Prabodhanm Weekly

Pages

Search

021 മാര്‍ച്ച് 12

3193

1442 റജബ് 28

വിയോജിപ്പുകള്‍ രാജ്യദ്രോഹമാകുമ്പോള്‍ 

യാസീന്‍ വാണിയക്കാട്

നാളെ നമ്മുടെ കുടുംബം, ബന്ധുക്കള്‍, സുഹൃത്തുക്കള്‍ നമ്മെക്കുറിച്ച് കേള്‍ക്കാനിടവരുന്ന വാര്‍ത്ത നാം രാജ്യദ്രോഹക്കുറ്റത്തിന് തടവറക്കെണിയില്‍ അകപ്പെട്ടു എന്നായിരിക്കും. സമൂഹമാധ്യമങ്ങളില്‍  നാം കുറിച്ച ഒരു ട്വീറ്റിന്റെയോ, അതുമല്ലെങ്കില്‍ ലൈക്കിന്റെയോ ഷെയറിന്റെയോ, കമന്റ് ബോക്‌സില്‍ തലയെടുപ്പോടെ നില്‍ക്കുന്ന ഇരുതല മൂര്‍ച്ചയുള്ള ഒരു വാചകത്തിന്റെയോ പേരിലാകാമത്. ഭരണകൂടത്തെ വിറപ്പിക്കാന്‍ പോന്ന ഒരു ചോദ്യചിഹ്നം. നിറയെ കനലുകളുള്ള വിമതസ്വരം... ഹിന്ദുത്വ ഇന്ത്യയില്‍ ഒരു പൗരന്‍ രാജ്യദ്രോഹിയാകാന്‍ ഇതില്‍ കൂടുതല്‍ മറ്റൊന്നും ആവശ്യമില്ല.
ഇന്ത്യയിലെ കര്‍ഷകപ്രക്ഷോഭത്തെ പിന്തുണച്ചും ആഗോളശ്രദ്ധ ക്ഷണിക്കുന്നതിന്റെ ഭാഗമായും ഗ്രെറ്റ തുന്‍ബര്‍ഗ് രൂപപ്പെടുത്തിയ ടൂള്‍കിറ്റ് ഷെയര്‍ ചെയ്തതിന് ദിശ രവിയെന്ന ഇരുപത്തൊന്നുകാരി രാജ്യദ്രോഹിയായതും ജയിലടക്കപ്പെട്ടതും നിര്‍വികാരതയോടെയും കാര്യമായ ആശങ്കകള്‍ പ്രകടിപ്പിക്കാതെയും ഇന്ത്യന്‍ ജനത പുറമ്പോക്കില്‍ തള്ളുന്നതും മുഖ്യധാര അത് ഏറ്റെടുത്ത് പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുന്നതില്‍ പരാജയപ്പെടുന്നതും ലജ്ജയോടെയല്ലാതെ നോക്കിക്കാണാനാവില്ല. കര്‍ഷകപ്രക്ഷോഭം ആഗോളശ്രദ്ധയില്‍ കൊണ്ടുവരുന്നത് രാജ്യദ്രോഹമാണെങ്കില്‍ ജയിലില്‍ കിടക്കാനാണ് എനിക്ക് താല്‍പര്യം എന്ന് കോടതിയില്‍ പ്രഖ്യാപിച്ച ആ പെണ്‍കൊടിയുടെ ധീരത വാഴ്ത്തപ്പെടേണ്ടതാണ്.
മനുഷ്യാവകാശ പ്രവര്‍ത്തകര്‍, ആക്ടിവിസ്റ്റുകള്‍, വിദ്യാര്‍ഥികള്‍, ജേണലിസ്റ്റുകള്‍, അധ്യാപകര്‍, സമരനേതാക്കള്‍ ഇവരെയൊക്കെയും രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുന്നത് ആരെയും അലോസരപ്പെടുത്തുന്നില്ലെങ്കില്‍ അത് ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ വിജയമല്ലാതെ മറ്റെന്താണ്? വിയോജിപ്പുകള്‍ ജനാധിപത്യസംവിധാനത്തിലെ വാടാമല്ലികളാണ്. അതിനെ തല്ലിക്കൊഴിക്കുന്നത് ഏകാധിപത്യത്തിന്റെ മുള്‍ക്കാടുകള്‍ തഴച്ചുവളരുന്നതിന് കാരണമാകും. നമ്മെ പൊതിയുന്ന മൗനം, നമ്മുടെ പച്ചമാംസത്തിലേക്ക് ആ മുള്‍മുനകള്‍ ആഞ്ഞുതറക്കാന്‍ ഇടവരുത്തും.
സിദ്ദിഖ് കാപ്പന്‍ എന്ന 'രാജ്യദ്രോഹി' ഉമ്മയുടെ അടുത്തിരുന്നു തൊട്ടു വിളിച്ചിട്ടുണ്ടാകും. ഉമ്മാ... ഞാനെത്തിയെന്ന വാക്ക് കണ്ണുനീരില്‍ പൊതിഞ്ഞ് ആ ഉമ്മ വിങ്ങുന്ന നെഞ്ചില്‍ സൂക്ഷിച്ചു വെച്ചിട്ടുണ്ടാകും. മകന്‍ രാജ്യദ്രോഹിയായതെന്തിനെന്ന് ഓര്‍മ വറ്റിത്തുടങ്ങിയ ആ മാതാവ് അറിയുന്നുണ്ടാകുമോ? ഹാഥറസിലെ പെണ്‍കുട്ടിയെ പൊള്ളിച്ച തീ ഇന്ത്യയെ ചുട്ടെരിക്കാന്‍ പോന്ന തീയായി വളരുമെന്ന സത്യം പുറംലോകത്തെത്തിക്കാന്‍ വാര്‍ത്തയെഴുതാന്‍ പോയതായിരുന്നു കാപ്പന്‍. പത്രപ്രവര്‍ത്തകര്‍ക്ക് അപകടകരമായ സാഹചര്യമുള്ള ലോകരാജ്യങ്ങളുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്ത്  നില്‍ക്കുന്ന ഇന്ത്യയില്‍നിന്ന് മറ്റെന്ത് പ്രതീക്ഷിക്കാനാകും! അക്ഷരങ്ങളെ, വിയോജിപ്പുകളെ പേടിക്കുന്നവര്‍ കാപ്പന്നും കൂടെയുള്ളവര്‍ക്കും ചാര്‍ത്തിക്കൊടുത്തതാണ് ആ രാജ്യദ്രോഹപ്പട്ടം.
അധികാരമേല്‍ക്കുമ്പോള്‍ നാലായിരത്തിലേറെ അച്ചടിമാധ്യമങ്ങളുണ്ടായിരുന്ന നാസി ജര്‍മനിയില്‍ ഹിറ്റ്‌ലറുടെ കണ്ണുരുട്ടലിന്റെ പൊള്ളലേറ്റ് തൊണ്ണൂറു ശതമാനത്തിലേറെ പത്രങ്ങളും പിന്നീട് പേനയുന്തിയത് വ്യാജങ്ങളുടെ ട്രാക്കിലൂടെയായിരുന്നു. അവിടെയുമുണ്ടായിരുന്നു ട്രാക്ക് തെറ്റിപ്പായുന്ന, ഒത്തുതീര്‍പ്പിന് വഴങ്ങാത്ത ഏതാനും മാധ്യമങ്ങള്‍. ഇന്ന് ഇന്ത്യയിലുമുണ്ട് അത്തരം 'ദേശദ്രോഹ മാധ്യമങ്ങള്‍!'
പൗരത്വപ്രക്ഷോഭവും കര്‍ഷകസമരങ്ങളും സ്വാതന്ത്ര്യാനന്തര ഇന്ത്യാ ചരിത്രത്തില്‍ മുന്‍നിരയില്‍ അടയാളപ്പെടുത്തേണ്ട രണ്ട് പ്രൗഢമായ വിയോജിപ്പുകളാണ്. ജനാധിപത്യം എന്നത് പോളിഷ്ഡ് ആയ പദമായി മാറിക്കൊണ്ടിരിക്കുന്ന കെട്ടകാലത്ത് ജനാധിപത്യ വീണ്ടെടുപ്പിന്റെ മുഖവുരയായി മാറി എന്നതാണ് അവയെ സവിശേഷമാക്കുന്നത്. അതുകൊണ്ടു തന്നെ 'ദേശവിരുദ്ധരുടെ' എണ്ണപ്പെരുപ്പം അതുമായി ബന്ധപ്പെട്ട കേസുകളെ പഠിച്ചാല്‍ ബോധ്യമാകും.
