Prabodhanm Weekly

Pages

Search

021 മാര്‍ച്ച് 12

3193

1442 റജബ് 28

ന്യൂനപക്ഷ അതിജീവനം സി.പി.എം സംഘ് പരിവാറിന് പഠിക്കുമ്പോള്‍

ഒ. സഫറുല്ല

സ്വതന്ത്ര ഇന്ത്യയിലെ മുസ്‌ലിം പതിതാവസ്ഥയുടെ കാരണങ്ങള്‍ ചികഞ്ഞ് പാഴൂര്‍ പടി വരെ പോവേണ്ട കാര്യമൊന്നുമില്ല. വിഭജനം വരുത്തിവെച്ച മുറിവുകള്‍ ഇന്ത്യന്‍ മുസ്‌ലിംകളുടെ മനസ്സില്‍ ആഴത്തിലുള്ള വ്രണമായി ഇപ്പോഴും ബാക്കി കിടപ്പുണ്ട്. സര്‍വവും നഷ്ടപ്പെട്ട് ജീവിതം നിര്‍ധാരണം ചെയ്‌തെടുക്കാനാവാത്ത സമസ്യയായി ഇപ്പോഴും വിറങ്ങലിച്ചു തന്നെ നില്‍പാണ്. സ്വാഭാവിക നടപടിക്രമമെന്നോണം അടിക്കടിയുണ്ടാവുന്ന ഏകപക്ഷീയ വര്‍ഗീയ - സാമുദായിക കലാപങ്ങളും വംശഹത്യകളും എല്ലാ പ്രതീക്ഷകളെയും ആശകളെയും കിനാക്കളെയും കരിയിച്ചുകളയുന്നതായിരുന്നു. സാമൂഹിക സുരക്ഷിതത്വവും നീതിബോധവും ഭരണകൂടം നല്‍കുന്ന സംരക്ഷണവും ഏതൊരു ഭാഷാ, മത, വംശ, ലിംഗ ന്യൂനപക്ഷങ്ങളെ സംബന്ധിച്ചേടത്തോളവും മുന്നോട്ടുള്ള പ്രയാണത്തില്‍ പ്രധാനം തന്നെയാണ്. എന്നാല്‍ പരസഹായത്തോടെയെങ്കിലും നിവര്‍ന്നുനില്‍ക്കാന്‍ കിണഞ്ഞു ശ്രമിക്കുമ്പോഴേക്കും വീണ്ടും പൊട്ടിപ്പുറപ്പെടുന്ന സംഘര്‍ഷങ്ങളും വംശീയ ഉന്മൂലനം വരെ നീളുന്ന ഹത്യകളും ജീവിതത്തെ നരക സമാനമാക്കുന്നു. നീതിനിഷേധത്തിന് വിരാമമില്ലാതെയാവുമ്പോള്‍, സംരക്ഷണം ഉറപ്പുവരുത്തേണ്ട സ്റ്റേറ്റ് നിസ്സംഗമായി നോക്കിനില്‍ക്കുകയോ വേട്ടക്കാരോടൊപ്പം ചേരുകയോ ചെയ്യുമ്പോള്‍ ഇരകള്‍ അനുഭവിക്കുന്ന അനാഥത്വവും ആത്മകലാപങ്ങളും ചില്ലറയല്ല. ഇത്തരം വിപത് ഘട്ടങ്ങളില്‍ ദിശാബോധം നല്‍കി മുന്നില്‍ നില്‍ക്കേണ്ടവര്‍ക്ക് പാകതയും പക്വതയും പോരാതെ വരുന്നത് ആപത്തിനെ ശതഗുണീഭവിപ്പിക്കുന്നു.
വി.പി സിംഗ് സര്‍ക്കാറിന്റെ നിശ്ചയദാര്‍ഢ്യത്തിന്റെയും രാഷ്ട്രീയ ഇഛാശക്തിയുടെയും ഫലമായി നടപ്പിലാക്കപ്പെട്ട മണ്ഡല്‍ കമീഷന്‍ റിപ്പോര്‍ട്ടിലെ ശിപാര്‍ശകളുടെ ഗുണഫലങ്ങള്‍ ഏറ്റവും കൂടുതല്‍ അനുഭവിക്കാനായത് സ്വാഭാവികമായും പിന്നാക്ക ജാതി വിഭാഗങ്ങള്‍ക്കാണ്. വിദ്യാഭ്യാസ, തൊഴില്‍ മേഖലകളിലേക്ക് ബ്രാഹ്മണ്യത്തിന്റെ കവചങ്ങള്‍ പൊട്ടിച്ച് കയറിച്ചെല്ലാനായത് ജാതിവിഭാഗങ്ങളെ സംബന്ധിച്ചേടത്തോളം നാഴികക്കല്ലായിരുന്നു. അടിമുടി ബ്രാഹ്മണവല്‍ക്കരിക്കപ്പെട്ടിരുന്ന ഇന്ത്യന്‍ രാഷ്ട്രീയ- സാമ്പത്തിക - സാമൂഹിക ജീവിത പരിസരത്തേക്ക് കയറിച്ചെല്ലാനുള്ള  വാതിലുകളായിരുന്നു മണ്ഡല്‍ റിപ്പോര്‍ട്ട്. തൊണ്ണൂറുകളില്‍ ശക്തിപ്രാപിച്ച കാന്‍ഷിറാമിന്റെ ബി.എസ്.പി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പരീക്ഷണങ്ങള്‍ കൂടിയായപ്പോള്‍ പിന്നാക്ക ജാതി വിഭാഗങ്ങള്‍ക്ക് ആത്മവിശ്വാസവും സമരവീര്യവും വര്‍ധിച്ചു. അതോടൊപ്പം സി.പി.എം പോലുള്ള സംഘടനകളില്‍നിന്ന് മുസ്‌ലിം രാഷ്ട്രീയ ചിന്തക്കും അന്വേഷണത്തിനും നേരിട്ടതു പോലുള്ള വര്‍ഗീയ - ജാതീയ ചാപ്പകുത്തല്‍ ഉണ്ടായതുമില്ല. ഇത്തരം സംഘടനകള്‍ സംഘ് പരിവാറിനൊപ്പം രാപ്പാര്‍ത്തിട്ടു പോലും സി.പി.എം ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ക്ക് അവരുടെ ഉള്ളിലിരിപ്പില്‍ സംശയമൊന്നുമുണ്ടായില്ല. എന്നാല്‍ മുസ്‌ലിം പിന്നാക്കാവസ്ഥയെ പറ്റി ഏറെ പഠിച്ച  ജ: സച്ചാര്‍ കമ്മിറ്റിക്ക് എന്തു സംഭവിച്ചുവെന്നതിനും, മുസ്‌ലിം രാഷ്ട്രീയ ശൈശവ സന്ധിയിലെ ഉണര്‍വുകളെ പോലും സി.പി.എം ഉള്‍പ്പെടെയുള്ളവര്‍ എങ്ങനെ ചെകുത്താന്‍വല്‍ക്കരിച്ചുവെന്നതിനും സമീപകാല ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രം സാക്ഷി. ന്യൂനപക്ഷങ്ങളുടെ ന്യായവും നീതി ഉള്‍ച്ചേര്‍ന്നതുമായ അവകാശങ്ങള്‍ക്കും മതേതര- ബഹുസ്വര ദൃഢീകരണത്തിനും വേണ്ടി ഇറങ്ങിപ്പുറപ്പെട്ട എല്ലാ സംഘാടനത്തെയും വര്‍ഗീയത ആരോപിച്ച് ചെകുത്താന്‍വല്‍ക്കരിക്കാനാണ് വിപ്ലവം വാക്കുകളിലും പ്രതിലോമപരത ഉള്ളിലും പേറുന്ന ഈ സംഘടനകള്‍ തുനിഞ്ഞത്. സംഘ് പരിവാര്‍ വ്യാഖ്യാനങ്ങളുടെ പകര്‍പ്പെഴുത്തുകാരായി അവര്‍ പരകായപ്രവേശം നടത്തി.
