Prabodhanm Weekly

Pages

Search

021 മാര്‍ച്ച് 12

3193

1442 റജബ് 28

'സുന്നത്ത് കല്യാണം'

ജി.കെ എടത്തനാട്ടുകര

(ജീവിതം - 13 )

ഐ.ആര്‍.എസിലെ അധ്യാപന ജീവിതം പ്രസ്ഥാന ജീവിതത്തെ കരുപ്പിടിപ്പിക്കുന്നതില്‍ വലിയ പങ്കാണ് വഹിച്ചത്. സമദ് മാഷുടെ പിന്തുണയും സഹപ്രവര്‍ത്തകരുടെ സഹകരണവും അതിനു സഹായകമായിട്ടുണ്ട്. ക്രമേണ വിദ്യാര്‍ഥികളില്‍ പലരും സുഹൃത്തുക്കളെപ്പോലെയായി. വിദ്യാര്‍ഥികളെക്കൂട്ടി പരിസര പ്രദേശങ്ങളില്‍ സ്‌ക്വാഡ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നിടത്തേക്കു വരെ കാര്യങ്ങളെത്തി.
അതിനിടയില്‍ പരിശുദ്ധ റമദാന്‍ കടന്നുവന്നു. സ്‌കൂളിനോടനുബന്ധിച്ചുള്ള പള്ളിയില്‍ വെച്ചായിരുന്നു നമസ്‌കാരം നടന്നിരുന്നത്. തറാവീഹ് നമസ്‌കാരത്തിന് നേതൃത്വം നല്‍കാന്‍ ഒരു ദര്‍സില്‍ പഠിച്ചിരുന്ന അസ്‌ലം എന്ന വിദ്യാര്‍ഥിയെ കൊണ്ടു വന്നിരുന്നു. അസ്‌ലമിന്റെ ഖുര്‍ആന്‍ പാരായണത്തിന്റെ മധുരം ഇപ്പോഴും മനസ്സിലു്. ഏഴാം ക്ലാസ്സിലോ മറ്റോ ആണ് അസ്‌ലം പഠിച്ചിരുന്നത്. ഖുര്‍ആന്‍ മുഴുവന്‍ മനഃപാഠമാക്കിയിട്ടുണ്ട് എന്ന് ആരോ പറഞ്ഞപ്പോള്‍ വല്ലാത്ത അത്ഭുതമായി. അങ്ങനെ എത്രയെത്ര കുട്ടികളാണ് ഖുര്‍ആന്‍ ഹൃദിസ്ഥമാക്കുന്നത്! നിഷ്‌കളങ്കമായ കുഞ്ഞു മനസ്സുകളില്‍ പോലും പരിശുദ്ധ ഖുര്‍ആനിനെ സ്രഷ്ടാവായ തമ്പുരാന്‍ 'സൂക്ഷിച്ചു വെക്കുന്ന' രീതി അത്ഭുതം തന്നെയല്ലേ? വിശുദ്ധ ഖുര്‍ആന്‍ പൂര്‍ണമായും മനഃപാഠമാക്കുന്നതിനുള്ള കോഴ്‌സ് തന്നെ ഉണ്ടെന്നാണറിഞ്ഞത്; 'ഹിഫഌ കോഴ്‌സ്' എന്ന പേരില്‍. ലക്ഷക്കണക്കിന് വിദ്യാര്‍ഥികളാണ് ഖുര്‍ആന്‍ മനഃപാഠമാക്കുന്നത്.  ഇതുപോലെ ഒരു ഗ്രന്ഥവും വേറെ ഇല്ല എന്നാണ് മനസ്സിലാക്കിയിട്ടുള്ളത്.    
'ജനങ്ങള്‍ക്ക് സന്മാര്‍ഗമായി ഖുര്‍ആന്‍ അവതരിച്ച മാസമാണ് റമദാന്‍' എന്ന് ഖുര്‍ആനിലെ രണ്ടാം അധ്യായം നൂറ്റി എണ്‍പത്തി അഞ്ചാം സൂക്തത്തില്‍ പറയുന്നുണ്ടല്ലോ.
ഭൂമിയുടെ പരുപരുത്ത ഭൗതിക പരിസരത്തേക്ക് ആകാശത്തു നിന്നുള്ള മിനുമിനുത്ത ആത്മീയതയുടെ പെയ്ത്ത് ആരംഭിച്ചതിന്റെ വാര്‍ഷികമാണ് റമദാന്‍. ആധുനിക ലോകത്തെക്കൂടി കണ്ടറിഞ്ഞുകൊണ്ടാണ് അത് പെയ്തിറങ്ങിയത് എന്നാണ് ആദ്യമായി അവതരിച്ച സൂക്തം വായിച്ചപ്പോള്‍ തോന്നിയത്.
'വായിക്കുക, നിന്നെ സൃഷ്ടിച്ച നിന്റെ ദൈവത്തിന്റെ നാമത്തില്‍.' - ഇങ്ങനെയാണല്ലോ ഖുര്‍ആന്‍ അവതരണം ആരംഭിച്ചത്. 'ഖുര്‍ആന്‍' എന്ന പദത്തിന്റെ അര്‍ഥം തന്നെ 'വായന' എന്നാവുകയും വായിക്കാന്‍ പറഞ്ഞുകൊണ്ട് ആരംഭിക്കുകയും ഏറ്റവും അധികം വായിക്കപ്പെടുന്ന ഗ്രന്ഥം ഖുര്‍ആന്‍ ആവുകയും ചെയ്യുന്നതിലെ പൊരുത്തം പോലും അതിന്റെ മഹത്വത്തിനാണ് അടിവരയിടുന്നത്. ഏറ്റവും അധികം ജനഹൃദയങ്ങളില്‍ വള്ളിപുള്ളി വ്യത്യാസമില്ലാതെ അക്ഷരാര്‍ഥത്തില്‍തന്നെ സ്ഥാനം പിടിച്ച ഗ്രന്ഥവും ഖുര്‍ആനാണ്. അന്ത്യവേദം എന്ന നിലക്ക് വിശുദ്ധ ഖുര്‍ആന്‍ ഇങ്ങനെ നിലനില്‍ക്കുന്നു എന്നത് അതിന്റെ മഹത്വത്തിന് മാറ്റു കൂട്ടുന്നതായി തോന്നിയിട്ടുണ്ട്.
ആധുനിക ലോകത്തിന്റെ ഏറ്റവും വലിയ പ്രത്യേകത അറിവ് അരങ്ങു തകര്‍ക്കുന്നു എന്നതാണ്. അറിവിന് പഞ്ഞമില്ലാത്ത കാലം. വിവരവിപ്ലവത്തിന്റെ ലോകം. പക്ഷേ, മനുഷ്യന്‍ എന്ന നിലക്കുള്ള മനുഷ്യന്റെ വളര്‍ച്ചയോ? മഹാകഷ്ടവും!
