അലല്‍ ബീദ്' (അബുല്‍ അബ്ബാസ് ഇബ്നു ശിര്‍ശീര്‍ മ.ഹി. 293), 'അസ്സൂദാന്‍ വഫദ്ലുഹും അലല്‍ ബൈദാന്‍' (ഇബ്നു മര്‍സുബാന്‍ മ.ഹി. 309), 'സുഹ്ദുസ്സൂദാന്‍' (ഇബ്നുസ്സിറാജ് അല്‍ഖാരീ മ.ഹി. 500), 'തന്‍വീറുല്‍ ഗബശ് ഫീ ഫദ്‌ലിസ്സൂദാന്‍ വല്‍ ഹബശ്' (ഇബ്നുല്‍ ജൗസി മ.ഹി. 597), 'നുസ്ഹത്തുല്‍ ഉമൂര്‍ ഫിത്തഫ്ദീലി ബൈനല്‍ ബയാദി വസ്സൂദി വസ്സുംര്‍', 'റഫ്ഉ ശഅ്നില്‍ ഹബ്ശാന്‍' (രണ്ടും സുയൂത്വി മ.ഹി. 911).
ജാഹിളിന്റെ 'അസ്സൂദാന്‍ വഫദ്ലുഹും അലല്‍ ബൈദാന്‍' (കറുത്തവര്‍, വെളുത്തവരേക്കാള്‍ അവരുടെ ശ്രേഷ്ഠത) എന്ന കൃതി ഇസ്‌ലാമിക മൂല്യവ്യവസ്ഥയില്‍നിന്ന് വഴിമാറി കറുത്തവര്‍ഗക്കാരെ ഉയര്‍ത്തിക്കാണിക്കുന്നതാണ്. ക്രി. 1968-ല്‍ നിര്യാതനായ മാര്‍ട്ടിന്‍ ലൂഥര്‍കിംഗിന്റെ നേതൃത്വത്തില്‍ അമേരിക്കയില്‍ അരങ്ങേറിയ സിവില്‍ പ്രക്ഷോഭങ്ങള്‍ക്ക് സമാനമായ ഒരു ശ്രമം. അറുപതുകളുടെ അവസാനത്തില്‍ 'കറുത്ത ചീറ്റപ്പുലികള്‍' 'ഉമ്മത്തുല്‍ ഇസ്‌ലാം' പോലുള്ള സംഘങ്ങള്‍ അമേരിക്കയില്‍ ഉണ്ടായിരുന്നു. കറുത്തവര്‍ തങ്ങളുടെ സ്വത്വത്തെ മുന്‍നിര്‍ത്തി അഭിമാനിക്കണമെന്ന് വാദിച്ചിരുന്നതായി ഫ്രാന്‍സിസ് ഫുകുയാമ തന്റെ 'സ്വത്വം' (Identity)  എന്ന കൃതിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതുതന്നെയായിരുന്നു ജാഹിളിന്റെ പുസ്തകത്തിലെയും ഉള്ളടക്കം. വെളുത്തവരും കറുത്തവരും സമന്മാര്‍ എന്ന ആശയത്തിനു പകരം, കറുത്തവരെ ഉയര്‍ത്തിക്കാണിക്കാനുള്ള പ്രവണത ജാഹിളില്‍നിന്നുണ്ടായി എന്നത് തെറ്റായ നിലപാടായിരുന്നു. ഒരുപക്ഷേ തന്റെ വംശത്തെക്കുറിച്ച് അദ്ദേഹത്തിന് സ്വത്വാഭിമാനം തോന്നിയിരിക്കണം.