ന്യൂനപക്ഷ സംഘാടനം ഭൂരിപക്ഷ വര്‍ഗീയതയുടെ ഏറ്റത്തെ പെരുക്കുമെന്ന അയുക്തിക നരേഷനാണ് ഇവര്‍ എപ്പോഴും മുന്നോട്ടു വെച്ചത്. വര്‍ഗ സിദ്ധാന്തം ലോകത്തിലെ സകല പ്രശ്‌നങ്ങള്‍ക്കും പരിഹാരമാണന്ന ഒറ്റമൂലി ഇന്ത്യയിലെ ജാതി രാഷ്ട്രീയത്തെയും ന്യൂനപക്ഷ രാഷ്ട്രീയത്തെയും അഭിസംബോധന ചെയ്യുമ്പോള്‍ ന്യൂനീകരിക്കപ്പെട്ടു. ന്യൂനപക്ഷ സത്വ പ്രതിനിധാനത്തെ ലോക മാര്‍ക്‌സിസ്റ്റ് ചിന്തകരായ ലെനിന്‍, അല്‍ത്തൂസര്‍, ഗ്രാംഷി തുടങ്ങിയ വിശാരദരെ ചേര്‍ത്തുവെച്ച് പൈശാചികവല്‍ക്കരിച്ചു. അതിപ്പോഴും തുടരുന്നു. മാര്‍ക്‌സ് എതിര്‍ചേരിയില്‍ നിര്‍ത്തിയ മതം ഇസ്‌ലാം മാത്രമായിരുന്നു എന്നു വിചാരപ്പെടാന്‍ മാത്രം കാര്യങ്ങള്‍ പരിണമിച്ചു. ശരീഅത്ത് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ വിവാദമാക്കിയപ്പോള്‍ സി.പി.എമ്മിന്റെ ഇസ്‌ലാം - മുസ്‌ലിം വിരുദ്ധതയാണ് മറനീക്കി പുറത്തുവന്നത്. സവര്‍ണാഭിമുഖ്യമുള്ള പാര്‍ട്ടി എന്ന സംശയം ബലപ്പെടുത്താന്‍ പര്യാപ്തമായിരുന്നു സി.പി.എമ്മിന്റെ എഴുത്തും വാക്കും വഴക്കങ്ങളും.
ഇന്ത്യയിലെ മുസ്‌ലിംകള്‍ സ്വാതന്ത്ര്യലബ്ധിയെ തുടര്‍ന്നുള്ള അര നൂറ്റാണ്ട് എങ്ങനെ ജീവിച്ചു എന്നതിന്റെ നേര്‍സാക്ഷ്യമായിരുന്നു ഒരര്‍ഥത്തില്‍ രജീന്ദര്‍ സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട്. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലെയും മുസ്‌ലിം മതന്യൂനപക്ഷങ്ങളുടെ ദൈന്യത പേറുന്ന ജീവിതങ്ങളെ വരച്ചിടുന്നുണ്ട് പ്രസ്തുത റിപ്പോര്‍ട്ട്. പട്ടിണിയും ദാരിദ്ര്യവും വിദ്യാഭ്യാസ പിന്നാക്കാവസ്ഥയും നിരക്ഷരതയും അരക്ഷിതബോധവും തൊഴിലില്ലായ്മയും ഭീതിയും ഒരു സമുദായത്തിന്റെ മുന്നോട്ടുള്ള പോക്കില്‍ എങ്ങനെ വിലങ്ങിട്ടുവെന്ന് റിപ്പോര്‍ട്ട് പറഞ്ഞുതരുന്നുണ്ട്. ജുഡീഷ്യറിയിലും എക്‌സിക്യൂട്ടീവിലും നിയമനിര്‍മാണ സഭകളിലും നാലാം തൂണായ മാധ്യമങ്ങളിലും അവരുടെ പ്രാതിനിധ്യം നാമമാത്രമായി തുടരുന്നതിന്റെ ഞെട്ടിക്കുന്ന കഥയുണ്ടതില്‍.