'ഭൗതികതയില്‍ പുരോഗതി, മാനവികതയില്‍ അധോഗതി' - ഇതാണല്ലോ ആധുനിക ലോകത്തിന്റെ അവസ്ഥ. ഇത് വിലയിരുത്തിക്കൊണ്ട് ലോകപ്രശസ്ത ശാസ്ത്രജ്ഞന്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ പറഞ്ഞത്, 'വിശ്വാസമില്ലാത്ത വിജ്ഞാനം വികലാംഗനാണ്; വിജ്ഞാനമില്ലാത്ത വിശ്വാസം അന്ധനും' എന്നാണ്. ആദ്യമായി അവതരിച്ച ഖുര്‍ആന്‍ സൂക്തത്തിന്റെ ഒരു വ്യാഖ്യാനം പോലെയാണിത് അനുഭവപ്പെട്ടത്. നിരീശ്വരവാദത്തോട് വിടപറഞ്ഞ്, ഖുര്‍ആന്‍ പഠനം തുടങ്ങിയ സമയത്താണ് ഐന്‍സ്റ്റീന്റെ ഈ പ്രസ്താവന വായനയില്‍  വന്നത്. ശരിയായ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലുള്ള വിജ്ഞാനവും ശരിയായ വിജ്ഞാനത്തിന്റെ അടിസ്ഥാനത്തിലുള്ള വിശ്വാസവുമാണ് ശരി എന്നാണല്ലോ ആ പറഞ്ഞതിന്റെ അര്‍ഥം.
ഖുര്‍ആന്റെ അവതരണം ആരംഭിച്ചതു തന്നെ വായിക്കാന്‍ പറഞ്ഞുകൊണ്ടാണ് എന്നത് ശ്രദ്ധേയമായി തോന്നി. വായന എന്നത് അറിവ് നേടുന്നതിനുള്ള ഒരു താക്കോലാണ്. വെറും അറിവുകൊണ്ടു മാത്രം മനുഷ്യന്‍ യഥാര്‍ഥ മനുഷ്യനാവുകയില്ല. ഈ യാഥാര്‍ഥ്യം ബോധ്യപ്പെടുത്താന്‍ സാധാരണയായി പ്രസംഗങ്ങളില്‍ പറയാറുള്ള ഉദാഹരണം 'രോഗിയുടെ വൃക്ക മോഷ്ടിച്ചെടുക്കുന്ന ഡോക്ടര്‍ അറിവില്ലാത്തവനല്ലല്ലോ' എന്നാണ്.
ഐ.ആര്‍.എസിലെ ഒരു വിദ്യാര്‍ഥിയില്‍നിന്ന് കടമെടുത്ത പ്രയോഗമാണത്. സ്‌കൂളില്‍ നടന്ന സാഹിത്യ സമാജം പരിപാടിയിലോ മറ്റോ പ്രസംഗമധ്യേ ഒരു വിദ്യാര്‍ഥി പറഞ്ഞതാണത്. അവന്റെ പേര് ഓര്‍ക്കുന്നില്ല. വളരെ കൃത്യമായ  ഉദാഹരണമായതുകൊണ്ട് പലപ്പോഴും അത് ഉദ്ധരിക്കാറുണ്ട്. ഒരു സ്ഥാപനം വിദ്യാര്‍ഥികള്‍ക്ക് കൊടുക്കുന്ന അറിവിനപ്പുറത്തുള്ള തിരിച്ചറിവിന്റെ ഉദാഹരണം കൂടിയാണല്ലോ ഇത്. ആ അര്‍ഥത്തില്‍ സ്ഥാപനത്തെപ്പറ്റി അഭിമാനം തോന്നി, ആ പ്രഭാഷണം കേട്ടപ്പോള്‍.
പറഞ്ഞുവന്നത്, ദൈവത്തിന്റെ ആദ്യത്തെ കല്‍പന വായിക്കാനായിരുന്നു എന്ന കാര്യമാണ്. മനുഷ്യന്‍ ആദ്യം അറിവ് നേടണം. അറിവ് കഴിഞ്ഞാണ് ആചാരങ്ങളും അനുഷ്ഠാനങ്ങളും. കാരണം, വിജ്ഞാനമില്ലാത്ത വിശ്വാസം അന്ധമായിരിക്കും.
അതോടൊപ്പം വായനക്ക് ഖുര്‍ആന്‍ വെച്ച ഉപാധി 'സൃഷ്ടിച്ച ദൈവത്തിന്റെ നാമത്തില്‍' വായിക്കണം എന്നാണ്. കാരണം, വിശ്വാസമില്ലാത്ത വിജ്ഞാനം വികലമായിരിക്കും. അതിനാല്‍, വിജ്ഞാനാന്വേഷണം ആരംഭിക്കേണ്ടത് ദൈവനാമത്തിലായിരിക്കണം. വിശ്വാസത്തെയും വിജ്ഞാനത്തെയും സമന്വയിപ്പിച്ചുകൊണ്ടുള്ള ഖുര്‍ആനിന്റെ ഈ അവതരണാരംഭവും ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെ പ്രസ്താവനയും ആധുനിക മനുഷ്യന് ഏറ്റവും വിലപ്പെട്ടതാണെന്നാണ് തോന്നിയിട്ടുള്ളത്.
വിജ്ഞാനത്തിന്റെ അടിസ്ഥാനത്തിലല്ലാത്ത വിശ്വാസമാണല്ലോ അന്ധവിശ്വാസം. അതിന്റെ പേരില്‍ എന്തെല്ലാമാണ് സമൂഹത്തില്‍ നടക്കുന്നത്! അന്ധവിശ്വാസങ്ങളുടെ പേരില്‍ എത്രയെത്ര വീടുകളാണ് പൊളിക്കുന്നത്, എത്രയെത്ര കുടുംബ ബന്ധങ്ങളാണ് തകരുന്നത്, എത്രയെത്ര സുഹൃത്തുക്കളാണ് ശത്രുക്കളാവുന്നത്, എത്രയെത്ര വിവാഹങ്ങളാണ് മുടങ്ങുന്നത്, എത്രയെത്ര വിധവകളാണ് ശപിക്കപ്പെടുന്നത്, എത്രയെത്ര നിരപരാധികളായ കുട്ടികളെയാണ് ജനിച്ച ദിവസത്തിന്റെ പേരില്‍ കുറ്റവാളികളാക്കുന്നത്, എത്രയെത്ര മനുഷ്യരാണ് അനാവശ്യ പേടിയില്‍ ജീവിക്കുന്നത്, എത്രയെത്ര സമ്പത്താണ് അനാവശ്യമായി ചെലവഴിക്കുന്നത്, എത്രയെത്ര ബലാത്സംഗങ്ങളാണ് നടക്കുന്നത്, എത്രയെത്ര ചൂഷണങ്ങളാണ് അരങ്ങു തകര്‍ക്കുന്നത്, എത്രയെത്ര മനുഷ്യരാണ് ആത്മഹത്യ ചെയ്യുന്നത്... വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്ന വിശ്വാസത്തിന്റെ പേരില്‍ ഇതൊന്നും സംഭവിക്കുന്നേയില്ല. ഇത്തരം അരുതായ്മകളില്‍നിന്നെല്ലാം മുക്തമാവുകയാണ് ചെയ്യുക. മാത്രമല്ല, മനുഷ്യന്‍ പൊതുവില്‍ തിന്മയായി കാണുന്ന എല്ലാറ്റില്‍നിന്നും ഖുര്‍ആന്‍ മനുഷ്യനെ സംരക്ഷിക്കുന്നതായി കാണാം.