അത്വാഅ്, യസീദുന്നൂബി, സഈദുബ്നു ജുബൈര്‍ ഉള്‍പ്പെടെയുള്ള പണ്ഡിതന്മാരിലടക്കം ഒരുതരം പ്രതിഷേധ മനസ്സുണ്ടായിരുന്നുവെന്ന് ജാഹിളിന്റെ പുസ്തക രചനയുടെ പശ്ചാത്തലത്തില്‍നിന്നു മനസ്സിലാവുന്നുണ്ട്. നേരത്തേ സൂചിപ്പിച്ച കറുത്ത വര്‍ഗക്കാരുടെ വിപ്ലവം അതിന്റെയെല്ലാം തുടര്‍ച്ചയായിരുന്നു. ജാഹിളിന്റെ മരണാനന്തരം ആറുമാസം കഴിഞ്ഞ് ഹി. 255 റമദാനില്‍ ജാഹിളിന്റെ നഗരമായ ബസ്വറയില്‍ കറുത്തവര്‍ നടത്തിയ വിപ്ലവത്തിന് പ്രചോദനമായത് ജാഹിളിന്റെ പുസ്തകമായിരുന്നു. ഹി. 270-ല്‍ മരിച്ച അലിയ്യുബ്നു മുഹമ്മദ് അല്‍ അലവിയുടെ നേതൃത്വത്തില്‍ വിമോചനവും സാമൂഹിക നീതിയും ആവശ്യപ്പെട്ടായിരുന്നു വിപ്ലവം. അറിഞ്ഞോ അറിയാതെയോ വിപ്ലവത്തിന് തിരികൊളുത്തിയത് ജാഹിളായിരുന്നു.

ഇബ്നുല്‍ ജൗസിയുടെ പുസ്തകം
ജാഹിളിന്റെ പുസ്തകം പുറത്തുവന്ന് മൂന്നു നൂറ്റാണ്ടുകള്‍ കഴിഞ്ഞ് ഇബ്നുല്‍ ജൗസിയുടെ 'തന്‍വീറുല്‍ ഗബശ് ഫീ ഫദ്‌ലിസ്സൂദാന്‍ വല്‍ഹബശ്' പുറത്തുവന്നു. അതെഴുതാനുള്ള കാരണം ഇബ്നുല്‍ ജൗസി ഇങ്ങനെ രേഖപ്പെടുത്തുന്നു: ''നിറം കറുത്തു എന്നതിന്റെ പേരില്‍ ഹൃദയം നുറുങ്ങുന്ന നല്ലവരായ എത്യോപ്യക്കാരെ ഞാന്‍ കണ്ടു. നിറവും രൂപവും നോക്കിയല്ല, നന്മയുടെ അടിസ്ഥാനത്തിലാണ് മനുഷ്യരുടെ മഹത്വം വിലയിരുത്തേണ്ടത്. എന്റെ ഗ്രന്ഥത്തില്‍ സുഡാന്‍കാരും എത്യോപ്യക്കാരുമായ ധാരാളം പേരെക്കുറിച്ച് വിവരണങ്ങളുണ്ട്.'' ബഗ്ദാദില്‍ വളരെ പ്രശസ്തനായിരുന്ന ഇബ്നുല്‍ ജൗസി മനുഷ്യമഹത്വത്തിന്റെ ഇസ്‌ലാമിക മാനദണ്ഡം പുനഃസ്ഥാപിക്കാനാണ് പുസ്തകമെഴുതിയത്. ഗ്രീക്ക്-പേര്‍ഷ്യന്‍-റോമന്‍ സംസ്‌കാരങ്ങളില്‍നിന്നുള്ള ശക്തമായ കുതറിച്ചാട്ടമായിരുന്നു  ഇബ്നുല്‍ ജൗസിയുടെ മൂല്യാധിഷ്ഠിത അവതരണങ്ങള്‍. മനുഷ്യര്‍ക്കിടയിലെ മഹത്വത്തിനാധാരം എന്തായിരിക്കണമെന്ന് ധാരാളം നബിവചനങ്ങള്‍ ഉദ്ധരിച്ച് അദ്ദേഹം വിശദീകരിക്കുന്നുണ്ട്. ജീവിക്കുന്ന രാജ്യങ്ങളിലെ ഭൂമിശാസ്ത്രപരമായ സവിശേഷതകളാണ് വര്‍ണം നിര്‍ണയിക്കുന്നതെന്നും അതേസമയം മനുഷ്യരെന്ന നിലയില്‍ എല്ലാവരും ഒരേ കുടുംബവും സഹോദരന്മാരുമാണെന്നും ഇബ്‌നുല്‍ ജൗസി സ്ഥാപിക്കുന്നു.