സി.പി.എം എന്ന വിപ്ലവ തൊഴിലാളി പാര്‍ട്ടി ഏറെക്കാലം ഭരണത്തിലിരുന്ന പശ്ചിമ ബംഗാളിലെ മുസ്‌ലിം ചിത്രവും ആശാവഹമല്ല. എണ്ണം കൊണ്ട് മുസ്‌ലിംകള്‍  താരതമ്യേന ജാസ്തിയുള്ള പശ്ചിമ ബംഗാളില്‍ മുസ്‌ലിം എങ്ങനെ ജീവിക്കുന്നുവെന്നറിയാന്‍ കേരളത്തിലെ ചില മനുഷ്യപ്പറ്റുള്ള ഇടതു സഹയാത്രികരോട് ചോദിച്ചാല്‍ മതി. മമതയോട് മമത കൂടും മുമ്പ് അവിടത്തെ ന്യൂനപക്ഷങ്ങള്‍ ബസുവിന്റെ കീഴില്‍ ചുവപ്പുകൊടിയേന്തി ഇങ്ക്വിലാബ് വിളിച്ചു കാലം കഴിക്കുകയായിരുന്നു എന്നു കൂടി ഓര്‍ക്കണം. രാപ്പകലുകള്‍ റിക്ഷ വലിച്ചും ഹോട്ടലില്‍ വെള്ളം കോരിയും എച്ചില്‍ കഴുകിയും റോഡ് പണിയില്‍ ഏര്‍പ്പെട്ടും 'സുഖ' ജീവിതം നയിക്കുകയായിരുന്നു കമ്യൂണിസ്റ്റ് സ്വര്‍ഗത്തില്‍ അവര്‍ മുഴുക്കെ. യു.പി, ഗുജറാത്ത്, മഹാരാഷ്ട്ര, ദല്‍ഹി, ബിഹാര്‍, അസം തുടങ്ങിയിടങ്ങളിലെ പോലെ സാമുദായിക കലാപങ്ങള്‍ കൊണ്ട് സംഘര്‍ഷഭരിതമാവാതിരുന്നിട്ടും എന്തുകൊണ്ട് ബംഗാളില്‍ മുസ്‌ലിംകള്‍ മുഖ്യധാരയില്‍നിന്ന് മാറ്റിനിര്‍ത്തപ്പെട്ടു, സാമൂഹിക നീതി പുലര്‍ന്നില്ല തുടങ്ങിയ മുനയുള്ള ചോദ്യങ്ങള്‍ക്ക് സിപി.എമ്മിന്റെ ഭാഗത്തുനിന്ന് ഉത്തരം ലഭിക്കേണ്ടതുണ്ട്.
ഇനി കേരളത്തിലേക്ക് വരിക. കേരളത്തിലെ ന്യൂനപക്ഷങ്ങളുടെ സ്ഥിതിയെ പറ്റി മുന്‍ധാരണകളില്ലാതെ പറഞ്ഞുതരും ഇടതുപക്ഷം ചേര്‍ന്നു നടന്ന പാരമ്പര്യമുള്ള ശാസ്ത്ര സാഹിത്യ പരിഷത്ത് അന്വേഷണരേഖ. മറ്റു സംസ്ഥാനങ്ങളിലെ മുസ്‌ലിംകളെ അപേക്ഷിച്ച് താരതമ്യേന മെച്ചപ്പെട്ട ജീവിതം നയിക്കുന്നവരാണ് കേരളത്തിലെ മുസ്‌ലിംകള്‍. എന്നാല്‍ അതിനെ പോലും അസഹിഷ്ണുതയോടെ നോക്കിക്കാണാന്‍ സി.പി.എം ശീലിച്ചെടുത്തത് സംഘ്  പരിവാറിനെ പഠിക്കുന്നതു കൊണ്ടാവാതെ തരമില്ല. കൊട്ടിഘോഷിക്കപ്പെടുന്ന ഭൂപരിഷ്‌കരണത്തേക്കാള്‍ മലയാളിക്ക് ഉപകാരപ്പെട്ടിട്ടുണ്ടാവുക ഗള്‍ഫ് നല്‍കിയ സമൃദ്ധിയായിരിക്കും. എം. കുഞ്ഞാമനെ പോലുള്ള പല സാമ്പത്തിക വിദഗ്ധരും ഭൂപരിഷ്‌കരണ നിയമത്തിലെ ബലഹീനതകള്‍ ചൂണ്ടിക്കാണിക്കുന്ന സ്ഥിതിക്ക് പ്രത്യേകിച്ചും. എഴുപതുകളില്‍ തുടങ്ങിയ ഗള്‍ഫ് കുടിയേറ്റം എല്ലാ മേഖലകളിലും