സ്‌കൂള്‍ വിദ്യാര്‍ഥിയായിരുന്ന കാലത്ത് മുസ്ലിം സമുദായത്തില്‍ പിറന്ന മദ്യപാനിയായ ഒരാളെപ്പറ്റി അമ്മ പറഞ്ഞത് ഇപ്പോഴും ഓര്‍ക്കുന്നുണ്ട്;
'മുസ്ലിമാണ്, എന്നാലും കള്ള് കുടിക്കും.'
മുസ്ലിമാണെങ്കില്‍ കള്ള് കുടിക്കാന്‍ പാടില്ല എന്ന  പൊതുബോധം അന്നുണ്ടായിരുന്നു.
പലിശക്കച്ചവടം നടത്തിയിരുന്ന ഒരു ഹാജിയാരെപ്പറ്റി പറയുമ്പോള്‍, 'ഹാജിയാരൊക്കെത്തന്നെയാണ്. എന്നിട്ടും...' എന്നാണ് പറയുക. മുസ്‌ലിമായ ഒരാള്‍ പലിശക്കച്ചവടം ചെയ്യാന്‍ പാടില്ല എന്ന പൊതുബോധമാണിതിനു കാരണം.
ഇങ്ങനെ വ്യഭിചാരം, ചൂതാട്ടം, കൈക്കൂലി, അഴിമതി, കൊള്ള, കൊല തുടങ്ങി എല്ലാ തിന്മകളില്‍നിന്നും മനുഷ്യനെ മുക്തമാക്കാനാണ് ഖുര്‍ആന്‍ നിലകൊള്ളുന്നത്. ഖുര്‍ആന്‍ മനുഷ്യര്‍ക്ക് സന്മാര്‍ഗം പഠിപ്പിക്കാനാണ് അവതരിച്ചത് എന്ന യാഥാര്‍ഥ്യം ബോധ്യപ്പെട്ടത് ഇങ്ങനെ വിലയിരുത്തിയപ്പോഴാണ്.
താനൊരു യുക്തിവാദി ആയതോടെയാണ് മദ്യപാനം നിര്‍ത്തിയത് എന്നു പറഞ്ഞ ഒരാളെയും ജീവിതത്തില്‍ കണ്ടിട്ടില്ല. യുക്തിവാദി ആയതോടെയാണ് കൈക്കൂലി വാങ്ങല്‍ നിര്‍ത്തിയത് എന്ന് പറഞ്ഞവരെയും കണ്ടിട്ടില്ല. യുക്തിവാദി ആയതോടെയാണ് ചൂതാട്ടം നിര്‍ത്തിയത് എന്ന് പറഞ്ഞവരാരെങ്കിലുമുണ്ടോ? വ്യഭിചാരം, കളവ്, അഴിമതി തുടങ്ങി ഏതൊരു തിന്മയില്‍നിന്നും മാറിനില്‍ക്കാനുള്ള പ്രേരണയായത് യുക്തിവാദമാണെന്നു പറഞ്ഞ ഒരാളെയും കണ്ടിട്ടില്ല. അത് അസാധ്യവുമാണ്. കാരണം, 'ധാര്‍മികത' എന്നത് യുക്തിവാദത്തിന്റെ പരിധിയില്‍ വരുന്ന കാര്യമല്ല. ഏതെങ്കിലും വ്യക്തികള്‍ ചില മൂല്യങ്ങള്‍ പാലിക്കുന്നുണ്ടെങ്കില്‍ അത് ആ വ്യക്തിയുടെ ഗുണമാണ്; യുക്തിവാദം എന്ന ആശയത്തിന്റേതല്ല. ഇത്തരം 'ജനിതക തകരാറുകള്‍' ഉള്ള ഒരു ജീവിതവീക്ഷണം കൊണ്ട് മനുഷ്യനെ ധാര്‍മികതയിലേക്ക് നയിക്കല്‍ അസാധ്യമാണ് എന്നത് അനുഭവം കൊണ്ട് ബോധ്യപ്പെട്ടതാണ്. അന്ധവിശ്വാസങ്ങളില്‍നിന്ന് മുക്തമായതുകൊണ്ടു മാത്രം മനുഷ്യന്‍ തിന്മകളില്‍നിന്ന് മുക്തനാവുകയില്ല.
അതേസമയം ഖുര്‍ആന്‍ കാരണം ഇത്തരം തിന്മകളില്‍നിന്ന് മുക്തമായി ജീവിക്കുന്ന ആയിരക്കണക്കിനാളുകളെ നേരില്‍ പരിചയമുണ്ട്. ഇത്തരം തിന്മകളില്‍ ആറാടി ജീവിച്ച ധാരാളം ആളുകള്‍ ഖുര്‍ആന്‍ തെളിച്ച വെളിച്ചത്തിലൂടെ ജീവിത വിശുദ്ധിയിലേക്ക് വന്നത് നേരിട്ടനുഭവമുള്ളതാണ്.
ഇങ്ങനെ മനുഷ്യനെ ജീവിതത്തിലുടനീളം വിശുദ്ധിയിലേക്ക് നയിക്കാന്‍ പര്യാപ്തമായ ഒരാശയമാണ് ഖുര്‍ആന്‍ മുന്നോട്ടു വെക്കുന്നത്. ഇത് ഖുര്‍ആനിന്റെ ദൈവികതക്കുള്ള  ന്യായം കൂടിയായി തോന്നിയിട്ടുണ്ട്.
ശരിയിലേക്ക് നയിക്കുന്ന വിശ്വാസം ശരിയും തെറ്റിലേക്ക് നയിക്കുന്ന വിശ്വാസം തെറ്റുമാണല്ലോ. വിശുദ്ധ ഖുര്‍ആന്‍ ശരിയിലേക്കു മാത്രമാണ് മനുഷ്യനെ നയിക്കുക. വിശുദ്ധ ഖുര്‍ആന്‍ പറയുന്ന വിശ്വാസം ശരിയാണ് എന്നതിന്റെ ന്യായം അതാണ്. ഖുര്‍ആനില്‍ എവിടെയും ഖുര്‍ആനിനെ 'വിശുദ്ധ ഖുര്‍ആന്‍' എന്ന് വിശേഷിപ്പിച്ചിട്ടില്ല എന്നാണ് മനസ്സിലാക്കിയിട്ടുള്ളത്. എന്നിട്ടും 'വിശുദ്ധ' ഖുര്‍ആന്‍ എന്ന് പറയാനുള്ള ന്യായമായി തോന്നിയത്  തിരുത്തപ്പെട്ടിട്ടില്ല എന്നതോ, ശാസ്ത്രീയ സത്യങ്ങള്‍ ഉള്‍ക്കൊള്ളുന്നു എന്നതോ ഒന്നുമല്ല. മനുഷ്യനെ ജീവിത വിശുദ്ധിയിലേക്ക് നയിക്കാന്‍ അതിന് കഴിയുന്നു എന്നതാണ്. അതിന് കഴിയാത്ത ഒരു ഗ്രന്ഥം എത്ര ശാസ്ത്രീയ സത്യങ്ങളുണ്ടെങ്കിലും മനുഷ്യരാശിക്ക് തീരേ വിലയില്ലാത്തതായിരിക്കും. വിശുദ്ധ ഖുര്‍ആനിന്റെ വളച്ചുകെട്ടില്ലാത്ത സവിശേഷതയായി തോന്നിയത് ഇതാണ്. അതിനാലാണ് ഖുര്‍ആനിനെ 'വിശുദ്ധ ഖുര്‍ആന്‍' എന്ന് വിളിക്കാന്‍ തോന്നുന്നത്.
