Prabodhanm Weekly

Pages

Search

2021 മാര്‍ച്ച്‌ 05

3192

1442 റജബ് 21

റോഹിംഗ്യകളെ കൂട്ടക്കൊല ചെയ്തുകൊണ്ടിരുന്നപ്പോള്‍ എവിടെയായിരുന്നു പ്രക്ഷോഭകര്‍?

കെനന്‍ മാലിക് ഗാര്‍ഡിയന്‍ പത്രത്തില്‍ (ഫെബ്രു: 21 ) എഴുതിയ ലേഖനത്തിന്റെ തലക്കെട്ടാണ് മേല്‍ കൊടുത്തത്. കഴിഞ്ഞ ഒരു മാസമായി മ്യാന്മറിലെ തെരുവുകള്‍ പ്രക്ഷുബ്ധമാണ്. മ്യാന്മറില്‍ പതിറ്റാണ്ടുകളായി അധികാരം കൈപ്പിടിയിലൊതുക്കിയിരിക്കുന്ന മിലിട്ടറി ജണ്ട, ഓങ് സാന്‍ സൂചി നേതൃത്വം നല്‍കുന്ന ഭരണകൂടത്തെ പുറത്താക്കിയതിനെ തുടര്‍ന്നാണ് ജനം തെരുവിലിറങ്ങിയത്. കഴിഞ്ഞ നവംബറില്‍ നടന്ന പൊതു തെരഞ്ഞെടുപ്പില്‍ സൂചി നേതൃത്വം നല്‍കുന്ന നാഷ്‌നല്‍ ലീഗ് ഫോര്‍ ഡെമോക്രസി വ്യക്തമായ വിജയം കൈവരിച്ചിരുന്നെങ്കിലും, തെരഞ്ഞെടുപ്പില്‍ കൃത്രിമം കാണിച്ചു എന്ന വിചിത്ര ന്യായം (സൈന്യത്തിന്റെ പൂര്‍ണ നിയന്ത്രണത്തിലായിരുന്നു തെരഞ്ഞെടുപ്പു പ്രക്രിയകളൊക്കെ) ഉന്നയിച്ചാണ് ജനാധിപതൃഭരണകൂടത്തെ അട്ടിമറിച്ചിരിക്കുന്നത്. മ്യാന്മറിലെ പ്രധാന നഗരമായ യംഗൂണില്‍ ഡ്രൈവര്‍മാര്‍ റോഡുകള്‍ക്ക് കുറുകെ വണ്ടികള്‍ നിര്‍ത്തിയിട്ടതിനാല്‍ നഗരം നിശ്ചലമാണ്. പോലീസ് വരെ പ്രക്ഷോഭകര്‍ക്കൊപ്പം ചേരുന്നതായി വാര്‍ത്തകളുണ്ട്.
ജനാധിപത്യ ഭരണകൂടത്തെ സംരക്ഷിക്കാന്‍ വേണ്ടി ജീവന്‍ പണയം വെച്ചും ജനം തെരുവിലിറങ്ങുന്നുവെന്നത് തീര്‍ച്ചയായും നമ്മുടെ പിന്തുണയും ഐക്യദാര്‍ഢ്യവും അര്‍ഹിക്കുന്നുണ്ട്. അതിനിടക്കും തീര്‍ത്തും അസുഖകരമായ ഒരു ചോദ്യം നമ്മെ തുറിച്ചുനോക്കുന്നുണ്ടെന്ന കാര്യം മൂടി വെക്കാനാവില്ല. കഴിഞ്ഞ നാല് വര്‍ഷമായി ഇതേ സൈനിക നേതൃത്വം, തലമുറകളായി മ്യാന്മറില്‍ സ്ഥിരതാമസക്കാരായ റോഹിംഗ്യന്‍ മുസ്‌ലിംകള്‍ക്കെതിരെ വ്യാപകമായ വംശഹത്യാ പ്രോപ്പഗണ്ട നടത്തിക്കൊണ്ടിരുന്നപ്പോള്‍, ആയിരങ്ങളെ കൂട്ടക്കൊല നടത്തിക്കൊണ്ടിരുന്നപ്പോള്‍, റോഹിംഗ്യന്‍ ഗ്രാമങ്ങള്‍ ചുട്ടെരിച്ച് പതിനായിരങ്ങളെ അഭയാര്‍ഥികളാക്കിക്കൊണ്ടിരുന്നപ്പോള്‍ ഈ പ്രക്ഷോഭകരൊക്കെയും എവിടെയായിരുന്നു? ആ വംശീയ ഉന്മൂലനം  ജനാധിപത്യധ്വംസനമായി ഇവര്‍ക്ക് തോന്നാതിരുന്നത് എന്തുകൊണ്ട്? റോഹിംഗ്യകള്‍ കൂടുതലായും താമസിക്കുന്നത് ബംഗ്ലാദേശിനോട് ചേര്‍ന്നുള്ള രാഖൈന്‍ എന്ന വടക്കു പടിഞ്ഞാറന്‍ സംസ്ഥാനത്താണ്. ഇവരെ ഭരണകൂടം മാത്രമല്ല, പൊതുവെ അവിടത്തെ മറ്റു ജനവിഭാഗങ്ങളും മ്യാന്മര്‍ പൗരന്മാരായി കാണുന്നില്ല. ഔദ്യോഗിക രേഖകളില്‍ അവര്‍ 'ബംഗാളികള്‍' മാത്രമാണ്. 