കേരളത്തിന്റെ മുഖരൂപം മാറ്റാന്‍ ഉതകിയവയായിരുന്നു. കുടിയേറ്റത്തിന്റെ ആദ്യനാളുകളില്‍ അഭ്യസ്തവിദ്യരല്ലാതിരുന്നിട്ടും കപ്പല്‍ കയറിയും വിമാനം കയറിയും ഗള്‍ഫ് പിടിച്ച മലയാളി അറബികളുടെ അടുക്കളയില്‍ പാത്രം കഴുകിയും വേലക്കു നിന്നും ഡ്രൈവിംഗ് പണിയെടുത്തും കെട്ടിട നിര്‍മാണത്തിലേര്‍പ്പെട്ടും ഒട്ടകത്തെ മേച്ചും കത്തുന്ന വെയിലില്‍ നജീബുമാരായും മലയാളത്തെ ഊട്ടി. പക്ഷേ അവര്‍ ലോകം കണ്ടു, ജീവിതം കണ്ടു. ബലഹീനതകളില്‍ വീണുടയാനല്ല, തീയില്‍ തളിര്‍ക്കാനാണ് അവര്‍ പഠിച്ചെടുത്തത്. ക്രമേണ കേരളത്തിലെ ഓലയും ഓടും മേഞ്ഞ വീടുകള്‍ കോണ്‍ക്രീറ്റ് വീടുകള്‍ക്ക് വഴിമാറി. കഞ്ഞിക്കു പകരം അവന്റെ തീന്മേശയില്‍ ചോറും മീനും ഇറച്ചിയും ഇടം പിടിച്ചു. കാളുന്ന വയറുകള്‍ക്ക് അറുതിയായി തുടങ്ങി. നിരത്തുകളില്‍ വാഹനങ്ങള്‍ പെരുകാന്‍ തുടങ്ങി. ലോകാനുഭവങ്ങള്‍ സ്വന്തമാക്കിയ,ജീവിതം തൊട്ടറിഞ്ഞ മലയാളി തന്റെ മക്കളെ ഇംഗ്ലീഷും അറബിയും സയന്‍സും എഞ്ചിനീയറിംഗും മെഡിസിനും കൊമേഴ്‌സും പഠിപ്പിക്കാന്‍ സന്നാഹങ്ങളൊരുക്കി. മത-സാമൂഹിക നവോത്ഥാന പ്രസ്ഥാനങ്ങള്‍  നല്‍കിയ പിന്തുണ അവന് കരുത്തായി. മത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അവന് ദിശ നിര്‍ണയിച്ചുകൊടുത്തു. സ്വന്തം നിലക്ക് സ്ഥാപനങ്ങള്‍ സ്ഥാപിച്ചും സഹായം ചെയ്തു കൊടുത്തും പിന്തുണ കൊടുത്തും അവ രാസത്വരകമായി വര്‍ത്തിച്ചു. നാട്ടിലും മറുനാട്ടിലുമുള്ള  പേരും പെരുമയുമുള്ള ഉന്നത  കലാലയങ്ങളിലേക്ക് അവരിലെ പുതുതലമുറ കയറിച്ചെന്നു. തങ്ങള്‍ക്ക് അപ്രാപ്യമായത് മക്കളിലൂടെ സാധ്യമായപ്പോള്‍ മുന്‍ തലമുറ അനുഭവിച്ച സായൂജ്യത്തിന് അതിരുകളുണ്ടാവില്ല. ദല്‍ഹിയിലേക്കും ഹൈദറാബാദിലേക്കും എന്‍.ഐ.ടികളിലേക്കും ഐ.ഐ.എമ്മുകളിലേക്കും യൂറോപ്പിലേക്കും ന്യൂയോര്‍ക്കിലേക്കും ഇസ്തംബൂളിലേക്കും രിയാദിലേക്കും ക്വാലാലമ്പൂരിലേക്കും മലയാളി ചങ്കൂറ്റത്തോടെ, ആര്‍ജവത്തോടെ വിജ്ഞാനത്തിനായി കടന്നുചെന്നു. ഒരര്‍ഥത്തില്‍ നഷ്ടപ്പെട്ടുപോയ വിജ്ഞാനത്തിന്റെ വീണ്ടെടുപ്പായിരുന്നു അത്. മധുരമായ പകരംവീട്ടലും.