ഇങ്ങനെയുള്ള ഒരു വിശുദ്ധ വേദത്തിന്റെ അവതരണം ആരംഭിച്ച മാസമാണല്ലോ റമദാന്‍. ആകാശവും ഭൂമിയും മനുഷ്യകുലത്തിന്റെ സന്മാര്‍ഗത്തിനു വേണ്ടി സന്ധിച്ച മാസം! അങ്ങനെയുള്ള പുണ്യ നിമിഷങ്ങളും നാളുകളും ഉള്‍ക്കൊള്ളുന്ന മാസമാണത്. ഒരു മാസത്തിന് മഹത്വം കല്‍പിക്കാന്‍ മനുഷ്യര്‍ക്ക് ഇതിനേക്കാള്‍ പിന്നെന്തു വേണം! ആത്മീയമായ ഒരാഘോഷമായിട്ടാണ് റമദാന്‍ അനുഭവപ്പെട്ടത്. അസ്‌ലമിന്റെ ഖുര്‍ആന്‍ പാരായണത്തിന് അതില്‍ വലിയൊരു പങ്കുണ്ട്. മനുഷ്യജീവിതത്തെ മനോഹരമാക്കാന്‍ പര്യാപ്തമായ ഖുര്‍ആന്‍ സ്വയം തന്നെ മനോഹരമാണെന്ന് തോന്നിയത് ആ മനോഹരമായ പാരായണം കേട്ടപ്പോഴാണ്.
റമദാനോടനുബന്ധിച്ച് പള്ളികളില്‍ ക്ലാസ്സുകള്‍ നടക്കാറുണ്ട്. സമദ് മാഷ് പറഞ്ഞതനുസരിച്ച് തിരൂരിലെ സ്വഫാ മസ്ജിദില്‍ ഒരു പരിപാടിക്ക് വിളിച്ചിരുന്നു. നമസ്‌കാരം കഴിഞ്ഞ് ഒരു മണിക്കാണ് പരിപാടി. ദൂരത്തെക്കുറിച്ച കൃത്യമായ ധാരണ ഇല്ലാത്തതിനാല്‍ അല്‍പം വൈകിയാണെത്തിയത്. പള്ളിയുടെ വാതില്‍ക്കല്‍ രണ്ടാം മുണ്ട് തോളിലിട്ട, കഷണ്ടിയുള്ള ഒരാള്‍ അക്ഷമനായി നില്‍ക്കുന്നുണ്ട്. കണ്ട ഉടനെ സലാം പറഞ്ഞു. അദ്ദേഹം ധൃതി കൂട്ടുന്ന പോലെ. വേഗം നമസ്‌കരിക്കാന്‍ പറഞ്ഞു. പള്ളിയുടെ ഫസ്റ്റ് ഫ്‌ളോറിലാണ് പരിപാടി. അദ്ദേഹത്തിന്റെ കൂടെ മുകളിലേക്ക് കയറി. പെട്ടെന്ന് ഉള്ളില്‍ ഒരു കാളല്‍.
ഉള്‍ഭയം അസ്വസ്ഥതയായി, ശരീരം വിറക്കുന്ന പോലെ. കാരണം മറ്റൊന്നുമല്ല. ഇത്രയും വലിയൊരു സദസ്സിനെ ആദ്യമായിട്ടാണ് അഭിമുഖീകരിക്കാന്‍ പോകുന്നത്. ഫസ്റ്റ് ഫ്‌ളോറില്‍ നിറയെ ആളുകളാണ്. സ്റ്റെപ്പുകളില്‍ വരെ ഇരിക്കുന്നുണ്ട്. ഏതോ അത്ഭുത ജീവിയെ കാണുന്ന പോലെ എല്ലാവരും തുറിച്ചു നോക്കുന്നു! അദ്ദേഹത്തെ തോണ്ടിക്കൊണ്ട് മെല്ലെ പറഞ്ഞു:
'ഇത്ര വലിയ സദസ്സില്‍ എനിക്ക് പ്രസംഗിക്കാന്‍ കഴിയില്ല.'
'ഒന്നും പ്രശ്‌നാക്കണ്ട. കുറച്ച് അനുഭവങ്ങള്‍ പറഞ്ഞാല്‍ മതി' എന്നു പറഞ്ഞ് അദ്ദേഹം ആത്മവിശ്വാസം നല്‍കി, കസേരയിലിരുത്തി.  
ആദ്യത്തെ കുറച്ച് സമയം എന്തൊക്കെയാണ് നടന്നത് എന്ന് അന്നും ഇന്നും ഓര്‍മയില്ല. ജീവിതത്തില്‍ ആദ്യമായി, ഉണര്‍ന്നിരിക്കെ സ്ഥലകാലബോധമില്ലാതായ നിമിഷങ്ങളായിരുന്നു അത്. പ്രസംഗം മെല്ലെമെല്ലെ ട്രാക്കില്‍ കയറി. ആളുകളെല്ലാം നന്നായി ശ്രദ്ധിക്കുന്നുണ്ട്. ആവേശത്തിന് അതൊരു കാരണമായി. ഏതാണ്ട് ഒരു മണിക്കൂറോളം പ്രസംഗിച്ചു! ഒരു വലിയ സദസ്സിനെ അഭിമുഖീകരിക്കുന്ന ആദ്യത്തെ പ്രഭാഷണം. അതോടെ 'സഭാകമ്പം' പമ്പകടന്നു. ഇസ്‌ലാമിനെക്കുറിച്ച് പറയാനാണെങ്കില്‍ ലോകത്തെ മുഴുവന്‍ അഭിസംബോധന ചെയ്യാനും റെഡി എന്ന ഒരു മനസ്സ് പാകപ്പെട്ടു.
രണ്ടാം മുണ്ട് തോളിലിട്ട, കഷണ്ടിക്കാരനായ അദ്ദേഹം കുറേ നല്ല വര്‍ത്തമാനങ്ങള്‍ പറഞ്ഞാണ് യാത്രയാക്കിയത്. അദ്ദേഹം ആരായിരുന്നു എന്ന് പിന്നീടാണ് ചോദിച്ചറിഞ്ഞത്. കെ.പി.ഒ എന്നറിയപ്പെടുന്ന, തിരൂരിലെ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ എല്ലാമെല്ലാമായിരുന്നു അദ്ദേഹം എന്നാണറിഞ്ഞത്.
ജീവിതയാത്രയിലെ വളവുതിരിവുകളില്‍ ഇങ്ങനെ കണ്ടുമുട്ടുന്ന, പിന്നീട് ഒരിക്കലും മറക്കാത്ത കുറേ നല്ല മനുഷ്യരുണ്ട്. കുറച്ച് മാത്രം പറഞ്ഞ് കൂടുതല്‍ പ്രചോദിപ്പിക്കുന്നവര്‍! അങ്ങനെയുള്ള ചിലരൊക്കെ ദൈവസന്നിധിയിലെത്തിയവരാണ്. ചിലര്‍ ജീവിച്ചിരിക്കുന്നു.