'ദേശവിരുദ്ധരും' 'രാജ്യദ്രോഹികളും' ഇന്ത്യയില്‍ നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണ്. ഭീമ കൊറഗേവ് കേസില്‍ ഭരണകൂടഭീകരതക്ക് ഇരയായവരും കര്‍ഷക, പൗരത്വപ്രക്ഷോഭത്തിന് നേതൃത്വം കൊടുത്തവരും ഇന്ന് ആ ഗണത്തിലാണ് ഉള്‍പ്പെട്ടിട്ടുള്ളത്. ഭരണകൂട സ്‌പോണ്‍സേഡ് തിരക്കഥ പൂര്‍ത്തിയായിക്കിട്ടാനുള്ള കാലതാമസമാണ് അവരെ ഇന്നും 'പുറത്ത്' നിര്‍ത്തുന്നത്. സാംസ്‌കാരിക സംഘടന എന്ന പുറംതോടുകള്‍ അണിഞ്ഞ് ഇന്ത്യന്‍ ജനതയെ വിഭജിക്കുന്ന വംശീയ പ്രത്യയശാസ്ത്രങ്ങളെയും പരദ്വേഷ ദര്‍ശനങ്ങളെയും ഹിന്ദുത്വഭരണകൂട വികലനയങ്ങളെയും തൊലിയുരിച്ചു കാണിച്ചതിന്റെ പേരില്‍ അപ്രീതി കരസ്ഥമാക്കിയവര്‍ കൊല്ലപ്പെടുകയോ ദേശദ്രോഹികളായി ചാപ്പ കുത്തപ്പെടുകയോ ചെയ്യുന്നു എന്നതാണ് പുതിയ ഇന്ത്യയുടെ ചരിത്രം.
അരുന്ധതി റോയിയെ പോലുള്ളവരുടെ സ്ഥാനം 'ദേശവിരുദ്ധ'രുടെ മുന്‍പന്തിയില്‍ തന്നെയാണെന്ന് അവരുടെ വാക്കുകള്‍ സാക്ഷ്യം വഹിക്കുന്നു: 'ഇന്ത്യയിലെ ദേശവിരുദ്ധരുടെ പട്ടികയില്‍ മുന്‍പന്തിയില്‍ തന്നെയാണ് എന്റെ സ്ഥാനം. ദേശവിരുദ്ധരുടെ ലിസ്റ്റ് ദിനംപ്രതി നീണ്ടുവരികയാണ്. അധികം വൈകാതെ ആ ലിസ്റ്റ് ദേശസ്‌നേഹികളുടേതിനേക്കാള്‍ അധികമായേക്കാം. ആരെയെങ്കിലും ഇവിടെ ദേശവിരുദ്ധരായി പ്രഖ്യാപിക്കുക എന്നത് വളരെ എളുപ്പമാണ്. നരേന്ദ്രമോദിക്ക് നിങ്ങള്‍ വോട്ട് ചെയ്യാതിരുന്നാല്‍ മതി നിങ്ങള്‍ ദേശവിരുദ്ധരാകും. നിങ്ങള്‍ പാകിസ്താനിയാകും.' അധികാര താല്‍പര്യങ്ങള്‍ക്ക് മുന്നില്‍ മുട്ടുകുത്തുന്ന ഭരണഘടനാ സ്ഥാപനങ്ങള്‍ നിവര്‍ന്നുനില്‍ക്കാനും നാവനക്കാനും ധൈര്യം കാണിക്കുന്നില്ലെങ്കില്‍ 'രാജ്യദ്രോഹി'കളുടെ ജനസംഖ്യ ക്രമാതീതമായി ഉയരുകതന്നെ ചെയ്യും.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-37 / അസ്സ്വാഫ്ഫാത്ത (94-96)
ടി.കെ ഉബൈദ്‌