കേരളത്തിലെ മത നവോത്ഥാന പ്രസ്ഥാനങ്ങള്‍ ഭാവനാ സമൃദ്ധിയോടെ, ദീര്‍ഘദൃഷ്ടിയോടെ കാര്യങ്ങള്‍ പഠിച്ചു. തങ്ങളുടെ പൂര്‍വസൂരികള്‍ വിത്തിട്ട വിജ്ഞാന ഗേഹങ്ങള്‍ക്ക് അവര്‍ ഊടും പാവും നല്‍കി. അറിവകം തേടി നാടിന്റെ മുക്കുമൂലകളില്‍നിന്ന് പരശ്ശതം വിദ്യാര്‍ഥികള്‍ ഈ കേന്ദ്രങ്ങളുടെ തീരത്തണഞ്ഞു. വിജ്ഞാന വിസ്‌ഫോടനത്തിനു തന്നെ നാടും നഗരവും സാക്ഷിയായി. മതമീമാംസയിലും രാഷ്ട്രമീമാംസയിലും ഭാഷകളിലും തത്ത്വശാസ്ത്രങ്ങളിലും മതപ്രമാണങ്ങളിലും അറിവു നേടിയ അവര്‍ ലോകത്തോളം ചെന്ന് മാനത്തോളം വലുതായി. മതത്തില്‍ ഉള്ളടങ്ങിയ വിമോചന സാധ്യതയെ അവര്‍ നിര്‍ധാരണം ചെയ്‌തെടുക്കാന്‍ തുടങ്ങി. അസാധ്യമായത് ഒന്നുമില്ലെന്ന് അവര്‍ സ്വാനുഭവത്തിലൂടെ മാലോകര്‍ക്കു മുന്നില്‍ വിളംബരം ചെയ്തു. പത്രങ്ങള്‍ നടത്താനും ചാനലുകള്‍ നടത്താനും പ്രസിദ്ധീകരണങ്ങള്‍ പുറത്തിറക്കാനും അവര്‍ പഠിച്ചെടുത്തു. മുടന്തി നടന്നവര്‍ ദൗര്‍ബല്യങ്ങളെ മറന്നു മുന്നോട്ടാഞ്ഞു. മലയാളത്തിന്റെ സാംസ്‌കാരിക വിചാരങ്ങളില്‍ വിധിതീര്‍പ്പു കല്‍പ്പിക്കാന്‍ മാത്രം പാകം ഇവര്‍ കൈവരിച്ചു.
ഇവര്‍ വളര്‍ന്നു വലുതായതും ചോദ്യങ്ങള്‍ ചോദിച്ചു തുടങ്ങിയതും ചില തമ്പ്രാധികാരികളുടെ കണ്‍വെട്ടത്തു വെച്ചായിരുന്നു. അവര്‍ പ്രസരിപ്പിച്ച മൂല്യബോധവും സൗന്ദര്യശാസ്ത്ര ബോധവും ഏറ്റവും ഈര്‍ഷ്യപ്പെടുത്തിയത് അറിവിന്റെ കുത്തകാധികാരികളെയും ജനാധിപത്യ മതേതര ബഹുസ്വരതയെ ശത്രുപക്ഷത്ത് നിര്‍ത്തിയവരെയുമായിരുന്നു. ഇതത്രയും വിപ്ലവ പാര്‍ട്ടിയെ അസ്വസ്ഥപ്പെടുത്തിയതില്‍ അത്ഭുതമില്ല താനും.