ക്രമേണ പല ഭാഗങ്ങളിലും പരിപാടികള്‍ നടന്നുകൊണ്ടിരുന്നു. പരിപാടികളോടനുബന്ധിച്ച് അമ്മ, ജ്യേഷ്ഠന്മാര്‍, സഹോദരിമാര്‍ ഇവര്‍ക്കൊക്കെ സത്യത്തിന്റെ വെളിച്ചം കിട്ടാന്‍ പ്രാര്‍ഥിക്കണമെന്ന് സദസ്സിലുളളവരോട് അപേക്ഷിക്കാനുള്ള അവസരമായും പരിപാടികളെ കണ്ടു.
'വിദൂരസ്ഥന്റെ പ്രാര്‍ഥന സമീപസ്ഥന്റ പ്രാര്‍ഥനയേക്കാള്‍ വേഗത്തില്‍ സ്വീകരിക്കപ്പെടും' എന്ന പ്രവാചകവചനം അതിനൊരു പ്രേരണയായിരുന്നു.
അങ്ങനെയിരിക്കെയാണ് വിവാഹത്തെക്കുറിച്ച ചില വര്‍ത്തമാനങ്ങള്‍ വന്നത്. നാട്ടിലായിരുന്ന സമയത്തു തന്നെ അസീസ് സാഹിബ് മുന്‍കൈയെടുത്ത് ഒരു ശ്രമം നടന്നിരുന്നു. പെണ്ണുകാണാന്‍ മോഹനനും നാസറുമുണ്ടായിരുന്നു. മൂന്നു പേര്‍ക്കും ഒരുമിച്ച് നടത്തുന്നതിനെപ്പറ്റിയാണ് ആലോചിച്ചിരുന്നത്. പെണ്ണ് കാണാന്‍ പോയെങ്കിലും പല കാരണങ്ങളാല്‍ അത് നടന്നില്ല.
അതിനു ശേഷം ഒരു കുറ്റബോധം മനസ്സിനെ വേട്ടയാടിക്കൊണ്ടിരുന്നു. ഒരു പെണ്ണിനെ കണ്ട ശേഷം 'പറ്റിയില്ല' എന്ന സന്ദേശം ഒരു പെണ്ണില്‍ ഉണ്ടാക്കുന്ന മുറിവ് എത്ര വലുതായിരിക്കും! ആണിനെപ്പറ്റി പെണ്ണ് അങ്ങനെ പറയുമ്പോഴും അതുണ്ടാവും. അത് സ്വാഭാവികമാണ്. ഇനി അതിനുള്ള അവസരമുണ്ടാവരുതേ എന്ന  പ്രാര്‍ഥന അന്നു മുതല്‍ മനസ്സിലുണ്ടായിരുന്നു.
കല്യാണത്തിനു മുമ്പ് ഒരു 'സുന്നത്ത് കല്യാണം' വേണം എന്ന് ആരോ തമാശയായി പറഞ്ഞിരുന്നു. ചേലാകര്‍മത്തിന് 'സുന്നത്ത് കല്യാണം' എന്നാണ് പൊതുവില്‍ പറഞ്ഞിരുന്നത്. അതു സംബന്ധമായ ആലോചന നേരത്തേ ഉണ്ടായിരുന്നു. ഐ.ആര്‍.എസില്‍ ജോലി ചെയ്യുന്ന സമയത്താണ് അതില്‍ ഒരു തീരുമാനമായത്. വെക്കേഷന്‍ സമയത്ത് നടത്താന്‍ അസീസ് സാഹിബുമായി ധാരണയായി.
ഇസ്‌ലാമിനെ പഠിക്കുമ്പോള്‍ ചില വിഷയങ്ങള്‍ 'കല്ലുകടി'യായി വരാറുണ്ട്. അതില്‍പെട്ട ഒന്നായിരുന്നു 'സുന്നത്ത്' എന്ന് പൊതുവില്‍ പറയാറുള്ള ചേലാകര്‍മം അഥവാ പരിഛേദന.
ഒരു സത്യവിശ്വാസിയെ മറ്റുള്ളവരില്‍നിന്ന് വേര്‍തിരിക്കുന്ന മൗലികമായ ഘടകം നമസ്‌കാരമാണെന്നാണല്ലോ പ്രവാചകന്‍ പഠിപ്പിച്ചത്. അത് മാറി നമസ്‌കാരത്തിന്റെ സ്ഥാനത്ത് 'സുന്നത്ത് 'കടന്നു കയറിയ വൈരുധ്യം ചിന്താവിഷയമായി. നമസ്‌കരിച്ചില്ലെങ്കിലും മുസ്‌ലിമായി പരിഗണിക്കണമെങ്കില്‍ 'സുന്നത്ത്' നിര്‍ബന്ധമാണ്!
മാത്രമല്ല, ഒരു പ്രവാചക ചര്യ എന്ന നിലക്ക് പ്രധാനപ്പെട്ട ഒന്നാണ് ഇതെങ്കില്‍ മറ്റു പ്രവാചകന്മാര്‍ എന്തുകൊണ്ട് ചേലാകര്‍മം ചെയ്തില്ല? മറ്റു പ്രവാചകന്മാര്‍ സുന്നത്ത് ചെയ്തിരുന്നു എന്നതിന് തെളിവുകളുണ്ടോ? പ്രവാചകന്മാര്‍ ഇങ്ങനെ ഒരു ചര്യ പിന്തുടര്‍ന്നിരുന്നു എങ്കില്‍ അവരുടെ അനുയായികളില്‍ അത് നിലനില്‍ക്കേണ്ടതല്ലേ? മറ്റു സമൂഹങ്ങളിലൊന്നും ഇങ്ങനെ ഒരു സമ്പ്രദായം കാണുന്നില്ലല്ലോ. ഇത് അന്ന് അറേബ്യയിലുണ്ടായിരുന്ന ഒരു ഗോത്രാചാരമാണ് എന്ന് ചിലര്‍ പറയുന്നു. അത് ശരിയായിരിക്കാന്‍ സാധ്യതയില്ലേ? ഇങ്ങനെയുള്ള അന്വേഷണങ്ങളുമായി മുന്നോട്ടു പോയി.
ജൂതന്മാര്‍ ചേലാകര്‍മം ചെയ്യാറുണ്ട് എന്നറിഞ്ഞത് അപ്പോഴാണ്. ബൈബിളില്‍ അതു സംബന്ധമായ അധ്യാപനങ്ങള്‍ കണ്ടെത്താനും കഴിഞ്ഞു. അബ്രഹാം പ്രവാചകനോട് ചേലാകര്‍മത്തെപ്പറ്റി ദൈവത്തിന്റെ കല്‍പന ഉല്‍പത്തി പുസ്തകം 17:11-ല്‍ ഇങ്ങനെ കാണാം: 'നിങ്ങളില്‍ പുരുഷ പ്രജയൊക്കെയും പരിഛേദന ഏല്‍ക്കണം. നിങ്ങളുടെ അഗ്രചര്‍മം പരിഛേദന ചെയ്യണം; അത് എനിക്കും നിങ്ങള്‍ക്കും മധ്യേയുള്ള നിയമത്തിന്റെ അടയാളം ആകും.'