1962-ല്‍ മിലിട്ടറി അധികാരം പിടിച്ചപ്പോള്‍ തന്നെ തങ്ങളുടെ അധികാരം അരക്കിട്ടുപ്പിറക്കുന്നതിന് ജനപിന്തുണ ലഭിക്കാനായി റോഹിംഗ്യകള്‍ക്കെതിരെ വിദ്വേഷ പ്രചാരണത്തിന് തുടക്കം കുറിച്ചിരുന്നു. 2017-ല്‍ ആ കാമ്പയിന്‍ കൃത്യമായും വംശീയ ഉന്മൂലനമായി രൂപാന്തരപ്പെട്ടു. ചൈനയിലെ ഉയിഗൂര്‍ മുസ്‌ലിംകള്‍ അഭിമുഖീകരിക്കുന്ന അതേ വംശഹത്യാ ഭീഷണി തന്നെയാണ് റോഹിംഗ്യകളെയും തുറിച്ചുനോക്കുനത്.
റോഹിംഗ്യകള്‍ അസ്തിത്വ ഭീഷണി നേരിട്ടുകൊണ്ടിരുന്നപ്പോള്‍ ഇന്ന് പ്രക്ഷോഭത്തിനിറങ്ങുന്ന മുഴുവന്‍ ജനാധിപത്യവാദികളും നിസ്സംഗരും മൗനികളുമായിരുന്നു. എന്നല്ല, മനസ്സാ അവര്‍ ഈ വംശഹത്യക്ക് അനുകൂലവുമായിരുന്നു. അതുകൊണ്ടാണല്ലോ മ്യാന്മറിലെ പൊതുമണ്ഡലത്തില്‍നിന്ന് ഇതിനെതിരെ ഒരു പ്രതിഷേധസ്വരവും നാം കേള്‍ക്കാതിരുന്നത്. ഓങ് സാന്‍ സൂചിയെ സൈന്യം തങ്ങളുടെ താല്‍പ്പര്യ സംരക്ഷണത്തിനു വേണ്ടിയുള്ള ഉപകരണമായേ കണ്ടിരുന്നുള്ളൂ. 2015-ല്‍ സൂചിയുടെ പാര്‍ട്ടി വിജയിച്ചെങ്കിലും സുപ്രധാന വകുപ്പുകളോ അധികാരങ്ങളോ ഒന്നും സൈന്യം വിട്ടുകൊടുക്കുകയുണ്ടായില്ല. എന്നിട്ടും കിട്ടിയ പദവി നിലനിര്‍ത്താനായി മിലിട്ടറിയുടെ സകല അതിക്രമങ്ങള്‍ക്കെതിരിലും സൂചി മൗനം പാലിച്ചു. എന്നല്ല, റോഹിംഗ്യകള്‍ക്കെതിരില്‍ വംശഹത്യാ നീക്കങ്ങള്‍ നടക്കുന്നില്ലെന്നും അത് വ്യാജ വാര്‍ത്തയാണെന്നും വരെ പറഞ്ഞു കളഞ്ഞു. സൂചിയുടെ പാര്‍ട്ടിയിലെ ചില അംഗങ്ങള്‍ വരെ വംശഹത്യയില്‍ പങ്കാളികളുമായിട്ടുണ്ട്. ഇങ്ങനെയൊക്കെ സുഖിപ്പിച്ചിട്ടും മിലിട്ടറി, സൂചി ഗവണ്‍മെന്റിനെ നിര്‍ദയം പുറത്തേക്കെറിയുകയാണ് ചെയ്തത്. മ്യാന്മറിലെ ജനാധിപത്യ പ്രക്ഷോഭങ്ങളില്‍ റോഹിംഗ്യകളും സജീവമായി പങ്കാളികളാവുന്നുണ്ടെന്നാണ് വാര്‍ത്തകള്‍. അത് അവരെക്കുറിച്ച പൊതുബോധത്തില്‍ മാറ്റമുണ്ടാക്കാന്‍ ഇടയാക്കിയേക്കുമെന്നും സൂചനയുണ്ട്. ഒരു വിഭാഗത്തോടും വിവേചനമില്ലാതെ എല്ലാ മനുഷ്യാവകാശ പ്രശ്‌നങ്ങളെയും ഏറ്റെടുക്കാനുള്ള ആര്‍ജവവും ചങ്കൂറ്റവുമാണ് ഓങ് സാന്‍ സൂചിയില്‍നിന്ന് ലോകം പ്രതീക്ഷിക്കുന്നത്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-37 / അസ്സ്വാഫ്ഫാത്ത (83-93)
ടി.കെ ഉബൈദ്‌