കറുത്ത വര്‍ഗക്കാര്‍ അധിവസിക്കുന്ന എത്യോപ്യ മുസ്‌ലിംകള്‍ക്ക് അഭയം നല്‍കിയതിലൂടെ ആദരിക്കപ്പെട്ടതിനെക്കുറിച്ചും ഇബ്നുല്‍ ജൗസി എഴുതുന്നുണ്ട്. മക്കക്കാരുടെ പീഡനത്തില്‍നിന്ന് രക്ഷനേടാന്‍ പീഡിപ്പിക്കില്ലെന്നുറപ്പുള്ള നജ്ജാശിയുടെ നാട്ടിലേക്ക് ഹിജ്റ പോകാന്‍ നബി(സ) നിര്‍ദേശിച്ചിരുന്നുവല്ലോ. അറബികള്‍ കറുത്ത വര്‍ഗക്കാരുടെ ദേശമായി കണക്കാക്കുന്ന എത്യോപ്യയുമായുള്ള നല്ല ബന്ധം ഇസ്‌ലാമിക ചരിത്രത്തില്‍ രചനാത്മകമായ നിലപാടുകള്‍ക്ക് മണ്ണൊരുക്കുകയുണ്ടായി.
ഇബ്നുല്‍ ജൗസിയുടെ അഭിപ്രായത്തില്‍ 'വെളുത്തവരായ' അറബികള്‍ സല്‍ഗുണസമ്പന്നരല്ല. പല സമൂഹങ്ങളും വര്‍ണക്കാരും അക്കാര്യത്തില്‍ അവരുടെ മുമ്പിലാണ്. എത്യോപ്യക്കാരാണ് അവരില്‍ പ്രഥമ സ്ഥാനത്ത്. മുസ്‌ലിംകളെ എത്യോപ്യയില്‍നിന്ന് തിരിച്ചുകൊണ്ടുപോകാനായി വന്ന അബ്ദുല്ലാഹിബ്നു അബീ റബീഅയുടെയും അംറുബ്നുല്‍ ആസ്വിന്റെയും ആവശ്യം നിരാകരിച്ചുകൊണ്ട് നജ്ജാശി പറഞ്ഞത്, 'ഞാന്‍ അവരെ വിട്ടുകൊടുക്കില്ല, അവര്‍ എന്റെ അഭയം തേടിവന്നവരാണ്' എന്നായിരുന്നു.
എത്യോപ്യയിലെ മുസ്‌ലിംകളുടെ പലായന കാല സ്മൃതികള്‍ ചരിത്രത്തിലെ ധന്യമായ അധ്യായമാണ്. അവിടത്തെ വര്‍ത്തമാനങ്ങളും വിശേഷങ്ങളും കേള്‍ക്കാന്‍ നബി(സ) ഉത്സുകനായിരുന്നു. ഒരിക്കല്‍ അവിടുന്ന് പറഞ്ഞു: 'എത്യോപ്യയില്‍ നിങ്ങള്‍ കണ്ട അത്ഭുതങ്ങള്‍ നിങ്ങള്‍ എന്നോട് പറയൂ' (സ്വഹീഹു ഇബ്നിമാജ). നബി(സ) നജ്ജാശി രാജാവുമായി സ്ഥാപിച്ച സവിശേഷ ബന്ധവും ഇരുവരും നടത്തിയ കത്തിടപാടുകളും വിസ്മരിക്കാവതല്ല. ഇത് നജ്ജാശിയുടെ ഇസ്‌ലാമാശ്ലേഷത്തിലാണെത്തിയത്. നബി(സ)യുടെ കത്ത് തന്റെ കണ്ണുകളില്‍ വെച്ച് വിനയപുരസ്സരം തന്റെ സിംഹാസനത്തില്‍നിന്നിറങ്ങി നജ്ജാശി തറയിലിരുന്നു. അബൂസുഫ്‌യാന്റെ മകള്‍ ഉമ്മു ഹബീബയെ നബിക്ക് വേണ്ടി വിവാഹാന്വേഷണം നടത്തിയത് നജ്ജാശിയായിരുന്നു. തന്നോടൊപ്പം പലായനം ചെയ്ത ഉബൈദുല്ലാഹിബ്നു ജഹ്ശില്‍ അസദി (മ.