അനന്തരം തന്റെ മകനായ യിശ്‌മേയേലിനെ അടക്കം എല്ലാവരുടെയും അഗ്രചര്‍മത്തെ പരിഛേദന കഴിച്ചതായി ഉല്‍പത്തി 17:23-ല്‍ കാണാം. മാത്രമല്ല, യേശുക്രിസ്തു ജനിച്ച് എട്ടു ദിവസം കഴിഞ്ഞപ്പോള്‍ പരിഛേദന കഴിച്ചതായി ലൂക്കോസ് സുവിശേഷം 2:21-ല്‍ പറയുന്നുണ്ട്. യേശുക്രിസ്തു 'സുന്നത്ത്' നടത്തിയിട്ടുണ്ടായിരുന്നു എന്ന് വ്യക്തം. പിന്നെന്തുകൊണ്ട് ക്രൈസ്തവ സഹോദരങ്ങള്‍ ചെയ്യുന്നില്ല? അതിനുള്ള ഉത്തരം ബൈബിള്‍ പുതിയ നിയമത്തില്‍ ഗലാത്യര്‍ 5:2-ല്‍ പൗലോസ് പറയുന്നുണ്ട്: 'നിങ്ങള്‍ പരിഛേദനയേറ്റാല്‍ ക്രിസ്തുവിനെക്കൊണ്ട് നിങ്ങള്‍ക്ക് യാതൊരു പ്രയോജനവുമില്ല എന്ന് പൗലോസായ ഞാന്‍ നിങ്ങളോട് പറയുന്നു.'
പിന്നെയും സംശയം തീര്‍ന്നില്ല. എല്ലാ സമൂഹങ്ങളിലേക്കും പ്രവാചകന്മാരെ അയച്ചിട്ടുണ്ട് എന്നാണല്ലോ ഖുര്‍ആന്‍ പറയുന്നത്. അപ്പോള്‍ ഇന്ത്യയിലും പ്രവാചകന്മാര്‍ വന്നിട്ടുണ്ടാവും എന്നുറപ്പാണല്ലോ. എങ്കില്‍ ഇവിടെ വന്ന പ്രവാചകന്മാര്‍ ചേലാകര്‍മം ഒരു ചര്യയായി എന്തുകൊണ്ട് സ്വീകരിച്ചില്ല? ഇവിടെ ഒരു സമൂഹത്തിലും അങ്ങനെ ഒരു സമ്പ്രദായം കാണുന്നില്ലല്ലോ. പ്രമാണങ്ങളിലുമില്ല. യേശുവിന്റെ ശിഷ്യന്മാരില്‍ പൗലോസ് അത് നിര്‍ത്തലാക്കിയ പോലെ സംഭവിച്ചതാവുമോ? ഇതൊരു കല്ലുകടിയായി മനസ്സില്‍ കല്ലിച്ചു നിന്നിരുന്നു.
ദൈവകല്‍പനപ്രകാരം പ്രവാചകന്‍ പഠിപ്പിച്ചതാണെങ്കില്‍ 'സാക്ഷാല്‍ തല' തന്നെ വെട്ടാനും റെഡിയായ സമയമായിരുന്നു അത്. എന്നാലും ചില കാര്യങ്ങളില്‍ ഉറപ്പു വരുത്തല്‍ ഒരു ശീലമായിരുന്നു. അങ്ങനെ ഈ വിഷയവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ഒരു വെളിച്ചം കിട്ടി. കുറുപ്പുംവീട്ടില്‍ കെ.എന്‍ ഗോപാലപ്പിള്ളയുടെ 'കേരള മഹാചരിത്രം' എന്ന ഒരു കൃതിയുണ്ട്. തിരുവനന്തപുരം റെഡ്യാര്‍ പ്രസ് ആന്റ് ബുക്ക് ഡിപ്പോ 1949-ല്‍ പ്രസിദ്ധീകരിച്ചതാണത്. അതിന്റെ രണ്ടാം ഭാഗം 54, 55 പേജുകളില്‍ പറയുന്നത് ഒരു മഹാത്ഭുതമായി തോന്നി. അതില്‍ പറയുന്നു:
''ലോകത്തിലെ എല്ലാ പ്രാചീന സമുദായങ്ങളും ആചരിച്ചുപോരുന്ന ഒരു ആചാരമാകുന്നു 'ലിംഗ ശാസ്ത്രം.' പുരുഷപ്രജകളുടെ ലിംഗാഗ്രത്തിലുള്ള ബാഹ്യചര്‍മം ഛേദിച്ചുകളയുന്ന ക്രിയയാകുന്നു ലിംഗശാസ്ത്രം. കേരളത്തില്‍ നായന്മാരുടെ ഇടയില്‍ പുരാതന കാലങ്ങളില്‍ ഈ ആചാരം നടപ്പുണ്ടായിരുന്നു. ദക്ഷിണ തിരുവിതാംകൂറില്‍ ചില പ്രദേശങ്ങളിലെ നായന്മാര്‍ ഒരു പാദസര വര്‍ഷം മുമ്പുവരെ ഈ കര്‍മം നടത്തിവന്നു. ഇതിന് 'ചേലാകര്‍മം' എന്നും പേരുണ്ട്. ആണ്‍കുട്ടികളെ കൗപീനം ധരിപ്പിക്കുന്നതിന്റെ പ്രാരംഭ കര്‍മമായിട്ടാണ് ഈ ശസ്ത്രക്രിയ നടത്തിപ്പോന്നത്. തന്നിമിത്തം ഈ ക്രിയക്ക് 'ചേലാകര്‍മം' എന്ന് പേര്‍ സിദ്ധിച്ചു.''
ഇതിനര്‍ഥം 'സുന്നത്ത്' എന്നത് അറേബ്യയിലുണ്ടായിരുന്ന ഒരു ഗോത്രാചാരമല്ല എന്നാണല്ലോ. ശുദ്ധിയുമായി ബന്ധപ്പെട്ട് പ്രവാചകന്മാരിലൂടെ പഠിപ്പിച്ച വിവിധ ചര്യകളില്‍പെട്ട ഒന്നാണിത്.
ഇതു സംബന്ധമായി പ്രവാചകന്‍ പറഞ്ഞത്: 'അഞ്ചു കാര്യങ്ങള്‍ പ്രകൃതിചര്യകളില്‍ പെട്ടതാകുന്നു. ചേലാകര്‍മം, ഗുഹ്യസ്ഥാനരോമങ്ങള്‍ കളയല്‍, നഖം മുറിക്കല്‍, കക്ഷരോമം കളയല്‍, മീശ വെട്ടല്‍ എന്നിവയാണവ.'