പാര്‍ട്ടി സ്‌കൂളില്‍നിന്നും മാധ്യമങ്ങളില്‍നിന്നും സൈദ്ധാന്തികരില്‍നിന്നും പഠിച്ചതും കേട്ടതും അണ്ണാക്ക് തൊടാതെ വിഴുങ്ങാന്‍ പുതിയ തലമുറ സന്നദ്ധരായില്ല. നീതി ചോദിക്കാനും നീതിക്കു വേണ്ടി ഏതറ്റം വരെ പോകാനും അവകാശത്തിനും സമത്വത്തിനും സാഹോദര്യത്തിനും വേണ്ടി ജാഗ്രതപ്പെട്ടു നില്‍ക്കാനും മലയാളി യുവതയെ പ്രാപ്തമാക്കിയത് സി.പി.എമ്മിന്റെ വരവില്‍ വെക്കാന്‍ പറ്റുമായിരുന്നില്ല. ഏറെക്കാലം തങ്ങളുടെ മുന്‍തലമുറയെ തടവിലിട്ട പ്രത്യയശാസ്ത്ര അധീശത്വവാദത്തെ വെല്ലുവിളിക്കാനും ബദലുകള്‍ തേടാനും അവര്‍ ഗൃഹപാഠം ചെയ്തു. ഭരണകൂട ധാര്‍ഷ്ട്യങ്ങളെയും തിട്ടൂരങ്ങളെയും വംശീയ-വര്‍ഗീയ-ജാതീയ അധമ ബോധങ്ങളെയും എതിരിടാറുള്ള വ്യാകരണം അവര്‍ മനഃപാഠമാക്കാന്‍ തുടങ്ങിയിരുന്നു. അറിവ് പകര്‍ന്ന തിരിച്ചറിവില്‍ അവര്‍ ജീവിതത്തെയും കാമനകളെയും പുനര്‍നിര്‍വചിച്ചു. വികസനത്തെ കുറിച്ചും പരിസ്ഥിതിയെ കുറിച്ചും അവര്‍ക്ക് കാഴ്ചപ്പാടുണ്ടായി. ഭക്ഷണ ഫാഷിസവും പൗരത്വനിഷേധവും ആള്‍ക്കൂട്ട കൊലകളും കോര്‍പ്പറേറ്റ് മാഫിയാ ഭരണകൂട അവിശുദ്ധ ബാന്ധവവും പിന്‍വാതില്‍ നിയമനവുമൊക്കെ തെരുവില്‍ പോലും ചര്‍ച്ചക്കു വെച്ചത് ചിലരെ വിറളി പിടിപ്പിച്ചത് സ്വാഭാവികമായിരുന്നു. രൂപപ്പെട്ടു വരുന്ന നവ ജാഗരണത്തെ ചിലര്‍ ഭയപ്പെടുന്നുണ്ട്. തങ്ങളുടെ കാലിനടിയിലെ മണ്ണ് നവചിന്തയുടെ ഊര്‍ജപ്രവാഹത്തില്‍ ഒലിച്ചുപോകുന്നത് ആരെയാണ് അസ്വസ്ഥപ്പെടുത്താതിരിക്കുക!
ഒരുകാലത്ത് നമ്മുടെ കാമ്പസുകള്‍ ചില മോസ്‌കോ ബെല്‍റ്റുകളായിരുന്നു. ചിലരുടെ അപ്രമാദിത്വത്തില്‍ സര്‍ഗാത്മക ആവിഷ്‌കാരങ്ങളും ജനാധിപത്യചിന്തകളും ആദാനപ്രദാനങ്ങളും കാമ്പസുകളില്‍ വീര്‍പ്പുമുട്ടി. ഗ്രാംഷി വിശേഷിപ്പിച്ച സാക്ഷാല്‍ പ്രത്യയശാസ്ത്ര മേധാവിത്വം. കൊന്നും കൊലവിളിച്ചും കൊലക്ക് കൊടുത്തും കാമ്പസുകളെ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ഊഷര ഭൂമിയാക്കി, ശവപ്പറമ്പാക്കി മാറ്റിയ കാലം. ഉള്ളു വികസിച്ച ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും വിലങ്ങിട്ട കാലം. ബഹുസ്വര മഴവില്‍ സൗന്ദര്യത്തെ നശിപ്പിച്ചവര്‍ക്ക് മേല്‍ക്കൈ ലഭിച്ചു. സഹപാഠിയുടെ നെഞ്ചില്‍ കഠാര പായിക്കാനും അവന്റെ നെഞ്ചുപിളര്‍ത്തി ആര്‍ത്തുല്ലസിക്കാനും പ്രത്യേക പരിശീലനങ്ങളാണ് സംഘടനാകളരിയില്‍ നല്‍കപ്പെട്ടത്.