ഹി.6) എത്യോപ്യയില്‍ വെച്ച് ഇസ്‌ലാം പരിത്യാഗിയായി ക്രിസ്തുമതം സ്വീകരിച്ച് അവിടെ വെച്ച് മരിക്കുകയായിരുന്നു. ഇതേ തുടര്‍ന്നായിരുന്നു ഉമ്മു ഹബീബയുടെ നബിയുമായുള്ള വിവാഹം. നബിക്ക് വേണ്ടി നജ്ജാശി മഹ്ര്‍ നല്‍കി. ശേഷം അവരെ വധു എന്ന നിലയില്‍ നബി(സ)യുടെ അടുത്തേക്ക് യാത്രയാക്കി.
ഖുര്‍ആനിലെ 'കിഫ്ലൈന്‍', 'മിശ്കാത്ത്' മുതലായ  അബ്സീനിയന്‍ വാക്കുകളെ കുറിച്ച് ഇബ്നുല്‍ ജൗസി എഴുതുന്നുണ്ട്. 'ത്വാഹാ' എന്നതിന്റെ അബ്സീനിയന്‍ ഭാഷ്യം 'മനുഷ്യാ, താങ്കള്‍ പറയൂ' എന്നും 'അവ്വാഹ്' എന്നാല്‍ സത്യവിശ്വാസി എന്നുമാണ്. ഖുര്‍ആനിലെ ഈ ഭാഷാ പ്രതിഭാസത്തെക്കുറിച്ച് ഇമാം സുയൂത്വി തന്റെ 'ഇത്ഖാനി'ല്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. ഇബ്നു നഖീബില്‍ മഖ്ദിസി(മ.ഹി. 698)യെ ഉദ്ധരിച്ച് ഇമാം സുയൂത്വി എഴുതുന്നു: ''ഇതര ദൈവിക ഗ്രന്ഥങ്ങളില്‍നിന്ന് വ്യത്യസ്തമായി ഖുര്‍ആന്റെ സവിശേഷത അത് അവതീര്‍ണമായത് അറബികളുടെ എല്ലാ ഭാഷാഭേദങ്ങളെയും ഉള്‍ക്കൊണ്ടാണ് എന്നതത്രെ. റോമന്‍, പേര്‍ഷ്യന്‍, അബ്സീനിയന്‍ ഉള്‍പ്പെടെ അറബിയേതര ഭാഷാപദങ്ങളും ഖുര്‍ആനിലുണ്ട്. മറ്റു ഗ്രന്ഥങ്ങളില്‍ അവ അവതീര്‍ണമായ സമൂഹങ്ങളുടെ ഭാഷകള്‍ മാത്രമേയുള്ളൂ.''
ഖുര്‍ആന്റെ സന്ദേശം മാനവതയുടെ ഏകത്വത്തിനു വിരുദ്ധമായ എല്ലാത്തരം ഭാഷാ, വര്‍ണ പരിമിതികള്‍ക്കുമതീതമായി സാര്‍വകാലികമാണെന്ന ആശയമാണ് ഇത് മുന്നോട്ടു വെക്കുന്നത്. 

(അവസാനിച്ചു)

വിവ: അബ്ദുല്ലത്വീഫ് കൊടുവള്ളി
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-37 / അസ്സ്വാഫ്ഫാത്ത (94-96)
ടി.കെ ഉബൈദ്‌