ചേലാകര്‍മത്തിന്റെ ശാസ്ത്രീയമായ ഗുണവശങ്ങള്‍ പഠനവിധേയമാക്കി. കിട്ടിയ വിവരങ്ങള്‍ ഡയറിയില്‍ കുറിച്ചിട്ടുണ്ട്: 'ജനനേന്ദ്രിയത്തില്‍ അണുബാധ വരാനുള്ള സാധ്യത കുറയുന്നു; ലൈംഗിക രോഗങ്ങള്‍ക്കുള്ള സാധ്യത കുറയുന്നു; ലൈംഗിക പങ്കാളിയില്‍ അണുബാധക്കുള്ള സാധ്യത കുറയുന്നു; സെര്‍വിക്കല്‍ കാന്‍സറിനുള്ള സാധ്യത കുറയുന്നു; ജനനേന്ദ്രിയ കാന്‍സറിനുള്ള സാധ്യത കുറയുന്നു; ബാലനിറ്റിസ് (ലിംഗാഗ്രത്തിലെ വീക്കം), ബാലനോപോസ്റ്റിറ്റിസ് (ലിംഗാഗ്രചര്‍മത്തിന്റെയും ലിംഗത്തിന്റെ തലയുടെയും വീക്കം), ഫിമോസിസ് (അഗ്രചര്‍മം പിന്‍വലിക്കാന്‍ കഴിയാത്ത അവസ്ഥ) എന്നിവ ഇല്ലാതാക്കുന്നു.' ഇങ്ങനെയുള്ള ധാരാളം ഗുണങ്ങള്‍ പരിഛേദനക്കുണ്ട്. ജനനേന്ദ്രിയം വൃത്തിയാക്കാന്‍ എളുപ്പവുമാണ്. ഒരു പ്രവാചക ചര്യ ഇത്രത്തോളം ഗുണപ്രദമാണെന്നറിഞ്ഞപ്പോള്‍ വലിയ അത്ഭുതമായി.
സൃഷ്ടിക്കുമ്പോള്‍ തന്നെ അഗ്രചര്‍മം ഇല്ലാതെ സൃഷ്ടിച്ചുകൂടായിരുന്നോ, ദൈവത്തിന്റെ സൃഷ്ടിയിലുള്ള മനുഷ്യന്റെ കൈകടത്തലല്ലേ ഇത് എന്നിങ്ങനെ ചേലാകര്‍മത്തെ സംബന്ധിച്ച പല ചോദ്യങ്ങളും അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്.
മനുഷ്യന്‍ യഥാര്‍ഥത്തില്‍ മനുഷ്യനെന്ന നിലക്ക് വളരുന്നത് ജനിച്ച പാടേ ജീവിക്കുമ്പോഴല്ല. സ്വന്തത്തിലുള്ള ചിലതില്‍ നിയന്ത്രണം വരുത്തുമ്പോഴും ഇടപെടുമ്പോഴുമാണ്; ചില ചര്യകള്‍ പാലിക്കുമ്പോഴാണ്. ഇത് മനസ്സിലാവുമ്പോള്‍ പ്രസ്തുത ചോദ്യങ്ങള്‍ അപ്രസക്തമാവും.
പക്ഷിമൃഗാദികള്‍ മനുഷ്യരെപ്പോലെയല്ല. സൃഷ്ടിക്കപ്പെട്ട അതേ പ്രകൃതിയില്‍ ജീവിക്കാന്‍ പട്ടിക്കും പൂച്ചക്കും കോഴിക്കും കഴുതക്കുമെല്ലാം കഴിയും; അങ്ങനെ ജീവിക്കാനേ അവക്ക് കഴിയൂ. അതാണ് അവയുടെ ധര്‍മം. അതിനര്‍ഥം അവയെ സൃഷ്ടിക്കുന്നതു തന്നെ പൂര്‍ണതയോടു കൂടിയാണ്. മനുഷ്യന്‍ പക്ഷേ അങ്ങനെയല്ല. കുളിച്ചാല്‍ വൃത്തിയാവുകയും കുളിച്ചില്ലെങ്കില്‍ വൃത്തികേടാവുകയും ചെയ്യുന്നവനാണ് മനുഷ്യന്‍. അതിനാല്‍ കുളിച്ച് വൃത്തിയാവുക എന്നത് മനുഷ്യന് ബാധകമായ ധര്‍മമാണ്. പക്ഷിമൃഗാദികള്‍ക്കത് ബാധകമല്ല. ഇതുപോലെ ധാരാളം കാര്യങ്ങളുണ്ട്.
'വൃത്തി' എന്നത് മനുഷ്യനാഗരികതയുടെ അടിത്തറയാണ്. അത് സാധ്യമാകണമെങ്കില്‍ ചില ചര്യകള്‍ മനുഷ്യന്‍ പാലിക്കണം. ജനിച്ച പാട് ജീവിച്ചാല്‍ മതിയാവുകയില്ല. വൃത്തിക്കുവേണ്ടി പക്ഷിമൃഗാദികള്‍ പല്ലു തേച്ച് മുഖം കഴുകേണ്ടതില്ല. എന്നാല്‍ മനുഷ്യനോ? അതിനാല്‍ ദിവസവും മനുഷ്യന്‍ പല്ലു തേച്ച് വൃത്തിയാക്കണം. വൃത്തിക്കു വേണ്ടി പക്ഷിമൃഗാദികള്‍ നഖം വെട്ടേണ്ടതില്ല. എന്നാല്‍ മനുഷ്യനോ? ആഴ്ചയിലെങ്കിലും മനുഷ്യന്‍ നഖം വെട്ടി വൃത്തിയാക്കണം.
വൃത്തിക്കു വേണ്ടി പക്ഷിമൃഗാദികള്‍ ഗുഹ്യഭാഗങ്ങളും കക്ഷവും ഷേവ് ചെയ്യേണ്ടതില്ല. എന്നാല്‍ മനുഷ്യനോ? മാസത്തിലെങ്കിലും മനുഷ്യന്‍ ഗുഹ്യഭാഗങ്ങളും കക്ഷവും ഷേവ് ചെയ്ത് വൃത്തിയാക്കണം. എന്നതുപോലെ വൃത്തിക്കു വേണ്ടി പക്ഷിമൃഗാദികള്‍ ചേലാകര്‍മം ചെയ്യേണ്ടതില്ല. എന്നാല്‍ മനുഷ്യന്‍ അങ്ങനെയല്ല. അതിനാല്‍ ജീവിതത്തിലൊരിക്കല്‍ ചേലാകര്‍മം ചെയ്യണം.
ലിംഗാഗ്രത്തെ മൂടിനില്‍ക്കുന്ന തൊലി കാരണം മൂത്രം കെട്ടിനില്‍ക്കും. അങ്ങനെയുണ്ടാകുന്ന 'സ്‌മെഗ്മ' വഴി രോഗങ്ങള്‍ വരാം. ഗര്‍ഭാശയ കാന്‍സര്‍ ഏറ്റവും കുറവുള്ളത് മുസ്‌ലിം -ജൂത സ്ത്രീകള്‍ക്കിടയിലാണെന്ന പഠനവും ഇതിനോട് ചേര്‍ത്തു വായിക്കണം. ശുദ്ധിയും ആരോഗ്യവും തമ്മിലുള്ള ബന്ധം ഏതൊരു സാമാന്യബുദ്ധിക്കും മനസ്സിലാവും.