എന്നാല്‍ ജനാധിപത്യ സംവാദങ്ങളിലൂടെയും ആവിഷ്‌കാരങ്ങളിലൂടെയും ഊട്ടപ്പെട്ട പുതിയ തലമുറ ഇത്തരം നെറികെട്ട ബോധ്യങ്ങളെയും വര്‍ത്തമാനങ്ങളെയും ചോദ്യം ചെയ്തു തുടങ്ങിയത് ആരെയാണ് ഏറ്റവും അലോസരപ്പെടുത്തിയതെന്നും ആരുടെ സുഖഭോഗതൃഷ്ണയെയാണ് തടുത്തുനിര്‍ത്തിയതെന്നും ചില പാര്‍ട്ടി നേതാക്കളുടെ മെയ് വഴക്കങ്ങളില്‍നിന്നും ശരീരഭാഷയില്‍നിന്നും വായിച്ചെടുക്കാനാവും. പുതിയ തലമുറ അവരുടെ ആവിഷ്‌കാരങ്ങളെ, ബോധ്യങ്ങളെ കാമ്പസിനു പുറത്തേക്കും കടത്തിയിരിക്കുന്നു. ബഹുസ്വരതയുടെ അടയാള വാക്യമായി നിലകൊണ്ട അവര്‍ സാംസ്‌കാരിക ഫാഷിസത്തെ ചെറുക്കാനും ചിന്താപരമായി തന്നെ സായുധരായിരിക്കുന്നു. വിട്ടുവീഴ്ചയില്ലാത്ത ആദര്‍ശ പ്രതിബദ്ധതയും ആര്‍ദ്രത മുറ്റിയ ബോധ്യങ്ങളുമാണ് അനീതിയെ വെച്ചുപൊറുപ്പിക്കാതിരിക്കാന്‍ അവര്‍ക്ക് രാസത്വരകമായി വര്‍ത്തിക്കുന്നത്. വിപ്ലവത്തിന്റെ വ്യാജ പതിപ്പുകളെ ഇനിയും തിരിച്ചറിയാതെ പോവുന്നത് മണ്ടത്തമായിരിക്കുമെന്ന് അവര്‍ക്ക് അറിയാം. നിരന്തരമായി ചോദ്യങ്ങള്‍ ചോദിക്കുന്നതും സംശയങ്ങള്‍ പ്രകടിപ്പിക്കുന്നതും പുതിയ തലമുറയുടെ കരുതലിന്റെ പ്രകാശിത രൂപമാണ്.
അതിജീവനത്തിനുള്ള കരുത്ത് അവര്‍ ആര്‍ജിക്കുന്നതും ഇങ്ങനെയൊക്കെയാണ്. പാര്‍ട്ടി ക്ലാസുകളിലെ ജീര്‍ണിച്ച വരട്ടു സിദ്ധാന്തങ്ങളും വര്‍ഗീയമുദ്ര പതിപ്പിച്ചുകൊടുക്കലും ചാനല്‍ മുറികളിലിരുന്നുള്ള ഞഞ്ഞാ പിഞ്ഞാ വര്‍ത്തമാനങ്ങളും ഇസ്‌ലാമിക സംഘടനകളുടെ മേലുള്ള കുതിരകയറലുകളും അവയെ പൈശാചികവല്‍ക്കരിക്കലും കൊണ്ടൊന്നും തട കെട്ടിനിര്‍ത്താനാവില്ല പുതിയ വസന്ത പിറവിയെ. ഹിന്ദുത്വ ഫാഷിസത്തിന്റെ മറനീക്കിയ അജണ്ടയെ വേഷപ്രഛന്നമാക്കാതെ തന്നെ കോപ്പിയടിച്ച് പകര്‍ത്തിവെച്ചതുകൊണ്ടുമാത്രം യുവതയുടെ ചോദ്യങ്ങളെ മറികടക്കാനാവില്ല തന്നെ!

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-37 / അസ്സ്വാഫ്ഫാത്ത (94-96)
ടി.കെ ഉബൈദ്‌