അതിനാല്‍, ദിവസവും പല്ലുതേക്കലും ആഴ്ചയിലൊരിക്കല്‍ നഖം വെട്ടലും മാസത്തിലൊരിക്കല്‍ കക്ഷവും ഗുഹ്യഭാഗങ്ങളുമൊക്കെ ഷേവ് ചെയ്യലും ജീവിതത്തിലൊരിക്കല്‍ ചേലാകര്‍മം ചെയ്യലും വൃത്തിയുടെ ഭാഗമായ ചര്യകളാണ്; ദൈവത്തിന്റെ സൃഷ്ടിയില്‍ കൈകടത്തലല്ല. ഇങ്ങനെയാണ് പ്രവാചകന്മാരിലൂടെ ദൈവം മനുഷ്യന് സംസ്‌കാരം പഠിപ്പിക്കുന്നത്. അത് പിന്‍പറ്റിയാല്‍ അതിന്റെ ഗുണം മനുഷ്യനുണ്ടാവും; പിന്‍പറ്റിയില്ലെങ്കില്‍ ദോഷവും.
ചേലാകര്‍മത്തെ സംബന്ധിച്ച പഠനം വേറെയും ചില പഠനങ്ങള്‍ക്ക് നിമിത്തമായി. പ്രമാണങ്ങള്‍ പരതിയാല്‍ പ്രവാചകന്മാരുടെ 'കാല്‍പ്പാടുകള്‍' എല്ലായിടത്തും കാണാം. ഭാരതത്തിലും പ്രവാചകന്മാര്‍ വന്നതിന്റെ അടയാളങ്ങളുണ്ട്. ടി. മുഹമ്മദിന്റെ ഭാരതീയ സംസ്‌കാരത്തിന്റെ അടിയൊഴുക്കുകള്‍, ഒരു ജാതി ഒരു ദൈവം, ശിഹാബുദ്ദീന്‍ ആരാമ്പ്രത്തിന്റെ വേദദര്‍ശനം പോലെയുള്ള കൃതികള്‍ ആശയതലത്തിലുള്ള പഠനത്തിലാണ് ഊന്നിയിട്ടുള്ളത്. ആ അര്‍ഥത്തില്‍ അത് പ്രസക്തവുമാണ്. അതോടൊപ്പം പ്രവാചകന്മാരുടെ ചര്യകളെ വേറെത്തന്നെ പഠിച്ചെടുക്കേണ്ടതാണ്. ആ അര്‍ഥത്തില്‍ ഒരു എളിയ ശ്രമം നടത്തിയിരുന്നു. ഐ.പി.എച്ച് പ്രസിദ്ധീകരിച്ച ദൈവത്തിന്റെ വെളിപാട് എന്ന പുസ്തകത്തിലെ 'ദൈവദൂതന്മാരുടെ കാല്‍പാടുകള്‍ ഭാരതത്തില്‍', 'യേശുവിന്റെ പാത; മുഹമ്മദിന്റെയും' പോലെയുള്ള ചില അധ്യായങ്ങള്‍ അത്തരത്തിലുള്ള പരിമിതമായ ഒരു കാല്‍വെപ്പാണ്. പ്രഗത്ഭരായ ഗവേഷകര്‍ ആ തലത്തില്‍ പഠനം നടത്തിയിരുന്നെങ്കില്‍ എന്ന് ആശിച്ചുപോയിട്ടുണ്ട്. ടി. ആരിഫലി സാഹിബിന്റെ വീട്ടില്‍ വെച്ചുണ്ടായ ഒരു സംഭാഷണത്തില്‍, ദൈവിക ദര്‍ശനത്തെ ജനങ്ങളുടെ മുമ്പില്‍ അവതരിപ്പിക്കുമ്പോള്‍ ചരിത്രം പറച്ചിലിന്റെ പ്രാധാന്യം അദ്ദേഹം വിശദീകരിച്ചിരുന്നു. വിശുദ്ധ ഖുര്‍ആനിന്റെ വലിയൊരു ഭാഗം ഗതകാല സമൂഹങ്ങളുടെ ചരിത്രം പറയാനാണല്ലോ നീക്കിവെച്ചിരിക്കുന്നത്. ഇസ്‌ലാം എന്നത് മനുഷ്യാരംഭം മുതലുള്ളതാണ്. മുഹമ്മദ് നബി സ്ഥാപിച്ച ഒരു 'മത'മല്ല. ഈ കാര്യം വ്യക്തമാക്കലാണല്ലോ ചരിത്ര വിശകലനങ്ങളിലൂടെ മുഖ്യമായും ഖുര്‍ആന്‍ ഉദ്ദേശിക്കുന്നത്. ഇത് ബോധ്യപ്പെടുത്തല്‍ ഇസ്‌ലാമിനെ പഠിപ്പിക്കുന്നിടത്ത് വലിയ പ്രാധാന്യമുള്ള ഒന്നായിട്ടാണ് തോന്നിയിട്ടുള്ളത്.
'സത്യാസത്യവിവേചക ഗ്രന്ഥ'മാണ് ഖുര്‍ആന്‍ എന്ന് ഖുര്‍ആന്‍ തന്നെ പറയുന്നുണ്ടല്ലോ. അതുകൊണ്ടുതന്നെ ജീവിക്കുന്ന നാടിന്റെ പൂര്‍വകാല ചരിത്രം പ്രമാണങ്ങള്‍ പരതി, ഖുര്‍ആന്‍ കൊണ്ട് മാറ്റുരച്ച് പഠിക്കല്‍ ഒരു പ്രബോധക സമൂഹത്തിന് അനിവാര്യമാണെന്നാണ് വിശ്വസിക്കുന്നത്.
എസ്.ഐ.ഒ തൃശൂരില്‍ നടത്തിയ ഹിന്ദു-മുസ്‌ലിം ഡയലോഗിനെ സംബന്ധിച്ച് മുമ്പ് സൂചിപ്പിച്ചിരുന്നല്ലോ. സംസ്‌കൃതം പഠിക്കാന്‍ തയാറുള്ള മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് അവിടെ വെച്ച് സ്‌കോളര്‍ഷിപ്പ് പ്രഖ്യാപിച്ചതോര്‍ക്കുന്നു. എന്നാല്‍ അതിന്റെ പ്രസക്തി അന്ന് അത്ര മനസ്സിലായിട്ടില്ലായിരുന്നു. അതിന്റെയൊക്കെ പ്രസക്തി ഏറിയ സമയമാണിത് എന്നാണ് തോന്നുന്നത്.
ഏതായാലും വെക്കേഷന്‍ കാലത്ത് കോഴിക്കോട് ബീച്ച് ഹോസ്പിറ്റലില്‍നിന്ന് 'സുന്നത്ത്' കര്‍മം നിര്‍വഹിച്ചു. കൂടെ തിരുവനന്തപുരത്തുള്ള ശ്യാംകുമാര്‍ എന്ന സഹോദരനുമുണ്ടായിരുന്നു. അന്നു തന്നെ ഉച്ചക്കു ശേഷം ആലത്തൂരിലേക്ക്  പുറപ്പെട്ടു. അസീസ് സാഹിബും ഉണ്ടായിരുന്നു കൂടെ. 

(തുടരും)
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-37 / അസ്സ്വാഫ്ഫാത്ത (94-96)
ടി.കെ ഉബൈദ്‌